2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

കുട്ടന്‍

കുട്ടന്‍


ചിറ്റാട്ടുകരയിലാണ് ജനിച്ചതെങ്കിലും കര്‍മ്മംകൊണ്ടു പുറനാട്ടുകരക്കാരനാണ് കുട്ടന്‍. പത്തു വര്ഷം മുമ്പ് അയല്പ്പക്കത്തുള്ള നായക്കമ്പക്കാരന്‍ ഉണ്ണിമോന് ചിറ്റാട്രയിലുള്ള എളേമ്മ സമ്മാനിച്ചതാണ് കക്ഷിയെ. പക്ഷേ മുന്‍ കാലുകള്‍ രണ്ടിനും ബോണസ്സായി ഒരോ അസ്ഥിസന്ധി കൂടുതലുള്ള വൈകല്ല്യാനന്ദനെ ഉണ്ണിമോനിഷ്ടപ്പെട്ടില്ല. ഇതികര്ത്തനവ്യതാമൂഢനായി നിന്ന അയല്‍വാസിയെ കണ്ടപ്പോള്‍ എന്‍റെ സഹോദരിയും അളിയനും ചേര്‍ന്നു സമാധാനിപ്പിച്ചു.

“സാരല്ല്യടാ. അതിനേങ്ങട് തന്നോ. നമ്മള് നോക്ക്യോളാം.”

നസ്രാണി സാരമേയം നായരായത് അങ്ങിനെയാണ്. ജിമ്മി അക്കര എന്നോ കൈസര്‍ ചിറ്റാട്ടുകരക്കാരന്‍ എന്നോ അറിയപ്പെടേണ്ടിയിരുന്നവന്‍ മാര്‍ക്കം കൂടി കുട്ടന്‍ നായരായി. വളര്ന്ന് ഒന്നിനൊക്കണം പൊന്നപ്പോ നാലഞ്ചു വീടുകള്ക്കുറ്റവനുമായി.
നാലു വീടുകളുടെ അഹോരാത്രസുരക്ഷ കുട്ടന്റെ വായിലാണ്. എടുത്തു വളര്ത്തിയവരുടെ വീട്, എന്റെ വീട്, എനിക്കു മുന്നിലുള്ള വീട് പിന്നെ ഉണ്ണിയിലേ ഇല്ലം കടന്ന വീട്. എന്റെ വീടിന്‍റെ സിറ്റൌട്ടാണ് പുള്ളിയുടെ സെക്യൂരിറ്റി ക്യാബിന്‍. നാലു വീടുകളിലേക്കും കൃത്യമായ ദര്ശനം സാദ്ധ്യമായ വാന്റേടജ് പോയിന്റ്. ഇടിവെട്ട് കുരയാണ് ആയുധം. ദിഗന്തങ്ങള്‍ മുഴങ്ങും. മംഗലശ്ശേരി നീലാണ്ടന്‍ പോലും ഒന്നു നടുങ്ങും.

പക്ഷേ കുട്ടന്‍ കടിക്കില്ല. സബര്മതി സര്ട്ടിഫിക്കറ്റ് കോഴ്സ് പാസ്സായിട്ടുണ്ട്. 'കൊല്ലാന്‍ വരുന്നവനെ പത്തികാട്ടി പിപ്പിടി കാട്ടിയാല്‍ മതി കൊത്തരുത്' എന്ന് മൂര്‍ക്കന്‍ പാമ്പിനോടുള്ള പരമഹംസോപദേശം ഫോളോ ചെയ്യുന്നു. പക്ഷേ ഇതൊന്നും പടികടന്നു വരുന്നവര്ക്കറിയില്ലല്ലോ? കുട്ടന്റെ ‘ഭൌണ്ട്റ’ത്തിനും മുകളില്‍ സ്വരമുയര്ത്തി പടിക്കല്‍ നില്ക്കുന്നവരോട് അവന്റെ സ്വഭാവസര്ട്ടിഫിക്കറ്റ് വായിക്കുക എന്നതായി ഞങ്ങളുടെ ദിനചര്യ.

“പട്ടി എടങ്ങേറാക്ക്വോ?”

“എയ് ഇല്ല്യാ, ഇങ്ങട് പോര്വോ.”

“അല്ല പട്ട്യാണേയ് പറ്യാന്‍ പറ്റില്ല്യ.”

“ഇല്ല്യാന്നേയ്; ഇങ്ങട് പൊന്നോളോ. ആള് പാവാ.”

പതുങ്ങി പതുങ്ങി ആളടുത്ത് വരും വരെ കുട്ടന്‍ തകര്ത്ത് കുരക്കും. കാക്കുന്ന വീടിന്നു ലോഹ്യക്കാരനാണ് ആഗതന്‍ എന്നു ബോധ്യമായാല്‍ സൌണ്ട് ബോക്സ് പൂട്ടി താക്കോല് കാല്ക്കല്‍ വെക്കും. പിന്നെ ആസകലം ഒന്നു നക്കിത്തുടച്ച ശേഷം ഇടമുറിഞ്ഞ മയക്കത്തിലേക്ക് തിരിച്ചൂളിയിടും. ഒരു നാള്‍ കുരച്ചവനെ പിന്നീട് കുരക്കുന്നത് കുട്ടന്‍റെ അജണ്ടയിലില്ല. ആദ്യദര്ശനത്തിലേ വന്നയാളുടെ ഒരു ഹൈ പിക്സല്‍ ചിത്രം അടിക്കുറിപ്പോടെ കുട്ടന്‍ മനസ്സില്‍ പകര്‍ത്തൂം. അതൊരിക്കലും ഡിലീറ്റാവില്ല!.

മരിച്ചു പോയ തീറ്റ എറപ്പായിച്ചേട്ടന്റെ കൂട്ടാണ് കുട്ടന്‍. നാലു വീടുകളിലായാണ് ദൈനംദിനം അന്നപ്രാശം. വിശേഷാവസരങ്ങളില്‍ രണ്ടു വീടപ്പുറമുള്ള രജേന്ദ്രന്റെ വീട്ടിലും കുട്ടനു ചോറുണ്ട്. അതുകൊണ്ടുതന്നെ മറ്റെന്ത് തിരക്കുകളുണ്ടായാലും ആ വീട്ടിലെ സുരക്ഷാന്തരീക്ഷംകൂടി പഠിക്കുവാനും വിലയിരുത്തുവാനുമുള്ള നേരവും നന്ദിയും കുട്ടന്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്. വായനശാലയില്‍ കാരംസ് കളിച്ചു മടങ്ങുന്ന സന്തോഷാവവസരങ്ങളില്‍ ഗോപിയുടെ പീടികയില്നി്ന്നും വാങ്ങിയ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്ക്കറ്റ് മുഴുവനും വായില്‍ വെച്ചുകൊടുത്ത് ചക്കരവാക്കു പറഞ്ഞു പോകുന്ന ചന്ദ്രനും കുട്ടന്റെ സോള്‍ ഗഡി.

ഭക്ഷണം ഇന്നതെന്നില്ലാതെ എന്തും കുട്ടന് സ്വീകാര്യം. ഉപ്പും തൈരും ഒരു ചൊടിക്ക് ലേശം കൂട്ടാനും കൂട്ടിക്കുഴച്ച മട്ട അരിയുടെ (വെള്ളരി പഥ്യമല്ല) ചോറാണ് മൂന്നു നേരവും മുഖ്യം. സസ്യേതരം നിര്ബന്ധമില്ലെങ്കിലും ഉപ്പും പുളിയും കൂട്ടി വേവിച്ചു കൊടുത്താല്‍ ദിവംഗതരേയും ഭക്ത്യാദരങ്ങളോടെ ഭുജിക്കും. പച്ചക്കിട്ടുകൊടുത്താല്‍ പച്ചമീനായാലും വാകൊണ്ടു തൊടാത്ത വൃതശുദ്ധി പ്രത്യേകതയാണ്. ഇടനേരങ്ങളില്‍ ഒരു ചായ വേണം. കടിയായി മിക്സ്ചര്‍, പപ്പടം, റെസ്ക് ഇത്യാദികളില്‍ ഏതെങ്കിലും ഒന്ന്. ചായപ്പുറമേ ബീഡിയോ സിഗരറ്റോ നീട്ടിയാല്‍ മര്യാദയുടെ പേരില്‍ നിരസിക്കാറില്ല.

ജിതേന്ദ്രിയനായതുകൊണ്ട് ഭക്ഷണപ്പുറമേയുള്ള നേരമ്പോക്കില്‍ താല്പര്യമില്ല; കാലദേശഭേദമന്യേ! അസംഗോഹം എന്ന സ്വയംനിയന്ത്രിത ആത്മപ്രഭാലയത്തിലാണ് വസനം. നിത്യവും വെളുപ്പിന് വചനാമൃതം വായിക്കും. കൂട്ടുകാര്‍ നന്നേ കുറവ്.

ടീവി കാണുന്നത് പെരുത്തിഷ്ടം. പക്ഷേ എന്റെ വീട്ടിലെ പെട്ടിയുടെ സ്ഥാനം വീക്ഷണസുകരമല്ലാത്തതുകൊണ്ട് മുന്നിലുള്ള വീട്ടിലാണ് മനോരഞ്ജനം പതിവ്. അവരുടെ സിറ്റൌട്ടില്‍ പഴയ എച്ചെംവി ചങ്ങാതിയുടെ പോസിലിരുന്നാല്‍ കണ്‍കുളിര്ക്കേ പടം കാണാം. ന്യൂ ജെന്‍ സിനിമകളോടാണ് എറെയിഷ്ടം. ആക്ഷന്‍ ത്രില്ലറുകളോട് പ്രതിപത്തിയില്ലെന്നു മാത്രമല്ല കണ്ടാല്‍ പ്രകോപിതനാവും. മേഘനാദമുതിര്ത്ത് വീട്ടുകാരുടെ ദര്ശനരസത്തെ നിഗ്രഹിക്കും! ഇഷ്ടനടന്‍ ഫഹദാണ്. ഏറിയവനല്ലാത്ത പയ്യന്‍റെ വാക്കും നോക്കും ഇരിപ്പും നടപ്പും എല്ലാം കിറുകൃത്യമാണത്രേ!.

പടം കഴിഞ്ഞാല്‍ തിരിച്ച് നമ്മുടെ സിറ്റൌട്ടിലേക്ക്. പിന്നെ അത്താഴം വരെ സ്റ്റുഡിയോ ചര്‍ച്ചാശവണം. ജയശങ്കര്‍, ജേക്കബ് ജോര്‍ജ് എന്നിവരാണ് ഇഷ്ടതാരങ്ങള്‍. രണ്ടുപേര്ക്കും കേരളരാഷ്ട്രീയചരിത്രം കരതലാമലകമാണത്രേ! മാധ്യമപ്രവര്ത്തകര്‍ തെരഞ്ഞെടുപ്പിനു നില്ക്കുന്നതിലെന്താണ് അപാകത എന്നൊരു സ്വകാര്യനീരസം നികേഷിന്റെയും വീണയുടെയും വിമര്ശകര്ക്കെതിരെ കുട്ടന്‍ വെച്ചു പുലര്ത്തുന്നുണ്ട് എന്ന് ഒരിക്കല്‍ ബന്ധപ്പെട്ട ചര്ച്ചക്കിടയില്‍ മുരണ്ടുകൊണ്ട് ഇറങ്ങിപ്പോയതില്നിന്നും എനിക്കു വായിച്ചെടുക്കാന്‍ കഴിഞ്ഞു.

ജന്മനാ കിട്ടിയ എളിയതെങ്കിലും തെളിഞ്ഞ ബുദ്ധിയില്‍ സംതൃപ്തനാണ് കുട്ടന്‍. അതുകൊണ്ടുതന്നെ വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്യുന്ന, കവലയില്‍ പോയി കടയില്നിന്നും പലവ്യഞ്ജനം വാങ്ങിവരുന്ന, ചെസ്സു കളിക്കുന്ന, കിണറ്റില്‍ വീണ ടെന്നീസ് ബോള്‍ കയറില്‍ ബക്കറ്റിറക്കി കുട്ടികള്ക്കെടുത്തു കൊടുക്കുന്ന തങ്ങളുടെ ശുനകബുദ്ധികളെപ്പറ്റി ഗൃഹസന്ദര്‍ശകര്‍ മതിപ്പോടെ പറഞ്ഞു കേള്ക്കുമ്പോള്‍ കുട്ടന്‍ കോംപ്ലക്സടിക്കാറില്ല.

കാലം പോയി. എടുത്തുവളര്‍ത്തിയ ചേച്ചിയും കൂട്ടനെ കണ്ണിനു ചതുര്‍ത്ഥിയായി കണ്ട എന്‍റെ അമ്മയും പോയി. കുട്ടനിപ്പോള്‍ പതിമൂന്നു വയസ്സ്. ഉഭയകക്ഷി കരാറനുസരിച്ചുള്ള പത്തും രണ്ടിന്റെ എക്സ്റ്റെന്ഷനും കഴിഞ്ഞു. ഇനി ഏതു സമയവും ബീഫാസനന്‍ പാശവുമായി കടന്നുവരാം. കുട്ടന്‍ പക്ഷെ സ്ഥിതപ്രജ്ഞനാണ്. പണ്ട് ‘മണി മുഴങ്ങുന്നതാര്ക്ക് വേണ്ട്യാ’ എന്നു ചോദിച്ച യാങ്കിയുടെ ‘ഒരു ചാവിന് മ്മളൊക്കെ മറ്റോനോടു കടപ്പെട്ടിരിക്കുന്നു’ എന്ന വചനം ഉരുവിട്ടുകൊണ്ട് അപൂര്‍വം മാത്രം നടപ്പും ഏറിയ സമയം കിടപ്പുമായി അവശവാര്ദ്ധക്യം നിരക്കി നീക്കുന്നു കുട്ടന്‍.




2016, ഏപ്രിൽ 16, ശനിയാഴ്‌ച

'വികാര'മില്ലാത്തവരുടെ പൂരം



 'വികാര'മില്ലാത്തവരുടെ പൂരം 


“ബാലേട്ടാ!.”

ദുബായില്നിന്നും സുഹൃത്ത് ഇന്നു കാലത്ത്.

“ഓയ്...!”

“സാമ്പിളിന് പോയില്ല്യെ?”

“ഇല്ല്യ.”

“അയ് അതെന്തേ?”

“താല്‍പ്പര്യല്ല്യായിരുന്നു!.”

“ഓ! പൂരം വിരോധ്യാവും!.”

“ആര് പറഞ്ഞു പൂരം വിരോധ്യാന്ന്?”

“അല്ല ഫേസ് ബുക്ക് പോസ്റ്റോക്കെ വായിച്ചപ്പോ തോന്നീതാ. പുറ്റിങ്ങല്‍, മത്സരക്കമ്പം,108 മരണം, കലക്റ്റര്‍, എസീപ്പി, കുറുപ്പ് അങ്ങിനെ അങ്ങിനെ.”

“അത് നിന്റെ വായനേടെ പെശകാ. അല്ലാതെ ഞാന്‍ പൂരം വിരോധ്യൊന്ന്വല്ല.”

“അല്ല വെടിക്കെട്ട് നിരോധിക്കണന്നൊക്കെ പറഞ്ഞത്;”

“ങ്ഹാ, അതാനേരത്തെ ഞെട്ടലില്‍ പറഞ്ഞതാ. ഈ രാഷ്ട്രീയ നേതാക്കളൊക്കെ പറയുന്ന മാതിരി ഒരു സ്വഭാവിക പ്രതികരണം. പിന്നെ ഇജ്ജാതി നൂറു കണക്കിന് പാവങ്ങളെ കൊന്നൊടുക്കുന്ന വെടിക്കെട്ടിന്‍റെ വിരോധ്യന്ന്യ ഇപ്പളും!.”

“അതിപ്പോ കൊല്ലത്തുണ്ടായത് കൈകാര്യം ചെയ്യുന്നതിന്റെ പിഴവല്ലെ?”

“ആയിരിക്കാം. അങ്ങിനെയൊക്കെ മ്മടെ തൃശ്ശൂരും ഉണ്ടായിട്ടുണ്ടല്ലോ? വെടിമരുന്നിന്റെ കടിഞ്ഞാണ്‍ വടക്കുന്നാഥന്‍റെ കയ്യില്‍ പോലും സുരക്ഷിതല്ല കുട്ടാ!.”

“അപ്പോ വെടിക്കെട്ടിന്‍റെ ആവശ്യല്ല്യാന്നാ ബാലേട്ടന്‍ പറേണേ?”

“പാണ്ടി മേളത്തിന് കതിന പോലെ വെടിക്കെട്ട് ആവശ്യള്ള ഒരു ഘടകവും പൂരത്തിനില്ല.”

“അതെന്താ കതിനക്കൊരു പ്രത്യേകത?”

“പാണ്ടി മേളം ഇഷ്ടാണോ?”

“വളരെ ഇഷ്ടാണ്.”

“പാണ്ടിമേളത്തിനിടയില്‍ കതിന പൊട്ടുന്നത് ശ്രദ്ധിക്കാറുണ്ടോ?”

“ഇല്ല്യാ പിന്നെ!. ഓരോ ഇടക്കലാശത്തിലും കൃത്യം ടൈമിങ്ങില്‍ കതിന പൊട്ടുമ്പോ അതൊരു രസന്ന്യാ!”

“അദ്ദാണ്!. അപ്പോ നെനക്കറ്യാം അല്ലേ? ന്നട്ടാ ഇങ്ങനെ ചോദിക്കണേ! പാണ്ടിമേളത്തിന്റെ താളഘടനയുമായി കതിനാവെടി അത്രമേല്‍ ഇഴുകിച്ചേര്ന്നിരിക്കുന്നു. അതുപോലെ ഇഴുകിച്ചേരാന്‍ മറ്റൊരു വെടിക്കെട്ടിനും കഴിയില്ല”

“എന്നാലും വെടിക്കെട്ട് ഒരു സ്പെക്റ്റക്കിളല്ലെ ബാലേട്ടാ?”

“ ആണ് . നിയന്ത്രിതമായ തോതിലാണെങ്കില് അതൊരു സ്പെക്റ്റക്കിള്‍ തന്നെ. അല്ലെങ്കിലത് നരകത്തീയാ! ദാ ഇന്നലെ സാമ്പിള്‍ വെടിക്കെട്ടിന് രണ്ടുപേരും ചെയ്ത പോല്യായാ പാകം. അത്രേ വേണ്ടൂ പൂരത്തിനും.”

“അപ്പോ ബാലേട്ടന്‍ നുണ പറഞ്ഞതാ? സാമ്പിളിന് പോയിരുന്നു അല്ലേ?”

“നോ നോ ടീവീല് കണ്ടതാ.”

“ങ്ഹാ ഓകെ. അതു പോട്ടെ നാളെ പൂരത്തിന് പോണില്ല്യെ?”

“പോണം.”

“എന്താ അജണ്ട?”

“വെളിച്ചാവുമ്പോ പോവും. കണിമംഗലം ശസ്താവിന്റെ എഴുന്നെള്ളിപ്പ് ആദ്യം. വെയിലും മഞ്ഞും കൊള്ളാന്‍ താല്പ്പര്യല്ല്യാത്ത ചേട്ടന്റെ എഴുന്നെള്ളിപ്പാവോണ്ട് നമ്മക്കും അധികം വെയില് കൊള്ളണ്ട.”

“അപ്പോ ബാലേട്ടന് ആനയെ എഴുന്നെള്ളിക്കുന്നതിനോട് എതിര്പ്പില്ല്യേ?”

“ഇല്ല്യ. അവയെ അധികം നേരം ചൂട്ടത്ത് നിര്ത്തി നീറ്റിക്കുന്നതിനോട് പക്ഷേ എതിര്പ്പുണ്ട്.”

“അതിനിപ്പോ എന്താ ചെയ്യാ?”

“ഫോറസ്റ്റുകാര്‍ പറേണപോലെ ഇടക്കിടെ ആനകളെ മാറ്റണം.”

“ഇത്രയധികം ആനകളെ എങ്ങിനെ മാറ്റും?”

“എന്തിനാ ഇത്രയധികം? ”

“പതിനഞ്ചെണ്ണം വേണ്ടേ ബാലേട്ടാ?”

“ഏഴായാലെന്താ?”.

“ഏഴോ?”

“ഏഴാനപ്പുറവും മനോഹരമാണ്! എഴ് തിരിയിട്ട വിളക്ക് പോലെ.”

“ബാലേട്ടന്‍റെ ഓരോ തമാശ!. അത് വിട്! പിന്നെ എന്തൊക്ക്യാ? കണിമംഗലം കഴിഞ്ഞാ?”

“കണിമംഗലം കഴിഞ്ഞാ കാരമുക്ക്. അതും കഴിഞ്ഞാ നേരെ മിഥിലയില്‍ ചെന്ന് ഒരു മസാലദോശ. മസാലപ്പുറമെ സാക്ഷാല്‍ ചൂരക്കോട്ടുകാവ് അമ്മേടെ കയറ്റം.”

“മ്മടെ ചൂരോട്ടാവോ? ഇത്ര കേമാ?”

“അതറിയണമെങ്കില്‍ വന്നു കാണണം!. കേക്കണം!
ഒന്നൊന്നര മേളാണ് ട്ടാ! ഏലഞ്ഞിത്തറേടെ അന്യേനായിട്ട് വരും!. എ‌അന്യേട്ടന്‍ പ്രമാണോo!."

“ഹമ്പോ! അത് കഴിഞ്ഞ്?"

“പടിഞ്ഞാറേ ഗോപുരം കടന്നു വടക്കുന്നാഥനെ വലം വെച്ച് കിഴക്കേ ഗോപുരത്തിനപ്പുറം പാറമേക്കാവിന്റെ എഴുന്നെള്ളിപ്പ്.”

“ഏലഞ്ഞിത്തറ മേളത്തിന്റെ തുടക്കം?”

“അദ്ദന്നേ!. തൃശ്ശുപ്പൂരത്തിന്റെ ഏറ്റവും മനോഹരമായ സ്പെക്റ്റക്കിള്‍ അതാണ്.”

“പക്ഷേ വെയില് അണ്സഹിക്കബിളല്ലേ ബാലേട്ടാ!”

“ആനകളുടെ കാര്യം കഷ്ടന്ന്യ! തീയല്ലേ!.”

“അപ്പോ മനുഷ്യര്ക്കോ ?”

“നിലാവല്ലേ..... നിലാവ്! ഇടംതലയില്‍ ചെമ്പട പെരുക്കി മേടവെയിലിനെ പൂനിലാവാക്കാന്‍ ഒരാളില്ല്യേ പാറമേക്കാവ് ഭഗോതിക്കു മുന്നില്‍!.”

“കുട്ടേട്ടനല്ലേ?”

“പിന്നല്ല!”

“കര്ണാനന്ദകരമായ ചെമ്പട മേളം ഇത്രയും വിസ്തരിച്ചും ഗരിമയിലും കൊട്ടുന്ന വേറൊരിടമില്ല പാരില്‍!.”

“അത് കഴിഞ്ഞാലോ?”

“സ്റ്റേറ്റ് ബാങ്കിനു മുന്നില്‍ ചെല്ലും. നല്ല വെട്ടിയാല്‍ മുറിയാത്ത മസാല മോര് കിട്ടും അവിടെ. കുറെ കാലം ഞാനും ഒഴിച്ച് കൊടുത്തതല്ലേ!.”

“ഹ ഹ ഹ. പിന്നെ?”

“നേരെ തെക്കേ മഠം. മഠത്തില്‍ വരവ്!”

“ഇക്കൊല്ലം പരമേട്ടന്‍ തന്ന്യാണോ? സുഖല്ല്യാന്നു കേട്ടു!”

"സംശയം ഞാനും കേട്ടു; കോങ്ങാടനാണ് ഇക്കൊല്ലം എന്നൊക്കെ. അറീല്ല്യ. ആരായാലും ആ വരവ് ഒരു വരവന്ന്യാവും!.”

“ഓക്കെ, നെക്സ്റ്റ്?’

“നെക്സ്റ്റെന്താ; പഞ്ചവാദ്യം നടുവിലാല്‍ പന്തലില്‍ മുറുകിയമര്ന്നാ വണ്ടി വിടും. അത്രന്നെ.”

“വീട്ടിലിക്കോ!”

“പിന്നല്ലാണ്ട്?”

“അപ്പോ ഏലഞ്ഞിത്തറ മേളം?”

“കൊല്ലങ്ങളായി നേരില്‍ കണ്ടിട്ട്!”

“അതെന്തേ?”

“മോനേ ദിനേശാ മേളം കേട്ടാ പോര കാണുക കൂടി വേണം. ഏലഞ്ഞിത്തറയില് അത് പറ്റില്ല. നല്ല സിക്സ് പാക്ക് തടി വേണം. മട്ടന്നൂര്‍ പ്രമാണായിരുന്നപ്പോ കുത്തും ചവിട്ടും കൊള്ളാണ്ട് ശ്രീമൂലസ്ഥനത്ത് തിരുവമ്പാടി മേളം കേക്കാന്‍ പറ്റീരുന്നു. മട്ടന്നൂര്‍ പോയി കിഴക്കൂട്ട് വന്നപ്പോ അതും പറ്റാണ്ടായി ”

“അതെന്തേ ബാലേട്ടാ?”

“ശ്രീമൂലസ്ഥാനം ഇപ്പോ മേളക്കമ്പക്കാരുടെ കരകാണാക്കടലായില്ല്യേ!.”

“എന്റമമ്മേ ! മ്മടെ അന്യേട്ടന്‍ മാസ്സായാ?”

“പിന്നില്ല്യ!, കൊലമാസ്സ്!.”

“എന്താല്ലേ? മ്മടെ പൊറാട്രേല് താണിക്കൊടത്തെ പറകൊട്ടാന്‍ വന്നേര്ന്നാളാ!."

“അതൊക്കെ ഒരു കാലം.”

“മഠത്തില്‍ വരവ് കണ്ടു വീട്ടിച്ചെന്നിട്ടെന്തു ചെയ്യും ബാലേട്ടന്‍?”

“ഊണു കഴിഞ്ഞ് ഒന്നു നടു നീര്ത്തൂം. ഒരര മണിക്കൂറ്. പിന്നെ ടീവീല് ഏലഞ്ഞിത്തറ മേളം.”

“ഓഹോ. അതുകഴിഞ്ഞാ കൊടമാറ്റത്തിന് വീണ്ടും പൂവും അല്ലേ?”

“അതിന് വേറാളെ നോക്കണം!. വീട്ടിലിരുന്നു ചന്ദനമഴ കാണേണ്ടി വന്നാലും ശരി പടി പൊറത്തക്ക് കടക്കില്ല്യ! ”

“ഇത്ര ബോറട്യാണോ കൊടമാറ്റം?”

“അബ്സൊലൂട്ട്ലി!. അതൊക്കെ മദാമ്മമാര്ക്കും മദാച്ഛന്മാര്ക്കും പറഞ്ഞിട്ടുള്ളതാ!”

“മദാച്ഛനോ? അതെന്തൂട്ടാ ബാലേട്ടാ?”

“സായ്പ്പ്! മദാമ്മ വിപരീതം മദാച്ഛന്‍ ന്ന് പഠിച്ചിട്ടില്ല്യേ?.”

“ഹ ഹ ഹ അത് കലക്കി!. ബാലേട്ടന്‍ പിന്നെ രാത്രിപ്പൂരത്തിന് പൂവില്ല്യേ?”

“പൂവും.ചെറുപൂരങ്ങളുടെ തനിയാവര്ത്തനത്തിന്. ഇടക്ക് പാറമേക്കാവ് പഞ്ചവാദ്യത്തിനെറങ്ങും. ചോറ്റാനിക്കര വിജയന്‍. ചെര്പ്ലശ്ശേരി ശിവന്‍ . പരക്കാട്.തങ്കപ്പന്‍, ഇടിവെട്ട് ടീമാ!”

“മുഴുവന്‍ കേക്ക്വോ?”

“ഇല്ല്യ ഒരു മണിക്കു മടങ്ങും.”

“അപ്പോ വെടിക്കെട്ട്?”

“ഒബ്ജക്ഷന്‍ യുവറോണര്‍! വേറെ വല്ലതും ചോദിക്ക്!”

“ഹ ഹ ഹ. ശരി ശരി, സോറി ബാലേട്ടാ ഞാനതു മറന്നു. പിറ്റേദിവസപ്പൂരത്തിനു പുവ്വാറില്ല്യേ?”

“ഇന്നേ വരേണ്ടായിട്ടില്ല്യ!.”

“വൈ?”

“ഏതു പൂരങ്ങളുടെ പൂരായാലും ഒരു ദിവസത്തെ കളിയേ എടുക്കൂ.”

“ബെസ്റ്റ്!. ബാലേട്ടനെങ്ങനെ ബ്രേക്ഫാസ്റ്റടിച്ചാ?”

“അടിച്ചു.”

“ന്ന്ട്ട്? ഇന്ന് പൂരത്തലേന്നല്ലേ? വൈകീട്ടെന്താ 
പരിപാടി?”

“ഒന്നൂല്ല്യ.”

“അത് കള! എന്തെങ്കിലൂണ്ടാവും!.”

“ഇല്ല്യടപ്പ. ഡിസംബറില് പൊറാട്ര പൂരത്തിന് വരുമ്പോ നീയൊരെണ്ണം കൊണ്ടുവാ. അങ്ങന്യൊക്ക്യേ പതിവുള്ളൂ.”

“ഹ ഹ ഹ! തീര്ച്ചയായും. അപ്പോ ശരി ബാലേട്ടാ. പിന്നെ ബന്ധപ്പെടാം. ഹാപ്പി പൂരം! ബൈ!”

“വോക്കേ! വോക്കേ! താങ്ക്യൂ!ബൈ!.ടേക്കെയര്‍.”

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

സഭ്യേതരം

 സഭ്യേതരം 


പാറമേക്കാവ് പറ വരുന്ന ദിവസമാണ്. ചില്ലറ സാധനങ്ങൾ ഒരുക്കേണ്ടതുണ്ട്. സഞ്ചിയുമെടുത്ത്   പ ലചരക്കു പീടികയില്‍ കയറി ചെന്ന റിട്ടയേഡ് മലയാളം  അദ്ധ്യാപകനോട്  കടക്കാരന്‍ മാത്തു ചോദിച്ചു:

"എന്താ വേണ്ട് മാഷേ?."

വേണ്ടത് പറയാന്‍ ചുണ്ടനക്കിയ നിമിഷം ഫേസ് ബുക്കില്‍ അക്കൌണ്ടും സമ്പ്രദായത്തില്‍ കൂട്ടുകാരുമുള്ള മാഷ് വിവര്‍ണനായി. എങ്ങിനെ പറയും?

"പറ്യോ മാഷേ."

"അത്....."

"എന്തേ, സാധ നെന്താന്ന് മാഷ് മറന്നാ?."

"ഇല്ലില്ല്യ."

"പിന്നെന്താ മാഷേ?."

"അത്....അതിപ്പോ ഈ നെല്ലൊക്കെ സംസ്കരിച്ച്ണ്ടാക്കണ ആ പൂജാദ്രവ്യണ്ടലോ; അതൊരു ഇരുനൂറ്റമ്പത് വേണം."

മാഷ് കഷ്ടിച്ച് പറഞ്ഞെത്തിച്ചു.

"അതെന്തൂട്ടാണ്ടപ്പാ ആ സംസ്കൃതം; അവിലാ?"

" അവിലല്ല. ഇത് നല്ലോണം വെളുത്തിരിക്കും."

"വെള്ളവിലൂണ്ട് ട്ടാ മാഷേ!."

"അത്ണ്ട്. അറ്യാം. പക്ഷേ ഇതവിലല്ല."

" അവിലലല്ലങ്ങിപ്പിന്നേ..... ഓ പൊര്യാവും!."

'അല്ല പൊരീം അല്ല.    രണ്ടിനും എടേല്ള്ള സാധനാ."

"രണ്ടിനും എടേല്ള്ളത്ന്ന് വെച്ചാ.....ഓ മറ്റേ............;!"
മാത്തുവിന്‍റെ ട്യൂബ് കത്തി.

"അദ്ദന്നെ! അതൊരു ഇരുനൂറ്റമ്പതു്  വേണം."

" എന്‍റെ മാഷേ, അതിൻറെ  പേരറിയാണ്ടാ മാഷ് വെ ഷമിച്ചേർന്നത്‌ ?."

"അറ്യായല്ല മാത്ത്വോ. മാത്തൂന്‍റെ മോത്ത് നോക്ക്യെങ്ങന്യാ പറ്യാന്ന് നിരീച്ചു!."

" മോത്ത് നോക്കി പറ്യാന്‍ മടിക്കാന്‍ അതെന്താ തെറ്യാണോ മാഷേ ?. നല്ല കാര്യണ്ട്! ഡാ ദേവസ്സ്യേ, മാഷ്ക്കതൊരു കാക്കിലോ പിടിച്ചേ."

"എന്തൂട്ടാ മാത്ത്വേട്ടാ?"

" അത് ശരി! അപ്പ ഇബടെ ഇതുവരെ പറഞ്ഞതൊന്നും നിയ്യ് കേട്ടില്ല്യാന്നാ?."

മാത്തുവിന് ശുണ്‍ഠി കയറി.

"ഇല്ല്യ മാത്ത്വേട്ടാ!. ഞാനുള്ളി ചേറ്വാര്‍ന്നു.എന്തൂട്ടാ?."

" മലര്!  ഇപ്പ കേട്ട്വോ?."

"അയ്, അയ്, മാത്ത്വോ പത്ക്കേ ! എന്താദ്!."

മാഷ് അടക്കിപ്പറഞ്ഞു