2020, ജൂലൈ 1, ബുധനാഴ്‌ച

ക്ഷണപ്രഭാചഞ്ചലം


ക്ഷണപ്രഭാചഞ്ചലം

"ഹലോ....?."
"ങ്ഹാ സഖാവേ, ഇത് ഞാനാണ് ഗോപി. നാളത്തെ അനുസ്മരണ സമ്മേളനത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ വിളിച്ചതാ."
"അനുസ്മരണമോ?."
"അതെ?."
"ആരുടെ?."
"സഖാവ് വാസുദേവന്റെ?."
"സഖാവ് വാസുദേവനോ?."
"അല്ല; സഖാവ് ബാലചന്ദ്രനല്ലേ സംസാരിക്കുന്നത്?."
"സഖാവ് എനിക്കിഷ്ടമുള്ള വാക്കാണ്.
പക്ഷെ നിങ്ങളുദ്ദേശിക്കന്ന ആളല്ല ഞാനെന്നു തോന്നുന്നു."
"സഖാവ് പി.ബാലചന്ദ്രനല്ലേ?."
"സി.പി.ഐ. ലീഡർ?."
'അതെ?."
"സോറി, ഞാനദ്ദേഹമല്ല ട്ടോ!. ഞാൻ പറങ്ങോടത്ത് ബാലചന്ദ്രൻ. പാര്ട്ടിയില്ല.
എ കോമണ് മാന്."
"ഓ സോറി സുഹൃത്തേ നമ്പര് തെറ്റിയതാ!."
" തീര്ച്ചയായും. പക്ഷെ സാരല്ല്യ."
............................................................................
"ഹലോ.....?."
"ഹലോ ബാലേട്ടനല്ലേ?."
"അതെ?."
"ങ്ഹാ, ബാലേട്ടാ ഞാനാണ് ശരത്. പ്രൊഡക്ഷന് മാനേജര്. ബാലേട്ടന് പതിനേഴ്, പതിനെട്ട്, പത്തൊമ്പത്. മൂന്ന് ദിവസം. ലൊക്കേഷന് കൊച്ചി. ഓര്മ്മിപ്പിച്ചതാ."
"ഏതു സിനിമ?."
"................യുടെ?."
".............. യുടേയോ?."
"അതെ?.'
"അയ്, ഞാനതിലില്ലിലോ?.'
" അയ്യോ ബാലേട്ടാ ഇല്ലെന്നോ!."
"അങ്ങനെ ഒരു വര്ക്ക് എനിക്കില്ലല്ലോ ഭായ്?".
"ശ്ശോ!. അപ്പൊ ഇത് ബാലേട്ടനല്ലേ?.പി. ബാലചന്ദ്രൻ?. ആക്റ്റര്‍‍.....സ്ക്രിപ്റ്റ് റൈറ്റര്!?."
"പി.ബാലചന്ദ്രൻ തന്നെ; പക്ഷേ പറങ്ങോടനാ. പറങ്ങോടൻ ബാലചന്ദ്രൻ. തൃശൂർ."
"അയ്യോ സോറി സർ, നമ്പർ തെറ്റീന്ന് തോന്നുന്നു!."
"തെറ്റിയതു തന്നെ. സാരല്ല്യ."
:
:
:
എന്തോ; മൂന്നാല് നിമിഷത്തേക്കാണെങ്കിലും വലിയവനാകാൻ ഇടക്കിടെ ഭാഗ്യമുണ്ടാകാറുണ്ട്!.
ങ്ങ്ഹാ...അതൊക്കേയൊരു കാലം!.
(കൊച്ചുപ്രേമന് മട്ടില്)

വിലക്ക്



വിലക്ക്

മകൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തൊരുനാൾ പി.ടി.എ യുമായി ബന്ധപ്പെട്ട വിഷയം ഹെഡ്മിസ്ട്രസുമായി സംസാരിക്കാനായി രാവിലെ സ്കൂളിലേക്ക് സ്കൂട്ടർ സ്റ്റാർട്ടാക്കിയ എന്നെ ബാക്ക് പാക്കെടുത്ത് ഓടിവന്നുകൊണ്ട് മകൾ തടഞ്ഞു.
"അച്ഛൻ എവടക്കാ?."
"സ്കൂളിലിക്ക്?."
"എന്തിനാ?."
"ഹെഡ് മിസ്ട്രസിനെ കാണാൻ?."
"അച്ഛൻ ക്ലാസ് തൊടങ്ങീട്ട് വന്നാ മതി. ഇപ്പ വരണ്ട."
"ങ്ഹും?. അതെന്താ?. "
"കുട്ട്യോള് കാണും."
"കുട്ട്യോള് കണ്ടാന്താ?."
"കള്യാക്കും!."
"ദെന്തിന്?. അച്ഛന് ഗ്ലാമറില്ല്യേ?."
"അതല്ലച്ഛാ!."
"പിന്നെ?."
"അവർക്കതച്ഛനാന്ന് മനസ്സിലാവും."
"ഏത്?."
"ഈസ്റ്റേണിൻ്റെ പരസ്യത്തിലിള്ളാള്!."
"ഹ ഹ ഹ! മനസ്സിലായാലെന്താടീ; അത് നെനക്കൊരു ഗമ്യല്ലെ?."
"അല്ലല്ല!. സാമ്പാറ്, താലീന്നൊക്കെ വിളിച്ച് കുട്ട്യോള് കള്യാക്കും!. അച്ഛനിപ്പ വരണ്ട!."
"അസ്സലായി!. ഇനീപ്പൊ ഞാൻ ശന്യാഴ്ച്ച പീടിഎ ജനറൽ ബോഡിക്കെങ്ങനെ പൂവും?."
"അതിനച്ഛൻ പൊയ്ക്കോ. കൊഴപ്പല്ല്യ."
"അയ്?."
"അന്ന് ക്ലാസ്സ്ണ്ടാവില്ലിലോ!."
അപ്പൊ അദ്ദാണ്!. "ഊണിന് സാമ്പാറില്ല്യാച്ചാ കെട്ടിന് താലീല്ല്യാത്ത പോല്യാ."
ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ അവസരം ലഭിച്ച പരസ്യത്തിലെ ആ ടാഗ് ലൈനിനെ ചുറ്റിപ്പറ്റിയായിരുന്നു മകളുടെ ആശങ്കകൾ!.
ചില കുട്ടികൾ അങ്ങിനെയാണ്. അച്ഛനമ്മമാരോ സഹോദരങ്ങളോ അവർ പഠിക്കുന്ന സ്കൂളിലേക്ക് മറ്റു കുട്ടികൾ കാണെ വരുന്നതിഷ്ടമല്ല. വരുന്നവരുടെ ഗ്ലാമർ, വസ്ത്രധാരണരീതി, ശാരീരിക ചേഷ്ടകൾ, സംസാരരീതികൾ തുടങ്ങിയവയായിരിക്കും പൊതുവെ അവർക്ക് അഹിതങ്ങൾ. അകാരണമായി കോംപ്ളക്സടിക്കുന്ന പ്രകൃതക്കാരുമുണ്ട് അവരിൽ.
.

ബുരി നജർവാലേ തേരാ



ബുരി നജർവാലേ തേരാ

ഇടവഴി തിരിഞ്ഞ് മെയിൻ റോഡിൽ കയറിയപ്പോഴാണ് എതിരെ നിന്ന് L സ്റ്റിക്കർ ഒട്ടിച്ച് വെച്ച ഒരു മാരുതി കാർ പതുക്കെ വന്നു നിന്നത്. അടുത്തിരുന്ന പരിശീലകൻ വണ്ടി നിർത്തിയതെന്തിനാണെന്ന ശാസനാദൃഷ്ടിയോടെ പരിശീലനാർത്ഥിയെ ഒന്നു നോക്കി.. പെട്ടെന്ന് എൻ്റെ പിന്നിൽ നിന്നു വന്ന മോട്ടോർ സൈക്കിൾവാഹനനെ പരിശീലനാർത്ഥി വിളിച്ചു നിർത്തി മാസ്ക്ക് താടിയിലേക്കു താഴ്ത്തി.
"മോഹനാ!."
"അ: വിജയേട്ടനാ?. ദെന്താപ്പദ്!.''
"ഒന്ന് പഠിച്ചിരിക്കാന്ന് വിചാരിച്ചു."
"നല്ലതാ. പക്ഷേ ഇക്കണ്ട കാലായിട്ട് ഇപ്പഴാ വിജയേട്ടനിത് തോന്നീത്?."
"പഠിപ്പിന് പ്രായണ്ടാ മോഹനാ?. എന്തെങ്കിലും ആവശ്യം വന്നാ പ്രയോജനപ്പെടൂലോ?. ബെറ്റർ ലേറ്റ് ദാൻ....''
".... നെവർ. അതൊക്കെ ശര്യാ. പക്ഷേ ഞാൻ പ്രായത്തിൻ്റെ കാര്യല്ല പറഞ്ഞത്. ടൈമ്. ടൈമത്രക്കങ്ങട് ശര്യായില്ല!."'
''അയ്; എന്താ നീയങ്ങനെ പറഞ്ഞേ?. ടൈമിനെന്താ ദോഷം?."
"ഒന്നൂല്ല്യ കൊറോണ്യൊക്കെ കഴിഞ്ഞിട്ട് ഇണ്ടോ ഇല്ല്യേന്നൊരു തീരുമാനായിട്ട് പോരേന്ന് തോന്നി."
"ബെസ്റ്റ്!. നേരം വെളിച്ചാമ്പോ നെനക്ക് നല്ല തൊന്നും പറയാൻ കിട്ടീല്ല്യല്ലേ!."
"നേരം പോണു. സാറ് ഫസ്റ്റിലിട്ട് വണ്ടീട്ത്തേ...!."

ലോക് ഡൌണ്‍



ലോക് ഡൌണ്‍

"പൊറത്തെറങ്ങി നടക്കുമ്പൊ മാസ്ക്ക് നിർബന്ധാന്നറീല്ല്യേ?."
"ഉവ്വ്."
"പിന്നെന്താ അതിടാണ്ടെറങ്ങ്യേ?."
".........."
"അപ്പൊ ഇരുനൂറ് എഴ്ത്വല്ലേ?."
"ഇപ്പൊ കയ്യിലൊന്നൂല്ല്യ സാർ!."
"അത് സാരല്ല്യ, അറിയിപ്പ് വരും. അതില് പറേണ സ്ഥലത്ത് പോയി അടച്ചാ മതി."
സായാഹ്നസവാരിക്കിടയിൽ കണ്ടതും കേട്ടതുമാണ്. കുറ്റവാളിയേയും പോലിസ് ജിപ്പിനേയും കടന്നു പോകുമ്പോൾ ഇൻസ്പെക്റ്റർ സൂക്ഷിച്ചു നോക്കി. ഉള്ളിൽ എന്തോ ഒന്ന് ആളി. പിടിച്ചാൽ പെട്ടു. മുഖത്തു ധരിച്ചിട്ടുള്ള മാസ്ക്ക് പോരാതെ വരും. അടുത്ത സെപ്തംബറില് അറുപത്തേഴാണ്!. തിരിഞ്ഞു നോക്കരുത്. നോക്കിയാൽ....
"ഹലോ, അവടെ നിക്കണം. ചോദിക്കട്ടെ."
"എന്താ സർ?."
"നടക്കാൻ എറങ്ങീതാവും?."
"അതെ."
"ഐഡി കാർഡെടുക്കൂ."
"സർ എടുത്തിട്ടില്ല്യ."
"എത്ര വയസ്സായി?."
"സർ അറുപത്തിമൂന്ന്."
"പോരല്ലോ?."
''അതെ സർ."
"വീട്ടില് ഐഡി കാർഡില്ല്യേ?."
"ഉണ്ട് സർ."
"വീടടുത്താണോ?."
"അതെ."
"എന്നാ കേറിക്കോളൂ ഞങ്ങള് വീട്ടിലിക്ക് വരാം."
"സർ!."
"കേറൂ വർത്താനം പറഞ്ഞ് നിക്കാൻ നേരല്ല്യ."
"വേണ്ട സർ."
"അതെന്താ?."
"അറുപത്താറാണ് സർ!."
"അദ്ദാണ്!. അപ്പൊ എഴുതട്ടെ?."
"ആയിക്കോട്ടെ സർ."
"മൂന്നു വയസ്സാ കൊറച്ചത്. അപ്പൊ ഇരുന്നൂറ് ഗുണം മൂന്ന്. അറുനൂറ് എഴുതാം അല്ലേ?."
"അയ്യോ സർ!."
"നാനൂറായാലോ?."
ഇതാരപ്പാ മിൽമ പരസ്യത്തിലെ ദിലീഷ് പോത്തനോ?.
"സർ പ്ലീസ്!."
"ഇരുനൂറിലും കൊറക്കാൻ പറ്റില്ലിലോ, എന്തു ചെയ്യും?."
"ഇരുനൂറായിക്കോട്ടെ സർ."
"ഗുഡ്."
:
:
:
അതു കൊണ്ട് തിരിഞ്ഞു നോക്കരുത്!. രക്ഷാപ്രസ്ഥാനമാണ്. മുന്നോട്ടു നടക്കുക...
:
:
:
:
കേസ് രശീതിയാക്കി ജീപ്പ് പിന്നിൽ നിന്നും കടന്നു പോയപ്പോൾ ഇൻസ്പെക്റ്റർ തല പുറത്തിട്ട് വീണ്ടും നോക്കി. ഉള്ളിൽ രണ്ടാം നമ്പർ ആളൽ!.
പതറരുത്!. മത്സ്യം വാങ്ങാൻ കരുതിയിട്ടുള്ള ഇരുനൂറ് രൂപയാണ്!.

ഉപശാന്തി



ഉപശാന്തി

"ഗോപാലൻ നായരേ ഒരു മോര്."

സംഭാരക്കടയ്ക്ക് മുന്നിൽ നിന്നുകൊണ്ട് രാഘവൻ വിളിച്ചു പറഞ്ഞു. ഓലപ്പുരയ്ക്ക് പിന്നിൽ വിറക് വെട്ടിക്കൊണ്ടിരുന്ന ഗോപാലൻ നായർ മഴു താഴെയിട്ട് ഉളളിൽ കയറി.

"ഇങ്ങട് കേറീരിക്ക്യോ രാഘവാ. എന്താ പൊറത്ത് നിന്നേ?."

"ഇരിക്കാനൊന്നും നേരല്ല്യ, ധിർതീണ്ട്. വേലൂൻ്റെ കാളവണ്ടി ഇപ്പോ വരും."

"ചാക്കൊക്കെ നറച്ച് മൂട്ടിക്കഴിഞ്ഞാ?."

"കഴ്യാറായി. എടക്കൊന്ന് തൊണ്ട നനക്കാൻ വന്നതാ. ഹൌ ന്തൊരു ചൂടാണ്ടാ ചൂട്!."

തലയിൽ കെട്ടിയ മുണ്ടഴിച്ച് രാഘവൻ ആസകലം ഒന്നു വീശി.

"എന്ത് വെളവ് കിട്ടീ രാഘവാ?."

"ഇരുവത്. "

"ങ്ഹാ അപ്പ മോശന്ന് പറഞ്ഞൂടാ."

"പോര ഗോപാലൻ നായരേ. എടുത്ത പണിക്ക്ള്ളതായില്ല്യ. കതിരുവെട്ട്യോള് ചതിച്ചില്ല്യേ?."

"ന്നട്ടും ഇത്ര കിട്ടീലോ. മേലേപ്പൊറത്തെ തോമാസിന് പത്താ കിട്ടീത്‌. അതിലും ഭേദണലോ?."

പണ്ടൊരു മേടമാസത്തിലെ കൊയ്ത്തുകാലത്ത് നടൂത്താറയിൽ നടന്ന കഥയാണ്.

കോൾപ്പാടത്ത് പുഞ്ചക്കൊയ്ത്തു തുടങ്ങിയാൽ പിന്നെ പൂരത്തിരക്കാണ് പാടക്കരയിലുള്ള നടൂത്താറയിൽ. കൊയ്തെടുത്ത കറ്റകൾ മൈലുകളോളം ദൂരം തലച്ചുമടായി കൊണ്ടുവന്ന് അടുക്കി വെക്കുന്നതും മെതിക്കുന്നതും അളക്കുന്നതും ചാക്കു മുട്ടി വണ്ടിയിൽ കയറ്റുന്നതുമെല്ലാം നടുത്താറയിലെ പരന്ന് വിശാലമായി കിടക്കുന്ന പാറയിലാണ്. ഒരു മാസത്തോളം നീണ്ടു നിൽക്കും കൊയ്ത്തും തിരക്കും. കൊയ്ത്തുപണിക്കാരും വരമ്പത്തെ കാര്യസ്ഥന്മാരും ചുമട്ടുതൊഴിലാളികളും പതമ്പളവ് ചുമട്ടുകൂലി തർക്കങ്ങളുമായി മൂരിച്ചന്ത പരുവമായിരിക്കും പാറപ്പുറം. അവർക്കു വേണ്ടി ഉയരുന്നതാണ് പാടവക്കത്തെ ഓലക്കടകൾ. ചായ, കാപ്പി, സംഭാരം, ബീഡി, മുറുക്കാൻ തുടങ്ങിയവക്ക് നല്ല ചെലവായിരിക്കും പാറയിൽ. ഓലയും മുളയും കെട്ടിയുയർത്തിയ രണ്ടോ മൂന്നോ കടകകളുണ്ടാവും.

കച്ചവടം നടത്തുന്നതിനുള്ള ത്രാണിയൊന്നും ശുദ്ധഗതിക്കാരനായ ഗോപാലൻ നായർക്കുണ്ടായിരുന്നില്ല. പണം കിട്ടിയാലും ഇല്ലെങ്കിലും ചോദിച്ചതെടുത്തു കൊടുക്കും. ഭാഗ്യത്തിന് കർക്കശക്കാരനായ അനിയൻ വിജയൻ കൂട്ടിനുള്ളതുകൊണ്ട് വലിയ കോട്ടമില്ലാതെ നടന്നു പോകും. അത്യാവശ്യം ഇലക്ട്രിഷ്യൻ പണിയും അറിയാവുന്നതുകൊണ്ട് കച്ചവടത്തിരക്കിനിടയിൽ ചില്ലറപ്പണികൾക്ക് വിളി വന്നാൽ വിജയൻ അതിനു പോകും. തീരെ മനസ്സമാധാനമില്ലാതെയായിരിക്കും പോവുക. ചേട്ടനെ ഒറ്റക്ക് കട എൽപ്പിച്ചു പോകുന്നത് ചിതമല്ല. എല്ലാം അങ്ങോട്ടേയുള്ളു ഇങ്ങോട്ടില്ല. ചോദിച്ചു വാങ്ങാൻ കഴിവില്ല. ചോദിച്ചാൽ ഇല്ലെന്നു പറയുകയുമില്ല. വിജയൻ്റെ കണ്ണില്ലെങ്കിൽ കൊയ്ത്തു കഴിഞ്ഞാൽ കടയിലെ സ്ഥാവരജംഗമങ്ങൾ നാട്ടുകാരുടെ കയ്യിലാവും. ഓലയും മുളയും പോലും!.

"വിജയനെവടപ്പോയ് ഗോപാലൻ നായരേ?."

"എലട്രീഷ്യം പണിക്ക് പോയീതാ രാവിലെ. "

"ദെവടെ?."

"മേപ്പറമ്പിലെ ഗോവിന്ദമേൻ്റെ വീട്ടില്. അവരടെ മോട്ടറ് വെള്ളം വലിക്കിണില്ല്യാത്രെ."

"ങ്ഹും. അപ്പൊ അന്യേനെ വൈന്നേരം നോക്ക്യാമതി."

"അതെന്തേ?."

"അതിൻ്റെ റിപ്പേറിങ്ങ് ഒഴിഞ്ഞ നേരല്ല്യാൻ്റെ ഗോപാലൻ നായരേ!. മൊതല് പട്ടാളം റോഡില് കൊണ്ടിടണ്ട കാലം കഴിഞ്ഞു. "

"ദാ രാഘവാ മോര്."

വലിയ മങ്ങിലിയിൽ കലക്കി വെച്ചിരുന്ന സംഭാരം ഒരു ഗ്ലാസ് മുക്കിയെടുത്ത് ഗോപാലൻ നായർ നീട്ടി. ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ് തിരിച്ചു കൊടുക്കുമ്പോൾ രാഘവൻ അഭിനന്ദിച്ചു:

"കുറ്റം പറ്യാൻ പറ്റില്ല്യ ട്ടാ, ഉഷാറ് മോര്. ദെവടന്നാ തൈര്?."

"രാമഷ്ണഞ്ചി മാഷടവടന്ന്."

"ങ്ഹും അസ്സലായീണ്ട് ഗോപാലൻ നായരടെ കൂട്ട്. തൈര് നന്നായോണ്ടായില്ല്യ; സംഭാരം കൂട്ടാനും വശം വേണം. അപ്പ ശരി രാഘവൻ നായരേ. നാളെ തരാം. വെളിച്ചാമ്പൊ തെരക്കിട്ട് ഓടി വന്നതാ. ചില്ലറേട്ക്കാൻ മറന്നു."

"ങ്ഹാ ആയിക്കോട്ടെ."

വലിയൊരു ഏമ്പക്കം വിട്ട് ചിരി തുടച്ചു കൊണ്ട് രാഘവൻ പാടത്തേക്ക് തിരിഞ്ഞതും ഗ്രീസിൻ്റെ മണം പ്രസരിപ്പിച്ചു കൊണ്ട് വിജയൻ കയറി വന്നതും ഒരുമിച്ചായിരുന്നു.

"എന്താ വിജിയാ മോട്ടറ് ശര്യാക്കാൻ പറ്റ്യാ?."

"എന്താ പറ്റാണ്ട്?."

"ങ്ഹും, അത് മാറ്റാത്തോടത്തോളം കാലം നിങ്ങത്താഴത്തിന് മുട്ട്ണ്ടാവില്യ."

തലയിൽ തോർത്തുമുണ്ട് വലിച്ചുകെട്ടി പാടവരമ്പിലേക്കിറങ്ങുന്ന രാഘവനെ നോക്കി വിജയൻ കാർക്കിച്ചു തുപ്പി. പിന്നെ പന്തലിൽ കയറി കലത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് മോന്തി. ഗ്ലാസ് കഴുകി സംഭാര മങ്ങിലിയുടെ മുടിയിൽ കമിഴ്ത്തി വെക്കുമ്പോൾ ചോദിച്ചു:

"അയാള് കാശ് തന്നാ ചേട്ടാ?."

"ഇല്ല്യ."

"ങ്ഹും തരില്ല്യ; എനിക്കറിഞ്ഞൂടെ!."

വിജയൻ കൂടുതലൊന്നും പറഞ്ഞില്ല. മങ്ങിലിക്കാതിനു മുകളിൽ നിന്നും ഗ്ലാസ്സെടുത്ത് കലത്തിലെ വെള്ളത്തിൽ മുക്കി രണ്ടളവ് മങ്ങിലിയിലെ സംഭാരത്തിലേക്കൊഴിച്ച് കയിലെടുത്ത് നല്ലവണ്ണമൊന്ന് ഇളക്കി.

"എന്താ വിജിയാ നീയ്യ് കാട്ടീത്!. "

രണ്ടെളിയിലും കൈകൾ കുത്തി ഗോപാലൻ നായർ അതിശയവും സങ്കടവും കൂടിക്കലർന്ന മുഖഭാവത്തോടെ അനിയനെ നോക്കി.

പണി കഴിഞ്ഞു വരുന്ന വഴി വിളക്കുംകാൽ കവലയിൽ നിന്നും വാങ്ങി മടിക്കുത്തിൽ തിരുകിയ ബീഡിക്കെട്ടും തീപ്പെട്ടിയും വിജയനെടുത്തു. കെട്ടു പൊളിച്ച് ഒരെണ്ണമെടുത്തു ചുണ്ടിൽ വെച്ച് അടുപ്പിൽ നിന്നു വലിച്ചെടുത്ത തീക്കൊള്ളിയിൽ മുത്തമിടീച്ചു . ആവശ്യത്തിനൊരു കവിൾ പുക ഉള്ളിലേക്കെടുത്ത് ശേഷിപ്പ് പല്ലുകൾക്കിടയിലെ വിടവിലൂടെ സീൽക്കാരിച്ചൂതി പാറപ്പുറത്തെ തിരക്കിലേക്ക് നോക്കി നിർവ്വികാരതയോടെ പറഞ്ഞു.

"ഇപ്പൊ കൊടുത്തേന്റെ നഷ്ടം നെകത്തണം; ആ കാശ് കിട്ടാൻ പോണതല്ല!."

വിയര്‍ക്കാതെ

വിയര്‍ക്കാതെ 


തൃശ്ശൂരിൽ താണിക്കുടം എന്ന ഗ്രാമത്തിൽ പ്രശസ്തമായൊരു ഭഗവതി ക്ഷേത്രമുണ്ട്. താണിക്കുടം ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിനു കിലോമീറ്ററുകൾക്കപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ ദേവിയുടെ തട്ടകങ്ങൾ വേറെയുമുണ്ട്. അതിലൊന്നാണ് ഇരുപത് കിലോമീറ്റർ അകലെ കിടക്കുന്ന താണിക്കുടം ഭഗവതിയുടെ ഏറ്റവും വലിയ തട്ടകമെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള പുറനാട്ടുകര എന്ന ഞങ്ങളുടെ പൊറാട്ര.
മകരമാസമായാൽ ദേവി തന്റെ തട്ടകങ്ങൾ സന്ദർശിക്കാനിറങ്ങും. വലിയൊരു സംഘത്തിന്റെ അകമ്പടിയോടെ. ഇന്ന് പ്രശസ്തനായ വാദ്യ പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ എന്ന അന്നത്തെ ചെറുപ്പക്കാരനടക്കമുള്ള വാദ്യക്കാരും, കോമരവും, കൊളങ്ങര എന്നു വിളിക്കുന്ന കോമരത്തിന്റെ സഹായിയും, മുണ്ടു തെറുത്തു ചുറ്റി തെങ്ങിൻ പൂക്കുല വെച്ച പാലമരക്കുറ്റികൾ കയ്യിലേന്തിയ രണ്ടു 'പൂക്കുലക്കുറ്റി തുള്ളൽക്കാരും', തടിച്ച ബാഗ് കക്ഷത്ത് വെച്ച കാഷിയറും, തലച്ചുമടുകാരും അടങ്ങുന്ന ഈ പുറപ്പാടിനെ 'പറ ' എന്നാണ് പറയുക. താണിക്കുടത്തിനു പുറമെ പതിയാർകുളങ്ങര, പാറമേക്കാവ്, തെച്ചിക്കോട്ട്കാവ്, ആമ്പലങ്കാവ്, ശങ്കരങ്കുളങ്ങര, കരുവന്തല എന്നിങ്ങനെ നിരവധി പറകൾ വേറെയുമുണ്ടായിരുന്നു നാട്ടിൽ കൊട്ടി എഴുന്നള്ളുന്നവയായി. അവയിൽ ചിലത് ഇപ്പോൾ വന്നു കാണുന്നില്ല. പൊറാട്ര തട്ടകത്തിലെ ഒന്നു വിടാതെ എല്ലാ ഹിന്ദു ഗൃഹങ്ങളിലുമെന്നു പറയാം കയറിയിറങ്ങുന്ന പറ താണിക്കുടത്തിന്റേതാണ്. മൂന്നു ദിവസം സംഘം നാട്ടിലുണ്ടാവും. അമ്പതു വർഷം മുമ്പത്തെ ഓർമ്മയാണെഴുതുന്നതെങ്കിലും ഇന്നും താണിക്കുടം പറയ്ക്ക് വലിയ മാറ്റമില്ല.
അരിപ്പൊടി കലക്കി കളമണിഞ്ഞ് പൂവും നിറപറയും നിലവിളക്കും വെച്ച വീട്ടിലേക്ക് എഴുന്നള്ളി വാദ്യവും തുള്ളലും പൂവേറും വെളിപാടും കഴിഞ്ഞ് കോമരത്തിന് കലിയിറങ്ങിയാൽ വിളക്കത്ത് വെച്ചിരിക്കുന്ന പൊതിച്ച നാളികേരമെടുത്ത് വാദ്യക്കാരിലൊരാൾ വീട്ടുമുറ്റത്ത് എറിഞ്ഞുടയ്ക്കും. തകർന്ന നാളികേരത്തിന്റെ ശകലങ്ങൾ പെറുക്കുവാൻ ജാതിമതഭേദമന്യേ എത്തിച്ചേരുന്ന നാട്ടിലെ കുട്ടികൾ മത്സരിക്കും. ചാക്കും സഞ്ചിയുമായി സുസജ്ജരായാണ് കഷ്ണാർത്ഥികളായ ഞങ്ങൾ എത്തുക.
തകരുന്ന തേങ്ങയുടെ പീസുകൾക്കു വേണ്ടി ഏറുകാരന് ചുറ്റും മല്ലയുദ്ധോത്സുകരായി അർദ്ധമണ്ഡലത്തിലാണ്‌ കൂട്ടത്തിൽ മുതിർന്നവരും കരുത്തരുമായ പെറുക്കികൾ നിൽക്കുക. അവർക്കൊപ്പം നിൽക്കാൻ ധൈര്യവും തടിമിടുക്കുമില്ലാത്ത സമാധാനപ്രിയരായ ഞങ്ങൾ കുറച്ചു പേർ തെല്ലകലെ വീട്ടുമുറ്റത്തെ തെങ്ങോ തൂണോ മതിലോ ചാരി നിൽക്കും. തേങ്ങാമുറിക്കു വേണ്ടി മല്ലടിക്കുന്നവരുടെ കാലുകൾക്കിടയിലൂടെ പുറത്തേക്ക് തെറിച്ചുരുണ്ട് വരുന്ന തേങ്ങാ മുറികളിലും തുണ്ടുകളിലുമാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രതീക്ഷ ഒരിക്കലും വിഫലമാവാറില്ല. മൂക്കു പോലും വിയർക്കാതെ പൂ പറിക്കുന്ന ലാഘവത്തോടെയാണ് കാൽക്കീഴിൽ വന്നു കിടക്കുന്ന പീസുകൾ ഞങ്ങൾ പെറുക്കിയെടുക്കുക. ഒരു ദിവസത്തെ പറയെടുപ്പ് പൂർത്തിയാക്കി കോമരം ചെമ്പട്ടഴിച്ച് എണ്ണ മിനുങ്ങുന്ന നീണ്ട മുടി കൊണ്ട കെട്ടിയാൽ ഞങ്ങളും പിരിയും.
പിന്നെയാണ് കണക്കെടുപ്പ്. വിളക്കും കാൽ കവലയിൽ അപ്പു എഴുത്തച്ഛന്റെ സൈക്കിൾ ഷാപ്പിനു മുന്നിലെ ഇറയത്തിരുന്ന് കിട്ടിയ കഷ്ണങ്ങളെണ്ണിയും ചാക്കും സഞ്ചിയും തൊട്ടു നോക്കിയും അന്നത്തെ വരുമാനം തിട്ടപ്പെടുത്തുമ്പോൾ ഒരു കാര്യം വ്യക്തമാവും. തിക്കും മൽപ്പിടുത്തവും ഒഴിവാക്കി തൂണും മതിലും ചാരി നിന്ന ഞങ്ങളാണ് സമ്പന്നർ!.
കടിച്ചും മാന്തിയും ചോരയൊലിപ്പിച്ചു സമ്പാദിച്ചവരുടേതിനേക്കാൾ തടിച്ച ചാക്കും സഞ്ചിയും സ്വന്തമായുള്ള ഞങ്ങൾ!.

ഗണപതിപ്രാതൽ


ഗണപതിപ്രാതൽ

ഒന്നിനു പുറകെ ഒന്നായി മൂന്ന് മസാല ദോശ അകത്താക്കി ചായ കാത്തിരിക്കുന്ന ആ മധ്യവയസ്കൻ്റെ മുന്നിൽ നിന്നും ഒരു നെയ് റോസ്റ്റിൻ്റെ ദാരിദ്രം തുടച്ചു നക്കി ഭാരത് ഹോട്ടലിനു വെളിയിലേക്ക് കടക്കുമ്പോൾ എനിക്കു പഴയ പന്തുകളിക്കാലം ഓർമ്മ വന്നു.

ജില്ലാ എ ഡിവിഷൻ ഫുട്ബോൾ ലീഗിലെ മുന്തിയ ടീമുകളിലൊന്നായ തൃശ്ശൂർ യംഗ്സ്റ്റേഴ്സിൻ്റെ ഗോൾകീപ്പറായിരുന്ന എഴുപതുകളുടെ രണ്ടാം പാദം. എല്ലാ ദിവസവും കളി കഴിഞ്ഞ് വൈകീട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നു മടങ്ങുന്നത് പാലസ് റോഡിലൂടെ നടന്നിട്ടാവും; ജേഴ്സിയൂരാതെ. മോഡൽ ബോയ്സ് സ്കൂളിനു മുന്നിലെ കെട്ടിടത്തിലുള്ള യംഗ്സ്റ്റേഴ്സിൻ്റെ ഓഫീസിൽ ചെന്നിട്ടാണ് വസ്ത്രം മാറൽ. അതിനു മുമ്പ് റീജണൽ തിയ്യറ്ററും ടൌൺ ഹാളും കടന്നാൽ ആനയെ വിഴുങ്ങാനുള്ള വിശപ്പുമായി കളിക്കാരെല്ലാം സാമിയുടെ മോഡേൺ കേഫിൽ കയറും. പിന്നത്തെ കാര്യം പറയാനില്ല. ദോശമാവ് നിറച്ച സ്വാമിയുടെ കുണ്ടൻ ബോണി പ്ലാവില വടിച്ചൊഴിച്ചുണ്ടാക്കിയ ഷേയ്പ്പില്ലാത്ത ഓട്ടദോശ കൂടി അകത്താക്കിയേ ഒന്നേകാൽ ഡസൻ കളിക്കാർ കേഫ് വിടൂ. വിടുന്ന വഴി തിരിഞ്ഞു നോക്കിയാൽ പറ്റുബുക്കിൽ കണക്കെഴുതി ഇടനെഞ്ഞു പൊട്ടിക്കരയുന്ന ടീം മാനേജരെ സാമി പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നതു കാണാം!.

എഴുപത്തിയാറിലെ തൃശ്ശൂർ ജില്ലാ ഫുട്ബോൾ എ ഡിവിഷൻ ലീഗ് ഫൈനൽ. ചാലക്കുടി ഗവ. സ്കൂൾ ഗ്രൌണ്ടിലായിരുന്നു കളി. ഞങ്ങൾ തൃശ്ശൂർ യംഗ്സ്റ്റേഴ്സും തൃശ്ശൂർ ജിംഖാനയും തമ്മിലാണ് മത്സരം. ജിംഖാനയിൽ നാട്ടുകാരനും സുഹൃത്തും പന്തുകളിയിൽ ഗുരുവുമായിരുന്ന ജോൺ പ്രതിരോധ നിരയിൽ കളിക്കുന്നുണ്ട്. (എഴുപതു കഴിഞ്ഞിട്ടും പുറനാട്ടുകര ആശ്രമം ഗ്രൌണ്ടിൽ ഇപ്പോഴും പന്തു തട്ടുന്നുണ്ട് ജോൺ. നാട്ടിലെ ലെജണ്ടായ കക്ഷിയെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്.)

കളിയിൽ ഞങ്ങൾ തോറ്റു. കണ്ടീഷനനുസരിച്ച് ചാംപ്യന്മാരായ ജിംഖാനയും റണ്ണേഴ്സ് അപ്പായ ഞങ്ങളും അടുത്ത ഏപ്രിലില് നടന്ന തൃശ്ശൂർ ചാക്കോളാ ട്രോഫിയിൽ കളിക്കുകയുണ്ടായി. ജിംഖാന ഓർക്കെ മിൽസിനെതിരേയും ഞങ്ങൾ ഇന്ത്യൻ താരം ബീർബഹദൂറിൻ്റെ ഇ.എം.ഇ. സെൻ്റെർ സെക്കന്തരബാദിനെതിരേയും.(ഇതിനെപ്പറ്റിയും എഴുതാനുണ്ട്. പിന്നീടാവാം.)

ചാലക്കുടി കളി കഴിഞ്ഞ് ജിംഖാന ടീം പട്ടണത്തിലെ ഹോട്ടലിൽ 'ലഘു'ഭക്ഷണം കഴിക്കാൻ കയറിയ കഥ നാട്ടിൽ അമ്പലപ്പറമ്പിലെ ആൽത്തറയിലിരുന്ന് ഒരു ദിവസം ജോൺ അയവിറക്കി.

ഹോട്ടലിൽ കയറി അവിടവിടെയായി കളിക്കാരിരുന്നു. ഓർഡറിടുന്നതിനു മുമ്പ് ഓരോരുത്തർക്കും വേണ്ടതെന്തെന്ന് ടീം മാനേജർ വിത്സൺ ചോദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോണിനു തൊട്ടടുടുത്തിരുന്ന ബഷീർ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞത്:

"അതേയ് ചേട്ടാ നല്ലോണം മൊരിഞ്ഞട്ട് ഒരേഴ് മസാൽ ദോശ. ഓരോന്നോരോന്നായിട്ട് പോന്നോട്ടെ."

കണക്കെടുപ്പ് തെറ്റിച്ചതിൽ ശുണ്ഠി കയറിയ വിത്സൺ ചോദിച്ചു:

"അയ് അതെന്തൂട്ടാണ്ടാ ഏഴെണ്ണം?. മ്മള് പൈനാലാളില്ല്യേ?."

"വിൽസേട്ടൻ പോയേ!. എനിക്ക്ള്ളതാ ഞാൻ പർഞ്ഞേ!."

കണക്കെടുപ്പ് നിർത്തി മേശയിലിരുന്ന ഗ്ലാസ്സിലെ വെള്ളവും പോരാഞ്ഞ് അടുത്തിരുന്ന പ്ലാസ്റ്റിക്ക് മഗ്ഗിലെ ശേഷിപ്പത്രയും മോന്തി ഹോട്ടലിനു വെളിയിലേക്ക് നീങ്ങുമ്പോൾ വിത്സൺ ജോണിനോട് പറഞ്ഞു:

"ജോണേട്ടാ, എന്താച്ചാ കഴിക്ക്. എല്ലാരടേം കഴിഞ്ഞാ ബില്ല് വാങ്ങി വാ. ഞാൻ പൊറത്ത് നിക്ക്ണ്ട്. "

"അയ് നിക്കറാ വിൽസാ!. അപ്പ നിയ്യ് കഴിക്കിണില്ല്യെ?."

"ഇല്ല്യ ജോണേട്ടാ; ഇക്കിത് കാണാൻ വയ്യ!."
__________