2013, ഡിസംബർ 4, ബുധനാഴ്‌ച

തന്നിഷ്ട്ടം

തന്നിഷ്ട്ടം 

വെളുപ്പിനുള്ള  അതിവേഗനടത്തം പൂർത്തിയാക്കി വീട്ടിലേക്ക്‌ കയറുമ്പോൾ എതിരെനിന്നും ബൈക്കിൽ വന്ന സുഹൃത്ത് പടിക്കൽ വണ്ടി നിർത്തി. പുഞ്ചപ്പാടത്ത് വിത്തിറക്കിയ കണ്ടത്തിൽ വെള്ളത്തിന്റെ നില നോക്കാൻ പോയി മടങ്ങി വരികയാണ് പഴയ  സഹപാഠി.

"നടക്കാൻ പോയി വര്വാല്ലേ ?"

"അതെ."

"എത്രോണ്ട്  നടക്കും?"

"മുതുവറ,അമല ആശുപത്രി, വ്യാസപീഠം, സംസ്കൃത വിദ്യാപീഠം, പോസ്ടാപ്പീസ് വഴി."

"അയ്യെന്റമ്മേ ! വഴി കൊറച്ച്ണ്ടലോ ?"

"തരക്കേടില്ല്യ.  ആറ് കീമീ ."

"തന്ന്യാ  നടക്ക്വാ ? കൂട്ടിന്  ആരൂല്ല്യേ  ?"

"ഇല്ല്യ. എന്തിനാപ്പൊ കൂട്ട് ? തന്നെ നടക്കാനാ എനിക്കിഷ്ട്ടം."

"ങ്ഹും . മറ്റോൻ  പറഞ്ഞ പോലെ  തന്നിഷ്ട്ടം!"

"ങ്ഹാ ഏതാണ്ടൊക്കെ. ജീവിച്ചു പോണ്ടേ! അതു  പോട്ടെ;  ആരാ ഈ 'മറ്റോൻ ' ?" ഞാൻ ചോദിച്ചു .

" ഏയ്‌ ! ഞാൻ വെർതെ  തമാശ പറഞ്ഞതല്ലേ."

അല്ലല്ലല്ല. എന്തോ ഒന്നുണ്ട്. നീയൊരു തമാശക്കാരനാന്ന്  അന്നുമിന്നും എനിക്ക് തോന്നീട്ടില്ല്യ !."

"ഒന്നൂല്ല്യടോ. നീ മ്മടെ ഒപ്പം പത്താം ക്ലാസില് പഠിച്ചേർന്ന  ഒ  പി.ടി. രമേശനെ ഓർക്ക്ണ്ടാ ; പടിഞ്ഞാറ്റുമുറിക്കാരൻ ?"

"ഉവ്വ്.  ദാ ഇന്നാള് വരെ കണ്ടതാ. ഒരീസം എന്റെ കൂടെ നടക്കാണ്ടാർന്നു. "

"അത് ശരി!.   ന്നട്ട്  ഇപ്പെന്തേ അവൻ കൂടെ വരണില്ല്യേ ? "

"അവൻ വരായ്ക്യല്ല. ഞാൻ ഒന്ന് മാറ്റിപ്പിടിച്ചതാ. എന്റെ താളോം അവന്റെ താളോം യോജിക്കില്ല്യ ."

"അപ്പോ അവൻ പറഞ്ഞത് ശര്യന്ന്യാ!   നീ അവനെ ഒഴിവാക്കീന്ന്  !"

"ഹത് ശരി !. അപ്പോ അതാ കാര്യം അല്ലെ?. സാരല്ല്യ . സാരല്ല്യാന്ന് മാത്രല്ല. ഒഴിവാക്കീത്  നന്നായീന്നന്നെ പറേണം. കാരണണ്ട് !.  "

"അതെന്താ?." സുഹൃത്ത് തലയിൽ കെട്ടിയ തോർത്തുമുണ്ടഴിച്ചു കഴുത്തിലിട്ട് കാരണം കേൾക്കാൻ കയ്യും കെട്ടിനിന്നു.

"വെളുപ്പിന് അഞ്ചര തൊട്ട് ആറര  വരേള്ള  ഒരു മണിക്കൂറോണ്ട് വിലങ്ങൻ കുന്നിന് ഒരു പ്രദക്ഷിണം വെക്ക്യാ, വെയിലുദിക്കണേനു മുമ്പ് തിരിച്ചെത്ത്വാ , ഇതാണെന്റെ കണക്ക്. പിന്നെ നടക്കുമ്പോ എനിക്കൊരു വേഗോം താളോം ഒക്കേണ്ട്. അത്  തെറ്റിക്കാൻ രണ്ടാമതൊരാളെ   കൂടെ കൂട്ടാറില്ല്യ. കാരണം, വേഗതേല്   എന്നേക്കാൾ കൂട്യോനോ  കൊറഞ്ഞോനോ ആവാം  അയാള് . അഡ്ജസ്റ്റീയാൻ പറ്റില്ല്യ. മാത്രോല്ല കൂടെ ഒരാള് കിടികിടീന്നു വർത്താനം പറഞ്ഞു നടക്കണതും  എനിക്കിഷ്ട്ടല്ല . ഈ നടത്തം ന്നൊക്കെ പറേണത് എനിക്കൊരു ധ്യാനാ! "

"അതിനിപ്പോ ധ്യാനം മൊടക്കാൻ  മ്മടെ പാർട്ടി എന്തേ ചെയ്തേ ?" കൂട്ടുകാരൻ  ഉത്സുകനായി .

"രണ്ടാഴ്ച മുമ്പ് ഇണ്ടായീതാ . വീട്ടീന്ന്  എറങ്ങി  ആശ്രമം ബസ് സ്റ്റോപ്പിലെത്തി  വലത്തോട്ട്  തിരിഞ്ഞ് മുതുവറ  ഭാഗത്തയ്ക്ക് വെച്ചടിച്ചപ്പോ പിന്നീന്ന് ഒരു കയ്യടീം  ബഹളോം  കേട്ടു . തിരിഞ്ഞു നോക്കീപ്പോ ഇവനാ. രമേശൻ . "നിക്ക് ബാലന്ദ്രാ , ഞാനൂണ്ട്. ഒപ്പം നടക്കാൻ ഒരാളെ കിട്ടാണ്ട്‌ നിക്ക്വാർന്നു. അപ്പളാ തന്റെ വരവ്. " എന്നും പറഞ്ഞ്‌ ആശാൻ എന്റെ കൂടെ കൂടി. ചറപറാന്നു സംസാരം. മന്ദഗതി. രണ്ടാമതൊന്നു ചിന്തിക്കാണ്ട് നിർദ്ദാക്ഷിണ്യം വിട്ടു കളഞ്ഞാലോന്ന് വെച്ചതാ ഞാൻ .  അതു മോശല്ലേന്നു തോന്ന്യോണ്ട്  വേഗത  കുറച്ചു കൂടെ നടന്നു.വിമ്മിഷ്ട്ടം സഹിച്ച് ബ്ലോക്കാപ്പീസിന്റെ അവടെത്തീപ്പോ എതിരേന്ന്  വന്ന ഒരാള്  കൈ വീശി ഗുഡ് മോണിംഗ് പറഞ്ഞതും  "ബാലന്ദ്രാ പോല്ലേ! ഒരു മിനിറ്റ് , ഞാൻ ദാ വരണു" എന്നും പറഞ്ഞ്  മ്മടെ ആശാൻ നടത്തം നിർത്തി അയാളോട് വിശേഷിക്കാൻ നിന്നു .   ചിറ്റിലപ്പിള്ളി ഭാഗത്ത് നടന്ന ഒരു സ്ഥലക്കച്ചോടോം അതിന്റെ ബ്രോക്കറേജും ആ സ്ഥലം കൂട്യേ വേലയ്ക്കു ചോദിച്ച തനിക്കു തരാണ്ട് വേറൊരുത്തനു കൊടുത്തത്തിലുള്ള മ്മടെ വിദ്വാന്റെ അമർഷപ്രകടനവും ഒക്ക്യായി ഒരു റിയൽ എസ്റ്റേറ്റ്‌ ഷോ അവർക്കിടയിൽ പൊടിപൊടിക്കണതു കണ്ടപ്പോ എനിക്ക് ആസകലം തരിച്ചു കയറി !"

"ന്ന്ട്ട് ?" സുഹൃത്തിന് വല്ലാതെ രസം പിടിച്ചു. 

"ദ്വേഷ്യം  അടക്ക്യോണ്ട് ഞാൻ പറഞ്ഞു; "അതേയ്‌  രമേശാ സമയം പോണൂ"ന്ന്. അത് കേട്ടപ്പോ സംസാരം നിർത്തി സോറീം പറഞ്ഞ്  പാർട്ടി കൂടെ വന്നു. പുത്തിശ്ശേരി എത്തീപ്പോണ്ട്രാ വേറൊരാള്. ഇത്തവണ വിഷയം സാംസ്കാരികം. ഉപജില്ല സ്കൂൾ യുവജനോത്സവത്തിൽ കേരളനടനത്തിൽ തന്റെ മോൾക്ക്‌ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടതിന്റെ വ്യസനം പറഞ്ഞു നിന്ന പരിചയക്കാരനോടു അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് യുവജനോത്സവത്തിന്റെ ഉള്ളറരഹസ്യങ്ങളുടെ ചുരുളഴിക്കുന്നത് കണ്ടപ്പോൾ എന്റെ ക്ഷമ കെട്ടു . "രമേശാ ..!" എന്റെ വിളിയിലെ കനപ്പ് സെൻസീതിട്ടാവാം ഫെസ്റ്റിവൽ നിലവറകളുടെ  വാതിലടച്ചു സോറി പറഞ്ഞ് രമേശൻ നടത്തം തുടർന്നു . പക്ഷെ അമല സെന്ററിലെ പ്രജാപതി ഹോട്ടലിലേക്ക് ചായ കുടിക്കാനായി കൈ പിടിച്ചുവലിച്ചപ്പോ എനിക്കു ക്ഷമിക്കാനായില്ല്യ .  താൻ പോയി ചായ കുടിക്ക് . എനിക്ക് കാത്തു നില്ക്കാൻ സമയല്ല്യ. പോയിട്ട് വേറെ പണീണ്ട്ന്നും പറഞ്ഞു ഞാൻ കുതറിയോടി. സംഭവത്തിന്റെ തൊടക്കോം  ഒടുക്കോം  അതാർന്നു . "

"അത് ശരി ! അപ്പൊ അങ്ങന്യാ കാര്യല്ലേ ! കൊള്ളാം അസ്സല് പാർട്ടി !. ഇവൻ എന്തിനാ ഇത്ര ബുദ്ധിമുട്ടണതാവോ ? നേരം വെളിച്ചാമ്പോ കാക്കൂട്ടില് കയ്യും തിരുകി കെടന്നൊറങ്ങ്യാ പോരേ?" സുഹൃത്ത് .

" ആവോ. അതവന്റെ ഇഷ്ട്ടം. ?"

"തന്നിഷ്ട്ടം!ഹ ഹ ഹ ഹ  ശരി,  പോട്രാ പണീണ്ട്."പൊട്ടിച്ചിരിച്ചുകൊണ്ട് സുഹൃത്ത് തോളത്തുകിടന്ന തോർ ത്തുമുണ്ട് തിരിച്ചു തലയിൽ കെട്ടി പഴയ'യെസ്ഡി'മോട്ടോർ സൈക്കിൾ  ഒറ്റകിക്കിന് അത്ഭുതകരമായി സ്റ്റാർട്ടാക്കിക്കൊണ്ട് ഓടിച്ചു പോയി.  



2013, നവംബർ 12, ചൊവ്വാഴ്ച

സത്യസന്ധത


സത്യസന്ധത 

ബി.എ പാസ്സായി  കാജാബീഡിയും അമ്പലപ്പറമ്പിൽ അമ്പത്താറു കളിയും കാതിലെ  മച്ചിങ്ങഞാത്തും താര ടാക്കീസിൽ  സെക്കന്റ് ഷോയുമായി  തേരാ ആൻഡ്‌ പാര കളിച്ചു നടക്കുന്ന കാലം. ഏതോ ദേശസാൽകൃത ബാങ്കിലേക്ക് 'അപ്പ്ളിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ്‌ ഓഫ്....' ഒന്നയക്കാനായി ഒരു നട്ടുച്ചയ്ക്ക്  പോസ്റ്റ്‌ ആപ്പീസിലേക്ക് പോയതാണ്. അവിടെ ചെന്നപ്പോള്‍ ആകെ  ബഹളം. ആശ്രമം സ്കൂളിലെ ഒരു മാഷ് പരവശനായി വിയർത്തു കുളിച്ചു നില്‍ക്കുന്നു. പോരാത്തതിന് പോസ്റ്റ്‌ മാഷും പോസ്റ്റ്‌ മാൻ എഴുത്തശ്ശനും എന്തൊക്കെയോ ചോദിച്ച് മാഷെ വശം കെടുത്തുന്നുമുണ്ട്. കന്നുകാലി പൊരുത്തുകാരന്‍ പൈലോത് മാപ്ലയുമുണ്ട് കൂട്ടത്തിൽ. ഞാൻ കാര്യം തിരക്കി. കോട്ടയത്തുള്ള വീട്ടിലേക്ക്‌ മണി ഓര്‍ഡര്‍ അയക്കാന്‍ വന്നതാണ് മാഷ്. കരുതിക്കൊണ്ടു  വന്ന  നൂറു രൂപ കാണാനില്ല. മണി ഓര്‍ഡര്‍ ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ പണം മേശപ്പുറത്തു അഞ്ചടി പത്തടി നടന്ന് മൂക്കൊന്നു ചീറ്റി വന്നപ്പോഴേക്കും പണം കാണാതായത്രേ!

 " അയ്‌ ..അപ്പൊ പണം എവിടെ പോവാനാ  മാഷേ ?" 

എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശുദ്ധഗതിക്കാരനായ പൊറിഞ്ചു മാപ്ല എടുത്തു ചാടി പറഞ്ഞു: 

"അതന്ന്യാ  ഞാനും ചോദിക്കണേ കുട്ട്യേ !. ഈ മാഷ് വരുമ്പോ ഞാന്‍ ഇബടേണ്ട്.  വേറാരും ഇതിനെടയ്ക്ക് ഇബടെ വന്ന്ട്ടൂല്ല്യ ഇബട്ന്ന്  പോയിട്ടൂല്ല്യ . അപ്പപ്പിന്നെ എവടെ പൂവാനാ  പണം ?"

-x-x-x-x-x-






2013, നവംബർ 8, വെള്ളിയാഴ്‌ച

അമ്മയും മകനും

അമ്മയും മകനും 


ചെറുബാല്യത്തിലെ  ഒരു  വേനലവധിക്കാലം.

"അതേയ് നോക്ക്വോ, ഇന്നെന്തായാലും മുണ്ടൂര് പോണം ട്ടാ. ഇനി അവനോന് നേരല്ല്യാച്ചാ ചന്നരനേം കൂട്ടി ഞാൻ പൂവാൻ നിരീച്ച്ണ്ട്!. പത്തു മാസം ചോന്ന് പെറ്റൊരു തള്ളേണ്ട് അവടെ.  വല്ലപ്പഴൊന്നു ചെന്നു കണ്ടാ ദോഷൊന്നൂല്ല്യ !"

അമ്മയുടെ നിരന്തരമായ സമ്മർദ്ദം സഹിക്ക വയ്യാതായപ്പോൾ ഒരു ഞായറാഴ്ച ഒന്നാം ക്ലാസുകാരനായ എന്നെയും അമ്മയെയും കൂട്ടി അച്ഛൻ മുണ്ടൂരിലുള്ള സ്വന്തം തറവാട്ടിലേക്ക് പുറപ്പെട്ടു. അമ്പലത്തിനു മുന്നിലെ മുണ്ടകൻ പാടത്തുകൂടെ നടന്നു  മുതുവറയിലെത്തി  ജീബി ട്രാൻസ്പോർട്ടിൽ കയറി മുണ്ടൂർ രാധാകൃഷ്ണ ടാക്കീസിനടുത്ത് ബസ്സിറങ്ങി. 

അച്ഛന്‍റെ  പിന്നിൽ അമ്മയുടെ കൈവിരലിൽ തൂങ്ങി  വീട്ടിലേക്കു നടക്കുമ്പോൾ അമ്മ  മുന്നറിയിപ്പു നൽകി  .

"അതേയ്, വീട്ടിച്ചെന്നാ അമ്മ വല്ലത്വൊക്കെ പറേം. അതും കേട്ട് മോൻ തുള്ളാൻ നിക്കണ്ടാ ട്ടോ. പർഞ്ഞേക്കാം.!"

"ന്നാപ്പിന്നെന്തിനാ നിങ്ങള് എന്നേങ്ങട് കെട്ടീട്ത്തത് ?"

"കെട്ടീട്ത്തത് തള്ളോടങ്കം വെട്ടാനല്ല!. മൂത്ത മോന്‍റെ മൊഖം  പാവം വല്ലപ്പഴും ഒന്ന് കണ്ടോട്ടേന്ന് വെച്ച്ട്ടാ  !"

അച്ഛൻ നിശ്ശബ്ദനായി. ശൂരനും ക്ഷിപ്രകോപിയുമാണെങ്കിലും അങ്കംവെട്ട് എന്നു കേട്ടപ്പോൾ അച്ഛന് ചെറിയൊരു തളര്‍ച്ച അനുഭവപ്പെട്ടിരിക്കണം!. കാരണം പോർമുഖങ്ങളിൽ എന്നും അച്ഛന്‍റെ വാട്ടർലൂ ആയിരുന്നു അച്ഛമ്മ!.   

വീടിന്‍റെ ചവിട്ടു പടിയിൽ അച്ഛന്‍ കാലെടുത്തു വെച്ചതും ഇറയത്ത് അനന്തശയനം പോസിൽ കിടന്നിരുന്ന  അച്ഛമ്മ മുറ്റത്ത് അമ്മയോടൊട്ടി  വിരലു  കടിച്ചു നിന്ന എന്നെ മുന്‍നിര്‍ത്തി ഒരു ശരം തൊടുത്തു:

"എന്തിനാണ്ടാ ഇങ്ങട്  പോന്ന്?. അച്ഛമ്മ ചത്ത്വോന്നു നോക്കാനാ ?"

അമ്പ് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. അച്ഛന്‍റെ മുഖം ചുവന്നു.

"വന്നു കേറ്യേപ്ലക്കും   തൊടങ്ങി അമ്മ!. അമ്മേ ദേ ഒരു കാര്യണ്ട്‌ട്ടാ!. അമ്മേടെ കൊത്തിവർത്താനം കേക്കാനല്ല ഞാൻ വന്നേക്കണത് !"

"പിന്നെന്തിനാണ്ടാ നീയ് വന്നേക്കണ്?" 

എണീറ്റിരുന്നുകൊണ്ട് അച്ഛമ്മ മുഖദാവിലേക്കു പ്രവേശിച്ചു.

"മൂന്ന് മാസായില്ല്യേ നീയീ ഉമ്മറത്തക്ക്‌ കാല് കുത്തീട്ട്?. ഇക്കണ്ട കാലം തള്ളേനെ ഒന്നു വന്നു കാണാൻ സമയണ്ടായോ നെനക്ക്? . ഞാന്‍ പറേണേനാ അവനു ചൊരുക്ക് ! അവന്‍ ചെയ്യണേനൊന്നൂല്ല്യ !"

"ഞാനെന്തൂട്ട് ചെയ്തൂന്നാ അമ്മ പറേണ്?. ദേ അമ്മ ന്നെക്കൊണ്ടൊന്നും പറേപ്പിക്കണ്ട!"

 അച്ഛൻ തുടക്കത്തിലേ  പരാജയം മണത്തു.

"ഔ  പറഞ്ഞാ  നീയെന്ന്യങ്ങട്  മൂക്കില് വലിച്ചു കേറ്റൂലോ !. ദേ നാരേണാ! വേണ്ട; ന്നോട് യുദ്ധം വെട്ടാൻ നിക്കണ്ട നിയ്യ് !."

അത്രയും പറഞ്ഞ് അച്ഛമ്മ അമ്മക്കു നേരെ തിരിഞ്ഞു :

"ഇക്കറ്യാം; നീയൊരുമ്പെട്ടോണ്ടാവും ഇന്നെങ്ങിലും ഇങ്ങടൊന്നെഴുന്നള്ളാൻ അവന്  കയ്യും കാലും പേർന്നത് !. വന്ന കാലുമ്മെ  നിക്കാണ്ട്  അടുക്കളേല് ചെന്ന് ആ കുട്ടിക്കെന്തെങ്കിലും എട്ത്തു കൊടുക്കെന്‍റെ പാറൂട്ട്യേ നിയ്യ്!."

അമ്മയുടെയും മകന്‍റെയും പരസ്പരാഭിവാദ്യങ്ങൾ  അങ്ങിനെ കലാശിക്കും .

കയ്യിലിരുന്ന കാലൻ  കുട ഉമ്മറത്തെ  കഴുക്കോലിൽ കൊളുത്തിയിട്ടിട്ട് ഇറയത്തോടു ചേർന്നുളള ചായ്പ്പിൽ കടന്നു ഷർട്ടൂരിയിട്ടു  തിരിച്ചു വരുന്ന അച്ഛനോട്  അച്ഛമ്മ പറയും.

"നാരേണാ, ന്‍റെ കട്ടിലിന്‍റെ തലക്കല് ചെല്ലം ഇരിക്കണ്ട്.  അതിങ്ങടെടുത്തോ ."

പിന്നെ ഇറയത്ത്  പരസ്പരം അഭിമുഖമായിരുന്ന് അമ്മയും മകനും ചേർന്നൊരു മുറുക്കിപ്പിടുത്തമുണ്ട്. ഇറയത്ത്‌ കിടന്നിരുന്ന ഒരു പഴുക്കടയ്ക്ക എടുത്തു രണ്ടായി വെട്ടി തൊണ്ടു ചീന്താൻ തുടങ്ങുന്ന അച്ഛനെ തടഞ്ഞുകൊണ്ട് അച്ഛമ്മ പറയും:

" വേണ്ട്ര . ആ അടക്ക നെനക്ക്  പറ്റില്ല്യ !. ചൊരുക്കും. ട്യേ കാർത്ത്യേന്യേ! ആ കലത്തിലിരിക്കണ  നീറ്റടക്ക   ഒരെണ്ണം ഇങ്ങടെടുത്തേൻ!."

വല്ലാതെ അഴുകി ചീഞ്ഞു നാറിയ നീറ്റടയ്ക്ക  അച്ഛന്‍റെ കയ്യിൽ വെച്ചു കൊടുക്കുമ്പോൾ ഭയവും ബഹുമാനവും  കലർന്ന സ്വരത്തിൽ അച്ഛൻപെങ്ങൾ ചോദിക്കും:

"ഓപ്പക്കെങ്ങന്യാ;  ചായേല് മതിരാവോ?"

'ലേശം ."

അടയ്ക്ക മൊരി കളയാൻ തുടങ്ങുന്ന അച്ഛനെ ആകപ്പാടെ  ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട്‌ ആസ്മ സമ്മാനിച്ച ഇടതടവില്ലാത്ത മുക്കലും മൂളലുമായി അച്ഛമ്മ ചോദിക്കും: 

"അതെന്താണ്ടാ ലേശം?. നെനക്ക് പഞ്ചാരേടെ അസ്കിതേണ്ടാ?"

"ഏയ്. അതൊന്ന്വല്ലമ്മേ. സ്വതേ നിക്ക് മധുരം കൊർച്ചേ വേണ്ടൂ."

'ങ്ഹാ! ദേഹം നല്ലോണം നോക്കിക്കോളോ ട്ടാ ! പര്‍ഞ്ഞില്ല്യാന്നു വേണ്ട! വയസ്സമ്പതാ യ്യ് കര്‍ക്കടത്തില്!"

അങ്ങിനെ താമ്പൂലചർവണവും മൂന്നു മാസത്തെ വിശേഷം പറച്ചിലും ഉച്ചയൂണ്‌ വരെ നീളും.

ഊണും ഉച്ചമയക്കവും കഴിഞ്ഞ് തൊടിയിയിലിറങ്ങി  തെങ്ങും കവുങ്ങും വാഴയും നോക്കി ഏനക്കേടുകൾ നിർണയിച്ച്  ഒടപ്രന്നോളെ വിളിച്ചു കുറച്ചു പണവും കയ്യിൽ കൊടുത്ത് ചെയ്യേണ്ടതൊക്കെ വിസ്തരിച്ചു കഴിഞ്ഞാൽ  അച്ഛൻ മടക്കയാത്രയ്ക്ക് കുപ്പായമിടും. ദക്ഷിണപോലെ അമ്മയുടെ കയ്യിലും കുറച്ചു പണം വെച്ചു കൊടുത്തു  യാത്രപറയുന്ന മകന് അമ്മ നല്‍കുന്ന ആശിർവാദം വ്യത്യസ്തമായിരിക്കില്ല:

"ങ്ഹും പൊക്കോ. ഇന്യെന്നാ ങ്ങടൊക്കെ എഴുന്നള്ളണതാവോ? ഞാൻ ചത്തിട്ടേരിക്കും!" 

തിരിച്ചു വീട്ടിലെത്തി ഷർട്ടൂരാൻ പോലും വയ്യാത്ത ക്ഷീണത്താല്‍ ഉമ്മറത്തെ ചാരുകസേരയിലേക്ക് മലരുമ്പോൾ അപൂർവമായൊരു മന്ദഹാസത്തോടെ അച്ഛൻ ദീർഘനിശ്വാസമിടും  :

"ഈശ്വരാ! എന്‍റെമ്മേടൊരു കാര്യം!" 

00000000 

2013, നവംബർ 5, ചൊവ്വാഴ്ച

മൂല്യനിര്‍ണയം



മൂല്യനിര്‍ണയം 



എന്തിനേയും ഏതിനേയും രോമത്തോട് താരതമ്യപ്പെടുത്തി  വില  കുറച്ചു  കാണുന്ന  ഒരു
സംസാരരീതിയായിരുന്നു ശങ്കുമാന്റേത് . 


"അവന്‍ വിചാരിച്ചാ ഒരു രോമോം കൂട്ട്യാ കൂടില്ല്യ !"



"അവനെ എനിക്ക് രോമത്തിന്റെ വെലേല്ല്യ !"



"അവൻ  അറിഞ്ഞാ എനിക്കെന്തൂട്ട്‌ രോമാ?" 



എന്നിങ്ങനെ ചുക്കിനെ തട്ടി മാറ്റി തൽസ്ഥാനത്ത് രോമത്തെ പ്രതിഷ്ടിച്ചുകൊണ്ടുള്ള  ഒരു സസ്യേതര 

ഭാഷണഭേദം. 


ഒരു നാൾ ചുണ്ടും മൂക്കും കണ്‍തടങ്ങളും എന്നു വേണ്ട മുഖമാസകലം  നീരുവന്നു  വീര്‍ത്ത പരുവത്തില്‍ ശങ്കുമാനെ  വഴിയിൽ  വെച്ചു കാണാനിടയായി. വിവരമന്വേഷിച്ചപ്പോള്‍ പല്ലു പറിക്കാന്‍ ഇഞ്ചക്ഷന്‍ എടുത്തു വായ മരവിച്ചവനെപ്പോലെ ശങ്കുമ്മാന്‍ പറഞ്ഞു :



" ഒന്നും പറേണ്ട ന്റെ മാഷേ; മൂക്കില് നീണ്ടു വന്ന് മെനക്കെട്ണ്ടാക്ക്യേ ഒരു രോമം കയ്യോണ്ട് വലിച്ച് കളഞ്ഞതാ. മൂന്നു ലോകോം കണ്ടു! തന്ന്യല്ല മൂന്നീസം കോപ്രേറ്റീവില് കെടക്കണ്ടീം വന്നു. മൂന്നീസം കൊണ്ട് മുവ്വായിരം രൂവ  ഭും !" 



ചുവന്നു  വീർത്തു  ക്രിക്കറ്റ്  ന്യൂ  ബോൾ  പോലെ തിളങ്ങുന്ന മൂക്കിന്റെ വിങ്ങല്‍ കൈവിരലുകൾകൊണ്ടു തൂവല്‍സ്പര്‍ശം നടത്തി ലഘൂകരിക്കുന്നതിനിടയിൽ ശങ്കുമ്മാൻ പശ്ചാത്തപിച്ചു :


"ന്റെ മാഷേ! ഇപ്പെനിക്ക് മനസ്സിലായി; രോമത്തിന്റെ നെലേം വേലേം !"

----------------
Photo courtesy:Lëïzëë Pïggëë Phörs.

2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

ക്ഷണപ്രഭാചഞ്ചലം



ക്ഷണപ്രഭാചഞ്ചലം 


ഒരു വിഷുവിന്‍റെ കഥയാണ്. 

കഥനത്തിനു മുൻപായി രണ്ടു വാക്ക്.
ഈ കഥ ഒരു തരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല . വേഷങ്ങളും മുഹൂർത്തങ്ങളും ആസകലം ഭാവനാത്മകമാണ്. മറിച്ചു തോന്നുന്നുവെങ്കിൽ അതു ഞാനങ്ങു സഹിച്ചു!.
ഇനി കഥാകാലക്ഷേപം.
അച്ഛൻ ലേശം കള്ളുകുടിച്ചു മിനുങ്ങി വന്നിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്ന ഒരു ബാല്യക്കാരൻ്റെ കഥയാണ്.
അഞ്ചു പേരുള്ള കുടുംബം. ഗൃഹനാഥന് പട്ടണത്തിൽ ജോലി. ഭാര്യ , ആറു മക്കൾ. മക്കളിൽ മുതിർന്നവർ മൂന്നു പേര്‍ പറക്കമുറ്റി പുറത്ത്. ചിറകുവിരിയാത്തവർ ഞങ്ങൾ മൂന്നു പേര്‍ അകത്ത്. ഗാർഹിക കളിവേഷങ്ങളിൽ ഏറിയ കൂറും രൗദ്രം ആയിരുന്നു ഗൃഹനാഥന്‍റെ 

മുഖത്തെഴുത്ത്. ശാന്തവും കരുണവും നന്നേ കഷ്ടി. ആരോഗ്യപരമായ പരിഗണനകളാലാവാം സാമൂഹിക വ്യവഹാരങ്ങളിൽ ശാന്തമാണ് സ്ഥായി. വീടിനകത്ത് കരുണശാന്താദികളിൽ ഏതെങ്കിലും ഒന്ന് മുഖത്തു വിരിയണമെങ്കിൽ 'ലേശം' അകത്തു ചെല്ലണമായിരുന്നു. അവർണനും പരാക്രമിയുമായ വീരഭദ്രനെ തൊട്ടുകൂട. കിക്ക് കുറഞ്ഞവൻ ക്ഷീരവർണൻ തന്നെയായിരുന്നു അച്ഛന്‍റെ ഫേവറിറ്റ്. അതുതന്നെ കുപ്പിയിലെ ജലനിരപ്പ്‌ പകുതിയായാൽ ഷട്ടറിടും.
പച്ച വേഷം ഏതു നിമിഷവും കത്തിയായി പകർന്നാടിയേക്കാമെന്ന് അറിയാമായിരുന്നെങ്കിലും അരക്കുപ്പി തെങ്ങിൻകള്ള് പൂശി ലാസ്യമാടുന്ന അച്ഛനുവേണ്ടി മക്കളെന്നും മുട്ടിപ്പായി പ്രാർഥിച്ചുപോന്നു. അന്യത്ര ചിന്തിക്കാൻ താനാര് എന്ന മട്ടിൽ അപ്പോഴൊക്കെ പാവം മാവിലായിക്കാരിയായി അകലം പാലിച്ചു നിന്നു അമ്മ. വിഷയത്തെ മുൻനിർത്തി പിറന്നാളുകൾ, ഓണം തിരുവാതിര, നാട്ടിലെ പൂരം ഇത്യാദി വിശേഷങ്ങൾക്ക് ഒരാഴ്ച മുൻപുതന്നെ വിളക്കു തെളിയുന്ന പ്രാർഥനാശിബിരങ്ങളിൽ അഹമഹമികയാ മൂവരും പങ്കെടുത്തിരുന്നുവെങ്കിലും വിഷുവടുക്കുമ്പോൾ സ്ഫോടനാത്മകമായ ഒരു വിഷയത്തെച്ചൊല്ലി സോളിഡാരിറ്റിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാറുണ്ട്. മത്താപ്പ്, മേശപ്പൂവ് , തലച്ചക്രം , ലാത്തിരി, പൂത്തിരി കമ്പിപ്പൂത്തിരി എന്നിവയുമായി ലോഗ്യത്തിലായിരുന്നെങ്കിലും പടക്കം എന്ന ഭീകരതയുമായി ചേച്ചിക്കു തീരെ പൊരുത്തപ്പെടാനാകുമായിരുന്നില്ല. . പടക്കവൈരിയായ സഹോദരിയുടെ ഫെമിനിസ്റ്റ് സംഘടനാ തത്വങ്ങളോടു യോജിക്കുവാനോ പടക്കരഹിത വിഷുവിനെപ്പറ്റി ചിന്തിക്കുവാനോ ഇളമുറക്കാർ ഞങ്ങൾക്കും വയ്യ. സ്വാഭാവികമായും " ഈശ്വരാ , ഇന്ന് അച്ഛൻ ഇത്തിരി കള്ളൂടിക്കണേ, കൊറേ പടക്കം മേടിച്ചു കൊണ്ടരണേ.!" എന്ന സഹോദരന്മാരുടെ ഉള്ളുരുകിയ പ്രാർഥനകളിൽനിന്ന് പ്രതിഷേധ സൂചകമായി ഇരുചെവികളിലും ചൂണ്ടുവിരൽ കുത്തിയിറക്കി വിട്ടുനിന്നു മൂവരിൽ മൂത്തവളായ സഹോദരി.
പ്രാർഥനകൾ മിക്കവാറും ഫലിക്കുക തന്നെ ചെയ്യാറുണ്ട്. അയല്പക്കത്തെല്ലാം പടക്കവും കമ്പിത്തിരിയും കത്തി കരിപ്പേറെ ചെന്നിട്ടും തങ്ങളുടെ കുടിയിൽ ഒരു തരി വെടിമരുന്നു പുകയുന്നില്ലല്ലോ എന്നു വിഷണ്ണിച്ച് താടിക്കു കയ്യും വെച്ച് രാമലക്ഷ്മണന്മാർ ഇറയത്തെ തിണ്ണയിൽ കുന്തിച്ചിരിക്കുമ്പോഴായിരിക്കും അച്ഛൻ പടി കയറി വരുന്നത്. രാവിലെ തോളത്തിട്ടുപോയ രണ്ടാംമുണ്ട് ഭാണ്ഡമായി പരിണമിച്ചു കണ്ടാൽ സഹോദരങ്ങൾ ഞങ്ങൾ ആർപ്പു വിളിക്കുകയും സമാന്തരമായി ചേച്ചി അടുക്കളയിലേക്കൊടി മാതൃസമക്ഷം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു.
"അപ്പ്വോ , കുട്ടാ " തുടങ്ങിയ ചക്കരവിളികളോടെ അച്ഛൻ മുന്നിൽ ഇട്ടു തരുന്ന പടക്കക്കിഴി കെട്ടഴിയുന്നതും മേശപ്പൂ വിരിയുന്നതും തലച്ചക്രം തിരിയുന്നതും പിന്നെ നൊടിയിടക്കുള്ളിലായിരിക്കും.
"സൂക്ഷിച്ചു കത്തിക്ക്വാ. കയ്യും കാലും പൊള്ളിക്കണ്ട കുട്ട്യോള്! "
എന്നും പറഞ്ഞ് അടുക്കളയിലേക്ക് പ്രവേശിക്കുന്ന അച്ഛന്‍റെ കയ്യിലെ എണ്ണ പുരണ്ട കടലാസുപൊതിയിൽ അമ്മയെ ഒട്ടിനിന്നു ചിണുങ്ങുന്ന ചേച്ചിക്കുള്ള രണ്ടു സമാശ്വാസ ജിലേബികളാണെന്ന കൊതിപ്പിക്കുന്ന യാഥാർത്ഥ്യത്തെ വെടിക്കെട്ടിന്‍റെ തത്സമയലഹരിയിൽ ഞങ്ങൾ ചേട്ടനും അനിയനും പാതി മനസ്സോടെ അവഗണിക്കാറാണ് പതിവ്.
നിയമാനുസൃത കരിമരുന്നുപ്രയോഗം ഒരു റൌണ്ട് പൂർത്തിയാക്കി അത്താഴപ്പുറമെയുള്ള രണ്ടാമൂഴത്തിലേക്ക് സംക്രമിക്കുമ്പോഴാണ്‌ അച്ഛന്‍റെ പകർന്നാട്ടം തുടങ്ങുക. ചിമ്മിനിവിളക്കിന്‍റെ നാളത്തിൽ കൊളുത്തി വെപ്രാളത്തിൽ വലിച്ചെറിഞ്ഞ ആനപ്പടക്കം മുതുകത്തു വീണു പൊട്ടിയതാണെന്നാണ് ആദ്യം തോന്നുക. പിന്നീട് സ്വബോധം തിരിച്ചു കിട്ടുമ്പോൾ കാണാം.....
വിചിത്രവീര്യം പടിയിറങ്ങി ലാസ്യം മാറ്റി താണ്ഡവമണിഞ്ഞ് തൊട്ടുപിന്നിൽ അച്ഛന്‍റെ ദീർഘകായം!.
"പോയി കെടന്നൊറങ്ങട!. കണ്ണും ചെവിടും കേക്കാൻ നൂർത്തീല്ല്യാണ്ട്!. ന്യൊരു ശബ്ദം ഇബടെ കേട്ടാ രണ്ടും പടിക്ക് പൊറത്ത്!."
വീണ്ടും പൊട്ടാവുന്ന അടിയുടെ സമീപസാദ്ധ്യതക്കെതിരെ ജാഗ്രത പാലിച്ച് കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ നിരാശയോടെ ഓർക്കും:
"ബാക്കി വന്ന പടക്കം കത്തിക്കാൻ ഇനിയെത്ര ദിവസം ഭജനമിരിക്കണം?."
വിയർത്തൊലിച്ചു ഗന്ധകം മണക്കുന്ന ശരീരവുമായി വടക്കേ അകത്തു വിരിച്ച കോസറിയിലേക്കു ചരിയുമ്പോഴാണ് കൂനിന്മേൽ കുരുവെന്നപോലെ സഹോദരന്മാർ നടുക്കുന്ന ആ കാഴ്ച കാണുക!.
ഓടിച്ചിട്ടു പിടിച്ച ഇരയെ കടിച്ചു പറിക്കുന്ന വ്യാഘ്രത്തെപ്പോലെ തങ്ങൾ കാണാനും കേൾക്കാനും പാകത്തിൽ കശകശാന്ന് ജിലേബി ചവച്ചു തേനൊലിക്കുന്ന ദംഷ്ട്രകളുമായി ചേച്ചിയുടെ ഭീഷണമായ രൂപം മുറിയുടെ മൂലയിലെ അരണ്ട വെളിച്ചത്തിൽ!.

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

"ഇറ്റ്സോൾ റൈറ്റ് ."

"ഇറ്റ്സോൾ റൈറ്റ് ."

ഏ ടി എം  തുടങ്ങിയ കാലത്തുണ്ടായ അനുഭവമാണ്.  അന്ന് ബാങ്കിൽ ജോലി ചെയ്യുന്നു.

പനിക്കു കുറിച്ചു തന്ന മരുന്നിന്‍റെ ഒരു കോഴ്സ് കഴിഞ്ഞു   ഡോക്ട്ടറെ  കാണാൻ ക്ലിനിക്കിലേക്കു പോകുന്ന വഴി വട്ടച്ചെലവിനുള്ള  പണമെടുക്കാൻ തൊട്ടടുത്തുള്ള ഏ.ടി.എം. കാബിനിൽ  ചെന്നു.   രണ്ടു മെഷിനുള്ള കാബിനാണ് . വലിയ തിരക്കില്ല. ഉള്ളിൽ രണ്ടു പേർ . പുറത്തും രണ്ട് . പുറത്തു ക്യൂവിൽ മൂന്നാമനായി ഞാൻ.  എനിക്ക് പിന്നിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ.  കയ്യിലുള്ള ബാഗ് കണ്ടിട്ട് സെയിൽസ് എക്സിക്ക്യൂട്ടീവാണ്. ഉള്ളിലുള്ള രണ്ടു പേരിൽ ഒരാൾ പണമെടുത്ത് പുറത്തിറങ്ങി. മറ്റെയാൾ നിന്ന നിൽപ്പു തന്നെ. സ്ലോട്ടിൽ കാർഡ്‌ തള്ളിയും വലിച്ചും സ്ക്രീനിൽ തൊട്ടും തോണ്ടിയും ബട്ടണുകളിൽ  അമർത്തിയും  ഇടക്കിടെ അയൽവക്കക്കാരനേയും പുറത്തുള്ള ഞങ്ങളെയും നോക്കി പരുങ്ങുന്നത് കണ്ടപ്പോൾ  മനസ്സിലായി ആൾ കണ്‍ഫ്യൂഷ്യസ്സാണെന്ന് . ഞങ്ങളിൽ ഒന്നാമൻ കയറി പടപടാന്ന് കാര്യം നടത്തി പുറത്തിറങ്ങിയ ഗ്യാപ്പിൽ അയാൾ കൗണ്ടർ മാറ്റിപ്പിടിച്ചു ഭേദ്യം തുടങ്ങി. ഊഴമനുസരിച്ച് എനിക്കു തൊട്ടു മുന്നിൽനിന്നും കയറിയ വിദ്വാൻ   ഒഴിഞ്ഞ മെഷിനിൽ അനായാസം കാര്യം സാധിച്ച അഹങ്കാരത്തിൽ പുറത്തു കടക്കുമ്പോൾ പൊതിക്കാത്ത തേങ്ങയുമായി മല്ലിടുന്ന ഏട്ടീയെം നിരക്ഷരനെ പുച്ഛത്തോടെ നോക്കി.  ഞാൻ കരുതി; പാവം സഹായിച്ചു കളയാം.

അകത്തു കയറി സ്ലോട്ടിൽ കാർഡ് ഇടുമ്പോൾ ഞാൻ അയാളെ ഒന്നു നോക്കി . ഒരു പത്തു നാൽപ്പതു വയസ്സു കാണും. പാൻസും  സ്ലാക്ക് ഷർട്ടും ഗോൾഡൻ  ഫ്രെയിം കണ്ണടയും ധരിച്ച പരമയോഗ്യൻ. മെഷിൻ  ആദ്യമായി ഉപയോഗിക്കുകയായിരിക്കും.. വിഷമങ്ങൾ സ്വാഭാവികം. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു . പക്ഷെ പുള്ളിക്കാരൻ  മുഖത്തു ഗൗരവം എഴുതി നിൽപ്പാണ്  . ഞാൻ  ചോദിച്ചു :

"എന്താ സർ  സഹായിക്കണോ?."

അയാൾ എന്നെ ആപാദചൂഡം ഒന്ന് നിരീക്ഷിച്ചു. അപ്പോഴാണ്‌ എന്‍റെ ബാഹ്യരൂപത്തെക്കുറിച്ചു ഞാനും ഓർത്തത്. അക്ക്യുപംക്ചർ വള്ളിച്ചെരിപ്പ് .അസുഖത്തിന്‍റെ അലസതയിൽ ഇസ്തിരിയിടാതെ എടുത്തു ചുറ്റിയ ചുക്കിച്ചുളിഞ്ഞ കൈത്തറി മുണ്ടും  ഷർട്ടും.  ഏഴുദിവസം പ്രായമുള്ള  നരച്ച താടിക്ക് മുകളിൽ കുഴിയിലാണ്ട കണ്ണുകൾ . ടോട്ടലി അണ്‍ ഇമ്പ്രസ്സീവ്  !.

"വേണ്ട . ഞാൻ നോക്കട്ടെ."

തിടുക്കത്തിൽ അത്രയും പറഞ്ഞുകൊണ്ട് അയാൾ മെഷിനിലേക്കു തിരിഞ്ഞു യജ്ഞം പുനരാരംഭിച്ചു . കുത്തിയും തേമ്പിയുമുള്ള എന്‍റെ പണി പുരോഗമിക്കുന്നതിനിടക്ക്  അയാളുടെ സ്ക്രീനിലേയ്ക്ക്    നോക്കി ഞാൻ ഒരനാശാസ്യം  നടത്തി . ആശാൻ ട്രാൻസ്ഫർ ബട്ടണ്‍ അമർത്തിയാണ് കളി. 

"സുഹൃത്തേ, നിങ്ങള്‍ക്ക് കാഷല്ലേ അവശ്യം. അപ്പോൾ ട്രാൻസ്ഫറല്ല ബാങ്കിങ്ങാണ് അമർത്തേണ്ടത്. "

ഞാൻ പറഞ്ഞു.

വെട്ടാൻ  നില്ക്കുന്ന പോത്തിനെപ്പോലെ എന്നെ ഒന്നു നോക്കിക്കൊണ്ട്‌ അയാൾ പറഞ്ഞു :

"ഇറ്റ്സോൾറൈറ്റ് മിസ്റ്റർ !. എനിക്കറിയാം."

പണവും അഡ്വൈസ് സ്ലിപ്പും വാരിയെടുത്ത് പൊന്നുരുക്കുന്നിടത്തുനിന്നും  ജീവനും കൊണ്ടു  പുറത്തു കടക്കുമ്പോൾ  പൂച്ച പറഞ്ഞു:

"സോറി ."

എനിക്കു  പിന്നിൽ  നിന്നിരുന്ന മെഡിക്കൽ റെപ് യുവാവ് അകത്തു കയറുന്ന വേളയിൽ  പുഞ്ചിരിച്ചുകൊണ്ട് എന്നോടു പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു :

"കൊറേ  നെരായീലോ ഗുസ്തി തൊടങ്ങീട്ട് !എന്താ അങ്ങേർക്കു പ്രോബ്ലം സർ ?  "

"ഇറ്റ്സോൾ റൈറ്റ് ." ഞാനും  പ്രതിവചിച്ചു .

പുറത്തു കടന്നു സ്ലിപ് പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഒരൗത്സുക്യത്തിന്‍റെ  പുറത്ത് കാബിനിലേക്കൊന്നു തിരിഞ്ഞുനോക്കി. അവിടെ തിരുതകൃതിയായി ക്ലാസ് നടക്കുന്നു!. വളരെ ഉത്സാഹത്തോടെ ചെറുപ്പക്കാരൻ വിരൽ  ചൂണ്ടി നല്‍കുന്ന നിദേശങ്ങൾ സ്കൂൾ കുട്ടിയെപ്പോലെ അനുസരിക്കുന്ന കണ്‍ഫ്യൂഷ്യസ്സ് !

പണം എടുത്തു ഉന്മേഷവാനായി   പുറത്തിറങ്ങുമ്പോൾ രണ്ടു പേരും സംഭാഷിച്ചിരുന്നത്  ഞാൻ ശ്രദ്ധിച്ചു.

" സാറ് ട്രാൻസ്ഫർ  ഓപ്ഷൻ ആണ്  ട്രൈ ചെയ്തോണ്ടിരുന്നത് . ദാറ്റ്‌ വാസ് ദി പ്രോബ്ലം. ലിങ്ക്ഡ്‌  അക്കൌണ്ടുകളിലേക്ക് പണം മാറ്റാനുള്ള ഒപ്ഷനാണത്. റ്റു ഗെറ്റ്  കാഷ് യു ഹാഡ്  റ്റു  ഗോ ബാങ്കിംഗ്!"

" യെസ്  യെസ്  ഇപ്പൊ മനസ്സിലായി. ഞാൻ ആദ്യായിട്ടാണ്‌ ഓപറേറ്റ് ചെയ്യുന്നതേയ്  . അതിന്‍റെ ഒരു ടെന്‍ഷന്‍   ഉണ്ടായിരിന്നു  . ആക്ച്വലി ചെയ്യണ്ട വിധമൊക്കെ  ബാങ്കുകാര് ഇന്‍സ്ട്രക്റ്റ് ചെയ്തിരുന്നു; അറ്റ്‌ ദി ടൈം  ഓഫ് ഡെലിവറിങ്ങ് ദി കാർഡ് .  ഞാൻ പക്ഷെ ഒക്കെ മറന്നു . എനിവേ താങ്ക്സ്  ഫോർ യുവർ ഗുഡ് ഗൈഡന്‍സ് !."

"ഇറ്റ്സോൾ റൈറ്റ് ." എന്നും  പറഞ്ഞു അയാൾക്ക്‌ കൈ കൊടുത്ത് ചെറുപ്പക്കാരൻ  യമഹ മൂളിച്ചു  പറന്നു പോയി. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ  പോലെ  എന്നെ തിരിഞ്ഞു നോക്കിയ കണ്‍ഫ്യൂഷ്യസ്സിന്‍റെ കഴുത്തിനു മുകളിൽ അപ്പോഴും ഞാൻ അതു കണ്ടു;

ആ  വെട്ടുപോത്തിന്‍റെ തല!.

ഞാനെന്തു തെറ്റാണ് ചെയ്തത് ദൈവമേ!.

                                                                  0-0-0-0-0 















2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

കുറിപ്പടി

കുറിപ്പടി 

പത്തിന്‍റെ ഒരു സ്ട്രിപ്പ്‌ ക്രോസിൻ കഴിച്ചിട്ടും അഴയാത്ത പനിക്കുപ്പായമിട്ട് തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പോയതാണ്. കുഴല്‍ നെഞ്ചത്ത് അമര്‍ത്തി ശ്വാസം നീട്ടി വലിപ്പിച്ചും കഠിനമായി ചുമപ്പിച്ചും ദണ്ഡിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസത്തെ എന്റെ ചെയ്തികളെല്ലാം ഡോക്ട്ടര്‍ ചോര്‍ത്തിയെടുത്തു.  ഒരാഴ്ച മുന്‍പ് മകളുടെ കോളേജിലെ പീ.ടീ.എ. മീറ്റിംഗിൽ വെച്ച് കാമ്പസിലെ അശാന്തിയെപ്രതി അല്‍പ്പം വൈകാരികമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു തലവിങ്ങിയതും ചുറ്റിയതുമെല്ലാം ഡോക്ട്ടറോടു പറഞ്ഞു . അതൊന്നും തീരെ ശ്രദ്ധിക്കാത്ത മട്ടിൽ പരിശോധന മുഴുമിപ്പിച്ച്‌ അദ്ദേഹം സ്റ്റെതസ്കോപ്പെടുത്തു മേശപ്പുറത്തു വെച്ചു . രക്തസമ്മർദ്ദം പരിശോധിച്ചശേഷം  മരുന്നിനു കുറിപ്പെഴുതുമ്പോൾ ഡോക്ട്ടര്‍ തനി നാടന്‍ ഭാഷയില്‍ വിശദീകരിച്ചു:



"പ്രഷറ് നൂറ്റിമുപ്പത് .   കാര്യാക്കാല്ല്യ . ഈ പ്രായത്തില് അതൊക്കെ നോർമലാ . അസുഖം ജലദോഷപ്പന്യാ . കാലാവസ്ഥ അത്ര നന്നല്ലലോ . രാത്രി അസ്സല് മഴ, കാലത്ത് മഞ്ഞ്, പകലു മുഴന്‍ തീപ്പൊള്ളണ ചൂടും. പേടിക്കാനൊന്നൂല്ല്യ . മൂന്നീസത്തേക്ക് മരുന്നെഴുതീണ്ട് . കഴിച്ചിട്ട് വിവരം പറയ്വാ ."

മീറ്റിങ്ങിനിടയിലുണ്ടായ  തലചുറ്റലിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നു വ്യസനിച്ചു ഫീസ് കൊടുത്തു പുറംവാതിലിലേക്കു തിരിയുമ്പോള്‍  ഡോക്ട്ടറുടെ പോസ്റ്റ്‌ സ്ക്രിപ്റ്റ്:

" അതേയ്‌ ഞാനൊരു കാര്യം പറേട്ടെ; വെഷമം തോന്നണ്ട. നോക്ക്വോ, ചുറ്റും കാണണ ലോകം മുഴൻ വഷളാ. കുടിക്കണ വെള്ളം, ശ്വസിക്കണ വായു, കഴിക്കണ പച്ചക്കറി, എടപഴകണ ആൾക്കാര്, കാണണ കാര്യങ്ങള് , കേക്കണ വാക്കോള്, ഒക്കെ മഹാ പൊട്ട്യാ . സംശല്ല്യ. ന്നാ മ്മളൊന്നും വിചാരിച്ചാ ദൊന്നും നന്നാക്കാൻ പറ്റൂല്ല്യ. ഉള്ളാരോഗ്യം വെടക്കാക്കാന്ന് മാത്രം. സാമൂഹ്യോം ദേശാന്തരോം കളിക്കാണ്ട് സൊന്തം കാര്യം നോക്കി നടക്ക്വാച്ചാ കൊർച്ചാലം കൂടി കേടൊന്നൂല്ല്യാണ്ട് ജീവിക്കാം . ന്നാ അങ്ങന്യാവട്ടെ. മരുന്ന് കോഴ്സ് കംപ്ളീറ്റിയ്യാൻ മറക്കണ്ട !"

പുതിയ കുറിപ്പടി മനസ്സിൽ ചുരുട്ടി വെച്ച് പുറത്തു കടക്കുമ്പോൾ ഡോക്ട്ടർ അടുത്ത ദീനനെ വിളിച്ചു :

"അടുത്താളാരാച്ചാ വര്വോ ട്ടാ! "

xxxxxxxxxxx 

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

തുരുമ്പ്

തുരുമ്പ് 

എ.  വി.  ശശിധരൻ സംവിധാനം ചെയ്യുന്ന 'ഒളിപ്പോര് ' സിനിമയുടെ ഷൂട്ടിംഗ് നാട്ടിൽ നടക്കുന്നു .  യുവസുഹൃത്ത് വിപിന്റെ വിവാഹപാർട്ടിയിൽ വെച്ച്  നടനും നാടകാചാര്യനുമായ ചേർത്തല ജയസുര്യ പറഞ്ഞ്  ഇന്നലെ വൈകീട്ടാണ് അറിഞ്ഞത് .  ഫഹദ്  ഫാസിലും  തലൈവാസലും കലാഭവൻ മണിയും സറീന  വഹാബുമൊക്കെയുള്ള  സംഭവം തുടങ്ങീട്ടു രണ്ട് ദിവസമായത്രെ. സുഹൃത്തിന് ചെറിയൊരു വേഷവും ഉണ്ട് . നേരിട്ട് ലൊക്കേഷനിലേക്ക് പോകാൻ  തയ്യാറായിട്ടാണ്  അദ്ദേഹം വന്നിരിക്കുന്നത് . സ്വന്തം നാട്ടിൽ വരുന്ന ഫഹദിനെ  കാണാൻ മനസ്സ് ആവേശം കൊണ്ടു . 'ചാപ്പാക്കുരിശി'ലും  'ഡയമണ്ട്  നെക്ലേസി'ലും തുടങ്ങിയ പരിചയമാണ് . വെള്ളേപ്പവും റൂമാലിയും ചിക്കനും കുറുമയും വെട്ടിവിഴുങ്ങുന്ന പെരുത്ത ആർത്തിയോട്  സുല്ല് പറഞ്ഞ് ഉടനെ ജയസൂര്യക്കൊപ്പം ലൊക്കേഷനിൽ പോയി. ലോക്കേഷൻ  പുറനാട്ടുകര   കോൾപ്പാടത്തിന്റെ കരയിലുള്ള മൂർപാറ . നാട്ടിൻപുറത്തു നടക്കുന്ന ഒരു 'നാടകംകളി'യും അലമ്പുകളുമാണ്  വിഷയം.  നാടകക്കാരും , കാണികളും കമ്മിറ്റിക്കാരും ഒക്കെയായി ൃശ്ശൂരിലെ ഒട്ടേറെ പ്രമുഖ നാടക പ്രവർത്തകർ എത്തിയിട്ടുണ്ട് . ശശിധരൻ നടുവിൽ,  സി. ആർ. രാജൻ , പ്രതാപൻ , ഗിരീഷ്‌ അങ്ങിനെ നിരവധി പേർ. കൂട്ടത്തിൽ ബാബു അന്നൂരും.

ദേഹാസകലം ഇളക്കി തന്റെ രസകരമായ സിനിമാനുഭവങ്ങൾ  പ്രതാപൻ അഭിനയിച്ചു കാണിക്കുന്നതും കണ്ടുകൊണ്ട്‌ ചിരിച്ചുലഞ്ഞങ്ങിനെ നിൽക്കുമ്പോഴാണ് സുമുഖനായ ആ ചെറുപ്പക്കാരൻ പുഞ്ചിരിച്ചുകൊണ്ട് നിക്കരികിൽ വന്നത് . നല്ല പരിചയം. പക്ഷെ എപ്പോൾ എവിടെയാണ് എന്നാണ് എന്നൊന്നും പിടി കിട്ടുന്നില്ല. ആൾ സിനിമാപ്രവത്തകനാണ് എന്നൊക്കെ ഉറപ്പിച്ച് ആജന്മപരിചയം നടിച്ചു നില്ക്കുമ്പോൾ ചെറുപ്പക്കാരൻ ചോദിച്ചു :

"ബാലേട്ടന് വേഷണ്ടോ ഇതില്?"

"അയ്യോ ഇല്ലില്ല്യ. ഷൂട്ടിംഗ് കാണാൻ വന്നതാ ." പിന്നെ ആവേശത്തിൽ  കൂട്ടിച്ചേർത്തു "എന്റെ വീട് ഇബടട്ത്താ. "

അപ്പോൾ എടുത്തടിച്ച പോലെ  ചെറുപ്പക്കാരൻ പറഞ്ഞു:

"അയ്‌ !. ഇയ്ക്കറിഞ്ഞൂടെ ബാലേട്ടാ ! ഞാൻ ഇബടെള്ളതന്ന്യല്ലേ . ബാലേട്ടന്റെ പിന്നിലാ താമസിക്കണേ .പ്രവീണും കൂട്ടുകാരും കൂടി മ്മളൊക്കെ ആൽത്തറേലിര്ന്ന് സംസാരിക്കാറില്ല്യെ?"

".......... !!"

എന്തൊക്കെയോ ഞഞ്ഞപിഞ്ഞ പറഞ്ഞു ചമ്മലൊഴിവാക്കി നിൽക്കുമ്പോൾ തിരിച്ചറിഞ്ഞു....

മനസ്സിനും വയസ്സാവുന്നു !

പുഞ്ചവയൽക്കരയിലെ  രാത്രിയുടെ മേടപ്പുഴുക്കത്തിലേക്ക്   റസൂലിന്റെ നിഷ്ക്കപടമായ പുഞ്ചിരിയുമായി ഫഹദ് ഫാസിൽ വന്നിറങ്ങിയപ്പോൾ പെട്ടെന്നുയർന്നലയടിച്ച കയ്യടികളിലും വിസിലടികളിലും പൂഴ്ത്തി മനസ്സിനെ                   ശാന്തമാക്കി....  

XXXXXXXXX 

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

രണ്ട് അഭിവാദനങ്ങൾ

രണ്ട് അഭിവാദനങ്ങൾ


2013 സെപ്തംബർ 


മരുമകളുടെ പ്രസവാനന്തരശുശ്രൂഷകൾക്കായി പരിചാരിക തന്ന കുറിപ്പടിപ്രകാരം കുറച്ചു പച്ചമഞ്ഞൾ വാങ്ങിക്കാനായി തൃശ്ശൂരങ്ങാടിയിലെ  പച്ച മരുന്നുകടയിൽ കയറിച്ചെന്നു. കന്നിച്ചൂടിൽനിന്നും താല്‍ക്കാലികമായി ലഭിച്ച മുക്തിയില്‍ മരുന്നുഷാപ്പിലെ സസ്യ ഗന്ധം മുക്തകണ്ഠം  നുകർന്നു നിൽക്കുമ്പോൾ പീടികക്കാരന്റെ പരുക്കൻ ചോദ്യം:


"എന്താ?"


"ഒരു കിലോ പച്ചമഞ്ഞള് ." 


"പച്ചമഞ്ഞളില്ല്യ ."


"ഇല്ലേ ;  വേറെ എവട്യാ കിട്ട്വാ?"


"അറീല്ല്യ."


ഞാൻ അയാളുടെ മുഖത്തേക്ക്  സൂക്ഷിച്ചു നോക്കി. ശിലാമുഖൻ! . തൊട്ടപ്പുറത്ത് നഗരസഭാ കാര്യാലയത്തിന്‍റെ മുന്നിലെ മഹാരാജാവിന്‍റെ പ്രതിമക്ക് കുറച്ചെങ്കിലും ജീവനുണ്ടാവും!


ഫ്ലാഷ് ബാക്ക് -1971 മേയ്


പോയ ഏപ്രിലിൽ  ഏഴുതിയ പൊട്ടുമെന്നു നല്ല ഉറപ്പുള്ള  പ്രീഡിഗ്രി പരീക്ഷയുടെ റിസൾട്ട്‌  വന്നാൽ സെപ്തംബർ പരീക്ഷക്കുള്ള തുടർപഠനത്തിന് സ്റ്റാർ , കമ്പൈൻഡ്, മേനോൻ ആൻഡ്‌ കൃഷ്ണൻ ട്യൂട്ടോറിയലുകളിൽ ഏതു വേണം  എന്നു തീരുമാനമാകാതെ ആശയക്കുഴപ്പവുമായി   നടക്കുന്ന കാലം. വിട്ടു മാറാത്ത തൊണ്ടവേദനക്ക് കിഴക്കേ കോട്ടയിലുള്ള ഇ എൻ ടി സ്പെഷലിസ്റ്റ് ഡോക്ട്ടർ  ഇഗ്നേഷ്യസ്സിനെ  കണ്ട് നാട്ടിലേക്കുള്ള ബസ്സ്‌  പിടിക്കാൻ അച്ഛനോടൊപ്പം മുൻസിപ്പൽ  സ്റ്റാന്‍ഡില്‍ എത്തിയ ഒരു സായാഹ്നം. എന്തോ വാങ്ങാനായി തൊട്ടുള്ള പാരമ്പര്യ  പച്ചമരുന്നു പീടികയിൽ  കയറിയ അച്ഛനെ  മലർക്കെ ചിരിച്ചുകൊണ്ട്  മുതലാളി സ്വാഗതം ചെയ്തു :


"അയ്‌ ! എന്താ നായരേ ഇയ്യ് വഴ്യൊക്കെ മറന്നാ ? കാലം തോന്യായീലോ തന്നെ കണ്ട്ട്ട് !  പെൻഷനായാ  ?"


സ്റ്റേറ്റ് ബാങ്കിൽ ജീവനക്കാരനായിരുന്ന അച്ഛൻ പറഞ്ഞു:



" ഇല്ല്യാന്‍റെ  പൈലോതാപ്ലേ . ഇനീണ്ട് ഒരു കൊല്ലം "

"ഔ, ഒരു കൊല്ലല്ലേള്ളോനി.  സമാധാനണ്ട് ".

ഇടക്ക് അച്ഛന്‍റെ പിന്നിൽ  കയ്യും കെട്ടി നിന്ന എന്നെ ആകെ   ഒന്നുഴിഞ്ഞുനോക്കികൊണ്ട്  പൈലോതാപ്ല ചോദിച്ചു:

"ദേതാ യ്യ് ക്ടാവ് ?"

"ഒടുക്കത്തോനാ. "

"ന്താ ഇയാൾക്കേർപ്പാട് ?"

"ഏർപ്പാട്ന്ന്   പറ്യാൻ  തക്കണൊന്ന്വായിട്ടില്ല്യ . പഠിക്ക്യാ  . "

"എന്തിന്  പഠിക്കുണൂ  ?"

"പ്രീ ഡിഗ്രി എഴുതീരിക്ക്യാ ." ഞാൻ പറഞ്ഞു .

" കർത്താവേ ! ഈ തോക്കൻ ചെക്കൻ പ്രീഡിഗ്ര്യാ ?" 

ഒന്നുകൂടി എന്നെ ആപാദചൂഡം ഒന്നളന്നു തൂക്കി മുതലാളി   വിസ്മയിച്ചു.

" അതെ.  ചിങ്ങത്തില് പതിനേഴു കഴിഞ്ഞേള്ളൂ! " 

അച്ഛന്‍റെ അന്തരംഗം അഭിമാനപൂരിതമായി .

"ഉം . ചെക്കന് വയസ്സില് കവിഞ്ഞ മുതർച്ചേണ്ട് ട്ടാ!. "

പ്രീഡിഗ്രിക്കാരന്‍റെ  ആകാരപരിശോധന മുഴുമിപ്പിച്ചുകൊണ്ട് മുതലാളി ചോദിച്ചു :

"അതൊക്കെ പോട്ടെ . എന്താ പ്പോ തനിക്ക് വേണ്ട് ?"

"പച്ച മഞ്ഞളില്ല്യേ ?"

"ഇണ്ടോന്നാ?  എന്തൂട്ട് ചോദ്യാണ്ട്രോദ്‌!   പച്ചമരുന്നു പീട്യേല് പിന്നെ പച്ചെറിച്ച്യാ കിട്ട്വാ ?"

"ഒരര കിലോ ."

"ഡാ , ലൂവീസേ, നെനക്കെന്താവടെ പണി ?. അതവടെ വെച്ചട്ട് യ്യ്‌  നായര്ക്ക് അരക്കിലോ പച്ചമഞ്ഞള് പിടിച്ച് കൊട്ത്തേന്‍ ! . ഡോ തനിക്ക് അസുഖൊന്നൂല്ലിലോ  "

"ഗുര്വാരപ്പൻ സഹായിച്ചിട്ട് ഇപ്പൊന്നൂല്ല്യ ."

"അല്ലാ പിന്നെ!."

അച്ഛന്‍റെ കയ്യിൽനിന്നും പണം വാങ്ങി മേശവലിപ്പിലിടുമ്പോൾ മുതലാളി ചോദിച്ചു :

" ടോ നായരേ ചോയ്ക്കട്ടെ; നാട്ടില് തനിക്കത്യാവശ്യം പറമ്പൊക്കേല്ല്യേ ? രണ്ട് കണ്ണി മഞ്ഞള് നടാൻ ന്താ വെഷമം?. "

തേക്കിലയിൽ പൊതിഞ്ഞു കെട്ടിയ മഞ്ഞൾ എന്‍റെ കയ്യിൽ ബലമായി പിടിപ്പിക്കുമ്പോള്‍ മാപ്ലാര് അർത്ഥഗർഭം ധരിച്ചു :

"ദേ കണ്ടില്ല്യേ; തെങ്ങടിച്ചാ പന വീഴണ സൈസ് ഒരണ്ണം ; കൈക്കോട്ട്ട്ത്ത് കളക്കട്രോ!." 





xxxx 













 'രണ്ട് അഭിവാദനങ്ങൾ ' 
ശീർഷകം കടപ്പാട് : കുട്ടികൃഷ്ണമാരാര് (ഭാരത പര്യടനം )

2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

അഹമ്മതി




അഹമ്മതി 

നാട്ടിലെ അങ്ങേയറ്റം അദ്ധ്വാനശീലനായ ഒരു കൃഷിക്കാരനായിരുന്നു ചെറുപ്പക്കാരൻ. സുമുഖന്‍, നിഷ്കളങ്കന്‍, പരോപകാരി. വയല്‍ക്കരയില്‍ തലയുയര്‍ത്തിനിന്ന നാലുകെട്ടിലെ ശാലീനസുന്ദരിയുമായി കലശലായ പ്രണയത്തിലുമായിരുന്നു ഇഷ്ടൻ. പക്ഷെ തിരക്കഥയിലെന്നപോലെ പോല ബന്ധം രണ്ടു പേരുടെയും വീട്ടുകാർ നഖശിഖാന്തം എതിർത്തു. ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ അവൻ എന്നു വീട്ടുകാർ അന്ത്യശാസനമിറക്കിയപ്പോൾ ചരിത്രപരമായ മണ്ടത്തരത്തിനൊന്നും മുതിരാതെ അവസരമൊത്തുവന്ന ആലോചനയിലെ ഡൽഹിക്കാരനെ കെട്ടി കാമുകി ചന്ദ്രികയായി. നിലാവിന്‍റെ നാട്ടിൽ നിശാഗന്ധി പൂക്കുന്നതു കാത്തുനില്‍ക്കാതെ കാമുകൻ സാഹചര്യം രമണീയമായിതന്നെ കൈകാര്യം ചെയ്തു. കാമുകി കെട്ടിയോനോത്ത് നിസാമുദ്ദീനിലേക്കു ജയന്തി ജനത കയറിയ നാൾ അർദ്ധരാത്രി പുഞ്ചനെല്ലിന് പൂശാനായി തൊഴുത്തിന്‍റെ ഉത്തരത്തിൽ വെച്ചിരുന്ന പരാമർ കുപ്പി അപ്പാടെ മോന്തി തിരസ്കൃതനും യാത്രയായി......


കൊളുത്തിയ നിലവിളക്കിനു കീഴിൽ ഭസ്മക്കുറി തൊട്ട് അലക്കിയ മല്ലുമുണ്ടും പുതച്ചു നറുപുഞ്ചിരിയോടെ തളത്തില്‍ തെക്കോട്ടു തലവെച്ചു കിടന്ന കഥാവശേഷനെ ഒരു നോക്കു കാണാൻ ദേശക്കാര്‍ വന്നും പോയുംകൊണ്ടിരുന്നു. വടക്കേ അകത്ത് സന്ധുബന്ധുക്കളുടെ രാമച്ചവിശറിക്കു കീഴിൽ മോഹാലസ്യപ്പെട്ടു കിടന്ന അമ്മ. മുറിയുടെ മൂലയില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ തല പൂഴ്ത്തി വിങ്ങിക്കരയുന്ന അനിയത്തി.. തെക്കേ വളപ്പിൽ കരക്കാർ നടത്തുന്ന ശവസംസ്കാരശ്രമങ്ങളിലേക്ക് പടിഞ്ഞാപ്പുറത്തെ ഉത്തരത്തിൽ പിടിച്ചു ശൂന്യമായ മുഖത്തോടെ നോക്കി നിന്ന അച്ഛൻ.....


പൂമുഖത്തിണ്ണയിലെ ചിത്രത്തൂണും ചാരി കാലുകൾ നീട്ടി അവരിരുന്നു. മുത്തശ്ശി.....


മുറുക്കാൻ ചവച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉമ്മറത്തു വന്നു കയറുന്നവരെ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടക്കിടെ മുറ്റത്തു വന്നു പരുങ്ങി .നില്‍ക്കുന്നവര്‍ക്ക് അവർ വഴികാട്ടിയായി.


"അരാദ്, ദാ അങ്ങട് ചെന്നോളൂ. അവടെ തളത്തിലാ കെടത്ത്യേക്കണേ."

ജീര്‍ണവസ്ത്രമുപേക്ഷിച്ചവനെ കാണാൻ വീടു കയറിയിറങ്ങുന്നവരുടെ പദനിസ്വനങ്ങളും നിശ്വാസങ്ങളും തളം കെട്ടിനിന്ന നിശ്ശബ്ദതയില്‍ അലിഞ്ഞു .ചേര്‍ന്നു. ഇടക്ക് ഒരു കാരണവര്‍ അവരുടെ മുന്നില്‍ ചെന്നിരുന്നു അടക്കിപ്പിടിച്ച സ്വരത്തില്‍ ചോദിച്ചു:

"ദെന്തേ, കുട്ടിക്കിങ്ങനെ തോന്നാൻ!?."

വായിൽ കൊഴുത്തു നിറഞ്ഞ മുറുക്കാൻ അടുത്തിരുന്ന കോളാമ്പിയെടുത്ത് ശ്രദ്ധാപൂവം ഒതുക്കി തുപ്പി മരണവീടിന്‍റെ മൌനത്തെ ഭേദിച്ചുകൊണ്ട് അവർ ഉറക്കെ പറഞ്ഞു:

"അഹമ്മതീ !. അല്ലാണ്ടെന്താ ന്‍റെ കുഞ്ഞീഷ്ണാ?."

**********



                                        

2013, ജൂലൈ 23, ചൊവ്വാഴ്ച

സ്മാര്‍ടെക്സ്പ്രസ്സ്

സ്മാര്‍ടെക്സ്പ്രസ്സ്

വര്‍ഷം 2013 ജൂലായ്.

പെൻഷൻ പറ്റാൻ രണ്ടു മാസം മാത്രം അവശേഷിക്കുമ്പോഴാണ് ഒരു ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ബാങ്കിന്‍റെ ഉത്തരവ് വന്നത്. അതോ  ബാക്ക് റ്റു ബേസിക്സ്!. ഫോർട്ട്‌ കൊച്ചിയിലാണ് കളരി. ഭരതവാക്യം വേണ്ടിടത്ത് നാന്ദി ചൊല്ലാൻ പറയുന്നതിന്‍റെ പൊരുളെന്തെന്നു ക്ലാസ്സിന് മുമ്പ് സ്വയം പരിചയപ്പെടുത്തൽ ആചാരത്തിനിടയിൽ ചോദിച്ചപ്പോൾ   മൂത്ത ചേകോന്‍മാരെ വിളിച്ചത് ചെറുബാല്യക്കാർക്ക് അനുഭവസമ്പത്ത് പകർന്നു കൊടുക്കുവാൻ വേണ്ടിയാണെന്ന് ഫാക്കൽട്ടി മുഖ്യന്‍റെ യുക്തിസഹമായ  മറുപടി.
തേച്ചുകുളി, വിധത്തിലും തരത്തിലും മൂന്നേരം ശാപ്പാട്, ക്ലാസ്സിനിടയില്‍ കണ്ണ് തുറന്നിരുന്നുള്ള കൂർക്കംവലി, വൈകീട്ട് ഫോർട്ട്‌ കൊച്ചി കടപ്പുറത്തു കപ്പലെണ്ണല്‍, മട്ടാഞ്ചേരി തെരുവുകളിലെ അൺസൂൺ വാണിഭം, ജൂതപ്പള്ളി അങ്ങിനെയങ്ങിനെ മൂന്നു ദിവസം കുശാൽ കുശലതരം.
പക്ഷേ  കൊട്ടാൻ പോകുന്ന പൂരം അതൊന്നുമല്ല.
പഠനശിബിരം കഴിഞ്ഞു യജ്ഞശാലക്ക് തീയിട്ട് മടക്കയാത്രക്കായി ഉച്ചക്കു മൂന്നു മണിക്ക് ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനിൽ എത്തി. കൂടെ ഒല്ലൂക്കാരൻ ജോണിയുമുണ്ടായിരുന്നു. തീവണ്ടിത്താവളത്തിലുള്ള കാത്തിരിപ്പും അനിശ്ചിതത്വവും മടുപ്പിക്കുമെന്നതിനാൽ  ദീർഘ യാത്രയായാലും പൊതുവെ  ബസ്സാണ് തെരഞ്ഞെടുക്കാറ്. സ്റ്റേഷനിൽ ചെന്നപാടെ പച്ചയിൽ മഞ്ഞ വരകളുള്ള എക്സ്പ്രസ്സ്‌ ബസ്‌ നീണ്ടു നിവർന്നു കിടക്കുന്നതു കണ്ടു. തൃശ്ശൂർ പാലക്കാട്‌ കോവൈ വഴി ബാംഗ്ലൂർ. മൂന്നു നാല് സീറ്റുകൾ ഒഴിഞ്ഞു കിടന്നു ചിരിക്കുന്നു. പെരുത്ത ഉത്സാഹത്തോടെ പടികൾ കയറുമ്പോൾ  പിന്നിൽ നിന്നും ജോണി പറഞ്ഞു :
"ബാലേട്ടാ, ദാ അപ്രത്ത് കോഴിക്കോട് സൂപ്പർ ഫാസ്റ്റ് പൊറപ്പെടാറായി. ഡ്രൈവർ കേറിണ്ട് . അതില് പുവ്വാം .ഇതെപ്ലാ പുവ്വ്വാന്നറീല്ല്യ ."
" ഏയ്‌, വേണ്ട ജോണ്യേ. എനിക്ക് ആറു മണിക്ക് മുമ്പ് തൃശ്ശൂരെത്തണം. റീജണൽ തിയ്യറ്റർല് ഒരു നാടകണ്ട്. പൊറപ്പെടാൻ ഇത്തിരി വൈക്യാലും ഇതാ മുമ്പ് തൃശ്ശൂരെത്ത്വാ. എക്സ്പ്രസ്സല്ലേ?."
" ന്നാ ശരി. ഞാനെന്തായാലും അതില് പുവ്വ്വാ."
ഐക്യദാർഡ്യപ്പെടാത്ത ഒല്ലൂക്കാരനെതിരെ മനസ്സിൽ ചെറിയൊരു ഈര്‍ഷ്യയെ കുടിവെച്ച് ആഭിചാരം ചൊല്ലി:
"ശരി. ആരാ മുമ്പെത്ത്വാന്ന് മ്മക്കൊന്നു നോക്കാലോ!"
സൂപ്പറും ജോണിയും സ്റ്റാന്‍റ് വിട്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ബംഗലുരു എക്സ്പ്രസ്സിന് അനക്കമില്ല. സീറ്റിൽ ഒരു ടവൽ വിരിച്ചിട്ട് പുറത്തിറങ്ങി എൻക്വയറിയിൽ ചെന്നു ചോദിച്ചപ്പോൾ "ഇപ്പ പുവ്വും, ഇപ്പ പുവ്വും" എന്ന ജനമൈത്രി മറുപടി .
എന്തിന് പറയുന്നു മൂന്നേകാലിന് കയറിയിരുന്ന മഞ്ഞവരപ്പച്ചാന ഉച്ചഭാഷിണി വഴി  'ഉടൻ പുറപ്പെടൽ ' കാഹളം മൂന്നെണ്ണം കഴിഞ്ഞ് ചിന്നം വിളിച്ചത് നാല് മണിക്ക് !.
സാധാരണ ഗതിയിൽ എംജി , ബാനർജി, മുക്കർജി, ഖജാൻജി റോഡുകളും, കച്ചേരിപ്പടിയും, പട്ടിക്കാംതൊടിയും കടന്നു പോകേണ്ട വണ്ടി സ്റ്റേഷനടുത്തുള്ള പുതിയ മേൽപ്പാലത്തിലൂടെ വഴി മാറ്റിപ്പിടിച്ചു കിഴക്കോട്ടുരുണ്ടപ്പോൾ സന്തോഷിച്ചു. ബ്ലോക്കും തിരക്കുമൊഴിവാക്കാനുള്ള പുതിയ സംവിധാനമാകും. കടവന്ത്ര റോഡിലെ നാല് ബ്ലോക്കുകൾ കുരുക്കഴിച്ച് വൈറ്റിലപ്പാടത്തെ മൊബിലിറ്റി ഹബ്ബിൽ കയറി വിശ്രമിച്ചപ്പോൾ സംശയമായി. പണി കിട്ടിയോ?. കണ്ടക്റ്ററുടെ പഞ്ചും പിച്ചും കഴിഞ്ഞു ബൈപാസ് ആഞ്ജിയോപ്ലാസ്റ്റി വഴി അഞ്ചെട്ട് തറവാടി ബ്ലോക്കുകൾ നീക്കി ലുലു ഗുലുമാലുകളും കളമശ്ശേരിയും  താണ്ടി ആലുവ ബൈപാസിൽ എത്തിയപ്പോൾ വാച്ചിൽ നോക്കി. മണി അഞ്ചര! അപ്പോൾ റീജണല്‍ തിയ്യറ്റര്‍ നാടകം ദുരന്തപര്യവസായിതന്നെ !.
ജോണിയുടെ കാര്യം ഓർമ്മ  വന്നത് പെട്ടെന്നായിരുന്നു. സൂപ്പർ ഡൂപ്പറായി പുറപ്പെട്ട പാവം എവിടെ കിടക്കുന്നു ആവോ!. എന്തായാലും ഒന്നുവിളിച്ചു കളയാം. ദുരവസ്ഥാഭൂപടത്തിൽ സ്ഥാനം എവിടെയെന്നറിയാമല്ലോ!.
"ഹലോ ജോണീ."
" ങ്ഹാ ബാലേട്ടാ! "
" ജോണി എവട്യാ ? "
" ആര്?. ഞാനോ ?. ഞാനിവിടെ വീട്ടില്. "
"ങ്ഹേ!. എവടെ?. വീട്ടിലാ!?." 

ഉള്ളൊന്നു കാളി!.
"അതേന്ന്!. ഞാൻ വീട്ടിലെത്തീട്ടു പത്തു മിനിറ്റായി. ദേ കാപ്പി കുടിച്ചോണ്ടിരിക്ക്യാ. എന്തേ?.  ബാലേട്ടൻ എത്ത്യാ?."
"ഓ! ഞാൻ എപ്പഴേ എത്തി!."
എന്‍റെ സ്വരത്തിലെ ആത്മവിശ്വാസം ഉൾക്കൊണ്ടിട്ടാവണം എവിടെയെത്തി, എപ്പോള്‍ ഇത്യാദി ചങ്കില്‍ തറയ്ക്കുന്ന  ഉപചോദ്യങ്ങളൊന്നും ജോണിയിൽനിന്നുണ്ടായില്ല. അല്ലെങ്കിലും അതൊക്കെ എന്തിനു ചോദിക്കണം?. ആനയായാലും ആളായാലും അശ്വത്ഥാമാവ് ഹതനായി   എന്നറിഞ്ഞാൽ പോരെ?
യാത്രാസുഖത്തിലേക്ക് ഒരു ഗഡു സമയസഹായംകൂടി വാഗ്ദാനം ചെയ്തുകൊണ്ട് വണ്ടി ബൈപാസിൽനിന്നും ആലുവ സ്റ്റേഷനിലേക്ക് വലത്തൊടിക്കുന്നതും കാത്ത് ഞാനിരുന്നു.....







2013, ജൂലൈ 7, ഞായറാഴ്‌ച

അവിഘ്നമസ്തു



അവിഘ്നമസ്തു 



2 0 1 3 ജൂണ്‍ രണ്ട്  പ്രവേശനോൽസവം 

കട്ട്  ബാക്ക് ....

ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയൊമ്പത് ജൂണ്‍ ഒന്ന്...!
ഈയുള്ളവന്റെ ഒന്നാം ക്ലാസ് സങ്കടപ്രവേശം.

അമ്മയുടെ മന്ദ്രമധുരമായ താരാട്ടിനിന്നും ഷാരടിമാഷുടെ 'കൂ കൂ തീവണ്ടി ഖരഖരപ്രിയയിലേക്കുള്ള അതിഭീകരമായ രാഗസംക്രമണം....

പണ്ട്  ഗാന്ധിയപ്പൂപ്പൻ അന്തിയുറങ്ങിയ ആനന്ദകുടീരത്തിലെ  ഇടവപ്പാതി ഇരുട്ടു നിറച്ച    'ഒന്ന് എ.' യിലെ  പുത്ത കുമ്മായച്ചൂരും മാഷുടെ ഖദർ ജുബ്ബയുടെ കഞ്ഞിപ്പശച്ചൂരും വീപ്പു മുട്ടിച്ചപ്പോ ആയുധമെടുക്കാ      താമസിച്ചില്ല .

"ന്താ ഇയാള്  കരേണ് ?" 
മാഷുടെ ഉള്ളംകയ്യിലെ പാറത്തഴമ്പ്  പുറം തലോടി .

"ഇച്ച്  വീട്ടിച്ച്  പോണം. "

എന്തിനാ വീട്ടിക്ക്‌ പോണ്‌ ?"

ചൂച്ചുത്താ ."

"ചൂച്ചുത്താ  ന്തിനാ  വീട്ടില്  പോണ്.     ഇബടെ മൂത്രപ്പെരേണ്ടലോ.    ബെല്ലടിക്കുമ്പൊ  പൂവാം ട്ടോ ."

ഇച്ച്  വീട്ടില്  ചൂച്ചുത്തണം ."

മാഷുടെ ജുബ്ബക്കീശയി ഒളിച്ചിരുന്ന നാരങ്ങസത്ത്‌  നിറവും മണവും കാട്ടി പുറത്തു വന്നു. 

ഇച്ച്  വീട്ടിച്ച്   പോണം ."   കുടുക്കി വീണില്ല.  നാണം കേടേണ്ടെന്നു  കരുതി നാരങ്ങസത്ത് കീശയിലേക്ക്  തിരിച്ചു ചാടി നിദ്രയിലാണ്ടു .

"വീട്ടിൽക്ക്  പോയാ എങ്ങന്യാ ? ഇയാൾക്ക് പഠിച്ചു വല്ല്യേ ആളാവണ്ടേ ? "

" മാണ്ട . ഇച്ച്  വീട്ടിൽച്ചു പോണം. "

പിന്നെ വന്നത് സാക്ഷാ മറ്റവ .   മാഷുടെ കറുത്ത  കയ്യിലിരുന്ന്  മേലാസകലം ഇളക്കി അവ പിപ്പിടി കാട്ടി. 

ഇത് കണ്ട്ണ്ടോ   ഇയാള് ?.    തൊടേലെ തോലൂരണ സാധനാ . സ്വാദ്‌  നോക്കണോ ?"

ഇച്ച്  വീ ....ട്ടിച്ച്  പോ .....ണം .!" 

സങ്കടപ്പുറമെ   വരാനിരിക്കുന്ന  തോലുരിയലിന്റെ നീറ്റവും കൂടിയായപ്പോ  കരച്ചി കീഴ് സ്ഥായി  വിട്ട്  മച്ചി മുകളി കയറി കാറിപ്പൊളിച്ചു.

സാംക്രമികം  പടർന്ന് സമൂഹഗാനമാവാനുള്ള  സാദ്ധ്യത  മുന്നിൽ   കണ്ടാവണം കഞ്ഞിപ്പുരയിലെ പണിക്കാരി കാർത്ത്യായനി വഴി അടിയന്തിരനിദ്ദേശം പോയതും അഞ്ചാം ക്ലാസി പഠിക്കുന്ന ചേട്ട ഓടിക്കിതച്ചു വന്നതും പൊതിരെ പെയ്ത മഴയി ഒറ്റക്കുടയി കെട്ടിപ്പിടിച്ച് രാമലക്ഷ്മണന്മാ ഗൃഹം പൂകിയതും അമ്മയുടെ "ഗോപുരം തിങ്ങീ രണ്ടീച്ച  ചത്തൂ " താരാട്ടു സാന്ത്വനങ്ങളി ഇല്ലാത്ത  മൂത്രം  ഒഴിഞ്ഞുപോയതും പിന്നെ പിന്നെ ചൂരല് കാട്ടി പേടിപ്പിക്കലല്ലാതെ തല്ലാൻ അറിയാത്ത  ഷാരടി  മാഷുടെ നാരങ്ങസത്തും  അമ്മിണി ടീച്ചറുടെ ആനയും തുന്നല്ക്കാരനും സൂചിയും  കണ്ണിനു കുളിരും കണാമൃതവുമൊക്കെയായതും  ഗൃഹാതുരശബ്ദകോശമനുസരിച്ച്  "ഒക്കെ ഇന്നലെ കഴിഞ്ഞത്  പോലെ ". 


xxxxxxxxxxx