2014, ജൂലൈ 24, വ്യാഴാഴ്‌ച

ഒരു യൌവന ദുരന്തകഥ

ഒരു യൌവന ദുരന്തകഥ

ബീഡിവലിയിൽ മന്ത്രദീക്ഷയെടുത്ത് സോള്‍ഗഡികളോടൊപ്പം ഒളിവലികളിൽ രമിച്ചിരുന്ന ഇന്നസന്‍റ് പ്രീഡിഗ്രിക്കാലം. ഗൂഡം പിടിക്കപ്പെട്ടാൽ പിതാശ്രീമാരുടെ മൂന്നാംമുറ ഉറപ്പ്‌. സവിശേഷാവകാശത്തിന്മേല്‍ അടുപ്പിലെ കൊള്ളി വലിച്ചും പുകവലിച്ചിരുന്ന കാരണവന്‍മാരുടെ സമഗ്രാധിപത്യത്തിനെതിരെ മനസ്സില്‍ പുകഞ്ഞ കൊള്ളിയുമായി നടന്ന ക്ഷുഭിത കൌമാരം .



നാട്ടിലെ ക്ഷേത്രത്തിൽ ധനുമാസത്തിലെ പത്താമുദയ വേലയായിരുന്നു. രാത്രി എഴുന്നെള്ളിപ്പിനു മുൻപുള്ള കഥാപ്രസംഗം അമ്പലപ്പറമ്പിൽ പൊടിപൊടിക്കുന്നു.  കഥ ഈഡിപ്പസ്.



" നീ നിന്‍റെ പിതാവിനെ കൊന്ന് പെറ്റമ്മയെ കെട്ടും!."

അപ്പോളോ തേവരുടെ കോമരം ഈഡിപ്പസിനു വെളിച്ചപ്പെടുന്ന കഥാമുഹൂർത്തമെത്തിയപ്പോൾ ഞാനും സുഹൃത്ത് അശോകനും എണീറ്റു മൂടു തട്ടി. കാര്യം മറ്റൊന്നുമല്ല; പരഭീതിയില്ലാതെ ഒന്നു വലിക്കണം. കുളക്കരയിൽ വെച്ചാവാം. ആരും കാണില്ല. എവിടെനിന്നോ സംഘടിപ്പിച്ച രണ്ട് കാജാ ബീഡി അശോകന്‍റെ കയ്യിലിരുന്നു കിരുങ്ങുന്നുണ്ട്!.

കിഴക്കേ നടയിലുള്ള കുളക്കരയിലെത്തി ബീഡി ചുണ്ടത്ത് വെച്ചപ്പോഴാണ് ഓർത്തത്‌. തീപ്പെട്ടിയില്ല. നടയിലെ ദീപസ്തംഭവും ചുറ്റുവിളക്കുകളും കെട്ടിരിക്കുന്നു. ഇനിഎന്തു ചെയ്യും?. അമ്പലപ്പറമ്പിലേക്കു തന്നെ തിരിച്ചു പിടിച്ചു . ആൽത്തറയിൽ കെട്ടിയ സ്റ്റേജ് കൊട്ടും പാട്ടും കയ്യും കലാശവുമായി കഥാപ്രാസംഗികന്‍ അടിച്ചു തകർക്കുന്നു.

സദസ്സിന് ഏറ്റവും പുറകിൽ നിന്നുകൊണ്ട് ഞങ്ങൾ പരിസരനിരീക്ഷണം നടത്തി. ആരെങ്കിലും വലിക്കുന്നുണ്ടോ?. വേദിക്കഭിമുഖമായി ഞങ്ങൾക്കു പുറം തിരിഞ്ഞിരുന്നു കഥ കേൾക്കുന്ന ബഹുവിധം തലകളിൽനിന്നും ഒരു ചുറ്റു പുകയെങ്കിലും വാനിലേക്കുയരുന്നുണ്ടോ. ഇല്ല. നാട്ടുകാരെല്ലാം നന്നായിപ്പോയതില്‍ വിസ്മയിച്ചു നിൽക്കുമ്പോൾ മുന്നിലതാ കാണുന്നു.......!
ധനുമാസക്കുളിരിനു പ്രതിരോധം ചമച്ച് തലയും ഉടലും കരിമ്പടം മൂടി ഇരുട്ടില്‍ സദസ്സിനു നടുവിൽ ഒറ്റ തിരിഞ്ഞിരിക്കുന്ന ഒരു രൂപം. പെട്ടെന്ന് അതൊന്നിളകി!. അരയിലെന്തോ തപ്പുകയല്ലേ?. അതെ!. അതാ ഒരു മിന്നല്‍!. കരിമ്പടത്തലക്കു ചുറ്റും പ്രഭാവലയം!. വളഞ്ഞും പിരിഞ്ഞും കുമിഞ്ഞും തലയ്ക്കു മുകളിലേക്കുയർന്ന് മഞ്ഞിൽ വിലയിക്കുന്ന പുകച്ചുരുളുകള്‍!.


"അടി ശക്കെ!!. ബാലന്ദ്രാ, കണ്ടൂടപ്പ!. ഞാന്‍ ദേ ഇപ്പ വരാം!."



ശ്രോതാക്കൾക്കിടയിലൂടെ തപ്പിത്തടഞ്ഞു നടന്ന് കമ്പിളിപ്പുതപ്പിനു പിന്നിൽ എത്തിയപ്പോൾ അശോകൻ അടക്കിപ്പിടിച്ച  സ്വരത്തിൽ ചോദിച്ചു:

"അതേയ്, ആ തീയൊന്നു തര്വോ?."

കഥയിൽ മുഴുകിയിരുന്ന രൂപം വേദിയിൽനിന്നും കണ്ണെടുക്കാതെ പുകയുന്ന ബീഡി പിന്നിലേക്ക്‌ നീട്ടി. നല്ല കടുപ്പൻ മണം!. ആപ്പിൾ ഫോട്ടോയുടെ കനലിൽ മുത്തമിടീച്ച് കാജയിൽ തീ കോരിയ ശേഷം കുറ്റി നന്ദിപൂര്‍വം തിരിച്ചു കൊടുക്കുമ്പോൾ അശോകൻ ഒരു ചോളാക്യം ചോദിച്ചു:

"കഥ എവടെ വര്യായി?."

പാതിയണഞ്ഞു തിരിച്ചു കിട്ടിയ ബീഡി ആഞ്ഞു വലിച്ചു ജ്വലിപ്പിച്ചുകൊണ്ട് രൂപം ആവേശത്തോടെ പറഞ്ഞു :

"രാജാവിനെ കൊന്നു!. പക്ഷെ സൊന്തം കയ്യോണ്ട് അച്ഛന്യാ കൊന്നതെന്ന് മോനറിഞ്ഞിട്ടില്ല്യ ട്ടോ !!. "

ഇച്ചിരിത്തീ തന്നു സഹായിച്ച പ്രേക്ഷകന്‍റെ ആകാംക്ഷയും ഗദ്ഗദവും നിറഞ്ഞ സ്വരം തിരിച്ചറിഞ്ഞപ്പോൾ അശോകൻ ഞെട്ടിപ്പോയി!.

"അച്ഛൻ!."

ദൈവമേ!. ബീഡി കൊളുത്താന്‍ തീ നീട്ടിയത് സ്വന്തം മകന്‍റെ കയ്യിലേക്കാണെന്ന് ഈ അച്ഛനും അറിഞ്ഞിട്ടില്ല!.

ബീഡി കയ്യിലിരുന്നു വിറച്ചതും നിലത്തു വീണതും അശോകന്‍ അറിഞ്ഞില്ല. തിരിച്ചു നടക്കുമ്പോള്‍ ദുരന്തനായകന് കാലിടറി. പിന്നില്‍ കാഥികന്‍ വിലപിച്ചു:

"ഹാ മനുഷ്യന്‍!. വിധിയുടെ കയ്യിലെ കളിപ്പാട്ടങ്ങള്‍!."

2014, ജൂലൈ 22, ചൊവ്വാഴ്ച

കസ്റ്റമര്‍ റിലേഷൻ

കസ്റ്റമര്‍ റിലേഷൻ 


സന്ധ്യക്ക്‌ കടയില്‍ പതിവില്‍ കവിഞ്ഞ തിരക്ക നുഭവപ്പെട്ടപ്പോള്‍ പലചരക്ക് കടക്കാരന്‍ തോമുട്ടിക്ക്  ടെന്‍ഷനായി. എടുത്തുകൊടുപ്പുകാരൻ ചെക്കന്‍ അമ്മക്കു  സുഖമില്ലെന്നു  പറഞ്ഞു  നാലു മണിക്ക്പോയതാണ്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കല്ലുവെട്ടുകാരും,   പാടത്ത്    പുല്ലുവലിക്കുന്ന പെണ്ണുങ്ങളും, കുമ്മായപ്പണിക്കാരും അടുത്തുള്ള ഷാപ്പില്‍നിന്നു ലേശം മിനുങ്ങിയവരുമൊക്കെയായി പീടികക്കു മുന്നില്‍ പുരുഷാരമാണ്!

"തോമുട്ട്യേട്ടാ ഒരു അരക്കാല് മല്ലി. "


"ഇപ്പ തരാം ജാനക്യേ."


"എനിക്കൊരു റാത്തല്  ശര്‍ക്കര."


"തരാം... തരാം."


"തോമുട്ട്യേ വേഗം  രണ്ടെടങ്ങഴി അരീട്ത്തേ."


"അയ്‌, നിക്ക് വാസ്വേട്ടാ ഇപ്പ തരാന്നേയ്!."


"തോമ്വേട്ടാ ഇന്‍റെ വെളിച്ചെണ്ണ."


"തെരക്കൂട്ടാണ്ട് നിക്ക്ര ചെക്കാ! കയ്യോഴ്യേട്ടെ!"


"എത്ര നേരായി ഞാന്‍ നിക്ക്ണു തോമുട്ട്യാപ്ലേ , വീട്ടില്   കുട്ട്യോള് തന്ന്യേള്ളു!."


"നിങ്ങള് കാണ്‍ണില്ല്യേ ന്‍റെ പാറൂട്ട്യേമ്മേ!. ഇക്ക്  പത്ത്  കയ്യൊന്നൂല്ല്യ!."


"പുവ്വാന്‍ ധിര്‍തീണ്ട്.  കളിക്കാന്‍ നിക്കാണ്ട് ഒരു കിലോ തേങ്ങാപ്പിണ്ണാക്ക് എടുത്തട തോമുട്ട്യേ."


"കളിക്കാന്‍ നിക്കണത് നെന്‍റെ....! "


അതായിരുന്നു ബോയിലിംഗ് പോയിന്‍റ്.......!


പൊതിഞ്ഞുകൊണ്ടിരുന്ന ഉണക്കമുളക് നിലത്തെറിഞ്ഞുകൊണ്ട് തോമുട്ടി അലറി!


'പണ്ടാറടങ്ങീട്ട് നിങ്ങക്കൊക്കെ സാമാനം വാങ്ങാന്‍ യ്യ്‌ ചന്തേല് എന്‍റെ പീട്യ മാത്രേ കണ്ട്ള്ളോ!?





അബ്ഡക്ഷൻ



അബ്ഡക്ഷൻ  



നാട്ടിൻപുറം - ശങ്കരേട്ടന്‍റെ  ചായക്ലബ് - അതിരാവിലെ നേരത്തെ പഞ്ചായത്ത്-പൈലോതാപ്ല അദ്ധ്യക്ഷന്‍.

മൊത്തികൊണ്ടിരുന്ന ചായ ഗ്ലാസ്  ഡസ്കിൽ പതുക്കവെച്ച് പള്ളയിൽ വന്നിരുന്നു ചോരയൂറ്റുന്ന  കൊതുകിനെ അതീവശ്രദ്ധയോടെ പൊത്തിയടിച്ചു തേമ്പികൊണ്ട് പൈലോതാപ്ല തുടർന്നു:

"ഹേയ്!  ശ്ശെന്താ കൊതു!.  കടിക്കുമ്പോ  മൊട്ടുസൂചി പഴുപ്പിച്ച് കേറ്റണ പോലേണ്ടു്!."


"പേപ്പട്ടി     കടിച്ചാ     എട്ക്കണ      ഇഞ്ചക്ഷന്     ഇത്ര വേദനേല്ല്യ!."


അനുഭവസമ്പന്നനായ ബാര്‍ബര്‍ വാസു നാലു  മുഴം കൂട്ടി പൈലോതാപ്ലയെ പിന്തുണച്ചു.



"പാടത്ത്  മരുന്നടി തൊടങ്ങീല്ല്യേ. അപ്പൊ സകലതും കൂടി കരേല് കേറിതാ. ശങ്കരാ, മതിരം കൊറച്ചൊരു സിംഗിള്. "

ചായക്ക്    ഓർഡർ     കൊടുത്ത്     കുമാരൻ     നായർ ദേശാഭിമാനി  എടുത്തു നിവര്‍ത്തി .

ഉള്ളംകയ്യിൽ    പരന്ന ചോര  ചായക്കടയുടെ കരി പൊറ്റ പിടിച്ച ചുമരിൽ തേച്ചുകൊണ്ട് പൈലോതാപ്ല പറഞ്ഞു. 

"ഇത് കണ്ട്വോ  എടങ്ങഴി  ചോരേണ്ട് ! " 

"പിന്നെ ചോരേണ്ടാവാണ്ടിരിക്ക്യോ; ദാ ഇത്രശ്ശേല്ല്യേ  ഓരോന്ന്!. " 



തള്ളവിരൽ കടയ്ക്കു കുത്തിയ ചൂണ്ടു വിരൽ നിവർത്തി ശേഖരൻ നായർ മാതൃക കാണിച്ചു .

"എന്താന്ന് ,  എന്താന്ന്?"


ഇടയ്ക്കു വന്നു  കയറിയ  ശങ്കുവേഴ്ശൻ എല്ലാവരോടുമായി ചോദിച്ചു.


"അല്ല; രാത്രീലെ  കൊതൂന്‍റെ  കാര്യം പറയ്വാര്‍ന്നു ശങ്ക്വോ." പൈലോതാപ്ല പറഞ്ഞു .

"ഔ ഔ ഒന്നും പറേണ്ട ! ഇന്നലെ രാത്രീല്  കണ്ണിന്‍റെ പോള  കൂട്ടീട്ടില്ല്യ." 


നെറ്റിയിൽ അടിച്ചുകൊണ്ട് ഏഴ്ശൻ ശരി വെച്ചു.



രസികഭാഷിയായ  ശങ്കുവേഴ്ശൻ വന്നതിന്‍റെ ആവേശത്തിൽ വായിക്കാൻ തുടങ്ങിയിരുന്ന പേപ്പർ   മടക്കി വെച്ചുകൊണ്ട് കുമാരൻ  നായർ പറഞ്ഞു:


"കൊതൂന്‍റെ  മൂളലും  കടീം കൊതൂനെ അടീം കുട്ട്യോൾടെ നെലോളീം  ഒക്കക്കൂടി  നല്ല മേളാർന്നു ഇന്നലെ മ്മടോടെ!."


"കുട്ട്യോൾടെ കാര്യാ?  അസ്സലായി!  കേക്കണോ നിങ്ങക്ക്.....?"

മടിയിലിരുന്ന ബീടിക്കെട്ടിൽനിന്ന്  ഒന്നെടുത്തു കൊളുത്താൻ സുല്ലെടുത്തുകൊണ്ട്  ഏഴ്ശൻ തുടർന്നു: 

   
"വെളുപ്പിനെണീറ്റത് വീട്ട്കാരടെ കൂട്ടനെലോളി കേട്ട്ട്ടാ.  രാത്രി തള്ളേടെ കൂടെ കെടന്നേർന്നതാ ന്‍റെ ഒക്കേലും എളേ ചെക്കൻ. വെളിച്ചായി  നോക്കീപ്പോ മൊതലിനെ പായേല് കാണാല്ല്യ!."

"അയ്‌, ദെവടെ പോയ്‌ ചെക്കന്‍!?." ബാർബർ വാസു.



"അന്വേഷിച്ചു  പിടിച്ചു വന്നപ്പണ്ട്രാ   ചെക്കൻ പടിഞ്ഞാറെ വളപ്പില്   പ്ലാവിന്‍റെ  ചോട്ടില് കെടന്ന് കൂർക്കം വലിക്കുണൂ !."

"എന്റീശോയേ....ദെന്തേ  യ്  ക്ടാവ്  ചീതേ!?."

പൈലോതാപ്ലക്കൊപ്പം മറ്റുള്ളവരും  സ്തബ്ധരായി!.



"ക്ടാവൊന്നും ചീതതല്ല  ന്‍റെ പൈലോതാപ്ലേ!. കൊത്വോളൊക്കെ  കൂടി  കടിച്ചു തൂക്കി പടിഞ്ഞാറെ വളപ്പില്  കൊണ്ടോയീട്ടതാ ചെക്കനെ!.  കുമാരാ കടുപ്പത്തിലൊരു കട്ടൻ ഇട്ക്ക്; ഒറക്കക്ഷീണണ്ട് !."


********