2018, നവംബർ 25, ഞായറാഴ്‌ച

മെത്തേഡ് ആക്റ്റിങ്ങ്

മെത്തേഡ് ആക്റ്റിങ്ങ്

' 
അപരിചിതമേഖലകളിലൂടെ ഗൂഗിള്‍ മാപ്പില്ലാതെ സഞ്ചരിക്കരുതെന്ന് പഠിച്ചത് ലാല്‍ ജോസിന്‍റെ ‘വെളിപാടിന്‍റെ പുസ്തക’ത്തില്‍ നിന്നാണ്.
     സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷന്‍.
  പൂന്തുറ കടല്‍ത്തീരത്തെ കോളേജ് പടിക്കൽ ക്രെയിനില്‍ ക്യാമറ സെറ്റു ചെയ്തുകൊണ്ടിരിക്കുന്നു. കാറ്റുണ്ടാക്കുന്ന പ്രൊപ്പല്ലറിന്‍റെ നാലുചക്രവണ്ടി നിര്‍ദ്ദിഷ്ട സ്ഥാനത്തേക്ക് തള്ളി കൊണ്ടുപോകുന്ന ഓപ്പറേറ്റർമാർ. അറിയപ്പെടുന്ന നടീനടന്മാരെ തേടി സ്മാർട്ട് ഫോൺ ഓണാക്കി അലഞ്ഞു തിരിയുന്ന സെൽഫി ഹണ്ടർമാർ. ബാക്ഗ്രൌണ്ട് ആക്ഷന് തയ്യാറായി ഒറ്റക്കും കൂട്ടമായും ഫീൽഡിൽ അവിടവിടെ ടെൻഷനടിച്ചു നിൽക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും.
 "ബാലേട്ടാ റെഡി!." എന്നു സംവിധാന സഹായിയുടെ വിളിയും കാത്തിരിക്കുകയാണ് ഞാൻ. ഭക്ഷണ വിതരണക്കാരിൽ ഒരാൾ ഇടക്ക് സ്റ്റേഹത്തോടെ കൊണ്ടുവന്നു തന്ന ചെറുനാരങ്ങച്ചീളിട്ട കട്ടൻ ചായ മൊത്തിക്കൊണ്ടിരിക്കുമ്പോഴാണ് അവർ വന്നത്.
 അവർ അഞ്ചെട്ടു പേരുണ്ടായിരുന്നു. തദ്ദേശീയരാണ്. സിനിമയിൽ ആൾക്കൂട്ടത്തിനായി വിളിച്ചു വരുത്തിയവർ. പ്രിന്‍സിപ്പലച്ചന്‍റെ വേഷമിട്ടു നിന്ന എന്‍റെ മുന്നില്‍ അവര്‍ ഭക്തിബഹുമാനങ്ങളോടെ നിന്നു. കൂട്ടത്തിൽ മുതിർന്ന ഒരാൾ ഭവ്യതയോടെ ചൊല്ലി:
     "ഈശോമിശ്യായ്ക്ക് സ്തുത്യായിരിക്കട്ടെ അച്ചോ!."
     "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!.''
   ഞാനും വിട്ടു കൊടുത്തില്ല. കളിയില്‍ കുറഞ്ഞവനാകരുതല്ലോ!. വഴിയേ പോയൊരു നായരച്ചനെ ലാൽ ജോസ് പിടിച്ച് പള്ളീലച്ചനാക്കിയതാണെന്ന് ഇവരറിയരുത്!. നല്ല ഗമയിൽ അച്ചടി വടിവിൽതന്നെ പ്രതിസ്തുതിയിട്ടപ്പോൾ കൂട്ടത്തിൽ രണ്ടുപേർ പരസ്പരം നോക്കി. അതിലൊരാൾ മറ്റയാളുടെ കാതിൽ എന്തോ മന്ത്രിച്ചു. മുതിർന്ന പൌരൻ ചോദ്യം തുടർന്നു:
    "അച്ചൻ എവിടന്നാ വരുന്നത്?"
    "തൃശൂരീന്ന്."
    "ഓ......തൃശൂര് എവിടെ?."
    "അമല കാന്‍സര്‍ ഹോസ്പിറ്റല്‍ കേട്ടിട്ടുണ്ടോ?."
  “ഓ ഒരുപാട്കേട്ടിട്ടുണ്ട്.”
   അന്യ ജില്ലക്കാരായവര്‍ക്ക് തിരിച്ചറിയാൻ എളുപ്പത്തിന് വീടിനടുത്തുള്ള അറിയപ്പെടുന്ന സ്ഥാനം ശീലം വെച്ച് പറഞ്ഞതാണ്. അത് പക്ഷേ പണി തന്നു!.
     "ഓ അച്ഛൻ സിയെമ്മൈയാണല്ലേ?."
   ഈശോയേ!. കളി കാര്യമാവുകയാണ്!. ളോഹക്കുള്ളിൽ വിയർപ്പുചാലുകൾ മുഖ്യധാരയായും കൈവഴികളായും ഒഴുകി ഇക്കിളി കൂട്ടാൻ തുടങ്ങി.
     "അപ്പോ അച്ചനിവിടെ?."
 പ്രദേശവാസികളാണ്!. ഉള്ളംകയ്യില്‍ പങ്കായത്തഴമ്പും കാരിരുമ്പിന്‍റെ പേശികളുമുള്ള മത്സ്യതൊഴിലാളികള്‍!. കളിക്കൊരു പരിധി നിർണയിക്കണമെന്ന് ഉള്ളിൽ ആരോ ഒരാളിരുന്നു കണ്ണുരുട്ടിയപ്പോൾ ഞാന്‍ പറഞ്ഞു:
     "ഷൂട്ടിങ്ങിന് വന്നതാ. ഒരു വേഷമുണ്ട്."
  "വേഷമോ!. അയ്യയ്യോ അച്ചന്മാർക്ക് സിനിമയില്‍ അഭിനയിക്കാനൊക്കുമോ?."
  ആൾക്കൂട്ട മുഖങ്ങളിൽ സംശയാതിശയങ്ങൾ നിഴൽ വിരിക്കുന്നു!. ദൈവമേ ഈ പാനപാത്രം!.
   "അയ്യോ! ഞാനച്ചനല്ല ട്ടോ; ഇത് സിനിമയിൽ എന്‍റെ വേഷാണ്!."
 ക്ഷമാപണ സ്വരത്തിൽ എല്ലാവരോടുമായി പറഞ്ഞപ്പോൾ പരസ്പരം നോക്കികളിൽ അപരന്‍റെ കാതിൽ രഹസ്യമോതിയവൻ വിജയീഭാവത്തോടെ പറഞ്ഞു:
  "അദ്ദാണ്!. ഞാനിവനോട് മുന്നേ പറഞ്ഞതായിരുന്നു; ഒറിജിനൽ അച്ചനല്ല, വെറും വേഷമാന്ന്!."
    "അത് നിനക്കെങ്ങനെ മനസ്സിലായെടേ?."
    മുതിർന്ന പൌരനും ചമ്മലടങ്ങിയിരുന്നില്ല.
    "മറുസ്തുതി കേട്ടപ്പം. "
    "അതെങ്ങനെ?."
    "സാറ് പറഞ്ഞത് ശ്രദ്ധിച്ചായിരുന്നോ?."
    "എന്തായിരുന്നു?."
    "എപ്പോഴും എപ്പോഴും സ്തുത്യാരിക്കട്ടേന്ന്!."
    കർത്താവേ! അങ്ങന്യായിരുന്നോ..... അങ്ങന്യായിരുന്നോ ഞാൻ പറഞ്ഞത്!?.
    "ബാലേട്ടാ റെഡി!."
  ദുരന്തഭൂമിയിലേക്ക് രക്ഷകനായി സംവിധാന സഹായിയെ പറഞ്ഞയച്ച ഈശോമിശിഹായെ സ്തുതിക്കുമ്പോൾ പക്ഷേ പീഢിതന് തെറ്റിയില്ല!.
    "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!."


നിത്യഹരിതന്‍


നിത്യഹരിതന്‍

പതിവുപോലെ രാവിലെ കുട്ടികളുമൊത്ത് ആശ്രമം ഗ്രൗണ്ടില്‍ പന്ത് തട്ടിക്കൊണ്ടിരിക്കുകയായിരുന്നു ജോണ്‍.  ഇടക്ക് അപരിചിതരായ രണ്ടു മുതിര്‍ന്ന പൌരന്മാര്‍ ഗ്രൂണ്ടിനു ചുറ്റും സംസാരിച്ചുകൊണ്ടു നടക്കുന്നതോന് ശ്രദ്ധിച്ചു. ആശ്രമം അതിഥികളായെത്തുന്നവര്‍  വെളുപ്പിന് വ്യായാമത്തിനായി ഗ്രൗണ്ടില്‍ വരാറുണ്ട്. അങ്ങിനെ വല്ലവരുമായിരിക്കും എന്നു കരുതി ജോണ്‍ പന്തടിയില്‍ മുഴുകിയിരിക്കുമ്പോഴാണ് അവര്‍ രണ്ടു പേരും നടത്തം അവസാനിപ്പിച്ച് അടുത്തേക്കു വന്നത്.

ഏറെ നേരം കൌതുകത്തോടെ പന്തടിക്കുന്ന ജോണിനെ നിരീക്ഷിച്ചു നിന്ന രണ്ടു പേരും പെട്ടെന്ന് അടുത്തേക്ക് വന്നു ചോദിച്ചു:

"എന്താ പേര്?."

"ജോണ്‍."

"ഈ നാട്ടുകാരനാണോ?."

"അതേ?."

അപരിചിതര്‍ രണ്ടുപേരും ഒരുനിമിഷം പരസ്പരം മുഖത്തേക്ക് നോക്കി നിന്നു.

"ദിവസവും കളിക്കാറുണ്ടോ?."

"ഏതാണ്ടൊക്കെ."

"ഇവിടെ അടുത്താണോ വീട്?."

"അതെ. ആശ്രമത്തിന്‍റെ തൊട്ടു കെഴക്ക്."

 "പഠിച്ചതൊക്കെ?."

"ആശ്രമം സ്കൂളിലന്നെ."

"ഏതു കാലത്താണ്?."

"ഒരു പത്തമ്പത്തഞ്ചു കൊല്ലം മുമ്പ്."

"ഓ ഗോഷ്!. അപ്പോ വയസ്സെത്രയായി?."

"എഴുപത്."

"മൈ ഗുഡ്നസ്!  ന്നിട്ടിപ്പോഴും കളിക്കുന്നു?.   റിയലി ഗ്രേറ്റ്!."

"ഓടിക്കളിയൊന്നുമില്ല. ചുമ്മാ തട്ടിക്കളിക്കും അത്രന്നെ."

"എന്നാലും അതിനു കഴിയുന്നുണ്ടല്ലോ?. ഞങ്ങളും അതേ പ്രായക്കാരാണ്!."

"പ്രായൊക്കെ ആരാ നോക്കണേ!. പറ്റണോടത്തോളം  കളിക്ക്വാ. അതന്നെ!."

"ദാറ്റ്സിറ്റ്!.  അപ്പോള്‍ അറുപത്തിരണ്ട് അറുപത്തിമൂന്ന് കാലത്ത് ജോണ്‍ ആശ്രമം സ്കൂളില്‍ ഉണ്ടായിരിക്കണല്ലോ?."

"ണ്ടാര്‍ന്നു.".

"അക്കാലത്തല്ലേ തൃശ്ശൂര്‍ സെന്തോമാസ് സ്കൂളിനെ തോല്‍പ്പിച്ച് ആശ്രമം സ്കൂള്‍
ആദ്യമായി തൃശ്ശൂര്‍ ജില്ലാ ചാംപ്യന്മാരായത്?."

നിങ്ങളാരാ ചങ്ങായ് എന്ന വിസ്മയത്തോടെ  തങ്ങളെ നോക്കി നിന്ന ജോണിനോട്‌ അവര്‍  പറഞ്ഞു:

"അത്ഭുതപ്പെടണ്ട; ഞങ്ങളൊക്കെ അക്കാലത്ത് സ്കൂളില്‍ പഠിച്ചിരുന്നവരാണ്.
ആശ്രമം ഹോസ്റ്റല്‍ ഇന്മേറ്റ്സായിരുന്നു."

"അപ്പോ നിങ്ങളൊക്കെ?."

"അതൊക്കെ പറയാം. അക്കാലത്ത് കൂടെ പഠിച്ചിരുന്നവരോ  സ്കൂള്‍ ടീമില്‍ കൂടെ കളിച്ചിരുന്നവരോ ആയി ആരെയെങ്കിലും ജോണിന് ഓര്‍മ്മയുണ്ടോ?."

കാല്‍കീഴില്‍  കിടന്ന പന്ത് പാദാഗ്രംകൊണ്ട് തോണ്ടി മുകളിലേക്കെറിഞ്ഞു പിടിച്ചുകൊണ്ട് ജോണ്‍ രണ്ടു നിമിഷം ആലോചിച്ചു നിന്നു. പിന്നെ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:

"അന്നു സ്കൂള്‍ ടീമില്‍ ഗോളിയായിരുന്ന ഒരു പതിയെ ഓര്‍മയുണ്ട്. പിന്നെ അയാളുടെ ചേട്ടന്‍ പരശു."

അത് വരെ അകലം വിട്ടു നിന്നിരുന്ന അവരില്‍ ഒരാള്‍ പതുക്കെ  മുന്നില്‍ വന്നു നിന്ന് ജോണിന്‍റെ തോളില്‍ കയ്യിട്ടുകൊണ്ട്   വിസ്മയം അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു:

"ജോണേ...ഞാനാണ് ആ പതി!. ഇതെന്‍റെ ചേട്ടന്‍ പരശു!."

അറിയാതെ നിലത്തു വീണ പന്തെടുത്ത് അന്താളിച്ചു നില്‍ക്കുന്ന ജോണിന്റെ കയ്യില്‍ കൊടുത്തുകൊണ്ട് വേള്‍ഡ് ഗോള്‍ഡ്‌ കൌണ്‍സിലില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വെങ്കിടാചലപതി പറഞ്ഞു:

"അമ്പത്തഞ്ചു വര്‍ഷം! പക്ഷേ ജോണിപ്പോഴും കളിച്ചുകൊണ്ടേയിരിക്കുന്നു!
അണ്‍ബിലീവബ്ള്‍!."
:
:
:
അതെ!. ഈ എഴുപതാം വയസ്സിലും ജോണ്‍ കളിച്ചുകൊണ്ടിരിക്കുന്നു......

അതാണ്‌ ജോണ്‍.

ജോണ്‍
ജോണേട്ടന്‍
ഏ.കെ. ജോണ്‍
ജോണച്ചന്‍

സഹസ്രനാമനാണ്. പലരും പല പേരിലും വിളിക്കുo.

പക്ഷേ അടാട്ട് പഞ്ചായത്ത് കണ്ട മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകസ്വരം.

പുറനാട്ടുകര ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന്‍റെ തായ്ത്തടിയായിരുന്നു ജോണ്‍.  ഒരേ സമയം കോച്ചും മാനേജരും കളിക്കാരനും. പക്ഷേ പോരാട്ടങ്ങളില്‍ ഒരിക്കലും സേനാധിപനായിരുന്നില്ല. അത് തന്‍റെ കോപ്പയിലെ കാപ്പിയല്ല എന്ന വിനയമായിരുന്നു എന്നും.

തൃശ്ശൂര്‍ ജിംഖാനയുടെ സ്റ്റോപ്പര്‍ ബാക്ക് ഒന്നോ രണ്ടോ  തവണ ചാക്കോള ട്രോഫി അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുണ്ട്.  ജില്ലയിലെ പ്രതിരോധനിര കളിക്കാരില്‍  മികവില്‍ മികച്ചേരിയായിരുന്നുവെങ്കിലും ഒരിക്കലും ഒരു സെലക്ഷന്‍ ക്യാമ്പിലും പങ്കെടുത്തിട്ടില്ല ജോണ്‍.

"നെനക്ക് വല്ല പ്രാന്തൂണ്ട്ര!. അതൊന്നും ശര്യാവില്ല്യ."

"എന്തൂട്ട് ശര്യാവില്ല്യാന്ന്‍?."

"ശര്യാവില്ല്യ അതന്നെ!. മ്മക്ക്  മ്മടെ പോറാട്ര്യൊക്കെ കളിച്ചാ മതി!."

"അപ്പ പിന്നെ നീയെന്തിനാ ജില്ലാ ലീഗില്  കളിക്കണേ?."

"അതു പിന്നെ ചാക്കോളക്ക്  പാസ് കിട്ടണ്ട്ര തെണ്ടീ?. ഇല്ലിങ്ങെ നിന്റച്ഛന്‍ ടിക്കറ്റെടുത്ത്വരോ?."

ലീഗില്‍ കളിക്കുന്നവര്‍ക്ക് ചാക്കോള ട്രോഫി ടൂര്‍ണമെന്റിന് പടിഞ്ഞാറെ പ്ലെയേഴ്സ്  ഗ്യാലറിയിലേക്കു  കൊടുക്കുന്ന ഒരു ഫ്രീ പാസില്‍ തന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ ഒതുക്കിയ,  മനസ്സിരുത്തിയിരുന്നെങ്കില്‍ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു വലിയ കളിക്കാരന്‍!. ജോണ്‍!.
:
:
:
പതിവ് പ്രഭാതനടത്തം കഴിഞ്ഞ് ഒരു പൂതിക്ക്‌ നാലു ദിവസം മുമ്പ് ഞാന്‍ ആശ്രമം ഗ്രൗണ്ടില്‍ ചെന്നു.  ഒരു കൌമാരക്കാരന്‍  പന്ത് തട്ടുന്നത് അകലെനിന്നേ ശ്രദ്ധിച്ചുകൊണ്ടാണ് ഗ്രൌണ്ടിലെത്തിയത്.   ജഴ്സിയും ബൂട്ടുമണിഞ്ഞവന്‍ സപ്തതി കഴിഞ്ഞ കഥാനായകനാണെന്ന്‍ അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്‌!.

 പുറനാട്ടുകരയുടെ പഴയ ഗോളിയെ  കണ്ടപ്പോള്‍ ഗുരുവിന്‍റെ മുഖത്ത് പ്രകാശം പരന്നു.

"ങ്ങ്ഹാ....! വാടാ വാടാ ഗോളി നിക്ക്.  ഞാന്‍ നാലു ഗിമ്മു ഗിമ്മട്ടെ!.ഇത്ര കാലായി!."

"അയ്യയ്യോ പറ്റില്ല്യാ ട്ടാ!."

"വന്നു ഗോളി നിക്കറ ശവീ."

"നടന്ന്‍ വര്വാടാ. വയ്യ!."

"ഔ അവന്റൊരു  നടത്തം!. ടാ നോക്ക്യേ; നീയീ കയ്യും വീശി ലെഫ്റ്റ് റൈറ്റടിച്ച് നടന്നാലൊന്നും തടി കൊറേല്ല്യ ട്ടാ!. ആ സമയം ദെവസോം ഇവടെ വന്ന് നാലു ഗിമ്മു ഗിമ്മി നോക്ക്യേ!.  ഞാന്‍ ശര്യാക്കിത്തരാം നെന്‍റെ തട്യൊക്കെ."

ഗോളി നിന്നതേ ഓര്‍മ്മയുള്ളൂ!.

പുറനാട്ടുകരയുടെ പഴയ സെന്‍റര്‍ ബാക്കിന്‍റെ പന്തടിക്ക്  എഴുപതിലും കനം തീരെ കുറഞ്ഞിട്ടില്ലെന്ന്  ആദ്യത്തെ അടിയിലും തടയിലും തെളിഞ്ഞു!. പെനാല്‍റ്റി ബോക്സിന്‍റെ പുറത്തുനിന്ന്‍  ഒന്നു പൊട്ടിച്ചു വിട്ടത്  ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റാന്‍ സ്റ്റൈലില്‍ ഒന്നു  ശ്രമിച്ചതാണ് പഴയ ഗോളി!. സ്ഥാനഭ്രംശം സംഭവിച്ച വലത്തെ കയ്യിലെ തള്ളവിരലും ടൈഗര്‍ ബാമുമായി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു അറുപത്തിമൂന്നുകാരന്‍!.


നിര്‍ത്തട്ടെ...കീ ബോര്‍ഡിന്‍റെ സ്പേസ് ബാറില്‍ അറിയാതെ തള്ളവിരല്‍ തട്ടുമ്പോള്‍ ജീവന്‍ പോകുന്നു!.





2018, നവംബർ 7, ബുധനാഴ്‌ച

വസുധൈവ കുടുംബകം

വസുധൈവ കുടുംബകം



"വസുധൈവ കുടുംബകന്ന് പറഞ്ഞാ എന്താച്ഛാ?. ക്ലാസ്സില് സെമിനാറിനാ."
"അതെന്താച്ചാ..... ലോകമേ തറവാട്. അഥവാ ലോകമാകെ ഒരൊറ്റ വീട് എന്നർത്ഥം. മൻസിലായാ?."
"ഇല്ല്യ."

"അതായത്, സമസ്ത ജീവജാലങ്ങളും ഒന്നിച്ചു കഴിയുന്ന ഒരു കുടുംബം. ഇപ്പ മൻസിലായാ?."
"ഇല്ല്യച്ഛാ!."
"ശരി. പർഞ്ഞരാം; മോൻ മ്മടെ മേപ്പറത്തെ കമലാകരമേന്‍റെ വീട്ട്വാരെ എല്ലാരേം അറീല്ല്യേ?."
"ഉവ്വ്."
"മേൻന് എത്ര മക്കളാ?."
"രണ്ട്. ശ്രീന്യേട്ടനും ജയേട്ടനും."
" അദ്ദന്നെ!. കമലാകരമേന്‍റെ വസുധൈവ കുടുംബകാ!."
"അതെന്താദച്ഛാ.?"
"മേനോൻ എന്നെസ്സെസ്, ഭാര്യ മഹിളാ മോർച്ച, മൂത്ത മോൻ സീപീയം, താഴേള്ളോൻ കോംഗ്രസ്സ്. ഇപ്പ പിടി കിട്ട്യാ?."
"കൊറേശ്ശ."
"ങ്ങ്ഹാ, ആ കൊറേശ്ശ്യന്ന്യാ അയിന്റെ മുഴൻ അർത്ഥം. ച്ചാൽ ഒരു കുടുംബത്തില് എല്ലാ പാർട്ടിക്കാരൂണ്ടെങ്ങെ നാട്ടിലാര് ഭരിച്ചാലും അല്ലലില്ലാതെ സുഖായിട്ട് ജീവിക്കാന്നർത്ഥം. ലോകാ സമസ്താ സുഖിനോ ഭവന്തൂന്നും പറേം. ശരി; നി മോൻ പോയെഴുത്യോളൂ!."

വകതിരിവ്

വകതിരിവ്



അതിരാവിലെയുള്ള ഏറണാകുളം യാത്രകൾക്കൊക്കെ ഓപ്‌ഷൻ ബി ബസ്സാണ് പൊതുവെ തെരഞ്ഞെടുക്കാറ്. വെളുപ്പിന് ട്രാഫിക്ക് കുറവായതുകൊണ്ട് വണ്ടിക്കു നല്ല വേഗതയുണ്ടാവും. കണ്ടാൽ ലുക്കില്ലെങ്കിലും പതിഞ്ഞമർന്നു പറക്കുന്ന തമിഴ്‌നാട് ബസ്സുകളുണ്ടാവും ട്രാൻസ്‌പോർട്ട് സ്റ്റേഷനിൽ. ഇഷ്ടംപോലെ സീറ്റും. ആറു മണിക്ക് കയറിയിരുന്നാൽ പുതുക്കാട്, ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളില്‍ പ്രദക്ഷിണവും തേങ്ങയുടക്കലും ഒന്നുമില്ലാതെ ഏഴേകാലിന് നേരെ കച്ചേരിപ്പടി. നേരും നെറിയുമില്ലാത്ത തീവണ്ടിയാണെങ്കിൽ ഇതൊക്കെ വെറും സ്വപ്നം.
അത്ര നേരത്തെ എത്തേണ്ട ആവശ്യമില്ലാതിരുന്നതുകൊണ്ട് ഇത്തവണ തീവണ്ടി തന്നെ ആവാമെന്നു വെച്ചു. ലേശം വൈകിയാലും കുഴപ്പമില്ല. ഒരു മാറ്റം എപ്പോഴും രസകരമാണല്ലോ. ഏഴു മണിയുടെ ചെന്നൈ - ആലപ്പി, എട്ടേമുക്കാലിന് എറണാകുളം സൗത്ത്, ഒമ്പതരയ്ക്ക് ഡബ്ബിങ്ങ് സ്റ്റുഡിയോ അതായിരുന്നു പദ്ധതി. തൃശ്ശൂർ സ്റ്റേഷനിൽ എത്തിയപ്പോൾ വണ്ടി എൻക്വയറി കൗണ്ടറിലെ ബോർഡിൽ കൃത്യസമയത്ത് വന്നു നിൽപ്പുണ്ട്. ടിക്കറ്റ് കൗണ്ടറിൽ ഗുമസ്തന്മാർ ഇരുന്നു ഈച്ചയാട്ടുന്ന അപൂർവമായ കാഴ്ച!. ആദ്യത്തെ കൗണ്ടറിൽ ചെന്ന് പണദ്വാരത്തിലൂടെ ഇരുനൂറു രൂപയുടെ കയ്യിട്ടുകൊണ്ടു പറഞ്ഞു:
"ഒരെർണാളം സൗത്ത്. "
"ഏതാ?."
"ച്ചാൽ?."
"അല്ല; പാസഞ്ചറോ എസ്പ്രസ്സോ?."
"ഓ ഓക്കേ. ചെന്നൈ - ആലപ്പി. സ്ലീപ്പർ ക്‌ളാസ്."
നൂറ്റിയഞ്ചു രൂപയുടെ ടിക്കറ്റും ഇരുനൂറിൻ്റെ ബാക്കിയുമായി പ്ലാറ്റ് ഫോമിൽ കടന്നതും സൂപ്പർ ഫാസ്റ്റ് കൃതചക്രനായി വന്നു നിശ്ചലനായതും ഒപ്പം. മുന്നിൽ കണ്ട ബോഗിയിൽതന്നെ കയറി. നാലഞ്ച് ആളുകൾ മാത്രമായി ഒഴിഞ്ഞ കമ്പാർട്ട്മെന്റ്. പോരുമ്പോൾ ഒരു പന്തെടുക്കാഞ്ഞതിൽ നഷ്ടബോധം തോന്നി.
വണ്ടി ഇരിഞ്ഞാലക്കുട എത്തിയപ്പോൾ ടിക്കറ്റ് എക്‌സാമിനർ വന്നു. ഇതെന്താ ഇന്നെല്ലാം പതിവിന്‌ വിപരീതമാണല്ലോ?. തിരക്കില്ലാത്ത ടിക്കറ്റു കൗണ്ടർ, മനുഷ്യഗന്ധമില്ലാത്ത കമ്പാർട്ട്മെന്റ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ടിക്കറ്റ് പരിശോധന. എന്നോടൊപ്പം കയറി മുന്നിലിരുന്ന മധ്യവയസ്സു തോന്നിച്ച ഒരാളിൽ നിന്നും ടിക്കറ്റും ഐഡി കാർഡും വാങ്ങി പരിശോധിക്കുന്നത് കണ്ടപ്പോൾ സംശയമായി. ഇതെന്തിനാണ് ഐഡി പരിശോധന?.
പരിശോധകൻ എനിക്ക് നേരേ തിരിഞ്ഞു . ഞാൻ ടിക്കറ്റെടുത്തു നീട്ടി. അദ്ദേഹം അത് തിരിച്ചും മറിച്ചും നോക്കികൊണ്ട് നിന്നപ്പോൾ ഞാൻ പറഞ്ഞു:
"സർ ഐഡിയില്ല."
"ഇറ്റ്‌സോൾ റൈറ്റ്."
അത്രയും പറഞ്ഞു ടിക്കറ്റ് മടക്കിയേൽപ്പിച്ച് എന്നെ നോക്കിയൊരു പുഞ്ചിരിയും പാസ്സാക്കി കോട്ടിട്ടയാൾ കടന്നു പോയി.
സംശയം പൂർണമായും വിട്ടു മാറാത്ത മനസ്സുമായി ഇരുന്നപ്പോൾ എതിരെയിരുന്നയാൾ ചോദിച്ചു.
"സാർ ടിക്കറ്റിനു ഫുൾ ചാർജ് കൊടുത്തോ?. അല്ല; ഐഡി ചോദിച്ചു കണ്ടില്ല അതോണ്ട് ചോദിച്ചതാ."
"ഫുൾ ചാർജ് കൊടുത്തൂലോ?."
"എത്ര രൂപ കൊടുത്തു?."
"നൂറ്റിയഞ്ച്."
"എവടക്കാ ടിക്കറ്റ്?."
"സൗത്തിൽക്ക് ?."
"ങ്ഹാ അപ്പോ കൺസഷൻ തന്നെ. "
"ഏത് സീനിയർ സിറ്റിസണോ?."
"അതേ. ആക്ച്വൽ ചാർജ് നൂറ്റി എഴുപതാ."
"പക്ഷെ ഞാൻ കൺസഷൻ ചോദിച്ചിരുന്നില്ലല്ലോ!"
"ഹ ഹ സാറിനെ കണ്ടു തന്നതാവും."
ടിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ അയാൾ പറഞ്ഞത് ശരി തന്നെ. വ്യക്തമായി മുദ്രണം ചെയ്തിരിക്കുന്നു SRCTZN .
ഞാൻ അത്ഭുതപ്പെട്ടു. ആവശ്യപ്പെട്ടില്ലെങ്കിലും സീനിയർ സിറ്റിസൺ കൺസഷൻ തന്നിരിക്കുന്നു ഉദാരമതിയായ ചീട്ടാളൻ. ആളെ കണ്ടു മുതിർന്ന പൗരത്വം തീരുമാനിക്കാനുള്ള ഭാരതീയ റേൽ ഗുമസ്തൻ്റെയും പരിശോധകൻ്റെയും കഴിവിൽ മതിപ്പുതോന്നി. എങ്കിലും ഒരു സൂചന പോലും നൽകാതെ കൺസഷൻ ടിക്കറ്റ് തന്ന് ഐഡിയില്ലാതെ ഫൈനടച്ചു നാണം കെടേണ്ടി വരുമായിരുന്ന സാദ്ധ്യതാസാഹചര്യം സൃഷ്‌ടിച്ച കൗണ്ടർ ക്ലർക്കിൻ്റെ മണ്ടയ്ക്ക് മനസാ ഒന്നു കിഴുക്കാതിരിക്കാനും കഴിഞ്ഞില്ല ലോകവിവരമില്ലാത്തവന്!.

പ്രണയഭീരു





                                                    പ്രണയഭീരു

ഒരു വൃശ്ചികമാസം.

സുഹൃത്തിന്‍റെ വീട്ടുമുറ്റത്തെ വിളക്കുപന്തലില്‍ അയ്യപ്പൻ പാട്ട്. പാടാനറിയില്ലെങ്കിലും കേളികേട്ട പാട്ടുകാർക്കൊപ്പം ഉടുക്കിൽ കരുതലോടെ താളമിട്ടിരിക്കുമ്പോൾ സുഹൃത്ത് പിന്നിൽനിന്ന് തട്ടി വിളിച്ചു .
"വാ!."
യോഗ്യന്മാര്‍ക്കൊപ്പമിരുന്നു കൊട്ടാൻ കിട്ടിയ അവസരം കൈവിട്ടു പോവുന്നതിലുള്ള നീരസത്തോടെ ചോദിച്ചു:
“എന്തേ?.”
“നിയ്യ് വാടാ, കാര്യണ്ട്‌.”
ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അടക്കിയ സ്വരത്തില്‍ സുഹൃത്ത് പറഞ്ഞു:
“മോളില് എന്‍റെ മുറീല്‍ക്ക് ചെല്ല്!. കാത്തിരിക്ക്ണ്ട്!.”
“ആര്?.”
“നിന്റമ്മ!. ഡാ ശവീ അവള്. നെന്‍റെ മറ്റോള്!.”
നെഞ്ചില്‍ ഒരായിരം ഉടുക്കുകള്‍‍ ചെമ്പട കൊട്ടി.
“അയ്യോ ഡാ!.”
“എന്തേ?. ചെല്ല്. അന്യേത്തി ഏർപ്പാടാക്കീതാ. ഞാൻ പറഞ്ഞ്!.”
സുഹൃത്തിന്റെ മുഖത്ത് വിജയീ ഭാവം.
“ആര് നിന്‍റെ അനീത്ത്യാ?.”
“പിന്നെ നെനക്ക് എത്രന്യേത്തീണ്ട്!.”
“നശിപ്പിച്ചു!. നിയ്യെന്തൂട്ട്...;”
“ വല്ല്യേ വര്‍ത്താനൊന്നും പറേണ്ടാ!. നീ വേം വീടിന്‍റെ പിന്നിലെ കോണി കേറി ചെല്ല്!.”
“ഏയ്‌!. അതൊന്നും വേണ്ട്രാ.”
“വേണ്ടാന്നാ?. എത്ര പണീട്ത്ത്ട്ടാ സംഗതി ഒപ്പിച്ചേന്നറ്യോ!. വൈകിട്ട് എഴുന്നളിപ്പിന് താലം പിടിച്ച് നിക്കുമ്പഴാ അന്യേത്തി പറഞ്ഞൊപ്പിച്ചത്.”
“ശര്യാവില്ല്യ; വല്ലോരും കാണും!.”
“ആരും കാണില്ല്യ. നിയ്യെന്തിനാ പേടിക്കണേ?. അവള്‍ക്കൊരു പേടീണ്ടായില്ലിലോ!.”
“ന്നാലും.”
“കളിക്കാന്‍ നിക്കാണ്ട് ചെല്ലടാ പോത്തേ!. ഇന്യൊരവസരം കിട്ടില്ല്യ. പറയാള്ളതൊക്കെ പറഞ്ഞ് അഷ്ടബന്ധട്ടൊറപ്പിക്ക്. പിന്നൊരു കാര്യണ്ട്‌; പരമാവധി ഉമ്മയിലൊതുക്കണം!.”
“ഏയ് അയ്യേ!. ഇപ്പ വേണ്ടടാ. പിന്ന്യാവാം!. എന്തോ എനിക്കൊരു...”
“ഫ! തെണ്ടി!. നെനക്കൊന്നും പറഞ്ഞിട്ട്ള്ളതല്ലട പ്രേമം. ഒരു കാമുകന്‍ വന്നേക്കണു!. സമയം കളയാണ്ട് വീട്ടീപ്പോയി അമ്മേടെ മടീല് കെടന്നൊറങ്ങട കഴുതേ!. ബാക്കീള്ളോരെക്കൂടി വഷളാക്കാന്‍!.”

ഫൈനല്‍ ഡോസ്



ഫൈനല്‍ ഡോസ്


കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നു.
"ങ്ങ്ഹാ ബാലന്ദ്രൻ വര്വോ."

കസേരയിലിരുന്ന് രോഗീപീഠം ചൂണ്ടി അദ്ദേഹം പറഞ്ഞു
"ഇരിക്ക്വോ. എന്താസുഖം?."
"എനിക്കല്ല സര്‍‍."
"ഓ അച്ഛനാവും ല്ലേ?."
"അതെ."
"തോന്നി. അച്ഛന് പെന്‍ഷന്‍ കിട്ടീണ്ടാവും ല്ലേ?."
"അതെ."
"പെന്‍ഷന്‍ കിട്ട്യാ അച്ഛന് അസുഖം പതിവണലോ. പെൻഷൻ കിട്ട്യാ നാരേണന്‍ നായര്‍ക്കും മക്കളുടെ മണ്യോര്‍ഡറ് വന്നാ രാമക്കുറുപ്പിനും കൃത്യായിട്ടസുഖം വരും പൊറനാട്രേല്. ഇത്തവണെന്താ വിശേഷം?."
"നെഞ്ചുവേദന."
"എന്താ അച്ഛന്‍റെ ഡയഗ്നോസിസ്?."
"അറ്റാക്ക്."
"അപ്പോ അള്‍സറ് വിട്ടു ല്ലേ?."
"അതെ."
"ഇനീപ്പെന്താ ഞാന്‍ വേണ്ട്?."
"ഗുളിക."
"ഗുളിക മാറ്റി എഴുതണം ല്ലേ?. കഴിഞ്ഞ തവണ എഴുതീത് കഴിഞ്ഞ്വോ?."
"മുക്കാലും ബാക്ക്യാണ് സര്‍."
"അതെന്തേ?."
"ഡോക്ടറെന്നെ പറ്റിച്ചു. ഗുളിക വിറ്റാമിനാ. മൂത്രത്തിന് മഞ്ഞനെറണ്ട്, ചൂരൂണ്ട് ന്നൊക്ക്യാ ഇപ്പ പറേണത്."
"ഈശ്വരാ!. കണ്ട്വോ!. അപ്പ അതും കണ്ടു പിടിച്ചു!. അച്ഛനെ തൃപ്തിപ്പെട്ത്താൻ ബീ കോംപ്ലക്‌സ് മനപ്പൂര്‍വ്വം എഴുതീതാ ഞാന്‍. ബാലന്ദ്രാ അച്ഛന് ദൈവം സഹായിച്ചിട്ട് ഒരസുഖോല്ല്യ. വയസ്സായാ എല്ലാരടേം സിസ്റ്റംസൊക്കെ ഒന്നു വീക്കാവും. അതൊക്ക്യന്നെ അച്ഛനൂള്ളു. ബാക്ക്യൊക്കെ അച്ഛന്‍റെ തോന്നലാ."
"ഞാനെന്താ ചെയ്യ്വാ സാറെ!. അച്ഛനൊരു രോഗോല്ല്യാന്ന് ഇക്ക്വറ്യാം. പറഞ്ഞിട്ട് ഒരു കാര്യോല്ല്യ. സാമോം ദാനോം ഭേദോം ഒക്കെ നോക്കി. ങ്ങനെ പോയാ ഇക്ക് പ്രാന്താവും."
"നാലാമതൊരെണ്ണം ബാക്കീല്ല്യേ?."
"എന്ത്?."
"ദണ്ഡം?."
"അയ്യോ!."
"പേടിക്കണ്ട; ദേഹോപദ്രവല്ല; മൈല്‍ഡായിട്ട് ഒന്ന് ശാസിക്ക്വ. അത്രേ വേണ്ടൂ. "
"ഔ ശാസിക്ക്യേ!."
"എന്താ ശാസിച്ചാല്?."
"അച്ഛനല്ലേ!."
"അച്ഛനാച്ചിട്ട്?."
"ഡോക്ട്ടറേ!."
"അതേയ് ബാലന്ദ്രാ, അച്ഛനിത് രണ്ടാം ബാല്യാ. അതിന്‍റെ കുറുമ്പാ. കുറുമ്പ് കാട്ടുമ്പോ കുട്ട്യോളെ മ്മള് ചീത്ത പറ്യാറില്ല്യെ?. "
"ന്നാലും."
"സഹിക്കാൻ പറ്റാണ്ടാവുമ്പോ സമസ്താപരാധം പൊറുക്കണേന്ന് ഈശ്വരന്യങ്ങട് മനസ്സില് ധ്യാനിച്ചിട്ട് സ്നേഹത്തോടെ നാല് ചീത്ത പറയാ. ചെലപ്പോ സമാധാനം കിട്ടീന്ന് വരും. തമാശ്യായിട്ട് കൂട്ടണ്ട; പരീക്ഷിച്ചു നോക്ക്വോ."
:
:
:
ചികിത്സ കൃത്യമായിരുന്നു. രണ്ടു മൂന്ന് ഡോസ് പൂര്‍ത്തിയായപ്പോള്‍ അച്ഛന് നല്ല സമാധാനം കിട്ടി.
“മോനും മോള്‍ക്കും അച്ഛന്‍ നല്ല വെഷമണ്ടാക്കി ല്ലേ. ഈശ്വരാ..!.”
മരിക്കുന്നതിനു കുറച്ചു നാള്‍ മുമ്പ് അച്ഛൻ പറഞ്ഞിരുന്നു.
ഒരു രോഗവുമില്ലാതെ അച്ഛന്‍ അനായാസമരണം കൈവരിച്ചിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. പക്ഷേ ഡോക്റ്റര്‍ അവസാനം കുറിച്ചുതന്ന മരുന്നോര്‍മ്മയുടെ വിങ്ങല്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
നല്ല പാഠമല്ല പറഞ്ഞതെന്നറിയാം. 
പക്ഷേ ചിലതൊക്കെ അങ്ങിനെയാണ്. വിറ്റാമിന്‍ ഗുളികകളും ചതുരുപായങ്ങളും നമ്മളേയും കാത്തിരിക്കുന്നുണ്ടാവാം.
ഒന്നും നമ്മുടെ വരുതിയിലല്ലല്ലോ..