2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ലവണാസുരം




ലവണാസുരം

മണ്‍മറഞ്ഞുപോയ  കാരണവന്മാരുടെ  ആത്മാക്കൾക്ക്     മദ്യവും മാംസവും വീതു വെച്ച് നിവേദിക്കുന്ന  ഒരു ആണ്ടറുതി അനുഷ്ടാനം പണ്ട്  ചില തറവാടുകളിൽ പതിവുണ്ടായിരുന്നു. അന്നേ ദിവസം  തറവാട്ടുകാരേയും നാട്ടുകാരില്‍ അത്യാവശ്യം വേണ്ടപ്പെട്ടവരെയും  ക്ഷണിച്ചു വരുത്തും.  അടച്ചിട്ടു പൂജയും സല്‍ക്കാരവുമാണ് മുഖ്യം. മദ്യവും   മാംസവുമാണ്    ചടങ്ങിനെ  ജനപ്രിയമാക്കിയിരുന്നത്!  സന്ധ്യയ്ക്ക് കുടുംബത്തിലെ തലമൂത്ത കാരണവര്‍ കുളിച്ചു ശുദ്ധമായി ചായ്പ്പിൽ കയറി വാതിലടച്ചിട്ടു രണ്ടാമതൊരാളെ കൂട്ടാതെ  ഗോപ്യമായി ചെയ്യുന്ന പൂജക്കുശേഷം  പ്രേതാത്മാക്കക്ക് നിവേദിച്ച പൊരിച്ച കോഴിമാംസത്തുണ്ടുകള്‍ പ്രസാദമായി വിതരണം ചെയ്യും. തുടര്‍ന്ന് കോഴിക്കറിയും  മറ്റു സാമ്പ്രദായിക സസ്യവിഭവങ്ങളും ചേര്‍ന്ന സദ്യ. ഇതിനിടയിൽ മുതിര്‍ന്നവരുടെ വീരഭദ്രസേവ. കള്ളും  ചാരായവും  മില്ലിക്കു മില്ലി സമാസമം ചേര്‍ത്തുള്ള കോക്ക്ടെയിൽ.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു വീതുവെപ്പിന്‍റെ    കഥ പറയാം....


പൂജ യഥാവിധി കഴിഞ്ഞു. കീഴ്വഴക്കമനുസരിച്ച് അകത്ത് 'സ്ത്രീകളും കുട്ട്യോളും' ഉണ്ടുകൊണ്ടിരിക്കുന്നു. പുറത്ത്  വരാന്തയോടു ചേര്‍ന്നുള്ള ചായ്പ്പില്‍ അതീവരഹസ്യമായി  മുതിര്‍ന്നവരുടെ  സേവാഗ്രാം ആരംഭിക്കുന്നു. കാര്യപരിപാടിയുടെ ഔപചാരികമായ ഉത്ഘാടനരൂപത്തില്‍ നൂറു മില്ലി  . പിടിപ്പിച്ച്  കോഴിച്ചാറ് തൊട്ടു നക്കിയ കാരണവര്‍ അയ്യപ്പന്‍ നായരാണ് സംഗതി കണ്ടു പിടിച്ചത്. കോഴിയിൽ ഉപ്പ് ക്ഷമിക്കാവുന്നതിലുമപ്പുറം!  തയ്യാറിപ്പിന് ഉത്തരവാദിയായ ഗോവിന്ദന്‍ നായരോട് കാരണവര്‍  കാര്യം തിരക്കി :

" ദെന്താടോ ഗോയിന്നാ! കോഴി വായേല് വെക്കാന്‍ കൊള്ളില്ലിലോ! ഉപ്പിന്‍റപ്പനാ  സാനം!. "

നിജസ്ഥിതി അറിയാന്‍ കറി തൊട്ടു കൂട്ടിയവരൊക്കെ കാരണവരുടെ വിലയിരുത്തലിനെ പിന്താങ്ങി.

"ഔ! ഔ ശര്യന്നെ!. ഉപ്പു വല്ലാണ്ടേണ്ട്‌  കറീല്!"

പിന്തുണ കിട്ടിയപ്പോള്‍ കാരണവര്‍ക്ക്‌ ആവേശം മൂത്തു :

"ടോ  കൊശവാ, ഇത് കോഴീല് ഉപ്പിട്ടതോ അതോ കോഴി ഉപ്പിലിട്ടതോ?"

ഒരു കഷ്ണമെടുത്തു വായിലിട്ട് രസപരിശോധന നടത്തിയ ഗോവിന്ദന്‍ നായര്‍ക്കും കാര്യം ബോധ്യമായി. ഉപ്പിലിട്ടതു തന്നെ!.

പച്ചക്കറി ദേഹണ്ഡിച്ചു മാത്രം പരിചയമുള്ള തന്നോട് "  ഗോയിന്നാ തനിക്കു കോഴിക്കൂട്ടാൻ വെച്ച് ശീലണ്ടോ ?" എന്ന് കാരണവര്‍ ചോദിച്ചപ്പോള്‍ മറിച്ചൊന്നു പറയാന്‍ നില്‍ക്കാതെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.  അതിങ്ങനെ ഒരു ദുരന്തത്തിൽ  കലാശിക്കുമെന്ന് കരുതീല്ല്യ. ഇനീപ്പോ എന്താ ഒരു സമാധാനം പറയ്വാ?. ഗോവിന്ദന്‍നായര്‍ വട്ടത്തിലായി. ഒരു കാരണം കാണിക്കൽ നോട്ടീസ്  കാരണവരുടെ ശരീരഭാഷയില്‍നിന്നും വായിച്ചെടുത്ത ഗോവിന്ദന്‍ നായര്‍ പറഞ്ഞു :

" ശര്യാ. ഉപ്പു പൊടിക്കു  കൂടലാ  ."

" പൊടിക്കൊന്ന്വല്ല. ഒരു വണ്ടിക്ക്!. പറേടോ കോഴ്യോണ്ട് താൻ എന്തൂട്ടാ ചീതേ ?!.".

കാരണവര്‍ക്ക് ലേശം കയറിത്തുടങ്ങിയിരുന്നു.

അയ്യപ്പന്‍ നായരുടെ വടിച്ചു മിനുക്കിയ മുഖത്തെ രൂക്ഷത  ദര്‍ശിച്ചു നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ ഗോവിന്ദന്‍ നായര്‍ തട്ടിയും തടഞ്ഞും പറഞ്ഞു:

"അല്ല..... അയ്യപ്പന്‍ നായരേ ... അത് ....പ്പോ... എന്താ പറയ്വാ ...പണിക്കാരൻ വേലായുധൻ  കൂട്ടീന്ന് കോഴീനെ പിടിച്ച്‌ കൊല്ലാൻ കൊണ്ടുവുമ്പോ  ഞാന്‍ കണ്ടേര്‍ന്നു. "

" ആരെ?. കൊഴീന്യോ അതോ വേലായുധന്യോ?.

"  കൊഴീന്യന്നെ. നല്ല വണ്ടന്‍ ചാത്തന്‍കോഴ്യാർന്നു!. "

" ന്നട്ടോ?."

" കറീല് ഉപ്പിടുമ്പോ അതാർന്നു മനസ്സില്."

" ഏത് ?.  കൊല്ലാൻ കൊണ്ടോമ്പോ കണ്ട കോഴീടെ വലുപ്പോ?."

"അതെ!."

ഗോവിന്ദന്‍ നായരുടെ സത്യസന്ധമായ മറുപടി എല്ലാവരെയും തെല്ലിട നിശ്ശബ്ദരാക്കി. അയ്യപ്പന്‍ നായര്‍ നിരായുധനായി. ഇടത്തരം  വലുപ്പത്തിലുള്ള ഓട്ടുരുളി നിറയെ തന്നെ  പരിഹസിച്ചു ചിരിക്കുന്ന  കോഴിക്കറി നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട്  കാരണവര് പറഞ്ഞു:

"ന്നാ ഗോയിന്ദാ. ഈ കോഴിക്കറി ഇവടെ ചെലവാവാന്‍ വെഷമാ.   താനൊരു കാര്യം ചെയ്യ്വാ. ഒക്കക്കൂടി വരണ്ടീട്ത്ത്ട്ട് ആ കുണ്ടൻബോണീലാക്കി   ശങ്കരന്‍റെ ഷാപ്പില്  കൊണ്ട് കൊടുക്ക്വാ. അവട്യാച്ചാ  കളേണ്ടി വരില്ല്യ. "

കള്ളുവീഴ്ത്തിലെ  ഉപദംശപ്രശ്നത്തിന്  മുട്ടുശാന്തിയായി അകത്തുനിന്നും കാച്ചിയ പത്തു പന്ത്രണ്ടു പപ്പടവും ഒരു ഡവറ മാങ്ങാക്കറിയും കൊണ്ടുവരുവാന്‍ അനന്തരവനോട് വിളിച്ചു പറഞ്ഞ ശേഷം കാരണവര്‍ കോട്ടികാട്ടിക്കൊണ്ടു ഗോവിന്ദന്‍ നായരോടു പറഞ്ഞു:

"ഔ! ന്നാലും എന്‍റെ ഗോയിന്ദാ! കറീല് ഉപ്പ്ടുമ്പോ താന്‍ കോഴിക്കൂട് മനസ്സില് കണ്ടില്ലിലോ !. ഭാഗ്യം!."