2013, നവംബർ 12, ചൊവ്വാഴ്ച

സത്യസന്ധത


സത്യസന്ധത 

ബി.എ പാസ്സായി  കാജാബീഡിയും അമ്പലപ്പറമ്പിൽ അമ്പത്താറു കളിയും കാതിലെ  മച്ചിങ്ങഞാത്തും താര ടാക്കീസിൽ  സെക്കന്റ് ഷോയുമായി  തേരാ ആൻഡ്‌ പാര കളിച്ചു നടക്കുന്ന കാലം. ഏതോ ദേശസാൽകൃത ബാങ്കിലേക്ക് 'അപ്പ്ളിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ്‌ ഓഫ്....' ഒന്നയക്കാനായി ഒരു നട്ടുച്ചയ്ക്ക്  പോസ്റ്റ്‌ ആപ്പീസിലേക്ക് പോയതാണ്. അവിടെ ചെന്നപ്പോള്‍ ആകെ  ബഹളം. ആശ്രമം സ്കൂളിലെ ഒരു മാഷ് പരവശനായി വിയർത്തു കുളിച്ചു നില്‍ക്കുന്നു. പോരാത്തതിന് പോസ്റ്റ്‌ മാഷും പോസ്റ്റ്‌ മാൻ എഴുത്തശ്ശനും എന്തൊക്കെയോ ചോദിച്ച് മാഷെ വശം കെടുത്തുന്നുമുണ്ട്. കന്നുകാലി പൊരുത്തുകാരന്‍ പൈലോത് മാപ്ലയുമുണ്ട് കൂട്ടത്തിൽ. ഞാൻ കാര്യം തിരക്കി. കോട്ടയത്തുള്ള വീട്ടിലേക്ക്‌ മണി ഓര്‍ഡര്‍ അയക്കാന്‍ വന്നതാണ് മാഷ്. കരുതിക്കൊണ്ടു  വന്ന  നൂറു രൂപ കാണാനില്ല. മണി ഓര്‍ഡര്‍ ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ പണം മേശപ്പുറത്തു അഞ്ചടി പത്തടി നടന്ന് മൂക്കൊന്നു ചീറ്റി വന്നപ്പോഴേക്കും പണം കാണാതായത്രേ!

 " അയ്‌ ..അപ്പൊ പണം എവിടെ പോവാനാ  മാഷേ ?" 

എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശുദ്ധഗതിക്കാരനായ പൊറിഞ്ചു മാപ്ല എടുത്തു ചാടി പറഞ്ഞു: 

"അതന്ന്യാ  ഞാനും ചോദിക്കണേ കുട്ട്യേ !. ഈ മാഷ് വരുമ്പോ ഞാന്‍ ഇബടേണ്ട്.  വേറാരും ഇതിനെടയ്ക്ക് ഇബടെ വന്ന്ട്ടൂല്ല്യ ഇബട്ന്ന്  പോയിട്ടൂല്ല്യ . അപ്പപ്പിന്നെ എവടെ പൂവാനാ  പണം ?"

-x-x-x-x-x-






2013, നവംബർ 8, വെള്ളിയാഴ്‌ച

അമ്മയും മകനും

അമ്മയും മകനും 


ചെറുബാല്യത്തിലെ  ഒരു  വേനലവധിക്കാലം.

"അതേയ് നോക്ക്വോ, ഇന്നെന്തായാലും മുണ്ടൂര് പോണം ട്ടാ. ഇനി അവനോന് നേരല്ല്യാച്ചാ ചന്നരനേം കൂട്ടി ഞാൻ പൂവാൻ നിരീച്ച്ണ്ട്!. പത്തു മാസം ചോന്ന് പെറ്റൊരു തള്ളേണ്ട് അവടെ.  വല്ലപ്പഴൊന്നു ചെന്നു കണ്ടാ ദോഷൊന്നൂല്ല്യ !"

അമ്മയുടെ നിരന്തരമായ സമ്മർദ്ദം സഹിക്ക വയ്യാതായപ്പോൾ ഒരു ഞായറാഴ്ച ഒന്നാം ക്ലാസുകാരനായ എന്നെയും അമ്മയെയും കൂട്ടി അച്ഛൻ മുണ്ടൂരിലുള്ള സ്വന്തം തറവാട്ടിലേക്ക് പുറപ്പെട്ടു. അമ്പലത്തിനു മുന്നിലെ മുണ്ടകൻ പാടത്തുകൂടെ നടന്നു  മുതുവറയിലെത്തി  ജീബി ട്രാൻസ്പോർട്ടിൽ കയറി മുണ്ടൂർ രാധാകൃഷ്ണ ടാക്കീസിനടുത്ത് ബസ്സിറങ്ങി. 

അച്ഛന്‍റെ  പിന്നിൽ അമ്മയുടെ കൈവിരലിൽ തൂങ്ങി  വീട്ടിലേക്കു നടക്കുമ്പോൾ അമ്മ  മുന്നറിയിപ്പു നൽകി  .

"അതേയ്, വീട്ടിച്ചെന്നാ അമ്മ വല്ലത്വൊക്കെ പറേം. അതും കേട്ട് മോൻ തുള്ളാൻ നിക്കണ്ടാ ട്ടോ. പർഞ്ഞേക്കാം.!"

"ന്നാപ്പിന്നെന്തിനാ നിങ്ങള് എന്നേങ്ങട് കെട്ടീട്ത്തത് ?"

"കെട്ടീട്ത്തത് തള്ളോടങ്കം വെട്ടാനല്ല!. മൂത്ത മോന്‍റെ മൊഖം  പാവം വല്ലപ്പഴും ഒന്ന് കണ്ടോട്ടേന്ന് വെച്ച്ട്ടാ  !"

അച്ഛൻ നിശ്ശബ്ദനായി. ശൂരനും ക്ഷിപ്രകോപിയുമാണെങ്കിലും അങ്കംവെട്ട് എന്നു കേട്ടപ്പോൾ അച്ഛന് ചെറിയൊരു തളര്‍ച്ച അനുഭവപ്പെട്ടിരിക്കണം!. കാരണം പോർമുഖങ്ങളിൽ എന്നും അച്ഛന്‍റെ വാട്ടർലൂ ആയിരുന്നു അച്ഛമ്മ!.   

വീടിന്‍റെ ചവിട്ടു പടിയിൽ അച്ഛന്‍ കാലെടുത്തു വെച്ചതും ഇറയത്ത് അനന്തശയനം പോസിൽ കിടന്നിരുന്ന  അച്ഛമ്മ മുറ്റത്ത് അമ്മയോടൊട്ടി  വിരലു  കടിച്ചു നിന്ന എന്നെ മുന്‍നിര്‍ത്തി ഒരു ശരം തൊടുത്തു:

"എന്തിനാണ്ടാ ഇങ്ങട്  പോന്ന്?. അച്ഛമ്മ ചത്ത്വോന്നു നോക്കാനാ ?"

അമ്പ് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. അച്ഛന്‍റെ മുഖം ചുവന്നു.

"വന്നു കേറ്യേപ്ലക്കും   തൊടങ്ങി അമ്മ!. അമ്മേ ദേ ഒരു കാര്യണ്ട്‌ട്ടാ!. അമ്മേടെ കൊത്തിവർത്താനം കേക്കാനല്ല ഞാൻ വന്നേക്കണത് !"

"പിന്നെന്തിനാണ്ടാ നീയ് വന്നേക്കണ്?" 

എണീറ്റിരുന്നുകൊണ്ട് അച്ഛമ്മ മുഖദാവിലേക്കു പ്രവേശിച്ചു.

"മൂന്ന് മാസായില്ല്യേ നീയീ ഉമ്മറത്തക്ക്‌ കാല് കുത്തീട്ട്?. ഇക്കണ്ട കാലം തള്ളേനെ ഒന്നു വന്നു കാണാൻ സമയണ്ടായോ നെനക്ക്? . ഞാന്‍ പറേണേനാ അവനു ചൊരുക്ക് ! അവന്‍ ചെയ്യണേനൊന്നൂല്ല്യ !"

"ഞാനെന്തൂട്ട് ചെയ്തൂന്നാ അമ്മ പറേണ്?. ദേ അമ്മ ന്നെക്കൊണ്ടൊന്നും പറേപ്പിക്കണ്ട!"

 അച്ഛൻ തുടക്കത്തിലേ  പരാജയം മണത്തു.

"ഔ  പറഞ്ഞാ  നീയെന്ന്യങ്ങട്  മൂക്കില് വലിച്ചു കേറ്റൂലോ !. ദേ നാരേണാ! വേണ്ട; ന്നോട് യുദ്ധം വെട്ടാൻ നിക്കണ്ട നിയ്യ് !."

അത്രയും പറഞ്ഞ് അച്ഛമ്മ അമ്മക്കു നേരെ തിരിഞ്ഞു :

"ഇക്കറ്യാം; നീയൊരുമ്പെട്ടോണ്ടാവും ഇന്നെങ്ങിലും ഇങ്ങടൊന്നെഴുന്നള്ളാൻ അവന്  കയ്യും കാലും പേർന്നത് !. വന്ന കാലുമ്മെ  നിക്കാണ്ട്  അടുക്കളേല് ചെന്ന് ആ കുട്ടിക്കെന്തെങ്കിലും എട്ത്തു കൊടുക്കെന്‍റെ പാറൂട്ട്യേ നിയ്യ്!."

അമ്മയുടെയും മകന്‍റെയും പരസ്പരാഭിവാദ്യങ്ങൾ  അങ്ങിനെ കലാശിക്കും .

കയ്യിലിരുന്ന കാലൻ  കുട ഉമ്മറത്തെ  കഴുക്കോലിൽ കൊളുത്തിയിട്ടിട്ട് ഇറയത്തോടു ചേർന്നുളള ചായ്പ്പിൽ കടന്നു ഷർട്ടൂരിയിട്ടു  തിരിച്ചു വരുന്ന അച്ഛനോട്  അച്ഛമ്മ പറയും.

"നാരേണാ, ന്‍റെ കട്ടിലിന്‍റെ തലക്കല് ചെല്ലം ഇരിക്കണ്ട്.  അതിങ്ങടെടുത്തോ ."

പിന്നെ ഇറയത്ത്  പരസ്പരം അഭിമുഖമായിരുന്ന് അമ്മയും മകനും ചേർന്നൊരു മുറുക്കിപ്പിടുത്തമുണ്ട്. ഇറയത്ത്‌ കിടന്നിരുന്ന ഒരു പഴുക്കടയ്ക്ക എടുത്തു രണ്ടായി വെട്ടി തൊണ്ടു ചീന്താൻ തുടങ്ങുന്ന അച്ഛനെ തടഞ്ഞുകൊണ്ട് അച്ഛമ്മ പറയും:

" വേണ്ട്ര . ആ അടക്ക നെനക്ക്  പറ്റില്ല്യ !. ചൊരുക്കും. ട്യേ കാർത്ത്യേന്യേ! ആ കലത്തിലിരിക്കണ  നീറ്റടക്ക   ഒരെണ്ണം ഇങ്ങടെടുത്തേൻ!."

വല്ലാതെ അഴുകി ചീഞ്ഞു നാറിയ നീറ്റടയ്ക്ക  അച്ഛന്‍റെ കയ്യിൽ വെച്ചു കൊടുക്കുമ്പോൾ ഭയവും ബഹുമാനവും  കലർന്ന സ്വരത്തിൽ അച്ഛൻപെങ്ങൾ ചോദിക്കും:

"ഓപ്പക്കെങ്ങന്യാ;  ചായേല് മതിരാവോ?"

'ലേശം ."

അടയ്ക്ക മൊരി കളയാൻ തുടങ്ങുന്ന അച്ഛനെ ആകപ്പാടെ  ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട്‌ ആസ്മ സമ്മാനിച്ച ഇടതടവില്ലാത്ത മുക്കലും മൂളലുമായി അച്ഛമ്മ ചോദിക്കും: 

"അതെന്താണ്ടാ ലേശം?. നെനക്ക് പഞ്ചാരേടെ അസ്കിതേണ്ടാ?"

"ഏയ്. അതൊന്ന്വല്ലമ്മേ. സ്വതേ നിക്ക് മധുരം കൊർച്ചേ വേണ്ടൂ."

'ങ്ഹാ! ദേഹം നല്ലോണം നോക്കിക്കോളോ ട്ടാ ! പര്‍ഞ്ഞില്ല്യാന്നു വേണ്ട! വയസ്സമ്പതാ യ്യ് കര്‍ക്കടത്തില്!"

അങ്ങിനെ താമ്പൂലചർവണവും മൂന്നു മാസത്തെ വിശേഷം പറച്ചിലും ഉച്ചയൂണ്‌ വരെ നീളും.

ഊണും ഉച്ചമയക്കവും കഴിഞ്ഞ് തൊടിയിയിലിറങ്ങി  തെങ്ങും കവുങ്ങും വാഴയും നോക്കി ഏനക്കേടുകൾ നിർണയിച്ച്  ഒടപ്രന്നോളെ വിളിച്ചു കുറച്ചു പണവും കയ്യിൽ കൊടുത്ത് ചെയ്യേണ്ടതൊക്കെ വിസ്തരിച്ചു കഴിഞ്ഞാൽ  അച്ഛൻ മടക്കയാത്രയ്ക്ക് കുപ്പായമിടും. ദക്ഷിണപോലെ അമ്മയുടെ കയ്യിലും കുറച്ചു പണം വെച്ചു കൊടുത്തു  യാത്രപറയുന്ന മകന് അമ്മ നല്‍കുന്ന ആശിർവാദം വ്യത്യസ്തമായിരിക്കില്ല:

"ങ്ഹും പൊക്കോ. ഇന്യെന്നാ ങ്ങടൊക്കെ എഴുന്നള്ളണതാവോ? ഞാൻ ചത്തിട്ടേരിക്കും!" 

തിരിച്ചു വീട്ടിലെത്തി ഷർട്ടൂരാൻ പോലും വയ്യാത്ത ക്ഷീണത്താല്‍ ഉമ്മറത്തെ ചാരുകസേരയിലേക്ക് മലരുമ്പോൾ അപൂർവമായൊരു മന്ദഹാസത്തോടെ അച്ഛൻ ദീർഘനിശ്വാസമിടും  :

"ഈശ്വരാ! എന്‍റെമ്മേടൊരു കാര്യം!" 

00000000 

2013, നവംബർ 5, ചൊവ്വാഴ്ച

മൂല്യനിര്‍ണയം



മൂല്യനിര്‍ണയം 



എന്തിനേയും ഏതിനേയും രോമത്തോട് താരതമ്യപ്പെടുത്തി  വില  കുറച്ചു  കാണുന്ന  ഒരു
സംസാരരീതിയായിരുന്നു ശങ്കുമാന്റേത് . 


"അവന്‍ വിചാരിച്ചാ ഒരു രോമോം കൂട്ട്യാ കൂടില്ല്യ !"



"അവനെ എനിക്ക് രോമത്തിന്റെ വെലേല്ല്യ !"



"അവൻ  അറിഞ്ഞാ എനിക്കെന്തൂട്ട്‌ രോമാ?" 



എന്നിങ്ങനെ ചുക്കിനെ തട്ടി മാറ്റി തൽസ്ഥാനത്ത് രോമത്തെ പ്രതിഷ്ടിച്ചുകൊണ്ടുള്ള  ഒരു സസ്യേതര 

ഭാഷണഭേദം. 


ഒരു നാൾ ചുണ്ടും മൂക്കും കണ്‍തടങ്ങളും എന്നു വേണ്ട മുഖമാസകലം  നീരുവന്നു  വീര്‍ത്ത പരുവത്തില്‍ ശങ്കുമാനെ  വഴിയിൽ  വെച്ചു കാണാനിടയായി. വിവരമന്വേഷിച്ചപ്പോള്‍ പല്ലു പറിക്കാന്‍ ഇഞ്ചക്ഷന്‍ എടുത്തു വായ മരവിച്ചവനെപ്പോലെ ശങ്കുമ്മാന്‍ പറഞ്ഞു :



" ഒന്നും പറേണ്ട ന്റെ മാഷേ; മൂക്കില് നീണ്ടു വന്ന് മെനക്കെട്ണ്ടാക്ക്യേ ഒരു രോമം കയ്യോണ്ട് വലിച്ച് കളഞ്ഞതാ. മൂന്നു ലോകോം കണ്ടു! തന്ന്യല്ല മൂന്നീസം കോപ്രേറ്റീവില് കെടക്കണ്ടീം വന്നു. മൂന്നീസം കൊണ്ട് മുവ്വായിരം രൂവ  ഭും !" 



ചുവന്നു  വീർത്തു  ക്രിക്കറ്റ്  ന്യൂ  ബോൾ  പോലെ തിളങ്ങുന്ന മൂക്കിന്റെ വിങ്ങല്‍ കൈവിരലുകൾകൊണ്ടു തൂവല്‍സ്പര്‍ശം നടത്തി ലഘൂകരിക്കുന്നതിനിടയിൽ ശങ്കുമ്മാൻ പശ്ചാത്തപിച്ചു :


"ന്റെ മാഷേ! ഇപ്പെനിക്ക് മനസ്സിലായി; രോമത്തിന്റെ നെലേം വേലേം !"

----------------
Photo courtesy:Lëïzëë Pïggëë Phörs.