2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

പൂരപ്പറ

പൂരമൊരുക്കം - ഒരു നര്‍മവീക്ഷണം   

പൂരപ്പറ 

പൂരം കൊടിയേറി!   കൊടികെട്ടി പൊട്ടിച്ച വെടിയുടെ തരം നോക്കുമ്പോ പെരിയ വെടിക്ക് പൊട്ടിക്കരയേണ്ടിവരുമെന്ന്  പെരുവഴിയില്‍ സംസാരമുണ്ട്.  ച്ചാല്‍ എണ്ണത്തിലും വണ്ണത്തിലും കിടുക്കത്തിലും നന്നേ പോരായേണ്ടന്നു സാരം.  തിരാമ്പാട്ട്ളെ വെടിയാളി   മുണ്ടത്തിക്കോടനാത്രെ. ന്യായാസനം 'പൂരാളി'കളുടെ കൊങ്ങയ്ക്ക് പിടിച്ചപ്പോള്‍ പന്തലുപണിക്കിടയിലും വഴി നടപ്പും കാറോട്ടവും 'സ്വരാജ് വട്ട'ത്തില്‍ സുഗമം. അമ്പാടി-ക്കാവുകളുടെ 'മാനംമുത്തി'പ്പന്തലുകളുടെ അകവും പുറവും പിടിച്ചാണ് ഇപ്പോള്‍ അതിവേഗപാതയും മരണക്കിണറും. 

പൂരം പ്രദര്‍ശനനഗരിയില്‍ സോപ്പ് ചീപ് കണ്ണാടികളും കാരറ്റ് ചുരണ്ടികളും നിരന്നു. ഇനി ചുരണ്ടലും തൊടലും പിടിക്കലും ഉഷാര്‍. നടുമിറ്റങ്ങളില്‍ പുഷ്പ ഫല സസ്യാദികള്‍ക്ക്‌ തടം കോരി.  നടവഴികളിലെ ചില്ലുഭരണികളില്‍ പൊരിഞ്ഞ പോപ്‌കോണ്കളുടെ അയ്യപ്പന്‍ തുള്ളല്‍. പവിലിയനുകള്‍ക്ക് ചുട്ടികുത്ത് തുടങ്ങിയിട്ടേയുള്ളൂ . മതി വരുവോളം പൂരം കുടിച്ചു പൂസായി ഇടവപ്പാതി വാളൂരുമ്പോഴേക്കും കൂടിയാട്ടം തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അശരീരിയുണ്ട്!

നായ്‌ക്കനാലില്‍നിന്നും ശ്രീമൂലസ്ഥാനത്തേയ്ക്ക്  ഉച്ചപ്പൂരത്തിന്  ആനപ്പൊറത്തെ ഏട്ത്തിയേയും ചെണ്ടപ്പൊറത്തെ  അനിയനെയും എഴുന്നെള്ളിക്കാന്‍ അരങ്ങുംകാലുകള്‍ ഉയര്‍ന്നു.   ശിവസുന്ദരനും പട്ടാളത്തിനും ഫാഷന്‍ പരേഡു നടത്താന്‍ തേക്കിന്‍കാട്ടില്‍ റാമ്പും 'പട്ട'യടിച്ചുറങ്ങുവാന്‍ സീയെമ്മസ്സില്‍ മെത്തപ്പായയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.   പിണ്ടമിടാനും പണ്ടം പ്രദര്‍ശിപ്പിക്കാനും വെവ്വേറെ സൌകര്യങ്ങള്‍ ഒരുക്കും.   കൂടാതെ   ഗണേശന്മാര്‍ക്ക്  ചുട്ട വെയിലില്‍ ചെരിപ്പിട്ട് ഫടഫടാന്ന് പടക്കം പൊട്ടിച്ചു കളിയ്ക്കാന്‍ പ്രദക്ഷിണവഴിയില്‍ അരയടിക്കു വെള്ളം ചിറ കെട്ടി നിര്‍ത്താന്‍ കച്ചേരി ഫത്‌വ പുറപ്പെടുവിച്ചിട്ടുമുണ്ടല്ലോ?.    പിന്നെ പൂരം പ്രമാണിച്ച് നഗരത്തില്‍   മുറ്റമടിക്കാനും പാത്രം കഴുകാനുമായി ഹോളണ്ടില്‍നിന്നും ഒരു തൂപ്പുകാരി എത്തിയിട്ടുണ്ട്. കോര്‍പറെഷന്റെ കോലായത്തിണ്ണയില്‍       "എപ്പഴാ വേണ്ടെന്നു വെച്ചാല്‍ വിളിച്ചോളിന്‍" എന്ന മട്ടില്‍ ചെല്ലം വലിച്ചിട്ടിരുന്നു മുറുക്കുന്ന അവരെ കണ്ടവരുണ്ട്. 

തെക്കോട്ടിറക്കത്തിന്റെ പടിഞ്ഞാറേ വശത്ത്‌ ചാനലുകള്‍ക്ക്  'പട'ക്കോപ്പുറപ്പിക്കാന്‍ അങ്കത്തറയുയര്‍ന്നു. കുടമാറ്റം 'അന്യോന്യ' ത്തിന്റെ ഷോര്‍ട്ട് ബ്രേക്കുകളില്‍ കാണികള്‍ക്ക് മൊത്തമായും ചില്ലറയായും കാണാന്‍ തരത്തില്‍ പത്തടിപ്പൊക്കത്തില്‍ കെട്ടിയുയര്‍ത്തിയ ഈ തട്ടില്‍ വെച്ചായിരിക്കും ജേര്‍ണലിസവും ഗുസ്തിയും പഠിച്ച 'നങ്കൂര'ന്മാര്‍ 'നിലനില്‍പ്പി'നുവേണ്ടി   'പുരഞ്ജയമായി തുടങ്ങി സൌഭദ്രമെന്നു തോന്നിപ്പിക്കുന്ന പുത്തൂരം അടവുകള്‍ ' പയറ്റുക! കിഴക്കു വശത്ത് സായിപ്പന്മാര്‍ക്ക് വീക്ഷാഗോപുരമുയരുന്നു.   കാല്‍സ്രായിയും അധോവസ്ത്രങ്ങളും ഊരിക്കളഞ്ഞു കാലിന്മേല്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന  കറുത്ത കണ്ണട വെച്ച മദാമ്മമാരും മദാച്ഛന്‍മാരും തൊട്ടുമുന്നില്‍ തങ്ങളുടെ 'അസ്ഥാനം'  നോക്കി നന്നാരി സര്‍വത്ത് കുടിക്കുന്നവരുടെ   മുഖപേശികളിലെ വലിവും മുറുക്കവും ക്യാമറയില്‍ പകര്‍ത്തി തംസപ്പടിക്കും മെയ്‌ ദിനത്തില്‍!

പൂരത്തിന്റെ അവാന്തരവിഭാഗങ്ങള്‍ക്കൊക്കെ പ്രമാണിമാരെ അരിയിട്ട് വാഴിച്ചു കഴിഞ്ഞു . വാദ്യ പ്രമാണിമാരില്‍ തറവാട്ടുകാ രനായി   ഒരാളെയുള്ളു. കിഴക്കൂട്ട്.  മറ്റുള്ളവരൊക്കെ പെരുവനം, അന്നമനട, ചോറ്റാനിക്കര  എന്നിങ്ങനെ ദേശക്കാരാണ് ! മേളക്കാര്‍ക്ക് സംഭാരം കൊടുക്കല്‍, വാദ്യങ്ങള്‍ക്ക് കൈവീശല്‍, ആനക്ക് പിന്നില്‍ മാറ്റക്കുട പിടിച്ചുനില്‍ക്കല്‍ തുടങ്ങിയ പ്രതിഭയും മത്സരശേഷിയും ആവശ്യമുള്ള പോസ്റ്റുകളിലേക്ക് തെരഞ്ഞെടുത്ത പ്രമാണിമാരുടെ പേരുവിവരം സുരക്ഷാകാരണങ്ങളാല്‍ സാമ്പിള്‍   വെടിക്കെട്ടിന് ശേഷം പത്രസമ്മേളനത്തില്‍ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

                                            *************






2012, ഏപ്രിൽ 21, ശനിയാഴ്‌ച

ചതുര്‍ഥാശ്രമം

ചതുര്‍ത്ഥാശ്രമം 

തൊണ്ണൂറ്റിനാലിലെ ഒരു ശബരിമലയാത്ര. സഹതീര്‍ഥാടകരെല്ലാം പമ്പയില്‍ പിതൃബലിയിടുന്നു എന്നറിഞ്ഞപ്പോഴാണ്  യാത്രക്കു മുന്‍പ് അമ്മ  പ്രത്യേകം നിര്‍ദേശിച്ചിരുന്ന  കാര്യം എനിക്കോര്‍മ്മ വന്നത്. അച്ഛനും ചേച്ചിയ്ക്കും ബലിയിടണം.   അടുത്തടുത്തായി അച്ഛനും ചേച്ചിയും  മരിച്ചത് കഴിഞ്ഞ  വര്‍ഷമാണ് .    

പുഴയില്‍  മുങ്ങി  ഈറന്‍  തറ്റുടുത്ത്‌ മുന്നിലിരുന്നപ്പോള്‍ പരികര്‍മി  ചോദിച്ചു:

"ആര്‍ക്കാ?"

"രണ്ടാള്‍ക്ക്‌ "

"ആരൊക്കെ ?"

"അച്ഛനും  ചേച്ചിയും"

"പേര് ?"

"എന്‍റെ  പേര്   ബാലചന്ദ്രന്‍ ."

" പരേതരുടെ പേരാ ചോദിച്ചേ! "

" നാരായണന്‍ നായര്‍,  ശാരദ ."

" ശരി, ഇനി ഞാന്‍  ചൊല്ലുന്നതൊക്കെ   ഏറ്റു ചൊല്ലിക്കോണം;  പറയുന്നപോലെ ക്രിയകളൊക്കെ ചെയ്തോണം!."

കുറുക്കിയുരുവിട്ട ബലിമന്ത്രങ്ങൾ ഏതാണ്ട് ഗ്രഹിക്കാനായവ   ഏറ്റുചൊല്ലിയും അല്ലാത്തവ വിഴുങ്ങിയും  ക്രിയാ നിര്‍ദേശങ്ങള്‍ അനുസരിച്ചും ബലിയുടെ ഒരു  താളവട്ടം കഴിഞ്ഞപ്പോള്‍ പരികര്‍മി ചോദിച്ചു:

"അടുത്തത്  ആര്‍ക്കാണെന്നാ  പറഞ്ഞത് ?"

"കഴിഞ്ഞതാരട്യാ?" എനിക്കു സംശയമായി .

"കഴിഞ്ഞത്  ബാലചന്ദ്രന്‍റെ . "

ഒരു നിമിഷം തരിച്ചിരുന്നു പോയി! മനോനില സാധാരണമായപ്പോള്‍ ഏഴുന്നേറ്റുകൊണ്ട് പറഞ്ഞു:

" മതി.  ഇനി  വേണന്നില്ല്യ!  ."

" അതെന്തേ?   രണ്ടെന്നു  പറഞ്ഞിട്ട് ?"

"ഇനീപ്പോ  ഒന്ന് രണ്ട് ഭേദങ്ങളില്ല.  ഒന്നേള്ളൂ.   ആത്മബലിയാണിട്ടത് !"

അന്തംവിട്ടു  നിന്ന പരികര്‍മിയുടെ കയ്യില്‍  ദക്ഷിണ വെച്ച് ഞാന്‍ പുഴയിലേക്ക് തിരിച്ചു നടന്നു. പിന്നില്‍ പരിഭ്രാന്തി കലര്‍ന്ന  ശരണംവിളി  . 

"സ്വാമ്യേയ് ശരണമയ്യപ്പ!"

ഒരു  വട്ടം കൂടി പമ്പയില്‍  മുങ്ങിനിവരുമ്പോള്‍ പരികര്‍മ്മി ഓതിത്തരാന്‍ വിട്ടുപോയത്  മനസ്സ് പൂരിപ്പിച്ചു :

ആത്മപിണ്ഡം  സമര്‍പ്പയാമി.....

                                                 ******




2012, ഏപ്രിൽ 14, ശനിയാഴ്‌ച

സംഭവാമി യുഗേ യുഗേ


സംഭവാമി യുഗേ യുഗേ 

"ന്‍റെ തേവരേ കരുണാസാഗരാ ഇത്തവണേങ്കിലും...."

കെട്ടിയിട്ടടിച്ചാലും വീടിന്‍റെ ഉമ്മറവാതില്‍ക്കല്‍ പടര്‍ന്ന മാറാലപോലും തട്ടിക്കളയാൻ മേലനങ്ങാത്തവൻ, പതിവുപോലെ ഒരുറുപ്പികയും കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റും നടക്കല്ലില്‍ വെച്ച് ഒന്നാം സമ്മാനത്തിന് കെഞ്ചുന്നതു കണ്ടപ്പോള്‍  ഭഗവാന്   കേശാദിപാദം കലി കയറി.

മാസാമാസം നറുക്കെടുപ്പു  ദിവസങ്ങളില്‍ നടക്കല്‍ തലതല്ലിയുള്ള ഇവന്‍റെ ഈ മുറവിളി ഇന്നത്തോടെ  കാലം കൂട്ടണം !

പ്രതിഷ്ഠയ്ക്ക് മുന്നില്‍ കുന്തിച്ചിരുന്ന്   തിമിരം വല വിരിച്ച കണ്ണുകളിറുക്കി പുഷ്പാഞ്ജലിച്ചീട്ടിലെ പേരും നാളും  പ്രയാസപ്പെട്ടു  വായിച്ചെടുക്കുകയായിരുന്ന വൃദ്ധൻ  ശാന്തി പെട്ടെന്നെന്തോ പൊളിഞ്ഞടരുന്ന ശബ്ദം കേട്ട് ഞെട്ടി!.

അഷ്ടബന്ധത്തിന്‍റെ പാദുകമൂരി പീഠം വിട്ടിറങ്ങിയ ഭഗവാന്‍ അരക്കെട്ടിൽ  ഒളിപ്പിച്ചു ചു റ്റിയിയിരുന്ന  ചമ്മട്ടിയെടുത്തു  രണ്ടു ചുഴറ്റ് പൊട്ടിച്ച ശേഷം ഗര്‍ഭഗൃഹം കുലുങ്ങിയ   ഒരു ഹുങ്കാരത്തോടെ സോപാനത്തിലേക്കു    കുതിച്ചു .

കുരുക്ഷേത്രത്തില്‍ എന്നോ നിശ്ശബ്ദമായ ചാട്ടവാർ എന്നെക്കൊണ്ട് വീണ്ടും എടുപ്പിച്ചു   നീ. മുറ്റത്തെ പുല്ലുപോലും  പറിക്കാതെ കണ്ടവന്‍റെ തിണ്ണ നിരങ്ങി പരദൂഷണം വിളമ്പിയും പരാന്നം ഭുജിച്ചും  കൊഴുത്തുരുണ്ട വരാഹമേ; നിന്‍റെ ആസനത്തില്‍ മുളച്ച ആലിന്‍തണലിലെ ഉദാസീനാശ്രമം ഞാനിന്നു അടിച്ചുപൊളിക്കുന്നുണ്ട്  !

കനല്‍പൂത്ത കണ്ണുകളുമായി പാഞ്ഞടുക്കുന്ന ഭീഷണരൂപം കണ്ടു നടുങ്ങിയ ഉപാസകൻ  വെട്ടിത്തിരിഞ്ഞ്   നമസ്കാരമണ്ഡപവും വലിയമ്പലവും ബലിക്കല്‍പ്പുരയും നടപ്പുരയും ഗോപുരവും താണ്ടി പഴയ ഗോപുരത്തറയില്‍നിന്നു തീർത്ഥക്കുളത്തിലേക്ക്  എടുത്തു ചാടിയത് ശ്വാസമിടകൊണ്ടായിരുന്നു. തുറുകണ്ണുകളുമായി ജലോപരിതലത്തില്‍ പൊന്തി പ്രാണവെപ്രാളത്തിന്റെ ഒരു കവിള്‍ വെള്ളം ചീറ്റിത്തുപ്പി   കിതച്ചു കൈകാലുകളിട്ടടിക്കുന്ന ഭയാക്രാന്തന്‍റെ  കുളച്ചണ്ടി വലകെട്ടിയ മുഖത്തിന്‌ നേരെ ചമ്മട്ടി ചൂണ്ടിക്കൊണ്ട് ഭഗവാന്‍ അലറി: 

" പിതൃസ്വത്ത് ഭാഗിച്ചു കിട്ടിയ പത്തുപറക്കണ്ടത്തില്‍ വിയര്‍പ്പൊഴുക്കി വിത്തിറക്കിയാല്‍  എന്‍റെ പാതി നെല്ലായിതന്നേക്കാമെന്നു  പണ്ടെന്നോ നിനക്ക് തന്ന വാക്ക് കരാർ  സ്വഭാവമുള്ളതുകൊണ്ട്  ഞാന്‍ ലംഘിക്കുന്നില്ല. ഒരവസരം കൂടി തരുന്നു. മേലാൽ പിച്ചക്കാശു കൊടുത്തു വാങ്ങിയ ശിവകാശി പീറക്കടലാസില്‍ നിന്‍റെ ഫാസ്റ്റ്ബക്ക് വ്യാമോഹങ്ങള്‍ പണ്ടാറം പൊതിഞ്ഞിങ്ങോട്ടെടുത്താൽ,  മേലനങ്ങാതെ വെട്ടി വിഴുങ്ങി മേദസ്സ് കേറ്റിയ നിന്റെ നെഞ്ചിലെ   കൂമ്പുണ്ടല്ലോ ; ഐ വില്‍ ബീറ്റ് ദാറ്റ്‌ ഷിറ്റ് ഔട്ട്‌ ഓഫ് യു.   ജസ്റ്റ്‌ റിമംബര്‍  ദാറ്റ്‌ !"

ചമ്മട്ടി മൂന്നു വട്ടം പൊട്ടിച്ചു ഭീതി പരത്തിയ ശേഷം സ്ലോമോഷനിൽ   ശ്രീകോവിലില്‍ തിരിച്ചെത്തി ശാന്തിക്കാരന്‍റെ  പരിഭ്രമത്തിന് മുഖം കൊടുക്കാതെ ധർമസംസ്ഥാപകൻ പത്മപീഠം കയറി പാദുകമിട്ടുഅരയ്ക്കു പിന്നില്‍ ഉടുത്തുകെട്ടില്‍ ചമ്മട്ടി തിരുകുമ്പോള്‍ ഓര്‍ത്തു :  

പണ്ട് കുരുക്ഷേത്ര യൂണിവേർസിറ്റി സ്റ്റേഡി യത്തിലെ കളിയിൽ   പാർത്ഥനെ  വെള്ളം കുടിപ്പിക്കുന്നത് കണ്ടു  ഡെസ്പടിച്ചപ്പോള്‍ തേർത്തട്ടിൽ നിന്നു ചാടി   പിതാമഹനു നേരെ  വീശിയതിന് വിവാദവും ചാനൽ ചർച്ചയും ചീത്തപ്പേരും ഉണ്ടാക്കിയ പ്രോപ്പര്‍ട്ടിയാണ്.  എന്നാലും സാരമില്ല.  കയ്യിലിരിക്കട്ടെ  ഇനിയും ആവശ്യം വരും!.

 ശംഖചക്രഗദാപത്മാദി തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ ചതുര്‍ബാഹുക്കളില്‍ യഥാവിധി ഫിറ്റാക്കി ഫോര്‍മലാവുന്നതിനിടയില്‍ സ്വരം കനപ്പിച്ചുകൊണ്ട് ഭഗവാന്‍ പറഞ്ഞു:

"ട്ടോ ശാന്തി, ഇപ്പൊ ഇവടെ നടന്നതൊക്കെ അങ്ങട് മറന്നേക്ക്യാ. ഞാനൊന്നും ചെയ്തിട്ടൂല്ല്യാ താനൊന്നും കണ്ടിട്ടൂല്ല്യാ. മനസ്സിലായോ "

"ഉവ്വ്. ന്നാലും ഒരു സംശം. ആകപ്പാടെ എളകീല്ല്യേ? തന്ത്ര്യോടെങ്കിലും പറയാണ്ടെങ്ങന്യാ! പരിഹാരകര്‍മങ്ങള് ?"

"മനസ്സിലായി!"

ഭഗവാൻ  ശാന്തിയുടെ  മൊഴി തടഞ്ഞു 

"ശുദ്ധികലശം, ദക്ഷിണ, ടിന്നെണ്ണ,, ഗാനമേള,  തിരുവമ്പാടി ശിവസുന്ദർ, പെരുവനം കുട്ടൻ മാരാർ കോലത്തിന്മേല്‍ മാല, ആയിരത്തൊന്നു ഗുണ്ട്, പ്രസാദഊട്ട്, ഇതൊക്ക്യല്ലേ നിരീച്ചത്? എന്നാ ആ വെള്ളൊക്കെ ഇയാളങ്ങട് എറക്കി വെച്ചേക്ക്വാ. ശാന്തി പേടിക്കണ്ട. അഷ്ടബന്ധത്തില് മുടിനാരിഴയ്ക്ക് വിള്ളല് കാണിക്കാതെ തന്ത്രിയെ ഞാന്‍ മാനേജ് ചെയ്തോളാം. പക്ഷെ ഒരു കാര്യണ്ട്‌. റസീറ്റ്‌ ബുക്കും കളക്ഷന്‍ ബാഗുമെടുത്ത്‌ പുറപ്പെട്ടാല്‍   ബ്രഹ്മൻസിനുപോലും തടുക്കാന്‍ പറ്റാത്ത  ആ ഗഡീസുണ്ടല്ലോ; കമ്മിറ്റിക്കാർ?  അവരെങ്ങാനും ഇതറിഞ്ഞാൽ അടുത്ത എപ്പിസോഡില് കുളംചാടുന്നത് താനായിരിക്കും ഓർമയിരിക്കട്ടെ!. സംശയങ്ങളൊക്കെ ഉടുത്ത കോടിയുടെ  കോന്തലേല്  കെട്ടിവെച്ചിട്ട്   ശാന്തി അടുത്ത   ചീട്ടെട്ക്ക്വാ!"

പാദങ്ങള്‍  ചേർത്തുവെച്ച്   അഷ്ടബന്ധമുറപ്പിച്ച് പുരുഷസൂക്തം കേള്‍ക്കാനായി ഭഗവാന്‍ അറ്റെന്‍ഷനായി......
  ............................................................................................................................    

ഫലശ്രുതി: ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ മുത്തശ്ശി തന്നെ അള്ളിപ്പിടിച്ചു ശ്രീലകത്തേക്ക്  കണ്ണിമയ്ക്കാതെ നോക്കി നിന്ന പേരക്കുട്ടിയോട്‌ ചോദിച്ചു:

"എന്തേ അപ്പ്വോ ? ഭഗവാനെ കണ്ടിട്ട് മത്യായില്ല്യെ  മോന് ?"

"മുത്തശ്ശി , ഭഗവാന്‌ ദ്വേഷ്യം വര്വോ?"

"ഏയ്‌.. എന്തേ അപ്പൂന് അങ്ങനെ തോന്നാന്‍? ഭഗവാന്‌ ദ്വേഷ്യം വര്വേ? അസ്സലായി ! ദാ കണ്ടില്ല്യേ ഭഗവാന്‍ ചിരിച്ച് പൂത്തുലഞ്ഞങ്ങനെ നിക്കണത് ! തേവരേ...ന്റെ കുട്ടിക്കൊന്നും വര്ത്തര്തേ..!"

കുട്ടി വിശ്വാസം വരാതെ  ശ്രീകോവിലിലേയ്ക്ക്  തന്നെ നോക്കി നിന്നു ....

                                                  ======