2016, നവംബർ 20, ഞായറാഴ്‌ച

വിധ്വംസകം

വിധ്വംസകം

പത്തു നാല്‍പ്പതു കൊല്ലം മുമ്പ് നാട്ടില്‍ നടന്ന ഒരു സാംസ്കാരിക ദുരന്തത്തിന്‍റെ കഥ പറയാം.


വായനശാല പ്രവര്‍ത്തനവും അമ്പലത്തിലെ വേലയും ഒരുമിച്ചു കൊണ്ടുനടന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. നാടകം റിഹേഴ്സലും സംഭാവന പിരിവും സ്റ്റേജ് പണിയുമായി ഒന്നൊന്നര മാസം നീണ്ടുനില്‍ക്കുന്ന ഓണക്കാലത്തെ വായനശാല വാര്‍ഷികപ്രവര്‍ത്തനങ്ങള്‍. ഓലപ്പടക്കം കെട്ടലും ഗുണ്ടിനും മിന്നലിനും അമിട്ടിനും കോറ തീര്‍ക്കലും മരുന്ന് നിറയ്ക്കലുമായി തേവരുടെ പത്താമുദായവേലക്കുള്ള വെടിക്കെട്ടുപണിക്ക് രണ്ടു മാസം. അങ്ങിനെ നാട്ടിലെ ഏറ്റവും വലിയ രണ്ടു സാംസ്കാരിക സംഭവങ്ങളുമായി മൊത്തം നാലു മാസത്തോളം നേരമ്പോക്കിനുള്ള വക ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അക്കാലത്ത് കിട്ടിയിരുന്നു.

ഓണത്തിന് പതിവുള്ള വാര്‍ഷികം കഴിഞ്ഞുള്ള ഒരു ഒക്ടോബര്‍ മാസം. വായനശാലക്ക് കുറച്ചു പണത്തിന്‍റെ അത്യാവശ്യം നേരിട്ടു. വൈറ്റ് വാഷിങ് നടത്തിയിട്ട് നാലഞ്ചു കൊല്ലമായി. കെട്ടിടമാകെ മുഷിഞ്ഞു കൂറപിടിച്ചു കിടക്കുകയാണ്. ബെഞ്ച്, ഡെസ്ക്ക് ഇത്യാദി ഫര്‍ണീച്ചറുകളെല്ലാം കയ്യും കാലും ഇളകി തീരെ അവശനിലയിലാണ്. പുറംചട്ട പോയ നൂറോളം പുസ്തകങ്ങള്‍ ബയന്‍റ് ചെയ്യാനുണ്ട്. ഡിസംബറില്‍ പൂരത്തിനു മുമ്പ് അടിയന്തിരമായി ആ പണികളൊക്കെ കഴിക്കണമെന്നുണ്ട്. ഗ്രന്ഥശാല സംഘം ഗ്രാന്‍റ് കിട്ടി കാര്യം നടത്താന്‍ പറ്റില്ല. അന്നൊക്കെ ഗ്രാന്‍റ് വേനല്‍ മഴ പോലെയാണ്. പെയ്താലായി. ഇന്ന് സ്ഥിതി മാറി.

“എന്താ വേണ്ട്?.”

ആയുഷ്ക്കാല സെക്രട്ടറിയും വായനശാലയുടെ ജീവാത്മാവും പരമാത്മാവുമായ തിരുമേനിമാഷ് കമ്മിറ്റി വിളിച്ചുകൂട്ടി മെമ്പര്‍മാരായ ഞങ്ങള്‍ സോള്‍ ഗഡികളോട് അഭിപ്രായം ചോദിച്ചു.

“എന്തു ചെയ്യും?“

ചോദ്യം ഞങ്ങളൊന്നായി കൂട്ടുപലിശ സഹിതം തിരുമേനിയിലേക്ക് തിരിച്ചയച്ചു.


"എന്താപ്പോ ചെയ്യ്വാ തിര്മേനി?."

വാര്‍ഷികപ്പിരിവില്‍ ചെലവു കഴിച്ചു മിച്ചം വന്നതുപയോഗിച്ചു സംഗതി നടത്താമെന്നാണ് കരുതിയിരുന്നത്. പക്ഷേ പോയ മാസത്തെ കറണ്ട് ചാര്‍ജിനു തികഞ്ഞില്ല നീക്കിയിരുപ്പ്!. വിഷയവുമായി ഇനിയുമൊരു സംഭാവന പിരിവ് അചിന്ത്യം. വാര്‍ഷികം  കഴിഞ്ഞിട്ട് മാസം ഒന്നേ ആയിട്ടുള്ളൂ!. റെസീറ്റ് പുസ്തകവുമായി പടി കടന്നു ചെന്നാല്‍ വീട്ടുകാര്‍ ചൂലെടുക്കും!. പോരാത്തതിന് നവംബറില്‍ പൂരപ്പിരിവും തുടങ്ങും. പോരേ പൂരം!.

ഓ...പൂരം!.

പെട്ടെന്നാണ് തലയില്‍ ഒരാശയം മിന്നിയത്..

“ഇക്കൊരൈഡിയ!.” ഞാന്‍ പറഞ്ഞു

“എന്താദ്?.” എല്ലാവരും ഒരുമിച്ച് ചോദിച്ചു.

“പറഞ്ഞാ തല്ലാന്‍ വരരുത്!.”

“അയ്, നിയ്യ് കാര്യം പറേടാ!.” ഉണ്ണി അക്ഷമനായി.

“മ്മക്ക് പൂരത്തിനൊരു ചായക്ലബ്ബ് ഇട്ടാലോ?. ”

പെട്ടെന്ന് പ്രതികരണമൊന്നുമുണ്ടായില്ല. എല്ലാവരും രണ്ടു നിമിഷം മൌനം ദീക്ഷിച്ചു. കാരണമുണ്ട്. ചായക്ലബ്ബില്‍ ശ്രമദാനം നടത്തി പൂരം നഷ്ടപ്പെടുത്താന്‍ ആര്‍ക്കും താല്‍പര്യമില്ല. വാര്‍ഷികം കഴിഞ്ഞാല്‍ കൊല്ലത്തിലൊരിക്കല്‍ ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന അവസരമാണ് പൂരം. വിശേഷിച്ച് വെടിക്കെട്ടുപണി. ഗ്ലാമര്‍ കൂടിയ ഫീല്‍ഡാണ്. കരിമരുന്നു പുരണ്ട വേഷവുമായി പൂരത്തിരക്കില്‍ വിലസുന്നത് ഒരു ഹരമാണ്!. അതൊഴിവാക്കാന്‍ വയ്യ!. വാര്‍ഷിക നാടകത്തില്‍ വേഷമിട്ടും ഗാനമേളയില്‍ പാടിയും കഷ്ടപ്പെട്ടു തുറന്നു കിട്ടിയ പ്രണയവഴികളില്‍ സൈക്കിള്‍ ബെല്ലടിച്ചു നടക്കുന്ന ഞങ്ങളിലെ നവകാമുകന്‍മാരുടെ മുഖത്ത് കാര്‍മേഘങ്ങള്‍ പടര്‍ന്നു. അവരെ പ്രതിനിധീകരിച്ച് ഹരി പറഞ്ഞു:

“ഉണ്ണ്യേട്ടന്‍ കൊപ്രക്കും ട്ടാ!.”

സംഗതി ശരിയാണ്. പൂര ദിവസം വെടിക്കെട്ട്പണി വിട്ട് ഹോട്ടലിലേക്ക് ചേക്കേറാന്‍ വെടിക്കെട്ടു കമ്മിറ്റി ലീഡര്‍ ഉണ്ണ്യേട്ടന്‍ സമ്മതിക്കുകയില്ല. പുള്ളി ചൂടാവും. പിന്നെ ഒരിയ്ക്കലും ഓരോലപ്പടക്കം കെട്ടാന്‍ പോലും ഞങ്ങളെ അനുവദിക്കില്ല. ആ അവസ്ഥ  മൃതിയേക്കാള്‍ ഭയാനകം!.

ഞങ്ങള്‍ക്കിടയില്‍ ധര്‍മസങ്കടം പുകഞ്ഞു.

“ഒരു കാര്യം ചെയ്യാം. നമ്മള് പത്തു പന്ത്രണ്ടു പേരില്ല്യേ?. ചായക്ലബ്ബ് നടത്ത്വന്നെ!. ഊഴമിട്ട് ഡ്യൂട്ടി. ഒരു ടീമ്  പൂരത്തിനു പോയാ മറ്റേ ടീമ്  ചായക്ലബ്ബ്. എന്തേ?.”

പ്രായോഗിക ബുദ്ധിയില്‍ എന്നും ഒരു മുഴം മുന്നിട്ടു നിന്നിരുന്ന പുഷ്ക്കരന്‍ സജഷനിട്ടു.

“അത് നല്ല നിര്‍ദ്ദേശാ. ന്നാ അങ്ങന്യന്നെ തീരുമാനിക്കാം.”

അശോകന്‍ പുഷ്ക്കരനെ പിന്തുണച്ചു.

" എറ്റൂലോ ?."

തിരുമേനി പതിവു പോലെ വെല്ലുവിളി നടത്തി.

“ഏറ്റു!.”

പാതിമനസ്സുകളായ പ്രണയലോലരടക്കം തീരുമാനം ഏകകണ്ഠത്തില്‍ ഏറ്റുപാടി.

ധനശേഖരാർത്ഥം ഈ വര്‍ഷത്തെ വേലക്ക് ഹോട്ടല്‍ വായനശാല വക!.

പ്രതീക്ഷിച്ച പോലെ വിവരമറിഞ്ഞപ്പോള്‍ ഉണ്ണ്യേട്ടന്‍ ഇളകിയെങ്കിലും പുഷ്കരനും ഉണ്ണിയും ചേര്‍ന്ന് ആളെ ഒത്തുതീര്‍പ്പില്‍ മെരുക്കി. പൂരത്തിന് രാത്രി വെടിക്കെട്ടുപുരയില്‍ ഞങ്ങളില്‍ രണ്ടുമൂന്നു പേരുടെ സാന്നിദ്ധ്യം, പൂരപ്പിറ്റേന്ന് എല്ലാവർക്കും ക്ഷീണം തീര്‍ക്കാന്‍ ഒരു ഹെര്‍ക്കുലീസ് ഫുള്ള്. അതായിരുന്നു എഗ്രീമെന്‍റ്.

പിന്നെയെല്ലാം പടപടാന്നായി. പതിവായി ഹോട്ടല്‍ നടത്താറുള്ള കൃഷ്ണേട്ടനെ കണ്ടു വിഷയത്തിന്‍റെ പ്രാധാന്യം പറഞ്ഞു ബോധവല്‍ക്കരിച്ച് നടത്തിപ്പവകാശം കരസ്ഥമാക്കി. ഭേദപ്പെട്ട പ്രതിഫലത്തിന്മേല്‍ കൃഷ്ണേട്ടനെ ചായയടി പോസ്റ്റില്‍ നിയമിക്കാം എന്നതായിരുന്നു ഉഭയകക്ഷി കരാര്‍. വിറകുവെട്ട്, ഗ്ലാസ്സും പ്ലേറ്റും കഴുകല്‍, മേശതുട തുടങ്ങിയ പണികള്‍ക്ക് സഹായിയായി വേലായുധനെയും കൂട്ടി. ചായ, കടി വിതരണങ്ങളൊക്കെ ഞങ്ങള്‍ കമ്മിറ്റി മെംബര്‍മാര്‍. തിരുമേനി ക്യാഷ് ഓഫീസര്‍ എന്നിങ്ങനെയായിരുന്നു തൊഴില്‍ വിഭജനം. പൂരപ്പറമ്പിനും വായനശാലക്കും അടുത്തുള്ള പുറമ്പോക്കില്‍ ഷെഡ് കെട്ടാനും നിലമൊരുക്കാനുമൊക്കെ പന്തല്‍ വര്‍ക്സ് നടത്തുന്ന ഉണ്ണ്യേട്ടന്‍റെ സഹായം. പ്രവര്‍ത്തന മൂലധനം അദ്ധ്യാപകനായ തിരുമേനി മെയിന്‍, തൊഴിലില്ലാത്ത ഞങ്ങള്‍ കമ്മിറ്റിക്കാര്‍ സബ്.

ധനുമാസത്തിലെ പത്താമുദായം കഴിഞ്ഞുള്ള ആദ്യ ശനിയാഴ്ചയായിരുന്നു പൂരം.

പകല്‍പൂരം ബിസിനസ്സൊക്കെ നിരാശാജനകമായിരുന്നു. കൊട്ടാനെത്തിയ വാദ്യക്കാര്‍ മൂന്നു നേരം വന്നു ചായ കുടിച്ചു കാശ് പൂരക്കമ്മിറ്റി കണക്കില്‍ പറ്റി പോയതായിരുന്നു കാര്യമായ ഇടപാട്. പൂരം നഷ്ടത്തിലോടിയാല്‍ ആ കാശും സ്വാഹ!.

“രാത്രി മോശം വരില്ല്യാന്ന് വിചാരിക്ക്വാ. നാടകോം വെടിക്കെട്ടും ഒക്കേണ്ടലോ!.”

തിരുമേനി പ്രതീക്ഷ കൈവിട്ടില്ല.

“അതൊന്നും പേടിക്കണ്ടാന്നേയ്. പകലൊന്നും അല്ലെങ്കിലും വല്ല്യേ കച്ചോടം കിട്ടില്ല്യാ. ങ്ഹാ!. രാത്രീലാ ആള്‍ക്കാര് വര്വാ. കാലാകാലായിട്ട് കാണണതല്ലേ? ങ്ഹാ!.”

പൂരോത്സാഹത്തിനിടയില്‍ ഇടക്കൊന്ന് അന്വേഷണത്തിന് ഓടി വന്ന വായനശാലയുടെ പ്രസിഡണ്ടും ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയുമായ തങ്കപ്പേട്ടന്‍ സമാധാനിപ്പിച്ചു.

“അതന്ന്യ ഒരു പ്രതീക്ഷ തങ്കപ്പേട്ടാ!.” ഉണ്ണി പറഞ്ഞു.

“പാലൊക്കെ വേണ്ടത് കരുതീട്ടില്ല്യേ?.”

തങ്കപ്പേട്ടന്‍ ഔപചാരികമായി ആശങ്കപ്പെട്ടു.

“ഒന്നരപ്പറ പറ പാല് വൈകീട്ട് വരും."

തിരുമേനി പറഞ്ഞു.

“ഓ ധാരാളം!. പാല് കാച്ചി സൂക്ഷിച്ചു വെച്ചോളോ ട്ടാ. വല്ലതും പറ്റ്യാ പിന്നെ പറഞ്ഞിട്ട് കാര്യല്ല്യാ. ങ്ഹാ!. ”

അതും പറഞ്ഞുകൊണ്ട് തങ്കപ്പേട്ടന്‍ പൂരത്തിരക്കിലേക്ക് അന്തര്‍ദ്ധാനം ചെയ്തു.
തങ്കപ്പേട്ടന്‍റെ ആ വാക്ക് അറം പറ്റി!.

രാത്രിയാണ് കുഴപ്പമുണ്ടായത്.

പള്ളിപ്പാട്ട് അച്യുതമാരാരുടെ പഞ്ചവാദ്യം മതില്‍ക്കെട്ട് കടന്നു പുറത്ത് അമ്പലപ്പറമ്പില്‍ കയറിയ നേരം. വെടിക്കെട്ടിനാശാന്‍ മഠത്തില്‍ കുട്ടമ്മാന്‍, ഉണ്ണ്യേട്ടന്‍, എഗ്രീമെന്‍റ് പ്രകാരം ഞാന്‍, പുഷ്ക്കരന്‍, ഉണ്ണി എന്നിങ്ങനെ അഞ്ചു പേരും ചേര്‍ന്ന് മുളക്കുംഭത്തില്‍ ഗുണ്ട് നിറക്കുന്ന പണിയില്‍ മുഴുകിയിരിക്കുമ്പോഴാണ് രാത്രി ഡ്യൂട്ടിക്കാരന്‍ ഹരി ഓടിക്കിതച്ചു വന്നു പറഞ്ഞത്:

“ഡാ വേഗം വാ, അവടെ ഇപ്പോ അടി പൊട്ടും.”

“എന്താണ്ടാ, എന്താ കാര്യം?” പുഷ്ക്കരന്‍ ചോദിച്ചു.

“പിരിഞ്ഞ പാലോണ്ട് ചായേട്ടൂന്നും പറഞ്ഞ് വിജയനും ഭാസ്കരനും ഏളകീണ്ട്!. കടേടെ മുമ്പിലാള്‍ക്കാരൊക്കെ കൂടീണ്ട്!."

“അയ്യയ്യോ!. ശര്യാണോടാ, പാല് പിരിഞ്ഞത് നേരാ?.”

“സംഗതി നേരാ!.”

“ദൈവമേ ഒന്നരപ്പറ പാല്!. ബാലന്ദ്രാ, ഉണ്ണ്യേ എണീക്ക്!. ഉണ്ണ്യേട്ടാ ഒന്നു വായോ!.”

പുഷ്ക്കരന്‍ എല്ലാവരെയും എഴുന്നേല്‍പ്പിച്ചു. കുട്ടമ്മാനെ വെടിക്കെട്ടുപുരയിലിരുത്തി ഉണ്ണ്യേട്ടന്‍റെ പിന്നിലായി ഞങ്ങളെല്ലാവരും ഓടിച്ചെന്നപ്പോള്‍ ക്ലബ്ബിന് മുമ്പില്‍ പുരുഷാരം!. പൊരിഞ്ഞ ബഹളം.!.

“ അറ്യേണ പണി ചെയ്താ  പോരറാ!. അവന്‍റോരു ചായള്‍ബ്!.”

“ ചെരക്കാന്‍ പൊക്കൂട്രാ നിങ്ങക്കൊക്കെ.”

“പാല്‍ച്ചായ കുടിച്ചിട്ട്ണ്ട്. തൈര്ചായ ആദ്യായിട്ടാ!.”

“പുളിച്ച പാലെടുത്ത് ഹനുമാന്‍ പറമ്പിലെ പൊട്യേനീടെ കടക്കലൊഴിക്കടാ, നാട്ടുകാരെ കുടിപ്പിക്കാണ്ട്!."

“നാട്ട്വാരായോണ്ട് ക്ഷമിക്ക്യാ!. സകലെണ്ണത്തിന്‍റേം പല്ലടിച്ചു കൊഴിക്ക്വാ വേണ്ട്!.”

“പൂട്ട്രാ നെന്‍റെ ഹോട്ടല്!.”

പാല് പിരിഞ്ഞതറിയാതെ അതൊഴിച്ചുണ്ടാക്കിയ ചായ കുടിച്ച് ക്ഷുഭിതനായ വിജയനാണ് ആദ്യവെടി പൊട്ടിച്ചതത്രേ. അവന് വലിയ ഈര്‍ഷ്യ വായനശാല കമ്മിറ്റിയോടുണ്ട്. കഴിഞ്ഞ വാര്‍ഷികത്തിലെ നാടകത്തില്‍ കക്ഷിക്ക് വേഷം നല്‍കിയിരുന്നില്ല. അന്നൊക്കെ അങ്ങിനെയാണ്. നാടകത്തിലഭിനയിക്കാന്‍ നടന്മാര്‍ ഏറെ. ആറു കഥാപാത്രങ്ങളുള്ള നാടകത്തിലഭിനയിക്കാന്‍ പതിനാറു പേരുണ്ടാവും. സോപ്പിട്ടും കാല് പിടിച്ചും അടുത്ത വര്‍ഷം വേഷം ഓഫര്‍ ചെയ്തും മിക്കവരെയും ഒഴിവാക്കും. അല്ലാത്തവര്‍ വാര്‍ഷികം അലമ്പാക്കും എന്ന ഭീഷണി മുഴക്കി ഇടഞ്ഞു നില്‍ക്കും. വെള്ളമടിച്ചു റിഹേഴ്സലിന് വരുന്നതിന്‍റെ പേരില്‍ വിജയന് കുറെക്കാലമായി വേഷം നല്‍കാറില്ല. കഴിഞ്ഞ വര്‍ഷികത്തിനും അതുതന്നെയാണ് ഉണ്ടായത്. അതിന്‍റെ ഈര്‍ണം വെച്ച് വിജയന്‍ പക വീട്ടുകയാണ്!.

ഉണ്ണ്യേട്ടന്‍ ശക്തമായി ഇടപെട്ടതോടെ ലഹളക്ക് ശമനം കിട്ടി. ഉണ്ണ്യേട്ടന്‍ എല്ലാവര്‍ക്കും സ്വീകാര്യനും സമ്മതനുമായ നേതാവായിരുന്നു.

“ഉണ്ണ്യേ, നിയ്യ് പറഞ്ഞോണ്ട് നിര്‍ത്ത്വാട്ടാ!. ആ പുളിച്ച പാലെടുത്തു കളയാന്‍ പറേടാ പിള്ളേരോട്!.”

അതും പറഞ്ഞു പിരിഞ്ഞു പോവുമ്പോള്‍ വിജയന്‍ സമപ്രായക്കാരനായ ഉണ്ണ്യേട്ടന്‍റെ തോളില്‍ തട്ടി കണ്ണിറുക്കി.

ബഹളമൊതുങ്ങിയെന്ന് കണ്ടു ഹോട്ടലില്‍നിന്നും പുറത്തു വന്ന അശോകന്‍ ഇടനെഞ്ചു പൊട്ടിക്കൊണ്ടു പറഞ്ഞു.

"ഒന്നരപ്പറ പാല് മുഴൻ പിരിഞ്ഞു!."

“എന്തേണ്ടായേടാ ഇത്ര വേഗം കേടു വരാന്‍?. വൈകീട്ട് പുത്യേ പാല് വാങ്ങി കാച്ചി വെച്ചതല്ലെ?” ഞാൻ ചോദിച്ചു.

“അതൊക്കെ ശര്യാ. പക്ഷേ വേലായുധനാ പറ്റിച്ചേ.”

“എന്താവന്‍ ചെയ്തേ?.”

അശോകന്‍ സംഭവം വിവരിച്ചു:

വൈകീട്ട് പലഹാര ഷെല്‍ഫിലിരുന്നിരുന്ന ഒരു തൂക്കുപാത്രത്തില്‍ കുറച്ചു പാലിരിക്കുന്നതു കണ്ടപ്പോള്‍ വേലായുധന്‍ അതെടുത്ത് കൃഷ്ണേട്ടന്‍റെ അരികില്‍ ചെന്നു ചോദിച്ചു:

“ഈ പാലെന്താ ചെയ്യണ്ട് കൃഷ്ണേട്ടാ?.”

ഒന്നരക്കോല്‍ നീളത്തില്‍ ചായ വീശിയടിക്കുന്ന ഊക്കില്‍ കൃഷ്ണേട്ടന്‍ കണ്ണെടുക്കാതെ പറഞ്ഞു:

“പണി മെനക്കെടുത്താന്‍ നിക്കാണ്ട് നിയ്യതാ അലുമിനിയക്കലത്തില് കൊണ്ടൊഴിക്കെന്‍റെ വേലായുധാ.”

കേട്ട പടി വേലായുധന്‍ അലുമിനിയക്കലത്തിന്‍റെ മൂടി തുറന്നു പാത്രത്തിലിരിപ്പ് അതിലൊഴിച്ചു.

"അപ്പെങ്ങന്യാണ്ടാ പിരിയണത്? കൊണ്ടൊഴിച്ചത് പാലായിരുന്നില്ല്യേ?. ഉണ്ണി ചോദിച്ചു.

“അല്ലലോ!.” അശോകന്‍.

“പിന്നെ?.”

“കാലത്ത് ദോശക്കും ഇട്ളിക്കും ചട്ട്ണീണ്ടാക്കി ബാക്കി വന്ന തൈരാര്‍ന്നു അത്!.”

എരവത്ത് അപ്പു മാരാര്‍ പാണ്ടി കൊട്ടി പൂരം കാലം കൂട്ടുന്നതുവരെ കട്ടന്‍ ചായ കൊടുത്ത് നേരം വെളുപ്പിച്ചവരുടെ മുഖം ചായക്കട പൂട്ടി പുറത്തിറങ്ങുമ്പോള്‍ ഉറക്കം, ധനം, മാനം, എന്നിങ്ങനെ ത്രിവിധ ചേതങ്ങളാല്‍ വിളറി വെളുത്തിരുന്നു. പിരിഞ്ഞ പാല് തൈരായി മാറിയത് വില്‍ക്കുകയാണെങ്കില്‍ ആ കാശുകൊണ്ട് ഒക്ടോബര്‍ മാസത്തെ കറണ്ട് ബില്ലടക്കാനാവുമെന്ന പ്രത്യാശ ഞങ്ങള്‍ക്കു സമ്മാനിച്ചുകൊണ്ടാണ് തിരുമേനി വീട്ടിലേക്ക് മടങ്ങിയത്!.

അടുത്ത മാസം കമ്മിറ്റി കൂടിയപ്പോള്‍ ചായക്കട
ദുരന്തത്തിന് കാരണം വേലായുധന്‍റെ കയ്യബദ്ധമാണെന്ന് ഐകകണ്ഠ്യേന വിലയിരുത്തിയെങ്കിലും അശോകന്‍റെ കുസൃതി ചോദ്യത്തിന് മുന്നില്‍ എല്ലാവരും ഒന്നമ്പരന്നു പോവാതിരുന്നില്ല:


“അല്ലാ, ഇനീപ്പോ കഴിഞ്ഞ വാര്‍ഷികനാടകത്തിനു വേഷം കിട്ടാണ്ട് പോയോരടെ കൂട്ടത്തില് വേലായുധനൂണ്ടാര്‍ന്ന്വോ ആവോ!."