2012, ജൂലൈ 22, ഞായറാഴ്‌ച

അന്തപ്പന്റെ സന്താപങ്ങള്‍

അന്തപ്പന്‍റെ സന്താപങ്ങള്‍ 

ഒരിടത്തരം കൂട്ടുകുടുംബാംഗമായിരുന്നു അന്തപ്പൻ.   അപ്പന്‍, അമ്മ, സഹോദരങ്ങള്‍, എളേപ്പന്മാര്‍, അവരുടെ കളത്രപുത്രാദികള്‍ എന്നിങ്ങനെ പത്തിരുപത്തഞ്ചുപേര്‍ ഒന്നായി വെച്ചുണ്ട് താമസിക്കുന്ന സമാധാനപരമായ സഹവര്‍ത്തിത്വത്തിൻ്റെ  പഞ്ചശീലപ്പൊറുതി. നെല്‍കൃഷി,കോഴിവളത്തല്‍, പശുപരിപാലനം ഇത്യാദികളായിരുന്നു സാമ്പദ് വ്യവസ്ഥയുടെ  മൂലാധാരം .  ഒമ്പതാം ക്ലാസ്സ്‌ ത്രിവല്‍സരവും ഗുസ്തി ഇന്ററും കഴിഞ്ഞ് പുരനിറഞ്ഞപ്പോള്‍ അന്തപ്പന്‍ നാട്ടാചാരമനുസരിച്ച് കോയമ്പത്തൂര്‍ക്ക്  ചാടിപ്പോയി ഉക്കടം ബസ്‌സ്റ്റാൻഡ്  തൊട്ട് നാല് നാൾക്കകം  തിരിച്ചുവന്നു. കുടുംബത്തിൻ്റെ  പാരമ്പര്യ നെല്‍കൃഷിയിലൊന്നും താല്പര്യമില്ലാതിരുന്നതുകൊണ്ടും   സ്വാശ്രയമോഹം കൊണ്ടും  നാട്ടില്‍തന്നെ അത്യാവശ്യം പണികള്‍  ചെയ്ത്  ചായക്കും ബീടിക്കും വഹയുണ്ടാക്കി.   'ഹോട്ടല്‍  & കാപ്പി' കളില്‍ ചായ വീശിയടി, പലചരക്കുകടയില്‍ എടുത്തു കൊടുപ്പ്, വിറകുവെട്ട്, കാളവണ്ടിയിൽ സെക്കന്റ് ഗ്രേഡ് അസിസ്റ്റന്റ്‌  എന്നിങ്ങനെ തസ്തികാവൈവിധ്യങ്ങളില്‍ മാറി മാറി സ്തുത്യര്‍ഹമായ സേവനം നടത്തിയിട്ടും ജീവിതം പച്ചപിടിക്കാതെ ഖിന്നനായി  നടന്ന കാലത്തിങ്കൽ അന്തപ്പൻ്റെ  അഭ്യുദയകാംക്ഷിയായിരുന്ന ഇടവക പള്ളീലച്ചനില്‍നിന്നും  ഒരിക്കല്‍  ഒരു വിളി കിട്ടി .

 വിളിച്ചതും പറഞ്ഞതും കേള്‍ക്കൽ , പള്ളിമുറ്റത്തെ പുല്ലു ചെത്തിയുരക്കല്‍, വിശേഷാവസരങ്ങളില്‍ പള്ളിക്കുശിനിയില്‍ കൂട്ടാന്‍വെപ്പ് തുടങ്ങിയ ഭൌമവൃത്തികള്‍ക്ക് പുറമെ ബൈബിള്‍ നാടകങ്ങളില്‍ രാജാപാര്‍ട്ട് കെട്ടി  സര്‍ഗാത്മകം കളിച്ചിരുന്ന അന്തപ്പൻ്റെ  ഒരാരാധകന്‍ കൂ ടിയായിരുന്നു  അച്ചന്‍  . വിളിച്ചുവരുത്തിയതെന്തിനാണെന്നു പോലും തിരക്കാതെ വന്നപാടെ തൻ്റെ കിടപ്പുമുറിയിലെ മേൽത്തട്ടില്‍ പടര്‍ന്ന മാറാല ശീമക്കൊന്നത്തണ്ടില്‍ കെട്ടിയ ചകിരിത്തൂപ്പുകൊണ്ട് പിരിച്ചുപിരിച്ചെടുക്കുന്നതിൽ വ്യാപൃതനായ അന്തപ്പനെ കുറെനേരം ആരാധനയോട നോക്കിയിരുന്ന  അച്ചൻ ഒമ്പതാം ക്ലാസില്‍ മൂന്നു കൊല്ലം തോറ്റ്
ഗുരുകുലം വിട്ട ഇവനാണോ വിവേകമൂർത്തിയായ സോളമൻ്റെ  വേഷം  കെട്ടിയാടുന്നതെന്നോർത്ത് വിസ്മയം കൊണ്ടു . 


വിളക്കുംകാല്‍ പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കിയുള്ള മാര്‍ക്കറ്റ്‌ പര്യവേക്ഷണ വിവരങ്ങള്‍ കടഞ്ഞുകിട്ടിയ ഒരു ജീവസന്ധാരണോപായം  അന്തപ്പന് ഉപ ദേശിക്കാനായിരുന്നു സത്യത്തില്‍ അച്ചന്‍ അവനെ വിളിച്ചു വരുത്തിയത് .  ഒരു പച്ചക്കറിപ്പീടിക വിളക്കുംകാല്‍ ഭാഗത്ത്  ഇല്ലെന്ന യാഥാര്‍ത്ഥ്യം അന്തപ്പൻ്റെ  ഭാവി ഭാഗധേയങ്ങളെ സ്വാധീനിക്കാന്‍ പോന്ന സാധ്യതയായി അച്ചന്‍ ഗവേഷിച്ചിരുന്നു. 

അഞ്ചു  നിമിഷം പണിയ്ക്ക്  സുല്ലിട്ട്‌  "ദാ പോയ്‌ ദേ വന്നു" അന്തരാളഘട്ടത്തില്‍  താഴേ കുശിനിയില്‍  പോയി അടുപ്പിലെ തീക്കൊള്ളിയെടുത്ത്  ഒരു അപ്പിള്‍ഫോട്ടോ മാര്‍ക്ക് ബീടിയില്‍ അത്മജ്യോതി തെളിയിച്ച്  തിരിച്ചു വന്ന സമയത്തിങ്കല്‍ അച്ചന്‍ അന്തപ്പന് കര്‍മസൂത്രം ഉഴിഞ്ഞുപദേശിച്ചുകൊടുത്തു. 'വൈകാരി'കോപദേശം   ചെവിക്കൊണ്ട് മോഹിതനായെങ്കിലും ആരാൻ്റെ  ബീടിക്കൊരു തീപ്പെട്ടിയെടുക്കാന്‍ തുട്ടില്ലാത്ത കടുത്ത സാമ്പത്തികമാന്ദ്യത്തിൻ്റെ  ധവളപത്രം ഇറക്കി തട്ടുതുടപ്പ് തുടര്‍ന്ന അന്തപ്പനെ അഞ്ഞൂറ് രൂപയുടെ ഉത്തേജകം നല്‍കി ഹരിതവിപ്ലവത്തിൻ്റെ  ട്രാക്കിലേക്ക് കൈത്തോക്കു  പൊട്ടിച്ചു വെഞ്ചരിച്ചു അച്ചൻ. ഉത്തേജിച്ചു ബെന്‍ ജോണ്‍സണായപ്പോള്‍ മുന്‍പ് പണിക്കു നിന്നിരുന്ന എഴുത്തച്ഛന്റെ 'ചായള്‍ബ്ബി'നോട് ചേര്‍ന്നുള്ള ഒരു ചായ്പ്പ് വാടകക്കെടുത്ത് കുടികിടപ്പുകാരായ 'ഇഴയ'ന്മാരെയും 'തുരപ്പ'ന്മാരെയും നിഷ്കരുണം കണ്ണീര്‍വാതകം പ്രയോഗിച്ചോടിച്ച് അന്തപ്പന്‍ വ്യാപാരി വ്യവസായി 
ഏകോപനസമിതിയില്‍  പണമടച്ച്   രസീതി കൈപ്പറ്റി.



നാളുകളങ്ങിനെ നീങ്ങി. സ്കൂള്‍ പിള്ളേര് കല്ലെറിഞ്ഞുടച്ചതും സ്വാഭാവികമരണവുമായി അന്തപ്പന്റെ ഗ്രീന്‍ സ്ടോറിനു മുന്നിലെ വിളക്കുംകാലില്‍  ബള്‍ബുകളേറെ മാറി.  കച്ചവടം തുടങ്ങിയതില്‍പ്പിന്നെ അന്തപ്പന്‍ പള്ളിയിലേക്ക് ഇടംകാലോ വലംകാലോ പോയിട്ട് ഒരുകാലും  എടുത്തു കുത്തിയിട്ടില്ലെന്നു മനസ്സിലാക്കിയ അച്ചന്‍ അതിനെക്കുറിച്ച് ഒരു ഞായറാഴ്ചയിലെ കുര്‍ബ്ബാനോത്തര കുശലക്കൈമാറ്റവേളയില്‍ കുഞ്ഞാടുകളില്‍ ചിലരോട് ആരാഞ്ഞു. തന്റെ കാരുണ്യക്കീശയില്‍നിന്നും  ദുരിതാശ്വാസം ചെയ്തു  തുടങ്ങിയ കൊച്ചുപീടിക ഉത്തരോത്തരം വളര്‍ന്നു വലിയ 'വാള്‍മാര്‍ട്ടാ'യി വിളങ്ങുന്നത് മനസ്സില്‍ കണ്ടു പുളകിച്ചു  നടന്ന് വര്‍ഷമൊന്നു കഴിഞ്ഞിട്ടും  സംഗതി വെറും 'വാള്‍' മാത്രായി നില്‍ക്കുന്നു എന്ന അല്മായരുടെ വചനങ്ങള്‍ കേട്ടപ്പോള്‍ വികാരിയച്ചന്‍ ഉത്തരക്ഷണം വ്യാകുലപിതാവായി മാറി .



സന്ധിവാതം മൂത്ത് പരവശനായതുകൊണ്ട് ആഴ്ചയിലൊരിക്കലുള്ള നാടുകാണല്‍ സായാഹ്നസവാരി ഇനിയൊരയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരുന്നുവെങ്കിലും കേട്ട വാര്‍ത്ത ഇടവകക്കാരുടെ കുശുമ്പുകുത്താണോ അല്ലയോ എന്നറിയുവാനുള്ള ഉല്‍ക്കടമായ വ്യഗ്രതയില്‍ ദേഹരക്ഷയ്ക്ക് സ്വയം ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ അള്‍ത്താരയില്‍ ബലി കഴിച്ച് ഒരു ദിവസം പുറപ്പെട്ടിറങ്ങുകതന്നെ ചെയ്തു അച്ചന്‍ .  കവലയില്‍ ആള്‍പ്പെരുമാറ്റമില്ലാതെ  രണ്ടു നിരപ്പലകകള്‍ മാത്രം തുറന്നു കിടന്ന  'അന്തപ്പന്‍ കലവറ' യുടെ മുന്നില്‍ രണ്ടു വിനാഴിക നേരം അച്ചന്‍ കിതച്ചു നിന്നു. പിന്നെ നിരപ്പലകപ്പഴുതിലൂടെ അകത്തേയ്ക്ക് ആകാംക്ഷാപൂര്‍വം എത്തിച്ചു നോക്കി. 'ജ്യോതിര്‍മാ തമസംഗമയ' ആയതുകൊണ്ടോ എന്തോ രണ്ടു നിമിഷം വേണ്ടിവന്നു കടയ്ക്കുള്ളിലെ കൂറ മണക്കുന്ന ഇരുട്ടിലെ ചിത്രങ്ങള്‍ തെളിഞ്ഞു കിട്ടുവാൻ . മാവിന്‍പലക തട്ടിക്കൂട്ടിയുണ്ടാക്കിയ ബെഞ്ചില്‍  വാടിയ കുന്നംകായപ്പടല തലയിണയാക്കി അന്തപ്പന്‍ ചുരുണ്ടുകൂടി കിടക്കുന്നതു കണ്ട്  അന്തംവിട്ടു നിന്ന  വികാരിയച്ചന്‍ ഇടറിയ സ്വരത്തില്‍ വിളിച്ചു:      
                                                  
"അന്തപ്പാ"

 " ഈശോംശായ്ക്ക്   സ്തുത്യാരിക്കട്ടെ. ന്താ വിശേഷച്ചോ ? " 

അച്ചനെ ശ്രവിച്ചപ്പോള്‍ അന്തപ്പന്‍ തട്ടിപ്പിടഞ്ഞെണീറ്റ്   അഭിവാദ്യം ചെയ്തു .


"വിശേഷം നീയിങ്ങട് പറേണ്ടത് ഞാനങ്ങട് പറേണന്നായാ ?" 

ശുണ്ടി മൂത്ത്  ചൊല്ലാന്‍ മറന്ന പ്രത്യുപചാരം തിടുക്കത്തില്‍ കൂട്ടി ചേര്‍ത്തുകൊണ്ട് അച്ചന്‍ തുടര്‍ന്നു:

 "ങ്ങ്ഹാ.. ഇപ്പോഴും എപ്പോഴും സ്തുത്യായിരിക്കട്ടെ.  ലാസറും വറീതും പറഞ്ഞപ്പോ ഇനിക്ക്  മുഴുവന്‍ വിശ്വാസായില്ല്യ. തീരെ വയ്യ! ന്നാലും സംശം  തീര്‍ക്കാംന്ന്വെച്ച്  ഒന്നെറങ്ങീതാ.  ഇപ്പ സംശം തീര്‍ന്നു.  എന്തേ അന്തപ്പാ നെണക്ക്   പറ്റീത് ?"  
കരിഞ്ഞ കായപ്പടലയെടുത്ത് മുറിയുടെ ഒരു മൂലയിലേക്കെറിഞ്ഞ് ബെഞ്ചിന്റെ തലയ്ക്കല്‍ അച്ചനിരിക്കാന്‍ സ്ഥലം വെടിപ്പാക്കിക്കൊണ്ട് അന്തപ്പന്‍ ആരോടൊക്കെയോ ഉള്ള അമര്‍ഷം തീര്‍ക്കുന്ന പോലെ പിറുപിറുത്തു.

" ഒന്നും പറ്റീല്ല്യ അച്ചോ ! കച്ചോടം ഗൊണം പിടിച്ചില്ല്യ  അത്രന്നെ." 

നടന്നു വന്ന ക്ഷീണത്തില്‍ ബെഞ്ചിലിരുന്നുകൊണ്ട് അച്ചന്‍ ചോദ്യം തുടര്‍ന്നു: 

" അയ്‌ ,   അതെന്താണ്ടാദ്   ഗൊണം പിടിക്കാണ്ടിരിക്കാന്‍ ?" 

" എങ്ങനെ ഗൊണം പിടിക്കാനാ അച്ചോ?  ഇബടെ വന്നു സാമാനം വാങ്ങാന്‍ ആള്‍ക്കാര് തോനേണ്ട്.    വാങ്ങ്യെന്റെ കാശു തരണോര്  മാത്രല്ല്യ !"

" ന്താ എല്ലാവരും കടാ?"

"കടായിരുന്നൂച്ചാ സമധാനണ്ടലോ.ചോദിച്ച് വാങ്ങാം.  വാങ്ങ്വേം  ചെയ്യും അന്തപ്പന്‍. "

"പിന്നാരാണ്ട്രാദ്  നെനക്ക്  ചോദിയ്ക്കാന്‍  പറ്റാത്തോരായി?"

"മ്മടെ വീട്ടുകാരന്നെ. അല്ലാണ്ടാരാ?ബാക്കീള്ളോന്‍ പച്ചക്കറിപ്പീടിക തൊറന്നന്നു മൊതല് മ്മടെ കുടുമ്മക്കാരൊക്കെ നമ്പൂര്യാരായില്ല്യേ ? " 

വ്യസനത്തിനിടയിലും ഉള്ളില്‍ ഖുമുഖുമാന്ന് കുമിഞ്ഞുപൊന്തിയ ചിരി ഒരു കള്ളച്ചുമയില്‍  ചാലിച്ചു പുറത്തേക്കു  തുപ്പിക്കൊണ്ട് ബെഞ്ചില്‍നിന്നും എഴുന്നേറ്റ പിതാവ്  ഒരു ഗോളാന്തരജീവിയെയെന്നപോലെ അന്തപ്പനെ കുറെ നേരം നോക്കി നിന്നു.
     കഴിഞ്ഞ കാനേഷുമാരിയില്‍ രണ്ടു ഡസനുമേല്‍ അംഗസംഖ്യ തെര്യപ്പെടുത്തിയിട്ടുള്ള അന്തപ്പന്റെ കുടുംബം സമൂലം ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് ചാളയും   ഉണക്കമാന്തളും മുള്ളനും ഉപേക്ഷിക്കുകയും അവസരത്തിനൊത്തുയര്‍ന്ന് സ്വയം  സസ്യാഹാരികളായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ തന്റെ റിലയന്‍സ്, വാള്‍മാര്‍ട്ട് സ്വപ്‌നങ്ങളും അന്തപ്പന്റെ ശരീരവും ഒരേ സമയം ഉണങ്ങിക്കരിഞ്ഞു പോയതില്‍  അസ്വാഭാവികമായി  എന്തുള്ളൂ എന്ന് അച്ചന്‍ സമാധാനിച്ചു !

പിന്നെ " ങ്ങ്ഹും" എന്ന് അര്‍ത്ഥം വീര്‍ത്ത ഒരു മൂളല്‍ നടത്തി ളോഹക്കീശയുടെ അത്യഗാധതയില്‍നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത് നീട്ടിക്കൊണ്ട് അച്ചന്‍ പറഞ്ഞു : 

" ന്നാ, ഇത് വെച്ചോ.   എല്ലാത്തിനും ഒരു കാലണ്ട്  ന്റന്തപ്പാ.   നെന്റെ കാലം തെളിഞ്ഞിട്ടില്ല്യേരിക്കും. ന്നാലും ആശ  കൈവെട്യേര്ത്.  കര്‍ത്താവ് നെന്നെ രെക്ഷിക്കട്ടെ!"


വത്തിക്കാന് പോലും ഇടപെടാന്‍ നിവൃത്തിയില്ലാത്ത ഒരു വിഷയത്തിന്റെ ഏനംകേടുകളില്‍നിന്ന് ദര്‍ശനവും അനുഗ്രഹവും ഇഴ ചേര്‍ത്ത് തോര്‍ത്തുമുണ്ടാക്കി തലയിലിട്ട്‌     നരച്ച ശീലക്കുടയുടെ കാല്‍ത്തൊപ്പി നിലത്തു കുത്തി പുറത്തേക്കിറങ്ങുമ്പോള്‍ അച്ചന്‍ അനുതാപപൂര്‍വം മൊഴിഞ്ഞു;

"  ഓണച്ചന്തേലെ നേന്ത്രക്കായത്തണ്ടുപോലെ  ഈ പൂപ്രച്ചാ യ്പ്പിലിങ്ങനെ വളഞ്ഞുകുത്തി കെടക്കാണ്ട് എടക്കൊക്കെ അങ്ങടൊന്നെറങ്ങ്യൂടെ നെനക്ക്?"

        തന്റെ പ്രതികരണത്തിന് കാത്തുനില്‍ക്കാതെ വേച്ചു വേച്ചു നടന്നു പോകുന്ന അച്ചനെ നോക്കി നിന്നപ്പോള്‍ അന്തപ്പന്റെ  ഉള്ളൊന്നു  തേങ്ങി......



                                     -0-0-0-0-0-0-




2012, ജൂലൈ 7, ശനിയാഴ്‌ച

അഗ്നേയ സ്വാഹ:

       അഗ്നേയ സ്വാഹ:


അടുക്കളയിൽ   ഒരു വിഭവത്തിന്‍റെ നിര്‍മാണപ്രക്രിയയില്‍ പരസ്പരധാരണയും വിശ്വാസവും ഇല്ലാത്ത രണ്ടുപേർ   പങ്കാളികളാവുന്നത് കുടുംബത്തിന്റെ    സമാധാനാന്തരീക്ഷത്തിനു നല്ലതല്ലെന്നതിനു ഒരു     ദൃഷ്ടാന്തം.

അന്നത്തെ കൂട്ടാൻ  സാമ്പാറ് . അമ്മായിയമ്മയും മരുമകളും ചേര്‍ന്ന സംയുക്ത സംരംഭം. അമ്മായിയമ്മ പരിപ്പ് വേവിച്ചു. വെണ്ടക്കാ മുരിങ്ങക്കായകള്‍  നുറുക്കി.   മരുമകള്‍ വറുത്തരച്ചു. എല്ലാം കൂട്ടിയിളക്കിയ  മിശ്രിതം അടുപ്പത്ത്‌ വെച്ച്  മരുമകള്‍ ' തുണി തിരുമ്പാന്‍ ' പോയി.   കറിവേപ്പില  പറിക്കാന്‍ പോയ കൂട്ടത്തില്‍  വേലിയിതക്കലെ ആവണക്ക് മരത്തിന്റെ കൊമ്പില്‍ പിടിച്ചുനിന്നുകൊണ്ട് അയലക്കക്കാരിയോടു  മരുമോളുടെ  നാല് ദോഷവും പറഞ്ഞ്‌ അമ്മായിയമ്മ അടുക്കളയില്‍ തിരിച്ചു വന്നപ്പോള്‍ സാമ്പാറതാ  വെട്ടിത്തിളക്കുന്നു.

  "അയ്യ്വോ! ഉപ്പിടാന്‍ മറന്നു" എന്നു വെപ്രാളപ്പെട്ടുകൊണ്ട്  ഭരണിയില്‍നിന്നും ഒരു പിടി  ഉപ്പെടുത്ത്  കറിയിലിട്ടതും  സംശയം  ഒരു ഞെട്ടലായി അമ്മായിയമ്മയുടെ  മനസ്സില്‍ പൊട്ടിയതും ഒരുമിച്ചായിരുന്നു. ഉടനെ വലിയ വായില്‍ വിളിച്ചു ചോദിച്ചു 

" കാര്‍ത്ത്യേനി  കൂട്ടാല്‍ല്  ഉപ്പ്ട്ട്വോ...?"

അവണക്കുംതറികൊണ്ട്  ചേനത്തണ്ടനെ  തല്ലുന്ന ഊക്കിലും ക്രൌര്യത്തിലും കിണറ്റുകരയിലെ തിരുമ്പുകല്ലില്‍ അമ്മായിയമ്മയുടെ ജഗന്നാഥന്‍മുണ്ട്  വീശിയടിക്കുന്ന ശബ്ദത്തിനിടയില്‍ തിരിയാതെപോയ  അടുക്കളയിലെ വിളിച്ചുചോദ്യം കേട്ട്  മരുമകള്‍ ഓടിച്ചെന്നു.

"അമ്മ വല്ലതും പറഞ്ഞ്വോ ?"
" കൂട്ടാല്‍ല്   ഉപ്പ്ട്വേണ്ടായ്യോ ?"
" ഉവ്വ് "

"സ്സലായി!  ന്നാദെന്നോട്  പറേണ്ടേ?  ഞാനൂട്ടു.."

" അയ്‌.  അപ്പ  അമ്മ ഇടണേന്  മുമ്പ് ചോയ്ക്കണ്ടേ?"

" ചോയ്ച്ചിട്ടു വേണോ പറയാന്‍ ?"

" ഞാപ്പെന്താ ചെയ്യ്വാ?  ഉപ്പുട്‌മ്പോ ദേ ഞാന്‍ കൂട്ടാല്‍ല്  ഉപ്പ്ട്ണൂ, കൂട്ടാല്‍ല്  ഉപ്പ്ട്ണൂന്ന് വിളിച്ചു പറേണോ  ?"

" അപ്പ പറഞ്ഞൂ  തറുതല!.  ങ്ങ്ഹും!  അല്ലെങ്കിലും  കാര്‍ത്ത്യേനിക്ക്  കൊറച്ചേറീണ്ടിപ്പോ. " 

അങ്ങിനെ അത് സംഭവിക്കുന്നു!

താളത്തില്‍  താളത്തില്‍  കത്തിക്കയറുന്ന  കടവല്ലൂര്‍   അന്യോന്യം കാലം കൂടണമെങ്കില്‍  ഒന്നുകില്‍ തിരുന്നാവായ അല്ലെങ്കില്‍  തൃശൂര്‍ ; ഏതെങ്കിലും ഒന്ന്  കടന്നിരിക്കണം.  അല്ലെങ്കില്‍ ഗൃഹനാഥന്‍ 'ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ' കുശിനിയില്‍  പ്രവേശിച്ച്  ആളുന്ന അടുപ്പിലേക്ക് തിളയ്ക്കുന്ന കൂട്ടാന്‍ തട്ടി മറിച്ചിട്ട്   അഗ്നേയ സ്വാഹ: ഉരുവിട്ട്  പാചകശാലയ്ക്ക് തീകൊളുത്തണം!

                                         -0-0-0-