2018, ജനുവരി 20, ശനിയാഴ്‌ച

ഒറ്റമൂലി


ഒറ്റമൂലി

കൊടകരയില്‍ നിന്നാണ് അവര്‍ രണ്ടുപേരും ബസ്സില്‍ കയറിയത്. ഉറങ്ങുന്ന കൈക്കുഞ്ഞിനെ ചുമലിലിട്ട് ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവായിരിക്കണം അതീവഗൌരവവദനനായ ഒരു പുരുഷനും. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടാണെങ്കിലും ബസ്സില്‍ തരക്കേടില്ലാത്ത തിരക്കുണ്ട്. ഉറങ്ങുന്ന കുട്ടിയെ ചുമലിലിട്ടു ചാഞ്ചാടി നില്‍ക്കുന്ന സ്ത്രീയുടെ കഷ്ടാവസ്ഥ കണ്ടപ്പോള്‍ ബസ്സിലെ മൂന്നാള്‍ സീറ്റുകളിലൊന്നിന്‍റെ ജനലരികില്‍ ഇരുന്നിരുന്ന യാത്രക്കാരന്‍ എഴുന്നേറ്റു.
"അതേയ് ഇങ്ങോട്ട് പോന്നോളു. ഇവടേരിക്കാം ."
"വേണ്ട ഞങ്ങള് നിന്നോളാം!."
പെട്ടെന്ന് തന്നെ ഭര്‍ത്താവ് മുരടന്‍ സ്വരത്തില്‍ അയാളുടെ ഓഫര്‍ നിരസിച്ചു. അവസരം തട്ടിക്കളഞ്ഞതിലുള്ള പരിഭവത്തോടെ സ്ത്രീ അയാളുടെ മുഖത്തേക്ക് നോക്കി.
അപ്പോള്‍ അയാളുടെ മനസ്സ് വായിക്കുന്നതില്‍ വിജയിച്ച് സീറ്റിന്‍റെ നടുവിടത്തില്‍ ഇരുന്നിരുന്ന മനുഷ്യനും എഴുന്നേറ്റു.
" എന്നാ രണ്ടാള്‍ക്കും ഇവടേരിക്കാം."
വാഗ്ദാനം ഇരട്ടിച്ചു കിട്ടിയപ്പോള്‍ ഇതൊക്കെ തങ്ങളുടെ മൌലികാവകാശം എന്ന ഭാവത്തോടെ അയാള്‍ ഭാര്യയെ തട്ടി വിളിച്ചു.
"വാടീ."
സീറ്റിലേക്ക് കടക്കുന്ന വഴിയിൽ 
ഇരിക്കുന്നയാള്‍ക്കെതിരെ കനത്ത ജാഗ്രത പുലര്‍ത്തിക്കൊണ്ട് അയാള്‍ ഭാര്യയോടാജ്ഞാപിച്ചു

" അങ്ങട് കടന്നിരിക്ക്!."
ജനലരികില്‍ ഇരുന്ന ഭാര്യക്ക്‌ പിന്നാലെ നന്ദിസൂചകങ്ങള്‍ക്കൊന്നും മുതിരാതെ അയാള്‍ നടുസീറ്റില്‍ ഞെളിഞ്ഞിരുന്നു. എന്നാല്‍ ഉറക്കത്തില്‍ ഒന്നിളകിയ കുഞ്ഞിനെ തട്ടിപ്പൊതുക്കുമ്പോള്‍ ഇരിക്കാന്‍ ഇടം നല്‍കിയ രണ്ടു പേര്‍ക്കും ഒരു നറുപുഞ്ചിരി സമ്മാനിക്കാന്‍ ആ സ്ത്രീ മറന്നില്ല. അത് കണ്ടിട്ടാവണം അയാള്‍ അവരെ രൂക്ഷമായൊന്നു നോക്കി ആ പുഞ്ചിരിയും മായ്‌ച്ചു കളഞ്ഞു.
അഞ്ചു മിനിട്ട് കഴിഞ്ഞു കാണണം ഉറങ്ങിയിരുന്ന കുട്ടി ഉണര്‍ന്നു കരയാന്‍ തുടങ്ങി. അമ്മയുടെ സാമ്പ്രദായിക രീതിയിലുള്ള തട്ടിപ്പൊതുക്കലും സാന്ത്വനവചനങ്ങളും പുറംകാഴ്ചകള്‍ കാണിക്കലും ഒന്നും ഫലപ്രദമായില്ല. കുട്ടി ചെവി തുളക്കുന്ന തരത്തില്‍ നിര്‍ത്താതെ കരച്ചിലാണ്. അതിനിടയില്‍ അയാള്‍ ശുണ്‍ഠിയെടുത്ത് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ബസ്സിലുള്ളവരുടെ ശ്രദ്ധയെല്ലാം അങ്ങോട്ട്‌ തിരിഞ്ഞു. ശ്വാസമിടയില്ലാതെ ചീറിക്കരയുന്ന കുട്ടിയും കുട്ടിയേയും തന്നെയും ശാസിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവും മുന്നിലും പിന്നിലും തങ്ങളെ സാകൂതം നോക്കിക്കൊണ്ടിരുന്ന യാത്രക്കാരുമായപ്പോള്‍ സ്ത്രീ വല്ലാത്ത അവസ്ഥയിലായി.
സമയവും ശകടവും നീങ്ങുന്നു. കുട്ടിയുടെ കരച്ചിലിന് പക്ഷെ ശമനമില്ല.
പെട്ടെന്നാണ് പിന്നില്‍ നിന്നും ആള്‍തിരക്കിനെ കുത്തിത്തുളച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ അവര്‍ക്കരികിലെത്തിയത്.
"ചേച്ച്യേയ്..!"
ചെറുപ്പക്കാരന്‍റെ വിളികേട്ട് ഭാര്യഭര്‍ത്താക്കന്മാര്‍ തിരിഞ്ഞു നോക്കി. യാത്രക്കാരുടെ ശ്രദ്ധയും അയാളിലേക്കായി.
"ചേച്ച്യേ കുട്ടിക്ക് കുടിക്കാന്‍ കൊടക്ക്. അതിനു വെശക്ക്ണ്ട്."
അത് കേള്‍ക്കേണ്ട താമസം ചന്തിയില്‍ ആണി കയറിയപോലെ ഭര്‍ത്താവ് സീറ്റില്‍നിന്നും പിടഞ്ഞെഴുന്നേറ്റു.
"ഫ !. പെണ്ണുങ്ങളോടനാവശ്യം പറ്യാണ്ടാ തെണ്ടീ!."
ആദ്യം ഒന്ന് പകച്ചു നിന്ന ചെറുപ്പക്കാരന്‍ പിന്നീട് അയാള്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടി കണ്ണുരുട്ടി:
"ദേ, ചേട്ടാ തല്ലൊള്ളി ഭാഷ പറേര്ത് ട്ടാ!."
"തല്ലൊള്ളിത്തരം പറഞ്ഞത് നിയ്യല്ലടാ!"
"ഞാന്തൂട്ടാ ചേട്ടാ മോശം പറഞ്ഞത്?"
"നിയ്യൊന്നും പറഞ്ഞില്ല്യല്ലേ?"
"അയ്‌, പറയ്‌ ചേട്ടാ ഞാനെന്താ പറഞ്ഞെ?."
ഇതിനിടയില്‍ സ്ത്രീ സാരി വലിച്ചിട്ടു മറപ്പുരയുണ്ടാക്കി ചെറുപ്പക്കാരന്‍റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുകയും തദനുസാരിയായി കുട്ടിയുടെ നിലവിളി നിലക്കുകയും ചെയ്തിരുന്നു. അതോടെ അയാള്‍ കൂടുതല്‍ രോഷാകുലനായി.
"കുട്ടിക്ക് കുടിക്കാന്‍ കൊടക്കാന്‍ പറഞ്ഞില്ലിടാ നിയ്യ്‌!."
ഇതെന്തു കാട്ടുമാക്കാനപ്പാ എന്ന ഭാവത്തില്‍ ചെറുപ്പക്കാരന്‍ അയാളെ നോക്കികൊണ്ട്‌ പറഞ്ഞു:
"കുട്ടിക്ക് കൊടുക്കാനല്ലേ പറഞ്ഞള്ളോ?. മറ്റൊന്ന്വല്ലലോ?."
" അത് പറയാന്‍ നിയ്യാരാണ്ടാ?."
"ഞാനാര്വല്ല. പക്ഷെ ചെയ്യണ്ടാള് ചെയ്യണ കണ്ടില്ല്യേയ്!."
"ഇക്ക് ചെയ്യാന്‍ പറ്റാത്തതൊക്കെ നിയ്യ്‌ ചെയ്യോടാ?."
ഇയാള്‍ കൂട്ടിക്കൊണ്ടു പോകുന്നത് തീരെ നല്ല പരിസരത്തിലേക്കല്ല എന്നു തോന്നിയതുകൊണ്ടാവണം ചെറുപ്പക്കാരന്‍ പതിയെ പിന്‍വാങ്ങി.
കുട്ടിയെ കുടിപ്പിക്കുന്നതിനിടയില്‍ സ്ത്രീ അയാളെ ചുമലില്‍ തട്ടി ശാന്തമായിരിക്കാന്‍ അപേക്ഷിച്ചു.
"നിയ്യവടെ മിണ്ടാണ്ടിരിക്കടെ!. അമ്മേം പെങ്ങന്മാരൂല്ല്യാത്തോനോട് നാല് വാക്ക് പറഞ്ഞിട്ടന്നെ കാര്യം. "
അപ്പറഞ്ഞത്‌ കേട്ടപ്പോള്‍ രോഷം ഇരച്ചു കയറി ഭീഷണമായ മുഖത്തോടെ അയാള്‍ക്കരികിലേക്കു നീങ്ങിയ യുവാവിനെ അതുവരെ വെറും കാണികളായി നോക്കി നിന്നവര്‍ ചേര്‍ന്ന് ശാന്തമാക്കി.
കുടിക്കുന്നത് നിര്‍ത്തി ബഹളത്തിലേക്ക് ഒന്ന് പകച്ചു നോക്കിയ കുഞ്ഞ് കാര്യം താരതമ്യേന നിസ്സാരമെന്നു മനസ്സിലായപ്പോള്‍ പെട്ടെന്ന് തന്നെ കുടിയിടത്തിലേക്ക് തിരിഞ്ഞു.
പക്ഷെ അയാള്‍ നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല.
"ഞാവടെരിക്കുമ്പോ എന്‍റെ പെണ്ണിനോടു കുടിക്കാന്‍ കൊടുക്കാന്‍ പറയാന്‍ ഇവനാരാ?. ഇവന്യോക്കേയ് എടുത്തിട്ട് ശരിക്കും പെരുമാറണം. പെണ്ണുങ്ങളെ കാണുമ്പള്ള ഇവമ്മാരടെ $%*!~#@ ന്നാലെ അവസാനിക്കുള്ളോ!. ബസ്സിന്‍റെ ഉള്ളിലായിപ്പോയി ഇല്ലിങ്ങണ്ടലോ... അവന്‍റെ......"
പെട്ടെന്ന് ചെറുപ്പക്കാരന്‍ ബസ്സിന്‍റെ മണിച്ചിരട് പിടിച്ചു വലിച്ചു. പിന്നെ ഏയും യൂയും ഏയൂയും ചേര്‍ത്ത് സാരസ്വതം വിളമ്പിക്കൊണ്ടിരുന്ന അയാള്‍ക്ക്‌ നേരെ നീങ്ങി. വീണ്ടും സംഘര്‍ഷം മണത്തപ്പോള്‍ തൊട്ടടുത്തു നിന്ന യാത്രക്കാര്‍ ചെറുപ്പക്കാരനെ തടഞ്ഞു.
"അയ്‌ അയ്‌!. നിങ്ങളും ഇങ്ങന്യായാലോ. അയാളെന്തെങ്കിലും പറയട്ടേന്ന്!. നിങ്ങളങ്ങട് പോയേന്‍."
"ഏയ്‌ കൊഴപ്പല്ല്യ ചേട്ടന്മാരെ. ഞാനൊന്നിന്വല്ല; ആ ചേച്ച്യോടൊരു വാക്ക് പറയാനാ. "
" അപ്പ നെന്‍റെ കഴപ്പിനീം ....."
അയാള്‍ എഴുന്നേറ്റു യുദ്ധസന്നദ്ധനായി.
"ചേട്ടാ, ഇരിക്ക് ചേട്ടാ പറേട്ടെ!."
ചെറുപ്പക്കാരന്‍ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ തോളില്‍ മൃദുവായി തട്ടി. അപ്രതീക്ഷിതമായ പെരുമാറ്റമായിരുന്നതിനാലാവാം അനുസരണയുള്ള കുട്ടിയെപ്പോലെ അയാള്‍ സീറ്റിലിരുന്നു..
"ആരാ ബെല്ലടിച്ചത്? ആരെങ്കിലും എറങ്ങാണ്ടോ?. "
വണ്ടി നിന്നപ്പോള്‍ ഡ്രൈവര്‍ വിളിച്ചു ചോദിച്ചു.
"ആളുണ്ട് ചേട്ടാ. ഒരു മിന്‍ട്ട്."
ചെറുപ്പക്കാരന്‍ വിളിച്ചു പറഞ്ഞു.
പിന്നെ രണ്ടുപേര്‍ക്കും അരികിലേക്ക് ഒന്നു കുനിഞ്ഞുകൊണ്ട് സ്ത്രീയെ നോക്കി പറഞ്ഞു.
"ചേച്ച്യേ, ഇപ്പ കുട്ടീടെ കരച്ചിലൊക്കെ നിന്നൂലോ?. ദേ, ഇനീ ചേട്ടന്‍റെ കേസെട്ക്ക്‌. കണ്ണും ചെകിടും കേക്കട്ടെ മറ്റുള്ളോര്‍ക്ക്!."
പരിഭ്രമമകന്ന് ചിരിയടക്കാന്‍ പാടുപെടുന്ന സ്ത്രീയേയും കേട്ട വാക്കുകളുടെ അര്‍ത്ഥവിഭ്രാന്തിയില്‍ പെട്ടുഴലുന്ന ഭര്‍ത്താവിന്‍റെ കണ്ണുകളെയും കൂട്ടച്ചിരിയുയര്‍ത്തിയ മുഖങ്ങളെയും അവഗണിച്ചുകൊണ്ട് ഞെങ്ങിയും ഞെരുങ്ങിയും ബസ്സിന്‍റെ പുറംവാതില്‍ക്കലേക്ക് നീങ്ങുമ്പോള്‍ ചെറുപ്പക്കാരന്‍റെ മുഖത്ത് വല്ലാത്തൊരു ശാന്തത കളിയാടി.




   




പ്രതി ഭീമന്‍ തന്നെ



പ്രതി ഭീമന്‍ തന്നെ

ബാങ്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ ചിലത് പറയാം. അത് മാത്രമോ?. എന്നു പറഞ്ഞുടാ അല്‍പ്പം കാലികവും ആവാം. എന്തേ അങ്ങനെ തോന്നാന്‍?. ഒന്നൂല്ല്യ അങ്ങനെ തോന്നി അത്രന്നെ. .
മറ്റു ബാങ്കുകളുടെ ചെക്കും ഡ്രാഫ്റ്റുമായി കൌണ്ടറില്‍ വന്നിരുന്നവരുടെ കഥയില്‍ തുടങ്ങാം.
"എന്തേ?"
"ഇത് മാറണം."
നോക്കി. ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്കാണ്. ക്രോസ് ചെയ്തിരിക്കുന്നു.
"ഇവടെ അക്കൌണ്ടുണ്ടോ?"
"ഇണ്ട്."
"പാസ് ബൂക്കുണ്ടോ കയ്യില്‍?"
"ഇണ്ട്."
"തരൂ."
പാസ് ബുക്കും ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ.
"അയ്യോ ഇത് ബാങ്ക് ഓഫ് ഇന്ത്യേട്യാണല്ലോ."
"അതന്ന്യല്ലേ ഇത്?"
"അല്ല. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്."
"അപ്പൊ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാന്ന് അതിലെഴുതീണ്ടലോ?. പൊറത്ത് ബോര്‍ഡിലും അങ്ങന്യന്ന്യാ കണ്ടേ."
"അല്ല ബാങ്ക് ഓഫ് ഇന്ത്യാന്നാ. ദേ നോക്ക്വോ ബാ............ങ്കോ.............ഫി..............ന്ത്യാ..........കണ്ടില്ല്യേ?."
" അ: അ: അപ്പൊ ബാങ്ക് ഓഫ് ഇന്ത്യ എവട്യാ?."
" ഈ വഴീലന്നെ കൊറച്ചൂടി പടിഞ്ഞാട്ട് പോണം ട്ടാ. "
സെന്‍ട്രല്‍ ബാങ്ക് , യൂണിയന്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് , അങ്ങിനെ ഏതു ബാങ്കായാലും അവരുടെ ചെക്കും ഡ്രാഫ്റ്റുമായി അക്കൌണ്ടില്ലാതെ ബ്രാഞ്ചില്‍ വരുന്നവരെ തിരുത്താനും ശരിയായ സ്ഥലം പറഞ്ഞു കൊടുക്കാനുമായി തന്നെ ദിവസേന നല്ലൊരു ഭാഗം സമയം ചെലവഴിക്കേണ്ടി വന്നിരുന്നു. ഇന്നും വലിയ വ്യത്യാസമൊന്നുമില്ല എന്നു കേള്‍ക്കുന്നുമുണ്ട്. പറഞ്ഞു വന്നതില്‍നിന്ന് ആ ' ....ബാങ്ക് ഓഫ് ഇന്ത്യ' യാണ് കുഴപ്പക്കാരന്‍ എന്നു മനസ്സിലാക്കാന്‍ വലിയ വിഷമമില്ല.
പക്ഷെ രസമതല്ല. പഠിപ്പും വിവരവുമില്ലാത്തവരുടെ കാര്യം മനസ്സിലാക്കാം. അതുള്ളവര്‍ക്കു പോലും ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നതോ?. ബാങ്ക് പരീക്ഷ എഴുതാന്‍ പോകുന്ന ബിരുദ ബിരുദാനന്തര ബിരുദധാരികളായവരില്‍പോലും അത്തരക്കാരുണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തിയിരുന്നു.
മറ്റൊരു തമാശ മലയാളികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആയിരുന്നു.
"എവട്യാ വര്‍ക്കീയണേ?"
"സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ "
"ഓ എസ്ബീട്ടി. എവടെ?"
"എസ്ബീട്ട്യല്ല. എസ്ബീഐ. കുന്നംകുളം"
"ങ്ങ്ഹാ രണ്ടും ഒന്നന്നെ."
അങ്ങനെയെങ്കില്‍ അങ്ങനെ; എന്തായാലും തറവാട്ടുകാരാണല്ലോ എന്ന് കരുതി സമാധാനിച്ചു പോന്നു .
പത്രക്കാരും മോശമായിരുന്നില്ല.
സ്റ്റേറ്റ് ബാങ്ക് പെന്‍ഷണറായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍ പത്രമാപ്പീസിലേക്ക്‌ വിവരങ്ങള്‍ വൃത്തിയായി എഴുതിക്കൊടുത്തു. പക്ഷെ ചരമക്കോളത്തില്‍ അച്ചടിച്ചു വന്നത് ഇങ്ങിനെ:
കൊട്ടാപ്പുറത്ത് നാരാരായണന്‍ നായര്‍ മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജീവനക്കാരനായിരുന്നു. 
മകന്‍ ബാലചന്ദ്രന്‍ എസ്ബീട്ടിയില്‍ ഉദ്യോഗസ്ഥന്‍.

അമ്മ മരിച്ചപ്പോളും ഇത് തന്നെ കഥ.
ചേച്ചിയുടെ മക്കള്‍ രണ്ടു പേര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാര്‍. ചേച്ചിയും അളിയനും മരിച്ചപ്പോള്‍ വാർത്തയിൽ അവർ എസ്‌ബീട്ടിക്കാരായി . ഭാഗ്യം മകളുടെ സിണ്ടിക്കേറ്റ് ബാങ്കിനെ എസ്ബീട്ടിയാക്കിയില്ല!. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ ആ വഴിക്കും നീങ്ങാന്‍ തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച് ജീവാത്മാ പരമാത്മാ സംയോഗം പൂര്‍ത്തിയായപ്പോള്‍ കേരളത്തിൽ തങ്ങളുടെ സ്വത്വപ്രതിസന്ധി തീർന്നെന്നു സമാധാനിച്ചിരിക്കയാണല്ലോ എസ്‌ബീഐക്കാർ?. പക്ഷെ മാധ്യമങ്ങളും പൊതുബോധവും അന്യത്ര കരുതയേൽ!.
മിനിമം ബാലൻസിൻ്റെ പേരിൽ ഇടപാടുകാരെ ഉടച്ചു ചിരകി പിഴിഞ്ഞ് തേങ്ങാപ്പീരയാക്കുന്നതില്‍ മറ്റു ബാങ്കുകളും സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്നുണ്ടെന്നിരിക്കേ പത്രവാര്‍ത്ത വായിക്കുമ്പോഴും ഫേസ് ബുക്കില്‍ ചിലരുടെ ട്രോളുകള്‍ കാണുമ്പോഴും തോന്നുക അവയുടെ പാപഭാരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലയിലാണെന്നാണ്!.
സ്റ്റേറ്റ് ബാങ്കിൽ മിനിമം ബാലൻസ് കൊള്ള എന്നു വെണ്ടക്കയിൽ പേരെഴുതി നിരന്തരം വാർത്തയാക്കുന്ന യജ്ഞത്തില്‍ സമര്‍പ്പിതരായവര്‍ മിനിമം ബാലന്‍സ് ഇല്ലെന്നതിന്‍റെ പേരില്‍ കര്‍ഷക തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് കവര്‍ന്നു എന്ന വാര്‍ത്തയില്‍ സംശയത്തിന്‍റെ കുന്തമുന ബാങ്ക് ഭീമന്‍റെ നേരെയിരിക്കട്ടെ എന്ന മട്ടിൽ കൊച്ചുകള്ളന്‍റെ പേര് കൊടുക്കാതിരുന്നതില്‍നിന്നും മറ്റെന്താണ് വായിച്ചെടുക്കേണ്ടത്?.
മിനിമം ബാലന്‍സ് പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്ത് നിറഞ്ഞു നില്‍ക്കുന്നത് സ്റ്റേറ്റ് ബാങ്കല്ലേ. ഇതും അവര്‍ തന്നെ എന്നു ജനം ധരിച്ചോട്ടെ എന്നാവുമോ കൌടില്ല്യം?.
എന്തരോയെന്തോ!.

പുറംനാട്ടുകാരന്‍



പുറംനാട്ടുകാരന്‍

സംഭവ കഥനത്തിനു മുമ്പ് ലേശം സ്ഥലപുരാണമാവട്ടെ!

നഗര ഗ്രാമ ലക്ഷണങ്ങളുടെ അനുപാതമനുസരിച്ച് സ്ഥലനാമം സിദ്ധിച്ചിട്ടുള്ള പല പ്രദേശങ്ങളുമുണ്ട് മ്മടെ തൃശ്ശൂര്. അതിലൊന്നാണ് എന്‍റെ നാട് പുറനാട്ടുകര.

കാല്‍ ഭാഗം നാട്ടിന്‍പുറവും മുക്കാല്‍ നഗരവുമായതിനാല്‍ കാനാട്ടുകര. പകുതി റൂറലും പകുതി അര്‍ബനുമായി അരണാട്ടുകര. നാലില്‍ മൂന്ന് ഗ്രാമവും അവശേഷിക്കുന്നതു പട്ടണവുമായപ്പോള്‍ മുക്കാട്ടുകരയുണ്ടായി. ഒരു പൊട്ട് പട്ടണമില്ലാതെ നന്മയും നന്മയില്‍ ഗോപാലന്മാരും വസിക്കുന്ന പൂര്‍ണമായും നാട്ടിന്‍പുറമായ പൂര്‍ണനാട്ടുകര ലോപിച്ച് പുറനാട്ടുകരയായതായി ഞാനല്ല, വീവീക്കെ വാലത്തുമല്ല സാക്ഷാല്‍ പുത്തേഴത്ത് രാമമേനോനാണ്; പണ്ട് എഴുതിയിട്ടുണ്ട്.

വെച്ചുണ്ടു താമസിക്കുന്നവരില്‍ ഏറിയപങ്കും പുറംനാട്ടുകാര്‍ ആയതിനാല്‍ പ്രദേശം പുറനാട്ടുകര എന്നറിയപ്പെട്ടു എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലെ പള്ളിയിലെ വികാരിയച്ചന്‍ ഇടവക പെരുന്നാളിനിറക്കിയ സപ്ലിമെന്റില്‍ വെച്ചു കാച്ചിയതു വായിച്ചപ്പോള്‍ അതിനും അര നൂറ്റാണ്ടു മുമ്പ് പുത്തേഴന്‍ എഴുതിയ പുസ്തകം അന്വേഷിച്ചു കണ്ടുപിടിച്ച് അദ്ദേഹത്തിനു കൊണ്ടു കൊടുക്കുവാന്‍ തോന്നിയിരുന്നു. താനുള്‍പ്പെടെയുള്ള 'വരവൂരു'കാരെ കേന്ദ്രീകരിച്ചു നാടിന്‍റെ സ്ഥലനാമചരിത്രം പൊളിച്ചെഴുതുവാനാണോ അതോ വെറുതെ ഒരു വെറൈറ്റിക്കുവേണ്ടിയാണോ അദ്ദേഹം അങ്ങിനെ എഴുതി കളറാക്കിയത് എന്നറിയില്ല; സംഗതി ഇപ്പോള്‍ മാറി മറിഞ്ഞെത്തിയിരിക്കുന്നത് അച്ചന്‍ പറഞ്ഞിടത്തേക്കു തന്നെയാണ്!.

അതിവേഗം പുതുനഗരം എന്ന നിലയിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്ന നാട്ടില്‍ കപ്പലിറങ്ങുന്ന 'അധിനിവേശ'ക്കാരോട് എണ്ണത്തിൽ  രണ്ട്-രണ്ട് സമനില വഴങ്ങേണ്ടി വന്നപ്പോള്‍ പെട്ടെന്ന് ഐഡന്‍റിറ്റി നഷ്ടമായതുപോലെയാണ് ഇപ്പോള്‍ നമ്മള്‍ പുറനാട്ടുകരയിലെ 'ആദിവാസി'കളുടെ അവസ്ഥ!. അമ്പലമുറ്റത്തും വായനശാലയിലും വിളക്കുംകാല്‍ കവലയിലും പീടിക വരാന്തയിലും ചായക്കടയിലും സൊസൈറ്റി സൂപ്പര്‍ മാര്‍ക്കറ്റിലും റേഷന്‍ കടയിലും ആശ്രമം ബസ് സ്റ്റോപ്പിലുമെല്ലാം അന്യതാഭീതി നേരിടേണ്ടി വരുന്നു. പുതുവാസക്കാരുടെ സംശയദൃഷ്ടികളേയും നിശിതമായ ചോദ്യം ചെയ്യലുകളേയും അഭിമുഖീകരിക്കാതെ ഒരു ദിവസമെങ്കിലും കുടുമ്മം മുളയാനാവില്ലെന്നായിട്ടുണ്ട് പെറ്റ നാട്ടില്‍!.

"ടോണ്യേ, ഒരു സീര്‍ട്ട്."

"ഏതാ ബാല്‍ന്ദ്രേട്ടാ?."

"ഗോള്‍ഡ്‌."

ഒരു പുകയും പീടികയും വിട്ട് റോഡിലേക്ക് കാലെടുത്ത് വെച്ചതേയുള്ളു ജീരകസോഡകുടിയും ചുഴിഞ്ഞു പരിശോധനയും നടത്തിക്കൊണ്ടിരുന്നയാളുടെ പിന്‍വിളി:

"എസ്ക്യൂസ് മി."

"യെസ്?."

" കൊറെ നാളായി ഇവട്യൊക്കെ കാണുന്നു; പേരെന്താ?"

"ബാലചന്ദ്രന്‍."

"എന്ത് ചെയ്യുന്നു?"

" പെന്‍ഷണറാ."

"എന്തിലായിരുന്നു?."

"ബാങ്കില്."

"ഏത് ബാങ്ക്?."

"സ്റ്റേറ്റ് ബാങ്ക്."

"ഇവടെവട്യാ വീട് ?"

"അമ്പലത്തിനടുത്ത്."

"അമ്പലത്തിനടുത്തെവിടെ?"

"അനിലക്കരേടെ വീടറ്യോ?."

"ഉവ്വ്. അനില്‍ അക്കരേടെ?."

"തൊട്ട് വടക്കേ വീട്."

"ഓഹോ അവട്യാ വീട് വെച്ചേക്കണേല്ലേ?"

തുടര്‍ന്നാണ്‌ മൊഹമ്മദാലിയുടെ അപ്പര്‍ കട്ട്‌ :

" അപ്പോ നമ്മടെ സ്വദേശം?"

"...........!!!?."

പിറന്ന നാട്ടില്‍ അഭയാര്‍ത്ഥി, രോഹിംഗ്യന്‍, എലിയനേഷന്‍, അസ്തിത്വദുഖം, സാര്‍ത്ര്, കാമു എന്നൊക്കെ അവിടെയും ഇവിടെയും വായിച്ചിട്ടുണ്ടെങ്കിലും അതൊന്നും തലയില്‍ കയറിയിരുന്നില്ല.

ഇപ്പോ ഒരു വെളിവായി!.

ബുള്ളറ്റ്

ബുള്ളറ്റ് 

ബംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിയ്യറ്റര്‍ ഗ്രൂപ്പ് തൃശ്ശൂരില്‍ അവതരിപ്പിക്കുന്ന ദീപൻ ശിവരാമൻ്റെ നാടകം ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗരിയിൽ ഒരു വേഷവും ബംഗളുരു കന്യാകുമാരി എക്സ്പ്രസ്സിൻ്റെ മണവും പേറിയാണ് സഹോദരപുത്രൻ ദീപു വെളുപ്പിനു വീട്ടിൽ വന്നു കയറിയത്. സ്വീകരണമുറിയിലെ സെറ്റിയില്‍ തളര്‍ന്നിരുന്നപാടെ അവന്‍ പറഞ്ഞു:
"കുഞ്ഞച്ചാ ഒരു ബൈക്ക് വേണലോ; ബുള്ളറ്റ്."
"ടൌണില്‍ക്ക് പോവാനാ?. സ്കൂട്ടറുണ്ടലോ?. എന്തിനാപ്പൊ ബുള്ളറ്റൊക്കെ ?."
"അയ്‌, യാത്രക്കല്ല കുഞ്ഞച്ചാ!."
"പിന്നെ?."
"നാടകത്തിലിക്കാ. പ്രോപ്പർട്ട്യായിട്ട്."
"ഓ അത് ശരി."
"പെട്ടെന്നൊരെണ്ണം സംഘടിപ്പിക്കണം."
"പെട്ടെന്നെന്നൊക്കെ ഇപ്പൊ പറഞ്ഞാ എങ്ങന്യാ; ഇതൊക്കെ നേര്‍ത്തെ പറേണ്ടേ?"
"ശിവൻ്റെ വണ്ടി നേരത്തെ പറഞ്ഞ് ശര്യാക്കീതാര്‍ന്നു കുഞ്ഞച്ചാ. പക്ഷെ അതിന് പെട്ടെന്നൊരു കംപ്ലെയിന്റ് വന്നു. അത് നേര്യാക്കാൻ നോക്ക്ണ്ട്. എന്നാലും അതൊറപ്പിച്ചിരിക്കാന്‍ പറ്റില്ല്യ."
"ശിവനോ?."
"അതെ, ശിവന്‍ വെങ്കിടങ്ങ്."
"ഓ."
"വേഗം വേണം കുഞ്ഞച്ചാ സമയല്ല്യ. ഇനി ഒരാഴ്ചച്ചേള്ളു!."
"ഇന്നന്നെ വേണോ?"
"ഇന്ന് കിട്ട്യാ ബെസ്റ്റ്. വൈകീട്ട് റിഹേര്‍സല്ണ്ട്."
"അതിപ്പോ..... ഇന്നന്നെ കിട്ടണന്ന് വെച്ചാ എങ്ങന്യാ..."
"നാള്യായാലും മതി. ഇന്നിപ്പോ എങ്ങനേങ്ങിലും അജസ്റ്റീയാം."
"നോക്കട്ടെ."
"ഞാന്‍ ബാംഗ്ളൂരീന്ന് ജോഷീനെ വിളിച്ചിരുന്നു. അവന്‍ ശര്യാക്കാന്നൊക്കെ 
പറഞ്ഞ്ണ്ട്. "
"ങ്ഹാ പിന്നെന്താ!. മ്മടെ ജോഷ്യല്ലേ,അപ്പ വേറന്വേഷിക്കണ്ട. അവന്‍ ശര്യാക്കും."
ജോഷിയിൽ വിശ്വാസം ഉറപ്പിച്ച് ആ സംഭാഷണം അങ്ങിനെ അവസാനിച്ചു. അക്കാദമി ഭരത് മുരളി തിയ്യറ്ററില്‍ രണ്ടു ദിവസവും മൂന്നു കളിയുമായി വിജയകരമായി നാടകം കളിച്ചു. പൊട്ടലും ചീറ്റലും എക്കിട്ടവുമില്ലാത്ത കണ്ടീഷന്‍ ബുള്ളറ്റില്‍ പോലീസ് സബോര്‍ഡിനേറ്റിന്‍റെ പിന്നില്‍ സ്റ്റേജില്‍ വന്നിറങ്ങി തന്‍റെ നാട്യധര്‍മവും അനുഷ്ടിച്ച് ദീപു കൃതാര്‍ഥനായി. നാടകാനന്തരം അന്ന് രാത്രി കൂട്ടുകാരോടൊപ്പം ചെലവഴിച്ച് പിറ്റേ ദിവസം വീട്ടില്‍ വന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ അവന്‍ ചോദിച്ചു:
"അല്ലാ, എങ്ങനേരുന്നു കുഞ്ഞച്ചാ നാടകം?. ഇന്നലെ കണ്ടു സംസാരിക്കാന്‍ പറ്റീല്ല്യ. നാടകം കഴിഞ്ഞൊടനെ കുഞ്ഞച്ചനും ചെറിയമ്മേം പോന്നില്ല്യേ . "
"നാടകം ഇഷ്ടപ്പെട്ടു . ബുള്ളറ്റ് പിന്നെ ജോഷി ശര്യാക്ക്യല്ലേ?."
"ഏയ്‌ നോ നോ!. അത് ശിവന്‍റെ വണ്ട്യന്ന്യാര്‍ന്നു. അവനത് എങ്ങന്യോ ശര്യാക്ക്യോണ്ട് രക്ഷപ്പെട്ടു. ലേശം ടെൻഷണ്ടാർന്നു ചെയ്യുമ്പോ. പിന്നേ.......ജോഷീടെ കാര്യം നടന്നില്ല്യ."
"അയ്‌ അതെന്തേ?."
"അതൊക്കെ പറഞ്ഞാ വല്ല്യ തമാശ്യാ കുഞ്ഞച്ചാ!."
പൊടിച്ച പുട്ടിൻ കഷണത്തിന്മേൽ കാച്ചിയ രണ്ടു പപ്പടം വെച്ച് തകർത്തുകൊണ്ട് അവന്‍ സംഭവം വിവരിച്ചു.
"നാല് ദിവസം മുമ്പ് ജോഷി എന്നെ വിളിച്ചു പറഞ്ഞു. " ദീപ്വോ, ബുള്ളറ്റിൻ്റെ കാര്യം ഞാന്‍ ജയനോട് പറഞ്ഞണ്ട്. അവന്‍ ശര്യാക്കിത്തരും. പിന്നെ അവന് കൊറച്ച് കാര്യം അറിയാണ്ടത്രേ. നിന്നോടവന്യോന്ന് വിളിക്കാൻ പറഞ്ഞു. വേം വിളിക്കണട്ടാ. സമയല്ല്യ."
എന്നും പറഞ്ഞ് അവൻ എനിക്ക് ജയേട്ടൻ്റെ നമ്പറ് തന്നു."

"ജയനാ?."
"അതേന്ന്, ജയേട്ടന്‍!."
"അതിനവനെങ്ങന്യാണ്ടാ ..."
"അയ് പ്ലീസ്, പറേണത് കേക്ക് കുഞ്ഞച്ചാ. പറഞ്ഞ പോലെ അടുത്ത റിഹേര്‍സല്‍ ബ്രേക്കിന് തന്നെ ഞാന്‍ ജയേട്ടനെ വിളിച്ചു:
" ഹലോ."
"ഹലോ ജയേട്ടാ, ഞാന്‍ ദീപ്വാണ്."
"ങ്ഹാ ദീപു... ജോഷി പറഞ്ഞിരുന്നു. പക്ഷെ ഡീറ്റെയ്ല്‍സ് കിട്ടീല്ലിലോ. സാനം എന്നാ വേണ്ട്?."
"മറ്റന്നാള്‍ക്ക് വേണം."
"ഔ മറ്റന്നാളാ!."
"അതെ പിറ്റേൻ്റെ പിറ്റേ ദിവസാ കളി."
" ടൈറ്റാണ്. എനിക്കാച്ചാ നല്ല പണിത്തെരക്ക്വാ. അത് പോട്ടെ; എനിക്ക് ഡീറ്റെയിൽസ് താ. നോക്കട്ടെ."
"ഡീറ്റെയില്‍സൊന്നൂല്ല്യാ ചേട്ടാ. സാധനം കണ്ടീഷനായിരിക്കണം. അത്രന്നെ."
"കണ്ടീഷനാ?.
" അതെ, വണ്ടിക്ക് സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ പാടില്ല്യ .പ്രസ്സ്, സ്വിച്ച്, ആൻഡ് സ്റ്റാർട്ട്. നോ ഹിക്കപ്സ്."
"വണ്ട്യാ?."
"അതെ ചേട്ടാ, എൻഫീല്‍ഡ് ബുള്ളറ്റ്?."
" ബെസ്റ്റ് !. അതേയ് ദീപ്വോ, സംഗതി പിടി കിട്ടി. പക്ഷെ അതെൻ്റെ കയ്യിലില്ല്യ . എൻ്റെ വണ്ടി ആക്‌റ്റിവ്യാ. പുതീതാ. അജസ്റ്റിയാൻ പറ്റൂച്ചാ കൊണ്ടോക്കോ!. പിന്നെ ജോഷി എന്നോട് ചെയ്യാൻ പറഞ്ഞ സാനം ഇനി വേണച്ചാ എത്രേം പെട്ടെന്ന് മാറ്ററെനിക്ക് തരണം."
"മാറ്ററാ?. അവനെന്ത് ചെയ്യാനാ പറഞ്ഞേ ചേട്ടനോട്?."
" നിങ്ങടെ പ്രോഗ്രാമിൻ്റെ..... ."
"പ്രോഗ്രാമിൻ്റെ ?."
"ബുള്ളറ്റിൻ."
കുഞ്ഞച്ചനും മരുമോനും ചേർന്ന് ചിരിച്ചു ചിരിച്ചു തൻ്റെ ഫെമിനിസ്റ്റ് പങ്കുകൂടി കപ്പിയെങ്കിലോ എന്നു ഭയപ്പെട്ടായിരിക്കണം രണ്ടു പേർക്കുമിടയിൽനിന്ന് പുട്ടിൻ പാത്രം മിന്നൽ വേഗത്തിൽ കൈവശപ്പെടുത്തി ഭാര്യ അടുക്കളയിലേക്ക് നീങ്ങി.

2018, ജനുവരി 1, തിങ്കളാഴ്‌ച

മുന്നൊരുക്കം



മുന്നൊരുക്കം

മുഖത്തു തേപ്പും ചമയവും കഴിഞ്ഞു. കണ്ണാടിയെടുത്തു മുഖം നോക്കി. പെര്‍ഫെക്റ്റ്!. ഒരുറപ്പിന് സഹനടനെ വിളിച്ചു ഡയലോഗിന്‍റെ ഒരു ഫാസ്റ്റ് ത്രൂ പെട്ടെന്ന് തരമാക്കി.

"പോരെ ബാലേട്ടാ?."

"മതി. "

നാടകം തുടങ്ങാന്‍ ഇനി പത്തു മിനിറ്റ്. ഡയലോഗ് മനസ്സിലുരുവിട്ടു കൊണ്ട് നടീ നടന്മാര്‍ പിന്നരങ്ങില്‍ അച്ചാലും മുച്ചാലും നടക്കുന്നത് കണ്ടപ്പോള്‍  മനസ്സില്‍ ടെന്‍ഷന്‍ ഇരച്ചു കയറി. ഇതൊരു പതിവാണ്. കാലമിത്രയായിട്ടും കര്‍ട്ടന്‍ ഉയരുന്നതുവരെ സംഭ്രമിക്കുന്ന അസ്കിതക്ക് ഇന്നും ഒരു കുറവില്ല. അരങ്ങിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിക്കുന്നത് വരെ അവന്‍ പിരിമുറുക്കി അകം ഭരിക്കും. നാലു നാള്‍ മുമ്പ് നാടകം കളിക്കാന്‍ തുടങ്ങിയ ചെറുബാല്യക്കാര്‍ വരെ  കര്‍ട്ടന്‍ ഉയരുന്നത് അക്ഷമയോടെ കാത്തു നില്‍ക്കുന്നത് കാണുമ്പോൾ സ്വയം പരിഹസിക്കാറുണ്ട്.

മന്തന്‍!. നാടകമെത്രയോ ആടിയിട്ടും നാടക പൂർവ നെഞ്ചിടിപ്പ് ഇന്നും അരങ്ങ് വിട്ടിട്ടില്ല!. സ്വയം പരിഹസിക്കുകയല്ലാതെ അനുഭവസമ്പന്നന്മാർക്ക് പുറത്തു പറയാന്‍ കൊള്ളുന്ന കാര്യമല്ലല്ലോ ഇതൊന്നും!.

ബാക്ക് കര്‍ട്ടനു പിന്നിലെ വെളിച്ചം കടന്നു വരാത്ത മൂലയില്‍ ചെന്ന് തടി വിയര്‍ക്കാത്ത തരം ചെറുകിട ശ്വസനവ്യയാമങ്ങളിലേക്ക് കടന്നപ്പോഴാണ് ലൈറ്റ് അസിസ്റ്റണ്ട് അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കിയത്‌.

"അയ്‌, എന്താ ബാലേട്ടാ ഒറ്റക്കിരുട്ടത്ത്?. "

"ഒന്നൂല്ല്യ ലേശം ശ്വസനക്രിയ. ടെന്‍ഷന്‍ണ്ട്."

അറിയാതെ പറഞ്ഞു പോയത് പിഴച്ചു.

"എന്തൂട്ട്!. ടെന്‍ഷനാ?. ബെസ്റ്റ്!. ഇത്രെക്സ്പീരിയന്‍സ്ള്ള ബാലേട്ടനാ ടെന്‍ഷന്‍?. തമാശ കളയ് ബാലേട്ടാ."

"തമാശ്യല്ല, സത്യം. ടെൻഷൻ എപ്പഴും  എന്‍റെ കൂടേണ്ട്. പക്ഷെ കര്‍ട്ടന്‍ പൊന്ത്യാ അതൊക്കെ മാറും  ട്ടാ."

"ഒരു തരത്തിലത് നല്ലതാ ബാലേട്ടാ. അല്‍പ്പം ടെന്‍ഷനൊക്കെ."

ഘനഗംഭീരമായ സ്വരം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ പ്രധാന നടന്‍!.

ഒഴിഞ്ഞ സ്ഥലം നോക്കി ഒന്ന് വലിക്കാനായി ഞങ്ങള്‍ നില്‍ക്കുന്ന അന്ധകാരമുക്കിലേക്ക് വന്നതാണ് പ്രശസ്തന്‍ .

"അതൊക്കേണ്ടാവും. ണ്ടാവണം. നാടകത്തിനുള്ളില്‍ നമ്മള്‍ നില്‍ക്കുന്നു എന്നതിന്‍റെ ലക്ഷണാ അത്."

"അല്ല; അപ്പൊ ഇതൊക്കെ സ്വാഭാവികാണോ?."

"കൊയറ്റ് നേച്ചുറല്‍. ഇതൊക്കെ ഏതാണ്ടെല്ലാര്‍ക്കൂണ്ട് ബാലേട്ടാ. ഇല്ലെന്നു പലരും ജാട കാട്ടി നടക്കുന്നെന്നേള്ളു."

"അപ്പൊ നമുക്കൂണ്ടോ?."

"ആര്‍ക്ക് എനിക്കാ?."

"അതെ."

"വൈ നോട്ട്?. ബാലേട്ടന്‍ ശ്വസനക്രിയ ചെയ്യുന്നു ഞാന്‍ ബീടി വലിക്കുന്നു അത്രേള്ളൂ വെത്യാസം."

നായകനടന്‍ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.

"എല്ലാവരും വന്നേന്‍ സമയായി. വേഗം വേഗം !."

സംവിധായകനാണ്. കളി തുടങ്ങാന്‍ പോകുന്നു. അതിനു മുമ്പ് കര്‍ട്ടനു പിന്നില്‍ വട്ടം കൂടലുണ്ട്.

അപ്പോള്‍ സംഗതി  കൊള്ളാവുന്ന രോഗമാണ്. മഹാനടന്മാര്‍ക്കുപോലുമുള്ളത്!.

ഉയരാന്‍ പോകുന്ന തിരശ്ശീലക്ക് പിന്നില്‍ മൊത്തം സംഘാംഗങ്ങളോടൊപ്പം കൈകോര്‍ത്തു ധ്യാനിച്ചു നില്‍ക്കുമ്പോള്‍ മനസ്സില്‍ ക്രമസമാധാനം പുന:സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 
;
;

;

;
;
ഇനി, ദാ..ഇന്ന് ഇതെഴുതിയതിനു പിന്നാലെ ഫേസ് ബുക്കില്‍ വായിച്ചത്...

പണ്ടൊരു ഫിലിം ഫെസ്റ്റിവലില്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത് മിനുങ്ങി ഇരുന്നിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള തന്നോടു ചോദിച്ചതായി IFFK 2017 പുരസ്കാരം നേടിയ 'ഏദന്‍' എന്ന സിനിമയുടെ കഥാകാരന്‍ ശ്രീ. എസ്. ഹരീഷ് എഴുതിയതാണ്.
വിദേശസിനിമയാണ്. സബ് ടൈറ്റിലില്ലാത്ത കടുകട്ടി ഇംഗ്ലീഷ് സംഭാഷണങ്ങള്‍. പരസ്പര ബന്ധമില്ലാത്ത രംഗങ്ങള്‍. ചുറ്റുമുള്ളവര്‍ നല്ല ഗൌരവത്തിലിരിപ്പാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞബ്ദുള്ള അപരിചിതനായ ഹരീഷിനെ ദയനീയമായി നോക്കി ചോദിച്ചു:
"വല്ലതും പിടി കിട്ടുന്നുണ്ടോ?"
"ഇല്ല."
അപ്പോള്‍ തന്നെ ഇരുട്ടില്‍ തപ്പിത്തടഞ്ഞു പുറത്തിറങ്ങിയത്രേ കുഞ്ഞബ്ദുള്ള!. പിന്നാലെ ഹരീഷും. 

:

:

:
അപ്പോള്‍ അക്കാര്യത്തിലും ഒരു തീര്‍പ്പായി. സമാധാനത്തിലേക്ക് വലിയവര്‍ കാട്ടിത്തരുന്ന എത്രയെത്ര വഴികള്‍!.