2018, ഏപ്രിൽ 9, തിങ്കളാഴ്‌ച

ആംഗികം വാചികം സാത്വികം



ആംഗികം വാചികം സാത്വികം 

രംഗചേതന നാടകോത്സവത്തിന്‍റെ സമാപന സമ്മേളനവും നാടകാവതരണവും കഴിഞ്ഞു രാത്രി സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു. പൂങ്കുന്നത്തെത്തിയപ്പോള്‍ വഴിയില്‍ നാരങ്ങ വില്‍ക്കുന്ന പെട്ടി ഓട്ടോ കണ്ടു. സീസണാണ്. മധുരനാരങ്ങക്കൊക്കെ നല്ല വിലകുറവുണ്ട്. വീട്ടിലെ സ്റ്റോക്ക് തിന്നഴിഞ്ഞിരിക്കുന്നു. കുറച്ചു വാങ്ങണം. വണ്ടി നിര്‍ത്തി ‘പെട്ടി’ക്കരികിലേക്ക് നടന്നു.

“നാരങ്ങെന്താ വെല?”

“രണ്ടു കിലോ അമ്പതുര്‍പ്പ്യേള്ളു സാര്‍. എടുക്കട്ടെ രണ്ടീലോ?”

അയാള്‍ കച്ചവടം അവസാനിപ്പിച്ചു പോകാനുള്ള തിരക്കിലാണെന്ന് മനസ്സിലായി.

“എടുത്തോളൂ. നല്ലത് വേണം ട്ടാ.”

“നല്ലതേള്ളു സാര്‍. ഇന്ന് കാലത്ത് വന്നതാ.”

നാരങ്ങക്കാരന്‍ മോശപ്പെട്ടവ എടുക്കുന്നത് തടഞ്ഞും അക്ഷമയും എതിര്‍പ്പും അവഗണിച്ചു നല്ലത് സ്വയം തെരഞ്ഞെടുത്തു കൊടുത്തും രണ്ടു കിലോ തികക്കാന്‍ ഏറെ സമയം എടുത്തു. അയാള്‍ നാരങ്ങ പ്ലാസ്റ്റിക്ക് ബാഗിലാക്കുന്ന സമയം പണം എടുക്കാന്‍ നോക്കിയപ്പോഴാണ് മനസ്സില്‍ ഇടിവെട്ടിയത്!. പേഴ്സില്ല! വൈകീട്ട് തിരക്കുപിടിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പേഴ്സ് എടുക്കാന്‍ മറന്ന കാര്യം നാട്യഗൃഹത്തിലെ ആദരണ സമ്മേളനത്തിലിരിക്കുമ്പോള്‍ വെറുതെ ഓര്‍ത്തിരുന്നു. ആ കാര്യം ഓര്‍ക്കാതെ അക്കിടിയില്‍ ചെന്നു പെട്ടിരിക്കുകയാണിപ്പോള്‍!. വല്ലാത്ത നാണക്കേടായല്ലോ!. ഇനി എന്തു ചെയ്യും! കയ്യില്‍ വേറെ കാക്കാശില്ല .പേഴ്സെടുക്കാന്‍ മറന്നു എന്നൊക്കെ ഇയാളോടെങ്ങിനെ പറയും? പറഞ്ഞാല്‍ തന്നെ പറയുന്നവനെ മൊത്തത്തിലൊന്നു കണ്ണുഴിഞ്ഞു വിലയിരുത്തിയല്ലേ അയാള്‍ പ്രതികരിക്കുക? രണ്ടു കിലോ നാരങ്ങ തൂക്കാന്‍ ചെലവഴിച്ച അധികസമയം കണക്ക് കൂട്ടി നീരസം പൂണ്ടു നില്‍ക്കുന്നവന്‍റെ സരസ്വതീസ്തവം മുക്തകണ്ഠം കേള്‍ക്കേണ്ടി വരുമെന്നതോര്‍ത്തപ്പോള്‍ മേലാകെ പൊട്ടിത്തരിച്ചു. പെട്ടെന്നൊരു നമ്പര്‍ മനസ്സില്‍ തെളിഞ്ഞു.

കാല്‍ നൂറ്റാണ്ടു കാലത്തെ അഭിനയജീവിതത്തിന് സമാദരമായി രംഗചേതന സമ്മാനിച്ച വേഷ്ടിയും ഫലകവും സ്കൂട്ടറിന്‍റെ ഡിക്കിയില്‍ ഇരിപ്പുണ്ട്. അതിന്‍റെ പ്രോത്സാഹനത്തില്‍ രണ്ടും കല്‍പ്പിച്ചങ്ങു തുടങ്ങി:

"ചതിച്ചു! പേഴ്സ് കാണാല്ല്യ!”

“അയ്യയ്യോ എന്താ പറ്റ്യേ സാറേ! പോക്കറ്റടിച്ചോ? ദേപ്പോ സാറേ? ദേവടെവെച്ച്?”

“അതൊന്ന്വറീല്ല്യ ചങ്ങാതീ! ഇപ്പഴല്ലെ അറിഞ്ഞേ! വീട്ടീന്നെറങ്ങുമ്പോ സാധനം എടുത്തിരുന്നു.”

“പാന്‍റിന്‍റെ പോക്കറ്റിലാ ഇട്ടേര്‍ന്നേ?”

“അതേ! പിന്നിലെ പോക്കറ്റില്”

“ബെസ്റ്റ്!. സാനം ഇപ്പൊ എത്തണ്ടോടത്ത് എത്തീണ്ടാവും! സാറെവടന്നാ വരണത്?”

“ഒരു സിനിമ കണ്ടു വര്വാ.” ഡയലോഗില്‍ പതിരില്ല.

“ഇനീപ്പോ എന്താ ചെയ്യ്വ? വേറെ പൈസയൊന്നും കയ്യിലില്ലിലോ. സോറീട്ടാ.... നാരങ്ങ വേണ്ട. ബുദ്ധിമുട്ടിച്ചേല് ക്ഷമിക്കണം.”

“എയ്....! അത് കൊഴപ്പല്ല്യ സാറേ. രണ്ടീലോ നാരങ്ങയല്ലേ.”

“അപ്പോ ശരി.“

“ശരി സാറേ. ഇന്നത്തെ ലാസ്റ്റ് കച്ചോടായിരുന്നു സാറിന്‍റെ. കയ്യോണ്ട്. അതിങ്ങന്യായീ! ഉം പോട്ടെ!”

കച്ചവടക്കാരന്‍ ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് പ്ലാസ്റ്റിക്ക് ബാഗ് വണ്ടിയിലേക്ക് കുടഞ്ഞു. പാവം അയാളുണ്ടോ ഈ നടനെ അറിയുന്നു!.

"പിടിച്ചു നില്‍ക്കണ്ടേ ചങ്ങാതീ! " മനസാ ഒരിക്കല്‍ക്കൂടി ക്ഷമാപണം ചെയ്തു.

വീട്ടിലെത്തി വണ്ടി സ്റ്റാന്‍റിലിട്ടിട്ടും ചമ്മല്‍ ഓഫായില്ല. ഹാന്‍ഡില്‍ ലോക്ക് ചെയ്തു ഡിക്കിയില്‍നിന്നും ഷീല്‍ഡും ഷാളുo എടുക്കുമ്പോള്‍ കണ്ടു!
ഡിക്കിയുടെ മൂലയില്‍ പേഴ്സ് കിടന്നു കൊഞ്ഞനം കുത്തുന്നു!

പ്രിസ്ക്രിപ്ഷന്‍


ജീവിച്ചിരിക്കുന്നു എന്നതിന്‍റെ പ്രമാണം ഉടലോടെ സമര്‍പ്പിച്ചു ബാങ്കില്‍നിന്നും മടങ്ങുമ്പോഴാണ് കോണിച്ചുവട്ടില്‍വെച്ചു പെന്‍ഷണറായ സുഹൃത്ത് വാസുദേവനെ കണ്ടത്.
“അ: വാസേവാ, ദെന്താദ് കൊറേ കാലായിലോ കണ്ടട്ട്!. എന്തു പറേണൂ, സുഖന്ന്യല്ലേ?.”

“ അല്ലടോ, സുഖന്നേന്ന് പറ്യാന്‍ ലേശം വെഷമണ്ട്!.”
“അയ്! അതെന്താദ്!.”
അപ്പോഴാണ് ഞാന്‍ വാസുദേവനെ ശരിക്കും ശ്രദ്ധിച്ചത്. വലിയ പ്രസാദത്തിലല്ല വദനം.
“മെഡിക്ലെയിം അയച്ചത് മടങ്ങി. പത്തുപതിനായിരം രൂവേടെ കേസാര്‍ന്നു. “
“എന്തു പറ്റീ?.”
“ അപേക്ഷയില്‍ പൊരുത്തക്കേടുണ്ടത്രേ.”
വാസുദേവന്‍ സംഭവം വിവരിച്ചു.
മൂന്നു മാസം മുമ്പ് വീട്ടില്‍ കുളിമുറിയിൽ തെന്നി  വീണു മുട്ടിന് പരിക്ക് പറ്റി.  ചികിത്സക്കായി നഗരത്തിലെ ഏറെ പ്രശസ്തിയും തിരക്കുമുള്ള ഓര്‍ത്തോപിഡീഷ്യനെയാണ് കാണിച്ചത്. അടുത്ത സുഹൃത്തും മുൻ സഹപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥന്‍ ഡോക്ട്ടറെ ഫോണില്‍ വിളിച്ച് ഏര്‍പ്പാടാക്കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൺസൾട്ടേഷൻ വേഗത്തില്‍ തരമായത്. മുറിക്കു പുറത്ത് ഊഴം കാത്തിരിക്കുന്നതിനിടയില്‍ ഡോക്ട്ടറുടെ സഹായി വാതിലിനു പുറത്തേക്ക് തലയിട്ട് ഉറക്കെ വിളിച്ചു ചോദിച്ചു.
” വാസുദേവന്‍ നമ്പൂതിരീണ്ടോ?.”

ആരും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ സഹായി ആവർത്തിച്ചു.

"വാസുദേവൻ നമ്പൂതിരി?"
ഞാനൊന്നു സംശയിച്ചു.  ഇനി എന്നെ  തന്നെയാണൊ? പക്ഷേ  നമ്പൂതിരി?  പി.എൻ.
വാസുദേവനാണ് താന്‍.  ഇതെങ്ങന്യാ ഞാനറിയാണ്ട്  പേരിൻ്റെ പിന്നില് നമ്പൂരി കേറി വന്നത്?. വന്നിരിക്കുന്ന മറ്റുള്ളവരിൽ .ഇളക്കമൊന്നും കാണാതിരുന്നതുകൊണ്ട് ഞാൻ തന്നെയാവും എന്നു നിശ്ചയിച്ച് എഴുന്നേറ്റു.
മുറിയില്‍ കടന്നപ്പോള്‍ ഡോക്‍ട്ടറും ആവര്‍ത്തിച്ചു:

“സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നു. വാസുദേവന്‍ നമ്പൂതിരി അല്ലേ. വരൂ ഇരിക്കൂ.”

അപ്പോൾ പൂണൂലിടുവിച്ചത് സിദ്ധാര്‍ത്ഥനാണ്!. ഒരുമിച്ചു ജോലി ചെയ്തിരുന്ന കാലത്തൊക്കെ അയാള്‍ തന്നെ തിരുമേനി എന്നാണ് വിളിച്ചിരുന്നതെന്നോര്‍ത്തു. അപ്പോഴൊക്കെ എന്തെങ്കിലും ആവട്ടെ എന്നു കരുതി അവഗണിച്ച വിഷയമായിരുന്നു. പക്ഷേ അതിങ്ങനെ എടങ്ങേറുണ്ടാക്കുമെന്ന് കരുതിയില്ല!.

"പരിശോധനേം നാലാഴ്ചത്തെ പ്ലാസ്റ്റര്‍, ഗുളിക, പിന്നെ ഫിസിയോ തെറാപ്പി ചികിത്സോളും കഴിഞ്ഞപ്പോ പതിനായിരത്തിച്ചില്ല്വാനം രൂവ്യായി. അതിന്‍റെ ബില്ലോളൊക്കെ വെച്ചയച്ച ക്ലെയിമാണ് മടങ്ങിയത്!."
“എന്താ റീസൺ പറഞ്ഞേക്കണത്?.”
"അപേക്ഷേലും അനുബന്ധ രേഖകളിലും  അപേക്ഷകൻ്റെ   പേരിനു വെത്യാസണ്ടത്രേ."
“എന്ന് വെച്ചാ ?.”
"അപേക്ഷേലെ വാസുദേവന്‍ അനുബന്ധങ്ങളില്‍ വാസുദേവന്‍ നമ്പൂര്യായീന്ന്!."
“അതെങ്ങനെ?.”
“ആ സിദ്ധാര്‍ത്ഥന്‍റെ പണ്യന്നെ അല്ലാണ്ടെന്താ!. അയാള് വാസുദേവന്‍ നമ്പൂരീന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഡോക്ട്ടറ് പ്രിസ്ക്രിപ്ഷനില് അങ്ങന്യന്നെഴുതി. അതിന്‍റെ ബലത്തില് ആശുപത്രി രേഖകളിലും മരുന്നിന്‍റെ ബില്ലുകളിലും ഒക്കെ നമ്പൂരി കടന്നിരുന്നു അതന്നെ!.”
“അയ് അപ്പോ വാസേവന്‍ ഇതൊന്നും നേരത്തെ നോക്കീല്ല്യേ?.”
“അങ്ങനൊരബദ്ധം പറ്റീടോ. സാധനം മടങ്ങീപ്പളാ  ഞാനും ശ്രദ്ധിച്ചത്!.”
“ഇനീപ്പോ എന്താ ചെയ്യ്വാ?.”
“ഡോക്റ്ററേം ആസ്പത്രിക്കാരേം ഫാര്‍മസിക്കാരേം ഒക്കെ കാണണം. എല്ലാറ്റിലേം നമ്പൂരിയെ  വെട്ടി നെരത്ത്യാ   രക്ഷേണ്ടോന്ന് നോക്കണം."
"അതൊന്നും ബുദ്ധിമുട്ടാവില്ല്യ വാസേവാ. ഒക്കെ ശര്യാവും."
" ന്ന് വിചാരിക്ക്യാ. അപ്പോ ന്നാ ഞാന്‍ പോട്ടെ. മസ്റ്ററീയണം. കൊര്‍ച്ച് കാശെടുക്കണം. ന്നാ പിന്നെ കാണാം."
കോണി കയറി പോകുന്നതിനിടയ്ക്ക് തിരിഞ്ഞുനിന്നുകൊണ്ട് വാസുദേവന്‍ പറഞ്ഞു
“ജാതി ചോദിക്കരുത്, പറയരുത് എന്ന പ്രബോധനത്തിൻ്റെ  കൂടെ ഗുരു  എഴുതരുത് എന്നൂടി ചേര്‍ത്തേര്‍ന്നെങ്ങെ ഈ നട്ടംതിരിച്ചലൊക്കെ ഒഴിവാക്കാര്‍ന്നു!.

പെയിന്‍ കില്ലര്‍


///////////// പെയിന്‍ കില്ലര്‍ /////////////

വലത്തെ കാല്‍മുട്ടിന് രണ്ടാഴ്ച മുമ്പ് ചെറുതായി തുടങ്ങിയ വേദനയാണ്. സംഭവം വികസിച്ച് നീരും അസഹ്യമായ കടച്ചിലുമായപ്പോള്‍ ടൌണില്‍ പോയി ഡോക്ട്ടറെ കാണേണ്ടി വന്നു. മടക്കിയും നിവര്‍ത്തിയും അമര്‍ത്തിയും തലോടിയും എക്സ്റേ നോക്കിയും കാലുപരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ട്ടർ പറഞ്ഞു:

“ജോയിന്‍റിന് സ്വാഭാവികമായ തേയ്മാനമുണ്ട്. വേദനയും കടച്ചിലും നീര്‍ക്കെട്ട് മൂലമാണ്. ഞാന്‍ രണ്ടുമൂന്ന് ഗുളികകള്‍ എഴുതുന്നു. ബ്ലഡ്ഡൊന്നു ടെസ്റ്റീയണം. റ്യൂമാറ്റോയിഡ് ഫാക്റ്റര്‍ നോക്കണം.”


പ്രിസ്ക്രിപ്ഷന്‍ എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഡോക്ട്ടര്‍ ചോദിച്ചു:

“വീട്ടില്‍ ആരൊക്കെയുണ്ട്?.”

“ഞാനും ഭാര്യയും.”

“ഓക്കെ. ഒരു കാര്യം ചെയ്യണം. രാത്രി കിടക്കുന്നതിന് മുമ്പ് ഇതില്‍ പറഞ്ഞിരിക്കുന്ന ഗ്ലിസറിന്‍ ലോഷന്‍ കാല്‍മുട്ടില്‍ കുളുർക്കെ പുരട്ടി കോട്ടണ്‍ വൂള്‍ ചുറ്റി കെട്ടണം. രാവിലെ എടുത്തു കളയാം. നീരു പോവാനാണ്. അതാദ്യം ഹോസ്പിറ്റലില്‍ ചെയ്തോളൂ. അവര്‍ ചെയ്യുന്നത് കണ്ടാല്‍ വീട്ടില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാം. ഒരാഴ്ച മുടങ്ങാതെ ചെയ്യണം കേട്ടോ. ബ്ലഡ് റിസല്‍ട്ടുമായി നാളെ വരൂ.”

ഭാര്യയുമൊത്ത് ഡോക്ട്ടര്‍ നിര്‍ദ്ദേശിച്ച ഹോസ്പിറ്റലില്‍ പിറ്റേ ദിവസം രാവിലെ എത്തി. ഡ്രെസ്സിംഗ് റൂമിന്‍റെ വാതില്‍ക്കല്‍ ചെന്നു ശങ്കിച്ചു നിന്നപ്പോള്‍ മധ്യവയസ്കനായ മെയില്‍ നേഴ്സ് (അതോ അറ്റന്‍ററോ?) ഹൃദ്യമായ പുഞ്ചിരിയോടെ അടുത്തു വന്നു സ്വാഗതം ചെയ്തു:

“വര്വോ വര്വോ. എന്തേ?.”

ഞാന്‍ പ്രിസ്ക്രിപ്ഷന്‍ നീട്ടി. അത് വാങ്ങി നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു:
“ആരക്കാ? നിങ്ങക്കാ?.”

“അതെ.”.

“ ന്നാ ദാ ഇങ്ങട് വന്നോളോ. ആരാ കൂടെ?."

"ഭാര്യയാണ്."

" എന്തേ അവടെ നിന്നേ? ങ്ങട് പോര്വോ. ഞാന്‍ ഏതാണ്ട് കാണിച്ചരാം. നോക്കി പഠിച്ചോളോ. നാളെ മൊതല് നിങ്ങളാ ചെയ്യണ്ട്. ഇവടെ ഇന്ന് മാത്രേള്ളൂ.“

പൊക്കവും നീളവും കൂടിയ മേശ എനിക്കു കാണിച്ചുതന്നുകൊണ്ട് അയാള്‍ പറഞ്ഞു:

“ ദാ ആ മേശേമേ കേറി ഇരുന്നോളോ. പത്ക്കെ!. ങ്ഹാ അങ്ങന്യന്നേ!.”

“ഇനി ആ മുണ്ടൊന്നു കേറ്റി വെക്കണം. മുട്ട് കാണട്ടെ. അയ് മുണ്ടത്രക്ക് പൊന്തിക്കണ്ട!. ഞാൻ ദോഷൊന്നും പറഞ്ഞില്ലിലോ!. ങ്ഹാ യെസ്!. അത്ര മതി. ഔ, നല്ല നീര്ണ്ട് ട്ടാ!.”

വലിയൊരു കുപ്പിയില്‍നിന്ന് കറുത്ത നിറത്തിലുള്ള ഗ്ലിസറിന്‍ ബിപിസി കുഴമ്പ് കയ്യിലൊഴിച്ച് മുട്ടിലും ചുറ്റിലും കുളുകുളാ പുരട്ടിയശേഷം രണ്ടു ചുറ്റ് പഞ്ഞിയിട്ട് കോട്ടണ്‍ ബാന്‍ഡ് എയിഡു വരിഞ്ഞ് പ്ലാസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:

“ഞാന്‍ ഇതൊന്ന് കനത്തിലൊട്ടിക്ക്ണ്ട് ട്ടാ. അല്ലെങ്ങലേയ് വീടെത്തുമ്പഴക്കും സാനഴിയും. അപ്പോ നിങ്ങള് പറയും - ഏയ് അയാളെന്തൂട്ട് പണ്യാ കാട്ടീത്! മര്യാദക്ക് കെട്ടാണ്ട്! - ന്നൊക്കെ . എന്തേ ശര്യല്ലേ ഞാന്‍ പറഞ്ഞത്?."

“അതെ.”

“ങ്ഹാ അപ്പളോ!. നല്ല മനസ്സാ. സത്യം പറഞ്ഞു!. ന്നാ ശരി. പത്ക്കെ എറങ്ങിക്കോളോ. നാളെ കാലത്ത് പ്ലാസ്റ്ററ് പത്ക്കനഴിച്ചു മാറ്റണം ട്ടാ. അല്ലങ്ങെ ജീവന്‍ പൂവും!. തിക്ക് രോമത്ത്മ്മലാ സാനം ഇരിക്കണതേയ്!.”

ഞാന്‍ മേശയില്‍നിന്നും താഴെ ഇറങ്ങി.

"അപ്പോ ചേച്ചി ഒക്കെ നോക്കി മനസ്സിലാക്കീല്ല്യേ. രണ്ടാമതൊന്നു പറഞ്ഞരണ്ടലോ?. ഇതുപോലെ ചെയ്തോളോ ട്ടാ. ന്നാ ശരി. പണം മുമ്പിലെ കൌണ്ടർലടച്ചോളോ."

നന്ദി പറഞ്ഞപ്പോള്‍ അയാള്‍ എതിര്‍ത്തു:

"എയ്!. അത് സാരല്ല്യ . അതൊക്കമ്മള്‍ടെ പണ്യല്ലേ?."

പത്തു മിനിറ്റേ ആ രസികന്‍റെ കൂടെ ചിലവഴിച്ചുള്ളു. മുട്ടിലെ വേദന പകുതി ശമിച്ചതായി തോന്നി. പുരട്ടലും കെട്ടലും എല്ലാ ദിവസവും അയാളുടെ അടുത്തുതന്നെ ആയാലോ എന്നും ചിന്തിക്കാതിരുന്നില്ല.

2018, ഏപ്രിൽ 8, ഞായറാഴ്‌ച

പ്രതീക്ഷ

                                           പ്രതീക്ഷ 


"ഹലോ."

"ബാലേട്ടാ..."

ചെന്നൈയിൽനിന്ന് ജൂനിയർ സുഹൃത്താണ് . കുറെ കാലമായി വിളിച്ചിട്ട് എന്തെങ്കിലും വിശേഷം കാണും .

"ങ്ഹാ പറേടാ." 

"ബാലേട്ടൻ ഹൈദരബാദിലാല്ലേ?."

"അതെ, എങ്ങനെ മനസ്സിലായി ?."

"ഫേസ്ബുക്കില് കണ്ടു."

"ഓ."

"എല്ലാർക്കും സുഖല്ലേ?."

"സുഖം . പിന്നെന്താ വിശേഷം?."

"വിശേഷണ്ട്  ബാലേട്ടാ,  എൻ്റെ  ബൈക്ക്  കളവു പോയി."

"അയ്യയ്യോ അതെങ്ങനെ?."

"റോഡില് വെച്ച് ഹോട്ടൽല് കേറീതാ . തിരിച്ചു വന്നപ്പോ സാനല്ല്യ!."

"പുത്യേ ബൈക്കല്ലേ?."

"പിന്നെ!. നാല് മാസായിട്ടുള്ളോ!."

"ന്നട്ട്  കംപ്ലെയിന്റീതോ?."

"ഉവ്വ് .നാലീസായി."

"എന്തെങ്കിലും വിവരം?."

"ഒന്നൂല്ല്യ . തുമ്പ് കിട്ടിയാ വിളിക്കാന്ന് പറഞ്ഞു. "

"കിട്ടിയാ ഭാഗ്യം അല്ലേ ?."

"മൂന്നു മാസം കഴിഞ്ഞാ രക്ഷപ്പെട്ടു!."

"അതെന്താദ് ?."

"അത് കഴിഞ്ഞാ  നോൺ  ട്രേസബിൾ റിപ്പോർട്ട് കിട്ടും." 

"ന്നട്ടോ ?

"അപ്പൊ  ഇന്ഷൂറൻസ് ക്ലെയിം  ചെയ്യാൻ  പറ്റും."

"അതിനു മുമ്പ് കിട്ടട്ടെ."

"വേണ്ട കിട്ടണ്ടാ ബാലേട്ടാ!. "

"എന്ത്! കിട്ടണ്ടാന്നാ!?."

"അതെ ബാലേട്ടാ ,ഇനീപ്പോ ആ വണ്ടി കിട്ടീട്ട്  കാര്യല്ല്യാ."

"അതെന്താ ?."

"ഒന്നിനും കൊള്ളാണ്ട് അതിൻ്റെ  ഷേപ് മാറീണ്ടാവും .  ഡ്രഗ് , ഗുണ്ടാ   കമ്പനികളാവും കൊണ്ട് പോയീത്. അപ്പാലോചിക്കാലോ?."

"അത് ശരി!. അപ്പൊ പോയ വണ്ടി കിട്ടരുത് അല്ലേ?."

"ഒരിക്കലും!. "











ക്ലെ

തിരിച്ചറിവ്

നാൽപ്പതു വർഷം  മുമ്പാണ് ..... 

രാത്രി ഭക്ഷണം കഴിഞ്ഞു പതിവുപോലെ  ആൽത്തറയിൽ വന്നിരുന്നതാണ് രാജു. കൂടെ കുട്ടനുമുണ്ട്.  ലൈൻ പോയതുകൊണ്ടാവാം കുറ്റാക്കൂരിരുട്ടാണ് പ്രദേശത്ത്. ഒന്ന് വലിക്കാൻ തോന്നി ബീടിക്കെട്ടെടുത്തപ്പോഴാണ് തീപ്പെട്ടിയില്ലെന്ന കാര്യം രണ്ടു പേരും ഓർത്തത് . എന്ത് ചെയ്യും?. വരട്ടെ; ആരെങ്കിലും ഇത് വഴി പോകും . അപ്പൊ  ചോദിക്കാം.

കുറച്ചു കഴിഞ്ഞപ്പോൾ   ഏതാണ്ട് മാരാത്തെ  പടിക്കലായി  ഒരു മിന്നൽ കണ്ടു.  ആരോ ബീഡി വലിച്ചു വരുന്നുണ്ട്..

"ഔ  ദേ  വന്നൂടപ്പാ ഒരു പാർട്ടി!."

രാജു ഉന്മേഷവാനായി. ബീഡിക്കനൽ ആൽത്തറക്ക് മുമ്പിലെത്തിയപ്പോൾ  മിന്നുന്നിടം ലക്ഷ്യമാക്കി രാജു ചെന്നു.

"അതേയ് ആ തീയൊന്നു തരോ.  ഇതൊന്നു കത്തിക്കാനാ."

"ഫ ചെറ്റേ!. രാത്രി നേരത്ത് വഴി പോണ പെണ്ണുങ്ങളെ  മൂപ്പിക്കാൻ നിക്കണ തെണ്ടി !."

സ്ത്രീശബ്ദം  കേട്ടപ്പോൾ രാജു ഞെട്ടിപ്പോയി. ജാനുവമ്മയാണ്. അവർ ജോലിക്കു നിൽക്കുന്ന വീട്ടിലെ പണി കഴിഞ്ഞു വരുന്നതാണ്. തൻ്റെ  അമ്മയെ കൂടാതെ നാട്ടിൽ ബീഡി വലിക്കുന്ന ഒരേയൊരു സ്ത്രീ.  വായിൽനാവിൽ ഡോക്ടറേറ്റുമുണ്ട്. 

എങ്കിലും  രാജു വിട്ടു കൊടുത്തില്ല.

"ഞാൻ എന്തൂട്ട്  മൂപ്പിച്ചൂന്നാ  നിങ്ങള് പറേണ്?. തീയ്  ചോച്ചല്ലെള്ളോ?."

" നിന്റമ്മോടു്  പോയി ചോയ്ക്കടാ തീയ്!."

" അതിനു നൂർത്തീല്ലിലോ; മോനായിപ്പോയില്ല്യേ . അല്ലെങ്ങെ ചോയ്ക്കാർന്നു  എന്റമ്മ ബീഡി വലിക്കാത്ത ആളൊന്ന്വല്ല!."

" അയ് ആരാണ്ടാ നീയ്?.  മ്മടെ മേപ്പറത്തെ കൊച്ചമ്മമ്മണ്യേച്ചീടെ  ചെക്കനാ?." 

"അതെ. രാജു."

" അ: അ:  അസ്സലായി!. ന്നാദങ്ങട് നെൻക്ക് നേർത്തെ പർഞ്ഞുട്രാ മോനെ. ചേച്ചി തരില്ല്യേ തീയ്!." 

*
*
*
*
കണ്ടോ, അത്രേള്ളൂ  കാര്യം!.  








ഉച്ചാടനം


ഉച്ചാടനം 

വിളഞ്ഞ നെല്ലില്‍ മലരു വിരിയിക്കുന്ന മേട വെയിൽ.

" ഹൌ ദെന്തൊരു ചൂടാപ്പോ ചൂട്!."

രാമൻനായർ കാലൻ കുട നിവർത്തി വലിഞ്ഞു  നടന്നു.
തേവരുടെ ആൽത്തറക്കടുത്തെത്തിയപ്പോൾ ചുട്ട വെയിലിനെ മുന്നൂറ് മില്ലി കനാൽപരുങ്ങിയിൽ മുക്കി പൂനിലാവാക്കി സിഗ്സാഗടിച്ചു നടന്നു വരുന്ന ശങ്കരനെ കണ്ടു.എന്തെങ്കിലും ഒരു ചോളാക്യം വേണ്ടേ എന്ന് കരുതി നായര്‍ സ്നേഹപുരസ്സരം ചോദിച്ചു:

"ദെന്താ ശങ്കരാ?. നല്ല ദ്ലാവ് (നിലാവ്) ല്ലേ?."

മണിപ്രവാളത്തിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന ദേഹമായിരുന്നു ശങ്കരൻ എന്നറിയാമായിരുന്നിട്ടും രാമൻ നായർക്ക് കാലദോഷംകൊണ്ട് പറ്റിയ ഒരു നാക്കു പിഴയായിരുന്നു അത്!.

"ഫ! "#*@¥¢π÷¥ മോനേ...!. നെന്‍റെ $#*@=€ ടെ #+/"*@ ലാണ്ടാ ദ്ലാവ്!. നോക്ക്യേ, മറ്റേലെ വർത്താനം പർഞ്ഞാണ്ടലാ നെന്‍റെ....."

വിരണ്ട നായര് കുട ചെരിച്ചുപിടിച്ചുകൊണ്ട് ശങ്കരന്‍റെ വാഗ്ദൃഷ്ടി ദോഷങ്ങൾക്ക് മതിൽ കെട്ടി.

പക്ഷെ പുലിവാല് പിടിച്ച നായരുടെ പരിചത്തട ശങ്കരനെ കൂടുതൽ ഉത്തേജിതനാക്കി.

അനിർഗ്ഗളമായൊഴുകിയ സാരസ്വതത്തെ നിഷാദത്തിലെത്തിച്ച് മംഗളംചൊല്ലി ആന്ദോളിതനായി ശങ്കരൻ നടന്നകന്നപ്പോൾ നിവർത്തിയ കുട നിലത്താഞ്ഞാഞ്ഞടിച്ച് തകർത്തു രാമൻ നായർ.

" പോട്ടെ...... കേട്ടേന്റെ ദോഷൊക്കിതോടെ പോട്ടെ!. ന്റെ തേവരേ കാത്ത് രക്ഷിക്ക്വാ!."
:

ശർക്കരാഹരണം

ശർക്കരാഹരണം 


ശർക്കര ഒരു വീക്ക്നസ്സായിരുന്ന ചെറു ബാല്യം. വീട്ടിലെ സംഭരണിയിൽ നിന്നുള്ള ഇസ്ക്കലിൽ പൊറുതി മുട്ടിയപ്പോൾ അമ്മ കലവറ പൂട്ടി താക്കോൽ മടിത്തുമ്പിൽ കെട്ടിനടക്കാൻ തുടങ്ങി. ദാരിദ്രം സഹിക്ക വയ്യാതായപ്പോൾ പുതിയ ഉപായങ്ങൾക്കു വേണ്ടി തല പുകയേണ്ടി വന്നു. ആവശ്യമാണല്ലോ ആവിഷ്ക്കാരങ്ങളുടെ തള്ള. ആവിഷ്കരിക്കുക തന്നെ ചെയ്തു.
കൊച്ചേവസ്യാപ്ളേടെ പാണ്ട്യാലയിൽ നിന്നും എഴുതി തയ്യാറാക്കിയ ലിസ്റ്റു പ്രകാരം പലവ്യഞ്ജനങ്ങൾ വാങ്ങിക്കൊണ്ടു വരുന്ന ജോലി ചന്നരന്റേതായിരുന്നു. സാധനങ്ങളുമായി മടങ്ങുമ്പോൾ പാണ്ട്യാലയിൽ നിന്നും പൊതിഞ്ഞു തരുന്ന കൂർത്ത കടലാസു പൊതിയിൽ നിന്ന് കെട്ടഴിച്ച് സ്വന്തം ആവശ്യത്തിനുള്ള ബെല്ലങ്ങൾ എണ്ണിയെടുത്ത്  തിരിച്ചു കെട്ടി വീട്ടിൽ എത്തിക്കും. പക്ഷെ പാണ്ട്യാലപ്പൊതിയുടെ സൌന്ദര്യശാസ്ത്രത്തിൽ  വിശാരദ യായിരുന്ന അമ്മക്ക് കടയിൽ നിന്നും വീട്ടിലേക്കുള്ള ചരക്കുനീക്കത്തിനിടയിൽ പൊതിയിൽ നടക്കുന്ന തിരിമറി കണ്ടു പിടിക്കാൻ വിഷമമുണ്ടായിരുന്നില്ല. പുളിവാറൽ പഴുപ്പിക്കലും മധുരമില്ലാക്കാപ്പി കുടിപ്പിക്കലുമായി ആ വഴിയും അടഞ്ഞപ്പോഴാണ് സുരക്ഷിതമായ മറ്റൊരു മാർഗം കണ്ടു പിടിച്ചത്.


കടയിൽ തൂക്കം പിടിച്ച് പൊതി  മൂട്ടുന്നതിന് മുമ്പെ വേണ്ടത്ര ബെല്ലമെടുത്ത് വള്ളി ട്രൗസറിന്റെ കീശയിലിടുക എന്നതായിരുന്നു വിദ്യ. ശേഷം ദേവസ്യാപ്ലയുടെ കരവിരുതിൽ സംശയത്തിനിട നൽകാത്ത വിധം പൊതിയുടെ കെട്ടും മട്ടും ഭദ്രമായിരിക്കും!.
കൊച്ചേവസ്യാപ്ല ആദ്യമൊക്കെ എതിർപ്പു പ്രകടിപ്പിച്ചു.

"ക്ടാവേ, തളള അറിഞ്ഞാ ദേവസ്സിക്കാവും കുറ്റം ട്ടാ!"

എങ്കിലും ക്ടാവിന്റെ  കണ്ണിലെ ദൈന്യവും ചുണ്ടുകളിലെ വരൾച്ചയും കണ്ട് മനസ്സലിഞ്ഞ അദ്ദേഹം എന്നെന്നും ഗുഢവൃത്തിയിൽ സഹകരിച്ചു പോന്നു.

പക്ഷേ ശർക്കരപ്പൊതി മലർത്തിപ്പിടിച്ച ഉള്ളം കയ്യിൽ വെച്ച് മൂന്നുവട്ടം മേൽകീഴുയർത്തി തൂക്കത്തിൽ വരുന്ന കുറവ് കണ്ടു പിടിക്കുന്ന ഊഹ വിദ്യയിൽ അമ്മ കൃതഹസ്തയായിരുന്നു. കുറെ നാൾ സംശയത്തിന്റെ ആനുകൂല്യത്തിന്മേൽ രക്ഷപ്പെട്ടുവെങ്കിലും ഒരു ദിവസം അതു സംഭവിക്കുക തന്നെ ചെയ്തു!.

പൊതി പതിവിൻപടി കയ്യിൽ വെച്ച് അമ്മ മനത്തൂക്കം തൂക്കി. കാര്യമായ കുറവുണ്ട് !. പക്ഷെ പൊതി സൌന്ദര്യം നഷ്ടപ്പെടാത്ത നിലയിൽ ഭദ്രമാണ്. ചന്നരന്റെ കൈക്രിയ നടന്നിട്ടില്ല എന്നു വ്യക്തം.

പിന്നെ?.

അമ്മയുടെ സംശയത്തിന്റെ സൂചിമുന ദേവസ്യാപ്ലയിലേക്കു തന്നെ നീണ്ടു. നാലോ അഞ്ചോ ബെല്ലത്തിന്റെ കൃത്യമായ അഭാവം എന്ന കേസുമായി മേൽമുണ്ടിട്ട് അമ്മ കടയിലേക്ക് പോയപ്പോൾ തട്ടകത്തിലെ തേവരുൾപ്പെടെ പരിചയവൃന്ദത്തിലുള്ള അര ഡസൻ ദൈവങ്ങളേയും കൊച്ചേവസ്യാപ്ലയേയും വിളിച്ചു മനസ്സുരുക്കി. ഫലമുണ്ടായില്ല!.

ദൈവങ്ങളുടെ കണ്ണടച്ചുള്ള അപ്പീൽ നിരാസവും അളമുട്ടിയപ്പോൾ 
കൊച്ചേവസ്യാപ്ല നടത്തിയ വെളിപ്പെടുത്തലുമായപ്പോൾ കുംഭകോണം പരസ്യമായി!.

"ന്നെ ദേവസ്സീടെ മുമ്പില് നാണം കെട്ത്തീല്ല്യേവൻ, ഇട്ത്തോ  ആ അശ്രീകരം!?."

വിവാദ ശർക്കര പൊതിയും ഉമ്മറത്തു നിന്നിരുന്ന ചെമ്പരത്തിയുടെ വലിയൊരു കമ്പുമായാണ് അമ്മ തിരിച്ചു വീട്ടിൽ കയറിയത് !.

കുട്ടനും ഫുൾടോസും


 കുട്ടനും ഫുൾടോസും 


ജോഹാനസ് ബർഗ് ടി.20. 

പതിനെട്ടാമത്തെ ഓവറിൽ ക്രിസ് മോറിസിന്റെ ഒരു യോർക്കർ ലെങ്ങ്ത്ത് പന്ത് ഹാർദിക് പാണ്ഡ്യ ഭംഗിയായി ലോങ്ങ് ലെഗ് ബൗണ്ടറിലേക്ക് പായിച്ചത് കണ്ടപ്പോൾ കുട്ടനെ ഓർമ്മ വന്നു.


ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയത്തിനു ശേഷം നാട്ടിൽ ക്രിക്കറ്റ് ജ്വരം പടർന്നു പിടിച്ച എൺപതുകൾ. ഇടതു കയ്യനായ കുട്ടൻ തെങ്ങിൻപട്ട വീശി അമ്പലപ്പറമ്പിൽ ബൗളർമാരെയെല്ലാം അടിച്ചു പരത്തുമായിരുന്നു. കുട്ടൻ അടിക്കും തോറും ബൗളർമാർക്ക് വാശി കൂടി. എല്ലാവർക്കും ഒരൊറ്റ ലക്ഷ്യം; കുട്ടന്റെ കുറ്റി തെറിപ്പിക്കണം. ഉന്നം പിടിച്ച് നടുക്കുറ്റി നോക്കി ഫുൾ ടോസ് എറിയലാണ് ബൗളിങ്ങ് എന്നു ധരിച്ചിരുന്ന ഇന്നസന്റ് തുടക്കക്കാരാണ് എല്ലാവരും. കുട്ടന് ഇതിൽ പരം സന്തോഷം വേറെയില്ല!.

കാലം നീങ്ങി. തെങ്ങിൻ പട്ടത്തണ്ടും കോർക്ക് ബോളും വില്ലോയ്ക്കും സ്റ്റിച്ച് ബോളിനും വഴിമാറി. ടീവി കണ്ടും കളിച്ചും കൂട്ടുകാരുടെ ബൌളിങ്ങിന് ലൈനും ലെങ്ങ്ത്തും കിട്ടിത്തുടങ്ങിയപ്പോൾ കുട്ടനെ പിന്നെ കളിക്കളത്തിൽ കാണാതായി.

ഒരു നാൾ വിളക്കുംകാൽ കവലയിൽ വെച്ച് കുട്ടനെ കണ്ടപ്പോൾ ചോദിച്ചു:

" അയ് കുട്ടാ, പ്പൊ കളിക്കാനൊന്നും കാണാറില്ലിലോ?. ദെന്തേ?."

" ഏയ് ഒന്നൂല്ല്യാ ബാൽന്ദ്രേട്ടാ; ഒരു സുഖോല്ല്യ പ്പൊ കളിക്കാൻ!"

" അയ് അതെന്താ സുഖല്ല്യാന്ന്?."

"എല്ലാരടേം  പന്തോള്  കുത്തിത്തൊടങ്ങീന്നേയ്!."

" പന്ത് കുത്തിത്തൊടങ്ങീന്നാ?. എന്താദ്; മൻസിലായില്യ."

" പന്തേയ് നെലത്ത് കുത്ത്യാ പിന്നെ അടിക്കാൻ ഒരെയിമില്യ ബാൽന്ദ്രേട്ടാ! നെലത്ത് കുത്താണ്ട് നേരിട്ട് കുറ്റീമിലിക്ക് വരണ പന്തിനെന്താ പറ്യാ?."

" ഫുൾ ടോസ്."

"അതന്നെ ഫുൾ ടോസ്!. ഫുൾ ടോസ് കിട്ട്യാ ചുട്ട പെട പെടക്കാം. ഇതെന്തൂട്ട്; സകല പന്തോളും കുത്തിപ്പൊന്തി എടത്തും വലത്തും പൂവാന്നേയ്!.

സമ്മർദ്ദങ്ങൾക്കു വഴങ്ങി തിരിച്ചു വന്നപ്പോൾ കുട്ടൻ ബൌളിങ്ങ് തെരഞ്ഞെടുത്ത് ഇടങ്കയ്യൻ ഓപ്പണറായി പന്ത് കുത്തിപ്പൊന്തിച്ചും ഇടം വലം തിരിച്ചുവിട്ടും തിളങ്ങി.