2013, മേയ് 26, ഞായറാഴ്‌ച

ടൂ - ഇൻ - വണ്‍


രണ്ടായ നിന്നെയിഹ

കണക്കിൽ കൂടുതൽ ആളുകൾ വന്നു കഴിച്ചു പോയതുകൊണ്ട് മകളുടെ വിവാഹസദ്യക്കു ക്ഷണിച്ചു വരുത്തിയ പലർക്കും ഭക്ഷണം കൊടുക്കാൻ പറ്റാതെ വന്ന മാനക്കേടിൽ തല കുനിച്ചിരിക്കുകയായിരുന്നു വധൂപിതാവ്. ചെക്കന്‍റെ വീട്ടിലേക്ക് പെണ്ണിനെ കൊണ്ടു പോകുന്ന ചടങ്ങിനായി കാറും മുഹൂർത്തവും എത്തി എല്ലാവരും യഥാവിധി പരിഭ്രമിച്ചു നില്ക്കുമ്പോഴാണ് അയാൾ ഹാളിന്‍റെ മൂലയിലുള്ള കസേരയിൽ രണ്ടു കൈകളിലും മുഖം പൂഴ്ത്തിയിരുന്നുകൊണ്ട് തന്‍റെ ഇതികർത്തവ്യതാമൂഡത്വം പരസ്യപ്പെടുത്തുന്നത്‌ . തദവസരങ്ങളിൽ അവശ്യം വേണ്ടുന്ന പ്രത്യുൽപ്പന്നമതിത്വത്തെ തട്ടിയുണർത്തി ഞങ്ങൾ പഴയ സഹപാഠികൾ ചേർന്ന് കൂട്ടുകാരന്‍റെ നെഞ്ചിലെ ഇടങ്ങഴി ഒന്നും രണ്ടും പറഞ്ഞ് തിരുമ്മിയുടച്ചു സമാധാനിപ്പിച്ച ശേഷം വധൂവരന്മാർക്കൊപ്പം അദ്ദേഹത്തെ കാറിൽ കയറ്റി അയച്ചു. തിരിച്ചു കുശിനിയിൽ ചെന്ന് ദേഹണ്ണക്കാരനെ ചട്ടം കെട്ടി പെട്ടെന്നു വേവിച്ചെടുത്ത പൊന്നി അരിയുടെ ചോറ്‌ ആകെ അവശേഷിച്ച വടുകപ്പുളി അച്ചാറും കൂട്ടിയടിച്ച് കാളുന്ന വിശപ്പടക്കി. ശേഷം അനിഷ്ട സംഭവത്തെപ്പറ്റി വിമർശനാത്മകമായി വിലയിരുത്താനിരുന്നു.
സല്‍ക്കാരങ്ങള്‍ക്ക് ക്ഷണിക്കുന്നതിലെ ഏകോപനമില്ലായ്മ, ആയിരക്കണക്കിനു പേരെ ക്ഷണിക്കുന്നതിലെ അഹമ്മതി, ദേഹണ്ണക്കാരന്‍റെ കണക്കുപിഴ, പേരെടുത്തൊരാളെ മാത്രം ക്ഷണിച്ചിടത്തുനിന്നുപോലും വീടച്ചുപൂട്ടി താക്കോൽ മടിയിൽ തിരുകി കുടുംബം സര്‍വത്ര ഉണ്ണാൻ വരുന്നത്, ഇത്യാദി വിഷയങ്ങളുടെ കൂട്ടത്തിൽ 'കല്യാണഉണ്ണികൾ' എന്നൊരു ചിരപുരാതനപ്രതിഭാസവും ചര്‍ച്ചക്കു വന്നു. ക്ഷണിക്കപ്പെടാത്ത അതിഥികളാണത്രെ ഇവർ. സദ്യയുള്ളിടത്തൊക്കെ നല്ല വേഷം ധരിച്ച് യോഗ്യന്മാരായി വരികയും പന്തിയിൽ കടന്നിരുന്നു കുഴച്ചുരുട്ടിയും തേമ്പിക്കുടിച്ചും ശാപ്പിട്ട് കാര്യപരിപാടിയിലെ അവസാന ഇനമായി ഹൈദരബാദ് മത്സ്യചികിത്സയിലെന്നപോലെ മുഴുത്ത പൂവമ്പഴം രണ്ടെണ്ണം തൊണ്ടതൊടാതെ വിഴുങ്ങി, തളിർവെറ്റില മുറുക്കി, അവകാശബോധത്തോടെ ചെറുനാരങ്ങ ഒരെണ്ണം ചോദിച്ചു വാങ്ങി സിനിമാതാരങ്ങളുടെ ആത്മവിശ്വാസത്തോടെ മടങ്ങുകയും ചെയ്യുന്ന ഇവർ നൂറുകണക്കിനുണ്ടാവുമത്രെ. പൂട്ടിവിതച്ച കണ്ടത്തിൽ എരണ്ടപ്പക്ഷികളെന്നപോലെ ഇവറ്റകള്‍ പന്തിയിലിറങ്ങി ദുരന്തം വിതയ്ക്കും എന്നൊരു നിരീക്ഷണം നഗരങ്ങളില്‍ നടക്കുന്ന വിവാഹസദ്യകളിലാണ് അതിനു സാദ്ധ്യതക്കൂടുതൽ എന്നൊരു ഭേദഗതിയോടെ യോഗം അംഗീകരിച്ചു. അത് ഭാവിയില്‍ തങ്ങൾക്കും ബാധകമല്ലേയെന്നോർത്ത് ഒന്നു നടുങ്ങുവാൻ എല്ലാവരും ചേര്‍ന്ന് ഒരു മിനിറ്റ് മൌനമാചരിച്ചു കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു:
"ശര്യാ. നല്ല പാന്‍റും ഷര്‍ട്ട്വൊക്കീട്ട് വന്ന് സ്റ്റൈലിൽ ശാപ്പിട്ടു പോകുന്ന ഇവരെപ്പറ്റി സംശയം തോന്നില്ല്യ. ഇനി തോന്ന്യാത്തന്നെ അത്രയ്ക്ക് യോഗ്യന്മാരോട് എങ്ങന്യാ ചെന്ന് ചോയ്ക്ക്യാല്ലേ ബാലാ?."
അഭിപ്രായൈക്യം പ്രതീക്ഷിച്ച് എന്‍റെ കൈത്തണ്ടയിൽ പിടിച്ച സുഹൃത്തിനോട് വാക്കാല്‍ സമ്മതപ്പെടുമ്പോള്‍ മനസ്സ് പക്ഷേ സമരസപ്പെട്ടിരുന്നില്ല !. കാരണമുണ്ട്.... !

അഞ്ചു വർഷം മുൻപ് നടന്ന സംഭവമാണ്......

ബാങ്കിൽ കൂടെ ജോലി ചെയ്തിരുന്ന ഒരു വാരസ്യാരുകുട്ടി അനിയത്തിയുടെ കല്യാണത്തിന്‍റെ സ്വീകരണസല്‍ക്കാരത്തിന് ക്ഷണിച്ചു. സ്ഥലം പട്ടണത്തിലെ പ്രശസ്തമായ ഹോട്ടൽ. സമയം വൈകീട്ട് ആറു മുതൽ എട്ടുവരെ. നല്ല സമയം. വീട്ടിൽ അത്താഴക്കണക്കിൽ നാഴി അരി കുറവളക്കാം.

ബാങ്കിന്‍റെ പരിശീലനക്കളരികൾ അടക്കം പലവിശേഷങ്ങൾക്കും പങ്കുകൊണ്ടിട്ടുള്ള ഹോട്ടലിലാണ് സല്‍ക്കാരം. ഫസ്റ്റ് ഫ്ലോറിൽ സ്വീകരണമണ്ഡപം. അതിനു പിന്നിലായി ഭക്ഷണപ്പുര. യൂണിയന്‍റെ ഒന്നുരണ്ടു യോഗങ്ങൾ അവിടെ നടന്നിട്ടുണ്ട്. രണ്ടാം നിലയിൽ ശീതീകരിച്ച സമ്മേളനമുറി. അവിടെയാണ് ബാങ്കിന്‍റെ പരിശീലനക്ലാസുകൾ നടക്കാറുള്ളത്. കൊള്ളാവുന്ന ഹോട്ടൽ . വൃത്തിയും വെടിപ്പുമുള്ള സെറ്റപ്പ് .

സംഭവദിവസം ജോലി കഴിഞ്ഞു വീട്ടിൽ ചെന്നു കുളിച്ചു പച്ചയായി ഹോട്ടലിലെത്തുമ്പൊൾ സമയം ഏഴര മണി. മണ്ഡപത്തിൽ വരനും വധുവും തീരെ പരിചയമില്ലാത്ത കുറച്ചു പേരും നിൽപ്പുണ്ട്. വിവാഹിതരെ പരിചയപ്പെടണം. അതൊരു ഉപചാരമാണ്. ക്യാമറകൾക്ക് മുന്നില്‍ നിന്നു കൊടുത്തു സാന്നിദ്ധ്യം രേഖയാക്കണം . വീഡിയോക്കാരന് തംസപ്പ് തിരിച്ചുകൊടുക്കണം. വധൂവരന്‍മാരെ ഓൾ ദ് ബെസ്റ്റാക്കണം. പക്ഷേ അതിനൊക്കെ പരിചയപ്പെടുത്താൻ ദിവ്യ എവിടെ? ഞാൻ ചുറ്റിലും ഒന്നു കണ്ണോടിച്ചു. അങ്ങിങ്ങായി കൂട്ടം കൂടി നിന്നു സംസാരിക്കുന്ന ചിലരൊഴിച്ചാൽ ഹാൾ ഏതാണ്ട് ശൂന്യമാണ്. ഓഫീസിലെ മറ്റു സഹപ്രവർത്തകരിൽ ഒരാളെപ്പോലും കാണാനില്ല. ഒരു പക്ഷെ അവരൊക്കെ നേരത്തെ വന്നു പോയിട്ടുണ്ടാവും. താൻ വളരെ വൈകിയിരിക്കുന്നുവല്ലോ!. എന്നാലും ദിവ്യ എവിടെ? പാന്‍റിന്‍റെ രണ്ടു പോക്കറ്റിലും കൈകളിട്ടു അങ്ങുമിങ്ങും പരതി നടക്കുമ്പോൾ മെലിഞ്ഞു കൃശഗാത്രനായ ഒരാൾ അടുത്തു വന്നു ചോദിച്ചു:

"കഴിച്ച്വാവോ?"

"ഇല്ല്യ. ദിവ്യ എവിടെ? ഞാൻ ദിവ്യേടെ കൊളീഗാണ് ." ഞാൻ പറഞ്ഞു.

"ദിവ്യോ?. അറീല്ലിലോ. ന്തായാലും അങ്ങ് കഴിച്ചില്ലിലോ. ദാ അവട്യാ ശാപ്പാട്, അങ്ങട് ചെല്ല്വാ. അവടെ കാണേരിക്കും"

മണ്ഡപത്തിന്‍റെ പിന്നിലുള്ള  വാതില്‍ക്കലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് കൃശഗാത്രൻ തിരോഭവിച്ചു .

ശരിയാണ്. ദിവ്യ ചിലപ്പോൾ അവിടെയുണ്ടാകും. ഡിന്നർ ഏതാണ്ട് അവസാനിക്കാറായല്ലോ. അടുത്ത ബന്ധുക്കളെല്ലാവരും ചേര്‍ന്നുള്ള കൂട്ടപ്പൊരിച്ചിലായിരിക്കും. വാതിൽ തുറന്നു ഞാൻ ഭക്ഷണശാലയിലേക്ക് പ്രവേശിച്ചു. നിറയെ ആളുകളാണ്. ഉറക്കെ ഉറക്കെയുള്ള സംസാരം. പൊട്ടിച്ചിരികൾ. മുതിർന്നവരും ചെറുപ്പക്കാരും കുട്ടികളും അടക്കം ഏതാണ്ടെല്ലാവരും പറഞ്ഞുവെച്ച പോലെ കസവു വസ്ത്രങ്ങളാണ്‌ ധരിച്ചിരിക്കുന്നത്. ആദ്യത്തെ തീറ്റക്കുടിലിനുമുന്നിൽ നല്ല വെജിറ്റേറിയൻ വിഭവങ്ങളുടെ കൊതിപ്പിക്കുന്ന മണം ആസ്വദിച്ചുകൊണ്ട് വാരസ്യാരെ തിരഞ്ഞു നില്‍ക്കവേ തടിച്ചു വെളുത്തു സുന്ദരിയായ ഒരു മധ്യവയസ്ക എന്‍റെ അടുത്തുവന്ന് കൌണ്ടറിന്‍റെ തുടക്കത്തിൽ കാലടിയിലെ ശങ്കരമണ്ഡപം പോലെ പടുത്തുയർത്തിയിട്ടുള്ള കവിടിക്കിണ്ണങ്ങളുടെ മട്ടുപ്പാവിലേയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു

"  എടുത്തോളൂ!. "

ആ സൽക്കാരമര്യാദക്കു നന്ദി പറഞ്ഞുകൊണ്ട് മണ്ഡപത്തിന്‍റെ മേൽക്കൂര പൊളിച്ചു ടിഷ്യൂ പേപ്പറിട്ടു തുടച്ചു നീട്ടിയ പ്ലേറ്റിൽ പാന്‍റും ജാക്കറ്റുമിട്ട വിളമ്പന്മാർ ദാനം പോലെ ഇട്ടു തന്ന വെള്ളേപ്പം റൂമാലി, ഫ്രൈഡ്റൈസ് തുടങ്ങിയ ഉത്തര ദക്ഷിണ ഭാരത ചൈനീസ് ജനകീയ റിപ്പബ്ലിക് ഭോജ്യങ്ങളും അവയ്ക്ക് ചേരുംപടി കാരണവന്മാരായി പണ്ടേ പറഞ്ഞുവെച്ചിട്ടുള്ള ഉപദംശങ്ങളും വാങ്ങി ആളൊഴിഞ്ഞ ഒരു മേശയിൽ ചെന്നിരുന്നു.

സ്വയംവര സദസ്സിൽ പാഞ്ചാലിയെ മോഹിച്ചു വില്ലു കുലച്ച പാർത്ഥനെപ്പോലെ റൂമാലി പിടിച്ചു വലിച്ച് തുണ്ടുകളാക്കുന്ന അഭ്യാസത്തിന്‍റെ ധ്യാനാത്മകതയിൽ മുഴുകിയിരുന്ന ഞാൻ പെട്ടെന്നാണത് ശ്രദ്ധിച്ചത്. മുന്നിലും വശങ്ങളിലും ഇരിക്കുന്നവരൊക്കെ എന്നെ സൂക്ഷിച്ചു നോക്കുന്നു. ഇങ്ങോട്ട് ചൂണ്ടി എന്തൊക്കെയോ പറയുന്നുമുണ്ട്. എന്‍റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ! ദൈവമേ എനിക്ക് സ്ഥലം തെറ്റിയോ? ഏയ്‌ അങ്ങിനെയാവാൻ വഴിയില്ല. ഇവിടെയൊക്കെ എത്രയോ തവണ വന്നിട്ടുണ്ട് .

അനാവശ്യസംശയങ്ങളെ ലോക്കപ്പിൽ കയറ്റി മുന്നിലിരിക്കുന്ന തന്തൂരി തയ്യാറിപ്പുകളുടെ ഇലാസ്തികതക്കുമേല്‍ മൂന്നാംമുറ പ്രയോഗിച്ചുകൊണ്ടിരിമ്പോഴാണ് അവരെത്തിയത്...!

സംഘത്തിൽ നാലു പേരുണ്ടായിരുന്നു.....

എന്‍റെ മേശയിൽ അവശേഷിക്കുന്ന സീറ്റുകളിൽ അവർ വന്നിരുന്നു. പ്ലേറ്റുകളിൽ കണക്കില്ലാതെ പൊത്തിവെച്ച വിഭവങ്ങളുടെ കെട്ടിപ്പിണച്ചിൽ. അവയെ ശ്രദ്ധാപൂർവ്വം വേർപ്പെടുത്തി കുറുമയും മഞ്ചൂരിയും തൊട്ടുകൂട്ടി ശിരോമണ്ഡലത്തിലെ തമോഗർത്തത്തിലേക്കു അതിദ്രുതം തള്ളിക്കൊണ്ട് അവർ ആംഗികവും വാചികവും തുടങ്ങി. ശുദ്ധ നമ്പൂരിച്ചുവയിലുള്ള സംസാരം കേട്ടപ്പോൾ ഭയം വീണ്ടും മനസ്സിൽ ഇരച്ചു കയറി. ബഹു കേമം!, ഉവ്വോ?, ഇശ്ശി,നന്നേ കഷ്ടി , തരാക്കി, കേട്ടടക്കണു തുടങ്ങിയ പ്രയോഗങ്ങൾ . അഫൻ, പേരശ്ശി, തേവാരം, വടക്കിനി, തുടങ്ങിയ സ്ഥാന സ്ഥല ക്രിയാ നാമങ്ങൾ!. തറവാട്ടു പരാമർശങ്ങളിൽ ന്യായമായും ഞാൻ പ്രതീക്ഷിച്ച തെക്കെപ്പാട്ട് , വടക്കേപ്പാട്ട് , വാരിയങ്ങളുടെ സ്ഥാനത്ത് നാലുകെട്ടും എട്ടുകെട്ടുമായി വന്ന തെക്കേടം, വടക്കേടം, പടിഞ്ഞാറ്റേടം ഇല്ലങ്ങൾ !

ശരിയാണ് , തനിക്കു സ്ഥലം തെറ്റിയിരിക്കുന്നു!. സത്യം ഒരു റിയാലിറ്റി ഷോ ആയി മുന്നിൽ നിന്ന് ഇട്ടിക്കണ്ടപ്പൻ കളിച്ചു!

ചവച്ചിറക്കിയ അനുഭവങ്ങളൊക്കെ നെഞ്ചിൽ കെട്ടിക്കിടന്ന അടിയന്തിരാവസ്ഥയെ മാനേജ് ചെയ്യാൻ പണിപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് നേരെ മുന്നിലിരുന്ന് സംഭാഷണങ്ങൾക്കിടയിലും ഇടവിട്ടിടവിട്ട് എന്നെ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന ആ വിശാലാക്ഷൻ ചോദിച്ചത്:

'എസ്ക്യൂസ് മീ! എന്താവോ പേര് ?"

"ബാലചന്ദ്രൻ "

" ഏതില്ലത്ത്യാ ?"

റിക്റ്റർ സ്കെയിലിൽ ഏഴര പോയിന്റ്‌ രേഖപ്പെടുത്തിയ കമ്പമായിരുന്നു അത്. തുടർചലനങ്ങളെ പണിപ്പെട്ടൊതുക്കി ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ പറഞ്ഞു :

"പറങ്ങോടത്ത് ."

" അയ്‌ ! പറങ്ങോടോ ; കേട്ടിട്ടില്ലിലോ ?"

" കേട്ടിട്ടില്ലെന്നോ? അസ്സലായി ! തെക്കേടം, വടക്കേടം ഒക്കെ പോലെ പറങ്ങോടം? "

ഭയത്തിന്‍റെ സൂര്യനെ പനീർ മസാലയിൽ മുക്കിക്കൊന്ന് ഞാൻ സംഭവം അല്‍പ്പാല്‍പ്പം ആസ്വദിക്കാൻ തുടങ്ങിയിരുന്നു.

"ഏയ്‌ ഇല്ല്യ. കേട്ടിട്ടില്ല്യ. ട്ടോ ജാതവേദൻ, തന്‍റെ അറിവിലെങ്ങാനും ങ്ങനൊരു ഇല്ലത്തെപ്പറ്റി കേട്ടട്ട്ണ്ടോ ? "

അയാൾ അടുത്തിരുന്ന ശാപ്പാടിയോടു തിരക്കി.

ചോദ്യം കേട്ട് വേദജാതൻ എന്‍റെ നേരെ തിരിഞ്ഞു :

"കഷ്ട്യാന്ന് പറ്യാണ്ട് തരല്ല്യ . പറങ്ങോടൻന്ന് കേട്ടണ്ട് . സഞ്ജയൻ എഴുതീട്ട് ." 

നല്ല ഒറിജിനൽ വെടിവട്ടച്ചിരി മുന്നിൽ ഉയർന്നപ്പോൾ എത്രയും വേഗം സ്ഥലംകാലിയാക്കുന്നതാണ് ബുദ്ധി എന്നുറപ്പിച്ചു .

"അപ്പോ എവട്യായിട്ടു വരും ഈ ഇല്ലം?." 

"കാസർഗോഡ് ജില്ലേല്!."

നാലംഗ അന്വേഷണ സംഘത്തിന്‍റെ കണ്ണുകളിലെ സംശയത്തിന്‍റെ കുന്തമുനകളെ തൃണവൽഗണിച്ചും കൈവിരൽ നക്കിവടിച്ചും ഞാൻ എണീറ്റു. ശാന്തിക്കാരന്‍റെ മുങ്ങിക്കുളിപോലെ പേരിനൊന്നു കൈകഴുകി സത്യമല്ലാത്തൊരു ചുമയും ചുമച്ചുകൊണ്ട് പുറംവാതിലിലേക്ക് കുതിക്കുമ്പോൾ തല മറയ്ക്കാൻ ഒരു രണ്ടാം മുണ്ട് കരുതാതിരുന്ന ബുദ്ധിമോശത്തെ മനസാ ശപിച്ചു.

പുറത്തു കടന്നു ലോഞ്ചിൽനിന്നുകൊണ്ട് സഹപ്രവർത്തകനായ ഗോപകുമാറിനെ മൊബൈലില്‍ വിളിച്ചു.

"ഗോപൂ, എവട്യാ ദിവ്യേടെ പാർട്ടി ?"

" എമറാൾഡ്‌ റീജൻസീല്?."

" അയ്! ഞാനിപ്പോ അവട്യണലോ നിക്കണെ !. ഇവട്യൊന്നും ആരേം കാണാല്ലിലോ?"

"ബാലേട്ടൻ എവട്യാ? ദിവ്യ ദേ ഇവടെ മണ്ഡപത്തില്ണ്ടലോ ?"

ഞാൻ തിരിച്ചു ചെന്ന് വാതിൽ തുറന്നു നോക്കി . മണ്ഡപം ശൂന്യം!

എന്താണിവിടെ സംഭവിക്കുന്നത്‌?. സ്ഥലകാലബോധം നഷ്ടപ്പെട്ട് വിയർത്തുനിന്ന എന്നോട് ഗോപകുമാർ ചോദിച്ചു:

"കണ്ടില്ല്യേ ബാലേട്ടാ?"

"ഞാനൊന്നും കണ്ടില്ല്യ !." എനിക്ക് ശുണ്‍ഠി വന്നു .

"ശ്ശെന്തായി പറേണേ! അതേയ് ബാലേട്ടൻ എവട്യാ നിക്കണേ?. ഐ മീൻ; ഏതു ഫ്ലോറിലാ ?."

'ഞാൻ ദേ ഇവടെ ഫസ്റ്റ് ഫ്ലോറില്. അല്ലാണ്ട് എവട്യാ?"

"അസ്സലായി! ബാലേട്ടാ അവട്യല്ല , സെക്കന്‍ ഫ്ലോറിലാ ! "

"എന്താ ഗോപൂ പറേണേ? അത് കോണ്‍ഫ്രൻസ്സാളല്ലേ ?"

" അയ്യോ അല്ല ബാലേട്ടാ ! അതൊക്കെ എന്നോ മാറ്റി. ഇപ്പോ അതും കല്ല്യാണമണ്ഡപാ. ബാലേട്ടൻ ഇപ്പൊ നിക്കണതേയ് ഒരു ബ്രാഹ്മണാൾ വേളി സൽക്കാരത്തിലാ!."

"അസ്സലായി! ഇതാരറിഞ്ഞു ! "

"ങ്ഹാ. പോട്ടെ സാരല്ല്യ. ബാലേട്ടൻ ഇങ്ങോട്ട് പൊന്നോളൂ . ഞങ്ങളൊക്കെ ബാലേട്ടനെ കാത്തിരിക്ക്യാ കഴിക്കാൻ ."

"ങ്ഹും! ഞാൻ വരാം. നിങ്ങൾക്കൊപ്പം ഇരിക്കാം. അത്രന്നെ. കഴിക്കാനൊന്നും വയ്യ !"

" അയ്യോ ബാലേട്ടാ! അപ്പോ....!?"



" അതെ ഗോപൂ ! അത് സംഭവിച്ചിരിക്കുന്നു!"


====== X =======





2013, മേയ് 13, തിങ്കളാഴ്‌ച

പൂരകമ്പത്തിന്റെ പുരാവൃത്തം.

പൂരകമ്പത്തിന്റെ പുരാവൃത്തം. 
poratreeyam.blogspot.in



ആമ്പലംകാവിലെ ഭരണിവേല. പകൽപ്പൂരം. കത്തുന്ന മേടവെയിലിൽ കുളിർമഴ പെയ്യിച്ച് കിഴക്കൂട്ട് അനിയന്റെ മേഘമൽഹാർ. പതികാലത്തിൽ ചാറി, ഇടമട്ടിൽ  മുറുകി, ദ്രുതകാലത്തിൽ തുള്ളിക്കൊരുകുടമായി പാണ്ടിപ്പെരുമഴ. നീന്തിയും തുടിച്ചും കൈക്കുടന്നയിൽ വാങ്ങി മുഖത്തെറിഞ്ഞും കണ്ണിക്കാലൊപ്പം വെള്ളത്തിൽ കൈകാലിട്ടടിച്ചും അർമാദിച്ച ചെറു ബാല്യക്കാർക്കിടയിൽ സന്ധിബന്ധങ്ങളുടെ മുറവിളികൾക്കു കാതു കൊടുക്കാതെ ചങ്ങലയഴിഞ്ഞ താളാവേശവുമായി ഈ അറുപതുകാരനും!. തീറുകലാശവും കതിനവെടിയും കഴിഞ്ഞ് ആളൊഴിഞ്ഞ അഞ്ചാനപ്പന്തലിന്റെ തൂണും ചാരി കിതപ്പണച്ചു നിന്നപ്പോൾ പരിചയം പുതുക്കാൻവന്ന പഴയ പത്താംക്ലാസ്  സഹപാഠിക്ക് വിസ്മയം.

" എന്താ ഈ പൊറാട്രക്കാരൊക്കെ ഇവടെ?"

എന്ന മുഖവുരയോടെ അടുത്തുവന്ന് തോളിൽതട്ടി ഒരു നിമിഷം കണ്ണുകളിൽ നോക്കി നിന്ന ശേഷം സുഹൃത്ത് തുടർന്നു:

"മേളത്തിന്റെ എടേല് കണ്ടു തന്നെ.  ആരും കാണാതെ പോവില്ല്യ. അങ്ങന്യാർന്നൂലോ പ്രകടനം!. ധന്വന്തരോം കൊട്ടഞ്ചുക്കാദീം ചുടുവെള്ളോം ഭസ്മക്കുറീം ഒക്ക്യായി രാമനാമം ജപിച്ചിരിക്കണ്ട കാലത്ത് താൻ പിള്ളേർക്കൊപ്പം മേളം  ചാടാൻ നടക്ക്വാ അല്ലേ? "


" ഏയ് .   ഇതൊക്കെ ഒരു രസം.   എപ്പഴൂല്ലിലോ."


"ങ്ഹും കൊള്ളാം! മനസ്സിന് ചെറുപ്പം വിടാത്തേന്റെ ദോഷാ ഇതൊക്കെ. പക്ഷെ ചെറുപ്പം വിട്ട ഒരു സാധനണ്ട് ട്ടോ. ശരീരം. അതോർമ്മേണ്ടലോ!"


"അതൊന്നും കൊഴപ്പല്ല്യന്നേ. ദേ ഇവടന്നങ്ങട് വീട്ടില് ചെന്നാലേയ്  മാക്സിമം സഹിക്കാവുന്ന ചുടുവെളളത്തില് ഒരു  കുളി അങ്ങട്ട് പാസ്സാക്ക്യാ മതി.  മേല് വേദന പമ്പ കടക്കും."


" ശരി ശരി.  തന്നോട്  തർക്കിക്കാനില്ല്യ.  അതൊക്കെ പോട്ടെ . നാടകോം പന്ത്കളീം ക്രിക്കറ്റും കുണ്ടാമണ്ടീം ഒക്കേണ്ടന്നു നേർത്തെ അറിയാർന്നു. പക്ഷെ ഇങ്ങനൊരു വേഷം കാണണത്‌ ആദ്യായിട്ടാ. ദെന്ന് തൊടങ്ങീ തനിക്കീ പൂരക്കമ്പം?."


"അതൊക്കെ  കുട്ടീലേള്ളതല്ലേ? പണ്ട്  ഇവട്യന്നെ വന്ന് എത്ര വേല ചാട്യേടക്ക്ണു!  എത്ര മഴ കൊണ്ടടക്ക്ണു!"


"ങ്ഹും! ശരി ശരി. തന്നെ സമ്മതിക്കണം ഇഷ്ടാ." 


പിന്നെ തെല്ലിട എന്തോ ഓർത്തുനിന്നശേഷം ഒരു ദീർഘനിശ്വാസത്തോടെ  സുഹൃത്ത് പറഞ്ഞു :


"ഒരു കണക്കിന് നോക്ക്യാ താൻ ഭാഗ്യവാനാണ്ട്രോ. പണ്ടത്തെ ആ കുട്ട്യേ ഇപ്പളും മനസ്സില്ങ്ങനെ കൊണ്ട് നടക്കാൻ പറ്റ്ണ്ടലോ  തനിക്ക് . അതിനൊക്കെ ഭാഗ്യം ചെയ്യ്വന്നെ വേണം. അപ്പൊ ശരി. വീട്ടില് കൊറച്ചു ആളുകള് വരും. ചെറിയൊരു സ്ഥലക്കച്ചവടം . അല്പം  എടനെലപ്പണീണ്ടേയ്‌. "


എന്റെ മൌനത്തിൽ  എന്തൊക്കെയോ അർത്ഥം വായിച്ചിട്ടാവാം പിരിയുന്നതിനു മുൻപ് ഒരല്പം സങ്കോചത്തോടെ അയാൾ പറഞ്ഞു:


"ഓട്ടല്ലേ സർവത്ര. ഓട്ടം! ഓട്ടത്തില്  മ്മള് പിന്നാക്കം പോവാണ്ട്  നോക്കണ്ട്രോ! " 


'അലുക്കിട്ട ചായക്കിരീടവും, പിച്ചളത്തോടയും, കഴുത്തിൽ കലപില പാടും പണ്ടങ്ങളുമണിഞ്ഞ്' മരവും ചെണ്ടയും മുഴക്കുന്ന രൌദ്രതാളങ്ങളിൽ കാൽചിലമ്പിളക്കി തിറവേഷങ്ങൾ പന്തലിൽ നിറഞ്ഞാടി. തിരക്കിൽനിന്നു പിൻവാങ്ങി തെക്കേ  നടയിലെ ആളൊഴിഞ്ഞ ആൽത്തറയിൽ ചെന്നിരുന്നപ്പോൾ 'കൊട്ടുന്ന കോൽക്ക് തുള്ളുന്ന' സഹൃദയത്വത്തിന് കൂട്ടുകാരൻ   വരച്ചിട്ട ചിത്രം ബലൂണ്‍പീപ്പിയൂതി മുന്നിൽ വന്നു നിന്നു! " മനസ്സിൽ കൊണ്ടു നടക്കുന്ന കുട്ടി!. "


ഞാനോർത്തു...


ആളൊഴിഞ്ഞ പൂരപ്പറമ്പിൽ  ബലൂണ്‍ തുണ്ടുകളും വളപ്പൊട്ടുകളും ആനകൾ ഇലയുരിഞ്ഞിട്ടുപോയ പനങ്കോലുകൾ ചുഴറ്റി ആനപ്പാപ്പാൻ കളിച്ചു നടന്ന കുട്ടിയുടെ പൂരക്കമ്പത്തിന്റെ ദശാപരിണാമങ്ങൾ....

രണ്ടാമത്തെ വയസ്സില്‍ അമ്മയുടെ ഒക്കത്തിരുന്ന് ഉഷ:ശ്ശിവേലി കണ്ടതിന്റെ പ്രചോദനത്തിൽ  കയ്യും കാല്‍മുട്ടും നിലത്തു കുത്തിച്ച് ചേട്ടന്റെ മുതുകത്ത് വാശിത്തിടമ്പേറ്റി 'ഇണ്ടിണ്ണം പെപ്പരപേ'  കൊട്ടിച്ചാണ് മനസ്സിന്റെ മുളയറയില്‍ പൂരക്കമ്പത്തിനു വിത്തിട്ടത്. നാലാംവയസ്സിൽ അതു ചേച്ചിയുടെ ധാവണിത്തത്തുമ്പിൽ തൂങ്ങി പഞ്ചവാദ്യം നുണഞ്ഞു .അഞ്ചിന്റെ കൊച്ചുവെളുപ്പിന്  അച്ഛന്റെ തോളിൽ അമ്മയുടെ മഫ്ലറിൽ ഒളിച്ചിരുന്നു  വെടിക്കെട്ടു കണ്ടു . 

പത്തും തികഞ്ഞപ്പോള്‍ പന്ത്രണ്ടു പേരുടെ വിക്കറ്റെടുത്ത ചിറക്കലെ ആനയ്ക്ക് പിന്നില്‍ 'ഐസ്രൂട്ട്' ഈമ്പി നടന്നു. നടൂത്താറ പുത്തങ്കൊളത്തില് നീരാടാൻ പോകുന്ന കുറുമ്പനെ കൂട്ടം ചേർന്നാർപ്പിട്ടു ചിന്നം വിളിപ്പിച്ച് പാപ്പാന്റെ വായിലെ സരസുച്ചേച്ചിയെ പുറത്തു ചാടിച്ചതും അക്കാലത്തുതന്നെ. പന്ത്രണ്ടിന്റെ പൂരപ്പിറ്റേന്നാണ് ജന്മദൗത്യം പൂർത്തിയാക്കാനാകാതെ മതിൽക്കകത്ത് ഗതി കെട്ടു കിടന്ന ഓലപ്പടക്കവും  അമിട്ടുഗുളികയും പെറുക്കിയത് .  നാലാംപക്കം ഉണങ്ങിയ ആനപ്പിണ്ടം കത്തിച്ചു തീപ്പന്തു തട്ടി. ആളിക്കത്തുന്ന ചിമ്മിനിവിളക്കിലെ മണ്ണെണ്ണപ്പുക നസ്യം ചെയ്ത് കിലുക്കിക്കുത്തും ആനമയിലൊട്ടകവും നാടകുത്തും കളിച്ച്  പോയ മേടത്തിലെ വിഷുവിന്റെ 'കേട്ടം' വെള്ളത്തിലിട്ടത്‌ ഒമ്പതാം  ക്ലാസ്സിൽ . 

ഗുരുകുലത്തിന്റെ പടിയിറങ്ങിയ സ്വാതന്ത്ര്യപ്പതിനഞ്ച് മേല്‍ചുണ്ടിൽ ആണത്തം വരഞ്ഞു തന്ന കരുത്തില്‍ കുളക്കരയിലെ പാമ്പിന്‍കാവിലെ 'വെട്ട്യാല്‍ മുറിയാത്ത' ഇരുട്ടില്‍ ആദ്യത്തെ ചാര്‍മിനാറിനു തീപ്പെട്ടിയുരച്ചപ്പോൾ  അതീതകാലത്ത് ജാംബവാന്‍ ഊഞ്ഞാലാടി കളിച്ച പാലമരത്തിന്റെ പോടുകളില്‍ രാമനാമം ജപിച്ചിരുന്ന പല്ലു കൊഴിഞ്ഞ കരിമൂർക്കന്‍മാര്‍ 'കുട്ട്യോള്‍ടെ അഹമ്മതി' യെ ശാസിച്ചത് കേട്ടില്ലെന്നു നടിച്ചു. 


നെഞ്ചിലേറ്റിയപ്പോഴൊക്കെ ഉള്ളെരിയിച്ച കടുപ്പക്കാരി ചാര്‍മിനാറിനെ മൊഴിചൊല്ലി പനാമയെ പരിണയിച്ചത് കേരളവര്‍മയിലെ ഊട്ടിക്കാട്ടില്‍ വെച്ച്. മാര്‍ച്ചിനെ വിജയത്തിന്റെ ആദ്യചുവടാക്കി പ്രീഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ മുള്ളുവേലി ചാടിക്കടന്ന പതിനേഴിന്റെ ഒരു മണ്ഡലകാലത്ത്   ഉണ്ണി യേട്ടനില്‍നിന്നും വെടിക്കെട്ടുപണിക്കു മന്ത്രദീക്ഷ. പോക്കുവെയിലിൽ  പൂത്തുലഞ്ഞ ദേഹകാന്തിയിൽ അച്ഛനൊപ്പം  പാണ്ടി കൊട്ടിയ   പെരുമനം കുട്ടന്റെ   കൌമാരവിലോഭനങ്ങൾ സിരകളിൽ കുത്തിവെച്ചത്‌ വിട്ടൊഴിയാത്ത മേളജ്വരം. 

പള്ളിപ്പാടന്റെ തിമിലയും കടവല്ലൂരിന്റെ മദ്ദളവും  ത്രിപുട പെരുക്കിയ ഒരു ധനുമാസരാവിൽ   വെടിമരുന്നു വാരിത്തേച്ച വെള്ളകുപ്പായമിട്ട് ഉണ്ണിയേട്ടനൊപ്പം പൂരത്തിരക്കിൽ തിക്കിത്തിരക്കി ഗൌരവം കളിച്ചു നടന്നും പഞ്ചവാദ്യം തിമിലവറത്തൊടുങ്ങിയപ്പോള്‍ മതിലകത്തു വഴിയിട്ട കരിമരുന്നില്‍ ചോരത്തിളപ്പിന്റെ ചൂട്ടു കുത്തി തലങ്ങും വിലങ്ങും കുഴിമിന്നല്‍ പൊട്ടിച്ചും പൊലിപ്പിച്ചെടുത്ത ഇരുപതിന്റെ അര്‍ജ്ജുനപരിവേഷത്തിലേക്ക്   പൂരപ്പറമ്പിലെ പേരാല്‍ച്ചവട്ടിലെ  ഇന്ദീവരങ്ങളിലൊന്നു മിഴിതുറന്നപ്പോൾ അകതാരില്‍   വെള്ളിയമിട്ടു  പൊട്ടി  ഒലിയിട്ടിറങ്ങി......

പൂരക്കമ്പം ഋതുമതിയായി....



"ബാലേട്ടാ ദെന്താ ഇവടേരിക്കണേ വെടിക്കെട്ടിന്   പോണില്ല്യേ ?  ഏഴു മണിക്ക് പൊട്ടും. മുള്ളൂർ പാടത്താണ്  . "

ഗൾഫിൽനിന്നും ആർത്തിപൂണ്ട്  ഭരണിവേലയ്ക്കു പറന്നെത്തിയ പുത്തൻ തലമുറക്കാരൻ. ഫേസ് ബുക്കിൽ വിരിഞ്ഞ സൗഹൃദം. 


വാച്ചിൽ നോക്കി. സമയം ആറേമുക്കാൽ. പതിനഞ്ചു മിനിട്ടുണ്ട്. പോകണോ? വേണം !. അവിടെ ഉണ്ണ്യേട്ടൻ ഉണ്ടാവും. കള്ളിമുണ്ടും കയ്യില്ലാത്ത ബനിയനുമിട്ട് വെടിമരുന്നു കറുപ്പിച്ച കൈകൾ  വീശി, മുണ്ടത്തിക്കോട്ട് മണിയാശാന് എന്തൊക്കെയോ നിർദേശങ്ങൾ നൽകുന്നതിനിടക്ക് എന്നെ കാണുമ്പോൾ:


"അ: വന്ന്വല്ലേ! ന്ന്ട്ട്..? ബാലന്ദ്രൻ...രാത്ര്യെന്താ പരിപാടി?"


എന്ന് ഒരു കള്ളപ്പുഞ്ചിരിയോടെ ചോദിക്കുന്ന ഉണ്ണ്യേട്ടൻ....

അതെ...ഒരിക്കലും കലാശിക്കാത്ത പാണ്ടിമേളത്തിന്റെ മർമ്മം നോക്കി കതിനയ്ക്കു തീവെക്കാൻ  ഓലച്ചൂട്ട് വീശി ഇരുട്ടിലേക്ക് നടന്നു പോയ   ഉണ്ണ്യേട്ടൻ ......




                                                   ***********