2012, ഫെബ്രുവരി 19, ഞായറാഴ്‌ച

കഥാസരിത്സാഗരം



കഥാസരിത്സാഗരം 


"പണ്ടൊരിക്കല്‍ ഒരു നഗരത്തില്‍ കുട്ടിനീകപടന്‍ എന്നു പേരുള്ള ഒരു ചൂതാടിയുണ്ടായിരുന്നു....." 

ഭാര്യ പേരക്കുട്ടിക്കു കഥ പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങിയപ്പോള്‍  നേതാവ് ചിന്തയില്‍ നിന്നുണര്‍ന്നു. ഉറങ്ങുന്നതിനു മുമ്പ് മുത്തശ്ശിയുടെ ഒരു കഥ കേട്ടില്ലെങ്കില്‍ ഉറങ്ങില്ലെന്നു മാത്രമല്ല മറ്റുള്ളവരുടെ രാത്രി കൂടി അവള്‍ നിദ്രാവിഹീനമാക്കിക്കളയും! 

കഥയുടെ തുടക്കം നേതാവിനെ തെല്ലൊന്നലോസരപ്പെടുത്തി. അഴിമതിക്കേസില്‍ കുറ്റവിമുക്തമാവുന്നതുവരെ മന്ത്രി പദമൊഴിഞ്ഞ് ഉന്നതമായ ധാര്‍മ്മികബോധം പ്രകടിപ്പിക്കുവാനുള്ള പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം  ഉണ്ടാക്കിയ വ്യഥ അയാളെ ഉറക്കമില്ലാക്കിടക്കയില്‍ തിരിച്ചും മറിച്ചും ഉരുട്ടിക്കളിക്കുകയായിരുന്നു.

"ഭൂമിയിലെ വാസകാലമത്രയും ചൂതാടിയും മദ്യപിച്ചും വേശ്യാസമ്പര്‍ക്കം ചെയ്തും കുത്തഴിഞ്ഞ ജീവിതം നയിച്ച ആ ചൂതാടി മരിച്ചു പരലോകം പൂകിയപ്പോള്‍ യമന്‍ പറഞ്ഞു ; 'ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലമായി കല്‍പാന്തകാലത്തോളം നരകവാസം അനുഭവിക്കേണ്ടവനാണ് നീ. എങ്കിലും പണ്ടൊരുനാള്‍ അബദ്ധവശാല്‍ ഒരു ബ്രാഹ്മണന് ഒരു തരി സ്വര്‍ണം ദാനം ചെയ്തതിനാല്‍ അല്പം പുണ്യം നിനക്ക് കിട്ടിയിട്ടുണ്ട്. ആ വകയില്‍ ഒരു ദിവസം ഇന്ദ്രപദത്തിലിരിക്കാന്‍ നിനക്ക് യോഗമുണ്ട്. ഇനി നിനക്ക് തിരഞ്ഞെടുക്കാം. കല്‍പ്പാന്തകാലത്തെ നരകവാസമോ ഒരു ദിവസത്തെ ഇന്ദ്രപദവിയോ നിനക്ക് ആദ്യം വേണ്ടത്?"

"എനിക്കാദ്യം ഇന്ദ്രപദവി മതി." കുട്ടിനിക്ക് സംശയലേശമുണ്ടായില്ല. 

പിന്നല്ല......! ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ ഇന്ദ്രപദവി അനുഭവിക്കാന്‍ കൌശലപൂര്‍വം വിവേചനാധികാരം വിനിയോഗിച്ച കുട്ടിനിയെ നേതാവ് മനസാ അഭിനന്ദിച്ചു.

"വിധിപ്രകാരം   ദേവലോകം പൂകിയ കുട്ടിനിക്ക് കീഴ്വഴക്കം മാനിച്ചു ഇന്ദ്രന്‍ സസന്തോഷം തന്‍റെ സിംഹാസനം ഒഴിഞ്ഞു കൊടുത്തു. കുട്ടിനീകപടനാകട്ടെ ഇന്ദ്രപദവിയുടെ സവിശേഷാധികാരമുപയോഗിച്ച് ചങ്ങാതിമാരായിരുന്ന ചൂതാടികളെയും വേശ്യകളേയും ഭൂമിയില്‍നിന്നും വിളിച്ചുവരുത്തി സ്വര്‍ഗത്തില്‍ പാര്‍പ്പിച്ചു.  അനന്തരം ദേവന്മാരോട് ആജ്ഞാപിച്ചു "ക്ഷിപ്രം നമ്മെ ഭൂമിയിലേക്ക് എഴുന്നെള്ളിച്ച് ഏഴു ദ്വീപുകളിലെയും പുണ്യതീര്‍ഥങ്ങളില്‍ സ്നാനം ചെയ്യിക്കുവിന്‍. ഭൂലോകത്തെ  സകലമാന രാജക്കന്മാരെക്കൊണ്ടും നമുക്കു  വേണ്ടി  മഹാദാനങ്ങള്‍ ചെയ്യിക്കുവിന്‍ !"

ഇവന്‍ ആളൊരു പുലിയാണ്....! 

നേതാവ് കഥാനായകനെ വിലയിരുത്തി..

ഏകദിന ദേവാധിപന്‍റെ കല്‍പനകള്‍ കൃത്യമായി നിര്‍വഹിക്കപ്പെട്ടത്തിന്‍റെ ഫലമായി കുട്ടിനീകപടന്‍റെ ജന്മാന്തരപാപങ്ങളെല്ലാം ഒടുങ്ങുകയും പുണ്യം വര്‍ദ്ധിച്ച് ദേവലോകാധിപത്യം സ്ഥിരമായി ലഭിക്കുകയും ചെയ്തു. പദവിയും അധികാരവും നഷ്ട്ടപ്പെട്ട ദേവേന്ദ്രന്‍ നടപ്പ് സമ്പ്രദായമനുസരിച്ച് പരാതിയുമായി വൈകുണ്ഠത്തിലേക്കു പോയി. 

ഭേഷ്!.  നേതാവിന് കയ്യടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. താല്‍കാലികത്തെ സ്ഥിരപ്പെടുത്തിയ കുട്ടിനീകപട തന്ത്രം കിടിലന്‍!   ഒരു  ദിവസമെന്നത് കല്‍പ്പാന്തകാലം!. അപ്പോള്‍ ദേവേന്ദ്രന് പണികിട്ടിയിരിക്കുന്നു. ഇനി സ്വജനങ്ങളുടെ തിരസ്കാരം, പ്രവാസം, കേന്ദ്ര കമ്മിറ്റിയില്‍ പരാതി, ഹൈക്കമാണ്ട് നിര്‍ദേശ പ്രകാരം ആയിരം വര്‍ഷം തപസ്സ് ! 

ദൈവമേ...! നേതാവിന്റെ മനസ്സില്‍ ഒരു ബോംബു പൊട്ടി...! 

ആ ദേവേന്ദ്രന്‍ താന്‍ തന്നെയല്ലേ? കസേര ഒഴിഞ്ഞു കൊടുക്കുവാനും വ്യവഹാരങ്ങളുടെ തലച്ചുമടുമായി കോടതിത്തിണ്ണകള്‍ നിരങ്ങാനും  പോകുന്നത് താനല്ലേ? കേസും കൂട്ടവുമെല്ലാം കഴിയും. രക്ഷപ്പെടാനുള്ള വഴികളെല്ലാം താനൊരുക്കിയിട്ടുണ്ട് .   എല്ലാം ഭദ്രം. പക്ഷെ  രക്ഷപ്പെട്ടു  തിരിച്ചു വന്നാല്‍  പകരക്കാരന്‍ കുട്ടിനി കസേര വിട്ടുതരുമെന്നതിന് എന്തുറപ്പ് ? ഉവ്വവ്വ...! പള്ളീല് പറയാന്‍  പറയും!   വേണ്ട വേണ്ട!.   മോറല്‍ ഗ്രൌണ്ട് കളിച്ചാല്‍  ഇന്ദ്രനെപ്പോലെ അധികാരത്തിന്‍റെ ഇടനാഴികളില്‍ മോങ്ങി നടക്കേണ്ടി വരും. കുട്ടിനീ കപടന്മാരോടാണ് കളിക്കേണ്ടത്.  സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട!.

കിടക്കയില്‍ പിടഞ്ഞെണീറ്റിരുന്നുകൊണ്ട് നേതാവ് മൊബൈലില്‍  സ്റ്റേറ്റ്  സെക്രട്ടറിയെ  വിളിച്ചു.

" സെക്രട്ടറി, കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഞാന്‍ രാജി വെക്കുന്നില്ലെന്നു  തീരുമാനിച്ചു. എന്ത്? തീരുമാനത്തിലിട്ട  ഒപ്പിന്റെ മഷി ഉണങ്ങിയിട്ടില്ലെന്നോ? ആങ്ങ്‌... മഷി ഉണങ്ങിയിട്ടില്ലെങ്കില്‍ അതങ്ങ് മാച്ചു കളഞ്ഞേക്ക്! പുറത്താക്കുമെന്നോ? ആശാനേ വിരട്ടാതെ.! പിളര്‍പ്പെങ്കില്‍ പിളര്‍പ്പ്. രണ്ടു പേര്‍ എന്നോടൊപ്പമുണ്ട്. മന്ത്രിസഭ താഴെയിറക്കാന്‍ അത് ധാരാളം. ഓ പിന്നേ...! ശരി നമുക്ക് നോക്കാം.  പ്രായമോ? അതോര്‍ത്തു നിങ്ങള്‍ വിഷമിക്കണ്ട മാഷേ. ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോന്ന് ഞാന്‍ നോക്കിക്കോളാം. അപ്പൊ നമുക്കിനി ഗോദയില്‍ കാണാം.  ഗുഡ് നൈറ്റ്‌!."

സുഖമായൊന്നുറങ്ങുവാന്‍ നിശ്ചയിച്ചു കിടക്കയിലേയ്ക്ക് മടങ്ങുമ്പോള്‍ നേതാവിന്‍റെ മനസ്സില്‍ ഒരു സംശയമേ ഉണ്ടായിരുന്നുള്ളൂ. കഥാസരിത്സാഗരം രചിച്ചത് വിഷ്ണുശര്‍മനോ അതോ സോമദേവ ഭട്ടനോ ?

                              *********************