2022, ഏപ്രിൽ 27, ബുധനാഴ്‌ച

 

അദ്ധ്യായം1

“അച്ഛാ, അച്ഛന്‍ നമ്മുടെ വായനശാലയുടെ ‘തീപ്പൊരി പാറുന്ന ഭൂതം’ എന്നൊരു നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടോ?.” 

  മെഡിക്കല്‍ ബയോകെമിസ്റ്റും ക്വാളിറ്റി മാനേജരുമായി എറണാകുളത്ത് ജോലി ചെയ്യുന്ന മകന്‍ ആനന്ദ്‌ ഒരു ഒഴിവു ദിവസം എന്നോട് ചോദിച്ചു. പ്രഭാതഭക്ഷണം കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഞാന്‍ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോള്‍ തെല്ലൊന്ന്‍ അന്ധാളിക്കാതിരുന്നില്ല. വായനശാലയുടെ ആദ്യകാല വാർഷികാഘോഷ പരിപാടികളില്‍  അവതരിപ്പിക്കാറുള്ള നാടകങ്ങളില്‍ അപൂര്‍വ്വം ചിലതില്‍  ഞാന്‍ അഭിനയിച്ചിരുന്നു. പക്ഷെ ഈ പേരിലൊരു നാടകം എൻ്റെ  അറിവില്‍ അവതരിപ്പിക്കുകയോ അതിൽ ഞാന്‍  വേഷമിടുകയോ  ചെയ്തിട്ടില്ല. 

“അങ്ങനൊരു നാടകം വായനശാല കളിച്ചിട്ടില്ലല്ലോ?. ട്ടെ, എന്താ ഇപ്പൊ ആനന്ദ്‌ അങ്ങനെ ചോദിക്കാന്‍ കാരണം?.”

“അല്ല, ഫേസ് ബുക്കില്‍ ബാലന്ദ്രേട്ടന്‍റെ ഒരു പോസ്റ്റ്‌ കണ്ടു. അതില്‍ അച്ഛന്‍റെയൊക്കെ ഫോട്ടോയുമുണ്ട്.”

 കാര്യമറിഞ്ഞപ്പോള്‍ എനിക്കും ജിജ്ഞാസയായി.

 “എവിടെ കാണട്ടെ!.”

  പോസ്റ്റു കണ്ടപ്പോഴാണ് എനിക്ക് ചിത്രം തെളിഞ്ഞത്. ‘തീപ്പൊരി പാറുന്ന ഭൂതം’ എന്നത് ബാലചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ തലവാചകമാണ്. പത്തുനാല്‍പ്പതു കൊല്ലം മുമ്പ്  വായനശാലയുടെ വാര്‍ഷികത്തിന് അവതരിപ്പിച്ച  “തീപ്പൊരി” എന്ന നാടകത്തെക്കുറിച്ച് ബാലചന്ദ്രന്‍ എഴുതിയ ഗൃഹാതുരത്വം നിറഞ്ഞ ഒരു പോസ്റ്റും ചിത്രവുമായിരുന്നു അത്. സമൂഹത്തില്‍ നടമാടിയ അഴിമതിയും അതുമൂലം ശിഥിലമാവുന്ന കുടുംബബന്ധങ്ങളും പ്രമേയമാക്കിക്കൊണ്ട് പ്രശസ്ത സാഹിത്യകാരനായ തിക്കോടിയന്‍ എഴുതിയ ശക്തമായ നാടകം.

 എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1972ലെ വിഷു നാളിലാണ് തന്നാണ്ടിലെ  വായനശാല വാര്‍ഷികം ആഘോഷിച്ചത്. ഓണം വിഷു അല്ലെങ്കില്‍ നാട്ടിലെ ക്ഷേത്രത്തിലെ പത്താമുദയ വേല തുടങ്ങിയ വിശേഷാവസരങ്ങളിലാണ് അന്നൊക്കെ വാര്‍ഷികം കൊണ്ടാടിയിരുന്നത്. അക്കാലത്ത് പ്രൊഫഷല്‍ നാടകങ്ങളില്‍ അഭിനയിച്ചു പ്രശസ്തനായിരുന്ന എന്‍റെ  സുഹൃത്ത് പി.വി. തമ്പിരാജ്, യുവാക്കളില്‍ ശ്രദ്ധേയനായിരുന്ന അഭിനേതാവ് പറങ്ങോടത്ത് രാജന്‍, മാങ്കുഴി വേണുഗോപാലൻ, കൊറ്റായില്‍ സേതുമാധവന്‍, കണ്ടേത്ത് ചന്ദശേഖരന്‍, താരു, പീ.സി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന പറങ്ങോടത്ത് ചന്ദ്രശേഖരന്‍ (ഇടപ്പറമ്പില്‍ പ്രതീഷിന്‍റെ അച്ഛന്‍), ബാലചന്ദ്രന്‍ തുടങ്ങിയവര്‍ അരങ്ങിലും ആര്‍ട്ടിസ്റ്റ് രാമചന്ദ്രന്‍ മാസ്റര്‍, മാങ്കുഴി രാജശേഖരന്‍ (തോപ്പില്‍ രാജന്‍), കണിയാംപറമ്പില്‍ വത്സന്‍, മാങ്കുഴി ഗോപിനാഥന്‍, എന്നിവര്‍ അണിയറയിലുമായി നാട്ടുകാരും ഗ്രാമീണ വായനശാല പ്രവര്‍ത്തകരുമായ പത്തുപന്ത്രണ്ടു പേര്‍ ചേര്‍ന്നാണ് നാടകം ഒരുക്കിയത്. പീ.സി.യും കൊറ്റായില്‍ സേതുവും അമ്മയും മകളുമായി പെണ്‍വേഷം കെട്ടി. അന്നൊക്കെ പെണ്‍വേഷം ആണുങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്ന വെച്ചുകെട്ട് സമ്പ്രദായമായിരുന്നല്ലോ. ആ അവസ്ഥയ്ക്ക് മാറ്റം വരുന്നത് അഞ്ചു വര്‍ഷത്തിനു ശേഷം പ്രശസ്ത നാടകപ്രവര്‍ത്തകനായ ജോസ് പായമ്മലിന്‍റെ സംവിധാനത്തില്‍ ശ്രീരംഗം വിക്രമന്‍ നായരുടെ 'വിളക്കുകള്‍ നിഴലുകള്‍' എന്ന നാടകം അവതരിപ്പിച്ചപ്പോഴാണ്. അതില്‍ നായികയായി ജോസ് പായമ്മലിന്‍റെ സഹധര്‍മ്മിണി ശ്രീമതി കലാലയം രാധയാണ്  വേഷമിട്ടത്.

 നിര്‍ഭാഗ്യവശാല്‍ വാർഷികത്തിന് ‘തീപ്പൊരി’ എന്ന നാടകം അരങ്ങില്‍ പൂര്‍ത്തീകരിക്കാനായില്ല.  അവതരണത്തിനിടയിൽ കോരിച്ചൊരിഞ്ഞ മഴയില്‍ നാടകം ഒലിച്ചു പോയി എന്ന് പറയുന്നതാണ് സത്യം. “സഹൃദയരായ നാട്ടുകാരേ ആരും പോകരുത്മഴ മാറും നാടകം തുടരും” എന്നൊക്കെ തമ്പിരാജ് മൈക്കിലൂടെ  തുടരെ അഭ്യർത്ഥിച്ചുവെങ്കിലും മഴ പോയതുമില്ല ജനം പോകാതിരുന്നുമില്ല.  അവസാനം മഴവെള്ളം നിറഞ്ഞു കനംതൂങ്ങി താര്‍പോളിമേല്‍ക്കൂര നിലംപതിക്കുമെന്ന അവസ്ഥയായപ്പോൾ  തമ്പിരാജിനും സ്റ്റേജ് ഇറങ്ങിയോടി വായനശാല കെട്ടിടത്തില്‍ അഭയം തേടേണ്ടി വന്നു. പിന്നീടൊരിക്കലും വിഷുക്കാലത്ത് വായനശാലയുടെ  വാര്‍ഷികം ആഘോഷിച്ചിട്ടില്ല. 

 തുടർന്ന് ഒക്ടോബര്‍ മാസത്തി സാമൂഹ്യവികസന വരാഘോഷത്തോടനുബന്ധിച്ച് പുറനാട്ടുകരയിലുള്ള പുഴയ്ക്കല്‍ ബ്ലോക്ക് ആസ്ഥാനത്ത് നാടകം  അവതരിപ്പിക്കുവാൻ  അവസരം കിട്ടുകയുണ്ടായി.  ദൗർഭാഗ്യകരമെന്ന് പറയട്ടെ അന്നും മഴ മൂലം നാടകം പാതി വഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. അന്ന് രസികനായ ഒരാൾ എന്നോടു പറയുകയുണ്ടായി.

"നാടകത്തിന്റെ പേരൊന്നു മാറ്റൂ തിരുമേനീ. അറം പറ്റണ പേരാ; തീപ്പൊരി!. മഴ പെയ്യണത് വെറുത്യല്ല.”

   അടുത്ത വര്‍ഷം മേയ് മാസത്തില്‍ പുറനാട്ടുകര ആശ്രമം സ്കൂളില്‍ കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികളുടെ 'യുവാക്കള്‍ ക്ഷാമത്തിനെതിരെ' എന്ന നാഷണല്‍ സര്‍വീസ് സ്കീം ക്യാമ്പില്‍ കളിച്ചപ്പോഴും പറഞ്ഞു വെച്ച പോലെ  മഴ വന്നു. പക്ഷെ ഇത്തവണ നാടകം അവസാനിക്കുന്ന നേരത്ത് ഒന്ന് ചാറിയതേയുള്ളു. തീപ്പൊരി അണഞ്ഞില്ല എന്ന് ചുരുക്കം!.  

 ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും അണഞ്ഞുപോകാതെ ചാരം മൂടിക്കിടന്ന വായനശാല സ്മരണകളുടെ കനലുകളിലാണ് മകന്റെ ചോദ്യം വന്നുവീണത്. അദ്ധ്യാപകജീവിതം ആരംഭിക്കുന്നതിനു മുമ്പേ തുടങ്ങി അഞ്ചുവര്‍ഷം മുമ്പ്  ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറുന്നത് വരെ തുടർന്ന ആറു പതീറ്റാണ്ടു കാലത്തെ പുറനാട്ടുകര വായനശാല പ്രവര്‍ത്തനങ്ങളില്‍നിന്നു നേടാനായത് സ്ഥാപനത്തെ ഇന്നത്തെ നിലയില്‍ കാണാനായതിന്‍റെ സംതൃപ്തിയും ചിരിയും കണ്ണീരും കലര്‍ന്ന ഒരുപിടി സ്മരണകളുമാണ്. ജീവിതത്തിന്റെ സായംസന്ധ്യയിലൂടേയാണ് കടന്നു പോകുന്നത്. സ്മരണകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. മനസ്സെത്തും ദൂരത്തു കിടക്കുന്നവയെ ഓര്‍ത്തെടുത്തെഴുതുവാന്‍ ശ്രമിക്കുകയാണ്. അവയില്‍ വായനശാലയുടെ ഏതാനും ചരിത്രശകലങ്ങള്‍ കണ്ടേക്കാം. അവയില്‍ പലതും അനുഭവസാക്ഷ്യങ്ങളാണ്. ചിലതൊക്കെ കേട്ടറിവുകളും.

 

അദ്ധ്യായം 2

 ഞാന്‍ പുറനാട്ടുകര പുതുക്കാട്ട് മനയ്ക്കല്‍ ങ്കരനാരായണന്‍ നമ്പൂതിരി. 1938ലാണ്  ജനിച്ചത്‌. പുറനാട്ടുകര രാമകൃഷ്ണാശ്രമം സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പത്താം ക്ലാസ്  ജയിച്ച് അധ്യാപനപരിശീലനം കഴിഞ്ഞു സര്‍ക്കാർ സ്കൂളിൽ  മൂന്നു പതീറ്റാണ്ട് കാലത്തെ സേവനത്തിനു ശേഷം 1990ല്‍ വിരമിച്ചു. ഔപചാരികമായി PSN നമ്പൂതിരി എന്ന് അറിയപ്പെട്ടിരുന്നെങ്കിലും വിളിപ്പേരുകള്‍ പലതായിരുന്നു. വിളിക്കുന്നവര്‍ തങ്ങളുടെ അറിവും അടുപ്പവും വെച്ച് ല വിധത്തില്‍ വിളിച്ചിരുന്ന പേരുകള്‍. തിരുമേനി, PSN, ഉണ്ണിത്തിരുമേനി, ഉണ്ണിനമ്പൂരി, നമ്പൂതിരിമാഷ്, വായനശാല തിരുമേനി, എന്നിങ്ങനെ നിരവധിയനവധി വിളിപ്പേരുകള്‍. ശങ്കരനാരായണന്‍ എന്ന പേര് സ്കൂള്‍ ഠനകാലത്ത്‌ അധ്യാപകര്‍ വിളിച്ചതായി മാത്രമേ ഓര്‍മ്മയുള്ളൂ. പി. ശങ്കരനാരായണന്‍ നമ്പൂതിരി എന്ന പേര്  ഔദ്യോഗിക രേഖകളില്‍ മാത്രം ഒതുങ്ങി.

 ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലാണ് ഞാന്‍ വായനശാല പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ ചേതനയെ നവീകരിച്ച സാംസ്കാരിക മൂന്നേറ്റമായിരുന്നല്ലോ  ഗ്രന്ഥശാലാ പ്രസ്ഥാനം. സ്വാതന്ത്ര്യസമരകാലത്ത് മലയാളനാടിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള  ഗ്രാമങ്ങളിലും നഗരങ്ങളിലും ജീവശാസ്ത്രപരമായ  ഒരനിവാര്യത എന്നപോലെ മുളച്ചു പൊന്തുകയും സമരമുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ഒരു ഭാഷാ ജനതതിയുടെ  മൊത്തം സാക്ഷരതാ വികസനത്തിന് കളമൊരുക്കുകയും ചെയ്ത അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വായനശാലകള്‍. വായനശാലകളില്ലാത്ത ഒരു പഞ്ചായത്ത് പോലും ഇന്ന് കേരളത്തിലുണ്ടാവുമെന്നു തോന്നുന്നില്ല. ഈ വൈജ്ഞാനിക മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പുറനാട്ടുകര ഗ്രാമീണ വായനശാല പിറവിയെടുക്കുന്നത്. ബ്രിട്ടീഷുകാര്‍  ഇന്ത്യ വിടുക എന്ന രാഷ്ട്രീയ മുദ്രവാക്യവുമായി രാജ്യം  മുഴുവന്‍ മഹാത്മജിയുടെ പിന്നില്‍ സ്വാതന്ത്ര്യ സമരഭൂമിയില്‍ അണിനിരന്ന 1942ല്‍.

  1942ല്‍ പൊതു സ്ഥാപനമായി പുറനാട്ടുകര ഗ്രാമീണ വായനശാല സ്ഥപിതമാവുന്നതിനു മുമ്പ് ശ്രീഷണ്‍മുഖവിലാസം വായനശാല എന്ന പേരില്‍ പി. ഗോപാലൻ നായര്‍ (പി.ജി. നായർ) എന്ന പൌരപ്രമുഖൻ നടത്തിയിരുന്ന ഒരു സ്വകാര്യ ലൈബ്രറി നാട്ടിലുണ്ടായിരുന്നു. പൊതു വായനശാലക്കുള്ള നാട്ടുകാരുടെ ഉത്സാഹം ശ്രദ്ധയിൽ പെട്ടപ്പോൾ തന്‍റെ ഗ്രന്ഥശേഖരവും അലമാരികളും അതിലേക്കു സംഭാവന ചെയ്യുവാനും തന്‍റെ വീട്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കാനും അദ്ദേഹം   തയ്യാറായത്   പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകർന്നു. പുറനാട്ടുകര  ശ്രീരാമകൃഷ്ണാശ്രമം സംന്യാസിമാരായിരുന്ന സ്വാമി വ്യോമകേശാനന്ദ (പൂര്‍വ്വാശ്രമത്തില്‍ പുറനാട്ടുകര വടക്കേപ്പാട്ട് വാരിയത്ത് കൃഷ്ണ വാരിയര്‍.), സ്വാമി സ്വരാനന്ദ (പൂര്‍വ്വാശ്രമത്തില്‍ പുറനാട്ടുകര പാട്ടത്തില്‍ കൊച്ചുകുട്ടന്‍ മേനോന്‍), മാങ്കുഴി അച്യുതക്കുറുപ്പ്, അക്കരപട്ട്യേക്കല്‍ ലാസര്‍മാസ്റ്റര്‍ എന്നിവരായിരുന്നു സ്ഥാപകനേതാക്കള്‍. ഇവർക്കു  ശേഷം വായനശാല പ്രവർത്തനരംഗത്തേക്ക് കടന്നുവന്നവരാണ് ഞാനും പി.വി. തമ്പിരാജ്, പി.പി.ലോനപ്പന്‍, പി.പി. കുഞ്ഞുണ്ണി, എ.എല്‍. ലാസര്‍, ഇട്ടേംപുറത്ത് മാധവന്‍, ആറ്റൂര്‍ രാമചന്ദ്രന്‍, കറുത്തേടത്ത് നാരായണന്‍, പി.വി. ആന്‍റണി തുടങ്ങിയവരും. ശ്രീ. പി.ജി. നായര്‍ നാട്ടിലുള്ള വീട് വിറ്റ് തൃശ്ശൂരിലേക്ക് താമസം മാറ്റിയപ്പോള്‍ വായനശാലക്ക് സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ടി വരികയും സ്വാമിജിമാരുടെ ഉത്സാഹത്തില്‍ ആശ്രമം സ്കൂളിലുള്ള ആനന്ദകുടീരം എന്ന് അറിയപ്പെട്ടിരുന്ന (ഇന്ന് ഗാന്ധി സ്മൃതി) പ്രൈമറി സ്കൂള്‍ കെട്ടിടത്തിലെ ഒരു കൊച്ചു മുറിയിലേക്ക് പ്രവര്‍ത്തനം താല്‍ക്കാലികമായി  മാറ്റേണ്ടി വരികയും ചെയ്തു.

   വായനശാല പിന്നീട് പുറനാട്ടുകര വിളക്കുംകാല്‍ കവലയിലുള്ള പണ്ടാരത്തില്‍ ഗോപാലന്‍ എന്ന വ്യക്തിയുടെ ( ഇദ്ദേഹം പിന്നീട് അടാട്ട് പഞ്ചായത്ത്‌ പ്രസിഡണ്ടായി പതിനഞ്ചു വര്‍ഷത്തോളം സേവനം അനുഷ്ഠിക്കുകയുണ്ടായി.) ഉടമസ്ഥതയിലുള്ള വാണിജ്യ  സമുച്ചയത്തിലെ ഒറ്റ മുറിയിലേക്ക് മാറി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അതേ സമുച്ചയത്തിലെ തന്നെ മറ്റൊരു സ്ഥലത്തേക്കു  മാറി. ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സമയത്താണ് 1962ൽ ഇന്ത്യാ ചൈന യുദ്ധമുണ്ടാവുന്നത്. യുദ്ധത്തിന്‍റെയും 1964ല്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചതിന്‍റെയും വാര്‍ത്തകള്‍ കേള്‍ക്കുവാനായി വായനശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന റേഡിയോക്ക് മുന്നില്‍ നാട്ടുകാര്‍  ടിച്ചുകൂടിയിരുന്നത് ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്ന ചിത്രങ്ങളാണ്. പിന്നീട് വിളക്കുംകാലിൽ നിന്നും ആമ്പക്കാട്ടേക്ക് പോകുന്ന റോഡില്‍ ഇട്ടേമ്പുറത്ത് കുടുംബക്കാര്‍ അവരുടെ പറമ്പില്‍ നിര്‍മ്മിച്ച പുതിയ ഇരുനിലക്കെട്ടിടത്തിന്‍റെ മുകളിലുള്ള മൂന്നു മുറികളിലേക്ക്  വായനശാല മാറുന്നത് 1965ലാണ്.  1967ൽ  പുറനാട്ടുകര മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറുമ്പോള്‍ വായനശാല അതിന്‍റെ രജതജുബ്ബിലി കൂടി ആഘോഷിക്കുകയായിരുന്നു.

 

അദ്ധ്യായം 3

 1952ല്‍ പുറനാട്ടുകര ആശ്രമം സ്കൂളില്‍ അദ്ധ്യാപകനായിരുന്ന ശ്രീ തേറമ്പില്‍ ശിവരാമമേനോന്‍ വായനശാലയുടെ നേതൃത്വം ഏറ്റെടുത്തു. അതോടെ സാമൂഹ്യസേവന മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും കൂടുതല്‍ ജനകീയമാവുകയും ചെയ്യുകയായിരുന്നു വായനശാല. നാട്ടിലെ ഒറ്റയടിപ്പാതകള്‍ വീതികൂട്ടി വാഹനഗതാഗത യോഗ്യമാക്കുന്ന ശ്രമദാന പ്രവര്‍ത്തനങ്ങളാണ് അവയില്‍ എടുത്തു പറയേണ്ടുന്നത്. ഇരുവശത്തും വീടുകള്‍ നിറഞ്ഞു ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ന് രതക റോഡ്‌ എന്നറിയപ്പെടുന്ന പഴയ റോഡ്‌ വാഹനസഞ്ചാരയോഗ്യമാകുന്നത് അങ്ങിനെയാണ്. അത്തരം ശ്രമദാനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും നേതൃത്വം നല്‍കുകയും ചെയ്ത ശിവരാമ മേനോന്‍ മാസ്റ്റരുടെ പേരാണ് സത്യത്തില്‍  ആ റോഡിനു കൊടുക്കേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല എന്നത് ചരിത്രസ്മരണകളോട് നാട്ടുകാർ മുഖം തിരിക്കുന്നതിനു ദൃഷ്ടാന്തമാണ്.   വാര്‍ഷികാഘോഷം, കലാകായികമത്സരങ്ങള്‍, ശിശുപ്രദര്‍ശനം, തുടങ്ങിയ സംരംഭങ്ങളിലൂടെ പൊതുമണ്ഡലത്തിൽ നവോന്മേഷം പകരുന്നതിനും പുറനാട്ടുകര ഗ്രാമത്തിന്‍റെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി മാറുന്നതിനും ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ വായനശാലക്ക്  സാധിച്ചു. ശിവരാമ മേനോന് മാസ്റ്റർ രക്ഷാധികാരിയും ഇട്ടേംപുറത്ത് മാധവന്‍ പ്രസിഡണ്ടും ഞാൻ സെക്രട്ടറിയും ആറ്റൂര്‍ രാമചന്ദ്രന്‍, മാങ്കുഴി അരവിന്ദാക്ഷന്‍, പി. പി. ജോര്‍ജ്, ജോണ്‍ ചാലക്കല്‍, ചീരക്കുഴി മാധവന്‍, അമ്പാട്ട് അരവിന്ദാക്ഷന്‍, കെ. ആര്‍. സുബ്രഹ്മണ്യന്‍ എന്നിവർ അംഗങ്ങളായും ഒമ്പത് പേരടങ്ങുന്ന നിർവ്വാഹകസമിതിയാണ് അന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

 അറുപതുകളുടെ രണ്ടാം പകുതിയിലാണ് അമ്പാട്ട് അംബുജാക്ഷമേനോന്‍ വായനശാല പ്രവർത്തനങ്ങളിലേക്ക് കടന്നു വരുന്നത്അദ്ദേഹം പ്രസിഡണ്ടും ഞാന്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകസമിതിയുടെ കാലത്താണ്  സംഗീതത്തിലും നൃത്തത്തിലും താല്‍പ്പര്യമുള്ള ചെറുപ്പക്കാർക്ക് അവയിൽ ശാസ്ത്രീയ പരിശീലനം നല്‍കുന്ന സംരംഭം  വായനശാല ആരംഭിക്കുന്നത്. നാദസ്വരം വിദ്വാനും സംഗീതജ്ഞനുമായിരുന്ന   തൃശ്ശൂര്‍ ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള തബല, ഹാര്‍മ്മോണിയം ക്ലാസ്സുകള്‍, ഓട്ടന്‍തുള്ളലിന്‍റെ കുലഗുരുവായ ഗുരുവായൂര്‍ ശേഖരന്‍റെ സഹോദരന്‍ നീലകണ്ഠന്‍ മാസ്റ്റരുടെ ശിക്ഷണത്തിലുള്ള ഡാന്‍സ് ക്ലാസുകള്‍ ന്നിവയാണ് അവയില്‍ മുഖ്യം. പിൽക്കാലത്ത് പ്രശസ്ത നർത്തകിയായ മൃണാളിനി സാരാഭായിയുടെ അന്താരാഷ്ട്രപ്രശസ്തമായ ‘ദര്‍പ്പണ’ ഡാന്‍സ് ഗ്രൂപ്പിലെ കലാകാരിയായി ഉയർന്നുവന്ന ശ്രീമതി. കലാമണ്ഡലം സീതാലക്ഷ്മി (ചീരക്കുഴി തങ്കമ്മയുടെ മകള്‍) ശാസ്ത്രീയ നൃത്തത്തിന്‍റെ ആദ്യപാഠങ്ങള്‍ സ്വാംശീകരിക്കുന്നത് നീലകണ്ഠന്‍മാഷുടെ അന്നത്തെ ക്ലാസുകളിലൂടെയാണ്. സീതാലക്ഷ്മി പ്രശസ്തനർത്തകി ശ്രീമതി. കലാമണ്ഡലം ക്ഷേമാവതിയുടെ സഹപാഠിയും സുഹൃത്തുമാണ്.

 

അദ്ധ്യായം 4

 1967ലാണ് വായനശാല സ്വന്തമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറിയതെന്ന് മുകളില്‍ പറഞ്ഞുവല്ലോ. കെട്ടിടം പണിയുന്നതിനായി പുറനാട്ടുകര മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ അമ്പലപ്പറമ്പിനോടു ചേര്‍ന്ന് കിടക്കുന്ന എന്‍റെ പുരയിടത്തിലെ അഞ്ചു സെന്റു സ്ഥലം  കുറഞ്ഞ വിലക്ക് ഞാന്‍ വില്‍ക്കുകയായിരുന്നു. കെട്ടിടം നിര്‍മ്മിച്ചത് പ്രവർത്ത കരുടേയും വായനശാല സ്നേഹികളായ നാട്ടുകാരുടേയും അക്ഷീണമായ പ്രയത്നത്തിലൂടെയാണ്. കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി വെളുപ്പിക്കുക, നിലമൊരുക്കുക, തറ കോരുക, കല്ല്‌, മരം, സിമന്‍റ്, ഓട് തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ തലച്ചുമടായി എത്തിക്കുക, സംഭാവന പിരിക്കുക തുടങ്ങിയ വിശ്രമരഹിതമായ ശ്രമദാനങ്ങളാണ് സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. സംഭാവന പിരിവു കൂടാതെ ഭാഗ്യക്കുറി പദ്ധതി ആവിഷ്ക്കരിച്ച് അതിന്‍റെ സമ്മാനങ്ങള്‍ പ്രദര്‍ശിപ്പിച്ച തള്ളുവണ്ടിയുമായി തൃശ്ശൂര്‍ ജില്ലയിലെ വിദൂര സ്ഥലങ്ങളായ പാവറട്ടി, ചാവക്കാട്ട്, വാടാനപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍  സഞ്ചരിച്ചു  ടിക്കറ്റുകള്‍ വിറ്റുകൊണ്ടുകൂടിയാണ് കെട്ടിടനിര്‍മ്മാണത്തിനുള്ള പണം സ്വരൂപിച്ചത്. ത്യാഗത്തിന്‍റെയും സഹനത്തിന്റേതുമായ ഈ ചരിത്രമൊക്കെ ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നിയേക്കാം. അന്ന് പ്രസിഡണ്ടായിരുന്ന അമ്പാട്ട് അംബുജാക്ഷമേനോന്‍, അക്കരപട്ട്യേക്കല്‍ ജേക്കബ്ബ് മാസ്റര്‍, മാങ്കുഴി രാധാകൃഷ്ണന്‍, ചങ്ങരങ്ങത്ത് ഉണ്ണികൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് അന്തപ്പന്‍ മാസ്റ്റര്‍, ഇട്ടേമ്പുറത്ത് ഉണ്ണികൃഷ്ണന്‍ (അനിയന്‍കുട്ടി) പറങ്ങോടത്ത് രാജന്‍, മാങ്കുഴി രാജശേഖരന്‍ എന്നിവരോടൊപ്പം ഞാന്‍ സെക്രട്ടറിയായി ഒമ്പത് പേരടങ്ങുന്ന പ്രവര്‍ത്തകസമിതിയാണ് ഈ യജ്ഞത്തിനു നേതൃത്വം നല്‍കിയത്. കൂടാതെ വായനശാല അംഗങ്ങളായിരുന്ന അമ്പാട്ട് നാരായണന്‍കുട്ടിമേനോന്‍, അമ്പാട്ട് പത്മനാഭമേനോന്‍, പറങ്ങോടത്ത് ഗോപാലകൃഷ്ണന്‍ (ഉണ്ണി), വിളക്കത്ര വിജയന്‍, മാങ്കുഴി പരമേശ്വരന്‍ (പരമന്‍) തുടങ്ങി നാട്ടുകാരായ ചെറുപ്പക്കാരും സന്നദ്ധപ്രവർത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇവരുടെ ഏവരുടെയും വിലമതിക്കാനാവാത്ത സേവനങ്ങള്‍  എന്നെന്നും ഓര്‍ക്കപ്പെടേണ്ടതുണ്ട്.

 രാജതജുബ്ബിലിയും പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനവും ഒരുമിച്ച് ആഘോഷിക്കുന്ന അപൂര്‍വ്വാവസരമായിരുന്നു അത്. വര്‍ഷങ്ങള്‍ക്കു ശേഷം ഈ കെട്ടിടം ഓടിന്‍റെ മേല്‍ക്കൂര പൊളിച്ചു വാര്‍ക്കുകയും മുകളില്‍ റിക്രിയേഷന്‍ റൂം പണിയുകയും ചെയ്തപ്പോള്‍ അതിന്‍റെ ഉത്ഘാടനവും സുവര്‍ണ്ണ ജുബ്ബിലിയും ഒരുമിച്ച് ആഘോഷിച്ചു. 2015ല്‍ വടക്കാഞ്ചേരി നിയമസഭാംഗവും നാട്ടുകാരനും വായനശാല രക്ഷാധികാരിയുമായ അനില്‍ അക്കരയുടെ ഉത്സാഹത്തിലും നടപടിയിലും പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇന്നത്തെ രണ്ടുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനവും പ്ലാറ്റിനം ജുബ്ബിലി ആഘോഷാരംഭവും ഒരുമിച്ചായിരുന്നു എന്നതും യാദൃശ്ചികമെങ്കിലും ആലോചനാമൃതമാണ്.  

 

അദ്ധ്യായം 5

 1965ല്‍ സ്വന്തം കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് നടന്ന ഒരു സംഭവം ഓര്‍ക്കുന്നത് രസകരമാണ്. സൈക്കിള്‍ യജ്ഞം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ചെറുകിട ജനപ്രിയ അഭ്യാസപരിപാടി അന്ന് തൃശ്ശൂരിലെ ഗ്രാമങ്ങളില്‍ നടന്നിരുന്നു. പ്രത്യേകം തയ്യാറാക്കിയ നാല്‍പ്പതോളം അടി വ്യാസം വരുന്ന ഒരു വൃത്തത്തില്‍ ഒരാള്‍ ഒരു ദിവസം വൈകീട്ട് ആഘോഷത്തോടെ സൈക്കിളില്‍ യറും. ഏഴു ദിവസം അയാള്‍ സൈക്കിളില്‍നിന്നിറങ്ങാതെ കറങ്ങിക്കൊണ്ടിരിക്കും. പ്രാഥമിക കര്‍മ്മങ്ങളും കുളിയും ഭക്ഷണവും എല്ലാം സൈക്കിളില്‍ ഇരുന്നുകൊണ്ട് തന്നെ. ഏഴാം ദിവസം വൈകീട്ട് അയാള്‍ സൈക്കിളില്‍ നിന്നിറങ്ങും. ഈ ഏഴു ദിവസവും മറ്റു കലാകാരന്മാരുടെ സൈക്കിളഭ്യാസം ആ വൃത്തത്തിനുള്ളില്‍ നടക്കും. കൂടാതെ റെക്കോഡ് ഡാന്‍സ്‌, ലഘു നര്‍മ്മനാടകങ്ങള്‍, കാണികള്‍ സംഭാവന ചെയ്യുന്ന പച്ചക്കറി തുടങ്ങിയ വസ്തുക്കളുടെ ലേലംവിളി തുടങ്ങിയ പരിപാടികളുമുണ്ടാവും. പരിപാടികള്‍ നടക്കുമ്പോള്‍ കാണികള്‍ക്കിടയില്‍ രു ടിന്നുമായി നടന്നു ശേഖരിക്കുന്ന നാണയത്തുട്ടുകളാണ് ഇവരുടെ പ്രധാന വരുമാനം.

 കൊച്ചുപോള്‍ എന്ന സൈക്കിളഭ്യാസിയുടെ നേതൃത്വത്തിലുള്ള യജ്ഞം മഹാവിഷ്ണു ക്ഷേത്രപ്പറമ്പിലായിരുന്നു നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്. പിറ്റേ ദിവസം ആരംഭിക്കാനിരിക്കുന്ന പരിപാടിക്കായി പറമ്പെല്ലാം അത്യാവശ്യം കിളച്ചു നിരപ്പാക്കി കളം മെഴുകി കയറു കെട്ടി തിരിക്കുകയും ഒരു വശത്തു സ്റ്റേജു പണിയുകയും ചെയ്തുകൊണ്ട് സന്ധ്യയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംഘാംഗങ്ങള്‍ വിശ്രമിക്കാന്‍ ഇരുന്നപ്പോഴാണ് അവരെ ഞെട്ടിച്ചുകൊണ്ട്‌ ദേവസ്വം ബോര്‍ഡിന്‍റെ നിരോധന ഉത്തരവു രുന്നത്. അമ്പലപ്പറമ്പില്‍ സൈക്കിള്‍ യജ്ഞം അനുവദിക്കില്ല!. നാട്ടുകാരൻ തന്നെയായ  ഒരാളുടെ കുത്തിത്തിരിപ്പിന്‍റെ ഫലമായിരുന്നു അതിന്നു പിന്നീടറിഞ്ഞു. അന്നൊന്നും ഇന്നത്തെപ്പോലെയുള്ള ക്ഷേമസമിതികള്‍ മ്പലത്തില്‍ ഉണ്ടായിരുന്നില്ല. സ്ഥിരം ക്ഷേത്രസന്ദര്‍ശകരായ ചില ഭക്തന്മാര്‍ ചേര്‍ന്ന് അവസരം അവശ്യപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ടത്തുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. അവരില്‍ ചിലരെ സമീപിച്ച് അനുമതി വാങ്ങിയാണ് അവര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. പക്ഷെ കുത്തിത്തിരിപ്പുകാരന്‍റെ പണി ലക്ഷ്യം കണ്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ!.

 എടുത്ത പണിയൊക്കെ വെറുതെയായെന്നും നോട്ടീസ് വിതരണം ചെയ്തും കാറില്‍ കെട്ടിയ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞും നാടു മുഴുവന്‍ അറിയിച്ച പരിപാടിയാണ്. നാട്ടുകാരോട് തങ്ങളിനി എന്ത് പറയും എന്ന് വിലപിച്ചും കണ്ണീരൊഴുക്കിയും  നിന്ന കൊച്ചുപോളിനേയും അയാളുടെ കൂട്ടുകാരേയും നാട്ടിലെ ചെറുപ്പക്കാര്‍ പോംവഴി പറഞ്ഞ് ആശ്വസിപ്പിച്ചു. ആ ചെറുപ്പക്കാരൊക്കെയും വായനശാല പ്രവര്‍ത്തകരുമായിരുന്നു.  അവര്‍ എന്‍റെ വീട്ടിലേക്ക്‌  സംഘമായി വന്ന് വിഷയം അവതരിപ്പിച്ച ശേഷം എന്നോട് ചോദിച്ചു:.

 “തിരുമേനി ആ പാവങ്ങളെ രക്ഷിക്കണം. അവര്‍ക്ക് സൈക്കിള്‍ യജ്ഞം നടത്താൻ സ്ഥലമില്ല. നമുക്ക് വായനശാലയുടെ സ്ഥലത്തു നടത്താന്‍ അനുവദിച്ചാലോ?.”

 “വിരോധല്ല്യ. പക്ഷെ സ്ഥലം കാടു പിടിച്ചു കെടക്കുകയല്ലേ?. എങ്ങിനെ പരുവപ്പെടുത്തും?.”

 ഞാന്‍ തിരിച്ചു ചോദിച്ചു..

 അത് സാരമില്ല തിരുമേനി, അക്കാര്യം ഞങ്ങളേറ്റു.”

 തുടര്‍ന്ന് ചെറുപ്പക്കാരും സൈക്കിള്‍ യജ്ഞക്കാരും ചേര്‍ന്ന് രാത്രിക്ക് രാത്രി കാടു വെട്ടിത്തെളിച്ചതും  മരക്കുറ്റികള്‍ പറിച്ചു കളഞ്ഞു നിലം കൊത്തിക്കിളച്ചു നിരപ്പാക്കി തട്ടിപ്പൊതുക്കി അഭ്യാസത്തട്ടൊരുക്കിയതും പിറ്റേ ദിവസം വൈകിട്ട് ഒരു മിനിറ്റ് വൈകാതെ പ്രഖ്യാപിച്ച സമയത്ത് തന്നെ യജ്ഞം ആരംഭിച്ചതുമൊക്കെ ചരിത്രം.

 വായനശാല മന്ദിരത്തിന്‍റെ നിര്‍മ്മാണ യജ്ഞത്തിലേക്ക് എടുത്തു ചാടുവാനും പ്രവര്‍ത്തങ്ങള്‍ക്ക് വേഗതയും ഉത്സാഹവും പകരുവാനും ഈ സംഭവം പ്രചോദനമായി. സൈക്കിള്‍യജ്ഞത്തിനുവേണ്ടി വൃത്തിയാക്കിയ സ്ഥലത്ത് കെട്ടിടംപണി ആരംഭിക്കുവാന്‍ പിന്നീട് ദിവസങ്ങളേ വേണ്ടിവന്നുള്ളു!.

 

 

 

അദ്ധ്യായം 6

 പുതിയ കെട്ടിടത്തിന്റെ  ഉദ്ഘാടനവും രജതജുബ്ബിലിയും ഒരുമിച്ചാണ് നടന്നതെന്നു പറഞ്ഞുവല്ലോ?. വിപുലവും വിനോദവിജ്ഞാനപ്രദവുമായ സാംസ്കാരികപരിപാടികളാണ് അതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. അന്ന് NES ബ്ലോക്ക് (ഇന്നത്തെ ബ്ലോക്ക് പഞ്ചായത്ത്) ഡെവലപ്മെന്‍റ് ഓഫീസറും (BDO) വായനശാലയുടെ അഭ്യുദയകാംക്ഷിയുമായിരുന്ന ശ്രീ സി.എന്‍.പറങ്ങോടന്‍ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. (കെട്ടിട നിര്‍മ്മാണത്തിനു സര്‍ക്കാര്‍ ഹായധനം ലഭിക്കുന്നതിനായി അദ്ദേഹം കൈക്കൊണ്ട നടപടികള്‍ നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്). ആദ്യദിവസം ഉദ്ഘാടനവും രണ്ടാം ദിവസം സാഹിത്യ സമ്മേളനവും, സമാപനദിവസം കലാപരിപാടികളുമായി മൂന്നു ദിവസം നീണ്ടു നിന്ന പരിപാടികളില്‍ എടുത്തു പറയേണ്ടത് കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ മഹാരഥികളായിരുന്ന സര്‍വ്വശ്രീ പുത്തേഴത്തു രാമന്‍മേനോന്‍, മഹാകവി ടി.ആര്‍. നായര്‍, കലാമണ്ഡലം ചെയര്‍മാനായിരുന്ന ഡോ. കെ.എന്‍. പിഷാരോടി. എൻ.ഡി. കൃഷ്ണനുണ്ണി  തുടങ്ങിയവര്‍ പങ്കെടുത്ത സാഹിത്യ സമ്മേളനമായിരുന്നു. രജതജുബ്ബിലി പ്രമാണിച്ച് കമ്മിറ്റിയംഗം ശ്രീ. മാങ്കുഴി രാധാകൃഷ്ണന്‍ പത്രാധിപരായി തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം മഹാകവി ശ്രീ. ടി.ആര്‍. നായര്‍ക്ക്‌ നല്‍കിക്കൊണ്ട് ശ്രീ. പുത്തേഴത്ത്‌ രാമന്‍ മേനോനാണ് നിര്‍വ്വഹിച്ചത്‌.

 വായനശാലക്ക് സ്വന്തമായൊരു കെട്ടിടം എന്ന ചിരകാലസ്വപ്നം യഥാര്‍ത്ഥ്യമാവുകയും രജതജുബ്ബിലി ഗംഭീരമായി ആഘോഷിക്കുകയും ചെയ്തതിനു പിന്നാലെ മുന്‍നിര പ്രവര്‍ത്തകരായിരുന്ന അമ്പാട്ട് അംബുജാക്ഷമേനോന്‍, അമ്പാട്ട് നാരായണന്‍കുട്ടി മേനോന്‍, അന്തപ്പന്‍ മാസ്റ്റര്‍, ഇട്ടേമ്പുറത്ത് ഉണ്ണികൃഷ്ണന്‍, പറങ്ങോടത്ത് രാജന്‍, വിളക്കത്ര വിജയന്‍, മാങ്കുഴി രാധാകൃഷ്ണന്‍, ചങ്ങരങ്ങത്ത് ഉണ്ണികൃഷ്ണന്‍, തുടങ്ങിയവർ ഉദ്യോഗാര്‍ത്ഥം മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുകയും താമസം മാറ്റി നാടു വിടുകയും ഗാർഹികമായ പ്രാരബ്ധങ്ങളുമായി പിന്മാറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയൊരു തലമുറ വായനശാലയുടെ പ്രവർത്തന കൂട്ടായ്മയിലേക്ക് കടന്നുവരേണ്ടത് അനിവാര്യമായിരുന്നു. പി.ബാലചന്ദ്രന്‍, പി.എന്‍.പുഷ്ക്കരന്‍, പി.എസ്. പ്രഭാകരന്‍, അശോകന്‍ പുറനാട്ടുകര, ഐ. മുരളീധരന്‍, സി. നരേന്ദ്രന്‍, എം. ഹരിദാസ്‌, കണിയാംപറമ്പില്‍ വത്സന്‍, കെ.എസ്. നിത്യാനന്ദന്‍ തുടങ്ങിയ യുവാക്കൾ പ്രവർത്തനസന്നദ്ധരായി മുന്നോട്ടു വരിക തന്നെ ചെയ്തു. അവരില്‍ പലരും വിദ്യാര്‍ത്ഥികളായിരുന്നു. പില്‍ക്കാലത്ത് സി.സി. ജോണി മാസ്റ്റര്‍, ഡേവിസ്, ടി.സി. കൃഷ്ണന്‍, കെ.ടി. ഭാസ്കരന്‍ തുടങ്ങിയ മുതിര്‍ന്ന പ്രവര്‍ത്തകര്‍ വരോടൊപ്പം ചേര്‍ന്നതോടെ പ്രവര്‍ത്തകസമിതി സന്തുലിതമായി. ആ തലമുറയിലെ പി. ബാലചന്ദ്രന്‍, സി. നരേന്ദ്രന്‍, കെ.എസ്. വത്സൻ, അവരുടെ മുൻ തലമുറക്കാരനായ അമ്പാട്ട് പത്മനാഭമേനോൻ  എന്നിവരടങ്ങിയ സമിതിയാണ്  ഇപ്പോള്‍ വായനശാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 മെഡിക്കല്‍ റെപ്രസന്‍റെറ്റീവായി ജോലി ചെയ്തിരുന്ന ശ്രീ. പി.എസ്. പ്രഭാകരന്‍ പ്രസിഡണ്ടും ഞാന്‍ സെക്രട്ടറിയുമായിരുന്ന എണ്‍പതുകളിലാണ് അടാട്ട് പഞ്ചായത്ത് കലോത്സവം ആരംഭിക്കുന്നത്. പഞ്ചായത്തിലുള്ള കലാകായിക സമിതികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാംസ്കാരികമേള വളരെ മികച്ച രീതിയിലായിരുന്നു നടത്തി വന്നിരുന്നത്. പില്‍ക്കാലത്ത് കേരള സംസ്ഥാന സര്‍ക്കാരിനു കേരളോത്സവം ആവിഷ്ക്കരിക്കുന്നതിനു പ്രേരകമായി മാറിയ പഞ്ചായത്ത് കലോത്സവം തുടങ്ങിവെച്ചത് ശ്രീ. കെ. പത്മജന്‍ പ്രസിഡണ്ടായി നേതൃത്വം നല്‍കിയ അടാട്ട് പഞ്ചായത്ത് ഭരണസമിതിയാണ്. അതിനു പിന്നിലും വായനശാലയുടെ പരോക്ഷമായ പങ്കുണ്ട്. രസകരമായ ആ ചരിത്രം അടുത്ത അദ്ധ്യായത്തില്‍  പറയാം.

 

 

 

 

അദ്ധ്യായം 7

 

ഇപ്പോള്‍ കേരളം സംസ്ഥാന  നിയമസഭയില്‍  വടക്കാഞ്ചേരി മണ്ഡലത്തെ  പ്രതിനിധീകരിക്കുന്ന ശ്രീ. അനില്‍ അക്കരയുടെ പിതാവ് ശ്രീ ആന്‍റണി അദ്ദേഹത്തിന്‍റെ അപ്പന്‍ ശ്രീ വര്‍ക്കിയുടെ സ്മരണയ്ക്കായി സംഭാവന ചെയ്ത ട്രോഫിയുമായി വര്‍ക്കി മെമ്മോറിയല്‍ കപ്പ്  എന്ന പേരില്‍  ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് വായനശാലയുടെ ആഭിമുഖ്യത്തില്‍ നല്ല രീതിയില്‍ നടത്തി വന്നിരുന്നു. പഞ്ചായത്തിൽ  ക്ലബ് ഫുട്‍ബോൾ  മത്സരത്തിനു തുടക്കം കുറിച്ച ആ ടൂർണമെന്റിൽ വായനശാലയുടെ അനുബന്ധ സംഘടനയായ ആര്‍ട്സ് ആന്‍ഡ്‌ സ്പോർട്സ് ക്ലബ്ബും പങ്കെടുത്തിരുന്നു. തുടര്‍ച്ചയായി നാലു വർഷം ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബ് ചാമ്പ്യന്മാരായപ്പോൾ പ്രശ്നങ്ങൾ ഉടലെടുത്തു. ക്ലബ്ബിന്റെ ഈ അധീശത്വം പഞ്ചായത്തിലെ ചില കായികസമിതികള്‍ക്ക് തീരെ  രുചിക്കാതെവന്നു. വായനശാല തങ്ങളുടെ ക്ലബ്ബിനു വിജയിക്കാന്‍ തക്കവണ്ണം മത്സരം സംവിധാനം ചെയ്യുന്നു എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിരന്തരം കേട്ട് സഹികെട്ടപ്പോള്‍ മത്സരം ഇനിയും നടത്തേണ്ടതുണ്ടോ എന്ന ചിന്ത പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കിടയില്‍ പ്രബലപ്പെട്ടു. ഈ സമയത്താണ് തിനെട്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍ വന്നത്. അതായത് 1979ല്‍. പാര്‍ട്ടി അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞടുപ്പില്‍ അടാട്ട് പഞ്ചായത്തില്‍ അധികാരത്തില്‍ വന്നത് ഇടതുപക്ഷ മുന്നണിയായിരുന്നു. ശ്രീ കെ. പത്മജന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

 ഈ അവസരം മുതലെടുക്കുവാന്‍ തന്നെ വായനശാല ഭരണസമിതി തീരുമാനിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും വായനശാലയുടെ ആഭിമുഖ്യത്തില്‍ ഒരു സ്വീകരണം നല്‍കി. വായനശാല ബന്ധുവായ അമ്പാട്ട് രവിമേനോന്‍ ആയിരുന്നു വായനശാല ഇരിക്കുന്ന വാര്‍ഡ്‌ മെമ്പര്‍. സ്വീകരണ യോഗത്തില്‍ വെച്ച് സെക്രട്ടറി എന്ന നിലയില്‍ വായനശാല  ഭരണസമിതിയുടെ സുപ്രധാനമായ ആ തീരുമാനം അഭ്യര്‍ത്ഥനാരൂപത്തില്‍ അവതരിപ്പിച്ചു. വര്‍ക്കി ട്രോഫി ഫുട്ബോള്‍ തുടര്‍ന്ന് നടത്താന്‍ പറ്റാത്തവിധം  വായനശാല നേരിടുന്ന പ്രയാസങ്ങള്‍ വിവരിച്ച ശേഷം വർക്കി സ്മാരക  കപ്പ്  പഞ്ചായത്തിനെ എൽപ്പിക്കുവാൻ ആഗ്രഹമുണ്ടെന്നും മത്സരത്തിന്‍റെ തുടര്‍ന്നുള്ള സംഘാടനം പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിലും നിയന്ത്രണത്തിലും ആവണമെന്നും സ്വീകരണയോഗത്തില്‍ വെച്ച് ഞാൻ  അഭ്യര്‍ത്ഥിച്ചു. ആയതിനോട് അനുകൂലമായി പഞ്ചായത്ത് പ്രസിഡണ്ട് പത്മജന്‍ പ്രതികരിക്കുകയും അടുത്ത വേനലവധിക്കാലത്ത് തന്നെ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫുട്ബോള്‍ മത്സരം തുടരുകയും ചെയ്തു. കാവ്യനീതിയായിരിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആര്‍ട്സ്  ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ് ന്നെയാണ് ടൂർണമെന്റ് ചാമ്പ്യന്മാരായത്. വര്‍ക്കി ട്രോഫി ഫുട്ബോള്‍ ടൂരണമെന്റിന്റെ വിജയകരമായ സംഘാടനം പകര്‍ന്നു നല്‍കിയ വലിയ ആത്മവിശ്വാസമാണ് അടുത്തവര്‍ഷം മുതല്‍ കലാകായികമത്സരങ്ങള്‍ കൂടി സംഘടിപ്പിക്കുവാനും  അടാട്ട് പഞ്ചായത്ത് ലോത്സവം എന്ന മഹാമേളയായി അതിനെ  വളര്‍ത്തിയെടുക്കാനുമുള്ള ആത്മവിശ്വാസം പഞ്ചായത്ത് ഭരണസമിതിക്ക് നല്‍കിയത്. 

 പഞ്ചായത്ത് കലോത്സവത്തിന്‍റെ ആദ്യത്തെ പത്തു വര്‍ഷങ്ങളില്‍ എട്ടു വര്‍ഷവും കലാവിഭാഗം ചാമ്പ്യന്മാരായത് വായനശാലയുടെ കീഴിലുള്ള ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബാണ്‌. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്  സര്‍വ്വശ്രീ. പി.ഏസ്. പ്രഭാകരന്‍, പി. ബാലചന്ദ്രന്‍, പി.എന്‍. പുഷ്ക്കരന്‍, അശോകന്‍ പുറനാട്ടുകര, എം. ഹരിദാസ്‌ തുടങ്ങിയ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ ശക്തമായ നേതൃനിരയാണ്. പഞ്ചായത്ത് ലോത്സവത്തിന്‍റെ സംഘാടക സമിതിയില്‍ കലാവിഭാഗം കമ്മിറ്റി കണ്‍വീനറായി രണ്ടു തവണയും പഞ്ചായത്ത് വികസന കാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന കാലത്ത് ജനറല്‍ കണ്‍വീനറായി ഒരു തവണയും പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരമുണ്ടായി. കലോത്സവത്തില്‍ ചാമ്പ്യന്മാരായ എല്ലാ വര്‍ഷവും ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടി പ്രായലിംഗഭേദമന്യേ മത്സരിച്ച മുഴുവന്‍ കലാപ്രവര്‍ത്തകര്‍ക്കും വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും സല്‍ക്കാരവും നടത്തിയിരുന്നു.

 പിന്നീട് കേരള സര്‍ക്കാര്‍ കേരളോത്സവം ആവിഷ്ക്കരിച്ചപ്പോഴും ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബ് പങ്കെടുക്കുകയും പടിപടിയായി പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ സംസ്ഥാന തലങ്ങളില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ 15 മുതല്‍ 35 വയസ്സ് വരെയുള്ള യുവാക്കള്‍ക്കായി പരിമിതപ്പെടുത്തിയ സംവിധാനമായിരുന്നതിനാല്‍ എ. കെ. ജോണ്‍, ചങ്ങരങ്ങത്ത് ശിധരന്‍, പി.ബാലചന്ദ്രന്‍, ഐ. മുരളിധരന്‍, പി.എന്‍. പുഷ്ക്കരന്‍, അശോകന്‍ പുറനാട്ടുകര, തുടങ്ങിയ ആര്‍ട്സ് ക്ലബ്/ വായനശാല പ്രവര്‍ത്തകര്‍ക്ക് കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്നു. അതോടെ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിനു ഫുട്ബോളില്‍ ഉണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെട്ടു. മത്സരങ്ങളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നെങ്കിലും പി.ബാലചന്ദ്രന്‍, പി.എന്‍ പുഷ്ക്കരന്‍, അശോകന്‍ പുറനാട്ടുകര തുടങ്ങിയവര്‍ സംഘാടകരായി കേരളോത്സവത്തില്‍ സജീവമായി തുടർന്നു. ബാലചന്ദ്രന്‍ രണ്ടു വര്‍ഷം കേരളോത്സവം സംഘാടക സമിതി ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു. മത്സരപങ്കാളികളായും സംഘാടകരായും പഞ്ചായത്ത് കലോത്സവം, കേരളോത്സവം തുടങ്ങിയ സാംസ്കാരികമേളകളെ വിജയകരമാക്കുവാന്‍ മേല്‍പ്പറഞ്ഞ വായനശാല പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. കെ. പത്മജനെക്കൂടാതെ അദ്ദേഹത്തിനു ശേഷം പഞ്ചായത്ത് പ്രസിഡണ്ടുമാരായി  പ്രവര്‍ത്തിച്ച സി.എസ്. രാമന്‍കുട്ടി, തുടര്‍ന്ന് വന്ന ചന്ദ്രിക ചന്ദ്രന്‍, വി.ഓ. ചുമ്മാര്‍, അനില്‍ അക്കര തുടങ്ങിയവരും പഞ്ചായത്ത് കലോത്സവം  അതിന്‍റെ പ്രൌഡി നഷ്ടപ്പെടാതെ വിജയകരമായി നടത്തുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. ശ്രീ. ചുമ്മാറിനെ പിന്തുര്‍ന്നു പഞ്ചായത്ത് പ്രസിഡണ്ടായി സ്ഥാനമേറ്റ ശ്രീ അനില്‍ അക്കര വായനശാല പ്രവര്‍ത്തകൻകൂടി ആണെന്ന കാര്യം മുന്നേ സൂചിപ്പിച്ചിരുന്നുവല്ലോ. ലോത്സവത്തിലെ പങ്കാളിയായി പങ്കെടുത്ത എല്ലാ വര്‍ഷവും പ്രസംഗമത്സരത്തിൽ അനില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ മത്സര നാടകങ്ങളില്‍ വേഷമിടുകയും ചെയ്തിട്ടുണ്ട്. അനില്‍ അക്കര പ്രസിഡണ്ടായിരുന്ന കാലത്ത് കേരളത്തിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അടാട്ട് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ശ്രമഫലമായാണ് 25 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് വായനശാലയുടെ ഇന്ന് കാണുന്ന മനോഹരമായ രണ്ടുനില കെട്ടിടം നിര്‍മ്മിക്കാൻ സാധിച്ചത്. അതിനെക്കുറിച്ചു വിശദീകരിക്കുന്നതിനു മുമ്പ് സിൽവർ ജുബ്ബിലിയും സ്വന്തം കെട്ടിടത്തിന്‍റെ ഉദ്ഘാടനവും പുതിയ പ്രവര്‍ത്തക സമിതിയുമായി വായനശാല പ്രവര്‍ത്തനം മുന്നോട്ടു പോയിക്കൊണ്ടിരുന്ന കാലത്ത് നടന്ന രസകരമായ മറ്റൊരു സംഭവം  പറയാം.

 

 

അദ്ധ്യായം 8

 സാമ്പത്തികമായി ഒട്ടേറെ ക്ലേശങ്ങള്‍ അനുഭവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഭരണസമിതി അംഗങ്ങള്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളും മറ്റുള്ളവർ നിത്യവേതനക്കാരുമായിരുന്നു. സിനിമയും പൈങ്കിളി വാരികകളും അതിശയകരമായ തോതില്‍ ജനപ്രീതി നേടിക്കൊണ്ടിരുന്ന കാലം. ജനങ്ങള്‍ വലിയതോതിൽ പുസ്തകവായനയില്‍നിന്നും പിന്തിരിഞ്ഞു പൈങ്കിളി വാരികകളിലേക്ക് ശ്രദ്ധ തിരിച്ചു. തന്മൂലം വായനശാലയില്‍ ന്ന് പുസ്തമെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും മാസവരി സംഖ്യ ഇനത്തില്‍ കിട്ടിയിരുന്ന വരുമാനം നിലച്ചുപോകുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇലക്ട്രിസിറ്റി, പത്രമാസികകള്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവക്കായി വന്നിരുന്ന ചെലവുകളെല്ലാം വഹിച്ചിരുന്നത് അദ്ധ്യാപനജോലിയില്‍ നിന്നു കിട്ടുന്ന എന്‍റെ ശമ്പളത്തില്‍നിന്ന് മുന്‍കൂറായി എടുത്തായിരുന്നു. അതു തിരിച്ചു കിട്ടുന്നത് വാര്‍ഷിക ഗ്രാന്‍ഡ്‌ ലഭിക്കുമ്പോള്‍ മാത്രമായിരുന്നു. വാര്‍ഷിക ഗ്രാന്‍ഡ്‌ എന്നൊക്കെ പറയാമെങ്കിലും അതനുവദിച്ചു കിട്ടിയിരുന്നത് വല്ലപ്പൊഴുമൊക്കെ ആയിരുന്നു. ഇന്ന് സ്ഥിതിയൊക്കെ മാറിയിട്ടുണ്ട്. എല്ലാവര്‍ഷവും മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ കൃത്യമായി ഗ്രാന്‍ഡ്‌ കിട്ടുന്നുണ്ട്‌ എന്നത് ഏറെ സന്തോഷകരമാണ്. 

.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരകോടിയിലെത്തിയപ്പോൾ പ്രവര്‍ത്തന ഫണ്ടിലേക്ക് പണം സമാഹരിക്കുന്നത് ലക്ഷ്യമിട്ട് വായനശാല പ്രവര്‍ത്തകസമിതി ഒരു പദ്ധതി ആസൂത്രണം ചെയ്തു. ആ വർഷം നടക്കാനിരുന്ന പുറനാട്ടുകര വിഷ്ണുക്ഷേതത്തിലെ പത്താമുദയവേല ദിവസം വായനശാല പ്രവര്‍ത്തകരുടെ ഉത്സാഹത്തില്‍ ഒരു ഹോട്ടല്‍ നടത്തുക എന്നതായിരുന്നു പദ്ധതി. കമ്മിറ്റി അംഗങ്ങള്‍ അവരാല്‍ കഴിയുന്ന സഹായം അതിന്‍റെ ചിലവിലേക്കായി തരാമെന്നേറ്റു. പോരാതെ  വരുന്നത് ഞാന്‍ ഹിക്കാമെന്നും.

 ചായയടിക്കാനായി ഒരാള്‍, ഹായിയായി മറ്റൊരാള്‍, ചായ കാപ്പി വിതരണം തുടങ്ങിയ മറ്റു പണികള്‍ കമ്മിറ്റി അംഗങ്ങള്‍ എന്ന ധാരണയില്‍ വേലദിവസം അതിരാവിലെ ഹോട്ടല്‍ സജീവമായി. പകല്‍ പൂരത്തിനു വലിയകച്ചവടം നടന്നിരുന്നില്ല. രാത്രിപ്പൂരത്തിലായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. കാവടി, നാടകം, പഞ്ചവാദ്യം, തരക്കേടില്ലാത്ത വെടിക്കെട്ട് എന്നിവ ഉള്ളതിനാല്‍ രാത്രി നല്ല തോതില്‍ ജനക്കൂട്ടമുണ്ടാകും എന്ന് കണക്കുകൂട്ടി രണ്ടു പറ (ഏതാണ്ട് 20 ലിറ്റര്‍) പാല്‍ പ്രത്യേകം കരുതി വെച്ചിരുന്നു. രാത്രി പൂരത്തിന് അഭൂതപൂര്‍വ്വമായ വിധത്തില്‍ ജനത്തിരക്കുണ്ടായി. ഹോട്ടലില്‍ തിങ്ങിക്കൂടിയ ആവശ്യക്കാരെ തൃപ്തിപ്പെടുത്തുവാന്‍ പരിശീലനക്കുറവിന്‍റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കമ്മിറ്റി അംഗങ്ങള്‍  പാടുപെടുന്നതിനിടയിലാണ്  ബഹളം പൊട്ടിപ്പുറപ്പെട്ടത്.

 ചായ കൂട്ടിയ പാല് പിരിഞ്ഞിരിക്കുന്നുവത്രേ!. പരിഭ്രമിച്ചു പോയ ഞങ്ങള്‍ ഹോട്ടലിന്‍റെ മൂലയില്‍ ഒരു വലിയ അലുമിനിയക്കലത്തില്‍ വെച്ചിരുന്ന പാലെടുത്ത് പരിശോധിച്ചു. കാര്യം ശരിയാണ് പാൽ  പിരിഞ്ഞിരിക്കുന്നു!. ഇതെങ്ങിനെ സംഭവിച്ചു?. ഒരു പിടിയുമില്ല. കഴിഞ്ഞ ഓണത്തിനു നടന്ന വായനശാല വാര്‍ഷികത്തില്‍ അവതരിപ്പിച്ച നാടകത്തില്‍ വേഷം കിട്ടാതിരുന്ന രണ്ടുമൂന്നു പേരാണ് ബഹളം വെക്കുന്നവരുടെ മുന്‍നിരയില്‍. ജനങ്ങള്‍ ഹോട്ടലിനു മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നു. സദുദ്ദേശപരമായ കാര്യത്തിന് ഇറങ്ങിത്തിരിച്ചിട്ട് ചീത്തപ്പേരാണല്ലോ കിട്ടാന്‍ പോകുന്നത് എന്നൊക്കെ പരിതപിച്ചു നില്‍ക്കുമ്പോഴാണ് പൂരം വെടിക്കെട്ട്പണി പ്രമാണിയും വായനശാല ബന്ധുവുമായ  പറങ്ങോടത്ത് ഉണ്ണി (ഗോപാലകൃഷ്ണന്‍) രംഗത്ത് വന്നത്. ലഹളക്കാര്‍ക്കും ഞങ്ങള്‍ക്കും ഒരേപോലെ സ്വീകാര്യനായ വ്യക്തിയായിരുന്നതുകൊണ്ട് ഉണ്ണിയുടെ സമാധാനശ്രമങ്ങള്‍ വേഗത്തില്‍വിജയം കണ്ടു. ലഹളക്കാരെല്ലാം പിരിഞ്ഞു പോയി. തുടര്‍ന്ന് ട്ടന്‍ ചായയും കാപ്പിയും  മാത്രമായി ഹോട്ടലില്‍ വിതരണം. 

 വേല ദിവസം സന്ധ്യക്ക്‌ തൃശ്ശൂരിൽനിന്നും കൊണ്ടുവന്ന രണ്ടു പറ പാല് എങ്ങിനെ പിരിഞ്ഞു എന്ന അന്വേഷണം ചെന്നെത്തിയത് ചായ അടി ചുമതലക്കാരന്‍ കൃഷ്ണന്‍റെ സഹായിയായി നിര്‍ത്തിയിരുന്ന ചെറുപ്പക്കാരനിലും അയാളുടെ വിശദീകരണത്തിലുമായിരുന്നു.

 ഉച്ചക്ക് ലഹാര അലമാരിയില്‍ ഒരു കപ്പ്‌ പാല്‍ ഇരിക്കുന്നതു കണ്ടപ്പോള്‍  ചെറുപ്പക്കാരന്‍ കൃഷ്ണനോട് വിളിച്ചു ചോദിച്ചു.

 “കൃഷ്ണേട്ടാ, ഈ കപ്പിലെ പാലെന്താ ചെയ്യണ്ട്?.”

 ചായ അടിക്കുന്ന തിരക്കിലായിരുന്ന കൃഷ്ണന് ചോദ്യം കേട്ടപ്പോള്‍ ശുണ്‍ഠി വന്നു:

 “നീയതെടുത്താ കലത്തിലൊഴിക്കട!.”

 ചെറുപ്പക്കാരന്‍ കൃത്യമായി കൃഷ്ണനെ അനുസരിച്ചു.

 “പാലെടുത്ത് പാലിലൊഴിച്ചാല്‍ പാലെങ്ങിനെ പിരിയും?.”

 ദുരന്തനിമിഷങ്ങളിലും അശോകന്‍ പുറനാട്ടുകര നര്‍മ്മം കൈവിടാറില്ല.

 അത് കേട്ടപ്പോള്‍  ഹരി ചോദിച്ചു.

 “ഒഴിച്ചതു തൈരായാലോ?.”

 “തൈരോ?.”

 എനിക്ക് ജിജ്ഞാസയായി

 “അതെ തിരുമേനി. ആ കപ്പിലിരുന്നത് തൈരായിരുന്നു. രാവിലെ ഇട്ളിക്ക് ചട്ണീണ്ടാകി ബാക്കി വന്ന തൈര്!.”

 പൂരം കഴിഞ്ഞു പിറ്റേ ദിവസം ഒന്നൊന്നര പറ തൈര് വിറ്റുകിട്ടിയ പണംകൊണ്ട് മുന്‍മാസത്തെ കറണ്ട് ബില്ല് അടയ്ക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ആ ഹോട്ടല്‍ കച്ചവടത്തിൽനിന്നുണ്ടായ ലാഭം!.

 

 

 

അദ്ധ്യായം 9

 

ഇതേ വായനശാല ഭരണസമിതിയുടെ കാലത്ത് വായനശാലയില്‍ നിരവധി നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. നിലവിലുള്ള കെട്ടിടത്തിന്‍റെ തെക്കു ഭാഗത്ത് നീളത്തില്‍ ഒരു ചായ്പ്പുണ്ടാക്കി ക്യാരംസ്, ചെസ്സ്‌ തുടങ്ങിയ വിനോദങ്ങള്‍ക്ക് സൌകര്യമൊരുക്കി. പുസ്തകങ്ങള്‍ വര്‍ദ്ധിച്ചതോടെ പുസ്തകമുറിയില്‍ അവ സംരക്ഷിച്ചു വെക്കാന്‍ സ്ഥലമില്ലാതെ വന്നു. ആ സാഹചര്യത്തില്‍  കുറെ അലമാരികള്‍ പുറത്തുള്ള ഹാളിലേക്ക് മാറ്റേണ്ടിവന്നു. ഇതോടെ ഹാളില്‍ നടന്നിരുന്ന കളികളും അനുബന്ധ ബഹളങ്ങളും പുസ്തകമെടുക്കാന്‍ വരുന്നവര്‍ക്കും പത്ര മാസികാവായനക്കാര്‍ക്കും ആലോസരങ്ങളുണ്ടാക്കുന്ന അവസ്ഥ ഉടലെടുത്തു. അതിനൊരു പരിഹാരം കണ്ടെത്തിയത് 1992ല്‍ കെട്ടിടത്തിന്‍റെ ഓടിട്ട മേല്‍ക്കൂര പൊളിച്ചുവാർത്ത്  കിഴക്കേ ഭാഗത്ത് രണ്ടാമതൊരു നിലകൂടി  പണിതു ചെറുപ്പക്കാരുടെ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇടമൊരുക്കുക വഴിയാണ്. പക്ഷെ 2015ല്‍ ഇന്ന് കാണുന്ന കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കുന്നത് വരെ ഒരു കാര്യത്തിനും ഒരവസരത്തിനും ഉപയോഗിക്കാതെ ആ സ്ഥലം ഉപയോഗ്യശൂന്യമായി കിടന്നു എന്നത് ദുഖകരമായ യഥാര്‍ത്ഥ്യമാണ്. വായനയിലും സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങളിലും താല്‍പ്പര്യം കുറഞ്ഞുതുടങ്ങിയതിനാലാവാം പുതിയ തലമുറയിലെ യുവാക്കള്‍ പൊതുവെ വായനശാല പ്രവര്‍ത്തനരംഗത്തേക്ക് കടന്നു വരുന്നതില്‍ വൈമുഖ്യം പുലര്‍ത്തി.

 ബാലചന്ദ്രന്‍, പുഷ്ക്കരന്‍, ഇട്ടേംപുറത്ത് മുരളീധരന്‍ (ഉണ്ണി), ഹരിദാസ്‌ കര്‍ത്ത, നരേന്ദ്രന്‍, നിത്യാനന്ദന്‍, വത്സന്‍ തുടങ്ങിയവരടങ്ങിയ പ്രവര്‍ത്തകസമിതിയില്‍ ബാലചന്ദ്രന്‍, പുഷ്ക്കരന്‍ എന്നിവരൊഴികെ മറ്റുള്ളവരെല്ലാം ജോലി ലഭിച്ചു വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നതിനാല്‍ വായനശാല പ്രവര്‍ത്തനങ്ങള്‍ തീരെ മന്ദഗതിയിലായി. പല പല കാരണങ്ങളാല്‍ ബാലചന്ദ്രനും പുഷ്ക്കരനും കൂടി കമ്മിറ്റിയില്‍ നിന്നും വിട്ടുനിന്നതോടെ ഭരണസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആളില്ലാതെ വന്നു എന്നുതന്നെ പറയാം. നിര്‍ബന്ധിച്ചു അംഗങ്ങളാക്കിയ ചെറുപ്പക്കാരില്‍ ഭൂരിഭാഗം പേരും കമ്മിറ്റി യോഗങ്ങള്‍ക്ക് പോലും വരാതിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായി. അക്കാരണംകൊണ്ട് ഒരു വര്‍ഷത്തില്‍ മൂന്നു കമ്മിറ്റി യോഗങ്ങളെങ്കിലും നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. സെക്രട്ടറി എന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും എനിക്ക് ഏകപക്ഷീയമായി  തീരുമാനമെടുക്കേണ്ട സന്ദർഭങ്ങ ളുണ്ടായിരുന്നു. പൊതുയോഗം പോലും ചില ഘട്ടങ്ങളില്‍ നടത്താന്‍ കഴിയാതെ വന്നിരുന്നു. പത്തു വര്‍ഷത്തോളം വായനശാല ഈ ദുരവസ്ഥയിലൂടെ  കടന്നുപോയി. അതിനൊരു സമാധാനമുണ്ടായത് 2013ൽ അഹമ്മദബാദില്‍ നിന്നും ഉദ്യോഗം വിരമിച്ചു നാട്ടിലെത്തിയ അമ്പാട്ട് പത്മനാഭമേനോന്‍ സ്വയം സന്നദ്ധനായി മുന്നോട്ടു  വന്നപ്പോഴാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കിടയിൽ എനിക്കു വളരെ വലിയ സഹായമായി അദ്ദേഹത്തിന്റെ പിന്തുണ. കൂടാതെ 2015ല്‍ പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാവുകയും അതിനകം ജോലിയിൽനിന്നും വിരമിച്ച  ബാലചന്ദ്രനും നരേന്ദ്രനും കണിയാംപറമ്പില്‍ വത്സനും പുതുതലമുറയിലെ മധു കാര്യാട്ടും  സന്നദ്ധരായി വന്നതോടെ   പ്രവർത്തക സമിതി  വീണ്ടും ഊർജ്ജസ്വലമായി .

 

അദ്ധ്യായം 10

 തൃശ്ശൂർ  ജില്ലാ പഞ്ചായത്ത് വികാസനകാര്യ സ്റ്റാൻഡിങ്ങ്   കമ്മിറ്റി ചെയർമാനായി  ശ്രീ അനിൽ അക്കര പ്രവർത്ഥിച്ചുകൊണ്ടിരുന്ന കാലത്ത്  അദ്ദേഹത്തിന്റെ പ്രാരംഭകത്വത്തിലും നിരന്തരമായ  ഉത്സാഹത്തിലുമാണ് വായനശാലയുടെ ഇന്ന് കാണുന്ന രണ്ടുനില  കെട്ടിടം നിർമ്മിച്ചത്. വികസിതമായ വൈജ്ഞാനിക മേഖലയിലെ ആധുനിക സൌകര്യങ്ങൾ  ഒരുക്കുന്നതിനുള്ള ഇടം പഴയ കെട്ടിടത്തിൽ  വേണ്ടത്രയില്ല എന്നു വിലയിരുത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം  കെട്ടിടം പൊളിച്ച് പുനർനിർമ്മിക്കുവാനുള്ള നിർദ്ദേശം  മുന്നോട്ടു വെച്ചത്.   പരിമിതികൾ  ഏറെയുണ്ടെങ്കിലും കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത കെട്ടിടം സമൂലം പൊളിക്കേണ്ടി വരുന്ന സാഹചര്യം  വ്യക്തിപരമായി എൻ്റെ  മനസ്സിൽ  വലിയ  ആശങ്ക സൃഷ്ടിച്ചിരുന്നു. എങ്കിലും അനിൽ  അക്കര നൽകിയ  വ്യക്തമായ ഉറപ്പിൽ പദ്ധതിയുമായി മുന്നോട്ട് പോകുവാൻ  എല്ലാവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. 2013 ൽ തറക്കല്ലിട്ട നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായത് 2015 ജൂണിലാണ്. തൃശ്ശൂർ  നിർമ്മിതി കേന്ദ്രയാണ് നിർമ്മാണം ഏറ്റെടുത്തു നടത്തിയത്. ഒരു രൂപ പോലും വായനശാലയ്ക്ക് ചെലവഴിക്കേണ്ടി വരാത്ത തരത്തിൽ  അടാട്ട്  ഗ്രാമ പഞ്ചായത്ത് വഴി പൂർണ്ണമായും ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. ഈ സഹായത്തിന്  കാരണക്കാരനായ അനിൽ അക്കരയോട് വായനശാല എന്നെന്നും കടപ്പെട്ടിരിക്കും.

 രജത ജൂബിലി  ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയതുപോലെ മൂന്നു ദിവസത്തെ ആഘോഷപരിപാടികളോടെയാണ് മന്ദിരത്തിന്റെയും  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  സി. സി. ശ്രീകുമാർ ആദ്ധ്യക്ഷ്യം വഹിച്ച  യോഗത്തില് വെച്ച് ആദ്യകാല സംസ്ഥാനതല ഗ്രന്ഥശാലാ പ്രവർത്തകനും അയൽഗ്രാമമായ പുഴയ്ക്കൽ സ്വദേശിയും വായനശാലയുടെ  ചിരകാല സുഹൃത്തും സംസ്ഥാന സഹകരണ ഖാദി  വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ. സി. എൻ. ബാലകൃഷ്ണനാണ്  മന്ദിരോദ്ഘാടനം നിർവഹിച്ചത്.  ഗ്രന്ഥശാല പ്രസ്ഥാനത്തില് ഞങ്ങൾ രണ്ടുപേരും തോളോട് തോൾ ചേർന്ന് പ്രവത്തിച്ച നാളുകളിലെ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും  ഓർമ്മപ്പെടുത്തലെന്നോണം ഉദ്ഘാടന വേദിയില് വെച്ച് അദ്ദേഹം എന്നെ പൊന്നാടയണിയിച്ചതും ഉദ്ഘാടനയോഗത്തിൽ  സമ്മേളിച്ചവരെല്ലാം ഒന്നൊഴിയാതെ കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചതുമായ  ആ മുഹൂർത്തം എനിക്കൊരിക്കലും മറക്കാനാവില്ല.

 തുടർന്ന് സാമൂഹ്യപ്രസക്തവും വളരെ മാതൃകാപരവുമായ സേവന പ്രവർത്തനങ്ങളിലൂടെ  ഗ്രാമമനസ്സിൽ ഇടംപിടിക്കുന്നതിന് വായനശാലയെ പ്രാപ്തമാക്കിയ പൂർവ്വകാല പ്രവർത്തകരിൽ അഗ്രഗണ്യനായ ശ്രീ ശിവരാമമേനോൻ മാസ്റ്ററുടെ സ്മരണയ്ക്കായി പുതിയ മന്ദിരത്തിനു മുകളിലുള്ള വിശാലമായ ഹാളിന് 'ശിവരാമമേനോൻ  ഹാൾ' എന്ന പേരു നൽകുന്നതായി തൃശ്ശൂർ ജില്ല ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് ശ്രീ മുരളി പെരുനെല്ലി പ്രഖ്യാപിച്ചു. വായനശാലയുടെ അനുബന്ധസംഘടനയായി രൂപീകരിച്ച വനിതാ വേദിയുടെ ഉദ്ഘാടനം അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജയലക്ഷ്മി ടീച്ചറും നിർവ്വഹിച്ചു.

 ആഘോഷങ്ങളുടെ രണ്ടാം ദിവസം വിദ്യാർത്ഥികൾക്കായി കലാസാഹിത്യ മത്സരങ്ങളും ചലച്ചിത്രമേളയും നടന്നു. അന്നേ ദിവസം വൈകീട്ട് ആഘോഷസമിതി ചെയർമാൻ ശ്രീ. സി. നരേന്ദ്രന്റെ ആദ്ധ്യക്ഷ്യത്തിൽ  നടന്ന സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ. ആർ. ഗോപാലകൃഷ്ണൻ  ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വായനശാലയുടെ പൂർവ്വകാല സെക്രട്ടറിമാരും പ്രസിഡണ്ടുമാരും ആയിരുന്ന ഒമ്പത് പേരെ പൊന്നാടയണിയിച്ചും  പുരസ്ക്കാരമുദ്ര നൽകിയും ആദരിച്ചു. എന്നോടൊപ്പം സർവ്വശ്രീ ഇട്ടേമ്പുറത്ത് മാധവൻ, കറുത്തേടത്ത് നാരായണൻനായർ, അക്കരപ്പട്ടിയേക്കൽ ലാസർ, ആറ്റൂർ രാമചന്ദ്രൻനായർ,  മാങ്കുഴി രാധാകൃഷ്ണൻ, അമ്പാട്ട് അംബുജാക്ഷ മേനോൻ, സി.സി. ജോണി  മാസ്റ്റർ, അമ്പാട്ട്  നാരായണൻകുട്ടിമേനോൻ എന്നിവരാണ് ആദരിക്കപ്പെട്ടത്.

മൂന്നാം ദിവസം നടന്ന സമാപനസമ്മേളനം താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി  ശ്രീ. കെ. രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ശ്രീ. അമ്പാട്ട് നാരായണൻകുട്ടി മേനോൻ അദ്ധ്യക്ഷനായിരുന്നു. വായനശാല പ്രവർത്തകരും നാട്ടുകാരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളോടെയാണ് ആഘോഷങ്ങൾ  സമാപിച്ചത്.

 

അദ്ധ്യായം 11 

ഉദ്ഘാടനവും ആഘോഷങ്ങളും അവസാനിച്ചതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലൂടെ ശ്രീ പി. ബാലചന്ദ്രൻ പ്രസിഡണ്ടും ശ്രീ. എ പത്മനാഭമേനോൻ  സെക്രട്ടറിയുമായി പുതിയ പ്രവർത്തകസമിതി നിലവിൽ വന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ  തെരഞ്ഞെടുപ്പ് ഒരു വർഷത്തോളം വൈകിയാണ് നടത്താൻ കഴിഞ്ഞത്.  2015 ജൂലായ് 15 ന് പുതിയ സെക്രട്ടറിയ്ക്ക്  ചുമതലകൾ കൈമാറിയതോടെ വായനശാല ഭരണസമിതി അംഗമായി  അറുപത്താറ് വർഷങ്ങളോളം  നീണ്ടുനിന്ന എന്റെ  പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ടു വർഷം മുമ്പേ സ്ഥാനമൊഴിയുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ  പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് കെട്ടിടം ഉദ്ഘാടനം  ചെയ്യുന്ന അവസരത്തിൽ  തൽസ്ഥാനത്ത്  തിരുമേനി  ഉണ്ടായിരിക്കണം  എന്ന വായനശാല പ്രവർത്തകകരുടെ സ്നേഹസമ്മർദ്ദങ്ങൾക്കു വഴങ്ങി ഞാൻ തുടരുകയായിരുന്നു.

 പുതിയ തലമുറയെ പരിശീലിപ്പിച്ചു സജ്ജരാക്കി വായനശാലയുടെ ഭരണം അവരെ ഏല്‍പ്പിച്ചശേഷം പിന്മാറാം എന്ന ഉദ്ദേശത്തോടെയും പ്രതീക്ഷയോടെയുമാണ് ബാലചന്ദ്രൻ, നരേന്ദ്രൻ, വത്സൻ തുടങ്ങിയ മൂതിർന്നവർ പ്രവർത്തകസമിതിയിലേക്ക്  തിരിച്ചു വന്നത്. പക്ഷെ ആറു വര്‍ഷമായി അവര്‍ അതിനു വേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു എന്നാണു മുഖ്യ രക്ഷാധികാരി എന്ന നിലയിലുള്ള എൻ്റെ  നിരീക്ഷണങ്ങളിൽനിന്നു മനസ്സിലാവുന്നത്. മധു കാര്യാട്ട് ഒഴികെ ഒരു യുവാവു പോലും ഇന്ന് വായനശാല പ്രവര്‍ത്തക സമിതിയിലില്ല. പി. ബാലചന്ദ്രന്‍, സി.  നരേന്ദ്രന്‍, എ. പത്മനാഭമേനോന്‍, മധു കാര്യാട്ട്, രാജന്‍ മാസ്റ്റര്‍, എ.എല്‍. ജോസ്, കെഎസ്. വത്സന്‍, പി.കെ. രാമകൃഷ്ണന്‍, എന്‍. കെ. ദേവരാജന്‍, അംബിക ടീച്ചര്‍, മിനി രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ പ്രവര്‍ത്തകസമിതിയില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൌരന്മാരാണ്. ഈ അവസ്ഥയില്‍ അവര്‍ അതീവനിരാശരാണ്. വേണ്ടത്ര സൌകര്യങ്ങളുള്ള മനോഹരമായ ഒരു കെട്ടിടവും പതിനായിരക്കണക്കിനു പുസ്തകങ്ങളും സ്വന്തമായുള്ള വായനശാലയുടെ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുവാന്‍ താല്‍പ്പര്യവും സന്നദ്ധതയുമുള്ള ചെറുപ്പക്കാരുടെ ഒരു രണ്ടാംനിര നമ്മുടെ നാട്ടിലില്ല എന്ന യഥാര്‍ത്ഥ്യം ആശങ്കാജനകമാണ്. ഈ അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.