2020, നവംബർ 27, വെള്ളിയാഴ്‌ച

ചേനക്കാര്യങ്ങളുടെ പുരാവൃത്തം

 

ചേനക്കാര്യങ്ങളുടെ പുരാവൃത്തം

പണ്ട്, എൻ്റെ കുട്ടിക്കാലത്ത് നാട്ടിൽ തേവരുടെ പുരത്തിന് എഴുന്നെള്ളിക്കാൻ കൊണ്ടുവന്നിരുന്ന ആനകളിലൊന്നിനെ എൻ്റെ വീടിനു തൊട്ടുമുമ്പിലുള്ള മനയ്ക്കലെ വളപ്പിലെ തൈരാൻ മാവിൽ കെട്ടാറുണ്ടായിരുന്നു. വീടിൻ്റെ ഇറയത്തെ തിണ്ണയിലിരുന്ന് ആനയെ കണ്ടുകൊണ്ടിരിക്കാം എന്ന ഗൂഢമായ ആഹ്ളാദം ഉള്ളിലുണ്ടെങ്കിലും മനയ്ക്കലെ ജയന്തൻ എന്ന ഉറ്റ കളിക്കൂട്ടുകാരനോട് ആ വകയിൽ മൂന്നു ദിവസം മിണ്ടാതെ നടക്കാറ് പതിവുണ്ട്. ആനയെത്തുന്ന പൂരത്തലേന്ന്, പൂരം നാൾ, പുരപ്പിറ്റേന്ന് അങ്ങിന്നെ മൂന്നു ദിവസം നോൽക്കുന്ന എൻ്റെ മിണ്ടാവൃതത്തിന് കാരണം പുര നിറഞ്ഞു നിന്നിരുന്ന കുശുമ്പല്ലാതെ മറ്റൊന്നുമായിരുന്നില്ല. വിധത്തിലും തരത്തിലുമുള്ള കശുമാവുകളൊഴികെ കെട്ടാവുന്ന തരത്തിൽ ബലമുള്ള ഒരു മരം പോലുമില്ലാത്ത എൻ്റെ പറമ്പിൽ ആനയെ കെട്ടാതെ പോയതിൻ്റെ കട്ട കൊതിക്കെറുവ്. ഇല്ലത്തെ മാവിൻ ചുവട്ടിൽ തലയാട്ടി നിന്നിരുന്ന ആനയ്ക്കരികിൽ ബാലന്ദ്രൻ കാണാൻ പാകത്തിൽ എളിയിൽ കൈ കുത്തി ജയന്തൻ ഞെളിഞ്ഞുനിൽക്കുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ട് അക്കാലങ്ങളിൽ. ഇടയ്ക്കൊക്കെ ഇന്നും!.
'ബാല'മനസ്സിനെ വല്ലാതെ അലട്ടിയിരുന്ന മറ്റൊന്ന് താണിക്കുടത്തെ പറയും
വെളിച്ചപ്പാടുമായിരുന്നു. ഇന്നും നാട്ടിലുള്ള എല്ലാ വീടുകളിലും എഴുന്നെള്ളിപ്പുള്ള എമണ്ടൻ പറയാണ് താണിക്കുടത്തിലേത്. സന്ധ്യയ്ക്ക് ചെണ്ടയും ഇലത്താളവും ചിലമ്പും തട്ടി മലവെള്ളം പോലെ പാഞ്ഞു വന്ന് മാങ്കുഴി കളരിയമ്പലത്തിൽ പാണ്ടി പെരുക്കി പുതുക്കാട്ട് മനയ്ക്കലെ തെക്കിനിയിലെ പീഠത്തിൽ പട്ടും വാളും ചിലമ്പും സ്ഥാപിച്ചാൽ - ആ ഇനത്തിൽ പുതുക്കാട്ടു മനയ്ക്കലെ അപ്പുട്ടനോടും രുദ്രനോടും ഉണ്ടായിരുന്നു അലക്കി ഇസ്തിരിയിട്ട അസൂയ - പിന്നെ പറക്കാർ രണ്ടു ദിവസം തമ്പാണ് നാട്ടിൽ. ഇരുപത്തഞ്ചോളം കിലോമീറ്ററുകൾ അകലെ നിന്ന് തങ്ങളുടെ ഏറ്റവും വലിയ തട്ടകമായ പൊറാട്രയിലേക്ക് കാൽ നടയായി വന്നിരുന്ന അനുഷ്ഠാനമാണ് താണിക്കുടം ഭഗവതിയുടെ പറ. പറയുടെ മുഖ്യ ആകർഷണം കോമരം തന്നെ. ആറടിക്കുമേൽ ഉയരം ഒത്ത വണ്ണം (ഒരുക്കോല് വീതി എന്ന് എഴുതിയാൽ കൂട്ടാലെ മൂത്താര് ഭൂമി പിളർന്ന് വന്ന് വധിച്ചകത്താക്കും!.) എണ്ണ കിനുങ്ങുന്ന പനങ്കുല പോലത്തെ കേശഭാരം, തങ്കവർണ്ണം, സിം‌ഹത്തിൻ്റെ കണ്ണുകൾ, ചോരച്ച കവിളുകൾ. പുരുഷോത്തമ സൌന്ദര്യത്തിൻ്റെ വെളിച്ചപ്പെട്ട രൂപം!. പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇംറാൻഖാന് താണിക്കുടം വെളിച്ചപ്പാടിൻ്റെ ഛായയുണ്ടെന്നു് തിരിച്ചറിയുന്നത് എൺപതുകളുടെ അവസാനത്തിൽ ടീവിയും ക്രിക്കറ്റും വന്നതോടെയാണ്. അതിനും മുമ്പ് വെളിച്ചപ്പാടാവാനായിരുന്നു ചെറുപ്പത്തിൽ തനിക്കാഗ്രഹമെന്ന് ഉറൂബെഴുതിയത് എഴുപതുകളുടെ തുടക്കത്തിൽ വായിക്കുന്നുമുണ്ട്.
വെളിച്ചപ്പാടിനെ ഒന്നു തൊടലും വെളിച്ചപ്പാടിനോട് ഒന്നു മിണ്ടലുമാണ് അന്ന് ജീവിതത്തിൻ്റെ ആത്യന്തികലക്ഷ്യം. പക്ഷേ ഞങ്ങൾ കൂട്ടുകാർക്കിടയിൽ ചങ്ങരങ്ങത്തെ ബാലഷ്ണന് മാത്രമേ ആ ഭാഗ്യം ലഭിച്ചിരുന്നുള്ളു എന്നതൊരു ദു:ഖസത്യം.
രാവിലെ കാപ്പിപ്പറ, ഉച്ചക്ക് ഊണുപറ, ഇടനേരം വീണ്ടും കാപ്പിപ്പറ, രാത്രി അത്താഴപ്പറ അങ്ങിനെയായിരുന്നു പറക്കാർക്കുള്ള ഭക്ഷണക്രമം. ഒരു വീട്ടിൽ പറകൊട്ടി പാട്ടും തുള്ളലും കല്പനയും കഴിഞ്ഞാൽ നാക്കിലയിൽ വെച്ചിരിക്കുന്ന പൊതിച്ച നാളികേരം മുറ്റത്തെ ചവിട്ടുപടിയിൽ വാദ്യക്കാരിൽ ഒരാൾ എറിഞ്ഞുടക്കും. (അന്ന് ചെണ്ട തോളിലിട്ട് തേങ്ങയെറിഞ്ഞിരുന്ന കൌമാരക്കാരനാണ് ഇന്ന് പ്രശസ്തനായ കിഴക്കൂട്ട് അനിയൻ മാരാർ) എറിഞ്ഞുടയ്ക്കുന്ന നാളികേരത്തിൻ്റെ പൊട്ടുകൾ പെറുക്കാൻ ഞങ്ങൾ പിള്ളേര് എം.ജി.യാറിൻ്റെ പടമുള്ള ചാക്കു സഞ്ചിയുമായി പറയുടെ പിന്നാലെ കൂടും. വെളിച്ചപ്പാടറിയാതെ വെളിച്ചപ്പാടിൻ്റെ പട്ടിൻതുമ്പിൽ തൊടുക എന്നതായിരുന്നു അന്നത്തെ പെരിയ സാഹസികവൃത്തി.
എല്ലാവർഷവും രാവിലത്തെ കാപ്പിപ്പറ പടിഞ്ഞാറെ ചങ്ങരങ്ങത്തായിരുന്നു. പറ കഴിഞ്ഞ് ഇട്ളിയും കാപ്പിയും കഴിച്ച് ഏമ്പക്കമിട്ട് ചെണ്ടയുടെ വലംതലയിൽ തട്ടിയിറങ്ങുന്ന വാദ്യക്കാർക്കും ഭക്തിപൂർവ്വം വാളും ചിലമ്പും പിടിച്ച കുളങ്ങരക്കും പൂക്കുലക്കുറ്റിക്കാർക്കും പിന്നിലായി വെളിച്ചപ്പാട് ചങ്ങരങ്ങത്തെ പടിപ്പുരയുടെ പടവുകളിറങ്ങുമ്പോഴാണ് ഹൃദയഭേദകമായ ആ കാഴ്ച കാണുക!. വെളിച്ചപ്പാടിൻ്റെ കൈകളിൽ തൂങ്ങി ഞങ്ങളെ നോക്കി ആനക്കത്തിയുടെ മൂർച്ചയുള്ള ചിരിയുമായി ബാലഷ്ണൻ!. പറയും വേണ്ട നാളികേരവും വേണ്ട എന്നലറി മക്കൾ തിലകം സഞ്ചി വലിച്ചെറിഞ്ഞ് വീട്ടിലേക്കോടാൻ തോന്നും അതു കണ്ടാൽ!. തൊട്ടടുത്ത കറുത്തേടത്തെ വീട്ടിൽ തുള്ളാനായി കയറുന്നതിനു മുമ്പ് വെളിച്ചപ്പാട് ബാലഷ്ണൻ്റെ കൈ വിടുമ്പോഴെ ഞങ്ങളുടെ ഹൃദയത്തിലെ കൊളുത്തി വലി നിലയ്ക്കാറുള്ളു!.

പിന്നെയുമുണ്ടായിരുന്നു കിട്ടാക്കനികളുടെ വ്യഥകളേറെ.

"വെളിച്ചപ്പാടേയ്, ഊണ് കഴിക്കണത് എൻ്റെ വീട്ടിലാ!."

"ൻ്റെ വീടിൻ്റെ മുമ്പില് വെച്ചണലോ കാച്ചാംകുറിച്ചി കേശവൻ ചിന്നം വിളിച്ചത്!."

"പള്ളിപ്പാട്ട് അച്ചുതമാരാര് എൻ്റെച്ഛനെ അറീം!. രാത്രി പഞ്ചവാദ്യത്തിന് മുമ്പ് മാരാര് എന്റെ വീട്ടില് കെടക്കാൻ വരൂലോ!. "

"നാടകത്തിലെ പെണ്ണുങ്ങള് കുളിക്കാൻ വന്നത് ൻ്റെ വീട്ടിലണലോ!."

എന്നൊക്കെ സഹജർ പറയുന്നത് കേട്ട് നിസ്സഹായതയും ഒറ്റപ്പെടലുമായി നീറി നീറി കഴിഞ്ഞിരുന്ന ആ നാളുകളിലും പ്രതീക്ഷകൾ പാടേ അറ്റുപോകാതെ മനസ്സിൽ കിടക്കുമായിരുന്നു:

"എനിക്കും ഒരു നാൾ വരും."

വൈകിയിട്ടാണെങ്കിലും ആ നാൾ വന്നിരിക്കുന്നു!.

ആശ്രമം വിളക്കുംകാൽ റോഡ് കാന വാർത്തും കോൺക്രീറ്റിട്ടും വീതി കൂട്ടുന്ന മരാമത്തിൻ്റെ ജനറേറ്റർ ഇത്യാദി യന്ത്രങ്ങളും മറ്റു സാധനസാമഗ്രികളും തള്ളുവണ്ടിയും രാത്രി സൂക്ഷിക്കുന്നത് എൻ്റെ വീട്ടിലാണലോ!.
Image may contain: stripes and shoes
Janaki Devi Kunnambath, Rajan Parangodath and 129 others
59 comments
2 shares
Like
Comment
Share

Comments

View 39 more comments


ഒരു ഇൻഡി സിനിമാ വിശേഷം

 

ഒരു ഇൻഡി സിനിമാ വിശേഷം


"ദേന്തൂട്ടാണ്ടാ അയാള് വായേലിക്ക് കമത്തീത്?"

"വിസ്കി."

"ദെന്താദ് കഷായാ?."

"നീയെന്താങ്ങനെ ചോച്ചേ?."

" ഈ കുട്ട്യോള് കുഞ്ഞിഞ്ഞി വെച്ച് കളിക്കണ പോൽത്ത ഗ്ലാസില്!. "

"ഡാ, അദ് ഷോട്ട് ഗ്ലാസാ!. "

"ന്തൂട്ട്?."

"ഷോട്ട് ഗ്ലാസ്, ഷോട്ട് ഗ്ലാസ്!. "

" ത്ര ചെർത്?."

"ങ്ഹാ, അതാവരടെ രീതി."

"ന്തൂട്ട് രീതി!. കുടിക്ക്യാണങ്ങെ നല്ല വെട്ട് ഗ്ലാസില് രണ്ട് വല്ലീതൊഴിക്കണം. ന്നട്ട് നറച്ച് വെള്ളൊഴിച്ച് മടമടാന്ന് മോന്തി കടുമാങ്ങ തൊട്ട് നക്കണം. അതണയിൻ്റെ രീതി. ഇതെന്തൂട്ട് ഒരൗൺസ് ഗ്ലാസില് കാഭാഗൊഴിച്ചട്ട് അവണക്കെണ്ണ കുടിക്കണ പോലെ രൊറ്റ കമത്ത്!. ഇംഗ്ലീഷ് കുട്യാത്രേ!. വഷള്!."
"അതൊക്കെ പോട്ടെ നെനക്കൊരു ഇൻഡി പടം കാൺണാ?."

"ഹിന്തി ഇക്കിഷ്ടല്ല്യ!."

"ഹിന്ദ്യല്ലട; ഇൻഡി. ഫോറിനാ."

"അതെന്തൂട്ടാണ്ടാദ്!. "

"ഇൻഡിപ്പെൻഡൻ്റ് മൂവി. അതായത് സ്വതന്ത്ര സിൽമ. സ്പാനിഷാ."

"ന്തൂട്ടെങ്ങല്വാവട്ടെ; വല്ല മെച്ചോണ്ടാ?."

"നല്ല നീളള്ള എട്ട്
ഉമ്മോള്
ണ്ട്."

"മറ്റതോ?."

"മൂന്ന്!."

"സമയം കള്യാണ്ട് നീയ്യ് സാനം വെച്ചേ!."
No photo description available.
Rajan Parangodath, Ashtamoorthi Kadalayil Vasudevan and 96 others
18 comments
1 share
Like
Comment
Share

2020, നവംബർ 21, ശനിയാഴ്‌ച

ഭീഷണി

 

ഭീഷണി

പണ്ട് കേരള വർമ്മയിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ സംഭവമാണ്. ഒരു കേരളപ്പിറവി ദിനത്തിൽ.

രാവിലെ പ്രിൻസിപ്പാൾ ശ്രീധരൻ നായരെ ഓഫീസിൽ ഇറക്കി അദ്ദേഹത്തിൻ്റെ കാർ തിരിച്ചുപോവുകയായിരുന്നു. പരമസാധുവായിരുന്നെങ്കിലും വിദ്യാർത്ഥികളുമായുള്ള സാറിൻ്റെ ബന്ധങ്ങളിൽ ലേശം ചവർപ്പു കലർന്നിരുന്നു. ശുദ്ധന്മാരായാൽ അങ്ങിനെ വേണമെന്നാണല്ലോ. സാറിനോടുള്ള അസ്കിതയോ അദ്ദേഹത്തിൻ്റെ ഫിയറ്റ് കാറിനോടുള്ള അസൂയയോ അതുമല്ല ലേശം വെകിളിത്തരമുള്ള ഡ്രൈവറോടുള്ള പരിഹാസമോ ഏതെന്നറിയില്ല; ഒന്നാം വർഷം ബി.കോം ക്ലാസ്സിനു മുന്നിലൂടെ കാറ് പോയപ്പോൾ അവിടെ കൂടിയിരുന്നവരെല്ലാം ചേർന്ന് സമ്പ്രദായത്തിലൊന്നു കൂവി.

പക്ഷേ എല്ലാവരെയും ഞെട്ടിപ്പിക്കുമാറ് ക്യാമ്പസിലെ ചെമ്മൺ പാതയിൽ പൊടി പറപ്പിച്ചു കൊണ്ട് കാർ സഡൻ ബ്രേക്കിട്ടു നിന്നു. പുറത്തിറങ്ങി ഡോർ ശക്തിയായി വലിച്ചടച്ചു മുണ്ട് മടക്കി കുത്തി കൃശഗാത്രനായ ഡ്രൈവർ കൂവന്മാർക്കു നേരെ ഭീഷണമായി നടന്നടുത്തു. അപ്രതീക്ഷിത പ്രതികരണം കണ്ട് പകച്ചു ശബ്ദം നഷ്ടപ്പെട്ടവരെ ഓരോരുത്തരെയും മാറി മാറി ഒന്നു നോക്കിയ ശേഷം അവർക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു:

"അതേയ്, നിങ്ങളെന്നെ എത്ര വേണെങ്ങെ കള്യാക്ക്യോളോ വിരോധല്ല്യ; പക്ഷേ നിങ്ങളെന്നെ കള്യാക്കര്ത്!."

എഞ്ചിൻ ഇരപ്പിച്ചുകൊണ്ട് ഗേറ്റിലേക്ക് പറന്ന കാർ നോക്കി ബീക്കോമികൾ വാ പൊളിച്ചുനിന്നു.

ഇന്നേക്ക് കൃത്യം അരനൂറ്റാണ്ടു തികഞ്ഞു. ഡ്രൈവർ പറഞ്ഞതിൻ്റെ പൊരുളെന്തെന്ന് പക്ഷേ സംഭവം അന്ന് ആൽത്തറയിലിരുന്ന് ക്ലോസ് ഷോട്ടിൽ കൺകുളിർക്കെ കണ്ട പ്രീഡിഗ്രിക്കാരന് ഇന്നും മനസ്സിലായിട്ടില്ല. ഈ സത്യാനന്തര ചാനൽ സംവാദ സ്ലാപ്പ് സ്റ്റിക്ക് കോമഡിക്കാലത്തുപോലും!.
Image may contain: tree and outdoor
Rajan Parangodath, Chithira Balachandran and 99 others
27 comments
Like
Comment
Share