2014, നവംബർ 22, ശനിയാഴ്‌ച

ചാവേറ്

ചാവേറ്




എഴുപതുകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചിരുന്ന ശബ്ദം 'സീ വിദ്യാധരന്‍  മഞ്ജുളാ ബേക്കറി ആലപ്പുഴ' എന്നായിരുന്നെങ്കില്‍ കണ്ടിരുന്ന കാഴ്ച  പക്ഷെ  'മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്‍' ട്യൂട്ടോറിയലിന്‍റെ പത്രപരസ്യങ്ങളായിരുന്നു. തോറ്റവരുടേയും റെഗുലര്‍ കോളേജുകളില്‍ സീറ്റു കിട്ടാത്തവരുടേയും അത്താണി. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി സയന്‍സ് ലാബും ഹോസ്റ്റലും എല്ലാം ഉണ്ടായിരുന്ന സമാന്തര കോളേജ്. 

'നിങ്ങളുടെ പൂജ്യം നൂറിലേക്ക് ഉയര്‍ത്തുക' എന്നതായിരുന്നു ഇവരുടെ പരസ്യവാചകം. വെറും പറച്ചിലില്‍ ഒതുക്കാതെ ആശ്രിതരെ നൂറില്‍ നൂറ് കണിശമായി വിജയിപ്പിച്ചെടുത്തിരുന്ന മാന്ത്രികസിദ്ധി സ്ഥാപനത്തെ വളരെയേറെ ജനപ്രിയമാക്കിയിരുന്നു . 'പണച്ചിലവേറിയാലെന്താ റെഗുലര്‍ കോളേജുകളെക്കാള്‍ കേമം' എന്ന് അനുഭവസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരുന്ന മേനോന്‍ & കൃഷ്ണനില്‍ പഠിക്കുന്നത് ഒരന്തസ്സായി കണക്കാക്കിയിരുന്നു അന്നത്തെ വിദ്യാര്‍ഥിസമൂഹം.

ഈ പശ്ചാത്തലത്തില്‍ നമ്മുടെ കഥാനായകനെ പ്രതിഷ്‌ഠിക്കാം.

ഈനാശു!.

പൂത്ത പണമുള്ള കുന്നംകുളം നസ്രാണിത്തറവാട്ടിലെ വിളഞ്ഞ വിത്ത്‌. കേരളവര്‍മയില്‍ പ്രീഡിഗ്രിക്ക് ഞങ്ങളുടെ സഹപാഠി. പത്താംക്ലാസ് മൂന്നു വട്ടം എഴുതിത്തെളിഞ്ഞ അനുഭവസമ്പത്ത്.

സ്വന്തം പ്രവചനത്തെ സത്യം സത്യമാക്കിക്കൊണ്ട് ഈനാശു പ്രീഡിഗ്രി വൃത്തിയായി പൊട്ടി. സത്യം പറയണമല്ലോ; ഞങ്ങളും! പടിഞ്ഞാറെ ചിറക്കക്കരികിലെ എംകെ മേനോന്‍മാഷുടെ നെടുംപുരയില്‍ പോത്ത്, വടുകന്‍, മരോട്ടിത്തലയന്‍, വിളികളും ചെവിതിരുമ്പലും ഇറയത്തെ ചായ്പ്പിലെ ഇമ്പോസിഷനും മറ്റും സഹിച്ചും യഥാകാലം തലയില്‍ മുണ്ടിട്ടു ട്രഷറിയില്‍ ചലാനടച്ചും സെപ്തംബര്‍ മാര്‍ച്ച് പരീക്ഷാക്കയങ്ങള്‍ നീന്തി ഞങ്ങളൊക്കെ ഒരുവിധം കരക്കണഞ്ഞു. വീണ്ടും കേരളവര്‍മ്മയില്‍. 

ഈനാശുവിനെപ്പറ്റി പക്ഷേ ഒന്നുമറിഞ്ഞില്ല. 

ക്യാംപസ് പ്രവേശനകവാടത്തിനരികില്‍ പേരറിയാത്തൊരു വിഗ്രഹം കുടിയിരുന്ന ആല്‍ത്തറയില്‍ ഉച്ചഭക്ഷണപ്പുറമെ കരിമരുന്നു പ്രയോഗിച്ചുകൊണ്ടിരുന്ന ഒരു മധ്യാഹ്നത്തില്‍ ഞങ്ങള്‍ ഒന്നാംവര്‍ഷ ഡിഗ്രിക്കാര്‍ക്കിടയിലേക്ക് തുറന്നു പിടിച്ച ഇരുപതിന്‍റെ വില്‍സ് പാക്കറ്റുമായി ഫ്ലയിംഗ് കളേഴ്സില്‍ ഈനാശു കടന്നുവന്നു. ആല്‍ത്തറക്കൂട്ടത്തെ ഒന്നൊഴിയാതെ പുറത്തടിച്ചും ചന്തിയില്‍ നുള്ളിയും കുശലമിട്ടു സ്നേഹം പുതുക്കിയശേഷം 'കുന്നോള'ക്കാരന്‍  കോളേജ് പടിക്കലെ ശാസ്താ ഹോട്ടലിലേക്ക് തേയിലസല്‍ക്കാരത്തിനായി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ചാണറിഞ്ഞത്; ഈനാശു കഴിഞ്ഞ സെപ്തംബറിലും മാര്‍ച്ചിലും സപ്ളി എഴുതിയിട്ടില്ല. 

"വേണ്ടാന്നു തോന്നി അതന്നെ. കൂടുതല്‍ ചോദിക്കണ്ട! " എന്നു മുന്നറിയിപ്പ്!. 

"എന്നിട്ടിപ്പെന്താ നീയ്യ്‌ ചെയ്യണേ?" ഞങ്ങള്‍ ആകാംക്ഷാകുലരായി.

" ഇക്കൊല്ലം സെപ്തംബര്‍ന് പണടച്ചു."

"ഓഹോ! വൈകീച്ചാലും നന്നായി!.  നിയ്യ്‌ ട്യൂഷന് പോണ്ടാ?"

"ണ്ട്."

"എവടെ?."

കത്തിച്ച വില്‍സ് നീട്ടിവലിച്ചു ഹോട്ടലിന്‍റെ മോന്തായത്തിലേക്കു  പുകവലയങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് ഈനാശു നാടകീയമായി പറഞ്ഞു:

"മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്‍ കോഴിക്കോട്! ടണ്‍ണേo!."

"അമ്പട! അപ്പോ നിയ്യ്‌ അടുത്തൊല്ലം കേരളവര്‍മേല്ണ്ടാവും ല്ലേ! മ്മടെ ജൂനിയറായിട്ട്!" 

"ആര് ഞാനാ? പോയേര പിള്ളേരേങ്ങള്!" ഈനാശു ചിറി കോട്ടി.

"അയ്‌! അപ്പോ ഇല്ല്യേ? അതെന്താണ്ട്രാദ്! പിന്നെന്തിനാ നീയ്യിങ്ങനെ   മെനക്കെടണ്‌!. "

"മെനക്കടാ? ആര് മെനക്കേടണു?  ഒരു മെനക്കെടലൂല്ല്യ! ത്തിരി ചിൽഡ്ര   പോയാലും വേണ്ടില്ല്യ അവമ്മാര്‍ക്കിട്ട് ഒരു താങ്ങ് താങ്ങാനാ!"

"താങ്ങാ?. ദാര്‍ക്ക്?" ഞങ്ങള്‍ കോറസ്സിട്ടു.

"മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്! അവന്മാരടെ നൂറില് നൂറ് ഇക്കൊന്നു കാണ്‍ണം!"


*****************













2014, നവംബർ 9, ഞായറാഴ്‌ച

നാള്‍വഴി


 നാള്‍വഴി 

- ഡാ ശവി, ലേശം മതീട്ടാ!  ആദ്യായിട്ടാ!  മതി മതി നിർത്ത് !  അവളാരറിഞ്ഞാ പെശകാ; പണ്ടാറം!!"

- ഭായ്, ഒരു ഡബിള്‍ ലാർജൂടി....

- അതേയ് ഇത് ശര്യാവില്ല്യ. സംഗതി ശീലായാലേയ് പെശകാ!.


- എന്തൂട്ട്! ഒരുഷാറില്ല്യടപ്പ. നീയ് വന്നേ. ഓരോന്ന് പിടിപ്പിക്കാം. 


- ന്നലെ ആകെ കൊളായീടപ്പാ! അവള് പിടിച്ചു!. ഒന്നും പറേണ്ട ! ഇനി തൊടില്ല്യാന്ന്      തലേത്തൊട്ട് സത്യം ചെയ്യണ്ടി വന്നു! 

- ഔ ! കയ്യ് വെറച്ചിട്ട്‌ വയ്യടപ്പ !. നെന്‍റെ കൈല് സാനണ്ടാ ? ഇല്ലിങ്ങെ മ്മടെ കാർഗില്  തങ്കപ്പന്‍റെ കയ്യില്ണ്ടാവും. നീയൊന്നു പോയി വന്നേ. ന്നാ ഒരു ഗാന്ധി.

- നിയ്യ് പൊക്ര ശവി!. ഞാല്ല്യ. ഞാന്‍ ദേ ബടെ ഇയാൽത്തറേല് കെടക്കും. അവളോട് പോയ്‌  പണി നോക്കാൻ പർറ!

- നിർത്തണംന്നൊക്കേണ്ട് ചങ്ങായ് ! പക്ഷെ പറ്റണ്ടേത്!!. വീട്ട്വാരൊക്കെ പറേണ പോലെ  മ്മടെ പൌലോസ് മാഷടെ അടുക്കലൊന്നു പോയി നോക്ക്യാലോന്നിരീക്ക്യാ. 

- അപ്പൊ പൌലോസ്മാഷും സഞ്ജീവനീം പടം മടക്കി. ഞാഞ്ഞി ചുവ്വാവില്ല്യ ന്‍റെ  ചങ്ങായീ ! ന്നെ വിട്ടേക്ക്!

- ട്യേ...! ഇക്ക് ഇപ്പ കിട്ടണം ലേശം. ഇല്ലിങ്ങെ ഞാന്‍ ചാവും!

- കരേണ്ട്രീ !. യ്യ് തടി വട്യാവാൻ ഇന്യധികല്ല്യ; നീയ് സമാനിക്ക്!.

- വയ്യലോടീ !. ന്‍റെ നെഞ്ഞ് വെന്തുരുകുണുലോ ! ദൈവേ ! ഇക്ക് ശ്വാസം കിട്ടണില്ലിലോ. അയ്യോ......എന്റമ്മേ!! 

- പൊന്നേ .....മാ....പ്പ് !. പോട്ടെ...........!

*********

2014, നവംബർ 3, തിങ്കളാഴ്‌ച

അപരന്‍



"അങ്ങോര് കഴിക്ക്വോ?" 

"ആര് രാഘവൻ നായരാ ?. പിന്നില്ല്യ!"

"എയ്. കഴിക്കില്ല്യാന്നാ എനിക്ക് തോന്നണേ ." 

"അത് നെനക്ക്!. പക്ഷെ അങ്ങേർക്ക് തോന്നീട്ടില്ല്യ."

"സത്യം പറ; അങ്ങോര് ശരിക്കും  കഴിക്ക്വോ ?."

"പിന്നില്ല്യ!  വെളിച്ചാവുമ്പോ പല്ല് തേച്ച് മൊഖം  കഴുകാന്‍ ആശാന്  സാധനം വേണം!."

"അയ്യെന്‍റമ്മേ! കണ്ടാ തോന്നില്ല്യാട്ടാ !."

"അത് ശര്യാ. സേവിക്കണ കാര്യം നെറ്റീമെഴുതി ഒട്ടിച്ചിട്ടില്ല്യ !." 

രാഘവൻ നായരുടെ ഭാര്യാപിതാവ് മരിച്ചതിന്‍റെ അടിയന്തിരത്തലേന്ന് രാത്രി ദേഹണ്ഡപ്പുരയിൽ വട്ടമിട്ടിരുന്നു അടപ്രഥമന് നാളികേരം ചിരകുന്ന പണിയുടെ രസക്കേടകറ്റുകയായിരുന്നു ഉത്സാഹക്കമ്മിറ്റിക്കാർ.ശേഷക്രിയക്ക്‌കാർമ്മികത്വം വഹിക്കാൻ വന്ന തടിയൻ എളയതിന്‍റെ പിരിയിളക്കി ഒരരുക്കിലാക്കിയ ശേഷം ഗൃഹനാഥനെത്തന്നെ കയ്യിലെടുത്തുകൊണ്ടായിരുന്നു പിള്ളേരുടെ കളി. രാഘവൻ നായർ മദ്യപിക്കുമോ ഇല്ലയോ എന്നതാണ് വിഷയം.

തൊട്ടപ്പുറത്ത് വലിയൊരു ചരക്കിൽ നാലു മല്ലന്മാര്‍ ചേര്‍ന്ന് അടപ്രഥമനുള്ള അരിമാവു കുഴക്കുന്ന ജിംനേഷ്യം വര്‍ക്ക് ഇടവിട്ട് എണ്ണയും വെള്ളവും പാര്‍ന്ന് ലൂബ്രിക്കേറ്റ് ചെയ്തുകൊണ്ടിരുന്ന ദേഹണ്ഡപ്രമാണി രാമൻനായർ ചിരിയും ബഹളവും കേട്ടപ്പോള്‍ അടുത്തുവന്നു സാകൂതം ആരാഞ്ഞു:

"എന്താ എന്താണ്ട്ര പിള്ളേരെ സംഗതി !?." 

ഉപ്പും പുളിയും കൂട്ടി ആളെ സൂപ്പാക്കുന്നതിലും രാമേട്ടന് കൈപ്പുണ്യമുണ്ടായിരുന്നു.

"അല്ല രാമേട്ടാ, ഉണ്ണിക്കൊരു സംശയം. രാഘവൻ നായര് വെള്ളടിക്ക്വോന്ന് ." 

" അസ്സലായി!, അടിക്ക്വോന്നാ! ആശാൻ ചാരായം ഒഴിച്ചെന്തും അടിക്കും!."

"അയ്‌ ! അപ്പെന്താ ചാരായം മാത്രം ഒഴിവാക്കീതാവോ !?"

"ഒഴിവാക്കീതല്ലട മന്താ !. ചാരായം ചേർത്ത് എന്തും കഴിക്കുംന്ന് !"

കൂട്ടച്ചിരി കത്തിയതും കറണ്ട് കെട്ടതും ഒപ്പമായിരുന്നു. 

"അതേയ്,  രാഘവേട്ടാ ആ പെട്രോമാക്സ് എടുക്ക്വോ !." 

ഇരുട്ടിൽ നിന്ന് രാമൻ നായർ വിളിച്ചു പറഞ്ഞു. 

"ദാ രാമാ പെട്രോമാക്സ്. മണ്ണെണ്ണ വേണ്ടേ ?" 

പെട്രോൾ മാക്സ് തപ്പിപ്പിടിച്ചു കൊണ്ടുവന്നു നിലത്തു വെച്ച് രാഘവന്‍ നായര്‍ ചോദിച്ചു:

'വേണ്ട,  പച്ചെള്ളം മതി!. കൊമ്മല പറയാണ്ട് പോയി മണ്ണെണ്ണ കൊണ്ടാ രാഘേട്ടാ! " 

രാമൻ നായർക്ക് ശുണ്‍ഠി വന്നു. 

"മീനാക്ഷ്യേ! ചായ്പ്പിന്‍റെ കെഴക്കേ മുക്കില് മണ്ണെണ്ണക്കുപ്പി  ഇരിക്ക്ണ്ട്. അതിങ്ങടെടുത്തേൻ. "

രാഘവൻ നായർ ആവശ്യം ഭാര്യക്ക് റിലേ ചെയ്തു .

കത്തിച്ച റാന്തലും മണ്ണെണ്ണക്കുപ്പിയുമായി മീനാക്ഷിയമ്മ വന്നു. 

"ദാ, മണ്ണെണ്ണ. "

വിളക്കും കുപ്പിയും  വാങ്ങി നിലത്തു വെച്ച് രാഘവൻ നായർ നാക്കില തുടക്കാന്‍ സദ്യപ്പന്തലിലേക്ക് മടങ്ങി. 

" രാഘേട്ടൻ കഴിക്ക്വോ കഴിക്കില്ല്യേന്ന് സംശള്ളോര്   കണ്ടോ! " 

എന്നും  പറഞ്ഞു ചിരവപ്പുറക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് രാമൻ നായർ ഉറക്കെ വിളിച്ചു:

"അതേയ് ! രാഘേട്ടാ .."

"ഓ !"

"ദേ ഒന്നിങ്ങട്‌ വര്വോ "

"എന്തേ ?"

രാമൻ നായർ മണ്ണെണ്ണക്കുപ്പിയെടുത്തു റാന്തലിന്‍റെ വെളിച്ചത്തിലേക്ക് കാട്ടി  സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കോർക്ക് തുറന്ന് ഒന്നു മണത്തുനോക്കിക്കൊണ്ട്‌  സംശയം പ്രകടിപ്പിച്ചു : 

" അയ്‌! ഇത് മണ്ണെണ്ണ്യല്ലലോ രാഘേട്ടാ ..!" 

പാമ്പിനെ ചവിട്ടിയപോലെ ചാടിപ്പിടഞ്ഞു കുപ്പിയില്‍ കയറിപ്പിടിച്ചുകൊണ്ട് രാഘവൻ നായർ സംഭ്രമിച്ചു: 

"അയ്യോ രാമാ മീനാക്ഷിക്ക്  കുപ്പി മാറീതാവും! . അതിങ്ങട് തര്വാ. !"

കൂട്ടച്ചിരിയുടെ പകിരിയമിട്ട് പൊട്ടിയമർന്നപ്പോൾ രാമേട്ടൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് കുപ്പിയിലെ മണ്ണെണ്ണ  പെട്രോള്‍ മാക്സിലേക്കു പകർന്നു.   തലക്കുള്ളിലും പന്തലിലും ട്യൂബ് കത്തിയപ്പോള്‍ 
രാഘവൻ നായർ പിണങ്ങി :

"രാമാ, തന്‍റെ കളി കൊർച്ച് കൂട്ണ്ട് ട്ടാ!."


****************