2018, മാർച്ച് 14, ബുധനാഴ്‌ച

ചേരപ്പാടുകൾ

ചേരപ്പാടുകൾ 


മഞ്ഞച്ചേര  മലർന്നു കടിച്ചാൽ മരുന്നില്ലാത്ത  ഒരു നാട്ടിൽ      ചേരക്കു  വിഷമില്ല  എന്ന് വിശ്വസിക്കാൻ തക്ക  സാഹസികതയും വിപ്ലവബോധവും  പുലർത്തിയിരുന്ന ജനങ്ങൾക്കിടയിലേക്ക്   കൊടിയ വിഷമുള്ള  ചേരപ്പാമ്പുകൾ അണിയണിയായി ഇരച്ചു വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? . വിശ്വസിക്കണം!.

ആയിരത്തി തൊള്ളായിരത്തി എൺപതുകളിലാണ്    വിഷമുള്ള ചേരകൾ നമ്മുടെ നാട്ടിലിറങ്ങുന്നത്. അമ്പലപ്പറമ്പുകളിലും, കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും ആശ്രമത്തിലെ  കശുമാവിൻ തോപ്പിനു നടുവിലെ ഫുടബോൾ ഗ്രൗണ്ടിലുമാണ്  ഇടക്കിടെ അവ പ്രത്യക്ഷപ്പെട്ടിരുന്നത്.  ശരംവിട്ടപോലെ പാഞ്ഞു വന്നു കാൽപാദത്തിൽ  കൊത്തി പച്ചയോടെ  ഉയിരെടുത്തു പോയിരുന്ന വിഷച്ചേരകളെ ഒരു ശക്തിക്കും അന്ന് തടയുവാനായിരുന്നില്ല.

വിഷച്ചേരകളെ കുറിച്ച് പറയുന്നതിന് മുമ്പ് വിഷമില്ലാ ചേരകളെക്കുറിച്ചു  പറയുന്നത് ഉചിതമായിരിക്കുമല്ലോ?. അവയെക്കുറിച്ചും  അവയുടെ അതിജീവനവൃത്തികളെക്കുറിച്ചുമുള്ള പാഠങ്ങൾ ഈയുള്ളവൻ ഉൾക്കൊണ്ടതെങ്ങിനെ എന്ന് പറഞ്ഞാൽ അക്കാര്യത്തിൽ ഒരേകദേശ രൂപം വായനക്കാർക്കു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ  ഗൃഹപാഠം തൊട്ടു തന്നെയാകട്ടെ .
 :
:
:

"അയ്യോ......... പാമ്പ് പാമ്പ് !."

മധ്യവേനൽ അവധിക്കാലത്തെ ഒരു നട്ടുച്ചക്ക് വീട്ടുവളപ്പിലെ വടക്കു ഭാഗത്തു നിന്നിരുന്ന തൈരാൻ മാവിൽ കയറാൻ പാടുപെട്ടുകൊണ്ടിരുന്ന  വലിയൊരു  പാമ്പിനെ കണ്ടപ്പോൾ എല്ലാവരും കേൾക്കാനായി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഭയംകൊണ്ടുള്ള  ഹൃദയമിടിപ്പിൻ്റെ   ശബ്ദം  അപ്പോൾ എനിക്ക് കേൾക്കാമായിരുന്നു.

" സാരല്ല്യട . അതെങ്ങടെങ്കിലും പൊക്കോട്ടെ."

അകായിലെ   ഉച്ചമയക്കത്തിൽ നിന്നും തട്ടിപ്പിടഞ്ഞെഴുന്നേറ്റു വന്ന അച്ഛൻ കണ്ടുപിടുത്തം  നിസ്സാരവൽക്കരിച്ചു.

"വല്ല്യേ പാമ്പാ ! വല്ലോരേം കടിച്ചാലോ അച്ഛാ ! ." ഞാൻ നിന്ന് കിതച്ചു.

" അത് ചേര്യാ ചെക്കാ!. കടിക്കില്ല്യ. അതിനു വെഷോല്ല്യ."

അച്ഛൻ മെത്തപ്പായിലേക്കു തിരിച്ചു പോയി.

പക്ഷെ ആറാംക്ലാസുകാരന്   അതൊരു വിസ്മയകരമായ അറിവായിരുന്നു. കടിയും വിഷവുമില്ലാത്ത പാമ്പോ?. അമ്പിളി അമ്മാമൻ വായിച്ചു നേടിയ എൻ്റെ   അറിവിൽപ്പെട്ടിടത്തോളം  തക്ഷകനും, കാർക്കോടകനും, വാസുകിയും, അനന്തനും എല്ലാം ഉഗ്രവിഷമുള്ളവരാണ്. മാത്രവുമല്ല രണ്ടു മാസം  മുമ്പാണ്  ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അച്ഛൻ മൂർക്കൻ പാമ്പ് കടിച്ചു മരിച്ചത്. പാമ്പ്‌  കടിച്ചാൽ    മരിക്കണ്ടേ? . മരിക്കും . അല്ലാത്തതെന്തു പാമ്പ്!.

പിന്നീട് അമ്മയാണ് ചേരനെപ്പറ്റി  വിശദമായി പറഞ്ഞു തന്നത്. പറമ്പില് ഒരു ചേരയുണ്ടാവുന്നത്  ഐശ്വര്യമാണത്രെ. ഞാൻ കണ്ടത് നമ്മുടെ വളപ്പിലെ ചേരയെയാണ്. അതൊരു നിരുപദ്രവിയും  വിശ്വസ്തനുമായ   കാവൽക്കാരനാണ്. തൊടിയിലും വീട്ടിലും കയറി കരണ്ടു തിന്നാൻ വരുന്ന  എലികളെ പിടിച്ചു   ശാപ്പിടുന്ന  ചേര വീട്ടിൽ കയറാനിടയുള്ള ചൊറിത്തവളകളെയും  വിഴുങ്ങും. പക്ഷെ ചേര മനുഷ്യരെ  കടിക്കില്ല. അതിനു മനുഷ്യരെ ഭയങ്കര പേടിയാണ്. നമ്മളെ   കണ്ടാൽ അതോടിയൊളിക്കും. ചേരക്കു  ഭയങ്കര സ്പീഡാണ് എന്നൊക്കെ 'അമ്മ പറഞ്ഞു തന്നു.

" അപ്പൊ ചേര എന്താ  കടിക്കാത്തേ?."

"അതിനു വെഷല്ല്യാ അതന്നെ."

അതും വലിയൊരറിവായിരുന്നു. വിഷജന്തുക്കളേ കടിക്കൂ എന്നത്!. പിൽക്കാലത്തൊക്കെ ആ അറിവ് വളരെ ഉപകരിച്ചിട്ടുണ്ട്. ഇന്നും.

പക്ഷെ പറഞ്ഞു കേട്ട പോലെ  ഗാന്ധിമാനൊന്നുമല്ല ചേരമാൻ  എന്ന് മനസ്സിലായത് സുഹൃത്ത്  മാഷടോടത്തെ  അശോകൻ്റെ  ദയനീയമായ അനുഭവം നേരിൽ  കണ്ടപ്പോഴാണ്. അശോകനെന്നു പറഞ്ഞാൽ  സംസ്കൃതപണ്ഡിതൻ, പ്രചാരകൻ, അദ്ധ്യാപകൻ , പരിസ്ഥിതി  പ്രവർത്തകൻ,  പത്രാധിപർ,  സംസ്ഥാന ടെക്സ്റ്റ്  ബുക്ക് കമ്മിറ്റി അംഗം  എന്നീ  നിലകളിലൊക്കെ പിന്നീട്  പ്രശസ്തനായ സാക്ഷാൽ അശോകൻ പുറനാട്ടുകര.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം . വൈകീട്ട് സ്‌കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന വഴിയാണ്  നമ്മൾ കൂട്ടുകാർക്കിടയിൽ  ചില  സവിശേഷ വിനോദങ്ങൾ  അരങ്ങേറിയിരുന്നത് . അതിൽ പ്രധാനം   അയ്യപ്പൻവിളക്ക് കളിയാണ്.  അയ്യപ്പനും മാളികപ്പുറത്തമ്മയും ഉടുക്കുപാട്ടുകാരുമൊക്കെയായി അഭിനയിച്ച് അരങ്ങു തകർക്കുന്ന ഒരു നിത്യാനുഷ്ഠാനം . ആശ്രമം ക്ഷേത്രത്തിനു മുന്നിൽ  തുള്ളാൻ നിന്നവരുടെ ദേഹത്തു കയറുന്ന കലി  മുക്കാൽ കിലോമീറ്ററോളം പിന്നിട്ടു തേവരുടെ   അമ്പലത്തിലെ  ആൽത്തറക്കു  മുന്നിൽ ഇറങ്ങുന്ന  തരത്തിലായിരുന്നു  എഴുന്നെള്ളിപ്പിൻ്റെ സെറ്റപ്പ് .

ചങ്ങരങ്ങത്തെ ബാലകൃഷ്ണൻ, കീഴ്‌ച്ചേരി സേതു, ചങ്ങരങ്ങത്തെ ശശി, ഇട്ടേംപുറത്തെ ഉണ്ണി, എടപ്പറമ്പിലെ രാജു, അച്ചു മാഷടെ  ചന്ദ്രു, ദാസൻ, മനയ്ക്കലെ ജയന്തൻ, മനയ്ക്കലെ അപ്പൂട്ടൻ, അശോകൻ  തുടങ്ങിയവരടങ്ങുന്നതായിരുന്നു അയ്യപ്പസേവാസംഘം. ഒരു ദിവസം ബാലകൃഷ്ണൻ അയ്യപ്പനും സേതു മാളികപ്പുറവുമായി കുമ്മി തുള്ളി  തകർത്തുകൊണ്ടിരിക്കുമ്പോഴാണ്  ആശ്രമം ഗോശാലയുടെ ഭാഗത്തു നിന്ന് ഒരു കൂറ്റൻ ചേര  റോഡ് മുറിച്ചു പായുന്നത്  കണ്ടത്. തുള്ളക്കാരൊക്കെ കലിയിറക്കി പാമ്പിന് സമീപത്തേക്കു കുതിച്ചു. നമ്പീശൻ മാഷുടെ  കശുമാവ്‌ പറമ്പിൻ്റെ  വേലിയിതയിൽ  കണ്ട മാളത്തിലേക്ക് പാമ്പ് തുളച്ചു കയറി. പക്ഷെ കൂടുതൽ ഉള്ളിലേക്ക് കടക്കാൻ വഴിയടഞ്ഞിട്ടോ എന്തോ പാമ്പ്‌ പകുതി അകത്തും പകുതി പുറത്തുമായി വഴിമുട്ടി നിന്നു . പുറത്തു കിടക്കുന്ന പാമ്പിൻപാതി കണ്ടപ്പോൾ ഞങ്ങളെയൊക്കെ ഞെട്ടിപ്പിച്ചുകൊണ്ട്  ധൈര്യശാലിയായ അശോകൻ അതിൽ കയറി പിടിച്ചു. പിന്നീടുണ്ടായത് "ട്ടേ!" എന്നൊരു  ശബ്ദവും അതെ തുടർന്നുള്ള  ഒരാർത്തനാദവുമാണ്. നോക്കിയപ്പോൾ അശോകൻ അതാ റോഡിൽ   മലർന്നു കിടക്കുന്നു.  ഇടം കൈ കൊണ്ട് വലം  കയ്യിൽ തലോടി നിലത്തു കിടന്നു വേദന കൊണ്ട് പുളയുന്ന അശോകനെ ഞങ്ങൾ പിടിച്ചു ശാന്തനാക്കിയത് ഏറെ സമയമെടുത്താണ്.  എല്ലാവരെയും നടുക്കിയ  ഒരു കാഴ്ചയാണ് അശോകൻ്റെ വലംകൈ പിടിച്ചു നോക്കിയ ഞങ്ങൾ പിന്നെ കണ്ടത്.  കൈപ്പത്തിയുടെ മണിബന്ധം   തൊട്ടു മേലോട്ട് കൈമുട്ട്  വരെയുള്ള വെളുവെളുത്ത കൈത്തണ്ടയിൽ വരവരയായി നീളത്തിൽ ചുവന്നു തിണർത്തു കിടക്കുന്നു  പാമ്പിൻ വാലിൻ്റെ     ഒരു ഘനമുദ്രണം!. അള  മുട്ടിയ  ചേര തന്നെ കയറി പിടിച്ച കുസൃതിക്കയ്യിൽ വൃത്തിയായൊന്നു   വീശി  അടിച്ചതാണ്!.

ആയുർവേദ വൈദ്യനും ആശ്രമം സ്‌കൂളിൽ തന്നെ  അധ്യാപകനുമായിരുന്ന അച്ഛൻ്റെ ആറു മാസം നീണ്ടു നിന്ന ചികിത്സക്കൊടുവിലാണ് അശോകൻ്റെ കയ്യിലെ പഴുപ്പ് പൂർണമായും ഭേദപ്പെട്ടത്. വിഷജീവിയല്ലെങ്കിലും ആത്മരക്ഷാർത്ഥം  പ്രയോഗിക്കാവുന്ന ചില ആയോധനമുറകൾ വശത്താക്കിയ  ഷാവ്‌ലിൻ സന്യാസിയാണ്  ചേര  എന്ന് മനസ്സിലാക്കാൻ അശോകസംഭവം ഉപകരിച്ചു.

മൂന്നാം മുറയിൽ പെടുത്താവുന്ന   കുടില വൃത്തികൾ ചെയ്യുന്ന ഭീകരൻ കൂടിയാണ് ചേര എന്ന് പറഞ്ഞു തന്നത് തോപ്പിലെ രാജനാണ്. രാജൻ പണ്ട് എറണാകുളത്ത് അരൂരിൽ ജോലി ചെയ്യുന്ന സമയത്തുണ്ടായതാണത്രേ എപ്പിസോഡ് . അദ്ദേഹം താമസിച്ചിരുന്ന ലൈൻ വീടിൻ്റെ   സമീപം ഹൈവേ നിർമാണത്തിനായി സർക്കാർ ഏറ്റെടുത്തു നിരപ്പാക്കിയ  ഭാഗത്തു ധാരാളം  കമ്മ്യൂണിസ്റ്റ് പച്ച വളർന്നു മുറ്റി  നിന്നിരുന്നു. കക്കൂസുകൾ വേണ്ടത്രയില്ലാത്തതിനാൽ പലരും വെളുപ്പിന്  പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിച്ചിരുന്നത്  കമ്മ്യൂണിസ്റ്റ് കാടിൻ്റെ  മറ പിടിച്ചായിരുന്നു. തുടർന്നുള്ള പൃഷ്‌ഠപ്രക്ഷാളനം തൊട്ടരികിലുള്ള തോട്ടിലും.  രഹസ്യ ഇടപാടായിരുന്നതിനാൽ വെളിച്ചം പരക്കുന്നതിനു മുമ്പേ തലയിൽ മുണ്ടിട്ടു കാര്യം സാധിക്കേണ്ടിയിരുന്നു.

ഒരു നാൾ വെളുപ്പിന് ഹൃദയഭേദകമായ ഒരു നിലവിളി കേട്ടാണ് രാജൻ   ഉണർന്നത്. ശ്രദ്ധിച്ചപ്പോൾ നിലവിളി കേൾക്കുന്നത് പച്ചകാട്ടിൽ നിന്നാണ്.  മൂന്ന് പേര് വെച്ചുണ്ടു താമസിക്കുന്ന മുറിയിൽ  രണ്ടു പേരേയുള്ളു. മൂന്നാമൻ്റെ കോസറികിടക്ക അനാഥം!. അവൻ്റെ നിലവിളിയാണോ കേൾക്കുന്നത്?. തട്ടിപ്പിടഞ്ഞെഴുന്നേറ്റ് രണ്ടു പേരും ശബ്ദം കേട്ടിടത്തേക്ക് ഓടി.  രാജൻ ടോർച്ചും കരുതിയിരുന്നു.

പൊന്തക്കാടിൻ്റെ മറവിലേക്കു ചെന്ന് നിലവിളി കേൾക്കുന്നിടത്തേക്ക് ടോർച്ചടിച്ചപ്പോൾ കണ്ട  കാഴ്ചയെന്താണ്?. രണ്ടു കയ്യും  മുന്നിലേക്ക് കൂട്ടി കെട്ടിയ നിലയിൽ   നിന്ന് നിലവിളിക്കുന്ന സഹവാസി സുഹൃത്ത്. കെട്ടിയിരിക്കുന്ന പാശം ശ്രദ്ധിച്ചപ്പോൾ കണ്ടു; ചുറ്റി വരിഞ്ഞു കിടക്കുന്ന ഒരു കൂറ്റൻ ചേര!.

"രാജാ രക്ഷിക്ക്  രാജാ . വേദനിച്ചിട്ട്  വയ്യ!. അസ്ഥാനത്താ കടി!. "

അത് കേട്ടപ്പോൾ രാജൻ്റെ ചോര ഉറഞ്ഞു പോയത്രേ!.

ഒരു പനാമ സിഗരറ്റിൻ്റെ  പൂർണ പിന്തുണയിൽ സുഖവിരേചനം സാധിച്ചുകൊണ്ടിരിക്കുകയായിരുന്നു  രാജൻ്റെ സുഹൃത്ത്. ശ്രീമൂലസ്ഥാനത്തുണ്ടായ അനക്കമറിഞ്ഞ് തനിക്കുള്ള  ഇരയാണെന്നു   കരുതി കോലുനാരായണൻ  കയറി പിടിച്ചതാവണം. അത്യാവശ്യം വിപദിധൈര്യമൊക്കെ ഉണ്ടായിരുന്നതുകൊണ്ട്   കാര്യം മനസ്സിലായപ്പോൾ  എഴുന്നേറ്റു പാമ്പിൻ്റെ കഴുത്തിൽ കയറി
പിടിച്ചതാണത്രേ സുഹൃത്ത്. പാതി വിഴുങ്ങിയത് പൂർണ്ണ മാക്കുന്നതു  തടയാനായിരുന്നുവത്രെ ആ നീക്കം. പക്ഷേ  അതോടെ  പിടിച്ചത് വാ വിടാതിരിക്കാനായി വാശി കയറിയ  പാമ്പ് ഞൊടിയിടയിൽ  രണ്ടു കൈകളിലും  ചുറ്റി വരിഞ്ഞ്    അയാളെ ബന്ധനസ്ഥനാക്കി .  ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് കക്ഷിക്ക്‌   വലിയ വായിൽ നിലവിളിക്കേണ്ടി വന്നത് . നാലഞ്ചാളുകൾ ചേർന്ന് മണിക്കൂറുകൾ  പാട് പെട്ടാണത്രെ  അന്ന്  പാമ്പിനെയും ഇരയേയും   വേർപ്പെടുത്തിയത്.

അള മുട്ടിയാൽ വാലുകൊണ്ടും അന്നം മുട്ടിയാൽ വായകൊണ്ടും  പയറ്റുന്ന,  യുദ്ധമര്യാദകൾക്കൊന്നും വലിയ വില കൽപ്പിക്കാത്ത  പോരാളി ചേരകളുമുണ്ടെന്ന്  രാജൻ പറഞ്ഞതു   കേട്ടപ്പോൾ മനസ്സിലായി. ചേരക്കു  വിഷമില്ല എന്ന വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതുമായി ആ ദംശന വൃത്താന്തം.

ഇനി നമുക്ക് നിർത്തിയേടത്തേക്കു തിരിച്ചു വരാം.  എണ്പതുകളിലാണ്
വിഷച്ചേരകൾ നാട്ടിൽ വന്നു നിറഞ്ഞത്  എന്നു  പറഞ്ഞുവല്ലോ. കൃത്യമായി പറഞ്ഞാൽ ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്നിൽ. കപിൽദേവും  അയാളുടെ കൂട്ടു ചെകുത്താന്മാരും കൂടി ഇന്ത്യക്കു വാങ്ങി കൊണ്ടു വന്ന ക്രിക്കറ്റ് ലോകകപ്പിനോടൊപ്പമാണ് ചേരകൾ  നാട്ടിൻപുറങ്ങളിൽ കടന്നു കൂടിയത്. ലോകകപ്പ്  വിജയം നൽകിയ ആവേശം നാട്ടിൻപുറങ്ങളിൽ ക്രിക്കറ്റ് ജ്വരം പടർത്തിയപ്പോൾ ഇത് തങ്ങൾക്കു പറ്റിയ അവസരമാണെന്നു നിശ്ചയിച്ചു   ആക്രമണത്തിന്  ഒരുമ്പെട്ടിറങ്ങുകയായിരുന്നു  ചേരപ്പെരുമാക്കന്മാർ .

കല്ലും പൂഴിയും നിറഞ്ഞ പരുക്കൻ പിച്ചുകളിൽ കുത്തി  ഉരുണ്ടു വന്നു കാലിൻ്റെ  ഞെരിയാണിയിൽ  കടിച്ചും  സ്റ്റമ്പിൻ്റെ കടയിൽ  കൊത്തിയും നല്ല പ്രതാപത്തിൽ വാണുകൊണ്ടിരുന്ന   ബാറ്റ്സ്മാൻമാരെ  കശുമാവിൻ ചുവട്ടിലെ    പവിലിയനിലേക്ക്‌  തിരിച്ചയച്ചശേഷം   കളിക്കളത്തിനു പുറത്തെ കാരമുള്ള് നിറഞ്ഞ കുറ്റിക്കാട്ടിലേക്ക് പാഞ്ഞു മറയുന്ന ക്രിക്കറ്റിലെ ഷൂട്ടർ  ബോളുകളെ  കുറിച്ചാണ് പറയുന്നത്.  എല്ലാവരും  ചേര എന്ന്  പേരിട്ടു വിളിച്ച  കുത്തിയുരുണ്ടു ഭീഷണമായി പാഞ്ഞു വരുന്ന പന്തുകളെ  തല്ലാൻ  കഴിവുള്ള ഒരുവനും അന്ന് നാട്ടിലെ ക്രിക്കറ്റ് പിച്ചുകളിലുണ്ടായിരുന്നില്ല.
ചാക്യാരുടെ ഭാഷയിൽ പറഞ്ഞാൽ  പാമ്പിനെ ചവിട്ടിയാൽ നൃത്തം വെക്കുന്നവരെപ്പോലെ കാലിൻ്റെ  ഞെരിയാണി രക്ഷിക്കാനുള്ള പരാക്രമത്തിൽ ഒന്നുകിൽ എൽബീഡബ്ള്യൂ  അല്ലെങ്കിൽ ക്ളീൻ ബൗൾഡ്
എന്ന വിധിക്കു കീഴടങ്ങുക മാത്രമേ കളിക്കാർക്ക് .ചെയ്യാനുണ്ടായിരുന്നുള്ളു. ഗ്രൗണ്ട് തൊട്ടു നിറുകയിൽ വെച്ച് ബാറ്റുമായിറങ്ങുന്ന കളിക്കാർ  അന്ന് പ്രാർത്ഥിച്ചിരുന്നത് ഈശ്വരാ ചേര കടിക്കരുതേ  എന്നായിരുന്നെങ്കിൽ ബൗളർമാർ പ്രാർത്ഥിച്ചിരുന്നത്‌ ഈശോയേ ആദ്യത്തെ പന്ത് തന്നെ ചേരയായി ചെന്ന്  ആ കാലമാടൻ്റെ  നടുക്കുറ്റിയിൽ  കൊത്തണേ  എന്നായിരുന്നു.  എപ്പോഴൊക്കെ  കളിക്കാനിറങ്ങുന്നുവോ അപ്പോഴൊക്കെ  ചേര കടിച്ചു ചത്തു മടുത്ത്   കളിയോട് വിട പറഞ്ഞ ശാപഗ്രസ്തരായ കളിക്കാരും അന്ന് നമുക്കിടയിലുണ്ടായിരുന്നു. പിച്ച്ഹൃദയമന്ത്രമറിയുന്ന  കൃത്യം സ്ഥാനത്തു പന്ത് കുത്തിച്ച് നാഗാസ്ത്രം വിടുന്നതിൽ  പടുക്കളായിരുന്ന  കർണാർജുനന്മാർ   ഏതു ടീമിൻ്റെയും സ്വപ്നവും  ദുസ്വപ്നവുമായിരുന്നു അന്ന് .

കാലമേറെ കഴിഞ്ഞെങ്കിലും    ചേരകൾ ഇപ്പോഴും പിച്ചുകളിൽ  വിഹരിക്കുന്നുണ്ട്. പക്ഷെ വിഷത്തിനു വിലയില്ലാത്ത   അവസ്ഥയിലാണ് അവരിപ്പോൾ .    ചേരാവിഷം നിർവീര്യമാക്കുവാൻ ആഗോളതലത്തിൽ കണ്ടു പിടിച്ച,  'പിച്ചിൽ രണ്ടിനുമേൽ തവണ കുത്തിപൊന്തുന്ന പന്തൊരു  പന്തല്ല'*  എന്ന  24.7 നമ്പർ  ആന്റി വെനം  നാട്ടിലും സുലഭമായപ്പോൾ അവറ്റകളെ  ആർക്കും പേടിയില്ലെന്നായി. ന്യൂ ജെൻ കളിക്കാർ സ്റ്റിച്ച് ബോൾ ഉപേക്ഷിച്ചു ടെന്നീസ്
ബോളിനെ വേട്ടപ്പോൾ ഏതു പിച്ചിലും ഒരു വ്യായാമത്തിനു പോലും  ഒന്നോടിക്കടിക്കാൻ പറ്റാത്ത നിസ്സഹായാവസ്ഥയിലാണ് ഇപ്പോൾ ചേരകളെല്ലാം .

കൊത്തിയിറക്കുന്ന വിഷത്തിനു വീര്യമില്ലാതായാൽ എല്ലാവരുടെയും   ഗതി ഇതു  തന്നെയെന്ന് എല്ലാ വിഷജന്തുക്കളും  ഓർക്കുന്നത് നന്ന് !.

-----------------------------------------------------------------------------------------------------------

* The ICC rule 24.7 exactly states that-“The umpire shall call and signal No ball if a ball which he considers to have been delivered, without having previously touched bat or person of the striker, either (i) bounces more than twice, or (ii) rolls along the ground before it reaches the popping crease.”











2018, മാർച്ച് 7, ബുധനാഴ്‌ച

തിരശ്ശീലക്കു പിന്നിൽ



//////// തിരശ്ശീലക്കു പിന്നിൽ /////////

അപകടകരമായ ആ രഹസ്യം മകളോട് വെളിപ്പെടുത്തുമെന്നായപ്പോൾ തൻ്റെ വിശ്വസ്തനും ബിനാമിയുമായ കാർ ഡ്രൈവറെ മുതലാളി വെടിവെച്ച് കൊല്ലുന്നതാണ് രംഗം .

നാട്ടിലെ വായനശാല വാർഷികത്തിന് അവതരിപ്പിക്കാൻ പോകുന്ന നാടകമാണ് വിഷയം. മകൾക്കു മുമ്പിൽ തൻ്റെ രഹസ്യം വെളിപ്പെടുന്ന നിമിഷം പിന്നരങ്ങിൽനിന്ന്  മുതലാളിയുടെ തോക്ക്  ഗർജിക്കുന്നു. രംഗത്തു ഡ്രൈവർ മരിച്ചു വീഴുന്നു. അണിയറയിൽനിന്നും കൃത്യസമയത്തു വെടി പൊട്ടണം. ഇല്ലെങ്കിൽ രംഗത്തുള്ള ഡ്രൈവർ ഉണ്ണ്യേട്ടനും വെച്ചുകെട്ട് സ്ത്രീ പാർട്ട് ചന്ദ്രനും വിയർക്കും. രംഗം കുളമാവും.

അതിനാൽ കൃതഹസ്തനായ ഒരാൾ വേണം വെടി പൊട്ടിക്കാൻ. അതാര് ചെയ്യും?. റിഹേഴ്സൽ മുഴുവനായും കണ്ടിട്ടുള്ള ആളായിരിക്കണം . കൊച്ചപ്പൻ, വാസു, ഹരി, പ്രോംപ്റ്റർ ഗോപി, പശ്ചാത്തല സംഗീതത്തിന് ഹാർമോണിയം വായിക്കുന്ന ചന്ദ്രൻ മാഷ്, അയൽവീട്ടിലെ രണ്ടു മൂന്ന് വള്ളി ട്രൗസർ പിള്ളേര് തുടങ്ങിയവരൊഴിച്ചു സ്ഥിരം റിഹേഴ്സൽ കാഴ്ചക്കാർ വേറെ ആരുമില്ല. വല്ലപ്പോഴും വന്ന് ആദ്യാവസാനം കണ്ടു പോകുന്നവർ നാടകവുമായി ഇഴുകിച്ചേരാത്തവരായതുകൊണ്ട് ദൗത്യത്തിന് പ്രാപ്‌തരല്ല. പ്രാപ്തിയുണ്ടായിരുന്നവരൊക്കെ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിൽ പുറംതള്ളപ്പെട്ട് വിമതപക്ഷത്താണ്.

തത്സമയം രംഗത്തില്ലാത്ത നടന്മാരിൽ ഒരാൾക്കു ചെയ്യാവുന്ന കൃത്യമാണെങ്കിലും ആരും സാഹസത്തിനു തയ്യാറല്ല. അഭിനയത്തിലെ ഏകാഗ്രത ചോർന്നു പോകുമത്രേ!. വിഷയത്തിൽ കണിശമായ ഒരു തീരുമാനമെടുക്കാനായി നാടകത്തിന് ഒരു സംവിധായകനുമില്ല. നാട്ടിലെ കീഴ്വഴക്കം അതായിരുന്നു. നാടകത്തിനു പ്രഖ്യാപിത സംവിധായകൻ വേണ്ട. നാടകം തിരഞ്ഞെടുക്കുന്നതും, നടന്മാരെ നിശ്ചയിക്കുന്നതും, എല്ലാം കൂട്ടായിട്ടാണ്. ഒരാൾ സൂത്രം ധരിച്ചു തോപ്പിൽ ഭാസിയായി വിലസുന്നത് കാണാനുള്ള മന:ശക്തി തങ്ങളിൽ ആർക്കുമില്ലെന്ന പരസ്പരമുള്ള തിരിച്ചറിവിൽനിന്നാണ്   നാല്പതു വർഷം മുമ്പ് ആ സമ്പ്രദായം പിറവിയെടുക്കുന്നത്.

അപ്പോൾ പിന്നെ നാടകം എങ്ങിനെ രൂപം കൊള്ളും?. സിമ്പിൾ!. ഒരു പ്രോംപ്റ്റർ വേണം. അതിനു സ്ഥിരം തസ്തികയിൽ വായനശാല ലൈബ്രെറിയനും സി.എൽ. ജോസിൻ്റെ ആരാധകനുമായ ഗോപിയുണ്ട്. അയാൾ വായിക്കുന്നത് കേട്ടും ഏറ്റു പറഞ്ഞും രണ്ടു മാസത്തിനുള്ളിൽ നാടകമൊക്കെ തനിയെ ഉണ്ടായിക്കൊള്ളും. പ്രോംപ്റ്റർ അവതരണസമയത്ത് ബാക്ക് കർട്ടനു പിന്നിൽ ഉണ്ടായിരിക്കണമെന്നു മാത്രം. കാലാകാലമായി അമ്പലം കഴകക്കാരൻ്റെ നിഷ്‌ഠയോടെ ഗോപി അതെല്ലാം നിർവഹിച്ചു പോരുന്നുണ്ട് . എങ്കിലും ടെൻഷനടിച്ച് കൈ വിറക്കും എന്ന കാരണത്താൽ അധികച്ചുമതലയായി ഈ വെടിവഴിപാടുകൂടി ഏറ്റെടുക്കാൻ ഗോപിക്കു വിഷമമുണ്ടത്രെ.

നാടകാവതരണത്തിനു തലേന്ന് രാത്രി അവസാന റിഹേഴ്സലിനു വായനശാലയിൽ കൂടിയവർ വിഷയത്തിന്മേൽ തല പുകച്ചു.

"അപ്പൊ ആര് വെടി പൊട്ടിക്കും?"

പ്രധാന നടനും മുതലാളി വേഷക്കാരനുമായ രാജു ചോദിച്ചു .

രാജുവിൻ്റെ ചോദ്യം കേട്ട പാതി ആപൽസാധ്യത മുൻകൂട്ടി കണ്ടിട്ടാവണം കൊച്ചപ്പനും സുരേശനും മൂത്രമൊഴിക്കുവാനായി മൂട് തട്ടി സ്ഥലം വിട്ടു.

"ആ വഴീം അടഞ്ഞു."

സുരേശൻ കൊച്ചപ്പന്മാരുടെ ഇറങ്ങിപ്പോക്കിൽ നിരാശനായ സ്ഥിരം വേലക്കാരൻ വേഷം വേണുവാശാൻ കൈമലർത്തി.

അപ്പൊ എന്ത് ചെയ്യും?. ഒരു തീരുമാനമായിട്ടു വേണം റിഹേഴ്സൽ തുടങ്ങാൻ. നാളെയാണ് നാടകം. 'മാനസമൈനേ വരൂ....' വായിച്ചു മടുത്ത ചന്ദ്രൻ മാഷ് അക്ഷമനായി ഹാർമോണിയം അടച്ചുവെച്ച് ഒരു നുള്ളു പട്ടണം പൊടി മൂക്കിൽ വലിച്ചുകേറ്റി.

"മാഷ്ക്ക് ചെയ്തൂടെ?."

"പറ്റില്ല്യ ട്ടാ!."  ചോദ്യം കാത്തിരുന്നപോലെ ചന്ദ്രൻ മാഷ്  ദയാരഹിതനായി.

"ഇനീപ്പോ എന്ത് ചെയ്യും?."

"ഒരാളെ കണ്ടെത്തിയേ തീരൂ."

"അതേ, അതാരാ?."

ദീർഘമേറിയും വെട്ടിയാൽ മുറിയാതെയും കനത്തുനിന്ന ഒരു നിശ്ശബ്ദതക്കൊടുവിൽ ആ ശബ്ദം മുഴങ്ങി.

"ഞാൻ ചെയ്യാം."

ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും നോക്കി. ഹരിയാണ് . ഹാളിൻ്റെ പുറത്തെ തിണ്ണയിൽ എല്ലാവരിൽനിന്നും അകന്നിരുന്ന് എല്ലാം കേട്ട് എന്നാൽ ഒന്നും മിണ്ടാതെ എല്ലാം സസൂക്ഷ്മം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു കക്ഷി.

പോക്കറ്റിൽ നിന്നും കാജാ ബീഡിയുടെ പാക്കറ്റ് എടുത്ത് ഒരെണ്ണം കൊളുത്തി വെളിയിലെ ഇരുട്ടിലേക്ക് നിർവികാരതയോടെ പുകവലയം വിട്ടുകൊണ്ട് ഹരി ഇരുന്നു.

."എന്താ ഹരി പറഞ്ഞേ ?"

വേണുവാശാൻ ചോദിച്ചു.

"ഞാൻ ചെയ്യാന്ന്!. "

"ഒറപ്പാണോ?."

"ഇനീപ്പോ തേവരടെ നടക്കല് ചെന്ന് സത്യം ചെയ്യണോ.?"

മേലുകീഴ് തടവാൻ പറ്റാത്ത പ്രകൃതക്കാരൻ തുറിച്ചു നോക്കിയപ്പോൾ ആശാൻ ഒരു ചമ്മൽ ചിരിച്ചു മൗനിയായി .

എല്ലാവരും പരസ്പരം നോക്കി. ഇതുവരെ ഒരു സ്റ്റേജിലും കയറിയിട്ടില്ലാത്ത ദേഹമാണ്. ഗോപി വരാത്ത ദിവസം ഒന്ന് പ്രോംപ്റ്റ് ചെയ്യാൻ പറഞ്ഞാൽ പോലും നിർദ്ദാക്ഷിണ്യം നിരസിച്ചിരുന്ന പാർട്ടി. എങ്കിലും ദിവസവും റിഹേഴ്സൽ കണ്ടു പരിചയമുള്ള ആളായതിനാൽ ഹരി തന്നെ മതി എന്നു യോഗം തീരുമാനിച്ചു.

"ശരി ശരി അപ്പൊ ഹരി വെടി വെക്കുന്നു!."

ഒന്ന് കണ്ണിറുക്കിക്കൊണ്ടു രാജു പ്രഖ്യാപിച്ചു .

"ഡാ രാജ്വോ, വേണ്ട്ര വേണ്ട്ര!. നിയ്യ് വെളഞ്ഞ കണ്ടത്തിൽക്ക് തേവണ്ട്ര !."

"അയ്യോ ഹര്യേ ഞാനതല്ല ഉദ്ദേശിച്ചത്!."

"പിന്നെ നീയെന്താണ്ടാ ഉദ്ദേശിച്ചേ?. പറയ്‌! . മ്മക്കിപ്പന്നെ തീരുമാനാക്കാം!."

ഹരി രണോത്സുകനായി എഴുന്നേറ്റു. പഴയൊരു പൂരക്കമ്മിറ്റി വിഷയത്തിൽ ഹരിക്കു രാജുവിനോട് ചെറിയ ഒരിർണം ഉണ്ടായിരുന്നു എന്ന കാര്യം സുവിദിതമായിരുന്നു.

"അയ് അയ്, അത് പോട്ടെ ഹര്യേ !."

എല്ലാവരും ചേർന്ന് ഹരിയെ തളച്ചു. ഒന്ന് തണുപ്പിക്കാൻ എന്ന ഭാവേന വേണുവാശാൻ അടുത്തു ചെന്ന് ചോദിച്ചു.

"അല്ല ഹര്യേ അറിയാണ്ട് ചോയ്ക്ക്യാ; എങ്ങന്യാ നിയ്യ് പൊട്ടിക്കാൻ പോണ്, കളിത്തോക്കിൻ്റെ കേപ്പോണ്ടാ?. "

"അല്ല കോപ്പോണ്ട്!. അതൊക്കെ താനെന്തിനാ അറ്യേണ്?. സാനം സമയത്ത് പൊട്ട്യാ പോരെ?. അതേയ് കളിക്കാൻ നിക്കാണ്ട് നിങ്ങള് റിഹേഴ്സല് തൊടങ്ങു്. ഇക്കൊറക്കം വര്ണ്ട് !.

കെട്ടു പോയ ബീഡിക്കുറ്റി ആഞ്ഞു വലിച്ചു കത്തിക്കാൻ നോക്കി പരാജയപ്പെട്ടപ്പോൾ ഹരി അത് വെളിയിലേക്കെറിഞ്ഞു.

" അതവൻ ചെയ്‌തോളും . അതേയ് മ്മക്ക് തൊടങ്ങാം. ഗോപ്യേ പുസ്തകട്ക്ക്!."

അമ്പലത്തിലെ  വെടിക്കെട്ടു പണിയിൽ തനിക്ക് സഹായിയായ ഹരിയിൽ ഉണ്ണിയേട്ടൻ അർപ്പിച്ച പൂർണ്ണവിശ്വാസം പ്രതിസന്ധിക്ക് പരിഹാരമായി. തൽക്കാലം മേശയിൽ കല്ലെടുത്ത് കുത്തി നല്ല ടൈമിങ്ങിൽ വെടി പൊട്ടിച്ചു തൻ്റെ ഡ്രാമാ സെൻസ് തെളിയിച്ചുകൊണ്ട് ഹരി ഞങ്ങൾക്ക് ആവേശവുമായി. ഞങ്ങളുടെ ആവേശത്തിൽ തരളിതനായപ്പോൾ റിഹേഴ്സൽ കഴിഞ്ഞു മടങ്ങുന്ന നേരം വിളക്കുംകാൽ കവലയിൽ വെച്ച് ഹരി ആക്ഷൻ പ്ലാൻ വിവരിച്ചു തന്നു..

സംഗതി ലളിതമായിരുന്നു. പ്രായോഗികവും. നല്ല പരന്ന ഒരു കരിങ്കൽ പാളിയിൽ ഒരു നുള്ളു പടക്കമരുന്നു വെച്ച് അതിനു മുകളിൽ ചെറിയൊരു കഷ്ണം വെള്ളാരംകല്ല് വെച്ച് അതിന്മേൽ ചുറ്റികകൊണ്ട് അടിക്കുക . കണ്ണഞ്ചിക്കുന്നതും കാതടപ്പിക്കുന്നതുമായ വെടി ഗ്യാരണ്ടി. വെടിസൂത്രമറിഞ്ഞപ്പോൾ എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു:

"ചുറ്റിക ഒന്ന് തെറ്റിയാ നാടകം പൊട്ടും ട്ടാ ഹര്യേ !. "

"അതൊക്കെ ഞാൻ നോക്ക്യോളാം.  നിങ്ങള് സംഭാഷണം പൊട്ടിക്കാഞ്ഞാ മതി."

വെടിമരുന്നും കരിങ്കല്ലും വെള്ളാരംകൽ ചീളുകളും ചുറ്റികയും ഉപയോഗിച്ച് പിറ്റേന്ന്‌ വാർഷികദിവസം രാവിലെ അമ്പലപ്പറമ്പിൽ ഡെമോൺസ്ട്രേഷൻ നടത്തി ഹരി എല്ലാവരേയും ത്രസിപ്പിച്ചു. ഉണ്ണ്യേട്ടൻ രണ്ടുതവണ നിലത്തു വീണുകൊണ്ട് വെടിമരുന്നു പ്രയോഗത്തിൻ്റെയും അഭിനയത്തിൻ്റെയും പാരസ്പര്യം ഉറപ്പാക്കി.

വാർഷിക സമ്മേളനവും തുടർന്നു രംഗപൂജയും ഭരതനാട്യവും മറ്റു നൃത്ത നൃത്യാദികളും ശ്രീധരൻ്റെ ഗാനമേളയുമായി കലാപരിപാടികൾ കഴിഞ്ഞപ്പോൾ വാസുദേവൻ്റെ കിണ്ണത്തിലടിച്ചുള്ള അനൗൺസ്മെന്റോടെ നാടകം തുടങ്ങി. സംഭാഷണം പച്ചവെള്ളമാക്കിയവർ അത് മൈക്കിനടുത്തു വന്നു തുരുതുരാ വർഷിച്ചും പരുങ്ങലിലായവർ യഥാസമയം പിന്നിലെ നീലക്കർട്ടനടുത്തു ചെന്ന് ഗോപിയുടെ സീൽക്കാരമൊഴിക്കു കാതു കൊടുത്തും വലിയ പരിക്കില്ലാതെ സംഭവം നീക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മഴ പെയ്തത്!. അതോടെ സദസ്സ് ഛിന്നഭിന്നമായി. പകുതി ജനങ്ങൾ സ്ഥലം വിട്ടു. പകുതി ആലിൻ ചുവട്ടിലും സെക്രട്ടറി പിഷാരടിയുടെ വീടിൻ്റെ ഇറക്കാലിയിലും കയറി നിന്ന് നാടകം കണ്ടുകൊണ്ട് തങ്ങളുടെ സാംസ്‌കാരിക പ്രതിബദ്ധത തെളിയിച്ചു. നാടകം അവസാനിക്കാൻ അര മണിക്കൂറുള്ളപ്പോൾ മഴ നിന്നു. ചളിപിളിയായ അമ്പലപ്പറമ്പിൽ സ്റ്റേജിനു മുന്നിൽ തടിച്ചുകൂടി നിന്നുകൊണ്ട് കാണികൾ നാടകം കണ്ടു .

അവസാനം ആ അനർഘ മുഹൂർത്തമെത്തി. ആകാംക്ഷ നിറഞ്ഞ മുഖവുമായി നിൽക്കുന്ന മുതലാളിയുടെ മകളോട് ഡ്രൈവർ ആ രഹസ്യത്തിൻ്റെ മറ നീക്കുവാൻ പോവുകയാണ് . ഉണ്ണ്യേട്ടൻ ഇടംകണ്ണിട്ടു അണിയറയിലേക്കു നോക്കി. ഹരി റെഡിയല്ലേ!.

ഉണ്ണ്യേട്ടൻ രഹസ്യം പരസ്യമാക്കി !.

"ധും!."

നെഞ്ച് പൊത്തി വീഴാൻ ഗിയറിട്ടു നിന്ന ഉണ്ണ്യേട്ടൻ അങ്കലാപ്പിലായി.
വെടി ശബ്ദമല്ല, മര ഉരലിൽ കതിന മരുന്നിടിക്കുന്ന ശബ്ദമാണ് കേൾക്കുന്നത് !.

ദെന്താദ്!.

"ധും.."

വീണ്ടും മരുന്നിടി തന്നെ!. . എല്ലാവരുടെയും ചങ്കിടിപ്പു വർദ്ധിച്ചു . ദൈവമേ, ഹരി ചതിച്ചുവോ!.

"ഹര്യേ എന്താ പ്രശ്‍നം?."

ഗോപിയുടെ ആശങ്കയിൽ പൊതിഞ്ഞ ഉറക്കെയുള്ള ചോദ്യം മൈക്കിൽ വ്യക്തമായി കേട്ടു .

നാടകത്തിൽ വേഷം കിട്ടാത്ത വിമതപക്ഷം അതോടെ പണി തുടങ്ങി. റിഹേഴ്സൽ കണ്ടു പരിചയമുള്ള ആരോ സദസ്സിൽ നിന്നും വിളിച്ചു പറഞ്ഞു:

"വെട്ടി പൊട്ടട്രാ!."

"ധും..... ധും ......"

"പൂ.......യ് ....പൂ.......യ് !."

"ധും.... ധും .....ധും...... ധും "

സസ്പെന്സിന് ആക്കം കൂട്ടാനുള്ള പശ്ചാത്തലസംഗീത  പ്രയോഗമാണെന്ന് ആദ്യം തെറ്റിദ്ധരിച്ച കലാരസികരൊക്കെ പെട്ടെന്ന് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു വിമത പക്ഷം ചേർന്നു കൂവി .

"ധും ധും ധും ധും ധും ധും ധും "

ദുന്ദുഭി നാദം നാലിരട്ടിയായി. എന്നിട്ടും വെട്ടി പൊട്ടുന്നില്ല.

രാജു പിന്നെ സമയം വൈകിച്ചില്ല. വരുന്നത് വരട്ടെ എന്ന് നിശ്ചയിച്ച് വായക്കിരുവശവും കൈവെച്ചു സർവ്വശക്തിയുമെടുത്ത് ഒരു കാച്ചങ്ങു കാച്ചി.

"ട്ടേ .............യ്‌ !."

രാജുവായിലെ വെടിയൊച്ച കേട്ടപ്പോൾ ഇനി കാത്തു നിൽക്കുന്നതിൽ നാടകമില്ല എന്ന് തീരുമാനിച്ച് ഉണ്ണ്യേട്ടൻ നെഞ്ച് പൊത്തി നിലത്തു വീണു പിടഞ്ഞു നിശ്ചലനായി. തൊട്ടു പിന്നാലെ കണ്ണഞ്ചിപ്പിക്കുന്ന മിന്നലിലും അതി ഭയങ്കരമായ ശബ്ദത്തിലും കർട്ടനു പിന്നിൽനിന്നും ഔദ്യോഗിക വെടിയും പൊട്ടി!.


കൂവലുകാർ പോലും ഒരു നിമിഷം സ്തബ്ധരായി നിന്നപ്പോഴാണ് ഉണ്ണ്യേട്ടൻ ആ കടുംകൈ ചെയ്തത്!. ഹരിവെടി കേട്ടപാടെ നാല് ഉശിരൻ പിടച്ചിലിനോട് ആദ്യപ്രകടനത്തിൽ വിട്ടു  പോയ ഒരാർത്തനാദം കൂട്ടിച്ചേർത്ത് മരണത്തിൻ്റെ രണ്ടാം പതിപ്പ്  ഉണ്ണ്യേട്ടൻ പ്രകാശനം ചെയ്തു.

അഞ്ചാംകാലത്തിൽ മുറുകിയ കൂവലിനിടയിലൂടെ കുത്തിത്തിരുകി സ്റ്റേജിൽ കയറി അന്തംവിട്ടുനിന്ന രവിയുടെ കയ്യിൽനിന്നും കയർ പിടിച്ചു വാങ്ങിയാണ് സെക്രട്ടറി പിഷാരടി ദുരന്തനാടകത്തിനു കർട്ടനിട്ടത്.
:
:
:

മഴയിൽ കുതിർന്നു കിടന്ന കരിങ്കൽ പാളിയും നനഞ്ഞ പടക്കമരുന്നുമാണ് വെടിയിൽ ചതിച്ചതെന്നു ഹരി സത്യം ചെയ്‌തെങ്കിലും പലർക്കും അത് സ്വീകാര്യമായില്ല.

"അപ്പൊ പിന്നെ അവസാനം പൊട്ടീതോ?."

രാജു അവസരം ഉപയോഗിക്കുകയായിരുന്നു.

ഉണ്ണ്യേട്ടനാണ് സംശയം തീർത്തത്.

"ഇടിച്ചിടിച്ചിടിച്ച് കല്ലും മരുന്നും ചൂടായീപ്പോ പൊട്ടീതാന്നേയ്!."

വെടിമരുന്നിൻ്റെ അകം പൊരുളും പുറം പൊരുളും അറിയുന്ന ഉണ്ണ്യേട്ടൻ പറഞ്ഞത് കേട്ട് മറ്റെല്ലാവരും അടങ്ങിയെങ്കിലും രാജുവിന് അരിശം തീർന്നിട്ടില്ലായിരുന്നു. ധരിച്ചിരുന്ന സിൽക്ക് ജുബ്ബ ഊരി നിലത്തെറിഞ്ഞുകൊണ്ട് അവൻ ചിറി കോട്ടി.

"ശര്യാ, പെരുന്നാള് പലഹാരത്തിന് അരി ഇടിക്കണ പോല്യല്ലേ ഇടിച്ചേർന്നേ ; ചൂടാവാണ്ടിരിക്ക്യോ !."

അത് കേട്ടപ്പോൾ ഉയർത്തിപ്പിടിച്ച ചുറ്റികയുമായി ഉണ്ണി ഹരിക്കുനേരെ കുതിച്ചു.

" അവൻ കൊറേ കാലായി ണ്ടാക്കാൻ തൊടങ്ങീട്ട് പന്നി!. നെന്നേന്ന് ഞാൻ...... "

"അയ് അയ് ഹര്യേ അരുത്!. അരുത് ഹര്യേ ........ അടങ് നിയ്യ്!."

ഹരിക്കും രാജുവിനും ഇടയിൽ ഉടനടി മതില് കെട്ടിയതുകൊണ്ട് പോലീസ് സ്റ്റേഷനും വാർഷികത്തിന്റെ വരവുചെലവു കണക്കിൽ ആശുപത്രിച്ചെലവും ഒഴിവാക്കാനായി .