2016, ഡിസംബർ 15, വ്യാഴാഴ്‌ച

പ്രിസ്ക്രിപ്ഷന്‍

///////// പ്രിസ്ക്രിപ്ഷന്‍ //////////
ജീവിച്ചിരിക്കുന്നു എന്നതിന്‍റെ പ്രമാണം ഉടലോടെ സമര്‍പ്പിച്ചു ബാങ്കില്‍നിന്നും മടങ്ങുമ്പോഴാണ് കോണിച്ചുവട്ടില്‍വെച്ചു മറ്റൊരു പെന്‍ഷണറായ സുഹൃത്ത് വാസുദേവനെ കണ്ടത്.
“അ; വാസേവാ, ദെന്താദ് കൊറേ കാലായിലോ കണ്ടട്ട്!. എന്തു പറേണൂ സുഖന്ന്യല്ലേ?”

“ അല്ല, സുഖന്നേന്ന് പറ്യാന്‍ ലേശം വെഷമണ്ട്രോ!.”
“അയ്! അതെന്താദ്!.”
അപ്പോഴാണ് ഞാന്‍ വാസുദേവനെ കൂടുതല്‍ ശ്രദ്ധിച്ചത്. വലിയ പ്രസാദത്തിലല്ല വദനം.
“മെഡിക്ലെയിം അയച്ചത് മടങ്ങി. പത്തുപതിനായിരം രൂവേടെ കേസാര്‍ന്നു. “
“എന്തു പറ്റീ?”
“ അപേക്ഷയില്‍ ഡിസ്ക്രീപന്‍സീസ്ണ്ടത്രേ.”
വാസുദേവന്‍ സംഭവം വിവരിച്ചു.
മൂന്നു മാസം മുമ്പ് വീട്ടില്‍ കോണിയിറങ്ങുമ്പോള്‍ കാല് തെറ്റി വീണു മുട്ടിന് പരിക്ക് പറ്റി. ചികിത്സക്കായി നഗരത്തിലെ ഏറെ പ്രശസ്തിയും തിരക്കുമുള്ള ഓര്‍ത്തോപിഡീഷ്യനെ തന്നെ കാണാന്‍ പറ്റി. അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥന്‍ ഡോക്ട്ടറെ ഫോണില്‍ വിളിച്ച് ഏര്‍പ്പാടാക്കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച തരമായത്. കണ്‍സള്‍ട്ടേഷന്‍ മുറിക്കു പുറത്ത് ഊഴം കാത്തിരിക്കുന്നതിനിടയില്‍ ഡോക്ട്ടറുടെ സഹായി പുറത്തു വന്നു വിളിച്ചു ചോദിച്ചു.
”ആരാ വാസുദേവന്‍ നമ്പൂതിരി?”
ഞാനൊന്നു സംശയിച്ചു. നമ്പൂതിരിയോ? പി.എസ്. വാസുദേവനാണ് താന്‍ . ഇതെങ്ങന്യാ ഒരു നമ്പൂരി കേറി വന്നത്?.
മുറിയില്‍ കടന്നപ്പോള്‍ ഡോക്‍ട്ടറും അതാവര്‍ത്തിച്ചു.
“സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നു. വാസുദേവന്‍ നമ്പൂതിരി അല്ലേ. വരൂ ഇരിക്കൂ.”
അതാ വീണ്ടും നമ്പൂതിരി!. സിദ്ധാര്‍ത്ഥന്‍റെ പണിയായിരിക്കണം. അയാള്‍ എപ്പോഴും അങ്ങിനെയാണ് എന്നെ വിളിച്ചിരുന്നത് എന്നോര്‍ത്തു. എന്തെങ്കിലും ആവട്ടെ എന്നു കരുതി അവഗണിച്ച വിഷയമായിരുന്നു. പക്ഷേ അതിങ്ങനെ എടങ്ങേറുണ്ടാക്കുമെന്ന് കരുതിയില്ല!.
"പരിശോധനേം നാലാഴ്ചത്തെ പ്ലാസ്റ്റര്‍, ഗുളിക, ഫിസിയോ തെറാപ്പി ചികിത്സോളും കഴിഞ്ഞപ്പോള്‍ പതിനായിരത്തിച്ചില്ല്വാനം രൂവ്യായി. അതിന്‍റെ ബില്ലോളൊക്കെ വെച്ചയച്ച ക്ലെയിമാണ്. സംഗതി മടങ്ങി!."
“എന്താ കാരണം?”
"അപേക്ഷേലും അനുബന്ധ രേഖോളിലൂള്ള ക്ലെയിമന്‍റിന്‍റെ പേരിനു വെത്യാസണ്ടത്രേ."
“എന്ന്‍ച്ചാല്‍?”
"അപേക്ഷേലെ വാസുദേവന്‍ അനുബന്ധങ്ങളില്‍ വാസുദേവന്‍ നമ്പൂര്യായീന്ന്!."
“അതെങ്ങനെ.?”
“ആ സിദ്ധാര്‍ത്ഥന്‍റെ പണ്യന്നെ അല്ലാണ്ടെന്താ!. അയാള് വാസുദേവന്‍ നമ്പൂരീന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഡോക്ട്ടറ് പ്രിസ്ക്രിപ്ഷനില് അങ്ങന്യന്നെഴുതി. അതിന്‍റെ ബലത്തില് ആശുപത്രി രേഖകളിലും മരുന്നിന്‍റെ ബില്ലുകളിലും നമ്പൂരി കടന്നിരുന്നു അതന്നെ!.”
“അയ് അപ്പോ വാസേവന്‍ ഇതൊന്നും നേരത്തെ നോക്കീല്ല്യേ?”
“അങ്ങനൊരബദ്ധം പറ്റീടോ. സാധനം മടങ്ങീപ്പ്ളാ ഞാനും ശ്രദ്ധിച്ചത്!.”
“ഇനീപ്പോ എന്താ ചെയ്യ്വാ?”
“ഡോക്റ്ററേം ആസ്പത്രിക്കാരേo ഫാര്‍മസിക്കാരേo ഒക്കെ കാണണം. വെട്ടിത്തിരുത്ത്യാ വല്ല രക്ഷേണ്ടോന്ന് നോക്കണം."
"അതൊന്നും കൊഴപ്പണ്ടാവില്ല്യ വാസേവാ. ഒക്കെ ശര്യാവും."
" ന്ന് വിചാരിക്ക്യാ. അപ്പോ ന്നാ ഞാന്‍ പോട്ടെ. മസ്റ്ററീയണം. കൊര്‍ച്ച് കാശെടുക്കണം. ന്നാ പിന്നെ കാണാം."
കോണി കയറി പോകുന്നതിനിടയ്ക്ക് തിരിഞ്ഞുനിന്നുകൊണ്ട് വാസുദേവന്‍ പറഞ്ഞു
“ജാതി ചോദിക്കരുത്, പറയരുത് എന്ന മുദ്രാവാക്യത്തിന്‍റൊപ്പം എഴുതരുത് എന്നൂടി ചേര്‍ത്തേര്‍ന്നെങ്ങെ ഈ നട്ടംതിരിച്ചലൊക്കെ ഒഴിവാക്കാര്‍ന്നു!.”

2016, ഡിസംബർ 10, ശനിയാഴ്‌ച

പെയിന്‍ കില്ലര്‍

പെയിന്‍ കില്ലര്‍

വലത്തെ കാല്‍മുട്ടിന് ഒരാഴ്ച മുമ്പ് ചെറുതായി തുടങ്ങിയ വേദനയാണ്. സംഭവം വികസിച്ച് നീരും അസഹ്യമായ കടച്ചിലുമായപ്പോള്‍ ടൌണില്‍ പോയി ഡോക്ട്ടറെ കാണേണ്ടി വന്നു. മടക്കിയും നിവര്‍ത്തിയും അമര്‍ത്തിയും തലോടിയും  കാലുപരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ട്ടർ പറഞ്ഞു:

“ജോയിന്‍റിന് നല്ല തേയ്മാനമുണ്ട്. എക്സ്റേ നോക്കിയാലേ  കൃത്യമായി അറി യാനാവൂ. വേദനയും കടച്ചിലും നീര്‍ക്കെട്ട് മൂലമാണ്. ഞാന്‍ രണ്ടുമൂന്ന് ഗുളികകള്‍ എഴുതുന്നു. എക്സ്റേ എടുക്കണം. ബ്ലഡ്ഡൊന്നു ടെസ്റ്റീയണം. റ്യൂമാറ്റോയിഡ് ഫാക്റ്റര്‍ നോക്കണം.”


പ്രിസ്ക്രിപ്ഷന്‍ എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഡോക്ട്ടര്‍ ചോദിച്ചു:

“വീട്ടില്‍ ആരൊക്കെയുണ്ട്?.”

“ഞാനും ഭാര്യയും.”

“ഓക്കെ. ഒരു കാര്യം ചെയ്യണം. രാത്രി കിടക്കുന്നതിന് മുമ്പ് ഇതില്‍ പറഞ്ഞിരിക്കുന്ന ഗ്ലിസറിന്‍ ലോഷന്‍ കാല്‍മുട്ടില്‍ കുളുർക്കെ പുരട്ടി കോട്ടണ്‍ വൂള്‍ ചുറ്റി കെട്ടണം. രാവിലെ എടുത്തു കളയാം. നീരു പോവാനാണ്. അതാദ്യത്തെ തവണ  ഹോസ്പിറ്റലില്‍ ചെയ്തോളൂ. അവര്‍ ചെയ്യുന്നത് കണ്ടാല്‍ വീട്ടില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാം. ഒരാഴ്ച മുടങ്ങാതെ ചെയ്യണം കേട്ടോ. ബ്ലഡ് റിസല്‍ട്ടുമായി നാളെ വരൂ.”

ഭാര്യയുമൊത്ത് ഡോക്ട്ടര്‍ ജോലി ചെയ്യുന്ന സ്വകാര്യ ഹോസ്പിറ്റലില്‍ പിറ്റേ ദിവസം രാവിലെ എത്തി. ഡ്രെസ്സിംഗ് റൂമിന്‍റെ വാതില്‍ക്കല്‍ ചെന്നു ശങ്കിച്ചു നിന്നപ്പോള്‍ മധ്യവയസ്കനായ മെയില്‍ നേഴ്സ് (അതോ അറ്റന്‍ററോ?) ഹൃദ്യമായ പുഞ്ചിരിയോടെ അടുത്തു വന്നു സ്വാഗതം ചെയ്തു:

“വര്വോ വര്വോ. എന്തേ?.”

ഞാന്‍ പ്രിസ്ക്രിപ്ഷന്‍ നീട്ടി. അത് വാങ്ങി നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു:

“ആർക്കാ? മാഷക്കാ?.”

“അതെ.”.

“ ന്നാ ദാ ഇങ്ങട് പോന്നോളോ. ആരാ കൂടെ?."

"ഭാര്യയാണ്."

" അയ്  എന്തേ അവടെ നിന്നേ?.  ങ്ങട് പോര്വോ. ഞാന്‍ ഏതാണ്ട് കാണിച്ചരാം. നോക്കി പഠിച്ചോളോ. നാളെ മൊതല് നിങ്ങളാ ചെയ്യണ്ട്. ഇവടെ ഇന്ന് മാത്രേള്ളൂ.“

പൊക്കവും നീളവും കൂടിയ മേശ എനിക്കു കാണിച്ചുതന്നുകൊണ്ട് അയാള്‍ പറഞ്ഞു:

“ മാഷ്  ദാ ആ മേശേമേ കേറി ഇരുന്നോളോ. പതുക്കെ . ങ്ഹാ അങ്ങന്യന്നേ!.”

“ഇനി ആ മുണ്ടൊന്നു പൊക്കി  വെക്കണം. മുട്ട് കാണട്ടെ. അയ് മുണ്ടത്രക്ക് പൊക്കണ്ട!. ഞാൻ അനാവശ്യായിട്ട് ഒന്നും പറഞ്ഞില്ലിലോ!. ങ്ഹാ യെസ്!. അത്ര മതി. ഔ, നല്ല നീര്ണ്ട് ട്ടാ!.”

വലിയൊരു കുപ്പിയില്‍നിന്ന് കറുത്ത നിറത്തിലുള്ള ഗ്ലിസറിന്‍ ബിപിസി കുഴമ്പ് കയ്യിലൊഴിച്ച് പരത്തി മുട്ടിനു  ചുറ്റിലും സമൃദ്ധിയായി  പുരട്ടിയശേഷം രണ്ടു ചുറ്റ് പഞ്ഞിയിട്ട് കോട്ടണ്‍ ബാന്‍ഡ് എയിഡു വരിഞ്ഞ് പ്ലാസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:

“ഞാന്‍ ഇതൊന്ന് കനത്തിലൊട്ടിക്ക്ണ്ട് ട്ടാ. അല്ലെങ്ങലേയ് വീടെത്തുമ്പഴക്കും സാധനഴിയും. അപ്പോ നിങ്ങള് പറയും - ഏയ് അയാളെന്തൂട്ട് പണ്യാ കാട്ടീത്! മര്യാദക്ക് കെട്ടാണ്ട്  ന്നൊക്കെ .  എന്തേ ശര്യല്ലേ ഞാന്‍ പറഞ്ഞത്?.

“അതെ.”

“ങ്ഹാ അപ്പളോ!. നല്ല മനസ്സാ. സത്യം പറഞ്ഞു!. ന്നാ ശരി. പതുക്കെ  എറങ്ങിക്കോളോ. നാളെ കാലത്ത് പ്ലാസ്റ്ററ് മെല്ലെ അഴിച്ച്‌  മാറ്റണം ട്ടാ. അല്ലങ്ങെ ജീവന്‍ പൂവും!. തിക്ക് രോമത്ത്മ്മലാ സാധനം ഇരിക്കണതേയ്!.”

ഞാന്‍ മേശയില്‍നിന്നും താഴെ ഇറങ്ങി.

"അപ്പോ ചേച്ചി ഒക്കെ നോക്കി മനസ്സിലാക്കീല്ല്യേ?. രണ്ടാമതൊന്നു പറഞ്ഞരണ്ടലോ?. ഇതുപോലെ ചെയ്തോളോ ട്ടാ. ന്നാ ശരി. പണം മുമ്പിലെ കൌണ്ടർലടച്ചോളോ."

നന്ദി പറഞ്ഞപ്പോള്‍ അയാള്‍ എതിര്‍ത്തു:

"എയ്!. അത് സാരല്ല്യ മാഷേ.  അതൊക്കമ്മള്‍ടെ പണ്യല്ലേ?."

പത്തു മിനിറ്റേ ആ രസികന്‍റെ കൂടെ ചിലവഴിച്ചുള്ളു. മുട്ടിലെ വേദന പകുതി ശമിച്ചതായി തോന്നി. പുരട്ടലും കെട്ടലും എല്ലാ ദിവസവും അയാളുടെ അടുത്തുതന്നെ ആയാലോ എന്നും ചിന്തിക്കാതിരുന്നില്ല!.

2016, ഡിസംബർ 5, തിങ്കളാഴ്‌ച

ശ്രീദേവി


ശ്രീദേവി

ഇന്നലെ ഒരു നല്ല ദിവസമായിരുന്നു....

ബിജോയ് നമ്പ്യാര്‍-ദുല്‍ക്കര്‍ സല്‍മാന്‍ തമിഴ്/മലയാളം സിനിമ 'സോളോ' യുടെ ഇടക്കൊച്ചി ലൊക്കേഷന്‍. തെളിഞ്ഞ പ്രഭാതം. വേമ്പനാട്ടു കായൽക്കരയിലെ മനോഹരമായ ബംഗ്ലാവിന്‍റെ പുല്‍ത്തകിടിയിലിരുന്ന് തിരുവണ്ണാമലക്കാരന്‍ അസിസ്റ്റന്‍റിന്‍റെ ശിക്ഷണത്തില്‍ സിനിമയിലെ സംഭാഷണത്തിന്‍റെ തമിഴ് ഉച്ചാരണം പരിശീലിക്കുന്നതിനിടയില്‍ റിപ്പ്ഡ് ജീന്‍സും ടോപ്പും ധരിച്ച് ബ്രസീലിയന്‍ കേശഭാരവുമായി ഒരു സുന്ദരിക്കുട്ടി മുന്നില്‍ വന്നു പുഞ്ചിരിച്ചു നിന്നു. പിന്നെ സൌമ്യമായി ചോദിച്ചു:

"സേര്‍, എന്നെ അറിയുമോ?."

നാലഞ്ചു നിമിഷം ആ യുവതിയെ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ടാകും. ഒരു പിടിയും കിട്ടുന്നില്ല. അഭിനയിച്ച വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന്‍റെ സെറ്റില്‍ വെച്ചു കണ്ടു പരിചയിച്ച നിരവധി സംവിധാനസഹായികളുണ്ട്. അവരിലാരെങ്കിലും?. ഇല്ല ഓര്‍മ്മ വരുന്നില്ല.

" ക്ഷമിക്കണം മേഡം!. മെമ്മറി ഫാക്കള്‍ട്ടി വളരെ വീക്കാണ്. ഒന്നു പരിചയപ്പെടുത്താമോ?."

പെണ്‍കുട്ടിയുടെ അടുത്ത പ്രതികരണത്തില്‍ ഞാന്‍ അങ്കിളായി മാറി!.

"അങ്കിളിനോര്‍മ്മേണ്ടാവും. ഞാന്‍ ശ്രീദേവി. നമ്മള് പുറനാട്ടുകരയില്‍ നെയ്ബേഴ്സായിരുന്നു. ഞാനും എന്‍റെ ഏട്ടന്‍ വിഷ്ണുവും അങ്കിളിന്‍റെ മകന്‍ അശ്വിന്‍ ചേട്ടനുമൊക്കെ....."

".....കൂട്ടുകാരായിരുന്നു!." തിരിച്ചറിവ് മനസ്സില്‍ മിന്നല്‍ക്കൊടി വിരിയിച്ചപ്പോള്‍ ഞാന്‍ ചാടി വീണു പെണ്‍കുട്ടിയുടെ വാചകം പൂര്‍ത്തിയാക്കി !.

"ഓ ഗോഷ്!. ശ്രീദേവി!. വിഷ്ണൂന്‍റെ അനീത്തി. അറ്യോന്നാ അസ്സലായി!. ദാ ഇവടേരിക്കൂ പ്ളീസ്!."

ഉടനെ കൈപിടിച്ച് അരികിലിരുന്ന കസേര നീക്കിയിട്ടു കൊടുത്തു.

തന്‍റെ സഹപ്രവര്‍ത്തകനോടു ക്ഷമാപണം നടത്തി വാങ്ങിയ അഞ്ചു നിമിഷംകൊണ്ട് പന്ത്രണ്ടു വര്‍ഷത്തെ വിശേഷം പറയാന്‍ ശ്രീദേവി എന്‍റെ മുന്നിലിരുന്നു.....

ശ്രീദേവി.

കാല്‍ നൂറ്റാണ്ടു മുമ്പ് നാട്ടില്‍ തൊട്ടയലത്ത് വീടു വെച്ചു താമസം തുടങ്ങിയ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ രണ്ടു മക്കളില്‍ ഇളയവള്‍. മൂത്തയാള്‍ വിഷ്ണു. രണ്ടു പേരും എന്‍റെ മകന്‍ അശ്വിന്‍റെ അടുത്ത ബാല്യകാല സുഹൃത്തുക്കള്‍. മകനോടൊപ്പം പുറനാട്ടുകര കേന്ദ്രീയ വിദ്യാലയയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. നമ്പൂതിരി സാറിന് ഒളരിയില്‍ ഏജീസ് ഓഫീസ് ക്വാര്‍ട്ടേഴ്സ് അനുവദിച്ചു കിട്ടിയപ്പോള്‍ നാട്ടിലെ വീട് പൂട്ടി സകുടുംബം അങ്ങോട്ട് താമസം മാറ്റി. അതിനു ശേഷം അവരെ ആരെയും കണ്ടിട്ടില്ല. എങ്കിലും വിഷ്ണു എഞ്ചിനീയറിങ് പഠനം കഴിഞ്ഞു ലണ്ടനില്‍ ജോലി, വിവാഹിതന്‍, ശ്രീദേവി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്, കോല്‍ക്കത്തയില്‍ സിനിമാപഠനം എന്നിവ കഴിഞ്ഞു മുംബൈയില്‍ ബോളിവുഡില്‍ സജീവം എന്നൊക്കെയുള്ള വിശേഷങ്ങള്‍ ഏജീസ് ഓഫീസില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ സഹപ്രവര്‍ത്തകയായിരുന്ന എന്‍റെ ഭാര്യയില്‍ നിന്നും അറിയാറുണ്ടായിരുന്നു.

ഒരു വ്യാഴവട്ടത്തിനുശേഷം ശ്രീദേവി ഇതാ ഉടലോടെ മുന്നില്‍!.

"ശ്രീദേവി ഈ സിനിമയില്‍?."

"ഞാന്‍ സ്ക്രിപ്റ്റ് ആന്‍ഡ് ഡയലോഗ് ഡിപ്പാർട്ട്മെന്‍റാ."

സ്കൂള്‍ പഠനകാലത്ത് എഴുത്തും വായനയും നൃത്തനാടകാദി സർഗാസുഖങ്ങളും കലശലായുണ്ടായിരുന്ന ശ്രീദേവി വിനീതയായി പറഞ്ഞു.

"അങ്കിളേ ആന്‍റിക്കൊക്കെ സുഖം തന്നെയല്ലേ? “

"സുഖം തന്നെ. കഴിഞ്ഞ ആഗസ്റ്റില്‍ റിട്ടയറായി.”

"അതൊക്കെ ഞാനറിയുന്നുണ്ട് അങ്കിള്‍. അശ്വിനും ചിത്തിരയും ഹൈദരബാദിലാന്നൊക്കെ അറിയാം. നാട്ടിലെ പഴയ കൂട്ടുകാരികള്‍ പുതുക്കാട്ടെ ഇന്ദു, ചിത്ര, തുടങ്ങിയവരില്‍നിന്നും ഫേസ്ബുക്ക് വഴിയും മറ്റുമായി എല്ലാം അറിയുന്നുണ്ട്. പിന്നെ ഞാന്‍ അച്ഛന്‍റേം അമ്മേടേം അടുത്ത് ഇടക്കിടെ പോകാറുണ്ട്. പുറനാട്ടുകരക്കു വരാറില്ല എന്നേയുള്ളൂ. അവിടെ ഇപ്പോ ആരുമില്ലല്ലോ?.”

“അതൊന്നും നോക്കണ്ട ഏന്‍റെ വീട്ടിലേക്ക് വരാലോ. അപ്പോള്‍ പഴയ കൂട്ടുകാരേം കാണാം. "

“ശരി അങ്കിളേ. ഈ അസൈന്‍മെന്‍റ് കഴിഞ്ഞ് നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും അങ്ങോട്ടും വരാന്‍ ശ്രമിക്കാം."

"ശ്രമിച്ചാല്‍ പോരാ. വരണം."

'ഷ്വര്‍!. എന്നാ ഞാന്‍ വരട്ടെ അങ്കിള്‍. കാരി ഓണ്‍ വിത്ത് ദി ഡയലോഗ്."

"ഫ്രീ ആവുമ്പോ കാണണം. ഒരുമിച്ചൊരു ഫോട്ടോ. ഞാന്‍ ഫേസ് ബുക്കിലിടും ട്ടോ!. പഴയ ആള്‍ക്കാര്‍ക്കൊക്കൊക്കെ വല്ല്യേ എക്സൈറ്റ്മെന്‍റാവും; അശ്വിന്‍, ചിത്തിര, ഇന്ദു, ചിത്ര, അമ്മു, ആതിര അങ്ങിനെ അങ്ങിനെ..."

"ഷ്വര്‍ ഷ്വര്‍ അങ്കിള്‍. വരാം. പോട്ടെ? അല്‍പ്പം തിരക്കുണ്ട്. .പിന്നെ കാണാം."

എഴുന്നേറ്റ് ഒന്നുകൂടി ഷെയ്ക്ക് ഹാന്‍ഡ് ചെയ്തുകൊണ്ട് സെറ്റിലെ തിരക്കുകളിലേക്ക് ഊളിയിട്ടുപോയ ആ യുവതിയെ നോക്കി നിന്നപ്പോള്‍ മനസ്സിലേക്ക് വെള്ളയും നീലയും യൂണിഫോമും ബാക്ക് പാക്കുമായി ഒരു കൊച്ചു പെണ്‍കുട്ടി ഓടിയെത്തി. രാവിലെ സ്കൂളില്‍ പോകാന്‍ നേരം കൂട്ടുകാരന്‍ അശ്വിന്‍ ഒരുങ്ങുന്നതും കാത്ത് ഏന്‍റെ വീട്ടുമുറ്റത്ത് വന്ന്‍ ചേട്ടന്‍റെ പിറകില്‍ നാണിച്ചു നിന്നിരുന്ന ഒരു പ്രൈമറി ക്ലാസുകാരി!.

തത്ത

  തത്ത 

നട്ടുച്ച നേരത്ത് വിസ്തരിച്ചൊന്നു തേച്ചു കുളിക്കണമെന്ന് മോഹം തോന്നി ആസകലം എണ്ണ തേച്ച് അമ്പലക്കുളത്തിലേക്ക് ഇറങ്ങിയതാണ് അദ്ധ്യാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കുറുപ്പുമാഷ്. കുളക്കരയിലെത്തിയപ്പോൾ തന്‍റെ തോട്ടത്തിലെ 
തെങ്ങിൽ നിന്ന് വെപ്രാളം പിടിച്ചിറങ്ങി ഓടുന്ന രാമനെ കണ്ടു.



"ആരാദ്?. ഒന്നവടെ നിക്ക്വാ, ചോദിക്കട്ടെ!."

തല ചൊറിഞ്ഞു മുന്നിൽ വന്നു നിന്ന രാമനോട് മാഷ് ശാന്തമായി ചോദിച്ചു:

" അ: രാമനോ! എന്താ രാമാ തെങ്ങില്?."

" ഒന്നൂല്ല്യ മാഷേ!."

"ഒന്നൂല്ല്യാണ്ട് വെറുതെ തെങ്ങില് കേറ്വോ?."

"തത്തേ പിടിക്കാൻ കേറീതാ."

"തത്തേ പിടിക്കാനോ?."

"അതെ മാഷെ, നല്ല പച്ചത്തത്ത!."

"ന്ന്ട്ട് തത്തെവടേ?. ഇയാൾടെ കയ്യിലൊന്നും കാണാല്ലിലോ?."

" തത്ത പറന്ന് പോയി മാഷേ!."

ഉത്തരം മുട്ടി ഉള്ളിൽ കുമിഞ്ഞു കുമിഞ്ഞു പൊന്തിയ ചിരിയടക്കാൻ മാഷ് പാടുപെട്ടു.

" തത്തയല്ലേ ആ കെടക്കണത്?."

രാമന്‍റെ കാൽച്ചുവട്ടിലേക്ക് വിരൽ ചൂണ്ടി മാഷ് ചോദിച്ചു.

ഒന്നു പിടഞ്ഞു ചാടി രാമൻ താഴോട്ട് നോക്കിയപ്പോൾ കണ്ടത് താൻ പിരിച്ചിട്ട തേങ്ങയാണ്. ഗത്യന്തരമില്ലെന്നു കണ്ടപ്പോള്‍ രാമനും കുറുപ്പിന്‍റെ കളരിയില്‍ കൂടാൻ തീരുമാനിച്ചു.

" എവടെ മാഷേ?."

"അയ്!. ദേ കെടക്കണൂടോ കാണാല്ല്യേ?."

" ഇല്ലിലോ മാഷേ?."

" അത് ശരി!. അപ്പൊ ഇയാൾക്ക് തത്തേ കണ്ടാ അറീല്ല്യാല്ലേ?. ന്ന്ട്ടാ തെങ്ങ്മ്മെ കേറീത്?."

രാമന്‍ ഒന്നും മിണ്ടാതെ മണ്ടനായി നില്‍ക്കുന്നതു കണ്ടപ്പോൾ മാഷ് തുടർന്നു ':

" ശരി എന്തായാലും ഇയാള് തത്തേ പിടിക്കാൻ വന്നതല്ലേ വെറും കയ്യോടെ മടങ്ങണ്ട.!. കാൽക്കല് കെടക്കണതെടുത്ത് പൊക്കോള്വാ."

വിശ്വാസം വരാതെ രാമൻ അന്തിച്ചു നിന്നു!.

" അതേടോ!. ആ തത്ത തനിക്ക്. ഇനി പക്ഷെ തെങ്ങ്മ്മെ കേറുമ്പോ ഒന്നു പറഞ്ഞാ നന്ന്!. തത്തക്കൊക്കെ ഇപ്പൊ നല്ല വെല്യാണേയ്!."

പ്രാരബ്ധം

 പ്രാരബ്ധം  

വിവാഹച്ചടങ്ങുകള്‍ പാലും പഴത്തിലേക്ക് സംക്രമിച്ചപ്പോള്‍ എഴുന്നേറ്റു. ഇനി താഴെപോകാം. സദ്യ തുടങ്ങിയിട്ടുണ്ടാകും. മണി പത്തര ആയിട്ടേയുള്ളൂ. എങ്കിലും ഇരുന്നുകളയാം. ആദ്യത്തെ പന്തിക്ക് തിരക്കുണ്ടാവില്ല. അത് കഴിഞ്ഞാല്‍ തള്ളാവും.

ഊണ് കഴിഞ്ഞ് ഒന്നു മുറുക്കി പുറത്ത് അമ്പലപ്പറമ്പില്‍ ചെന്നു സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ പിന്നില്‍നിന്നും വിളി കേട്ടു


"എയ് ബാലന്ദ്രാ നിക്ക് നിക്ക്!."

ഓടിക്കിതച്ചു വന്നത് നാട്ടില്‍നിന്നും താമസം മാറ്റിയ പഴയ സുഹൃത്ത്.

"എവടക്കാ ടൌണിലിക്കാ?."

"അതേ."

"ന്നാ ഞാനൂണ്ട്. കൌസ്തുഭത്തില് വേറൊരു കല്ല്യാണണ്ട്."

"ഊണ് കഴിച്ചില്ല്യേ?" ഞാന്‍ ചോദിച്ചു

"പിന്നെ പിന്നെ!. കൂടാണ്ട് കഴ്യോ!."

"അപ്പോ കൌസ്തുഭത്തില്?"

"അവടേം കഴിക്കും. സ്പേസ് ഇട്ട്ണ്ട്!."

"ബെസ്റ്റ്!. ശരി കേറ്."

വണ്ടി നീങ്ങിയപ്പോള്‍ പുറത്ത് രണ്ടു മൂന്നു തട്ട്.

"ഒന്നു നിര്‍ത്ത്യേ.ഒന്നു നിര്‍ത്ത്യേ!."

നിര്‍ത്തി.

സ്കൂട്ടറില്‍നിന്നിറങ്ങി പിന്നിലേക്കോടി പ്ലാവിന്‍ ചുവട്ടില്‍ കിടന്നിരുന്ന ട്രാവലറിന്‍റെ മുന്നിലെ ചിന്നിൽ   ഒന്നു നോക്കിയശേഷം പോയ വേഗത്തില്‍ തന്നെ തിരിച്ചു വന്നു കയറി.

"വിട്ടോ, വിട്ടോ!."

"എന്തേ?."

"ഒന്നൂല്ല്യ. ചെക്കന്‍റേം പെണ്ണിന്‍റേം പടം ഒന്നു നോക്കീതാ. ഞാനിപ്പെത്ത്യേള്ളേയ്. മണ്ഡപത്തിലിക്ക് കോണി കേറാന്‍ നോക്കുമ്പോ സദ്യക്കാളെ കേറ്റണ കണ്ടു. പിന്നൊന്ന്വാലോചിച്ചില്ല്യ; സദ്യക്കാ കേറി. ഇനീപ്പോ രണ്ടാളേം കാണാന്‍ നിന്നാ മറ്റോടത്ത് വൈകും. എല്ലാടത്തും ഒന്നെത്തണ്ടേ!."

ഉത്തേജകം

 ഉത്തേജകം 

പരിപാടികള്‍ നന്നായാലും ഇല്ലെങ്കിലും പ്രേക്ഷകരോട് കയ്യടിക്കുവാന്‍ അവതാരകര്‍ ആഹ്വാനം ചെയ്യുന്ന അല്ലെങ്കില്‍ ആയത് അവരവര്‍ ഇരന്നു വാങ്ങുന്ന പുത്തന്‍ സാംസ്കാരികപ്രവണതയെ വിമര്‍ശിച്ചുകൊണ്ട് ഒരു സുഹൃത്ത് ഫേസ് ബുക്കിൽ  എഴുതിയത് വായിച്ചപ്പോള്‍ പണ്ടു നാട്ടിൽ നടന്ന രസകരമായ ഒരു സംഭവം മനസ്സിൽ തിരശ്ശീല ഉയർത്തി.
പത്തു നാല്‍പ്പതു കൊല്ലം മുമ്പാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യുവജനസംഘടനയായ KSYFന്‍റെ (കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്‍ - DYFI യുടെ ആദിരൂപം ) പഞ്ചായത്ത് സമ്മേളനമാണ് സന്ദർഭം. തൊട്ടടുത്തുള്ള വിളക്കുംകാല്‍ കവലയില്‍ പൊതുസമ്മേളനം നടക്കുന്നു. സന്ധ്യക്ക് തുടങ്ങിയ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അന്നത്തെ സ്റ്റഡി ക്ലാസ് ആചാര്യനും ഉജ്ജ്വല പ്രാസംഗികനുമായ പാറളം ജോസഫ് രണ്ടു മണിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തിയതോടെ സമയം രാത്രി പത്തു മണിയായി. മറ്റ് പ്രസംഗങ്ങളും നന്ദിയും പ്രശസ്ത നാടകകൃത്തും നടനും സംവിധായകനുമായ രാജ് തോമസിന്‍റെ കഥാപ്രസംഗവും കൂടിയായപ്പോള്‍ മണി പതിനൊന്ന്. പിന്നെ ലോക്കല്‍ ഗായകരുടെ ഗാനമേള, സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ എന്നിവയെല്ലാം പൊടിപൊടിച്ച് കാര്യപരിപാടിയിലെ അവസാന ഇനമായ നാടകത്തിലേക്കെത്തിയപ്പോള്‍ സമയം രണ്ടര!. ശ്രദ്ധേയമായ കാര്യം പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടായില്ല എന്നതാണ്!. അന്നൊക്കെ അങ്ങിനെയാണ്. രാവേറെ ചെന്നാലും ജനം ഒന്നൊഴിയാതെ എല്ലാം കണ്ടേ പോകൂ. അത് വായനശാല വര്‍ഷികമായാലും പൂരമായാലും രാഷ്ട്രീയ സമ്മേളനമായാലും.
പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ ജോസ് പായമ്മലിന്‍റേതാണ് നാടകം. സംഭാഷണപ്രിയനും ഉടനീളം നര്‍മ്മം ചാലിച്ചു സംഭാഷിക്കുന്ന സരസനുമാണ് ജോസേട്ടന്‍. ലോവര്‍ - മിഡില്‍ - അപ്പര്‍ എന്നു വേണ്ട സമയത്തിനും സന്ദർഭത്തിനും ചേരുന്ന ഏത് ക്ലാസിലുള്ള നമ്പറുകളും ജോസേട്ടന്‍ എടുക്കും.
രണ്ടേമുക്കാലിന് ജോസേട്ടന്‍ തിരശ്ശീലക്കു പിന്നില്‍ വന്നു മൈക്കെടുത്ത് തന്‍റെ മുരത്ത സ്വരത്തില്‍ തുടങ്ങി.
"സഖാക്കളേ, സഹൃദയരേ,
കേയെസ് വൈയെഫിന്‍റെ അടാട്ട് പഞ്ചായത്ത് സമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ഒരു നാടകം കളിക്കാമെന്ന് സംഘാടകരോട് കഴിഞ്ഞ മാസം ഞാനേറ്റിരുന്നു. ക്രിസ്തുവര്‍ഷം ആയിരത്തി തൊള്ളായിരത്തി എഴുപത്താറ് നവംബര്‍ പതിനഞ്ചാം തിയതി രാത്രി നാടകം അവതരിപ്പിക്കണമെന്നാണ് അവരാവശ്യപ്പെട്ടിരുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇതിപ്പോള്‍ നവംബര്‍ പതിനാറായി. ദാ കോഴി കൂവണ കേട്ടൂലോ?. മണി മൂന്ന്!. അത് പോട്ടെ; അതറിഞ്ഞുകൊണ്ടാണല്ലോ നിങ്ങളൊക്കെ ഇവടേരിക്കണത്!. അതന്നെ വല്ല്യേ സന്തോഷം. അതിനു നിങ്ങളോട് പെരുത്ത് നന്ദീണ്ടേനും!.
കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു കോമഡി നാടകം കളിക്കണമെന്നാണ് സംഘാടകര്‍ എന്നോട് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നത്. ആവശ്യപ്പെട്ട ചരക്ക് തന്നെയാണ് കൊണ്ടു വന്നട്ട്ളളത്. പക്ഷെ പ്രശ്നതല്ല. ഈ കൊച്ചു വെളുപ്പാങ്കാലത്ത് വിളക്കുംകാല്‍ സെന്‍ററില്‍ ഉറക്കം തൂങ്ങി തേത്തായി ഒലിപ്പിച്ചിരിക്കുന്ന നിങ്ങളെയൊക്കെ കുലുക്കി ചിരിപ്പിക്കണെങ്കില്‍ എനിക്ക് കോമഡി ഒന്നു മാറ്റിപ്പിടിക്കേണ്ടി വരും. ഒന്നുകില്‍ ഞാനും എന്‍റെ കൂടെ വന്നവരും കൂട്ടത്തോടെ ഇറങ്ങിവന്ന് നിങ്ങളുടെയൊക്കെ കക്ഷത്ത് കിക്കിളി കൂട്ടണം. അല്ലെങ്കില്‍ സൈക്കിള്‍ യജ്ഞക്കാര് ചെയ്യണപോലെ ഡാല്‍ഡേടെ ടിന്ന് കയ്യിലെടുത്ത് എടക്കെടക്ക് നിങ്ങള്‍ടടുത്ത് വന്ന് ചിരി എരക്കണം. രണ്ടായാലും കൂട്ടായ ഒരു കോട്ടുവായ്ക്ക് ശേഷം ഞങ്ങള്‍ നാടകം ആരംഭിക്കുകയാണ്. "
ജോസേട്ടന്‍ എന്ന ദീര്‍ഘദര്‍ശിക്ക് നമോവാകം!.
-----------------------------------------------------------------------------------
കഥയില്‍ പറയുന്ന വര്‍ഷ മാസ ദിനാദികള്‍ സാങ്കല്‍പ്പികം
-----------------------------------------------------------------------------------
കഥയില്‍ പറയുന്ന വര്‍ഷ മാസ ദിനാദികള്‍ സാങ്ക.ല്‍പ്പികം

എതിർവായ്

 എതിർവായ്   

ആവശ്യപ്പെട്ടതിൽ കൂടുതൽ തലമുടി മുറിച്ചു കളഞ്ഞതിന്  ബ്യൂട്ടി പാർലറിനെതിരെ പോലീസിൽ പരാതി നൽകിയ ഒരു വാർത്ത  കൊടുങ്ങല്ലൂരിലായിരുന്നെന്ന്   തോന്നുന്നു ഒന്നൊന്നര വർഷം  മുമ്പ് പത്രത്തിൽ   വായിച്ചിട്ടുണ്ട്.
  
ഇടപാടുകാരൻ രാജാവാണെന്ന മഹാവാക്യം  ഉപഭോക്തൃ സൗഹൃദ സംഹിതയിൽ  എഴുതി വെച്ചിട്ടുണ്ടെങ്കിലും   കച്ചവടക്കാരൻ്റെ   ഇഷ്ടാനിഷ്ടങ്ങള്‍ക്കു മുന്നില്‍ രാജാവിനു തല മുണ്ഡനം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് പൊതുവെ നാട്ടുനടപ്പ് . പത്തു നാല്‍പ്പതു കൊല്ലം മുമ്പ് നാട്ടിലെ തയ്യല്‍ക്കടയിലുണ്ടായ രസകരമായ ഒരു സംഭവമാണ് അന്ന്  ആ   വാര്‍ത്ത വായിച്ചപ്പോൾ മനസ്സിൽ ഓടി വന്നത്.

ഗ്രാമത്തിലെ പേരെടുത്ത തുന്നൽക്കാരനാ യിരുന്നു  താരു.  നാടകനടനും ഗായകനുമായിരുന്നു ചെറുപ്പക്കാരനായ  കഥാപാത്രം. സ്വാഭാവികമായും നാട്ടിലെ യുവാക്കളുടെ  കലാകായിക സങ്കേതമായി 'താരൂസ് ടൈലറിങ്ങ്' മാറി. വിളക്കുംകാല്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യൽക്കട  രാവിലെ തുറന്നാല്‍ രാതി എട്ട് മണിക്ക് നിരപ്പലകയിടുന്നതു വരെ ചെറുപ്പക്കാരുടെ  തമ്പടികൊണ്ടു  സജീവമായിരിക്കും. നാട്ടിലെ കലാകായിക സംരംഭങ്ങളെല്ലാം ഉരുവപ്പെട്ടിരുന്നത്    താരൂസിനെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ തന്നെയായിരുന്നു     വായനശാലയും പ്രവർത്തിച്ചിരുന്നത് . വായനശാലയുടെ   വാര്‍ഷികത്തിന് അവതരിപ്പിക്കേണ്ട നാടകത്തിന്‍റെ ഡിസൈനുകൾ  താരുവിന്‍റെ കട്ടിങ്ങ് ടേബിളിലാണ് കത്രിച്ചിരുന്നത്.

ശരിക്കും നാടിന്‍റെ ചമയക്കാരനായിരുന്നു താരു. അയാളുടെ വൃന്ദത്തിലുള്ള ചെറുപ്പക്കാരെന്നല്ല നാട്ടിലുള്ളവരെല്ലാം തന്നെ നരനാരീഭേദമില്ലാതെ താരു തയ്ച്ചുക്കൊടുക്കുന്ന വസ്ത്രങ്ങള്‍ അഭിമാനത്തോടെ ധരിച്ചു പോന്നു. താരുവിന്‍റെ ഇഷ്ടം തങ്ങളുടെ  ഇഷ്ടം. അങ്ങിനെയൊക്കെയായിരുന്നെങ്കിലും തന്‍റെ സങ്കല്‍പ്പങ്ങള്‍ക്കൊത്ത് തയ്പ്പിച്ചു കൊടുത്തിരുന്ന ഉടുതുണികള്‍ക്ക് മറുതുണിയില്ലാതെ വാഴുന്ന കാലത്തു തന്നെ ഫാഷന്‍ലോകത്തെ തന്‍റെ ഏകഛത്രാധിപത്യത്തെ പിടിച്ചുകുലുക്കിയ സാഹചര്യത്തെയും  ഒരിക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ട്   അയാള്‍ക്ക്.

തലേ ദിവസം തൃശ്ശൂര്‍ പാലസ് സ്റ്റേഡിയത്തില്‍ കണ്ട ചാക്കോള ട്രോഫി ഫുട്ബോള്‍ മത്സരത്തെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു അന്ന് താരുവും കൂട്ടുകാരും. വാസ്കോ ഗോവയും ജലന്തര്‍ ലീഡേഴ്സും തമ്മിലുള്ള കളി. ഗോവയുടെ ബര്‍ണാഡ് പെരേരയും ജലന്തറിന്‍റെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ദര്‍ സിങ്ങും തൊടുത്തു വിട്ട അടികളുടെ അളവും തൂക്കവും പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു നാട്ടിലെ എക്കാലത്തെയും ഏറ്റവും വലിയ പന്തു കളിക്കാരനായ ജോൺ . അതിനിടയിലാണ് ഒരു പൊതിയുമായി പടിഞ്ഞാറ്റുമുറിക്കാരന്‍ റപ്പായി ധൃതിയില്‍ കടയിലേക്ക് വന്നത്. വന്നയുടന്‍ കയ്യിലുള്ള പൊതിയഴിച്ച് ഒരു ഹാഫ് സ്ലീവ്സ് ഷര്‍ട്ട് എടുത്തു കുടഞ്ഞു നിവര്‍ത്തിക്കൊണ്ട് എറപ്പായി ചോദിച്ചു.

“ഡാ താര്വോ, ദെന്തൂട്ടാണ്ടാദ്?.”

“എന്തേ എറപ്പായേട്ടാ?.”

“ഞാന്‍ നിന്നോടു മുഴംകയ്യല്ലേ പറഞ്ഞേര്‍ന്നത്?.”

“ ഹാഫാ ഇപ്ലത്തെ ഫാഷന്‍ .”

“ അത് ശരി!. അത് മാത്രല്ല പിന്നേണ്ട്!. ദാ ഇദ് നോക്ക്യേ;  ഞാന്‍ രണ്ടു പോക്കറ്റ് വെക്കണന്നാ പറഞ്ഞേര്‍ന്നേ.  നോക്ക്യേ രൊറ്റ പോക്കറ്റ്!. “

“രണ്ടു പോക്കറ്റൊക്കെ പണ്ടാര്‍‌ന്നു.”

“ അപ്പ കോളറോ?. സ്റ്റിപ്പ് കോളറ് വേണ്ടാന്നും വെര്‍തെ തുണിക്കോളറ് മതീന്നും നൂറവണ ഞാന്‍ പർഞ്ഞതല്ലേ നെന്നോട്?.”

“ശ്ശെന്താ നോക്ക്വോ!. തുണിക്കോളറൊക്കെ ഇപ്പാരാ എറപ്പായേട്ടാ വെക്ക്വാ? ഞാന്‍ സ്റ്റിഫ് കോളറേ വെക്കാര്‍ള്ളോ.”

താരുവിന്‍റെ നിഷേധാത്മകതക്കും പുച്ഛത്തിനും ബട്ടണിട്ടുകഴിയുന്നില്ലെന്ന്  കണ്ടപ്പോള്‍ റപ്പായിക്ക് കലിയിളകി :

“ന്നാ ഒരു കാര്യം ചെയ്യ്!. നെന്‍റെഷ്ടത്തിന് തുന്നാനാ നീയിബടേരിക്കണേച്ചാ ഇത് നിയ്യന്ന്യങ്ങട് ഇട്ടൂട്!.” .

എന്നും പറഞ്ഞ് കയ്യിലിരുന്ന ഷര്‍ട്ട് താരുവിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിക്കുതിച്ചുകൊണ്ടു എറപ്പായി തിരിച്ചു പോയി. പോകുന്ന പോക്കില്‍ വിക്ഷേപിച്ച ഒരു രണ്ടക്ഷരിയുടെ ചീഞ്ഞ മണം കടയിലും പരിസരത്തും പരന്നപ്പോള്‍ ചാക്കോള ട്രോഫിക്ക് ജോൺ  സ്റ്റേ നൽകി.

2016, നവംബർ 20, ഞായറാഴ്‌ച

വിധ്വംസകം

വിധ്വംസകം

പത്തു നാല്‍പ്പതു കൊല്ലം മുമ്പ് നാട്ടില്‍ നടന്ന ഒരു സാംസ്കാരിക ദുരന്തത്തിന്‍റെ കഥ പറയാം.


വായനശാല പ്രവര്‍ത്തനവും അമ്പലത്തിലെ വേലയും ഒരുമിച്ചു കൊണ്ടുനടന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നാടകം റിഹേഴ്സലും സംഭാവന പിരിവും സ്റ്റേജ് പണിയുമായി ഒന്നൊന്നര മാസം നീണ്ടുനില്‍ക്കുന്ന ഓണക്കാലത്തെ വായനശാല വാര്‍ഷികപ്രവര്‍ത്തനങ്ങള്‍. ഓലപ്പടക്കം കെട്ടലും ഗുണ്ടിനും മിന്നലിനും അമിട്ടിനും കോറ തീര്‍ക്കലും മരുന്ന് നിറയ്ക്കലുമായി തേവരുടെ പത്താമുദായവേലക്കുള്ള വെടിക്കെട്ടുപണിക്ക് രണ്ടു മാസം. അങ്ങിനെ നാട്ടിലെ ഏറ്റവും വലിയ രണ്ടു സാംസ്കാരിക സംഭവങ്ങളുമായി മൊത്തം നാലു മാസത്തോളം നേരമ്പോക്കിനുള്ള വക ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അക്കാലത്ത് കിട്ടിയിരുന്നു.

ഓണത്തിന് പതിവുള്ള വാര്‍ഷികം കഴിഞ്ഞുള്ള ഒരു ഒക്ടോബര്‍ മാസം. വായനശാലക്ക് കുറച്ചു പണത്തിന്‍റെ അത്യാവശ്യം നേരിട്ടു. വൈറ്റ് വാഷിങ് നടത്തിയിട്ട് നാലഞ്ചു കൊല്ലമായി. കെട്ടിടമാകെ മുഷിഞ്ഞു കൂറപിടിച്ചു കിടക്കുകയാണ്. ബെഞ്ച്, ഡെസ്ക്ക് ഇത്യാദി ഫര്‍ണീച്ചറുകളെല്ലാം കയ്യും കാലും ഇളകി തീരെ അവശനിലയിലാണ്. പുറംചട്ട പോയ നൂറോളം പുസ്തകങ്ങള്‍ ബയന്‍റ് ചെയ്യാനുണ്ട്. ഡിസംബറില്‍ പൂരത്തിനു മുമ്പ് അടിയന്തിരമായി ആ പണികളൊക്കെ കഴിക്കണമെന്നുണ്ട്. ഗ്രന്ഥശാല സംഘം ഗ്രാന്‍റ് കിട്ടി കാര്യം നടത്താന്‍ പറ്റില്ല. അന്നൊക്കെ ഗ്രാന്‍റ് വേനല്‍ മഴ പോലെയാണ്. പെയ്താലായി. ഇന്ന് സ്ഥിതി മാറി.

“എന്താ വേണ്ട്?.”

ആയുഷ്ക്കാല സെക്രട്ടറിയും വായനശാലയുടെ ജീവാത്മാവും പരമാത്മാവുമായ തിരുമേനിമാഷ് കമ്മിറ്റി വിളിച്ചുകൂട്ടി മെമ്പര്‍മാരായ ഞങ്ങള്‍ സോള്‍ ഗഡികളോട് അഭിപ്രായം ചോദിച്ചു.

“എന്തു ചെയ്യും?“

ചോദ്യം ഞങ്ങളൊന്നായി കൂട്ടുപലിശ സഹിതം തിരുമേനിയിലേക്ക് തിരിച്ചയച്ചു.


"എന്താപ്പോ ചെയ്യ്വാ തിര്മേനി?."

വാര്‍ഷികപ്പിരിവില്‍ ചെലവു കഴിച്ചു മിച്ചം വന്നതുപയോഗിച്ചു സംഗതി നടത്താമെന്നാണ് കരുതിയിരുന്നത്. പക്ഷേ പോയ മാസത്തെ കറണ്ട് ചാര്‍ജിനു തികഞ്ഞില്ല നീക്കിയിരുപ്പ്!. വിഷയവുമായി ഇനിയുമൊരു സംഭാവന പിരിവ് അചിന്ത്യം. വാര്‍ഷികം  കഴിഞ്ഞിട്ട് മാസം ഒന്നേ ആയിട്ടുള്ളൂ!. റെസീറ്റ് പുസ്തകവുമായി പടി കടന്നു ചെന്നാല്‍ വീട്ടുകാര്‍ ചൂലെടുക്കും!. പോരാത്തതിന് നവംബറില്‍ പൂരപ്പിരിവും തുടങ്ങും. പോരേ പൂരം!.

ഓ...പൂരം!.

പെട്ടെന്നാണ് തലയില്‍ ഒരാശയം മിന്നിയത്..

“ഇക്കൊരൈഡിയ!.” ഞാന്‍ പറഞ്ഞു

“എന്താദ്?.” എല്ലാവരും ഒരുമിച്ച് ചോദിച്ചു.

“പറഞ്ഞാ തല്ലാന്‍ വരരുത്!.”

“അയ്, നിയ്യ് കാര്യം പറേടാ!.” ഉണ്ണി അക്ഷമനായി.

“മ്മക്ക് പൂരത്തിനൊരു ചായക്ലബ്ബ് ഇട്ടാലോ?. ”

പെട്ടെന്ന് പ്രതികരണമൊന്നുമുണ്ടായില്ല. എല്ലാവരും രണ്ടു നിമിഷം മൌനം ദീക്ഷിച്ചു. കാരണമുണ്ട്. ചായക്ലബ്ബില്‍ ശ്രമദാനം നടത്തി പൂരം നഷ്ടപ്പെടുത്താന്‍ ആര്‍ക്കും താല്‍പര്യമില്ല. വാര്‍ഷികം കഴിഞ്ഞാല്‍ കൊല്ലത്തിലൊരിക്കല്‍ ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസരമാണ് പൂരം. വിശേഷിച്ച് വെടിക്കെട്ടുപണി. ഗ്ലാമര്‍ കൂടിയ ഫീല്‍ഡാണ്. കരിമരുന്നു പുരണ്ട വേഷവുമായി പൂരത്തിരക്കില്‍ വിലസുന്നത് ഒരു ഹരമാണ്!. അതൊഴിവാക്കാന്‍ വയ്യ!. വാര്‍ഷിക നാടകത്തില്‍ വേഷമിട്ടും ഗാനമേളയില്‍ പാടിയും കഷ്ടപ്പെട്ടു തുറന്നു കിട്ടിയ പ്രണയവഴികളില്‍ സൈക്കിള്‍ ബെല്ലടിച്ചു നടക്കുന്ന ഞങ്ങളിലെ നവകാമുകന്‍മാരുടെ മുഖത്ത് കാര്‍മേഘങ്ങള്‍ പടര്‍ന്നു. അവരെ പ്രതിനിധീകരിച്ച് ഹരി പറഞ്ഞു:

“ഉണ്ണ്യേട്ടന്‍ കൊപ്രക്കും ട്ടാ!.”

സംഗതി ശരിയാണ്. പൂര ദിവസം വെടിക്കെട്ട്പണി വിട്ട് ഹോട്ടലിലേക്ക് ചേക്കേറാന്‍ വെടിക്കെട്ടു കമ്മിറ്റി ലീഡര്‍ ഉണ്ണ്യേട്ടന്‍ സമ്മതിക്കുകയില്ല. പുള്ളി ചൂടാവും. പിന്നെ ഒരിയ്ക്കലും ഓരോലപ്പടക്കം കെട്ടാന്‍ പോലും ഞങ്ങളെ അനുവദിക്കില്ല. ആ അവസ്ഥ  മൃതിയേക്കാള്‍ ഭയാനകം!.

ഞങ്ങള്‍ക്കിടയില്‍ ധര്‍മസങ്കടം പുകഞ്ഞു.

“ഒരു കാര്യം ചെയ്യാം. നമ്മള് പത്തു പന്ത്രണ്ടു പേരില്ല്യേ?. ചായക്ലബ്ബ് നടത്ത്വന്നെ!. ഊഴമിട്ട് ഡ്യൂട്ടി. ഒരു ടീമ്  പൂരത്തിനു പോയാ മറ്റേ ടീമ്  ചായക്ലബ്ബ്. എന്തേ?.”

പ്രായോഗിക ബുദ്ധിയില്‍ എന്നും ഒരു മുഴം മുന്നിട്ടു നിന്നിരുന്ന പുഷ്ക്കരന്‍ സജഷനിട്ടു.

“അത് നല്ല നിര്‍ദ്ദേശാ. ന്നാ അങ്ങന്യന്നെ തീരുമാനിക്കാം.”

അശോകന്‍ പുഷ്ക്കരനെ പിന്തുണച്ചു.

" എറ്റൂലോ ?."

തിരുമേനി പതിവു പോലെ വെല്ലുവിളി നടത്തി.

“ഏറ്റു!.”

പാതിമനസ്സുകളായ പ്രണയലോലരടക്കം തീരുമാനം ഏകകണ്ഠത്തില്‍ ഏറ്റുപാടി.

ധനശേഖരാർത്ഥം ഈ വര്‍ഷത്തെ വേലക്ക് ഹോട്ടല്‍ വായനശാല വക!.

പ്രതീക്ഷിച്ച പോലെ വിവരമറിഞ്ഞപ്പോള്‍ ഉണ്ണ്യേട്ടന്‍ ഇളകിയെങ്കിലും പുഷ്കരനും ഉണ്ണിയും ചേര്‍ന്ന് ആളെ ഒത്തുതീര്‍പ്പില്‍ മെരുക്കി. പൂരത്തിന് രാത്രി വെടിക്കെട്ടുപുരയില്‍ ഞങ്ങളില്‍ രണ്ടുമൂന്നു പേരുടെ സാന്നിദ്ധ്യം, പൂരപ്പിറ്റേന്ന് എല്ലാവർക്കും ക്ഷീണം തീര്‍ക്കാന്‍ ഒരു ഹെര്‍ക്കുലീസ് ഫുള്ള്. അതായിരുന്നു എഗ്രീമെന്‍റ്.

പിന്നെയെല്ലാം പടപടാന്നായി. പതിവായി ഹോട്ടല്‍ നടത്താറുള്ള കൃഷ്ണേട്ടനെ കണ്ടു വിഷയത്തിന്‍റെ പ്രാധാന്യം പറഞ്ഞു ബോധവല്‍ക്കരിച്ച് നടത്തിപ്പവകാശം കരസ്ഥമാക്കി. ഭേദപ്പെട്ട പ്രതിഫലത്തിന്മേല്‍ കൃഷ്ണേട്ടനെ ചായയടി പോസ്റ്റില്‍ നിയമിക്കാം എന്നതായിരുന്നു ഉഭയകക്ഷി കരാര്‍. വിറകുവെട്ട്, ഗ്ലാസ്സും പ്ലേറ്റും കഴുകല്‍, മേശതുട തുടങ്ങിയ പണികള്‍ക്ക് സഹായിയായി വേലായുധനെയും കൂട്ടി. ചായ, കടി വിതരണങ്ങളൊക്കെ ഞങ്ങള്‍ കമ്മിറ്റി മെംബര്‍മാര്‍. തിരുമേനി ക്യാഷ് ഓഫീസര്‍ എന്നിങ്ങനെയായിരുന്നു തൊഴില്‍ വിഭജനം. പൂരപ്പറമ്പിനും വായനശാലക്കും അടുത്തുള്ള പുറമ്പോക്കില്‍ ഷെഡ് കെട്ടാനും നിലമൊരുക്കാനുമൊക്കെ പന്തല്‍ വര്‍ക്സ് നടത്തുന്ന ഉണ്ണ്യേട്ടന്‍റെ സഹായം. പ്രവര്‍ത്തന മൂലധനം അദ്ധ്യാപകനായ തിരുമേനി മെയിന്‍, തൊഴിലില്ലാത്ത ഞങ്ങള്‍ കമ്മിറ്റിക്കാര്‍ സബ്.

ധനുമാസത്തിലെ പത്താമുദായം കഴിഞ്ഞുള്ള ആദ്യ ശനിയാഴ്ചയായിരുന്നു പൂരം.

പകല്‍പൂരം ബിസിനസ്സൊക്കെ നിരാശാജനകമായിരുന്നു. കൊട്ടാനെത്തിയ വാദ്യക്കാര്‍ മൂന്നു നേരം വന്നു ചായ കുടിച്ചു കാശ് പൂരക്കമ്മിറ്റി കണക്കില്‍ പറ്റി പോയതായിരുന്നു കാര്യമായ ഇടപാട്. പൂരം നഷ്ടത്തിലോടിയാല്‍ ആ കാശും സ്വാഹ!.

“രാത്രി മോശം വരില്ല്യാന്ന് വിചാരിക്ക്വാ. നാടകോം വെടിക്കെട്ടും ഒക്കേണ്ടലോ!.”

തിരുമേനി പ്രതീക്ഷ കൈവിട്ടില്ല.

“അതൊന്നും പേടിക്കണ്ടാന്നേയ്. പകലൊന്നും അല്ലെങ്കിലും വല്ല്യേ കച്ചോടം കിട്ടില്ല്യാ. ങ്ഹാ!. രാത്രീലാ ആള്‍ക്കാര് വര്വാ. കാലാകാലായിട്ട് കാണണതല്ലേ? ങ്ഹാ!.”

പൂരോത്സാഹത്തിനിടയില്‍ ഇടക്കൊന്ന് അന്വേഷണത്തിന് ഓടി വന്ന വായനശാലയുടെ പ്രസിഡണ്ടും ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയുമായ തങ്കപ്പേട്ടന്‍ സമാധാനിപ്പിച്ചു.

“അതന്ന്യ ഒരു പ്രതീക്ഷ തങ്കപ്പേട്ടാ!.” ഉണ്ണി പറഞ്ഞു.

“പാലൊക്കെ വേണ്ടത് കരുതീട്ടില്ല്യേ?.”

തങ്കപ്പേട്ടന്‍ ഔപചാരികമായി ആശങ്കപ്പെട്ടു.

“ഒന്നരപ്പറ പറ പാല് വൈകീട്ട് വരും."

തിരുമേനി പറഞ്ഞു.

“ഓ ധാരാളം!. പാല് കാച്ചി സൂക്ഷിച്ചു വെച്ചോളോ ട്ടാ. വല്ലതും പറ്റ്യാ പിന്നെ പറഞ്ഞിട്ട് കാര്യല്ല്യാ. ങ്ഹാ!. ”

അതും പറഞ്ഞുകൊണ്ട് തങ്കപ്പേട്ടന്‍ പൂരത്തിരക്കിലേക്ക് അന്തര്‍ദ്ധാനം ചെയ്തു.
തങ്കപ്പേട്ടന്‍റെ ആ വാക്ക് അറം പറ്റി!.

രാത്രിയാണ് കുഴപ്പമുണ്ടായത്.

പള്ളിപ്പാട്ട് അച്യുതമാരാരുടെ പഞ്ചവാദ്യം മതില്‍ക്കെട്ട് കടന്നു പുറത്ത് അമ്പലപ്പറമ്പില്‍ കയറിയ നേരം. വെടിക്കെട്ടിനാശാന്‍ മഠത്തില്‍ കുട്ടമ്മാന്‍, ഉണ്ണ്യേട്ടന്‍, എഗ്രീമെന്‍റ് പ്രകാരം ഞാന്‍, പുഷ്ക്കരന്‍, ഉണ്ണി എന്നിങ്ങനെ അഞ്ചു പേരും ചേര്‍ന്ന് മുളക്കുംഭത്തില്‍ ഗുണ്ട് നിറക്കുന്ന പണിയില്‍ മുഴുകിയിരിക്കുമ്പോഴാണ് രാത്രി ഡ്യൂട്ടിക്കാരന്‍ ഹരി ഓടിക്കിതച്ചു വന്നു പറഞ്ഞത്:

“ഡാ വേഗം വാ, അവടെ ഇപ്പോ അടി പൊട്ടും.”

“എന്താണ്ടാ, എന്താ കാര്യം?” പുഷ്ക്കരന്‍ ചോദിച്ചു.

“പിരിഞ്ഞ പാലോണ്ട് ചായേട്ടൂന്നും പറഞ്ഞ് വിജയനും ഭാസ്കരനും ഏളകീണ്ട്!. കടേടെ മുമ്പിലാള്‍ക്കാരൊക്കെ കൂടീണ്ട്!."

“അയ്യയ്യോ!. ശര്യാണോടാ, പാല് പിരിഞ്ഞത് നേരാ?.”

“സംഗതി നേരാ!.”

“ദൈവമേ ഒന്നരപ്പറ പാല്!. ബാലന്ദ്രാ, ഉണ്ണ്യേ എണീക്ക്!. ഉണ്ണ്യേട്ടാ ഒന്നു വായോ!.”

പുഷ്ക്കരന്‍ എല്ലാവരെയും എഴുന്നേല്‍പ്പിച്ചു. കുട്ടമ്മാനെ വെടിക്കെട്ടുപുരയിലിരുത്തി ഉണ്ണ്യേട്ടന്‍റെ പിന്നിലായി ഞങ്ങളെല്ലാവരും ഓടിച്ചെന്നപ്പോള്‍ ക്ലബ്ബിന് മുമ്പില്‍ പുരുഷാരം!. പൊരിഞ്ഞ ബഹളം.!.

“ അറ്യേണ പണി ചെയ്താ  പോരറാ!. അവന്‍റോരു ചായള്‍ബ്!.”

“ ചെരക്കാന്‍ പൊക്കൂട്രാ നിങ്ങക്കൊക്കെ.”

“പാല്‍ച്ചായ കുടിച്ചിട്ട്ണ്ട്. തൈര്ചായ ആദ്യായിട്ടാ!.”

“പുളിച്ച പാലെടുത്ത് ഹനുമാന്‍ പറമ്പിലെ പൊട്യേനീടെ കടക്കലൊഴിക്കടാ, നാട്ടുകാരെ കുടിപ്പിക്കാണ്ട്!."

“നാട്ട്വാരായോണ്ട് ക്ഷമിക്ക്യാ!. സകലെണ്ണത്തിന്‍റേം പല്ലടിച്ചു കൊഴിക്ക്വാ വേണ്ട്!.”

“പൂട്ട്രാ നെന്‍റെ ഹോട്ടല്!.”

പാല് പിരിഞ്ഞതറിയാതെ അതൊഴിച്ചുണ്ടാക്കിയ ചായ കുടിച്ച് ക്ഷുഭിതനായ വിജയനാണ് ആദ്യവെടി പൊട്ടിച്ചതത്രേ. അവന് വലിയ ഈര്‍ഷ്യ വായനശാല കമ്മിറ്റിയോടുണ്ട്. കഴിഞ്ഞ വാര്‍ഷികത്തിലെ നാടകത്തില്‍ കക്ഷിക്ക് വേഷം നല്‍കിയിരുന്നില്ല. അന്നൊക്കെ അങ്ങിനെയാണ്. നാടകത്തിലഭിനയിക്കാന്‍ നടന്മാര്‍ ഏറെ. ആറു കഥാപാത്രങ്ങളുള്ള നാടകത്തിലഭിനയിക്കാന്‍ പതിനാറു പേരുണ്ടാവും. സോപ്പിട്ടും കാല് പിടിച്ചും അടുത്ത വര്‍ഷം വേഷം ഓഫര്‍ ചെയ്തും മിക്കവരെയും ഒഴിവാക്കും. അല്ലാത്തവര്‍ വാര്‍ഷികം അലമ്പാക്കും എന്ന ഭീഷണി മുഴക്കി ഇടഞ്ഞു നില്‍ക്കും. വെള്ളമടിച്ചു റിഹേഴ്സലിന് വരുന്നതിന്‍റെ പേരില്‍ വിജയന് കുറെക്കാലമായി വേഷം നല്‍കാറില്ല. കഴിഞ്ഞ വര്‍ഷികത്തിനും അതുതന്നെയാണ് ഉണ്ടായത്. അതിന്‍റെ ഈര്‍ണം വെച്ച് വിജയന്‍ പക വീട്ടുകയാണ്!.

ഉണ്ണ്യേട്ടന്‍ ശക്തമായി ഇടപെട്ടതോടെ ലഹളക്ക് ശമനം കിട്ടി. ഉണ്ണ്യേട്ടന്‍ എല്ലാവര്‍ക്കും സ്വീകാര്യനും സമ്മതനുമായ നേതാവായിരുന്നു.

“ഉണ്ണ്യേ, നിയ്യ് പറഞ്ഞോണ്ട് നിര്‍ത്ത്വാട്ടാ!. ആ പുളിച്ച പാലെടുത്തു കളയാന്‍ പറേടാ പിള്ളേരോട്!.”

അതും പറഞ്ഞു പിരിഞ്ഞു പോവുമ്പോള്‍ വിജയന്‍ സമപ്രായക്കാരനായ ഉണ്ണ്യേട്ടന്‍റെ തോളില്‍ തട്ടി കണ്ണിറുക്കി.

ബഹളമൊതുങ്ങിയെന്ന് കണ്ടു ഹോട്ടലില്‍നിന്നും പുറത്തു വന്ന അശോകന്‍ ഇടനെഞ്ചു പൊട്ടിക്കൊണ്ടു പറഞ്ഞു.

"ഒന്നരപ്പറ പാല് മുഴൻ പിരിഞ്ഞു!."

“എന്തേണ്ടായേടാ ഇത്ര വേഗം കേടു വരാന്‍?. വൈകീട്ട് പുത്യേ പാല് വാങ്ങി കാച്ചി വെച്ചതല്ലെ?” ഞാൻ ചോദിച്ചു.

“അതൊക്കെ ശര്യാ. പക്ഷേ വേലായുധനാ പറ്റിച്ചേ.”

“എന്താവന്‍ ചെയ്തേ?.”

അശോകന്‍ സംഭവം വിവരിച്ചു:

വൈകീട്ട് പലഹാര ഷെല്‍ഫിലിരുന്നിരുന്ന ഒരു തൂക്കുപാത്രത്തില്‍ കുറച്ചു പാലിരിക്കുന്നതു കണ്ടപ്പോള്‍ വേലായുധന്‍ അതെടുത്ത് കൃഷ്ണേട്ടന്‍റെ അരികില്‍ ചെന്നു ചോദിച്ചു:

“ഈ പാലെന്താ ചെയ്യണ്ട് കൃഷ്ണേട്ടാ?.”

ഒന്നരക്കോല്‍ നീളത്തില്‍ ചായ വീശിയടിക്കുന്ന ഊക്കില്‍ കൃഷ്ണേട്ടന്‍ കണ്ണെടുക്കാതെ പറഞ്ഞു:

“പണി മെനക്കെടുത്താന്‍ നിക്കാണ്ട് നിയ്യതാ അലുമിനിയക്കലത്തില് കൊണ്ടൊഴിക്കെന്‍റെ വേലായുധാ.”

കേട്ട പടി വേലായുധന്‍ അലുമിനിയക്കലത്തിന്‍റെ മൂടി തുറന്നു പാത്രത്തിലിരിപ്പ് അതിലൊഴിച്ചു.

"അപ്പെങ്ങന്യാണ്ടാ പിരിയണത്? കൊണ്ടൊഴിച്ചത് പാലായിരുന്നില്ല്യേ?. ഉണ്ണി ചോദിച്ചു.

“അല്ലലോ!.” അശോകന്‍.

“പിന്നെ?.”

“കാലത്ത് ദോശക്കും ഇട്ളിക്കും ചട്ട്ണീണ്ടാക്കി ബാക്കി വന്ന തൈരാര്‍ന്നു അത്!.”

എരവത്ത് അപ്പു മാരാര്‍ പാണ്ടി കൊട്ടി പൂരം കാലം കൂട്ടുന്നതുവരെ കട്ടന്‍ ചായ കൊടുത്ത് നേരം വെളുപ്പിച്ചവരുടെ മുഖം ചായക്കട പൂട്ടി പുറത്തിറങ്ങുമ്പോള്‍ ഉറക്കം, ധനം, മാനം, എന്നിങ്ങനെ ത്രിവിധ ചേതങ്ങളാല്‍ വിളറി വെളുത്തിരുന്നു. പിരിഞ്ഞ പാല് തൈരായി മാറിയത് വില്‍ക്കുകയാണെങ്കില്‍ ആ കാശുകൊണ്ട് ഒക്ടോബര്‍ മാസത്തെ കറണ്ട് ബില്ലടക്കാനാവുമെന്ന പ്രത്യാശ ഞങ്ങള്‍ക്കു സമ്മാനിച്ചുകൊണ്ടാണ് തിരുമേനി വീട്ടിലേക്ക് മടങ്ങിയത്!.

അടുത്ത മാസം കമ്മിറ്റി കൂടിയപ്പോള്‍ ചായക്കട
ദുരന്തത്തിന് കാരണം വേലായുധന്‍റെ കയ്യബദ്ധമാണെന്ന് ഐകകണ്ഠ്യേന വിലയിരുത്തിയെങ്കിലും അശോകന്‍റെ കുസൃതി ചോദ്യത്തിന് മുന്നില്‍ എല്ലാവരും ഒന്നമ്പരന്നു പോവാതിരുന്നില്ല:


“അല്ലാ, ഇനീപ്പോ കഴിഞ്ഞ വാര്‍ഷികനാടകത്തിനു വേഷം കിട്ടാണ്ട് പോയോരടെ കൂട്ടത്തില് വേലായുധനൂണ്ടാര്‍ന്ന്വോ ആവോ!."

2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

നിർമ്മായ കർമ്മണാ ശ്രീ:


നിർമ്മായ കർമ്മണാ ശ്രീ: 

തമാശ പറഞ്ഞും തര്‍ക്കിച്ചും കളിയാക്കിയും ശാസിച്ചുപദേശിച്ചും ഞങ്ങള്‍ക്കിടയില്‍ ജീവിച്ച ഒരു സുഹൃത്തുതന്നെയായിരുന്നു ശക്രാനന്ദസ്വാമി. അത്രമേല്‍ ആകര്‍ഷകമൊന്നുമല്ലെങ്കിലും നമ്മുടെ ഉള്ളിന്‍റെ ഉള്ളളക്കുന്ന തിളങ്ങുന്ന കണ്ണുകളും പ്രകാശം പരത്തുന്ന പുഞ്ചിരിയും നമ്മെ എളുപ്പത്തില്‍ വശീകരിച്ചുകളയും. അപ്പർ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങൾ കണ്ടിരുന്ന, ആശ്രമം ഹോസ്റ്റലിലെ  കുട്ടിപ്പോക്കിരികളുടെ കൈവെള്ളയിൽ   ചൂരൽ വിളക്കിയിരുന്ന   മാറാജിനെ (മഹാരാജ്)  ഞങ്ങള്‍ക്ക് തീരെ ഇഷ്ടമായിരുന്നില്ല. പക്ഷെ മധ്യവേനല്‍ അവധിക്കാലത്തൊരുനാള്‍ വിഷുപ്പടക്കത്തിനു പണമുണ്ടാക്കാനായി ആശ്രമം ഗ്രൌണ്ടിലെ കശുമാവുതോപ്പിൽ   ഒളിച്ചുകടന്ന് കശുവണ്ടി പെറുക്കിക്കൊണ്ടിരിക്കുമ്പോൾ  ഇടവഴിയിലൂടെ കടന്നു പോകുന്നതിനിടയില്‍ ഞങ്ങളെ  കയ്യോടെ പിടി കൂടി ചോദ്യം ചെയ്ത കാഷായവസ്ത്രധാരിയില്‍ ഇഷ്ടപ്പെടാതിരിക്കാന്‍ വയ്യാത്ത ഒരു മനുഷ്യനുണ്ടായിരുന്നു!.

“ആരാണത്? ആ കുട്ടികള്‍ ഇവിടെ വരൂ!.” 

വേലിപ്പഴുതിലൂടെ കണ്ണോടിച്ച് സ്വാമി കല്‍പ്പിച്ചപ്പോള്‍  ഞങ്ങള്‍ നടുങ്ങി.  !

ഓടിപ്പോകാൻപോലും ധൈര്യമില്ലാതിരുന്നതുകൊണ്ട് വിറക്കുന്ന ശരീരവും  മനസ്സുമായി ഞങ്ങള്‍ സ്വാമിക്കു  മുന്നില്‍ചെന്നു തല താഴ്ത്തി നിന്നു.

“എന്താണ് നിങ്ങളവിടെ ചെയ്തോണ്ടിരുന്നത്?”

“അണ്ടി പറക്ക്വാര്‍ന്നു”

“ആശമത്തില്‍ ചോദിച്ചു സമ്മതം വാങ്ങിയിരുന്നോ?”

“ഇല്ല്യ.”

“അങ്ങിനെയെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റല്ലേ?”

“.......”

“എന്താണ് കുട്ടികള്‍ മിണ്ടാത്തത്?”

അതെ.”

“തെറ്റാണെന്നറിഞ്ഞിട്ടും അതു ചെയ്തു അല്ലേ?”

“......”

“അങ്ങിനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ? ചോദിക്കട്ടെ; നിങ്ങളൊക്കെ ആശ്രമം സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികൾ  തന്നെയല്ലെ?”

“അതെ.”

“എന്നിട്ടാണൊ ഇങ്ങിനെയൊക്കെ?”

“......”

“ഇതാണോ  നിങ്ങളുടെ അദ്ധ്യാപകര്‍ നിങ്ങളെ പഠിപ്പിക്കുന്നത്?”

“......”

“കുട്ടികളേ,   അനുവാദമില്ലാതെ   ആരുടെയും    മുതല്‍   കൈവശപ്പെടുത്തരുത്!.
അതു മോഷണമാണ്. മോഷ്ടാക്കളാകാ നല്ലല്ലോ അച്ഛനമ്മമാര്‍ നിങ്ങളെ സ്‌കൂളിൽ പറഞ്ഞയക്കുന്നത്?."


“അല്ല.”

“ഗുഡ്!. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ആശ്രമവളപ്പിലെ അണ്ടിയും മാങ്ങയും ചക്കയും പേരക്കയും എല്ലാം നിങ്ങൾക്കുകൂടി ഉള്ളതുതന്നെ. പക്ഷേ അതെല്ലാം വേണമെന്ന് ‌തോന്നുമ്പോള്‍ ആശ്രമത്തില്‍ വന്നുചോദിച്ച് അനുവാദം വാങ്ങണം. അങ്ങിനെ കയറിച്ചെന്നു ചോദിക്കുവാനുള്ള ധൈര്യവും സാമര്‍ത്ഥ്യവും നിങ്ങള്‍ക്കുണ്ടാവണം. അതിനൊക്കെയാണ് നിങ്ങള്‍ക്ക് വിദ്യഭ്യാസം തരുന്നത് അല്ലേ?”

“അതെ.”

“ഗുഡ്. ഇതെപ്പോഴും ഓര്‍മ്മ വെച്ചു വളരുക. നിങ്ങളൊക്കെ നല്ല കുട്ടികളാണ് കേട്ടോ. ശരി, ഇനി നിങ്ങളുടെ പോക്കറ്റ് നിറയാനുള്ള കശുവണ്ടി മാത്രം പെറുക്കിയെടുത്തുകൊണ്ട് പോയ്ക്കോളൂ. പോകുമ്പോള്‍ ഗ്രൌണ്ടിന്‍റെ ആശ്രമത്തിനു മുന്നിലുള്ള ഗേറ്റ് കടന്നു പോകണം. വന്നപോലെ വേലി ചാടിയാകരുത് മനസ്സിലായല്ലോ? ഗേറ്റിന്‍റെ വാതിലടക്കാന്‍ മറക്കുമോ?”

“ഇല്ല്യ സ്വാമി!.”

കോറസ്സിൽ മറുപടി പറയുമ്പോൾ  വല്ലാത്തൊരു ഒരൂർജ്ജം  ഞങ്ങളിൽ നിറഞ്ഞതായി അനുഭവപ്പെട്ടു  . 

“ഗുഡ്!. ശരി, ഇനി നിങ്ങളുദ്ദേശിച്ച  കാര്യം നടക്കട്ടെ.”

കാലന്‍കുട  നിലത്തുകുത്തി വഴിയോരത്തൊടികളിലേക്ക് ഇടംവലം നോക്കി നടന്നു നീങ്ങിയ  സ്വാമിയെ  അന്നാദ്യമായി ഞങ്ങള്‍ക്കിഷ്ടപ്പെട്ടു!.

ആശ്രമം സ്‌കൂളിന്  ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടിയ കാലം . അനുമതിക്കൊപ്പം   സ്വാഭാവികമായ ആശങ്കകളും തലപൊക്കി !. നിലവിലുള്ള സ്കൂള്‍ സമുച്ചയത്തിന്റെ  പരിമിതിയിലൊതുക്കി  പ്ലസ് ടൂ ക്ലാസുകള്‍ നടത്തുന്നത് അപ്രായോഗികം. സർക്കാർ മാന്വൽ പ്രകാരമുള്ള പുതിയ കെട്ടിടം  പണിയണം. സ്ഥലം ഇഷ്ടംപോലെ. പക്ഷേ പണം എങ്ങിനെ സമാഹരിക്കും? ഒരു കോടിക്കുമുകളിലാണ്  എസ്റ്റിമേറ്റ്!

ഈ സാഹചര്യത്തിലൂടെ  കടന്നുപോകുന്ന  അവസരത്തിലാണ്  ഒരു സായാഹ്നത്തിൽ ഞാൻ സ്വാമിയെ കാണാന്‍ ചെന്നത്.  പ്ലസ് ടൂ സ്കൂളിനു വേണ്ട കെട്ടിടം, ലാബ് തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കേണ്ടതിന്‍റെ ആവശ്യകതയും അതിനുവേണ്ടിയുള്ള വിഭവസമാഹരണത്തിന്‍റെ സാദ്ധ്യതകളും വഴികളും   സ്വാമി എന്നോടു വിവരിച്ചു.

“അദ്ധ്യാപകനിയമനത്തിനായി അഞ്ചു  തരാം ആറു  തരാം എന്നൊക്കെ പറഞ്ഞു നിരവധി പേര്‍ ഇവിടെ ദിവസേന വരുന്നുണ്ട്. രാഷ്ട്രീയക്കാരും സംസ്കാരികപ്രവര്‍ത്തകരുമായി സമൂഹത്തിലെ വലിയ വലിയ വ്യക്തികളുടെ ശുപാര്‍ശകള്‍ വേറെ. പക്ഷേ ആ വഴി പോകാനാവില്ല. അത് ധര്‍മ്മവിരുദ്ധമാണ്. കിട്ടാവുന്ന ഏറ്റവും നല്ല ചെറുപ്പക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കാനാണുദ്ദേശിക്കുന്നത്. വിദ്യഭ്യാസവകുപ്പുദ്യോഗസ്ഥരും, സബ്ജക്റ്റ് എക്സ്പേര്‍ട്ടുകളും പ്രിൻസിപ്പാളും  സ്കൂള്‍ മാനേജരും ചേര്‍ന്ന ഒരു ഇന്‍റര്‍വ്യൂ പാനൽ  അവരെ തെരഞ്ഞെടുക്കും. പാനൽ റെഡിയായി വരുന്നു. ”

അദ്ധ്യാപകനിയമനത്തിനായി അഞ്ചും   ആറുമല്ല   ദശലക്ഷങ്ങളുടെ നോട്ടുകെട്ടുകള്‍ മുങ്ങിയും പൊങ്ങിയും   കോഴപ്പുഴയില്‍ ഒഴുകിനടക്കുന്ന ഒരശ്ലീലകാലത്ത് ആശ്രമമുറ്റത്തുനിന്നും ഉയര്‍ന്നുകേട്ട ആ വിശുദ്ധപ്രഖ്യാപനം എനിക്കു വിശ്വസിക്കാനായില്ല!. പക്ഷേ വിശ്വസിക്കേണ്ടി വരികതന്നെ തന്നെ ചെയ്തു.

“അത്തരം ഡൊണേഷനൊന്നും ആശ്രമത്തിനു വേണ്ട. അല്ലാതെതന്നെ ഈ നല്ല കാര്യത്തിനുള്ള  പണം ഈ മുറ്റത്തു വന്നു ചേരും.”

ചെടിച്ചട്ടികൾ വെച്ചലങ്കരിച്ച ആശ്രമക്ഷേത്രമുറ്റത്തെ  കിണര്‍മതിലിനരികില്‍ വെച്ച്  ആരാത്രികത്തിനു  ക്ഷേത്രത്തില്‍ കയറുന്നതിനു തൊട്ടുമുമ്പായി സ്വാമി എന്നോടു ആത്മവിശ്വാസം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എങ്ങിനെ?”

അവിശ്വസനീയതയും വെല്ലുവിളിയും അൽപ്പം ധാർഷ്ട്യവും കലർന്ന    എന്‍റെ ചോദ്യത്തിനു  മറുപടിയായി ക്ഷേത്രത്തിനുള്ളിലെ പരമഹംസ പ്രതിഷ്ഠയിലേക്ക് നോക്കി കൈകൂപ്പിക്കൊണ്ട് സ്വാമി  മന്ത്രിച്ചു

“തരും,  ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ തരും!.”

വൈതരണികള്‍ ഏറെ തരണം ചെയ്യേണ്ടി വന്നെങ്കിലും അന്തിമവിജയം സ്വാമിയുടെ അചഞ്ചലമായ ശ്രീരാമകൃഷണഭക്തിക്കുതന്നെയായിരുന്നു!. ഇടവും പ്രൌഡിയും സൌകര്യങ്ങളും തികഞ്ഞ സ്കൂള്‍ സമുച്ചയവും ഭൂമിമലയാളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഡൊണേഷന്‍ എന്ന ചെല്ലപ്പേരിലൊളിപ്പിച്ച  കോഴ വാങ്ങാതെ നിയമിക്കപ്പെട്ട റാങ്ക് ജേതാക്കളും ഊര്‍ജസ്വലരും ദിശാബോധമുള്ളവരുമായ  അദ്ധ്യാപകരുടെ വലിയൊരു നിരയുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം  സ്കൂള്‍ ഇന്ന് കേരളത്തിലെ മികച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളിലൊന്നാണ്!.

ബാല്യത്തിലും  മധ്യവയസ്സിലുമായി  നേരിട്ടനുഭവിച്ച ഈ  രണ്ടു ദൃഷ്ടാന്തങ്ങള്‍തന്നെ എനിക്കു വേണ്ടതിലധികമായിരുന്നു; ആ കര്‍മയോഗിയെ ഒരാരാധനാപാത്രമാക്കി ഹൃദയത്തിൽ സൂക്ഷിക്കാൻ!.

2011 ജൂലായ് മാസം 29ന് സ്വാമി ഇഹത്തോടു വിടവാങ്ങി.

മാഹഗുരോ, ഒരിക്കലും മങ്ങാത്ത അങ്ങയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം....സ്നേഹം!.