2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

നിർമ്മായ കർമ്മണാ ശ്രീ:


നിർമ്മായ കർമ്മണാ ശ്രീ: 

തമാശ പറഞ്ഞും തര്‍ക്കിച്ചും കളിയാക്കിയും ശാസിച്ചുപദേശിച്ചും ഞങ്ങള്‍ക്കിടയില്‍ ജീവിച്ച ഒരു സുഹൃത്തുതന്നെയായിരുന്നു ശക്രാനന്ദസ്വാമി. അത്രമേല്‍ ആകര്‍ഷകമൊന്നുമല്ലെങ്കിലും നമ്മുടെ ഉള്ളിന്‍റെ ഉള്ളളക്കുന്ന തിളങ്ങുന്ന കണ്ണുകളും പ്രകാശം പരത്തുന്ന പുഞ്ചിരിയും നമ്മെ എളുപ്പത്തില്‍ വശീകരിച്ചുകളയും. അപ്പർ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങൾ കണ്ടിരുന്ന, ആശ്രമം ഹോസ്റ്റലിലെ  കുട്ടിപ്പോക്കിരികളുടെ കൈവെള്ളയിൽ   ചൂരൽ വിളക്കിയിരുന്ന   മാറാജിനെ (മഹാരാജ്)  ഞങ്ങള്‍ക്ക് തീരെ ഇഷ്ടമായിരുന്നില്ല. പക്ഷെ മധ്യവേനല്‍ അവധിക്കാലത്തൊരുനാള്‍ വിഷുപ്പടക്കത്തിനു പണമുണ്ടാക്കാനായി ആശ്രമം ഗ്രൌണ്ടിലെ കശുമാവുതോപ്പിൽ   ഒളിച്ചുകടന്ന് കശുവണ്ടി പെറുക്കിക്കൊണ്ടിരിക്കുമ്പോൾ  ഇടവഴിയിലൂടെ കടന്നു പോകുന്നതിനിടയില്‍ ഞങ്ങളെ  കയ്യോടെ പിടി കൂടി ചോദ്യം ചെയ്ത കാഷായവസ്ത്രധാരിയില്‍ ഇഷ്ടപ്പെടാതിരിക്കാന്‍ വയ്യാത്ത ഒരു മനുഷ്യനുണ്ടായിരുന്നു!.

“ആരാണത്? ആ കുട്ടികള്‍ ഇവിടെ വരൂ!.” 

വേലിപ്പഴുതിലൂടെ കണ്ണോടിച്ച് സ്വാമി കല്‍പ്പിച്ചപ്പോള്‍  ഞങ്ങള്‍ നടുങ്ങി.  !

ഓടിപ്പോകാൻപോലും ധൈര്യമില്ലാതിരുന്നതുകൊണ്ട് വിറക്കുന്ന ശരീരവും  മനസ്സുമായി ഞങ്ങള്‍ സ്വാമിക്കു  മുന്നില്‍ചെന്നു തല താഴ്ത്തി നിന്നു.

“എന്താണ് നിങ്ങളവിടെ ചെയ്തോണ്ടിരുന്നത്?”

“അണ്ടി പറക്ക്വാര്‍ന്നു”

“ആശമത്തില്‍ ചോദിച്ചു സമ്മതം വാങ്ങിയിരുന്നോ?”

“ഇല്ല്യ.”

“അങ്ങിനെയെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റല്ലേ?”

“.......”

“എന്താണ് കുട്ടികള്‍ മിണ്ടാത്തത്?”

അതെ.”

“തെറ്റാണെന്നറിഞ്ഞിട്ടും അതു ചെയ്തു അല്ലേ?”

“......”

“അങ്ങിനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ? ചോദിക്കട്ടെ; നിങ്ങളൊക്കെ ആശ്രമം സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികൾ  തന്നെയല്ലെ?”

“അതെ.”

“എന്നിട്ടാണൊ ഇങ്ങിനെയൊക്കെ?”

“......”

“ഇതാണോ  നിങ്ങളുടെ അദ്ധ്യാപകര്‍ നിങ്ങളെ പഠിപ്പിക്കുന്നത്?”

“......”

“കുട്ടികളേ,   അനുവാദമില്ലാതെ   ആരുടെയും    മുതല്‍   കൈവശപ്പെടുത്തരുത്!.
അതു മോഷണമാണ്. മോഷ്ടാക്കളാകാ നല്ലല്ലോ അച്ഛനമ്മമാര്‍ നിങ്ങളെ സ്‌കൂളിൽ പറഞ്ഞയക്കുന്നത്?."


“അല്ല.”

“ഗുഡ്!. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ആശ്രമവളപ്പിലെ അണ്ടിയും മാങ്ങയും ചക്കയും പേരക്കയും എല്ലാം നിങ്ങൾക്കുകൂടി ഉള്ളതുതന്നെ. പക്ഷേ അതെല്ലാം വേണമെന്ന് ‌തോന്നുമ്പോള്‍ ആശ്രമത്തില്‍ വന്നുചോദിച്ച് അനുവാദം വാങ്ങണം. അങ്ങിനെ കയറിച്ചെന്നു ചോദിക്കുവാനുള്ള ധൈര്യവും സാമര്‍ത്ഥ്യവും നിങ്ങള്‍ക്കുണ്ടാവണം. അതിനൊക്കെയാണ് നിങ്ങള്‍ക്ക് വിദ്യഭ്യാസം തരുന്നത് അല്ലേ?”

“അതെ.”

“ഗുഡ്. ഇതെപ്പോഴും ഓര്‍മ്മ വെച്ചു വളരുക. നിങ്ങളൊക്കെ നല്ല കുട്ടികളാണ് കേട്ടോ. ശരി, ഇനി നിങ്ങളുടെ പോക്കറ്റ് നിറയാനുള്ള കശുവണ്ടി മാത്രം പെറുക്കിയെടുത്തുകൊണ്ട് പോയ്ക്കോളൂ. പോകുമ്പോള്‍ ഗ്രൌണ്ടിന്‍റെ ആശ്രമത്തിനു മുന്നിലുള്ള ഗേറ്റ് കടന്നു പോകണം. വന്നപോലെ വേലി ചാടിയാകരുത് മനസ്സിലായല്ലോ? ഗേറ്റിന്‍റെ വാതിലടക്കാന്‍ മറക്കുമോ?”

“ഇല്ല്യ സ്വാമി!.”

കോറസ്സിൽ മറുപടി പറയുമ്പോൾ  വല്ലാത്തൊരു ഒരൂർജ്ജം  ഞങ്ങളിൽ നിറഞ്ഞതായി അനുഭവപ്പെട്ടു  . 

“ഗുഡ്!. ശരി, ഇനി നിങ്ങളുദ്ദേശിച്ച  കാര്യം നടക്കട്ടെ.”

കാലന്‍കുട  നിലത്തുകുത്തി വഴിയോരത്തൊടികളിലേക്ക് ഇടംവലം നോക്കി നടന്നു നീങ്ങിയ  സ്വാമിയെ  അന്നാദ്യമായി ഞങ്ങള്‍ക്കിഷ്ടപ്പെട്ടു!.

ആശ്രമം സ്‌കൂളിന്  ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടിയ കാലം . അനുമതിക്കൊപ്പം   സ്വാഭാവികമായ ആശങ്കകളും തലപൊക്കി !. നിലവിലുള്ള സ്കൂള്‍ സമുച്ചയത്തിന്റെ  പരിമിതിയിലൊതുക്കി  പ്ലസ് ടൂ ക്ലാസുകള്‍ നടത്തുന്നത് അപ്രായോഗികം. സർക്കാർ മാന്വൽ പ്രകാരമുള്ള പുതിയ കെട്ടിടം  പണിയണം. സ്ഥലം ഇഷ്ടംപോലെ. പക്ഷേ പണം എങ്ങിനെ സമാഹരിക്കും? ഒരു കോടിക്കുമുകളിലാണ്  എസ്റ്റിമേറ്റ്!

ഈ സാഹചര്യത്തിലൂടെ  കടന്നുപോകുന്ന  അവസരത്തിലാണ്  ഒരു സായാഹ്നത്തിൽ ഞാൻ സ്വാമിയെ കാണാന്‍ ചെന്നത്.  പ്ലസ് ടൂ സ്കൂളിനു വേണ്ട കെട്ടിടം, ലാബ് തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കേണ്ടതിന്‍റെ ആവശ്യകതയും അതിനുവേണ്ടിയുള്ള വിഭവസമാഹരണത്തിന്‍റെ സാദ്ധ്യതകളും വഴികളും   സ്വാമി എന്നോടു വിവരിച്ചു.

“അദ്ധ്യാപകനിയമനത്തിനായി അഞ്ചു  തരാം ആറു  തരാം എന്നൊക്കെ പറഞ്ഞു നിരവധി പേര്‍ ഇവിടെ ദിവസേന വരുന്നുണ്ട്. രാഷ്ട്രീയക്കാരും സംസ്കാരികപ്രവര്‍ത്തകരുമായി സമൂഹത്തിലെ വലിയ വലിയ വ്യക്തികളുടെ ശുപാര്‍ശകള്‍ വേറെ. പക്ഷേ ആ വഴി പോകാനാവില്ല. അത് ധര്‍മ്മവിരുദ്ധമാണ്. കിട്ടാവുന്ന ഏറ്റവും നല്ല ചെറുപ്പക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കാനാണുദ്ദേശിക്കുന്നത്. വിദ്യഭ്യാസവകുപ്പുദ്യോഗസ്ഥരും, സബ്ജക്റ്റ് എക്സ്പേര്‍ട്ടുകളും പ്രിൻസിപ്പാളും  സ്കൂള്‍ മാനേജരും ചേര്‍ന്ന ഒരു ഇന്‍റര്‍വ്യൂ പാനൽ  അവരെ തെരഞ്ഞെടുക്കും. പാനൽ റെഡിയായി വരുന്നു. ”

അദ്ധ്യാപകനിയമനത്തിനായി അഞ്ചും   ആറുമല്ല   ദശലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ മുങ്ങിയും പൊങ്ങിയും   കോഴപ്പുഴയില്‍ ഒഴുകിനടക്കുന്ന ഒരശ്ലീലകാലത്ത് ആശ്രമമുറ്റത്തുനിന്നും ഉയര്‍ന്നുകേട്ട ആ വിശുദ്ധപ്രഖ്യാപനം എനിക്കു വിശ്വസിക്കാനായില്ല!. പക്ഷേ വിശ്വസിക്കേണ്ടി വരികതന്നെ തന്നെ ചെയ്തു.

“അത്തരം ഡൊണേഷനൊന്നും ആശ്രമത്തിനു വേണ്ട. അല്ലാതെതന്നെ ഈ നല്ല കാര്യത്തിനുള്ള  പണം ഈ മുറ്റത്തു വന്നു ചേരും.”

ചെടിച്ചട്ടികൾ വെച്ചലങ്കരിച്ച ആശ്രമക്ഷേത്രമുറ്റത്തെ  കിണര്‍മതിലിനരികില്‍ വെച്ച്  ആരാത്രികത്തിനു  ക്ഷേത്രത്തില്‍ കയറുന്നതിനു തൊട്ടുമുമ്പായി സ്വാമി എന്നോടു ആത്മവിശ്വാസം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എങ്ങിനെ?”

അവിശ്വസനീയതയും വെല്ലുവിളിയും അൽപ്പം ധാർഷ്ട്യവും കലർന്ന    എന്‍റെ ചോദ്യത്തിനു  മറുപടിയായി ക്ഷേത്രത്തിനുള്ളിലെ പരമഹംസ പ്രതിഷ്ഠയിലേക്ക് നോക്കി കൈകൂപ്പിക്കൊണ്ട് സ്വാമി  മന്ത്രിച്ചു

“തരും,  ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ തരും!.”

വൈതരണികള്‍ ഏറെ തരണം ചെയ്യേണ്ടി വന്നെങ്കിലും അന്തിമവിജയം സ്വാമിയുടെ അചഞ്ചലമായ ശ്രീരാമകൃഷണഭക്തിക്കുതന്നെയായിരുന്നു!. ഇടവും പ്രൌഡിയും സൌകര്യങ്ങളും തികഞ്ഞ സ്കൂള്‍ സമുച്ചയവും ഭൂമിമലയാളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഡൊണേഷന്‍ എന്ന ചെല്ലപ്പേരിലൊളിപ്പിച്ച  കോഴ വാങ്ങാതെ നിയമിക്കപ്പെട്ട റാങ്ക് ജേതാക്കളും ഊര്‍ജസ്വലരും ദിശാബോധമുള്ളവരുമായ  അദ്ധ്യാപകരുടെ വലിയൊരു നിരയുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം  സ്കൂള്‍ ഇന്ന് കേരളത്തിലെ മികച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളിലൊന്നാണ്!.

ബാല്യത്തിലും  മധ്യവയസ്സിലുമായി  നേരിട്ടനുഭവിച്ച ഈ  രണ്ടു ദൃഷ്ടാന്തങ്ങള്‍തന്നെ എനിക്കു വേണ്ടതിലധികമായിരുന്നു; ആ കര്‍മയോഗിയെ ഒരാരാധനാപാത്രമാക്കി ഹൃദയത്തിൽ സൂക്ഷിക്കാൻ!.

2011 ജൂലായ് മാസം 29ന് സ്വാമി ഇഹത്തോടു വിടവാങ്ങി.

മാഹഗുരോ, ഒരിക്കലും മങ്ങാത്ത അങ്ങയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം....സ്നേഹം!.