2016, മേയ് 29, ഞായറാഴ്‌ച

കൂട്ടുകൃഷി

കൂട്ടുകൃഷി 




കള്ള സർറ്റിഫിക്കട്ട് ഹാജരാക്കി  മെഡിക്കൽ ലീവ് എടുക്കുന്ന സ്വഭാവം സുധാകരനില്ലായിരുന്നു. ഭയം തന്നെയായിരുന്നു സത്യസന്ധതയ്ക്ക്  പ്രചോദനം . പതിനഞ്ചു വർഷത്തെ  സർവീസിൽ  അന്നേവരെ സിക്കടിച്ചതിലൊന്നും കടുകിനു പൊളിവചനമുണ്ടായിട്ടില്ല. എങ്കിലും ഒരിക്കൽ സുധാകരന് ഫൌള് കളിക്കേണ്ടി വന്നു.

വൈറൽ  പനി  പിടിച്ച് ഒരാഴ്ച കിടന്നതാണ് . എല്ലാം സുഖപ്പെട്ട്  ജോയിൻ ചെയ്യുന്നതിന് മുമ്പ് മെഡിക്കലും ഫിറ്റ്നസ്സും വാങ്ങാൻ ചെന്നപ്പോഴാണറിഞ്ഞത്  ചികിത്സിച്ച ഡോക്ട്ടർ അമേരിക്കയിലുള്ള  മകന്റെ അടുത്തേക്ക് സകുടുംബം സുഖവാസത്തിനു പോയിരിക്കുന്നു. ഒരു മാസം കഴിഞ്ഞേ തിരിച്ചു വരികയുള്ളു. എന്താണ് വേണ്ടതെന്ന് സുധാകരന് ഒരെത്തും പിടിയുമില്ലാതായി. കള്ള സർട്ടിഫിക്കറ്റു കൊടുക്കാനാവില്ല.   അതൊക്കെ പുലിവാലാകും. തീരുമാനമൊന്നുമാകാതെ   കുറെ നാൾ സുധാകരൻ  തട്ടിക്കളിച്ചു നടന്നു.   ഒരാഴ്ച കഴിഞ്ഞപ്പോൾ ഹെഡ് ക്ലാർക്ക് ഡൊമിനിക്ക് സുധാകരനെ വിളിച്ചു വരുത്തി.

"അല്ല  സുധാകരാ തന്റെ എംസി  കിട്ടീല്ലിലോ?"

"ഡോക്ടറമേരിക്കേലാ സാറെ."

"അയ്‌, അങ്ങനെ  പറഞ്ഞാ എങ്ങന്യാ!. എനിക്ക് ലീവ് പോസ്റ്റീയണം!."

"ഡോക്ട്ടർ വരാൻ ഒരു മാസം കഴിയും. സർട്ടിഫിക്കറ്റ്  അപ്പളേ  കിട്ടൂ സാർ."

"അത് വരെ പിടിച്ച് വെക്കാനോ!  ഒരു രക്ഷേല്ല്യാ ട്ടാ.  പുതിയ മാനേജര് കടുവ്യാ!. പച്ചക്ക് തിന്നണ  സൈസാ!"
  .
"ഞാഞ്ഞിപ്പോ എന്താ ചെയ്യ്വാ സാറേ?"

"താൻ ഹരിച്ചന്ദ്രനാവാൻ നിക്കാണ്ട് എങ്ങനെങ്ങിലും ഒരെംസി  സംഘടിപ്പിക്ക്‌."

"അയ്യോ സാറെ!."

"അല്ലെങ്ങെ നൂർത്ത്യൊന്നൂല്ല്യ ട്ടാ! എനിക്ക് ലോസ് ഓഫ് പേ അടിക്കണ്ടി വരും.


ഡൊമിനി കണിശമിട്ടു. 

"സാർ...പ്ലീസ്!"

"ഏയ്‌, ഒരു പ്ലീസൂല്ല്യ. താൻ ചെല്ല്. മെസഞ്ചർ  ചന്ദ്രനെ കണ്ടാ സാനം കിട്ടും."

ചില നേരങ്ങളിൽ ഡൊമിനിക്കും ഒരു കുട്ടിക്കടുവയായിരുന്നു, സുധാകരൻ പിന്നെ കൂടുതൽ കിണുങ്ങാൻ നിന്നില്ല .  ഇരുപതു വർഷം കാത്തു സൂക്ഷിച്ച സത്യസന്ധതയുടെ  ചാരിത്ര്യചർമം ഭേദിക്കാൻ തന്നെ തീരുമാനിച്ചു . നിറഞ്ഞ ഭയത്തോടെ , നിശ്ശബ്ദവേദനയോടെ  

മെസഞ്ചർ  ചന്ദ്രൻ മേശവലിപ്പു  തുറന്ന് എടുത്തു നീട്ടിയ ഡമ്മി പതിനാറിലൊന്നു സൈസ്‌ കടലാസ് സുധാകരൻ  വായിച്ചു നോക്കി. പേര്, രോഗം, തിയതി ഇത്യാദികൾ  യഥേഷ്ടം പൂരിപ്പിച്ചു സ്വയം തയ്യാറാക്കാവുന്ന വിധമാണ് ആരോഗ്യ സാക്ഷ്യപത്രഫോറത്തിന്റെ  രൂപകല്പ്പന. മെഡിക്കലും  ഫിറ്റ്നസ്സുമായി രണ്ടായ നിന്നെയിഹ ഒന്നെന്ന സംവിധാനം.   അത്താണിക്കാരൻ ഹോമിയോ ഡോക്ട്ടർ  മൈക്കിളിന്റെ സീലൊപ്പും രെജിസ്ട്രേഷൻ നമ്പറുമൊക്കെയുളള വിശിഷ്ട തയ്യാറിപ്പ്. മാസാമാസം മൈക്കിൾ തന്നെ നേരിട്ട് ഓഫീസിലെത്തി   ഗ്രാമിന് അഞ്ചു രൂപ വോൾ സെയിൽ നിരക്കിൽ ഉൽപ്പന്നം ചന്ദ്രന് ഡിസ്ട്രിബ്യൂട്ട് ചെയ്യും . ഒന്നിന് പത്തു  രൂപ നിരക്കിൽ ചന്ദന്റെ റീട്ടെയിൽ. ഇവ്വിധമാണ് വിപണനച്ചങ്ങല.  ആവശ്യക്കാർ സാധനമുണ്ടോ എന്ന് ചന്ദ്രനോട് ചോദിക്കുകയേ  വേണ്ടു . ഉണ്ടെങ്കിൽ  എടുത്തു നീട്ടും  ഇല്ലെങ്കിൽ സ്റ്റോക്ക് തീർന്നു എന്ന മറുപടി. സെല്ലേഴ്സ് മാർക്കറ്റായതുകൊണ്ട് ഇല്ലെന്ന മറുപടി ദയാരഹിതമായിരിക്കും.

പേരും നാളും  ദീനവും ദിവസവും പൂരിപ്പിക്കുമ്പോൾ വിറ കലർന്ന സ്വരത്തിൽ  സുധാകരൻ  ചോദിച്ചു.

"ചന്ദ്രാ കൊഴപ്പാവില്ലിലോ?"

"എന്തൂട്ട്  കൊഴപ്പം? പൂശിക്കൊടുക്ക് സാറേ . ഇവടെല്ലാവരും ഇതന്ന്യാ ചെയ്യണ്."

സമർപ്പിതത്തിൽ ഒന്ന് കണ്ണോടിച്ച്  ലീവ് രെജിസ്ടറിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ ഡൊമിനിക്ക് സുധാകരനെ സമാധാനിപ്പിച്ചു.

"ഇത്രേള്ളോ സുധാകരാ കാര്യം. താനെന്തൂട്ടിനാ പേടിക്കണ്!"

പിറ്റേ ദിവസം ഡൊമിനിക്ക് സുധാകരനെ വീണ്ടും വിളിച്ചു.

"എന്താ സാർ?."

"താനൊന്ന് ചേംബറിലിക്ക് ചെല്ല്. മാനേജര് വിളിക്ക്ണ്ട്‌."

സുധാകരന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി ,

"സാർ എന്താ കാര്യം. ആ സർട്ടിഫിക്കറ്റ്...?,"

"സംഗതി അതന്ന്യ. പക്ഷെ കാര്യം എന്താറീല്ല്യ. താൻ ചെല്ല്."

ഹെഡ് ക്ലാർക്ക് ഡൊമിനിക്കിന്റെ മുഖത്തെ ഗൂഡസ്മിതത്തിൽ സുധാകരന്റെ  വയറ്റിൽ കൊള്ളിയാൻ രണ്ടാമൻ  പിറവിയെടുത്തു .

ചേംബറിൽ ചെന്നപ്പോൾ സുധാകരനതു  കണ്ടു!. മൈക്കിൾ സൂത്രം  സസൂക്ഷ്മം  നിരീക്ഷിക്കുകയാണ് മാനേജർ.  തെല്ലിട കഴിഞ്ഞപ്പോൾ മുഖമുയർത്തി സുധാകരനെ രൂക്ഷമായി  നോക്കിക്കൊണ്ട്  കടുവ മുരണ്ടു .

"വൈറൽ  ഫിവറായിരുന്നു അല്ലെ?."

"അതെ."

"ഹോമിയോ ചികിത്സകൊണ്ട് മാറി?."

കൊള്ളിയാൻ മൂന്ന്!

"ഉവ്വ് സാർ. ഫാമിലി ഡോക്ട്ടറാണ്."

നനഞ്ഞ സ്ഥിതിക്ക് കുളിക്കാൻ തീരുമാനിക്കുമ്പോഴും സുധാകരന് വിറയൽ നിന്നില്ല.

"ഇതെവിടെയാണ് ഈ ഡോക്ട്ടർ മൈക്കിൾ പ്രാക്ടീസ് ചെയ്യണത്?.

"അത്താണീല് സർ. മെഡിക്കൽ കോളേജിനടുത്താണ്."

"ഈ ബ്രാഞ്ചിലെ എല്ലാവരുടേം ഫാമിലി ഡോക്ട്ടറാണോ ഇയാൾ?."

ദൈവമേ ഈ പാനപാത്രം...!

"ലീവ് ഫയലിൽ  ഇയാളുടെ സർട്ടിഫിക്കറ്റുകളാണ്  സർവത്ര. സുധാകരന് ഇനിയെത്രകൊല്ലം സർവീസുണ്ട്?."

കൊള്ളിയാൻ നാലിൽ സുധാകരന് വിക്കലനുഭവപ്പെട്ടു.

"സർ ...ഇരുപത്തഞ്ച്."

"ഇത് വരെ ഇക്കാര്യം  മുകളിലുള്ളവരുടെ  ശ്രദ്ധയിൽ പെട്ടിട്ടില്ല അല്ലെ?."

"സാർ. ഞാനിത് ആദ്യമായാണ്...!."

"ആട്ടെ,  ചരക്ക്  ഇനിയെത്രയെണ്ണം  സുധാകരന്റെ കയ്യിലുണ്ട്?."

"സോറി സർ. ഇനിയുണ്ടാവില്ല."

"എന്തേ തീർന്നു  പോയോ?."

"അതല്ല സാർ ഇനി ഞാനായിട്ട് ഇങ്ങനെ ചെയ്യില്ല."

കുറച്ചു നേരം സുധാകരനെ ചുഴിഞ്ഞു നോക്കിക്കൊണ്ട്‌ മാനേജർ  ചോദിച്ചു.

" ഇയാളിതെങ്ങിനെ സംഘടിപ്പിച്ചു?."

"സർ..."

"പറഞ്ഞോളൂ ഇനി ഒളിച്ചിട്ടു കാര്യമില്ല!."

"സർ അത് മെസഞ്ചർ ചന്ദ്രന്റെ കയ്യീന്ന്....."

"ഓഹോ ചന്ദ്രനാണോ ഏരിയ ഡിസ്ട്രിബ്യൂട്ടർ?."

മാനേജർ ബെല്ലടിച്ചു. ചന്ദ്രൻ ഹാജർ.

"ചന്ദ്രനാണോ ഇത് സുധാകരന് കൊടുത്തത്?."

"സാർ അത്..."

ചന്ദ്രൻ  തല ചൊറിഞ്ഞു .

"ഇതിനിയുമുണ്ടോ ഇയാളുടെ കയ്യിൽ?."

"സർ....!"


"ഒരെണ്ണം കൊണ്ടു  വരു നോക്കട്ടെ !."


"സാർ...."

"പേടിക്കണ്ടെടോ!. എനിക്കു തന്നെയാണ് .  മൂന്നു ദിവസം സിക്കടിക്കണം. മൂകാംബീലോന്നു പോണം."

മേശപ്പുറത്തു രണ്ടു കയ്യും  പരത്തിയടിച്ചു തല പുറകിലേക്കെറിഞ്ഞ   മാനേജരുടെ പൊട്ടിച്ചിരി സാവകാശം  മെസഞ്ചർ ചന്ദ്രനിലേക്ക്  സംക്രമിച്ചപ്പോഴും സുധാകരന്റെ മുഖത്തെ  അന്ധാളിപ്പ്  മാഞ്ഞിരുന്നില്ല.