2020, ഡിസംബർ 6, ഞായറാഴ്‌ച

വിളംബരം

 

വിളംബരം


ഗൃഹസന്ദർശനങ്ങൾക്ക് അർദ്ധവിരാമം. മൈക്കനൗൺസ്മെൻ്റിലേക്ക് സംക്രമിച്ചിരിക്കുന്നു ഇലക്ഷൻ പ്രചരണം. വാഹനത്തിന് തൊട്ടു പുറകിലായും, തുരത്തിയോടിച്ചും, കെട്ടുകെട്ടിച്ചും, അഭ്യർത്ഥിച്ചും അപേക്ഷിച്ചും വാഹനപ്പുറമെ കെട്ടിയടുക്കിയ ബോക്സുകൾ ഗ്രാമ വീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കയാണ് രണ്ടു ദിവസമായി.

ഈ വാഹനത്തിനു തൊട്ടു പുറകിലായി എന്ന വാക്കുകൾ കേട്ടപ്പോൾ നാൽപ്പത്തിയഞ്ച് വർഷം പുറകിലേക്ക് എൻ്റെ മനസ്സും റിവേഴ്സടിച്ചു.

നാട്ടുകാരനും ഉറ്റ സുഹൃത്തുമായിരുന്നു പ്രഭാകരൻ. മെഡിക്കൽ റെപ്രസൻ്റേറ്റീവായിരുന്ന കക്ഷിയെ റെപ്പ് എന്ന ചുരുക്കപ്പേരിലാണ് ഞങ്ങൾ കൂട്ടുകാർ വിളിച്ചിരുന്നത്. നാട്ടിൽ മോട്ടോർ ബൈക്കുണ്ടായിരുന്ന വരേണ്യരിൽ ഒരാളായ പ്രഭാകരൻ്റെ യെസ്ഡിയുടെ പിന്നിലിരുന്നുള്ള യാത്ര അഭിമാനവും അഹങ്കാരവുമായിരുന്നു ഞങ്ങക്ക്. അന്നൊക്കെ മെഡിക്കൽ റെപ്പുകൾക്കിടയിൽ യെസ്ഡിക്കായിരുന്നു താരമൂല്യം.

മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസൻ്റേറ്റീവുകളുടെ സംഘടനയുടെ ഒരു സംസ്ഥാന ഭാരവാഹിയായിരുന്നു പ്രഭാകരൻ. ഇൻഡോകോ റെമഡീസിലെ സൂപ്പർവൈസറി കാഡറിലേക്കുള്ള പ്രൊമോഷൻ സംഘടനാ പ്രവർത്തനത്തിനു വേണ്ടി നിരസിച്ച ത്യാഗി.

ബി.എഡ് കഴിഞ്ഞ് മാഷാവാൻ മാലയിട്ടിരുന്ന അശോകനും (പിന്നീട് അശോകൻ പുറനാട്ടുകര എന്ന പേരിൽ പ്രശസ്തനായ അശോകൻ മാഷ് തന്നെ) അപ്പോളോ ടയേഴ്സിൽ ഇൻ്റെർവ്യൂ കഴിഞ്ഞു വിളി കാത്തു നിൽക്കുന്ന ഉണ്ണിയും അടിമുടി തൊഴിൽ രഹിതനായ ഞാനും ഉൾപ്പെടെ 24 X 7 തേരാപാരക്കാരായിരുന്നു നാട്ടിൽ പ്രഭാകരൻ്റെ ഗ്യാങ്ങിലെ സിംഹഭാഗവും.

കേന്ദ്രസർക്കാരിൻ്റെ ഔഷധനയം തിരുത്തണമെന്ന്ആ വശ്യപ്പെട്ടുകൊണ്ട് പ്രഭാകരൻ്റെ സംഘടനയുടെ ആഭിമുഖ്യത്തിൽ വലിയ പ്രചരണ പരിപാടികൾ കേരളത്തിൽ നടക്കുന്ന കാലമാണന്ന്. അതിലൊന്നായിരുന്നു എറണാകുളത്തു നടന്ന അഖില കേരള പ്രതിഷേധ സംഗമം. കാസർഗോഡു നിന്നും തിരുവനന്തപുരത്തു നിന്നുമായി രണ്ടു വാഹന പ്രചരണ ജാഥകൾ അതോടനുബന്ധിച്ച നടക്കുകയുണ്ടായി. കാസർഗോഡു നിന്നുള്ള ജാഥയുടെ തൃശ്ശൂർ എറണാകുളം ഏരിയയുടെ ചുമതലക്കാരനായിരുന്നു പ്രഭാകരൻ.

ഒരു ദിവസം വൈകീട്ട് പതിവുള്ള ആൽത്തറക്കൂട്ടത്തിൽ വെച്ച് പ്രഭാകരൻ എന്നോടും അശോകനോടും ഉണ്ണിയോടും ചോദിച്ചു:

"അതേയ് നിങ്ങളിപ്പൊ വെർതേരിക്ക്യല്ലെ. ഒരു പണി തന്നാ ചെയ്യാൻ പറ്റ്വോ, ഫുൾ ചെലവ്!."

ഫുൾ ചെലവ് എന്നു പറഞ്ഞാൽ ഒരു ഹെർക്കുലീസ് പെരുക്കണം പെരുക്കണം പെരുക്കണം. ച്ചാൽ Hercules XXX Rum ഫുള്ള്!.

"പണി എന്താന്ന് പറേടാ.!"

അശോകൻ ഉത്സുകനായി.

പണി മറ്റൊന്നുമായിരുന്നില്ല; കാർ അനൗൺസ്മെൻ്റ്. കാസർഗോഡു നിന്നുള്ള ജാഥ തൃശ്ശൂരിൻ്റെ അതിർത്തി ചെറുതുരുത്തിയിലെത്തിയാൽ പാലക്കാട്ടുകാരുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങണം. പിന്നെ എഴുതിത്തരുന്നത് സ്റ്റൈലായിട്ട് വിളിച്ചു പറയണം. മൈക്ക് ഒരു വീക്ക്നസ്സായിരുന്ന എനിക്കും അശോകനും മൈക്കനൗൺസ്മെൻ്റിൽ സംഭവിക്കുന്ന നാക്കുവഴുക്കലുകൾ പിടിച്ചെടുത്ത് അത് നാട്ടിൽ ആൽത്തറ ജനറൽ ബോഡിയിൽ ഓഡിറ്റ് ചെയ്യാൻ തരിച്ചുനിൽക്കുന്ന ഉണ്ണിക്കും സർവ്വസ്വീകാര്യമായിരുന്നു പ്രഭാകരൻ്റെ ഓഫർ.

ചെറുതുരുത്തി മുതൽ എറണാകുളം വരെ വിളിച്ചു പറയാനായി എഴുതി തയ്യാറാക്കിയ വാചകങ്ങൾ പ്രഭാകരൻ ഞങ്ങൾക്കു തന്നു.

" പ്രിയപ്പെട്ട നാട്ടുകാരേ, തൊഴിലാളി സുഹൃത്തുക്കളേ,

മരുന്നിൻ്റെയും ബേബി ഫുഡിൻ്റെയും വില വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്,

അശാസ്ത്രീയമായ മരുന്നു കൂട്ടുകൾ ഉടൻ നിർത്തി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്,

ഇന്ത്യൻ ഔഷധ വ്യവസായ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു ദേശിയ ത്രികക്ഷി സമ്മേളനം വിളിച്ചു കൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട്,

കേരളാ മെഡിക്കൽ റെപ്രസൻ്റേറ്റീവ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കാസർഗോഡു നിന്നാരംഭിച്ച വാഹന പ്രചാരണ ജാഥ വഴിയിലുടനീളം ആവേശകരമായ സ്വീകരണങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ഇതാ നിങ്ങളുടെ മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്."

അനൗൺസ്മെൻ്റ് കാറിൽ മുമ്പിലായി ഞങ്ങൾ. ഞാനും അശോകനും ഉണ്ണിയും. പിന്നിൽ അലങ്കരിച്ച വാനിൽ പ്രഭാകരനടക്കമുള്ള സംസ്ഥാന നേതാക്കൾ. പ്രധാനപ്പെട്ട കവലകളെത്തിയാൽ രണ്ടു താളവട്ടം അനൗൺസ്മെൻ്റ് ഞാനും അശോകനും മാറി മാറി. അതു കഴിഞ്ഞ് സംസ്ഥാന പ്രസിഡണ്ടിൻ്റെ വിശദീകരണ പ്രസംഗം. വീണ്ടും അനൗൺസ്മെൻ്റ്. യാത്ര. ഇതായിരുന്നു സെറ്റപ്പ്.

റെക്കോഡഡ് വോയ്സും പഞ്ചവാദ്യവും ഒന്നും നിലവിലില്ലാതിരുന്ന കാലമല്ലേ. എല്ലാം വായ കൊണ്ടു തന്നെ വേണം. അഷ്മിച്ചിറ ജംഗ്ഷനിലെ പ്രകടനത്തോടെ ഞങ്ങളുടെ കാറ്റൊക്കെ പോയി. അതു കണ്ടിട്ടോ എന്തോ വാനിലുണ്ടായിരുന്ന ഒരു സഖാവ് ഞങ്ങളുടെ കാറിൽ കയറി മുന്നിലിരുന്നു.

അശോകൻ ഒരു റൗണ്ട് പറഞ്ഞ് മൈക്ക് എനിക്ക് നീട്ടിയപ്പോൾ വന്നു കയറിയ കക്ഷി മൈക്ക് പിടിച്ചു വാങ്ങി.

"ഞാൻ പറയാം. നിങ്ങള് പറേണത് ഒരു എനർജീല്ല്യ."

ആശ്വസിക്കാൻ ഇടം കിട്ടിയ സന്തോഷത്തോടെ അശോകൻ പറഞ്ഞു

"എനർജ്യൊക്കെ വാർന്നു ചങ്ങാതീ. വളരെ നന്ദി. ദാ കടലാസ്."

"ഏയ് അതൊന്നും വേണ്ട. ഞാൻ പറഞ്ഞോളാം"

മൈക്രഫോണിൽ രണ്ട് തട്ടും മൂന്ന് ഊത്തും കഴിഞ്ഞ് കണ്ഠശുദ്ധി വരുത്തി നവാഗതൻ തുടങ്ങി:

"പ്രിയപ്പെട്ട നാട്ടുകാരേ, തൊഴിലാളി സുഹൃത്തുക്കളേ... ഇന്ത്യൻ ഔഷധ വ്യവസായ രംഗം ഇന്ന് ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്.

ഭാരതത്തിലെന്നല്ല കേരളത്തിലൊട്ടാകെ ഔഷധ വിപണന മേഖലയിലെ തൊഴിലാളികൾ ഇന്ന് സമരമാർഗ്ഗത്തിലാണ്.
ഇന്ത്യൻ ഔഷധ വ്യവസായ......"

"ഭാരതത്തിലെന്നല്ല കേരളത്തിലൊട്ടാകെ" മൂന്നാമതും കേട്ടപ്പോൾ സംസ്കൃതം ബിരുദാനന്തര ബിരുദധാരിയായ അശോകന് ഇളകി. കക്ഷിയുടെ പുറത്തു തട്ടി അവൻ ചോദിച്ചു.

"ഹലോൺ, ദെന്താ നിങ്ങള് പറഞ്ഞത്?."

"എന്തേ?."

"ഭാരതം കേരളത്തിലായീതെന്നാ?."

"മനസ്സിലായില്ല?."

"ഭാരതത്തിലെന്നല്ല കേരളമൊട്ടാകേന്നൊക്കെ പറഞ്ഞാൽ എങ്ങന്യാ ശര്യാവാ സൂർത്തേ?."

"അയ്!. ഞാങ്ങനെ പറഞ്ഞോ?."

"മൂന്ന് തവണ!. ആദ്യം കേട്ടപ്പൊ ശ്രദ്ധിക്കാത്തോണ്ടാന്ന് നിരീച്ചു. രണ്ടാമത് ആവർത്തിച്ചപ്പൊ തോന്നി അറ്യാണ്ടാന്ന്. മൂന്നാമതുമായപ്പൊ ഒറപ്പായി വിവരല്ല്യാന്ന്!."

"ന്താ നിങ്ങളാളെ കള്യാക്ക്വാ!. അതേയ് അത്രക്കങ്ങട് ഷൈൻ ചെയ്യണ്ട ട്ടാ. ഞങ്ങളിതൊക്കെ കൊറെ..."

"ഉവ്വോ കൊറ്യായോ!. ന്നാ മാറ്റാൻ വെഷമാ!. സംഗതി മൂത്തൂന്നർത്ഥം."

പെട്ടെന്ന് നേതാക്കന്മാരുടെ വാൻ കാറിനെ ഓവർ ടേക്ക് ചെയ്ത് തൊട്ടു മുന്നിൽ സഡൻ ബ്രേക്കിട്ടു. ഉടൻ ഞങ്ങളുടെ കാറും നിന്നു. വാനിൽ നിന്ന് ഇറങ്ങി ശരംകണക്കെ പാഞ്ഞു വന്ന് പ്രഭാകരൻ മറ്റേ കക്ഷിയുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി സ്വിച്ച് ഓഫാക്കി.

"മൈക്കോൺ ചെയ്ത് വെച്ചിട്ട് #₹*#@*ണ്ടാക്കാൻ നിക്ക്വാ നിങ്ങള്!."

"അല്ല പ്രഭാകരാ, ഇയാള്...."

"നീയ്യൊന്നും മിണ്ടണ്ട. അനൗൺസ്മെൻ്റ് ഞാൻ നിങ്ങള്യല്ലേൽപ്പിച്ചേ?. "

"അതൊക്കെ ശര്യാ പക്ഷേ..."

"എന്തൂട്ട് പക്ഷേ!. നിയ്യെന്തിനാ അവന് മൈക്ക് കൊടത്തേ?."

"അയാള് വന്ന് പിടിച്ച് വാങ്ങ്യാ പിന്നെ...."

''അവര് പറേണത് ടെമ്പറ് പോരാന്ന് തോന്നീപ്പോ ഞാൻ...."

"ഷട്ടപ്പ്!. നിയ്യിങ്ങടെറങ്ങി വന്നേ. വാനിലിര്ന്നാ മതി നിയ്യ്. കേരളെന്താ ഭാരതെന്താന്നറ്യാത്തോര് മൈക്ക് പിടിക്കണ്ട. അവൻ്റൊരു ടെമ്പറ്; #*$@* ണ്!."

:
:
പ്രഭാകരനും അശോകനും ഉണ്ണിയും ഇന്നില്ല. മൈക്ക് എന്നെ ഏല്പിച്ച് പോയിട്ട് വർഷങ്ങളായി....
Image may contain: drawing

2020, ഡിസംബർ 4, വെള്ളിയാഴ്‌ച

ധൂമ്രദോഷം


ധൂമ്രദോഷം
അയൽപ്പക്കത്തെ മരണവീട്ടിൽ നിന്നും ശവസംസ്ക്കാരച്ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനോട് അമ്മ പറഞ്ഞു:

"അതേയ് മരിച്ചോടത്ത് പോയിട്ട് കുളിക്കണട്ടാ!."

"കുളി കഴിഞ്ഞട്ടാ പോയീത്."

"അതോണ്ട് കാര്യല്ല്യ, മരിച്ചോടത്ത് പോയാ വീണ്ടും കുളിക്കണം!."

"വേണ്ട!. ഇനി വൈകിട്ട് പതിവ്ള്ള മേല് കഴുകല് മതി!. എടക്കുളി പതിവില്ല്യ."

"എന്താതിനൊക്കെ പറേണ്ട് ൻ്റെ തേവരേ!. മരിച്ചോടത്ത് പോയിട്ട് കുളിക്കണില്ല്യാന്ന് മന്ഷ്യൻ!."

"കിണ്ങ്ങാൻ നിക്കാണ്ട് പാറൂട്ടി പോയി ചോറ് വെളമ്പ്ണ്ടാ?."

"അങ്ങന്യാച്ചാ അവടന്നന്നെ കൊള്ളിച്ചോറ് കഴിക്കാർന്നില്ല്യേ?. ചുത്തം മാറാത്തോർക്ക് ന്നെക്കൊണ്ടന്നെ വെളമ്പിക്കണാ!."

" നിങ്ങക്ക് വയ്യെങ്ങെ വേണ്ടാ; ഞാനന്നെ വെളമ്പി കഴിച്ചോളാം!."

"അത് ശരി; ന്നട്ട് വേണം കുടുമ്മത്ത്ള്ളോരേം കൂടി അശുദ്ധാക്കാൻ!."

പെട്ടെന്നാണ് അച്ഛൻ്റെ സുഹൃത്ത് പടി കയറി വന്നത്. അച്ഛൻ്റെ പേരു തന്നെ സുഹൃത്തിനും.

"എന്താ രണ്ടാളും കൂടി കലാപരിപാടി?."

"മരിച്ച വീട്ടീപ്പോയി വന്നാളോട് കുളിക്കാൻ പറഞ്ഞേന്ളള ഘോഷാ നാരേൺനായരേ!."

"അതെന്താണ്ടോദ്, ഒന്നു കുളിച്ചാ എന്താ ദോഷം?."

"കുളിച്ചില്ലിങ്ങെന്താ ദോഷം?."

അച്ഛൻ വിട്ടു കൊടുത്തില്ല.

"ദോഷണ്ട്!. "

തിണ്ണയിൽ കയറിയിരുന്ന് രണ്ടാം മുണ്ടുകൊണ്ട് ഒന്ന് വീശിയശേഷം നാരായണൻ നായർ പറഞ്ഞു.

"ടോ, മരിച്ചോരടെ ശരീരത്തിലെ അണുക്കളൊക്കെ വീട്ടിലും ചുറ്റിലും തങ്ങി നിക്ക്ണ്ടാവും. ചെത കത്തുമ്പൊണ്ടാവണ പൊകേലൂണ്ടാവും. അവടെ ചെന്നോരടെ ശരീരത്തില് അതൊക്കെ കേറും. ആ ദോഷകറ്റാനാ കുളിക്കണത്. അത് ശാസ്ത്രാ, അല്ലാണ്ട് അന്ധവിശ്വാസല്ല!."

" ചോദിക്കട്ടെ, താൻ കുളിച്ചോ?."

"ഉവ്വലോ. നടുത്താറ കൊളത്തില് കുളിച്ചു വരണ വരവാ ഞാൻ!."

"അപ്പൊ മൂക്കീക്കോടേം വായേക്കോടേം അകത്ത് കേറ്യേ അണുക്കളൊക്ക്യോ?. അതൊക്കെ മുങ്ങിക്കുളിച്ചാ പോവുടോ?."

"ടോ അതൊക്കൊരു വിശ്വാസാ. താൻ തർക്കിക്കാൻ നിക്കാണ്ട് കെണറ്റുങ്കരേ പോയിട്ടെങ്കിലും രണ്ട് പാട്ട വെള്ളം കോരി തലേലൊഴിക്ക്യാ."

അത്രയും നേരം മിണ്ടാതിരുന്ന അമ്മ തക്കം നോക്കി ഡിമാൻ്റ് കൂട്ടി.
"അത് പറ്റില്ല്യ പൊറത്ത് കൊളത്തില് കുളിച്ചേ വീട്ടില് കേറാവൂ!."
"തൽക്കാലങ്ങനെ പോട്ടെ പാർട്ട്യേമ്മേ."

പടിഞ്ഞാറൻ കാറ്റടിച്ച് വീട്ടിനു മുറ്റത്തേക്ക് ഒഴുകി വന്ന പുകയിൽ ശവം കരിഞ്ഞത് മണത്തപ്പോൾ നാരായണൻ നായർ തോർത്തുകൊണ്ട് വായും മൂക്കും മറച്ചുകൊണ്ട് പറഞ്ഞു:

"നടുവറ്റ് തട്ടിക്കൂട്ടീണ്ടാവും. അതാങ്ങനെ പൊക."

"അപ്പൊ തനിക്കിനീം കുളിക്കണ്ടി വരൂടോ?. മേത്ത് പിന്നേം പൊകടിച്ചില്ല്യേ?."

അച്ഛനിട്ട തോട്ടിയുടെ കുത്തേറ്റപ്പോൾ നാരായണൻ നായര് തിണ്ണയിൽ നിന്നിറങ്ങി.

"അതേയ് തന്നോട് വർത്താനം പറഞ്ഞ് ജയിക്കാൻ എളുപ്പല്ല. താൻ കുളിക്ക്യേ കളിക്ക്യേ എന്താച്ചാ ചെയ്യാ. എനിക്ക് വേറെ പണീണ്ട്. ഞാനെറങ്ങണു. "

നാരായണൻ നായരും കൈവിട്ടപ്പോൾ അമ്മ അടുക്കളയിലേക്ക് പിൻവലിഞ്ഞു.

"ഒരുമ്പെട്ടോരെ നേര്യാക്കാൻ ആരെക്കൊണ്ടു കൂട്ട്യാ കൂടണു?. അവനോൻ അനുഭവിച്ചോട്ടെ!."

അടുക്കളയിൽ ചെന്ന് പപ്പടം കാച്ചാൻ ചീനച്ചട്ടി അടുപ്പത്ത് കേറ്റുമ്പോൾ അമ്മ നടത്തിയ ആത്മഗതം പക്ഷേ അച്ഛൻ കേട്ടു:

" ങ്ഹാ ഞാനനുഭവിച്ചു!."

"യ്യയ്യോ ങ്ങനേണ്ടോ മന്ഷ്യര്!."

ഗുണപാഠം: അര നൂറ്റാണ്ട് കഴിഞ്ഞ് യഥാക്രമം എൺപത്തെട്ടും തൊണ്ണൂറും വയസ്സിലാണ് അച്ഛനും അമ്മയും മരിച്ചത്. പതിനായിരത്തിലൊരാൾക്കു മാത്രം ലഭിക്കുന്ന സുഖമരണം...
____________________________________________________________________________________
കൊള്ളിച്ചോറ്** ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് മരിച്ചയാളുടെ ബന്ധക്കാരല്ലാത്തവരുടെ വീട്ടിൽ ഒരുക്കുന്ന ഭക്ഷണം.
Image may contain: text that says "കൊവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ് ക്കാരം നാട്ടുകാർ തടഞ്ഞു."
Chithira Balachandran, Rajan Parangodath and 67 others
16 comments
2 shares
Like
Comment
Share
Image may contain: text that says "കൊവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ് ക്കാരം നാട്ടുകാർ തടഞ്ഞു."
Chithira Balachandran, Rajan Parangodath and 67 others
16 comments
2 shares
Like
Comment
Share