2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

സര്‍ജിക്കല്‍ സൊലൂഷന്‍

 സര്‍ജിക്കല്‍ സൊലൂഷന്‍ 


കര്‍ക്കശക്കാരനും സൂത്രശാലിയുമായ ക്രിക്കറ്റ് പരിശീലകനായിരുന്നു സ്നേഹരാജ്. കുട്ടികളെ മനസ്സിലാക്കുവാനും പരിശീലനസമയത്ത് അവർക്കുണ്ടാവുന്ന  ശാരീരിക മാനസിക പ്രതിസന്ധികള്‍ പരിഹരിക്കുവാനും അദ്ദേഹം അവലംബിച്ചിരുന്ന  മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും വിചിത്രവും സമ്പ്രദായവിരുദ്ധവുമായിരുന്നു.

സ്വന്തം അനുഭവമാണ് ...

കാലം 1998. മകന്‍റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വേനലവധിക്കാലം. ക്രിക്കറ്റ് കമ്പം നുരഞ്ഞുകുത്തുന്ന കൌമാരം. തരക്കേടില്ലാതെ ബാറ്റടിക്കാനും പന്തെറിയാനും അവനറിയാം. കേന്ദ്രീയ വിദ്യാലയത്തിന്‍റെ വിശാലമായ മൈതാനിയിലും നാട്ടിലെ അമ്പലപ്പറമ്പിലും എറിഞ്ഞും അടിച്ചും കൂട്ടുകാർക്കൊപ്പം മകന്‍ ക്രിക്കറ്റ്കാമം തീര്‍ത്തുകൊണ്ടിരുന്ന നാളുകളിലൊരിക്കല്‍ സ്നേഹരാജ് എന്നെ വിളിച്ചു:


ബാലാ, അണ്ടര്‍ സിക്സ്റ്റീന്‍ സെലക്ഷന്‍ ക്യാമ്പ് ഈ പതിനഞ്ചാന്തി തൊടങ്ങും. താല്‍പ്പര്യണ്ടെങ്ങെ ചെക്കനെ വിട്ടേക്ക്.


ജില്ലാ  ക്രിക്കറ്റ് അമ്പയര്‍ പാനലില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി  ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ  പരീക്ഷ എഴുതുവാനും യോഗ്യത നേടുവാനും എന്നെ പരിശീലിപ്പിച്ച വകയിലും തുടര്‍ന്നു സ്റ്റേറ്റ് പാനല്‍ പരീക്ഷ എഴുതാന്‍ വളരെ നിര്‍ബന്ധിച്ചിട്ടും തിരുവനന്തപുരത്തേക്ക് പോകേണ്ട മടിക്ക് സൂത്രം പറഞ്ഞു മുങ്ങിയതിനു കേട്ട തെറിയുടെ പ്രഭാവംകൊണ്ടും നമുക്കിടയില്‍  ഗാഢമായ  സൌഹൃദം വളർന്നിരുന്നു  . 

താല്‍പ്പര്യണ്ട്. അതിനു വിശേഷിച്ചെന്തെങ്കിലും തയ്യാറെടുക്കേണ്ടതുണ്ടോ ?.”

ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി സാന്നിദ്ധ്യം! ബാലചന്ദ്രന്‍ അശ്വിന്‍! മനസ്സില്‍ സ്വപ്നങ്ങളുടെ ഗാലറിപ്പടവുകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു!.

“ പാന്‍റും ടീ ഷര്‍ട്ടും സ്പോര്‍ട്ട്സ് ഷൂവും ഒക്കേണ്ടാവൂലോ അവന്. അത് മതി . നീ ചെക്കനെ വിട്. ബാക്കി  ഞാനേറ്റു.” 

സ്വപ്നത്തിന്‍റെ ഗാലറിക്കു മുകളില്‍  സ്നേഹരാജ് വര്‍ണ്ണമേലാപ്പു കെട്ടി!.

പതിനഞ്ചാംതിയതി വെളുപ്പിനു ചെക്കനെ  കാനാട്ടുകരക്കു വിട്ടു. കേരളവര്‍മ കോളേജ് ഗ്രൌണ്ടിലെ ക്യാമ്പ് ആദ്യ ദിവസം സ്മൂത്തായി പോയി. രാത്രി സ്നേഹരാജ് എന്നെ വിളിച്ചു.

ബാലാ ചെക്കനെ ഞാന്‍ ആദ്യായി കാണ്വാ. അവൻ തരക്കേടില്ല്യ ട്ടാ. പേസ് ഇത്തിരി കൊറവുണ്ടെങ്കിലും ബോളിന് നല്ല സ്വിങ്ണ്ട്! പിന്നെ നല്ല റിഥം റണ്ണപ്പ്. ലൈന്‍ ആന്‍റ് ലെങ്ത് പക്കാ!. പോരാത്തേന് ചെക്കന്‍ നല്ല ഹൈറ്റല്ലേ!. എന്തായാലും ഞാന്‍ അവനെ ബൌളിങ്ങില് പിടിക്കാന്‍  പൊവ്വാ. കള്ളന്  പക്ഷേ ബാറ്റിങ്ങിലാ നോട്ടം!. പന്തെടുക്കാന്‍  മട്യാ. അത് ഞാന്‍ ശര്യാക്ക്ണ്ട്!.

നാലാം ദിവസം മകൻ  ക്യാമ്പില്‍ പോകാന്‍ വിസമ്മതിച്ചു!. വലത്തെ കയ്യ് ഉയര്‍ത്താന്‍ പറ്റുന്നില്ലത്രെ!. കൈ പറിഞ്ഞു പോകുന്ന വേദന. കുളിക്കുമ്പോള്‍  വെള്ളം മഗ്ഗില്‍ കോരി അച്ഛന്‍ ഒഴിച്ച് കൊടുക്കണം. ഷര്‍ട്ട് ഇടാനും ഊരാനും അമ്മ.  ഭക്ഷണം ഇടംകൈകൊണ്ട് എന്നതു വരെയായി കാര്യങ്ങൾ!. തുടര്‍ച്ചയായി പത്തും മുപ്പതും ഓവര്‍ ബൌള്‍ ചെയ്യേണ്ടി വന്നതാണ് കാരണമെന്ന് മകന്‍റെ പരാതിയും പ്രതിഷേധവും.  അന്നവന്‍ ക്യാമ്പില്‍ പോയില്ല. രാത്രി വിളി വന്നു.

എന്തേ ബാലാ ചെക്കനെ ഇന്ന്  കണ്ടില്ലിലോ ?.”

അവന് തീരെ വയ്യാ സ്നേഹരാജ്. കയ്യനക്കാന്‍ പറ്റുന്നില്ല. കുളിയും വസ്ത്രാധാരണവുമൊക്കെ പരസഹായത്തിലാ. രാത്രി മുഴുവന്‍ കിടക്കയില്‍ കിടന്നു  നിലവിളിയായിരുന്നു. ഇവിടെ ഞങ്ങളും  വല്ലാതെ പേടിച്ചിരിപ്പാണ്. ഏന്താനി വേണ്ടത്!?

ഓ! അങ്ങന്യാല്ലേ!. ഒരു കാര്യം ചെയ്യ്. നാളെ ചെക്കനേം കൂട്ടി ക്യാമ്പില് വാ. ഞാന്‍ ഒന്നു നോക്കട്ടെ. കേട്ടിട്ട് ഇത്തിരി സീരിയാസ്സാന്നു തോന്ന്ണ്ട്!.

അത് കേട്ടപ്പോള്‍ ഉള്ളിൽ  ഭയം ഇരച്ചു കയറി.

പിറ്റേ ദിവസം ക്യാമ്പില്‍ ചെന്നപ്പോള്‍ സ്നേഹരാജ് മകനെ വിളിച്ച് തോളില്‍ കയ്യിട്ട് ഗ്രൌണ്ടിലേക്ക്  കൊണ്ടുപോയി. പിച്ചിന് നടുവില്‍ നിര്‍ത്തി കുറച്ചു നേരം  ചോദ്യം ചെയ്തു. കൈ പിടിച്ച് ഉയര്‍ത്തുന്നതും  വശങ്ങളിലേക്ക് തിരിക്കുന്നതും  കയ്യില്‍ ബാറ്റ് കൊടുത്തു സ്റ്റാംപ്സിന് മുന്നില്‍ ഗാര്‍ഡ് എടുപ്പിക്കുന്നതും ബാക് ഫൂട്ട് ഫ്രണ്ട് ഫൂട്ട് പ്രതിരോധത്തിനുള്ള ചുവടുവെപ്പുകള്‍ ചെയ്യിക്കുന്നതും കണ്ടപ്പോള്‍ എനിക്കു ആധിയായി. ഈശ്വരാ ഇനി പരിക്ക് മൂപ്പിച്ച്  അപകടം  വരുത്തുമോ!?

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മകനെയും കൂട്ടി സ്നേഹരാജ് തിരിച്ചു വന്നു.

ബാലാ സംഗതി കൊറച്ച് സീരിയസ്സാ. കൊറച്ച്ന്നല്ല നല്ലോണം!.  പറയാന്‍ കാരണണ്ട്. സിമിലര്‍ കേസ് ഒന്നു രണ്ടെണ്ണം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട് .“

മുമ്പൊക്കെ എന്താ ചെയ്തേ!”

“സര്‍ജറി തന്നെ!. ഏ സി ജോയിന്‍റില്‍ ഒരു മേജര്‍ സര്‍ജറി.

അയ്യോ ഓപ്പറേഷനാ!

 എന്റെ ശരീരം തളര്‍ന്നു!.

പക്ഷേ പേടിക്കാനോന്നൂല്ല്യ. സൈമണ്‍ ഡോക്റ്റര്‍ മിടുക്കനാ. ഇന്നിപ്പോ ആളെ കാണാന്‍ പറ്റില്ല്യ. എന്തായാലും നമുക്ക് നാളെ രാവിലെ പോയി കാണാം. ഞാന്‍ സാറിനെ വിളിച്ച് അപ്പോയിന്‍റ്മെന്‍റ് ഫിക്സീയാം. ഇപ്പൊ നിങ്ങള് പൊക്കോ. രാത്രി ഞാന്‍ വിളിക്കാം. പേടിക്കണ്ടാ ട്രാ.” 

മകന്‍റെ  തോളത്തു രണ്ടു തട്ടും തട്ടി സ്നേഹരാജ് കുട്ടികള്‍ക്കിടയിലേക്ക് ജോഗ് ചെയ്തു പോയി.

പറഞ്ഞ പോലെ അന്നു രാത്രി സ്നേഹരാജ് വിളിച്ചു.

ബാലാ നാളെ രാവിലെ പത്തു മണിക്കാ സമയം. നീ അവനേം  കൂട്ടി ഒമ്പതരക്കു വാ.  ഞാന്‍ ഡോക്റ്റര്‍ടെ അടുത്തുണ്ടാവും. തയ്യാറായിട്ടു വരണം. സർജറി ഒരു പക്ഷേ  ഒടനെ വേണ്ടി വന്നേക്കാം.

ഫോണ്‍ വെക്കുമ്പോള്‍ പേടിച്ച്  വിളറിയ മുഖവുമായി മുന്നില്‍ ഭാവി ഇന്ത്യന്‍ താരം!.

ആശുപത്രിയിൽ നിൽക്കുമ്പോൾ വേണ്ട വസ്ത്രങ്ങളും മറ്റും ബാഗിലാക്കി രാവിലെ പോകാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു .

പിറ്റേ ദിവസം രാവിലെ എണീറ്റപ്പോള്‍ വലംകൈകൊണ്ട് കശകശാന്നു  പല്ലു തേക്കുന്ന മകനെ കണ്ടു!. വേദനയുടെ ലക്ഷണമൊന്നും  അവന്‍റെ ശരീരഭാഷയിലില്ല!.

എന്നെ കണ്ടയുടന്‍ ബ്രഷിങ് നിര്‍ത്തി കൈ ഉയർത്തിയും താഴ്ത്തിയും അവൻ പറഞ്ഞു:

അച്ഛാ ഭയങ്കരത്ഭുതം!. വേദന പോയി!.

പിന്നെ പല്ലുതേപ്പ് പൂര്‍ത്തിയാക്കി  മുറ്റത്തിറങ്ങി മാവിഞ്ചുവട്ടില്‍ കിടന്നിരുന്ന  ഒരു കല്ലെടുത്ത് ബൌള്‍ ചെയ്യുന്നതൊക്കെ കണ്ടപ്പോള്‍ ആശ്വാസമാണോ അതിശയമാണോ തോന്നുന്നത് എന്ന സംശയമായി എനിക്ക്!     ഇതെന്തു മറിമായം?

"അത്ഭുതം തന്നെ ! ഒറ്റ രാത്രികൊണ്ട്!” 

ഭാര്യക്ക് വിസ്മയവും സന്തോഷവും   അടക്കാനാവുന്നില്ല!.

അതന്നെ!. ഗ്രൌണ്ടില് വെച്ച് സാറ് കയ്യ് അങ്ങനേം ഇങ്ങനേം ഒക്കെ  തിരിച്ചേല് എന്തോ ട്രിക്ക്ണ്ട്ന്നാ   എനിക്ക് തോന്നണേ!.  മകന്‍.

നെനക്ക് ഇപ്പോ വേദന ഒട്ടൂല്ല്യേ!” .

എനിക്ക് വിശ്വാസം വന്നില്ല. ഓപ്പറേഷന്‍ പേടിച്ച് ചെക്കന്‍ നുണ പറയുകയാണോ?

കോറേശ്ശെണ്ട്. ന്നാലും കോഴപ്പല്ല്യച്ഛാ. ശര്യാവും.

ഏഴു മണിക്ക് ഞാന്‍ സ്നേഹരാജിനെ വിളിച്ചു.

ങ്ഹാ, എന്താ ബാലാ?.”

അതേയ് ഭയങ്കരതിശയം!. ചെക്കന് ഇപ്പൊ വേദന തീരേല്ല്യ!.

ഒട്ടൂല്ല്യേ?.”

ഇല്ല്യാന്നാ അവൻ  പറേണ്. ചെക്കന്‍ ബൌളിങ് ആക്ഷനൊക്കെ സ്ട്രോങ്ങായി കാണിക്ക്ണ്ട്.

ഉവ്വല്ലേ. അപ്പോ ഇന്ന് മൊതല് അവന്‍ ക്യാമ്പില് വരും അല്ലേ?.”

വരണംന്നാ അവന്‍ പറേണ്.

വരും. അവന്‍ വരും. ഇക്കറ്യാം!.  ഞാനിതൊക്കെ എത്ര കണ്ടേക്കണു! ആ ശേഖണ്ണനോട് വേഗം വരാന്‍ പറയ്! മണി ഏഴു കഴിഞ്ഞു!. പിള്ളേര് വാമപ്പ് തൊടങ്ങി.

ഹ ഹ ഹ! ഇക്കൊന്നും മനസ്സിലാവിണില്ല്യ. അല്ല; ദെന്താ സംഗതി ആശാനേ!?."

നെനക്ക് മനസ്സിലായില്ല്യാല്ലേ? തിരി മുറിഞ്ഞ കള്ളനാ അവന്‍!. ഗ്രൌണ്ടില് കൊണ്ടോയി നാല് ചോദ്യം ചോദിച്ചപ്പത്തന്നെ  ഇക്ക് കാര്യം പിടി കിട്ട്യേര്‍ന്നു. ഒക്കെ അവന്‍റെ വേഷംകെട്ടാന്ന് അവന്‍റെ കള്ളമോന്ത നോക്കി ഞാന്‍ വായിച്ചു.! പിന്നെ നിന്‍റെയല്ലേ മോന്‍! തിരുവനന്തപുരത്തക്ക് പോണ്ട മടിക്ക് പന്യാന്നു പറഞ്ഞ് സ്റ്റേറ്റ് അമ്പയര്‍ ടെസ്റ്റ് എഴുതാണ്ട് മുങ്യോനല്ലേ നിയ്യ്? വിത്തുഗുണം പത്തുഗുണം!

ആശാനേ! സമ്മതിച്ചു തന്നിരിക്കുന്നു!. അപ്പോ സൈമണ്‍ ഡോക്റ്റര്‍ടെ അപ്പോയിന്‍റ്മെന്‍റ്?”

ഏത് സൈമണ്‍ ഡോക്റ്റര്? എന്തപ്പോയിന്‍മെന്‍റ്? നെനക്ക്  വല്ല പ്രാന്തൂണ്ടാ? അതൊക്ക അവന്യൊന്നു വെരട്ടാള്ള നമ്പറാര്‍ന്നു.

ക്യാമ്പ് ഭംഗിയായി സമാപിച്ചു. സെലക്ഷന്‍ കിട്ടിയില്ലെങ്കിലും ഗുരുവില്‍നിന്നും സര്‍ട്ടിഫിക്കറ്റും ഭാവി അണ്ടര്‍ നയന്‍റീന്‍ ആശംസകളുമായി മകന്‍ പ്രസന്നനും വര്‍ദ്ധിതാരോഗ്യവാനുമായി തിരിച്ചു വന്നു. പക്ഷേ  ക്രിക്കറ്റിങ് മോഹങ്ങളൊക്കെ കോട്ടയത്തെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ ലാബില്‍ ഇറക്കി വെച്ചു. പന്തിനെ തിരിച്ചു പായിക്കാനിരുന്ന  വിരലുകള്‍ പിന്നീട് നൈസാമിന്‍റെ നഗരിയിലെ ഐടി ഭീമന്‍റെ കീ ബോര്‍ഡില്‍ തിരുപ്പറങ്ങാൻ  തുടങ്ങി. രണ്ടായിരത്തിപ്പത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ എന്‍റെ സ്വപ്നം ഭാഗികമായി പൂവണിഞ്ഞു.

മകന്‍റെ സർണെയിമിലെ ബാലന്‍ പോയി രവിയായി. അത്രയല്ലെയുള്ളൂ?
------------------------------------------------------------------------

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

പരീക്ഷണം


പരീക്ഷണം


ചാലക്കുടിയിലുള്ള ടയർ ഫാക്റ്ററിയിൽ  ഉദ്യോഗസ്ഥനായിരുന്നു ഉണ്ണി. രാത്രിക്കുള്ള   ഷിഫ്റ്റിൽ ജോലിക്കു കയറാനായി    ബസ്സു കാത്ത് തൃശ്ശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനില്‍ നിൽക്കുമ്പോണ് നാലു കാലില്‍ നടക്കുന്ന രാജുവിനെ ഉണ്ണി കണ്ടത്. സ്വന്തം   വർക്ക് ഷോപ്പിനടുത്തു പുതിയ വീട് വാങ്ങി നാട്ടില്‍നിന്നു താമസം മാറ്റിയതില്‍പിന്നെ   കക്ഷിയെ   കാണുന്നത് അപൂര്‍വമായിരുന്നു.   കണിമംഗലത്ത് ടയർ റീട്രേഡിംഗ്   ബിസിനസ് നടത്തുകയാണ് അവന്‍.  ആയതിലേക്ക്  രണ്ടു വർഷം മുമ്പ് പതിനായിരം രൂപ വായ്പ വാങ്ങിയിരുന്നത് ഇതുവരെ മടക്കി തന്നിട്ടില്ല. ഇടക്ക് കണ്ടപ്പോഴൊക്കെ ബുദ്ധിമുട്ടുകളും പ്രാരബ്ദങ്ങളും പറഞ്ഞു അവധി ചോദിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ അത്  ചോദിക്കാന്‍ പറ്റിയ അവസരമല്ല. മൂക്കറ്റം കയറ്റി ചുവന്ന മത്താപ്പായിട്ടാണ് നില്‍പ്പ്. തന്നെയുമല്ല ചോദിച്ചാൽ പാരാപരിപ്പുകള്‍ പറയുന്നതു കേള്‍ക്കാന്‍ നിന്ന്   ബസ്സ് തെറ്റും. വേണ്ട ഇപ്പോള്‍ വേണ്ട. ആവുമ്പോള്‍ തരട്ടെ. എൻക്വയറി കണ്ടറിനുമുന്നില്‍ ഇടത്തും വലത്തും ആടിക്കളിച്ചു നില്‍ക്കുകയാണ് പാര്‍ട്ടി. അവിടെ നില്‍ക്കട്ടെ. ഉണ്ണി പുറം തിരിഞ്ഞു ബസ്സുകളുടെ നെറ്റിയിൽ നോക്കി നിന്നു. പെട്ടെന്നാണ് തോളിൽ അടി വീണത്‌.

“ആഹഹഹഹ!. എന്തറാബടെ?. ”

ബ്രാണ്ടി, ഗോള്‍ഡ് ഫ്ലേക്ക്, കല്‍ക്കത്ത പാൻ സമ്മിശ്രഗന്ധം ഉണ്ണിയുടെ മൂക്കില്‍ തുളച്ചു കയറി.

“അല്ല എന്താ നീയിവടെ?.” ഉണ്ണി ചോദ്യം തിരിച്ചിട്ടു.

“എയ്!. ഞാന്‍ ദേ അരമനേന്ന് എറങ്ങീതാ. ഒരു ഛോട്ടാ പാര്‍ട്ടീണ്ടാര്‍ന്നു.”

“ഉം. പാർട്ടീടെ വലിപ്പം നിന്‍റെ പരുവം  കാണുമ്പോ അറ്യാണ്ട്! .”

പിന്നിലൂടെ നടന്നു പോയ കണ്ടക്‍ട്ടറുടെ ദേഹത്തേക്ക് തുലനം തെറ്റി വീഴാന്‍ പോയപ്പോള്‍ ഉണ്ണി ‘വയ്യാത്താളെ’ പിടിച്ചു 'നിലക്കു നിർത്തി'. 

“എയ്!. നോ പ്രോബ്ലം!. എനിക്കു കൊഴപ്പൊന്നൂല്ല്യാ. ഞാന്‍ നോര്‍മലാ.”

തെക്കൻ സമ്പ്രദായത്തിൽ തന്നെ തുറിച്ചു നോക്കിയ കണ്ടക്ട്ടറെ രാജു  സാന്ത്വനിപ്പിച്ചു.

“അല്ല; വീട്ടില്‍ക്ക് പോവാനുള്ള ഉദ്ദേശല്ല്യേ?. ” ഉണ്ണി ചോദിച്ചു.

“പിന്നെ പിന്നെ! പോണം!. പക്ഷേ ഒരു പ്രശനണ്ട്രാ! ബൈക്ക് എവട്യാ വെച്ചേന്ന്ര് ഇപ്പോർമ്മേല്ല്യ!."

“ബെസ്റ്റ്!. ഇനീപ്പോ എന്തീയും?. ബൈക്ക് വഴീലിട്ട് ബസ്സില് കേറാൻ വന്നേക്ക്യാ?.”

“എയ് നോ പ്രോബ്ലം. ശൊക്കെറങ്ങുമ്പോ ഓര്‍മ്മ വരും.“

“അത് വരെ എന്താ പരിപാടി?. അരമന തന്നെ ല്ലേ !.”

“ഏയ്‌!. ഇനി വയ്യാടപ്പ!. ഫുള്ളായി. അപ്പ ശരീടാ!. ഇനിക്ക് തെരക്ക്ണ്ട്. കൊക്കാലേല് ഒരു പാർട്ട്യേ കാണണം.  ന്നാ  പിന്നെ കാണാറാ. ബാൽന്ദ്രനോട് ഞാന്ന്വേഷിച്ചൂന്നു പറയ്‌!. ”

ബലിഷ്ഠമായ കൈകള്‍കൊണ്ട് തന്‍റെ വലം കൈ പിടിച്ചു നാലു വട്ടം കുലുക്കിയപ്പോള്‍ ഉണ്ണിയുടെ തോളെല്ല് കിടുങ്ങി!.

കുത്തഴിഞ്ഞ മുണ്ട് വലിച്ചു വാരി ഉടുത്ത് തിരിഞ്ഞു നടക്കുന്നതിനിടയില്‍ എന്തോ ഓര്‍ത്ത് രാജു  നിന്നു. തിരിച്ചു വന്നു ഉണ്ണിയോട് ചോദിച്ചു.

“ടാ ഉണ്ണ്യേ, നെനക്ക് ഞാന്‍ കൊറച്ച് പൈസ തരാല്ല്യേ?.”

“കൊറച്ചല്ല പൈനായിരം!. അതൊക്കെ ഓര്‍മേണ്ടല്ലേ?”


ഉണ്ണിക്ക് നേരിയ തോതിൽ അരിശം കയറി.



“അത് ഞാന്‍ മറക്ക്വോടാ?. അത്ര വല്ല്യേ വെഷമത്തിലിരിക്കുമ്പ തന്നതല്ലേ നിയ്യ്!. ദാ ഇപ്പ കയ്യില് സാനണ്ട്. ആറ്മാസം മുമ്പ് ക്രെഡിറ്റിന് കൊടുത്തേന്‍റെ കാശാ. ഇന്ന് കിട്ടി. നിയ്യിതു പിടിച്ചേ!.”

രാജു ബനിയനുള്ളില്‍ കയ്യിട്ട് ഒരു പ്ലാസ്റ്റിക്ക് കവര്‍ വലിച്ചെടുത്തു. അതില്‍നിന്ന് നൂറിന്‍റെ ഒരു സെക്ഷനെടുത്തു ഉണ്ണിക്ക് നീട്ടി. കനറാ ബാങ്കിന്‍റെ സ്ലിപ്പ് പൊട്ടിക്കാത്ത നോട്ടുകെട്ട്. കവറില്‍ ഇനിയും പണമുണ്ട്. പണക്കെട്ട് തന്‍റെ ബാഗിലേക്ക് വെക്കുമ്പോള്‍ ഉണ്ണി പരിഭ്രമിച്ചു. ദൈവമേ!. കുടിച്ചു വീര്‍ത്ത അവന്‍റെ വയറിന് മുകളില്‍ ആ 'പണക്കിഴി' സുരക്ഷിതമാണോ?

“രാജ്വോ , ഇത്ര പെരുത്ത് കാശ് കയ്യില് വെച്ചിട്ടാ നിന്‍റെ ഈ കളി!?."

“പോടാ പോടാ!. നിയ്യ് നിന്‍റെ കയ്യിലിരിപ്പ് കാക്ക്! എന്‍റാര്യം ഞാന്‍ നോക്ക്യോളാം ട്ടാ!. ഓക്കെ..ബൈ!.”

രാജൂ  പോയി.

പിറ്റേ ദിവസം അതിരാവിലെ ഷിഫ്റ്റ് കഴിഞ്ഞു വന്നു കുളിയും പ്രാതലും  കഴിഞ്ഞ് ഉണ്ണി ഉറങ്ങാൻ കിടന്നതേയുള്ളൂ. ഒരു യമഹ മൂളി പറന്നുവന്ന് വീടിന്‍റെ പടിക്കൽ സഡൻ  ബ്രേക്കിട്ടു നിന്നു. ശബ്ദം കേട്ടു പുറത്തു വന്നപ്പോൾ തിടുക്കത്തിൽ നടന്നു വരുന്ന രാജുവിനെ കണ്ടു!. ഉണ്ണി സൂക്ഷിച്ചു നോക്കി. ഇല്ല കുഴപ്പമില്ല. രണ്ടു കാലിൽ തന്നെ!

ഇറയത്തേക്കു വന്നു കയറിയപാടെ ആശാൻ ഉദ്വേഗത്തോടെ ചോദിച്ചു.

"ടാ നിയ്യിന്നലെ തൃശൂര് ട്രാൻസ്പോർട്ട് സ്റ്റാണ്ടില് വന്നിരുന്ന്വോ?."

കാര്യം പിടി കിട്ടിയപ്പോൾ ഒരു നമ്പറിറക്കാം എന്ന് തീരുമാനിച്ചുകൊണ്ട് ഉണ്ണി കൈ മലര്‍ത്തി:

"ഏയ്‌!. ഇല്ലിലോ?. എന്താ കാര്യം?."

രാജുവിന്‍റെ മുഖത്ത് മഴക്കാറ് പടര്‍ന്നു!.

"സത്യം പറടാ ഉണ്ണ്യേ!. മ്മള് ഇന്നലെ സ്റ്റാണ്ടില്  വെച്ച് കണ്ടില്ല്യേ?. സംസാരിച്ചില്ല്യേ!?. "

"നെനക്കെന്താ രാജ്വോ പ്രാന്ത്ണ്ടാ?. എനിക്കിന്നലെ ഓഫായിരുന്നു. പിന്നെങ്ങന്യാ ഞാൻ പോവ്വാ?."

"ചതിച്ചു!!."

കൈ പരത്തി നെറ്റിയിലടിച്ചുകൊണ്ട് രാജു  ഇറയത്തെ കസേരയിലേക്ക് വീണു.

"എന്താണ്ടാദ്‌!. നിയ്യ്‌ കാര്യം പറയ്!."

"ഇന്നലെ രാത്രി ട്രാൻസ്പോർട്ട് സ്റ്റാണ്ടില് വെച്ചിട്ട് നിന്‍റെ പോലെ ഒരാളെ കണ്ടു. ഞാൻ നല്ല ഫിറ്റാർന്നു. നിയ്യാന്ന് വിചാരിച്ചിട്ട് നെനക്ക് തരാള്ള ആ കാശു മുഴുവൻ ഞാനയാൾക്ക്‌ കൊടുത്തു!."

"ദൈവമേ! പൈനായിരോ!."

"അതടപ്പാ!. ഒരുത്തന്‍റ കയ്യീന്ന് കിട്ടാണ്ടാർന്ന  കാശ് കൊറേ കാലം കഴിഞ്ഞ് കിട്ടീതാ. അതിന്‍റെ സബോത്യാർന്നു ഇന്നലെ അരമന ബാറില്. ഒക്കെ കഴിഞ്ഞു മടങ്ങുമ്പഴാ സംഭവണ്ടായീത്!."

"എന്‍റെ രാജ്വോ എന്താ നെന്ന്യൊക്കെ വേണ്ട്!. കയ്യില് ഇത്രധികം കാശു വച്ചിട്ടാ നിയ്യ്‌ വെലസീത് !"

"പറ്റിപ്പോയീടപ്പാ. ഇനി പറഞ്ഞിട്ട് കാര്യല്ല്യ!. എന്തായാലും തീരാള്ളതൊക്കെ തീരട്ടെ. "

കസേരയിൽ നിന്നെണീറ്റ് പതിവ് ശൈലിയിൽ ബനിയനുള്ളിൽ കയ്യിട്ട് നൂറിന്‍റെ കെട്ടെടുത്ത് രാജു ഉണ്ണിക്കു നീട്ടി.

"നെനക്ക് ബുദ്ധിമുട്ടാച്ചാ പിന്നെ തന്നാ മതീടാ!. ഇയവസ്തേല്...?."

"അത് സാരല്ല്യടാ . എന്‍റെ തോന്ന്യാസല്ലേ! നിയ്യെന്തിനാ സഹിക്കണ്!."

രാജുവിന്‍റെ കയ്യിലിരുന്ന പണം വാങ്ങി ടീപോയിയിൽ വെച്ചുകൊണ്ട് ഉണ്ണി പറഞ്ഞു.

"നിയ്യിരിക്ക്. ചായ കുടിച്ചിട്ട് പുവ്വാം. ഇട്ളീണ്ട്. "

"അയ്യോ വേണ്ട്ര. ഞാൻ ചെന്നിട്ടു വേണം വർഷോപ്പ് തൊറക്കാൻ. പണിക്കാര് കാത്ത് നിക്ക്വാവും!. പോട്ര, പിന്നെ കാണാം. "

"ഉം ശരി ചെല്ല്. "

ഹവായ് ചെരുപ്പിട്ട് യമഹയിലേക്ക് തിരിയുമ്പോള്‍ രാജുവിനോട് ഉണ്ണി ചോദിച്ചു :

"അപ്പൊ ഇന്നലെ രാത്രി നിയ്യ്‌ ബൈക്ക് എവട്യാ വെച്ചേർന്നേ?."

ഞെട്ടിത്തിരിഞ്ഞ്‌ രാജു  കുലുങ്ങിച്ചിരിക്കുന്ന ഉണ്ണിയെ  നോക്കി!. 

"ടാ ശവീ ..!! അപ്പൊ നിയ്യെന്നെ സൂപ്പാക്കീതാല്ലേ!."
പൊട്ടിച്ചിരിയും കെട്ടിപ്പിടിത്തവും കഴിഞ്ഞു നോട്ടുകെട്ട് രാജുവിന്‍റെ പോക്കറ്റിൽ കുത്തിയിറക്കുമ്പോൾ അവന്‍റെ നിറഞ്ഞ കണ്ണുകളിൽ നോക്കി ഉണ്ണി ശാസിച്ചു:

"കുടിച്ച് ബോധല്ല്യാണ്ട് വല്ല മുദ്രപത്രത്തിലും കേറി ഒപ്പ്ട്ട് കൊട്ത്ത്ട്ട് പെണ്ണിനേം കുട്ട്യോളെം വഴ്യാധാരാക്കണേനു മുമ്പ് ഇതൊക്കൊന്നു നിര്‍ത്തട തെണ്ടീ!."
.....................................................X......................................................