2022, ജൂൺ 20, തിങ്കളാഴ്‌ച

ഇടഞ്ഞ കൊമ്പന്മാരെ മയക്കുവെടി വെച്ച് ശാന്തകുമാരന്മാരാക്കുന്ന

ഒരു മന്ത്രസിദ്ധി നാലുംകൂട്ടിയ മുറുക്കാനുണ്ടെന്നാണ് ഈയുള്ളവന്റെ അനുഭവം.

പറയാം.
അര നൂറ്റാണ്ട് പഴക്കമുണ്ട്‌. അന്ന് വയസ്സ് പതിമൂന്ന് . എട്ടില് പഠിക്കുന്നു
ഒരു ഞായറാഴ്ച.
രാവിലെ മുതല് അമ്പലപ്പറമ്പില് പന്തുരുട്ടിയ അര്മാദങ്ങള്ക്കു സുല്ല് പറഞ്ഞ് വിശന്നു പൊരിഞ്ഞ വയറുമായി ഉച്ചയൂണിനു വീട്ടിലേക്കു മടങ്ങുമ്പോള് പിന്നില് ആരോ ഓടിയെത്തുന്ന കാലൊച്ച കേട്ട് തിരിഞ്ഞു നോക്കി. ചേട്ടനാണ്. ഒരു കള്ളച്ചിരിയോടെ ആശാന് എന്റെ പിന്നില് വന്നു കിതച്ചു നിന്നു. വായനശാലയില് നോവല് ചെറുകഥ, കവിത, നാടകാദി വിഭാഗങ്ങള് ഇടകലര്ന്നു താറുമാറായ പുസ്തകശേഖരം വീണ്ടും നമ്പര്പ്രകാരം അടുക്കി വെക്കുന്ന വാര്ഷിക യജ്ഞത്തിനിടയില് ലഞ്ചിന് ബ്രേക്കിട്ട് വരവാണ്. കിതപ്പണഞ്ഞപ്പോള് എന്റെ തോളില് പിടിച്ചു തള്ളികൊണ്ട് അദ്ദേഹം പറഞ്ഞു
"നടക്ക്‌ !
പിന്നിലേക്ക്‌ മാറാൻ നോക്കിയ എന്നെ പിടിച്ചു മുന്നിലേക്ക്‌ തന്നെ പിടിച്ചു തള്ളി അഞ്ചു വയസ്സിനു മൂപ്പിന്റെ അധികാരഗര്വ്വോടെ അഗ്രജന് ആജ്ഞാപിച്ചു
"വല്ല്യേ ബഹുമാനൊന്നും കാണിക്കണ്ട. മുമ്പ് നടക്ക് !"
എന്തോ പന്തികേടുണ്ട് എന്നല്ലാതെ ആഹ്വാനത്തിൽനിന്നും അസാധാരണമായൊന്നും വായിച്ചെടുക്കാനായില്ലെങ്കിലും അനുസരണയുള്ള ലക്ഷ്മണന്കുട്ടിയായി ഞാന് മുന്നില് തന്നെ നടന്നു.
ഗേറ്റ് തുറന്നു മുറ്റത്തേക്ക്‌ കാലെടുത്തു വെച്ചപ്പോഴാണ് മൂപ്പിളമയെ മറികടന്ന് അനിയനെ മുന്നില് നടത്തിക്കാന് ചേട്ടന് കാണിച്ച ഉദാരമനസ്കതയുടെ കാണാച്ചരട് പിടി കിട്ടിയത്.
അച്ഛന് ഇറയത്ത്‌ തിണ്ണയിലിരിക്കുന്നു!. ഇടതു കാലില് വലതു കാല് കയറ്റി വെച്ച്‌ കാല് മുട്ടില് മലര്ത്തി വെച്ച ഇടത്തെ ഉള്ളം കയ്യില് വലംകൈപത്തി മുന്നോട്ടും പിന്നോട്ടും തിരുമ്പിയിരുന്നുകൊണ്ട് താമ്പൂലചര്വ്വണം നടത്തുന്ന നിലയിലാണ് പ്രതിഷ്ഠ. ക്ഷിപ്രകോപി!. അമ്പലപ്പറമ്പെന്നു കേട്ടാല് ഉറഞ്ഞുതുള്ളും. വായനശാലയെന്നു കേട്ടാലോ തിളയ്ക്കും ചോര ഞരമ്പുകളില്. കഴിഞ്ഞ വര്ഷം വായനശാല വാര്ഷികത്തിന്റെ നാടക റിഹേഴ്സല് കഴിഞ്ഞു പാതിരക്ക് കള്ളനെപ്പോലെ പതുങ്ങി വീട്ടില് കയറി വന്ന ചേട്ടനെ ശബ്ദമുണ്ടാക്കാതെ വാതില് തുറന്ന് അമ്മ അകത്തു കയറ്റിയപ്പോള് കയ്യോടെ പിടികൂടി പുറത്താക്കി വാതിലടക്കുകയും സംഭവം ആവര്ത്തിച്ചാല് വാതില് തുറന്നു കൊടുത്തവരും പുറത്ത് എന്ന് തട്ടമിട്ട ഭീഷണിയിറക്കി അമ്മയെ വിരട്ടുകയും ചെയ്ത സഹൃദയനാണ് പിതാജി.
പടി തുറക്കുന്ന ശബ്ദം കേട്ട് അച്ഛന് ഞങ്ങളെ നോക്കി. കുറച്ചു മുമ്പായിരിക്കണം തൊട്ടടുത്തുള്ള കവലയിലെ ബാര്ബര് ഷാപ്പില് പോയി വടിച്ചു മിനുക്കി രൂക്ഷമാക്കിയ അച്ഛന്റെ മുഖം എന്നില് ഉള്ക്കിടിലമുണ്ടാക്കി. ധൈര്യത്തിനു വേണ്ടി ഞാന് പിന്നിലേക്കു തിരിഞ്ഞു നോക്കിയപ്പോള് കണ്ടത് മുറ്റത്ത് ഉണക്കാന് ഇട്ടിരുന്ന മാവിന് വിറകു കളിലേക്ക് മരണത്തെ മുഖാമുഖം കണ്ടവനെപോലെ തുറിച്ചു നോക്കി നില്ക്കുന്ന ചേട്ടനെയാണ്. കുറ്റം പറയാന് പറ്റില്ല. കലിയിളകിയാല് മേല് കീഴ് നോക്കാതെ കയ്യില് കിട്ടിയതെടുത്ത് വീക്കുന്ന ദീര്ഘകായം മഹാവീര്യമാണ് മുന്നില് നിവര്ന്നിരിക്കുന്നത്. നേരത്തെ ഇതറിഞ്ഞിരുന്നെങ്കില് അയലത്തെ പറമ്പിന്റെ വേലിചാടി പിന്വാതിലിലൂടെ കുശിനിയില് പ്രവേശിക്കാമായിരുന്നു. അപകടത്തെ പറ്റി ഒരു സൂചനയെങ്കിലും തരാതെ മുന്നില് പിടിച്ചു നിര്ത്തി തീവണ്ടി കളിച്ച് പുലിമടയിലേക്ക് നടന്നു കയറിയ ചേട്ടന്റെ പോഴത്തത്തെ ഞാന് മനസാ ശപിച്ചു. ഇനിയിപ്പോള് പറഞ്ഞിട്ട് കാര്യമില്ല.
വായില് കൊഴുത്തു നിറഞ്ഞ മുറുക്കാന് ചാറ് മുറ്റത്തേക്ക്‌ പാറ്റി തുപ്പിയ തക്കം നോക്കി എന്തും വരട്ടെ എന്ന് നിശ്ചയിച്ചു വടക്കേപ്പുറം മാര്ഗവും അടുക്കള ലക്ഷ്യവുമാക്കി നീങ്ങുമ്പോള് ഘനഗംഭീരമായ സ്വരം പിന്നില് കേട്ടു :
"ഏമാന്മാര് അവടെ നിക്ക്വാ!"
ആജ്ഞയെ പിന്തുടര്ന്നുണ്ടായ കനത്ത നിശ്ശബ്ദതയില് എനിക്കു പിന്നില് ചേട്ടന്റെ കാല്മുട്ടുകള് കൂട്ടിയിടിക്കുന്ന ശബ്ദം ഞാന് വ്യക്തമായി കേട്ടു. അകായിലെ വാതില് മറവില്നിന്ന് കാര്യങ്ങള് ഉദ്വേഗപൂര്വം വീക്ഷിച്ചുകൊണ്ടിരുന്ന ബീയെഡിനു പഠിക്കുന്ന ചേച്ചി അക്കാര്യം പിന്നീടൊരവസരത്തില് മറ്റു കൂടപ്പിറപ്പുകള് പങ്കെടുത്ത സദസ്സില്വെച്ച് ചേട്ടന്റെ ശക്തമായ പ്രതിഷേധങ്ങളെ വകവെക്കാതെ വെളിപ്പെടുത്തുകയുണ്ടായി.
"ചന്ദ്രന് പക്ഷെ കൂസലൊന്നും ണ്ടായില്ല്യ ട്ടോ "
എന്നൊരു വാഴ്ത്തുമൊഴി കൂട്ടത്തില് എനിക്ക് സമ്മാനിക്കാനും ചേച്ചി മറന്നില്ല.
വിധിയെ നേരിടാന് തന്നെ ഉറച്ചുകൊണ്ട് ഭയം നിറഞ്ഞ ഗൌരവത്തോടെ ഞാന് അച്ഛന്റെ ഉഗ്രമുഖത്തേക്ക് നോക്കി നിന്നു.
"രണ്ടു യജമാനന്മാരും എവിടെനിന്ന് വരുന്നു?"
അംഗീകരിച്ചു കൊടുക്കാന് നിവൃത്തിയില്ലാത്ത ഒരു തരം അച്ചടിഭാഷയിലുള്ള ചോദ്യം കേട്ട് മിഴിച്ചു നിന്നപ്പോള് 'പറയ് പറയ് ' എന്ന് തര്ജ്ജമ ചെയ്യാവുന്ന വിധം പിന്നില്നിന്നു ചന്തിയില് രണ്ടു തോണ്ട് കിട്ടി.
"കേട്ടില്ല്യാന്ന്ണ്ടോ ! എവട്യാര്ന്നു ഇത്‌ വരെ?"
അച്ഛന് വീണ്ടും ഗ്രാമ്യത്തില് പ്രവേശിച്ചു.
തൊണ്ടിമുതല് പോലീസിനു കാണിച്ചു കൊടുക്കുന്ന കള്ളന്റെ അത്മവ്യഥയോടെ ഞാന് പറഞ്ഞു:
"അമ്പലപ്പറമ്പില് "
"വിശേഷം?"
"പന്ത് കളിക്ക്യായിരുന്നു"
"വല്ല്യേ എമാനനോ ?"
ഞാന് ചേട്ടനെ നോക്കി. വിറയ്ക്കുന്ന മുട്ടിനെ നിലയ്ക്ക് നിര്ത്താനുള്ള വിഫലശ്രമത്തിലാണ് അദ്ദേഹം.
"വായനശാലേല് പുസ്തകം ശര്യാക്ക്വായിരുന്നു"
ശബ്ദം നഷ്ട്ടപ്പെട്ടവന് ശബ്ദം നല്കാന് ഞാന് സന്നദ്ധനായി.
"ന്താ? വായനശാലക്കാരന് വായേല് നാവില്ല്യേ ?"
" ഉവ്വ് "
ചേട്ടന്റെ നിസ്സഹായാവസ്ഥയില് അവിടെയും ഞാന് തന്നെ സത്യവാങ്ങ്മൂലം സമര്പ്പിച്ചു.
ഇളയതിന്റെ വിപദിധൈര്യത്തിനും പ്രത്യുല്പ്പന്നമതിത്വത്തിനും മേല് അന്തിച്ച ഒരു നോട്ടമെറിഞ്ഞ്‌ അച്ഛന് വീണ്ടും ചോദിച്ചു
"എപ്പെറങ്ങീതാ വീട്ടീന്ന് ?
"രാവിലെ"
"ഇപ്പൊ നേരെത്ര്യായീ?"
"ഒരു മണി കഴിഞ്ഞു"
"ഇപ്പൊ വന്നേക്കണത് എന്തിനാണാവോ ?"
"ഊണ് കഴിക്കാന്"
ഡയലോഗിന്റെ രസനീയതയില് അച്ഛനും കമ്പം കയറിയ മട്ടുണ്ട് !
"അപ്പൊ വായനശാലേലും അമ്പലപ്പറമ്പിലും അതിനുള്ള ഏര്പ്പാടൊന്നും ഇല്ല്യേ?"
സിലബസ്സിലും ചോദ്യബാങ്കിലുമില്ലാത്ത യുക്തിക്ക് നിരക്കാത്ത ചോദ്യം. അച്ഛനിതെന്തിന്റെ പുറപ്പാടാണ് ? നിശിതമായ ചോദ്യം ചെയ്യലൊന്നും കൂടാതെ ഡയറക്റ്റ്‌ ആക്ഷനാണല്ലോ പതിവ് എന്ന ചിന്തയുമായി ഒരു നിമിഷം പരുങ്ങിനിന്ന ശേഷം അടുത്ത ചോദ്യത്തിന് വെമ്പി നില്ക്കുന്ന അച്ഛന്റെ മുഖത്ത് നോക്കി ഉറച്ച ശബ്ദത്തില് ഞാന് പറഞ്ഞു:
"ഇല്ല്യ"
ചര്വിത ചര്വണം പെട്ടെന്ന് നിര്ത്തി തുറിച്ചുനോക്കി നില്ക്കുന്ന അച്ഛന് വാക്കാല് നിരായുധനായിക്കഴിഞ്ഞെന്നും ഇനി ഏതു നിമിഷവും കര്മ്മനിരതനായേക്കാമെന്നും കണക്കു കൂട്ടി അനിവാര്യമായ ദുരന്തം ഏറ്റു വാങ്ങുവാന് മെയ്യും മനവും സജ്ജമാക്കി നില്ക്കവേ അടുക്കളയില്നിന്നും അമ്മയുടെ അശരീരി കേട്ടു :
"അതേയ്, മതി വിസ്തരിച്ചത്. ആ നട്ടപ്ര വെയിലത്ത് നിക്കാണ്ട് രണ്ടാളും കയ്യും കാലും കഴുകി വന്നു ഊണ് കഴിക്ക്വോ."
കിണറ്റുകരയില് വെള്ളം കോരി കാലും മുഖവും കഴുകുമ്പോള് ഞാന് കണ്ടു. ചേട്ടന്റെ മുഖം ചൊകചൊകാന്ന് ഇരിക്കുന്നു! വിപല്സന്ധിയില് പെട്ടതിന്റെ വിഹ്വലതയേക്കാള് വായനശാലയിലായിരുന്നു എന്ന് ഞാന് വെളിപ്പെടുത്തിയതിലുള്ള ഈര്ഷ്യയുടെ ചെമ്പരത്തിപ്പൂക്കള്!
കാളുന്ന വിശപ്പിലും അമര്ത്തിപ്പിടിച്ച ഭീതിയിലും വരണ്ടുണങ്ങിയ തൊണ്ടയിലൂടെ വാരി വിഴുങ്ങിയ ചോറ് നെഞ്ചില് കുടുങ്ങി എക്കിട്ടം വന്നത് അമ്മ ശാസിച്ചു തന്ന വെള്ളം മടമടാന്ന് കുടിച്ചു ശമിപ്പിച്ചു. ഊണ് കഴിഞ്ഞു വായ കഴുകുമ്പോഴും അച്ഛന്റെ അത്ഭുതകരമായ ഭാവമാറ്റത്തെക്കുറിച്ചുള്ള ചിന്ത എന്നെ വിട്ടു മാറിയിരുന്നില്ല. പതിവുപോലെ എന്തേ അച്ഛന് ശാര്ദ്ദൂലവിക്രീഡിതം ആടാഞ്ഞത്?
അതിനുത്തരം അമ്മയുടെ ഭാരതവാക്യത്തിലുണ്ടായിരുന്നു.
"ഇനിന്ന് രണ്ടാളും പൊറത്തെക്കെറങ്ങണ്ടാ ട്ടാ. കൊല്ലും!. എപ്പഴാ വിധം പകര്വാന്നറീല്ല്യ. ഊണും കഴിഞ്ഞു മുറുക്കി ഇരിക്കണ സമയത്ത് വന്നോണ്ട് രണ്ടെണ്ണത്തിന്റേം പൊറം പൊളിഞ്ഞില്ല്യ! ."
അതൊരു പുതിയ അറിവായിരുന്നു. രത്നാകരനെ വാല്മീകിയാക്കി പരിവര്ത്തിച്ചെടുത്തത് വെറ്റിലയും അടക്കയും പുകയിലയും ചുണ്ണാമ്പും ചേര്ന്ന കൂട്ടുമുന്നണിയായിരുന്നു എന്ന നാട്ടറിവ്. മുറുക്കാന്റെ അപാരസിദ്ധിയെക്കുറിച്ചു വിസ്മയം കൊണ്ടും അതിന്റെ ഉപയോഗിത ഭാവിയില് എങ്ങിനെ സ്വധര്മത്തില് പ്രയോജനപ്പെടുത്താം എന്നും പടിഞ്ഞാറെ ഇറയത്തെ വിചാരമഞ്ചത്തില് കിടന്നു ചിന്തിച്ചുകൊണ്ടിരുന്നതിനിടയില് അടുക്കളപ്പണി കഴിഞ്ഞ് ജഗന്നാഥന് മുണ്ടില് കൈ തുടച്ച് 'ഒന്ന് നടു നീര്ത്താന്' അകായിലേക്ക് പോകുന്ന അമ്മയോട് അഭ്യര്ത്ഥിച്ചു:
"നാല് മണിക്ക് മേച്ച്ണ്ട് . കോളണി ടീമ്വായിട്ട്. ഞാനാ ഗോളി . യ്ക്ക് പുവ്വാണ്ട് പറ്റില്ല്യ. ആ നേരത്ത് അമ്മ അച്ഛനിത്തിരി മുറുക്കാന് കൊടുക്ക്വോ?"
"ഫ! അസത്തെ! ഉണ്ടൊടനെ മലര്ന്നു കെടന്ന് കൂർക്കം വലിക്കാണ്ട് പോയിര്ന്ന് പഠിക്കട !. കെടക്കേന്നെണീറ്റാ അമ്പലപ്പറമ്പ്! . മൂന്ന് നേരം തിന്നാനും രാത്രി കെടക്കാനും മാത്രം വീട് എന്നല്ലാണ്ട് പുസ്തകം കയ്യോണ്ട്‌ തൊടണ ശീലല്ല്യ രണ്ടെണ്ണത്തിനും!. വരട്ടെ ഒക്കൊരീസം പറഞ്ഞു കൊടുക്ക്ണ്ട് അച്ഛനോട് !"
ഒരിക്കലും പറഞ്ഞു കൊടുക്കില്ലാത്ത 'ആ ഒരീസത്തെ ഒക്കെയില്' പെടുത്തി നാല് മണിക്ക് മുന്പ് അച്ഛന് മുന്നിലേക്ക്‌ അമ്മ ചെല്ലം നീക്കിവെക്കും എന്ന അതിമോഹവുമായി ഞാന് ഇറയത്തു തന്നെ കിടന്നുറങ്ങി. വിളക്കുംകാലിന്റെ ഗോള് പോസ്റ്റിലേക്ക് കോളണി കളിക്കാര് ഉതിര്ക്കുന്ന ഉശിരന് അടികള് പുഷ്പം പുഷ്പം പോലെ പിടിച്ചെടുക്കുന്ന സുന്ദര സ്വപ്നത്തിൽനിന്നുണർന്നത് ആരോ ചുമലില് തട്ടി വിളിച്ചപ്പോഴാണ്. നോക്കിയപ്പോള് മുന്നില് അമ്മ.
"അടുക്കളേല് പാത്യേമ്പൊറത്ത് ചായേണ്ടാക്കി വെച്ച്ണ്ട്. പോത്തുപോലെ കെടന്നൊറങ്ങാണ്ട് എണീറ്റ് പോയി കുടിക്കടാ."
പിന്നെ ഒരു രഹസ്യമെന്നോണം സ്വരം താഴ്ത്തിക്കൊണ്ട് അമ്മ കൂട്ടിച്ചേര്ത്തു:
"മണി നാലായി. കളിക്കാന് പോണില്ല്യേ ? ദേ, അച്ഛന് മുറുക്കിത്തൊടങ്ങി!."

                                       *****************