2014, ജനുവരി 29, ബുധനാഴ്‌ച

കോന്ത





കോന്ത 

ചെല്ലപ്പേരിനൊരു   ചാരുതയുണ്ട്. ചൊല്ലുന്നവര്‍ക്കും പേരിന്നുടമയ്ക്കും  മാത്രം അനുഭവവേദ്യമാകുന്ന ഒരു കുളിര്!. പക്ഷെ  വലിയൊരു പരിമിതിയുമുണ്ട് . സ്ഥലകാലവിവേകമില്ലാതെ  പ്രയോഗിച്ചാല്‍     ചാരുത    പൂതനയായി ഇളകിയാടും കുളിരു   മൂത്ത്  കാട്ടുതീയാകും!

അമ്പതു വർഷം മുൻപുനടന്ന കാര്യമാണ്. കഥയിലെ നായിക ഈയുള്ളവന്‍റെ സഹോദരി. നായകനില്ലാത്ത കഥയില്‍ പക്ഷെ  പ്രതിനായകനുണ്ട്. അച്ഛൻ .!

ടോണ്‍സിലൈറ്റിസ് അസുഖത്തിനു ഡോക്റ്ററെ കാണിക്കാനായി
പതിനെട്ടുകാരിയായ ചേച്ചിയെയുംകൂട്ടി ഒരു നാൾ അച്ഛൻ പട്ടണത്തിലേക്ക് പോയി. നല്ല തിരക്കുള്ള ബസ്സ്‌. ജില്ലാ ആശുപത്രി  സ്റ്റോപ്പിലെത്തിയപ്പോൾ അച്ഛൻ മുന്നേ ഇറങ്ങി. തിങ്ങി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ തിക്കിത്തിരക്കി  അച്ഛന്‍റെ വേഗത്തോടു സമരസപ്പെട്ട്‌ ബസ്സിൽനിന്ന് ഒപ്പം ഇറങ്ങാൻ നോക്കിയെങ്കിലും ചേച്ചിക്കതിനു  കഴിഞ്ഞില്ല.

"ആരാ ജില്ലാസ്പത്രി ഏറങ്ങാള്ള് ! ജില്ലാസ്പത്രി, ജില്ലാസ്പത്രീ ...!" 

 കിളി അനുഷ്ഠാനപരമായ കൃത്യതയോടെ  മൂന്നു വട്ടം  കൂകിയിട്ടും ചേച്ചി ഇറങ്ങി വരാത്തതു  കണ്ടു വെപ്രാളപ്പെട്ട  അച്ഛൻ ഉറക്കെ വിളിച്ചു. 

"കോന്തേ , കോന്തേ !"

ഏതാണ്ട് വാതില്‍ക്കലെത്തിയതായിരുന്ന  ചേച്ചി ആ വിളി കേട്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നിടത്തു നിന്നു പോയി!. പതിനെട്ടു വയസ്സ്, രണ്ടായി മെടഞ്ഞിട്ട ട്രെൻഡി ഹെയർ സ്റ്റൈൽ, ബീയെസ്സി രണ്ടാം വർഷം , സെന്മേരീസ് കോളേജ് എന്നൊക്കെ പുളകിതയായി അച്ഛന്‍റെ പുറകിൽ  അന്നനടയ്ക്കു തയ്യാറെടുത്തു നിന്നപ്പോൾ കിട്ടിയ പ്രഹരം ചേച്ചിയെ തളർത്തിക്കളഞ്ഞു.  പ്രതീക്ഷിക്കാത്തതായിരുന്നു പൊതുവേദിയില്‍ വെച്ചുള്ള ഈ താരാട്ട്. വല്ലപ്പോഴുമൊരിക്കൽ സേവിക്കുന്ന രണ്ടു ഗ്ലാസ്‌ അന്തിക്കള്ളിന്‍റെ പുന്നാരത്തിലും കുടുംബത്തിന്‍റെ സ്വകാര്യതയിലുമല്ലാതെ അച്ഛൻ ഒരിക്കലും ശാന്തയെ കോന്തയാക്കാറില്ല . പിന്നെയിപ്പോൾ ?

"ആരാ കോന്ത ? കോന്ത....കോന്താ! നേരം പോണൂ....നേരം പോണൂ... കോന്തെവട്യാ ? കോന്തച്ചേച്ച്യേയ് ഒന്ന് വേഗെറങ്ങ്യെ !.  ദേ  അച്ഛൻ വിളിക്കുണൂ! "

അച്ഛനും കിളിയും  കണ്ടക്ട്ടറും ചേർന്നുള്ള കോറസ്സും അനുസാരിയായി ബസ്സിനുള്ളിലുയർന്ന കൂട്ടച്ചിരിയും എല്ലാം ചേര്‍ന്നപ്പോള്‍  ചേച്ചിക്കു സർപ്പദംശനത്തിനു മേൽ ഇടിവെട്ടുമായി! ഇനിയെങ്ങിനെ പുറത്തിറങ്ങും എന്ന പ്രതിസന്ധിയിൽ ചുമന്നുപുകഞ്ഞു നിന്നപ്പോള്‍  " തോളിൽ കിടക്കുന്ന രണ്ടാംമുണ്ടിങ്ങോട്ട് എറിഞ്ഞു തരൂ അച്ഛാ; ഞാൻ മുഖം മറയ്ക്കട്ടെ! എന്നിട്ടിറങ്ങാം " എന്നുറക്കെ വിളിച്ചു പറയാൻ തോന്നി എന്നാണ് സംഭവത്തെക്കുറിച്ച് പിന്നീടു പലവട്ടം നടന്ന അനുസ്മരണയോഗങ്ങളിൽ വെച്ച് ചേച്ചി പറഞ്ഞത് !.

വൈദ്യപരിശോധന കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍  
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു പൈതൃകമായി കുടുംബത്തില്‍ എർപ്പെടുത്തിയിരുന്ന വിലക്കുളെല്ലാം തകർത്തെറിഞ്ഞ് ചേച്ചി ദാരികവധം പടയണി കളിച്ചെന്നും അതുകണ്ട് തലയറുത്തു ക്രോധം തുള്ളിനില്‍ക്കുന്ന കാളിയെ ശാന്തമാക്കാൻ നെഞ്ചുവിരിച്ചു ഭൂമിയിൽ മലർന്നു കിടന്ന ശിവനെപ്പോല്‍ തലയിൽ കൈവെച്ച് അച്ഛന്‍ ഇരുന്നുപോയെന്നുമാണ് ചരിത്രം. 


കാളിനാടകം കണ്ട നടുക്കത്തിൽ   എടുത്ത ലാന്‍ഡ്‌ മാർക്ക്‌ തീരുമാനമായിരിക്കാം; അച്ഛൻ പിന്നീട് ചേച്ചിയെ കോന്ത എന്നു വിളിച്ചിട്ടില്ല. സംഭവത്തിനു മുൻപും പിൻപും എന്ന മട്ടിൽ അച്ഛന്‍റെ സ്വഭാവചരിത്രം വർഗ്ഗീകരിക്കുന്നതിന് അതു വഴിതെളിക്കുകയും ചെയ്തു. 


അപരാഹ്നം


ആർക്കും ഒന്നിനും വേണ്ടി  കാത്തുനില്‍ക്കാതെ അവിരാമം കടന്നു പോയ കാലം. അവശതകളും ഒടുങ്ങാത്ത ആവലാതികളും   മരണഭീതിയുമായി വാർദ്ധക്യം അച്ഛനെ  അവേശിച്ച നാളുകൾ. 


ഒരു മധ്യവേനൽ അവധിക്കാലം.


തൃശ്ശൂരില്‍തന്നെയെങ്കിലും വളരെ   അകലെയുള്ള   ഗ്രാമത്തിലെ ഹൈസ്കൂളിൽ അദ്ധ്യാപികയായിരുന്ന ചേച്ചി മാസാന്ത്യ സന്ദർശനത്തിനായി ഒരുനാൾ വീട്ടിൽവന്നു. വിശേഷം പറച്ചിലുകളും  സാന്ത്വനങ്ങളും ഉച്ചഭക്ഷണവും മയക്കവും കഴിഞ്ഞു  നേരം സായാഹ്നത്തോടടുത്തു. യാത്ര പറയാൻ ചെന്ന ചേച്ചിയെ അച്ഛൻ  വിളിച്ചു കട്ടിലിന്‍റെ തലയ്ക്കല്‍ ഇരുത്തി. അമ്മയും ഭാര്യയും മകനുമൊത്ത് ഞാൻ ഇറയത്തു നിന്നു. അച്ഛനോടു യാത്ര പറഞ്ഞു ജലാർദ്രമായ മിഴികളിലൂടെ പുഞ്ചിരിച്ചുകൊണ്ട് ചേച്ചി പുറത്തു വന്നു. 


"എന്തേ  മോളേ ? എന്തേ  അച്ഛൻ  പറഞ്ഞേ ?" അമ്മ  ചോദിച്ചു.


"ഒന്നൂല്ല്യമ്മേ. ഇക്കിനി അധികല്ല്യാ; മോള് എടക്കൊക്കെ വരണന്ന് പറയ്വാർന്നു അച്ഛൻ."


മുണ്ടിന്‍റെ കോന്തലകൊണ്ടു കണ്ണീരൊപ്പിനിന്ന അമ്മയുടെ  ചുമലിൽ കൈ വെച്ചുകൊണ്ട് ഗദ്ഗദം ഇടമുറിച്ച വാക്കുകളിൽ ചേച്ചി തുടർന്നു :


'എനിക്കിന്ന്....വല്ല്യേ...സന്തോഷായി! അച്ഛൻ....
അച്ഛൻ.....ന്നെ.....കോന്തേന്നാ വിളിച്ചേ !"

തൊടിയിലുണ്ടായ മാങ്ങയും മുരിങ്ങക്കായും മുതിർന്ന ഒരിടിയൻ ചക്കയും നിറച്ച്  അമ്മ ഏൽപ്പിച്ച പെരുംകായസ്സഞ്ചി തൂക്കിപ്പിടിച്ച് സാരിത്തുമ്പുകൊണ്ടു കണ്ണീരൊപ്പി പടിയിറങ്ങിപ്പോയ ചേച്ചിയെ നോക്കി ഞങ്ങൾ നിന്നു....





   @@@@@@@@@@@ 




2014, ജനുവരി 16, വ്യാഴാഴ്‌ച

അഭിമാനം

അഭിമാനം 

തൃശ്ശൂർ ശക്തൻ ബസ്  സ്റ്റാന്റ് . രാവിലെ ഏഴു മണി.

മുനിസിപ്പൽ സ്റ്റാന്റിൽനിന്നും ഓട്ടോയിൽ വന്നിറങ്ങി തൃപ്രയാർ ഭാഗത്തേക്കുള്ള വണ്ടി നോക്കി നടക്കുമ്പോൾ കിഴക്കേ അറ്റത്ത് സ്ടാര്‍ട്ടായി നിൽക്കുന്ന ബസ്സ്‌ കണ്ടു. ഫുട്ബോഡിൽ നിന്നുകൊണ്ട് കണ്ടക്റ്റർ വിളിച്ചു പറഞ്ഞു :

"അവടെ...തൃപ്രയാര്‍, പ്രയാര്‍,പ്രയാർ ....വരോ  വരോ വരോ ...."

ബസ്സിൽ നോക്കിയപ്പോൾ അഞ്ചെട്ട് ആളുകളേയുള്ളൂ . അടുത്തെങ്ങാനും പോകുമോ എന്നു സംശയിച്ചു നിന്നപ്പോൾ  കണ്ടക്റ്റർ വിളിച്ചു .

"ചേട്ടാ എവടയ്ക്കാ ?"

"തൃപ്രയാർ ."

"കേറ്  ചേട്ടാ പുവ്വാറായി. അവടെ തൃപ്രയാർ , പ്രയാർ , പ്രയാര്‍.."

സമാധാനം. വേഗം കയറി  സംവരണമില്ലാ സീറ്റ് നോക്കി  ഇരുന്നു. 

രണ്ടു മിനിറ്റു കഴിഞ്ഞു കാണും മധ്യവയസ്കരായ  രണ്ടു പേർ, ദമ്പതികളായിരിക്കണം, കയറി തൊട്ടു മുന്നിലെ  ഒഴിഞ്ഞ സീറ്റിൽ ഇരുന്നു. ബസ്സിനു ചുറ്റും നടന്ന്  ഉഗ്രതരമായി നാല് റൌണ്ട് തൃപ്രയാറ്റിച്ച ശേഷം ഉള്ളില്‍ കയറി പിരിവു തുടങ്ങിയ കണ്ടക്റ്റർ മുന്നിലെ സീറ്റിൽ എത്തി പണത്തിനു കൈ നീട്ടിയപ്പോൾ  മധ്യവയസ്കൻ ചോദിച്ചു :

"എപ്പളാ  പുവ്വാ ?"

"ദേ  പുവ്വായി . എവടക്കാ?."

" രണ്ട് തൃപ്രയാറ് "

കയറിയവരുടെയൊക്കെ പിരിവു കഴിഞ്ഞ് കണ്ടക്റ്റർ പുറത്തിറങ്ങി വീണ്ടും ഉച്ചഭാഷിച്ചു: 

"അവടേ...തൃപ്രയാർ ,പ്രയാർ, പ്രയാര്‍...വരോ വരോ .."

മിനിട്ടുകൾ കഴിഞ്ഞിട്ടും വണ്ടി പുറപ്പെടുന്നില്ലെന്നു  കണ്ടപ്പോൾ അക്ഷമനായ  മധ്യവയസ്കൻ  വിളിച്ചു ചോദിച്ചു:

"അതേയ്  മാഷേ , വണ്ടീട്ക്കാനുള്ള പരിപാടി വല്ലതൂണ്ടോ ?"

"ഇപ്പ പൂവും ."

"എപ്പോ ?"

"ഏഴര. തൃപ്രയാർ ,പ്രയാർ, പ്രയാർ . "

"വണ്ടീല് കേറുമ്പഴും കാശു വാങ്ങുമ്പഴും ഇയാളിത്  പറഞ്ഞില്ലിലോ?"

"എഴര്യാ സമയം. ചേർപ്പ്‌ , പഴൂല് , പ്രയാർ ,പ്രയാർ ,പ്രയാർ . അവടേ, വരോ വരോ വരോ "

"അത് ശരി . ആളെ സൂപ്പാക്ക്വാല്ലേ ."

"തൃപ്രയാർ ,പ്രയാർ ,പ്രയാർ.."

ബസ്സ്  മുരണ്ടുകൊണ്ടേയിരുന്നു. വണ്ടി പോകുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ ദമ്പതികൾ ബസ്സിൽനിന്നും ഇറങ്ങി കണ്ടക്റ്ററുടെ  അടുത്തു ചെന്നു.

" അതേയ് മ്മള് പുവ്വാ .  താൻ വണ്ടി ഇങ്ങനെ മെളകരച്ചിരുന്നൊ . വേറെ വണ്ടീണ്ടോന്ന് നമ്മള് നോക്കട്ടെ. ആളെ പറ്റിക്കണ  ഒരോരോ എടവാട് !. "

" ചേട്ടാ സമയത്തിനല്ലെ വണ്ടിട്ക്കാൻ പറ്റുള്ളോ!" 

" തന്റെ സൗകര്യം നോക്കി ഇരിക്കാൻ  മനസ്സില്ല്യ . മ്മള്  പോവ്വാ ."

"ശരി ചേട്ടൻ എന്താ വേണ്ടേച്ചാ ചെയ്യ്‌ . ന്നാ ചേട്ടന്റെ കാശ്  പിടിച്ചേ ..ശല്ല്യം ."

"ശല്ല്യാ ? നീയല്ലടാ ശല്ല്യം ചെയ്തേ . ഇപ്പ പൂവും ഇപ്പ പൂവും ന്നൊക്കെ പറഞ്ഞു പറ്റിച്ച് ബസ്സില്    കേറ്റീട്ട് കയ്യിലെ കാശും വാങ്ങി ആളോളെ  കയറില്ല്യാണ്ട് കെട്ടീട്വാ !"

"ചേട്ടനിപ്പോ ന്താ വേണ്ട് ? തൃപ്രയാറ്   പോണംന്ന്ണ്ടെങ്ങെ തൊളളപൊളിക്കാണ്ട്  ചെന്ന്  ബസ്സില്  കേറ് . അല്ലെങ്ങെ ദാ ചേട്ടന്റെ  നൊട്ട അങ്ങട്  പിടിച്ചേ.." 

കണ്ടക്റ്റർ  കുറച്ചു ചില്ലറയെടുത്ത് നീട്ടി. 

ഉടനെ  "നൊട്ട്യാ ...! ഡാ ..നോക്ക്യേ ..." എന്നും  പറഞ്ഞ് ഇടംകാൽപൊക്കി മുണ്ടിന്റെ അറ്റം കയ്യിലെടുത്തു വളച്ചുകുത്തി എന്തിനോ തയ്യാറായ   മധ്യവയസ്കനെ കണ്ടപ്പോൾ  അതുവരെ ബാഗ് കക്ഷത്തു വെച്ച് നിസ്സാരഭാവത്തിൽ ബസ്സും  ചാരി നിന്നിരുന്ന കണ്ടക്റ്റർ  ഒരു സീൻ പ്രതീക്ഷിച്ചു നിവർന്നു  നിന്നു.  ബസ്സിലുള്ളവരെല്ലാം ഉൽക്കണ്ഠയോടെ നോക്കി നിൽക്കുമ്പോൾ മധ്യവയസ്ക്കൻ മുഖം കോക്രി കാട്ടികൊണ്ട് പറഞ്ഞു:

"ഇന്യെന്റെ പട്ടി വാങ്ങും അത്‌ . ആ നൊട്ട നിയ്യ് കൊണ്ട് പോയി പുഴുങ്ങി തിന്ന്  . വാടീങ്ങട് .!"

ഭാര്യയുടെ കൈ പിടിച്ചു വലിച്ച് മറ്റു ബസ്സുകളുടെ നെറ്റിയിലെ വഴിപ്പേരുകൾ വായിച്ചു ധൃതിയിൽ നടന്നകലുന്ന  അയാളെ  നോക്കി "ദെന്തൂട്ട് സാധനാണ്ട്രപ്പാ ദ് തന്ന കാശുംകൂടി വാങ്ങാണ്ട് !" എന്ന മട്ടിൽ നീട്ടിയ പണവും തുറന്ന വായുമായി നിന്ന കണ്ടക്ട്ടറോട് ഡ്രൈവർ വിളിച്ചു പറഞ്ഞു. 

" ഡാ സുനിലേ , ആ  കാശ്  ഇങ്ങട്  കൊണ്ടന്നേ . "

"ദെന്തിനാ  ജോസേട്ടാ ?"

" നീയിങ്ങട്  കൊണ്ട്ര .  കാര്യണ്ട്‌ ."

കണ്ടക്റ്റർ പണം നീട്ടി. ചില്ലറത്തുട്ടുകൾ വലംകയ്യിൽ  ചുരുട്ടിപ്പിടിച്ച്    സ്റ്റിയറിങ്ങ് വീലിൽ മൂന്നു തവണ ഉഴിഞ്ഞു തിരിച്ചു കൊടുക്കുമ്പോൾ   ഡ്രൈവർ പറഞ്ഞു :

" ഇതേയ് മ്മക്ക് വേണ്ട.  ബാഗിലിട്ട്  കൂട്ടിക്കലർത്താണ്ട് പോക്കറ്റിലിട്‌ .  നോക്ക്യേ , പടിഞ്ഞാറെ നടേലെത്തുമ്പൊ ഭണ്ഡാരത്തിലിടാൻ മറക്കണ്ട ട്ടാ  . പണ്ടാറടങ്ങീട്ട്  പ്രാക്ക് തട്ടാണ്ടിരിക്കാനാ!."






2014, ജനുവരി 2, വ്യാഴാഴ്‌ച

'മോണ്‍സ്റ്റർ'

 'മോ 'മോണ്‍സ്റ്റർ' ണ്‍സ്റ്റർ' 


തന്‍റെ ഫേവറിറ്റ് എഴുത്തുകാരനായ  വീക്കേയെന്‍റെ കഥകളിലെ  ചിന്നപ്പയ്യന്മാർ  'മോണ്‍സ്റ്റർ' എന്നറിയപ്പെടുന്നതിന്‍റെ ഗുട്ടൻസ്  പിടികിട്ടാതെ നടന്ന കണ്‍ഫ്യൂഷിയൻ കാലഘട്ടത്തിലൊരിക്കൽ ദിവാകരൻ മാഷക്ക് ഒരു കല്ല്യാണാലോചന വന്നു. മാഷും ചാര്‍ച്ചക്കാരും ചെന്നു പെണ്ണിനെ  കണ്ടു ബോധിച്ചശേഷം കീഴ്വഴക്കമനുസരിച്ച് ചെക്കൻകാണലിനായി പെണ്ണിന്‍റെ ആള്‍ക്കാര്‍ മാഷുടെ വീട്ടിൽ എത്തിയ ദിവസം. നന്നേ ചെറിയ ഒരു വീടായിരുന്നു മാഷുടേത്. വന്നു കയറിയ ഒരു ഡസനോളം വരുന്ന അതിഥികളെ എണ്ണിച്ചുട്ടെടുത്ത രണ്ടു കസേരകളിലും തിണ്ണയിലുമായി ഒരവിധത്തിൽ ഇറയത്ത്‌ കുടിയിരുത്തി. 

കാലാവസ്ഥ, കാവിലെ വേല, സിമന്‍റ് വില, ഇത്യാദി സ്റ്റോക്ക്‌ വിഷയങ്ങളും അച്ചപ്പം, കുഴലപ്പം, മിക്സ്ചർ, പാളേങ്കോടൻ  ഉപചാരങ്ങളും കടന്ന് ഉച്ചകോടി യഥാർത്ഥ വിഷയത്തിലേക്ക് സംക്രമിക്കുമ്പോഴാണ് അതുണ്ടായത്. അതിഥികൾക്കു കണ്ടു കുളിർക്കാൻ പാകത്തിൽ  ഉമ്മറച്ചുമരും ചാരി ഭവ്യതയോടെ നില്‍ക്കുകയായിരുന്നു മാഷ്. തൊട്ടു മുൻപ് താൻ ഒരച്ചപ്പം എടുത്തു കയ്യിൽ  കൊടുത്തു പുന്നാരിച്ചതിന്‍റെ ബന്ധത്തിൽ  വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു നാലു വയസ്സുകാരൻ മാഷുടെ അടുത്തു കൂടി. തൊട്ടും തോണ്ടിയും അച്ചപ്പം കടിച്ചു തെറിപ്പിച്ചും ഇളിച്ചും മാഷുടെ മുഖത്തു തന്നെ നോക്കി നിന്ന കുട്ടിയുടെ ഓമനത്തമുള്ള മുഖം താടി തൊട്ടുയർത്തി  'ന്താ മിടുക്കന്‍റെ പേര് ?" എന്നു  ചോദിച്ചതും മാഷുടെ പോളിസ്റ്റര്‍ ഡബിൾ  മുണ്ട് ചെക്കൻ  പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. മടിക്കുത്തഴിഞ്ഞു ഊർന്നുപോയ മുണ്ട് ഒരു കൈകൊണ്ടും കുട്ടിയുടെ കൈകൾ മറ്റേ കൈകൊണ്ടും പിടിച്ചു പ്രതിരോധത്തിൽ ഊന്നി നിന്ന  മാഷ് അതിഥികളെ ദൈന്യതയോടെ നോക്കി .

"മുണ്ട് വിട്വോ മോനെ. മോന് മാമൻ പഴം തരാം " എന്ന് കാതില്‍ അടക്കം പറഞ്ഞ് അനുനയിപ്പിക്കാൻ നോക്കിയപ്പോൾ  കണ്ടേ തീരൂ എന്ന മട്ടിൽ  കുട്ടി ശ്രമം ഊർജിതമാക്കി. ഇതൊന്നും  ശ്രദ്ധിക്കാതെ ' മുന്നോട്ടുള്ള കാര്യങ്ങൾ' ചർച്ച ചെയ്തു മുന്നേറുകയാണ് അതിഥികളും വീട്ടുകാരും. കുട്ടിക്കരങ്ങളിൽ ഉരിഞ്ഞുപോകുന്ന അഭിമാനത്തിന്‍റെ രക്ഷാപ്രവത്തനത്തിനിടയിൽ മുപ്പത്തിനാലാമത്തെ വയസ്സിലെങ്കിലും തനിക്കൊരു കല്യാണം ഒത്തുവന്ന സന്തോഷം മാഷക്ക് ഏറ്റുവാങ്ങാനായില്ല. ചെക്കൻ  പിടി മുറുക്കുകയാണ്. അതിഥികളുടെ കൂട്ടത്തിൽ നിന്നൊരാൾ സംഭവം കണ്ടിട്ടും  "ഓ, അപ്പു  മാമന്വായി വല്ല്യേ ലോഗ്യായീലോ !" എന്നഭിനന്ദിച്ചുകൊണ്ട്  ചർച്ചയിലേക്കു തിരിച്ചൂളിയിട്ടതും മധ്യവയസ്കയായ ഒരു സ്ത്രീ വല്ലാത്തൊരു പുഞ്ചിരിയോടെ അഭ്യാസത്തിന്‍റെ പരിണാമഗുപ്തിയിൽ ജിജ്ഞാസിച്ചിരിക്കുന്നതും കണ്ടപ്പോൾ പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ   നേരിടാൻ  മാഷ് നിശ്ചയിച്ചു. 

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നഷ്ട്ടപ്പെടുവാൻ ഒരു കല്ല്യാണം, കിട്ടാനുള്ളത് അരവിന്ദ് പോളിയെസ്റ്റർ ഡബിൾ മുണ്ടിനുള്ളിൽ പിടയുന്ന ഒരായുസ്സിന്‍റെ അഭിമാനം. അതിഥികളോ സ്വന്തക്കാരോ സഹായത്തിനില്ലാതെ പാഞ്ചാലീസമാനം ആലോചനാസദസ്സിൽ വിവശനായി നിന്ന മാഷ്‌ അഴിയുന്ന മുണ്ടും അഴിക്കുന്ന കൈകളും ഒരു വിധം കൂട്ടിപ്പിടിച്ച്  ഒരു വശീകരണഭാവം മുഖത്തെഴുതി  മിനിയേച്ചര്‍ ദുശശാസനനെ ഉമ്മറവാതിലിനപ്പുറം അകത്തെ മുറിയിലെ ഘോരാന്തകാരത്തിലേക്ക് ആരോരുമറിയാതെ കൂട്ടിക്കൊണ്ടു പോയി.

മുണ്ടും മുണ്ടന്‍റെ കൈകളും തന്‍റെ ഇടം കയ്യിലൊതുക്കിപ്പിടിച്ചുകൊണ്ട്   മുറിയിലെ കിളിവാതിലിലൂടെ ഒളിച്ചു കടന്ന  പ്രകാശധാരയിൽ കൃത്യമായി നിര്‍ത്തിയ   മുഖം ഒരു മുരള്‍ച്ചയോടെ ഭീഷണമാക്കി. പിന്നെ കളരിച്ചുവടില്‍ നിന്നു വലതു കൈപ്പടം മടക്കി ചൂണ്ടുവിരലും നടുവിരലും നിവർത്തി   ചിടുങ്ങന്‍റെ കണ്ണിലേക്കു ചൂണ്ടി പതിഞ്ഞ സ്വരത്തിൽ വിരട്ടി :

"മുണ്ട് വിട് ! ഇല്ലിങ്ങെ  നോക്ക്യേ, നെന്‍റെ കണ്ണ് ഞാൻ കുത്തിത്തൊരക്കും!  ങ്ഹാ ...!  മുണ്ട് വിട്ര  ചെകുത്താനേ !"

പിന്നീടുണ്ടായത്  "ഇപ്പോഴും അതോർക്കുമ്പോൾ ദേഹം വിറയ്ക്കുന്നു" എന്നും "ഫുട്ബോൾ കളിയിൽ അവസാന വിസിലടി മൈക്കിലൂടെ  അടിച്ച പോലെ"  എന്നും പിന്നീട് മാഷ് പലവട്ടം വർണിച്ചിട്ടുള്ള കർണഭേദിയായ ഒരു നിലവിളിയായിരുന്നു.   ഡെസിബൽ സമ്പന്നമായ നിലവിളി കേട്ട് ഉമ്മറത്തിരുന്നവരൊക്കെ   കൊടുങ്കാറ്റുപോലെ അകത്തു പ്രവേശിച്ചപ്പോൾ  കണ്ടത് കാലനെ കണ്ടു  കിടുങ്ങി നില്ക്കുന്ന ക്ടാവിനെയാണ് .  

"ന്തേ മോനെ ! ന്തേ ണ്ടായീത് ?"

"അയ്യ്വോ ന്‍റെ  കുട്ടിക്ക്  എന്തേ പറ്റീത് !"

"കുട്ടി വല്ലാണ്ട് പേടിച്ച്ണ്ടലോ ദൈവേ !"

"പറേ മോനേ,  മോൻ എന്തെങ്കിലും കണ്ടു പേടിച്ച്വോ?" 

മിണ്ടാട്ടംമുട്ടി നിന്ന കുട്ടി വിരൽ ചൂണ്ടിയിടത്തേക്കു എല്ലാവരും നോക്കിയപ്പോൾ കണ്ടു ; അഴിഞ്ഞുപോയ മുണ്ടും മുറുക്കിപ്പിടിച്ച്‌ ഇടിവെട്ടേറ്റ പോലെ മുറിയുടെ മൂലയിൽ ചൂളി നില്‍ക്കുന്ന ദിവാകരൻ മാഷ് !

"എന്താ മാഷേ? എന്താണ്ടായീത്? കുട്ടി വല്ലാണ്ട്  പേടിച്ച്ണ്ടലോ?  മാഷെന്താ ചെയ്തേ ?"

"അയ്യോ! ഞാനൊന്നും ചെയ്തില്ല്യ . കുട്ടി വെർതെ .."

ഉത്തരക്ഷണത്തിൽ ശബ്ദം തിരിച്ചു കിട്ടിയ കുട്ടി ഞെട്ടിത്തേങ്ങിക്കൊണ്ടു  പറഞ്ഞു: 

" അല്ലാട്ടാച്ഛാ, ആ മാമനേയ് ന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ചാൻ വന്നു!"  

ചെക്കന് ലേശം കുറവുണ്ടെന്ന കാരണത്താൽ ആലോചന അലസിയെങ്കിലും വീക്കേയെൻ കഥകളിലെ കുട്ടികള്‍  മോണ്‍സ്റ്റർ ആയതെങ്ങിനെയെന്നു  മനസ്സിലാക്കാൻ സംഭവം  സഹായിച്ചു എന്നാണ് ദിവാകരൻ മാഷ് ഇന്നും ആശ്വസിക്കുന്നത് !.




2014, ജനുവരി 1, ബുധനാഴ്‌ച

ബൂമറാങ്ങ്

ബൂമറാങ്ങ് 

നഗരത്തിലെ ഏറ്റവും മുന്തിയ ശീതീകരിച്ച കല്യാണമണ്ഡപത്തിലായിരുന്നു വിവാഹം. പ്രവേശനകവാടത്തിലെ തുണിക്കുടിലിൽ നിരത്തിയ പലനിറം സ്ഫടിക ചഷകങ്ങളിൽനിന്ന് ഒന്നെടുത്തു സ്വാഗതം മോന്തി ഹാളിൽ പ്രവേശിച്ചപ്പോൾ അയാൾ വിസ്മയിച്ചു നിന്നു പോയി!.

നാടടച്ചു ക്ഷണമുണ്ടെന്നു തോന്നുന്നു. അമ്പലക്കമ്മിറ്റിക്കാരും ത്രിതല പഞ്ചായത്ത് മെമ്പർമാരും മണ്ഡലം എമ്മെല്ലേയും അടങ്ങുന്ന രണ്ടായിരത്തോടടുക്കുന്ന സദസ്സ്.  ക്രെയിൻ ക്യാമറ, സീസീടീവി,  നാദസ്വരം , ഗാനമേള , ജിമ്ക്കി കമ്മൽ ...

ആഹ്ളാദം തലകുത്തി  മറിയുന്ന അന്തരീക്ഷം...

ആശയപരമായി ആർഭാടങ്ങൾ ഇഷ്ട്ടപെട്ടിരുന്നില്ലെങ്കിലും ഈ ആഘോഷം ശരിക്കും  അയാൾക്കു  പിടിച്ചു. കാരണമുണ്ട്. നാട്ടിലെ നായർ യുവതിയും തെക്കുള്ള ഈഴവ യുവാവും തമ്മിലുള്ള വിവാഹമായിരുന്നു അത്. സൈബർ സ്പേയ്സിൽ പൊട്ടിവിരിഞ്ഞ പ്രണയം. ജാത്യഭിമാനമൊക്കെ മനസ്സിൽ ഊതിക്കാച്ചി കൊണ്ടു നടന്നാലും മക്കൾ പ്രേമിച്ചു മരംചുറ്റിയാൽ  വില്ലൻ കളിക്കാൻ നില്ക്കാതെ കെട്ടിച്ചു കൊടുക്കാനും  അതു  നാലാളെ വിളിച്ചു കൂട്ടി മാന്യമായിത്തന്നെ നടത്തിക്കൊടുക്കാനുമുള്ള പ്രയോഗികബുദ്ധിയും ധൈര്യവും അപൂര്‍വ്വം തന്തതള്ളമാരെങ്കിലും കാണിക്കുന്നുണ്ടെന്നത് അയാളെ ഏറെ സന്തോഷിപ്പിച്ചു.

പണ്ട്, എന്നുവെച്ചാൽ ഒരു മുപ്പതു വർഷം മുൻപ് ഇതായിരുന്നില്ലല്ലൊ സ്ഥിതി. കൂട്ടനിലവിളി, ആക്രോശം, തള്ളയുടെ കെട്ടിത്തൂങ്ങൽ ഭീഷണി, അകത്തു പൂട്ടിയിടൽ, പഠനം നിർത്തൽ, അയൽവക്കങ്ങളിലെ വേലിയരുകിലെ പുരുഷാരം, സമാജ-കരയോഗങ്ങൾ, ഗ്വാഗ്വാ വിളികൾ, കൊട്ടേഷൻ, പടിയടച്ചുപിണ്ഡo, അങ്ങിനെ എന്തൊക്കെ !

താലികെട്ടും തകിലുകൊട്ടും കഴിഞ്ഞു.  കലാനിലയം നാടകവേദിയിലെന്നപൊലെ സ്റ്റേജിൽ നൊടിയിടക്കുള്ളിൽ പ്രത്യക്ഷമായ രാജസിംഹാസനങ്ങളിൽ വധൂവരന്മാർ ഇരുന്നു പരസ്പരം ഇംഗ്ലീഷിൽ ചിരിച്ച് മാളോരെ തങ്ങളുടെ ആത്മവിശ്വാസം തെര്യപ്പെടുത്തി.  ഇനി ഒന്നുകുറെ ആയിരം സന്ധുബന്ധുക്കൾ പങ്കെടുക്കുന്ന പാലുകൊടുക്കൽ ചടങ്ങ്. അതു കഴിഞ്ഞാൽ വയറു വീർത്തു മുട്ടി  പെണ്ണിനും ചെക്കനും ചിരി മാറി പിരിയിളകും. ആ ഇഞ്ചുറി ടൈമിലാണ് ആശംസാസഞ്ചലനം. ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ ഓണം ക്രിസ്മസ് ക്യൂവിനെ അതിശയിക്കുന്ന തരത്തിൽ ആശംസിക്കാനുള്ളവരുടെ വരി നീണ്ടുവന്നപ്പോൾ ഭക്ഷണശേഷം തന്‍റെ ഊഴമെടുക്കാം എന്നു നിശ്ചയിച്ച് അയാൾ നേരെ ഊട്ടുപുരയിലേക്കു കടന്നു.

ചതുർവിധം അച്ചാർ, പുളിയിഞ്ചി, വിധത്തിലും തരത്തിലും പന്ത്രണ്ടു കൂട്ടുകറികൾ, കായ്ക്കിഴങ്ങുകൾ വറുത്തത്‌ അഞ്ചുതരം, വെയിലിനു പിടിക്കാൻ വലിപ്പമുള്ള ഗുരുവായൂർ പപ്പടവും അതിന്‍റെ കുട്ടിയും ഓരോന്ന്, ഈഴവ സദ്യകളില്‍ നിര്‍ബന്ധമായ ഗോതമ്പടക്കം മുക്കൂട്ടം പ്രഥമൻ, പ്രഥമനിൽ കുതിർത്ത് ഉരുട്ടി വിഴുങ്ങാൻ സ്പെഷലായി തിരോന്തരം ബോളി, കുപ്പിവെള്ളം. സദ്യ കേമാല്‍ കേമം!

സോപ്പിട്ടു കഴുകിയിട്ടും വെളപ്പായ സ്വാമിയുടെ  സാമ്പാറിന്‍റെ മണമൊഴിയാത്ത ഹസ്തം കല്യാണച്ചെക്കനു ദാനം ചെയ്യാനായി തിരക്കൊഴിഞ്ഞ മണ്ഡപത്തിൽ കയറിച്ചെല്ലുമ്പോൾ പെണ്ണിന്‍റെ അച്ഛൻ ഓടി വന്നു കെട്ടിപ്പിടിച്ചുകൊണ്ട് അയാളോടു പറഞ്ഞു :

"വന്ന്വല്ലേ! സന്തോഷായി ട്ടോ!. മറ്റാരു വന്നേക്കാളും സന്തോഷായി. വര്വോ വര്വോ .!"

ഒരേ ചോരയിൽ പിറന്നവനെയെന്നപോലെ മരുമകനു തന്നെ പരിചയപ്പെടുത്തിയപ്പോള്‍ അയാൾക്ക് രോമാഞ്ചം കൊള്ളാതിരിക്കാനായില്ല!.

നവമിധുനങ്ങളെ ഓൾ ദ് ബെസ്റ്റാക്കി മണ്ഡപം പടിയിറങ്ങി സ്വാഗതകവാടത്തിലെ മുറുക്കാൻ തിരക്കിൽ ഊളിയിട്ട്‌ ശാരീരികപരിക്കുകളൊന്നും കൂടാതെ ഒരു ചെറുനാരങ്ങ കൈക്കലാക്കി മടങ്ങുമ്പോൾ അയാൾ മണ്ഡപത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. വധുവിന്‍റെ അച്ഛൻ ഇങ്ങോട്ടു നോക്കി കൈവീശി ആരോടോ  വിട കാണിക്കുന്നുണ്ട്. ആരോടാണ്? തന്നോടാണോ? ആയിരിക്കണം. അല്ലാതെ ആരോടാവാൻ?

മുപ്പതു വർഷം മുൻപ്  ഇത്തരമൊരു വിജാതീയ വിവാഹത്തിൽ പങ്കെടുത്തതിന് കരയോഗം കൂടി തന്നെ തല്ലാൻ ഉയർത്തിയ സെക്രട്ടറിയുടെ കയ്യല്ലേ ? ഉന്നം  തെറ്റാൻ വഴിയില്ല!. 


********