2015, മേയ് 20, ബുധനാഴ്‌ച

നുറുങ്ങുകള്‍

നുറുങ്ങുകള്‍


മധുരം സൌമ്യം ദീപ്തം 

നാട്ടിലെ വായനശാലയുടെ പുതിയ കെട്ടിടത്തിന്‍റെ ഉത്ഘാടനമാണ് ഈ മാസം. സാംസ്കാരിക സമ്മേളനത്തിന് മുഖ്യാതിഥിയായി ഒരു വലിയ കലാകാരനെ ക്ഷണിക്കാന്‍ തീരുമാനിച്ചു.
"ആള് വര്വോ?."
"നോക്കാന്നേയ്!."

കലാകാരനുമായി വളരെ അടുപ്പമുള്ള സുഹൃത്തിനോടു വിളിച്ചു ചോദിച്ചു

"ശര്യാവ്വോ?."

"അതൊക്കെ ശര്യാവും. കാണാന്‍ പോകുന്നതിനു മുമ്പ് ഒന്ന് വിളിച്ചു ചോദിച്ചോളൂ. അവൈലബിള്‍ ആണോ എന്നറിയാലോ."

"ഓക്കേ."

വിളിച്ചു. എടുത്തത് ആള്‍ തന്നെ.
"പൊറാട്രേന്നാ."
"എന്താ? "
"അങ്ങയെ കാണാനായി ഞങ്ങളിപ്പോള്‍ അങ്ങോട്ടു വന്നാല്‍ അസൌകര്യമാവുമോ?."
"എന്താ കാര്യന്നു പറയ്വാ!"
"ഞങ്ങളുടെ നാട്ടിലെ വായനശാലയുടെ സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി അങ്ങയെ ക്ഷണിക്കാനാണ്."
"പറ്റില്ല്യ. വരണ്ട!."
"സാര്‍!."
"പറ്റില്ല്യാന്ന് മലയാളത്തില് പറഞ്ഞത് കേട്ടില്ല്യേ!? ഇങ്ങട് ആരും വരണ്ട!."
ടക്!
ഞാന്‍ കവിളത്തൊന്നു തലോടി. (റിഫ്ലെക്സ് ആക്ഷന്‍) ഇല്ല്യ.....! നീര് വന്നിട്ടില്ല്യ!.
ഈ മധുരം മലയാളം, മധുരം മലയാളന്നൊക്കെ പറേണത് ഇതാവും ല്ലേ!?.

ഉമ്മ

മകളും മകളുടെ മകളും പേരക്കുട്ടിയുമായി ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു മുത്തശ്ശി. ബസ്സിലാണ് യാത്ര. ഇടക്ക് പേരക്കുട്ടിയും അമ്മയും യാത്രപറഞ്ഞ് അവരുടെ വീട്ടിലേക്കുള്ള സ്റ്റോപ്പില്‍ ബസ്സിറങ്ങി. കണ്ടക്ട്ടറുടെ വിചിത്രമായ ശബ്ദസൂചനയില്‍ ബസ്സ്‌ നീങ്ങാന്‍ തുടങ്ങുമ്പോഴാണ് മുത്തശ്ശി പാതിമയക്കത്തില്‍നിന്നുണര്‍ന്നത്‌. കാര്യം ഓര്‍മ വന്ന പകപ്പോടെ സീറ്റില്‍ നിന്നും എഴുന്നേറ്റുകൊണ്ട് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു:
"അതേയ് വണ്ടി നിര്‍ത്ത്വാ! വണ്ടി നിര്‍ത്ത്വാ...!"
"എന്തേ അമ്മേ!?" കൂടെയുള്ള മകള്‍ക്ക് പരിഭ്രമമായി.
"ഒന്നൂല്ല്യ. ഒരു കാര്യം മറന്നു. കണ്ടട്ടറെ വണ്ടി നിര്‍ത്ത്വോ!"
കണ്ടക്ട്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തി.
വെപ്രാളത്തോടെ മുന്നിലെ ഫുട്ബോഡില്‍ ഇറങ്ങിനിന്നുകൊണ്ട് മുത്തശ്ശി പേരമകളെ വിളിച്ചു :
"മോളേ, ഇങ്ങട് വാ.."
പരിഭ്രമിച്ചു ബസ്സിന്‍റെ വാതിലക്കലേക്ക് ഓടി വന്ന പേരമകളുടെ തോളില്‍ സുഖനിദ്രയിലായിരുന്ന ഒരു വയസ്സുകാരനെ കൊരിയെടുത്തു തെരുതെരേ അഞ്ചാറ് തവണ മുത്തമിട്ടുകൊണ്ട് നേരിയ വിഹ്വലതയോടെ മുത്തശ്ശി പറഞ്ഞു.
"മോളെറങ്ങീത് അമ്മൂമ്മ അറിഞ്ഞില്ല്യ! ഉം.....ന്യെന്‍റെ മക്കള് പൊക്കോളോ ട്ടാ. ഗുരുവാരപ്പാ!"
കുട്ടിയെ തിരിച്ചു കൊടുത്തു മടങ്ങുമ്പോള്‍ അരിശവും പരിഹാസവും കലര്‍ന്ന സ്വരത്തില്‍ കണ്ടക്ട്ടര്‍ അവരോടു ചോദിച്ചു:
"പഷ്ട്! അപ്പൊ ഇതിനാ അമ്മൂമ്മ ബസ്സ്‌ നിര്‍ത്തിച്ചത്!?"
മകള്‍ക്കരികില്‍ വന്നിരിക്കുന്നതിനിടയില്‍ കണ്ടക്ട്ടര്‍ക്കു നേരെ രൂക്ഷമായൊരു നോട്ടം എറിഞ്ഞുകൊണ്ട് മുത്തശ്ശി പ്രതിവചിച്ചു:
"പിന്നല്ലാണ്ട്! കുട്ട്യേ ഉമ്മക്കണ്ടേ!? "

ജസ്റ്റ് സിമ്പിൾ! 

വിവാഹം ഉറപ്പിച്ചു. കച്ചവടക്കരാർ ഒപ്പിട്ടു . നൂറ്റൊന്നു പവനും കാറും. ഇനി നിശ്ചയം. ച്ചാൽ താംബൂലനിശ്ചയം.
"എങ്ങന്യൊക്ക്യാ വേണ്ട്? വല്ലാണ്ട് ഘോഷം വേണോ?." 
ലേലം വിളിച്ചു ചിലമ്പിച്ച സ്വരത്തിൽ പെണ്ണിന്റച്ഛൻ ചോദിച്ചു
" ഏയ്‌ ഛെ ഛെ ! അതൊക്കെ പേരിനു മതീന്ന്! വാട്ട്‌ ഫോർ ദിസ്‌ എക്സ്റ്റ്രവഗൻസ !?." ചെക്കന്റച്ഛൻ പ്രോഗ്രസ്സീവ് ഡെമോക്രാറ്റായി.
"അപ്പൊ നിങ്ങൾ എത്ര പേര് വരും?."
പെണ്ണിന്റച്ഛൻ നെഞ്ചു തടവി.
"സീ മിസ്റ്റർ നായർ, ഞാനിക്കാര്യത്തിലൊക്കെ വളരെ ലിബറലാണ്. വീ ഷുഡ് ബി പ്രാക്റ്റിക്കൽ. "
"അപ്പൊ ലളിതായിട്ട്‌ നടത്ത്യാൽ മതി അല്ലെ?."
വധൂപിതാവിന് രജതരേഖാദർശനം.
"ജസ്റ്റ് സിമ്പിൾ!. ഘോഷങ്ങളൊക്കെ വിവാഹത്തിനാവാമല്ലോ! മാത്രോല്ല ഞങ്ങൾ അത്യാവശ്യം ആൾക്കാർക്കേ നിശ്ചയത്തിനു വരാനൊക്കൂ."
"എന്നാലും ഒരൈഡിയ കിട്ടണലോ."
" തീർച്ചയായും! ഞങ്ങള് മാക്സിമം ഒരു നാനൂറ്റമ്പത് പേർ . അതിനപ്പുറം പോകാൻ എനിക്കിഷ്ടമല്ല!."
"...........!!!."
"ങ്ഹാ പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം! വിവാഹമാല! യു നീഡ്‌ നോട്ട് വറി എബൌട്ടിറ്റ്. അതു ഞങ്ങൾ കൊണ്ടു വരും. ഇറ്റ്സ് അവർ പ്രിവിലേജ്! അപ്പൊ ശരി മിസ്റ്റർ നായർ. ബാക്ക്യൊക്കെ വഴിയെ. എന്നാൽ ഞങ്ങളിറങ്ങട്ടെ. അംബുജoooooo....!. എറങ്ങിക്കോളൂ! "

 വിത്തുകാശ്

പണ്ട് പൊറാട്രക്കാരനായ ഒരു കാരണവർ തൃശ്ശൂരിലെ മുനിസിപ്പൽ സ്റ്റാൻഡിൽനിന്നും നാട്ടിലേക്ക് ബസ്സ് കയറി . കണ്ടക്റ്റർ പുറനാട്ടുകര ആശ്രമം സ്റ്റോപ്പിലേക്കുള്ള ചാർജ് കഴിച്ചു ബാക്കി തിരിച്ചു കൊടുത്തതിൽ മോശപ്പെട്ട ഒരു രൂപ നാണയം കണ്ടപ്പോൾ കാരണവർ അത് തിരിച്ചു നീട്ടികൊണ്ട് പറഞ്ഞു:
"അതേയ്, ഇതൊന്നു മാറ്റി തര്വാ! ."
"അതെന്തേ?." കണ്ടക്റ്റർ
"ഇതിന്റെ വക്ക് ലേശം പൊട്ടീണ്ട്!."
"ഔ പിന്നേ ! ഒണക്കി വിത്തിന് സൂക്ഷിക്കാള്ളതൊന്ന്വല്ലലൊ; കയ്യില് വെക്ക് കാർന്നോരെ! അവടെ... ഇന്യാരാ ടിക്കറ്റ്ട്ക്കാള്ള്?."


2015, മേയ് 4, തിങ്കളാഴ്‌ച

അശോകം

അശോകം

ഓര്‍ക്കാപ്പുറച്ചെയ്തികളുടെ തമ്പുരാനായിരുന്നു അശോകന്‍!.

മുപ്പതു വര്‍ഷം മുമ്പ് ഒരു നട്ടപ്പാതിരക്കാണ് വീട്ടില്‍ കയറിവന്നു വാതിലിൽ മുട്ടി വിളിച്ചുണർത്തി പുറത്ത് വായനശാലക്കു മുന്നിലെ തെരുവുവിളക്കിനു കീഴിലേക്ക് അവൻ എന്നെ പിടിച്ചു വലിച്ചു കൊണ്ടു പോയത്. കണ്ണു തിരുമ്മി ഉറക്കപ്രാന്തടക്കി ഞാൻ നിന്നപ്പോൾ അല്‍പ്പം മുമ്പ് എഴുതിയതാണെന്നും പറഞ്ഞു മടിക്കുത്തില്‍ നിന്നൊരു കടലാസ്സു തുണ്ടെടുത്ത് ഈണത്തിൽ വായിക്കാൻ തുടങ്ങി :

“കുന്നേ, വലിയ വിലങ്ങന്‍കുന്നേ കുന്നുകളില്‍ കുന്നേ...”

പാരായണം കഴിഞ്ഞപ്പോൾ മുറുക്കാന്‍ കറ പിടിച്ച പല്ലുകൾ വിരിച്ച് ഒരു പുഞ്ചിരിച്ചോദ്യം:

“എങ്ങനേണ്ട് ?”

അടുപ്പത്ത്  വെട്ടിത്തിളക്കുന്ന   ചരക്കില്‍നിന്നും കുഴച്ചട്ടുകം തോണ്ടി ഇറ്റിച്ചു കൊടുത്ത പാലടപ്രഥമനില്‍ ഉള്ളംകൈ പൊള്ളി പിടയുന്ന സഹായിയോട് ദേഹണ്ണപ്രമാണി ചോദിക്കാറുള്ള ആ സാഡിസ്റ്റ് ചോദ്യം കേട്ടപ്പോള്‍ ഇരച്ചുവന്ന കലി അടക്കിക്കൊണ്ടു ഞാൻ മുരണ്ടു:

“കലക്കീണ്ട്!”

മറിച്ചു പറഞ്ഞാൽ വെളുപ്പിനു കറവക്കാരൻ വാസുവിന്‍റെ സൈക്കിൾ മണി കേൾക്കുംവരെ തിരുത്തിയെഴുത്തിനു കണ്ണും കാതും കൊടുത്തു വിളക്കുകാലിനു കീഴിൽ നില്‍ക്കണം!.

ആ പാട്ട് പക്ഷെ പിന്നീട് നാടിന്‍റെ പാട്ടായി.....

പാട്ടെഴുതിയവന്‍റെ നിതാന്തജാഗ്രതയാണ് മൂന്നു ദശകം മുന്‍പേ സ്വകാര്യ സ്ഥാപനത്തിനു തീറെഴുതിക്കൊടുക്കുമായിരുന്ന വിലങ്ങൻകുന്നിനെ പൊതുസ്വത്തായി നിലനിര്‍ത്താന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയത്! അതും നിനച്ചിരിക്കാത്ത വേഗത്തില്‍ സംഘടിപ്പിച്ച ഒരു ബഹുജനപ്രക്ഷോഭത്തിലൂടെ!

“ഓന്തിന്‍റെ ഭാഗ്യമേ ഭാഗ്യം....!”

മാസാമാസം കുപ്പായം മാറി കിളിമാസ് രാഷ്ട്രീയം കളിച്ചിരുന്നവരെ പരിഹസിച്ചത് നിമിഷകവനത്തിന്‍റെ ആ ഇരുപത്തിനാലു വരികൊണ്ട്. കേരളവർമ പഠനകാലത്ത്‌ ഉള്ളില്‍ കത്തിയ രാഷ്ട്രീയം അടിയന്തിരാവസ്ഥക്കാലത്ത് പട്ടാമ്പി സംസ്കൃത കോളേജില്‍ വെച്ചു കെട്ടു. പിന്നീടൊരു തീയും ആളിയിട്ടില്ലാത്ത ആ മനസ്സിലേ അത്തരമൊരു കവിത വിരിയൂ !

ഭാഷാനിയമങ്ങളില്‍ കർക്കശക്കാരനായിരുന്ന സംസ്കൃതാചാര്യൻ അവ്യവസ്ഥകൾക്കെതിരെ കലഹിക്കുമ്പോൾ വ്യാകരണങ്ങൾ കാറ്റില്‍ പറത്തും!.

തലസ്ഥാനനഗരിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം. സംസ്കൃതോത്സവത്തിന്‍റെ സംഘാടനത്തിലെ കെടുകാര്യസ്ഥതക്കെതിരെ കുട്ടികളെയും കൂട്ടി അരങ്ങില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോള്‍ കലോത്സവ മാന്വല്‍ ഉദ്ധരിച്ചു ന്യായം പറയാന്‍ ചെന്ന സ്റ്റേജ് മാനേജരോട് കലാപകാരി ചോദിച്ചു:

“ആരാ ഈ മാന്വല്‍ തയ്യാറാക്കീത് എന്നറിയ്വോ ഇയാൾക്ക്?”

“അറിയാം. അശോകന്‍ പുറനാട്ടുകര.”

“എന്നാലേയ്, ആ അശോകന്‍ പുറനാട്ടുകര ഞാനാണ്!. കാര്യങ്ങള്‍ ഈ നിലയില്‍ വഷളാക്കണമെന്ന് അതിലെഴുതീട്ടില്ല്യ!”

അവതരണം പൂർത്തിയാക്കി തിരശ്ശീലയിട്ട സ്റ്റേജില്‍ കയറി നാടകത്തിലെ ഒരു വിവാദപരാമർശത്തിനെതിരെ മൈക്കിലൂടെ തല്‍സമയ വിമര്‍ശം നടത്തി നാടകക്കാരേയും കാണികളെയും വിഭ്രമിപ്പിച്ചത് സ്വന്തം തട്ടകത്തിലെ പൂരത്തിന്!.

ഒരു സ്വകാര്യം കൂടി....

ഇതെഴുതുന്നവന്‍റെ ജീവിതം ട്രാക്ക് തിരിച്ചു വിട്ട സംഭവമാണ്....

വർഷം ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊമ്പത്. ഞാനന്ന് ഹൈദരബാദില്‍. കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ പ്രൊബേഷണറി ഗുമസ്തനായി നിയമിതനായിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. അമ്പലപ്പറമ്പും ആല്‍ത്തറയും അമ്പത്താറു കളിയും വായനശാല വാര്‍ഷികവും വൃശ്ചികക്കാറ്റും തേവരുടെ പൂരവും മൂന്നു നേരം അമ്മ വിളമ്പിയ കുത്തരിച്ചോറുമായി തൊഴില്‍രഹിത ജീവിതം ആഘോഷിച്ചുകൊണ്ടിരിക്കേ പെട്ടെന്നൊരുനാൾ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ പുളിവാര്‍ളുകൊണ്ട് ചന്തിക്കു പൂശി ഓടിച്ചത് നൈസാമിന്‍റെ സേവകരുടെ പിന്മുറക്കാര്‍ താമസിച്ചിരുന്ന കിംഗ്‌ കോട്ടിയിലെ പ്രാക്തനഗന്ധം തളം കെട്ടിനിന്ന മുറികളിലൊന്നിലേക്ക്!. വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നാല്‍ ചുരകുത്തുന്ന ജനിതകവൈകല്യമായി കൂടെ മറ്റവനും വണ്ടി കയറിയിരുന്നു. ഗൃഹാതുരന്‍! എല്ലുരുക്കുന്ന ചൂട്. തെലുങ്കന്‍ ഭക്ഷണത്തിന്‍റെ ആസനം പൊള്ളിക്കുന്ന എരിവ്. കൂറ്റൻ പാറകളും കള്ളിച്ചെടികളും നിറഞ്ഞ മരുസമാനമായ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ സബ് ഓഫീസ് എന്ന് ആദരപൂര്‍വ്വം വിളിക്കുന്ന ആസ്ബെസ്റ്റോസ് ഷെഡ്‌. അതിനുള്ളില്‍ മൂലപ്രതിഷ്ഠയായി മുരടനായ പഞ്ചാബി അസിസ്റ്റണ്ട് എഞ്ചിനിയര്‍. അതിനെക്കാൾ മുരടനും അറുപഴഞ്ചനുമായ റെമിംഗ്ടണ്‍ ടൈപ്റൈറ്റര്‍. നൊസ്റ്റാൾജിയ മോങ്ങാനിരുന്നവന്‍റ തലയില്‍ തേങ്ങ വീണത്‌ ആശിച്ചതിനേക്കാളധികം!.

പുതിയ സാഹചര്യത്തോട് ഒരു തരത്തിലും സമരസപ്പെട്ടു പോകാന്‍ കഴിഞ്ഞില്ല. തൊഴിലില്ലായ്മ നാടു വാഴുന്ന കാലത്തു കിട്ടിയ സര്‍ക്കാര്‍ ജോലി വലിച്ചെറിഞ്ഞു നാട്ടിലേക്ക് മടങ്ങുവാനുള്ള അഹമ്മതിക്ക് ഞാൻ ഗാർഹികാനുമതി കാത്തുനില്‍ക്കുന്ന സമയമായിരുന്നു അത്.

മേയ്മാസത്തിലെ ഒരു ഞായറാഴ്ച.....

താമസിക്കുന്ന ഹോട്ടലിലെ റെസ്റ്റോറന്റില്‍ പതിവുപോലെ രാവിലത്തെ ഭക്ഷണം കഴിക്കാന്‍ ചെന്നതാണ്. കറിമസാലകളുടെ എരിയുന്ന ഗന്ധം തളം കെട്ടിനിന്ന റെസ്റ്റോറന്റിലെ തിരക്കില്‍ ഒഴിഞ്ഞു കിട്ടിയ ഒരു കസേരയില്‍ ഇരുന്നപ്പോഴാണ് കണ്ടത്; മുന്നിൽ തലകുമ്പിട്ടിരുന്നു മുക്തകണ്ടം ഇഡ്ഡലി വിഴുങ്ങുന്നു അശോകന്‍!. സ്ഥലകാലവിഭ്രമം പിടിപെട്ടപോലെ തോന്നി എനിക്ക്!. ഇത് തൃശ്ശൂരോ ഹൈദരബാദോ? ഇന്നലെ കിട്ടിയ അവന്‍റെ കത്തില്‍പോലും ഈ വരവിനെ കുറിച്ചു സൂചിപ്പിച്ചിരുന്നില്ല!.

“അശോകാ!”

ആശ്ചര്യം വിട്ടു മാറാത്ത സ്വരത്തില്‍ ഞാന്‍ വിളിച്ചു. പരിചിതസ്വരം കേട്ടപ്പോള്‍ അവന്‍ തലയുയര്‍ത്തി നോക്കി ഒന്നു പുഞ്ചിരിച്ചു. നാട്ടില്‍ വെച്ചു തരാറുള്ള അളന്നു തൂക്കിയ ഒരു കഴിഞ്ചു പുഞ്ചിരി.

“ങ്ങ്ഹാ നീ വന്ന്വോ? ഇതാങ്ങട് കഴിഞ്ഞിട്ട് റൂമിലിക്ക് വരാന്‍ ഇരിക്ക്യാര്‍ന്നു.”

അത്രയും പറഞ്ഞു ഭാവഭേദമേതുമില്ലാതെ അവന്‍ ഇഡ്ഡലിയിലേക്കു തിരിച്ചുപോയി.

“അല്ല; ഒരക്ഷരം ഈ വരവിനെപ്പറ്റി നീ കത്തില്‍ എഴുതീര്‍ന്നില്ലിലോ അശോകാ ?”

“ഇല്ല്യ. കത്തയച്ചേന് ശേഷാ തോന്നീത്. ഹൈദരബാദിലൊക്കെ ഒന്നു വരണം, സ്ഥലങ്ങളൊക്കെ കാണണംന്ന്. നെനക്കൊരു സര്‍പ്രൈസായിക്കോട്ടേന്നും നിരീച്ചു. പിന്നെ മടിച്ചില്ല്യ. ടിക്കറ്റൊക്കെ മ്മടെ സത്താറ് ബ്ലാക്കിൽ ശര്യാക്കിത്തന്നു. ഒടനെ പോന്നു. അത്രന്നെ.”

“അപ്പോ നീ?”

“അതെ. ഒരാഴ്ച ഇവടേണ്ടാവും. പേടിക്കണ്ട. ബുദ്ധിമുട്ടിക്കില്ല്യ. നെനക്ക് പ്രൊബേഷന്‍ പിരീഡല്ലേ. ലീവെടുക്ക്വൊന്നും വേണ്ട. ഒക്കെ ഞാന്‍ മാനേജ് ചെയ്തോളാം”

എന്താണ് പറയേണ്ടതെന്നറിയാതെ ഞാനിരുന്നു.

“അല്ല; നിയ്യ് വല്ലാണ്ട് ക്ഷീണിച്ചൂലോ ബാലന്ദ്രാ! ദെന്താദ്?”

ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അങ്ങിനെ ഒരാള്‍ പറഞ്ഞു കേള്‍ക്കാന്‍ മോഹിച്ചിരിക്കുകയായിരുന്നു ഞാന്‍. രാജിവെച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ മകന്‍റെ തീരുമാനത്തെ ശരി വെക്കാൻ അച്ഛനും അമ്മക്കും അത്രയും മതി!.

“ശര്യാ, വാർന്നുപോയ പത്തുകിലോ കഴിച്ച് അറുപത്തഞ്ചായി തൂക്കം!”

“എന്താപ്പോ വിശേഷിച്ച്?. ഹൈദരബാദ് നിനക്ക് പിടിച്ചില്ല്യേ ?”

“എങ്കിലിങ്ങനെ വരില്ലിലോ ?”

“എന്താ നിന്‍റെ പ്രശ്നം? ജോലി രാജി വെക്കാനും നാട്ടില്‍ വരാനും വാശിപിടിച്ച് നീ എപ്പോഴും എഴുതുന്നുണ്ടെന്ന് രണ്ടീസം മുമ്പ് കണ്ടപ്പോള്‍ നിന്റമ്മ പറഞ്ഞൂലോ?”

“ വയ്യ അശോകാ!. നാട്ടില്‍ വന്ന് എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചോളാം. എന്നാലും എനിക്കിവിടെ പറ്റില്ല്യ !.”

“നിയ്യെന്താ കളിക്കാന്‍ നിക്ക്വാ!?. ഇക്കാലത്ത് ഒരു സര്‍ക്കാര്‍ ജോലി ഉപേക്ഷിക്ക്യാന്നൊക്കെ വെച്ചാ!”

“അഹമ്മത്യന്ന്യാ. സമ്മതിച്ചു. ന്നാലും ഇങ്ങനെ പുവ്വാന്‍ വയ്യ. നെനക്കെന്നെ നന്നായറിയാലോ? എനിക്ക് വല്ലാത്ത...”

“അറ്യാം. ഗൃഹാതുരത്വം! ഒലക്കേടെ മൂട്! സ്വര്‍ഗത്തേക്കാള്‍ സുന്ദരം സ്വപ്നം വിളയും ഗ്രാമം എന്നൊക്കെ പാടാന്‍ കൊള്ളാം. പക്ഷേ കുട്ടാ, ഇത് ജീവിതാ! പിടിച്ചേനെ വിട്ടിട്ടാ നെന്‍റെ അഭ്യാസം. അതോര്‍ക്കണം!.”

പിന്നെ അശോകന്‍ ഒന്നും പറഞ്ഞില്ല. ഞാനും.

അന്നത്തെ ദിവസം മുഴുവന്‍ ഞാൻ അവനെ നഗരി കാണിച്ചു. ചാര്‍മിനാര്‍, സാലാര്‍ജംഗ് മ്യൂസിയം, സൂ പാര്‍ക്ക്‌. ഉച്ചയായപ്പോള്‍ അശോകന്‍ ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചു.

“ഔ! എന്താ ചൂട്!.”

ദാഹമകറ്റാന്‍ ചാര്‍മിനാറില്‍ വെച്ച് ഒരു ബിയർ മഗ് കരിമ്പുനീര് ഒറ്റ വീര്‍പ്പിനു കുടിച്ചുതീര്‍ത്തു. ചുണ്ടിലെ പത വടിച്ചു കളയുമ്പോൾ കോമ്പ്ലിമെന്റ് പാസ്സാക്കി:

“ഹയ്! ഒശത്തി സാധനം!.” പുറകെ രണ്ടെണ്ണം കൂടി ചെലുത്തി.

രാത്രി ചൂടു വമിക്കുന്ന കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് അശോകന്‍ പിറുപിറുത്തു:

“ ഹൌ! എന്തൊരുഷ്ണാ ഉഷ്ണം!”

പിറ്റേ ദിവസം ഞാന്‍ ഓഫീസിൽ പോയി. വൈകീട്ട് മുറിയില്‍ വന്നപ്പോള്‍ ഷെഡ്ഢി മാത്രമിട്ടുകൊണ്ട് വെറും നിലത്ത് അശോകൻ മലർന്നു കിടക്കുന്നു!. എന്നെ കണ്ടപ്പോൾ എണീറ്റിരുന്നു മംഗളൂര്‍ ഗണേഷ് ബീടിക്കെട്ടില്‍നിന്നും ഒന്നെടുത്തു കൊളുത്തിക്കൊണ്ട് അവൻ പറഞ്ഞു :

“നെലത്തിനു പോലും തണുപ്പില്ല്യ !”

“നീ ഇന്ന് എവട്യൊക്കെ പോയി?” ഞാൻ ചോദിച്ചു .

“രാവിലെ ഹുസൈന്‍ സാഗറില്‍ പോയി. അത്രന്നെ. വേഗം മടങ്ങി. ഭയങ്കര വെയിലും ചൂടും! ”

അര്‍ദ്ധരാത്രി എന്തോ ശബ്ദം കേട്ടുണര്‍ന്നു നോക്കിയപ്പോള്‍ ഞാന്‍ അന്തംവിട്ടുപോയി! ഒരു പ്ലാസ്റ്റിക്ക് മഗ്ഗില്‍ വെള്ളമെടുത്തുകൊണ്ട് അശോകൻ കിടക്കയില്‍ കുളുകുളാ തളിക്കുകയാണ്!.

“ദെന്താടാദ്?”

“ഉഷ്ണമകറ്റാന്‍ ഇങ്ങിനേയും ചില വഴികളുണ്ട്!”

നാലാം ദിവസം ഗോല്‍ക്കൊണ്ട ഫോർട്ട്‌, ഉസ്മാന്‍ സാഗര്‍ എന്നിവിടങ്ങളിലേക്ക് യാത്ര പ്ലാന്‍ ചെയ്തതായിരുന്നു. ശരിക്കും നടന്നു കണ്ടിരുന്നെങ്കില്‍ രാത്രി ഒമ്പതിനു തിരിച്ചെത്തേണ്ടയാൾ പക്ഷേ വൈകിട്ട് നാലു മണിക്കു തിരിച്ചെത്തിയത്രേ!.

“ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌ കണ്ടു. വെയിലുകൊണ്ടു ദേഹം പൊള്ളി നീറിയപ്പോള്‍ ഉസ്മാന്‍ സാഗര്‍ വേണ്ടാന്ന് വെച്ചു.”

രാത്രി കിടക്കുന്നതിനു മുന്‍പ് കുളിമുറിയില്‍ പോയി ഷവറിനുകീഴില്‍ കുറേനേരം നിന്നു. തല തുവര്‍ത്തി കിടക്കയില്‍ വന്നിരുന്ന് എന്തോ ആലോചിച്ചതിനു ശേഷം അശോകന്‍ പറഞ്ഞു:

“ബാലന്ദ്രാ, ഞാന്‍ നാളെ പോണു. നാട്ടില്‍ ചെന്നിട്ടത്യാവശ്യമുണ്ട്.”

“അയ്‌! ഇതെന്താപ്പോ പെട്ടെന്നൊരത്യാവശ്യം!?"

ഞാന്‍ ആശ്ചര്യം മറച്ചു വെച്ചില്ല!.

“അതൊക്കേണ്ട്!. തല്ക്കാലം ഈ സന്ദർശനം ഇവിടെ വെച്ചു നിര്‍ത്തുന്നു. പറ്റുമെങ്കില്‍ ഡിസംബറില്‍ വരാം. അപ്പോള്‍ വിന്‍ററാണല്ലോ?”

എനിക്കു കാര്യം മനസ്സിലായി!.

ഐക്യദാർഡ്യം പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ചോദിച്ചു:

“എന്തേ നിനക്കും ഹൈദരബാദ് പിടിച്ചില്ല്യാ ല്ലേ ?”

അലക്ഷ്യമായ ഒരു പുഞ്ചിരിയോടെ അവന്‍ കിടക്കയിലേക്ക് ചെരിഞ്ഞു.

പിറ്റേ ദിവസം കാച്ചിഗുഡ സ്റ്റേഷനില്‍ നാട്ടിലേക്കുള്ള വണ്ടി പുറപ്പെടാന്‍ കാത്തു നില്‍ക്കുമ്പോള്‍  അശോകന്‍ ഔപചാരികം ചോദിച്ചു:

“ നെനക്ക് വീട്ടില് വല്ലതും പറയാണ്ടോ?”

“ഒക്കെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതല്ലേ ? വേറെന്തു പറയാന്‍?”

തെല്ലിട ആലോചിച്ച ശേഷം അശോകന്‍ പറഞ്ഞു:

“ബാലന്ദ്രാ. ഇനീം ഞാനത് മറച്ചു വെക്കണില്ല്യ. നിത്യേനയുള്ള നിന്‍റെ പരിദേവനങ്ങള്‍ കേട്ട് ഇരിക്കപ്പൊറുതി ഇല്ല്യാണ്ടായീപ്പോ അച്ഛന്‍ പോലുമറിയാതെ നിന്റമ്മ പറഞ്ഞയച്ചിട്ടാണ് ഞാനിവിടെ വന്നത്. സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കാന്‍!. ഒരു തരം ചാരപ്പണി തന്നെ!. ആയതിന്‍റെ ചെലവിലേക്ക് നൂറു രൂപയും എടുത്തു തര്വേണ്ടായി നിന്റമ്മ. ഞാന്‍ വാങ്ങീല്ല്യ.”

ഞാന്‍ വിങ്ങിപ്പൊട്ടി നിന്നു.

“എന്തായാലും അമ്മക്ക് കൊടുക്കാൻ ഞാനൊരു റിപ്പോര്‍ട്ട് തയ്യാറാക്കീണ്ട്!.”

ഒരു മൊണാലിസ സ്മിതത്തോടെ അശോകന്‍ എന്നെ നോക്കി.

“എന്നിട്ട്....എന്നിട്ടെന്താ നിന്‍റെ റിപ്പോര്‍ട്ടിന്‍റെ സ്വഭാവം? എന്താ നീ പറയാന്‍ പോണത്?" എനിക്ക് ഉദ്വേഗം അടക്കാനായില്ല.

“കമ്മിഷന്‍ റിപ്പോര്‍ട്ട്‌ മേശപ്പുറത്തു വെക്കുന്നതിനു മുന്‍പ് ഉള്ളടക്കം വെളിപ്പെടുത്തുന്നത് ശരിയല്ല! . പിന്നെ, ദിനംപ്രതി ശോഷിക്കുന്ന നിന്‍റെ ശരീരത്തെപ്രതി ഉല്‍ക്കണ്ഠയുള്ളതുകൊണ്ടു മാത്രം പറയാം!.”

“പറയ്‌! അനുകൂലമോ പ്രതികൂലമോ? ഒന്ന് പറഞ്ഞു തുലയ്ക്ക് അശോകാ നിയ്യ്‌!”

എന്‍റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു!

"നിന്‍റെ വകതിരിവില്ല്യാത്ത ഗൃഹാതുരത്വത്തിനു പിഴയിട്ട ഇരുപത്തഞ്ചു കിഴിച്ചാൽ റിപ്പോർട്ട്‌ എഴുപത്തഞ്ചു ശതമാനവും നിനക്കനുകൂലമാണ്!."

വണ്ടി സെക്കന്തരബാദ് ലക്ഷ്യമിട്ടു നീങ്ങി......

നാട്ടിലേക്കു മടങ്ങി വലിയ താമസമില്ലാതെ കിട്ടിയ ബാങ്ക് ജോലിയുടെ ആദ്യശമ്പളത്തിന്‍റെ നാളുകളിലൊന്നില്‍ ഓഫീസ് വിലാസത്തില്‍ എനിക്കൊരു ഇന്‍ലന്‍റ് കിട്ടി. നാലു മാസം മുന്‍പ് ‘താങ്കള്‍ക്കു വേണ്ടി’ നടത്തിയ ഹൈദരബാദ് യാത്രയുടെ വണ്ടിക്കൂലി, ഭക്ഷണം, മറ്റടിയന്തിരങ്ങൾ, പുതിയ ജോലി കിട്ടിയതിന്‍റെ സന്തോഷത്തിലേക്കുള്ള ഏകദേശച്ചെലവ്, ഇത്യാദികള്‍ അക്കമിട്ടു കണക്കുകൂട്ടി ആകെത്തുക കാണിച്ച ഒരു സ്റ്റേറ്റ്മെന്റ് !

പോസ്റ്റ്‌ സ്ക്രിപ്റ്റായി ബാങ്ക് ഭാഷയിൽ ഇങ്ങിനെയും... Bill amount not negotiable !.
----------------------


2015 ഏപ്രിൽ 29 .

ഇന്ന് തൃശ്ശൂർ പൂരം.

ഇന്നേക്ക് ഒരു വർഷം തികയുന്നു....

ആരെയും അതിശയിപ്പിക്കുവാന്‍ ഇപ്പോൾ അശോകനില്ല. കഴിഞ്ഞ വർഷത്തെ പൂരം നാളില്‍ അവൻ മടക്കവണ്ടി കയറി. തർക്കവും വ്യാകരണവുമില്ലാത്ത നിരതിശയമായ ലോകത്തേക്ക്....




ഓര്‍ക്കും സുഹൃത്തേ എന്നെന്നും...!