2022, ഡിസംബർ 7, ബുധനാഴ്‌ച

മായ

 മായ 

"തനിക്ക് ഷുഗറെങ്ങന്യാ?"

"നൂറ്റി നാൽപ്പത്."
" ഇക്ക് നൂറ്റത്. ചീൽസ ചെയ്യണ്ടാ?"
"ഏയ് തൊടങ്ങീട്ടില്ല്യ. വരട്ടെ."
"കണ്ട്രോളിയ്യാ?"
"എന്ത് ഷുഗറാ ഭക്ഷണാ?'
"അയ്, തമാശ കളയ്. മതിരം കഴിക്കാറ്ണ്ടാ?"
"അത്യാവശ്യം. പക്ഷേ ചായക്കില്ല്യ."
"ചോയ്ക്കട്ടെ, താനെങ്ങന്യാ മതിരല്ല്യാത്ത ചായ കുടിക്കണേഷ്ടാ?"
"എനിക്ക് കൊഴപ്പൊന്നുല്ലിലോ? ആദ്യത്തെ കൊർച്ചീസം ത്തിരി വെഷമുണ്ടാവും. പിന്നത് ശീലാവും. "
"എനിക്ക് പറ്റണില്ല്യപ്പ. തൊണ്ടേന്ന് കീപ്പോട്ടെറങ്ങില്ല്യ സാനം."
"നട്ടെന്താ താൻ ചെയ്യണ്? ചായ കഴിക്കാറില്ല്യേ?"
"പിന്നില്ല്യാണ്ട്! സ്സലായി!"
"അപ്പെങ്ങന്യാ കഴിക്ക്യാ?"
"ചായക്കുമ്പ് ഒരു ലഡു തിന്നും."
"ങ്ഹേ!"
"അതേടോ, ലഡു തിന്ന് എന്തെങ്കിലും കുടിച്ചാ മതിരം തോന്നാറില്ലിലോ. ആ സമാധാനത്തിലങ്ങട് കുടിച്ചാ സാനെറങ്ങും."
"അപ്പൊ മതിരൊക്കെ ഒരു തോന്നലാല്ലെ?"
"ദാറ്റ്സിറ്റ്! വെറും തോന്നൽ!"

ഫെയർ പ്ലേ

                                                                 ഫെയർ പ്ലേ

മോണിങ്ങ് വാക്ക് പകുതി ദൂരം പിന്നിട്ടപ്പോൾ പതിവില്ലാത്ത ക്ഷീണം തോന്നി. ഇന്നലെ ലേശം പനിച്ചിരുന്നു. അതിന്റെയാവാം. ദൂരം കുറഞ്ഞ വഴിയിലേക്ക് മാറ്റിപ്പിടിച്ചപ്പോൾ ഓർത്തു; കുറെ നാളായി ഈ വഴി ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റടിച്ചിട്ട്. വിജനമായ പാടമാണ്. മുമ്പൊരുനാൾ പാടമദ്ധ്യത്തിൽ വെച്ചുണ്ടായ കുരുക്ഷേത്രയുദ്ധം ഓർത്തപ്പോൾ കിടുങ്ങി. പത്തിരുപതു തെരുവുനായ്ക്കളുടെ കൂർത്ത പല്ലുകളിൽ നിന്ന് ജന്മാന്തരം കൊണ്ടാണ് അന്നു രക്ഷപ്പെട്ടത്!.

ഏയ് ഇനിയതൊന്നുമുണ്ടാവില്ല. വഴിയിൽ പള്ളിയിൽ പോകുന്നവർ ധാരാളമുണ്ട്. ധൈര്യമായി പോകാം.
എന്നാലും ഒരു വിശ്വാസത്തിന് വഴിയരികിൽ വളർന്നു നിന്ന ശീമക്കൊന്നയിൽ നിന്ന്‌ വണ്ണത്തിലൊന്ന് ഒടിച്ചെടുത്ത് ഇല ഊർന്ന് നീറ്റാക്കി കുത്തികുത്തി നെഞ്ചുയർത്തി നടന്നു. ആരടാവടെ!.
പള്ളിക്കാരും പട്ടക്കാരും ഒന്നും വഴിയിലുണ്ടായില്ല. പക്ഷേ ഒരാളും കുരച്ചു വന്നില്ല. എവിടെ?. പൂർവ്വസൂരികൾ എല്ലാവരും പടത്തിലായോ?. പുതുതലമുറക്കാരൊക്കെ സബർമതിക്കാരായോ?.
പാടം അവസാനിക്കാറായപ്പോൾ സമാധാനമായി. രക്ഷപ്പെട്ടു. പാടം കഴിയുന്നിടത്തെ വേലിപ്പടർപ്പിനിടയിൽ വടി കുത്തിക്കയറ്റി. അടുത്ത തവണ നടത്തം റിവേഴ്സിലാക്കി ഇവനെത്തന്നെ ഉപയോഗിക്കാം. ഒടിച്ചിടത്ത് തന്നെ ഒളിപ്പിച്ചു വെക്കാം. നല്ല അജസ്റ്റ്മെന്റ്.
ഇരുവശത്തും ധാരാളം വീടുകളുള്ള വഴിയിലൂടെ നടക്കുമ്പോൾ ഓർത്തു; ഇനി കുഴപ്പമില്ല. ഓർത്തു മനസ്സെടുത്തില്ല കേട്ടു;
"അത് നിശ്ചയിക്കേണ്ടത് താനല്ല ഞങ്ങളാണ്."
എവിടെ നിന്നോ സംഘഗാനരൂപത്തിൽ കേട്ട അശരീരി ശരീരങ്ങളായി മുമ്പിൽ പ്രത്യക്ഷപ്പെട്ടത് നിമിഷങ്ങൾക്കകമായിരുന്നു. കാത്തിരിക്കുകയായിരുന്നെന്നു തോന്നി. അഞ്ചാറു പേരുണ്ട്. അധികം ആലോചിച്ചില്ല. കഴിഞ്ഞ തവണത്തെപ്പോലെ എതിർത്ത് നിന്ന് ഭാഗ്യം പരീക്ഷിക്കണ്ട. പിൻമാറ്റവും ഒരു യുദ്ധമുറയാണ്.
നൊടിയിടയിൽ തൊട്ടടുത്ത് കണ്ട ഗേറ്റിന്റെ കുറ്റി മാറ്റി അകത്തു കടന്ന് കുറ്റിയിട്ടു. അവർ അഞ്ചാറല്ല പത്തുപേരുണ്ടെന്ന് കൃത്യമായി എണ്ണുവാൻ തക്ക സുരക്ഷിതത്വമായിരുന്നു ഗേറ്റിനുള്ളിൽ. മാർച്ചുമായി വന്ന പ്രതിഷേധ സമരക്കാർ പോലീസ് ബാരിക്കേഡിനപ്പുറത്തെന്ന പോലെ നാലഞ്ചു നിമിഷം ഭൌണ്ട്രം മുഴക്കി ഗേറ്റ് കുലുക്കിയ ശേഷം ദേഹപുഷ്ടിയുള്ള മറ്റൊരു ഉരുപ്പടിയിൽ പ്രതീക്ഷയർപ്പിച്ചായിരിക്കണം പാടത്തേക്ക് ചിട്ടയോടെ അടിവെച്ചടിവെച്ച് സംഘം നീങ്ങി. ഇടക്ക് നേതാവാണെന്നു തോന്നുന്നു ഒരാൾ തിരിഞ്ഞുനിന്ന് എന്നെ നോക്കി വലം കയ്യുയർത്തി എന്തോ കാണിക്കുന്നതു കണ്ടു. ശ്വാനഹസ്തമുദ്രയുടെ അർത്ഥം ഇഴപിരിച്ചെടുത്തത് വളരെ വൈകിയായിരുന്നു. മറ്റൊന്നുമായിരുന്നില്ല; കുറ്റിയിട്ട ഗേറ്റ് തുറന്ന് അകത്തു കടന്നതിലെ വേഗതക്കും കൃതഹസ്തതയ്ക്കുള്ള തംസപ്പായിരുന്നു അത്!.
അതെ, അദ്ദാണ് റിയൽ സ്പോർട്സ്മാൻ സ്പിരിറ്റ്!.

കരുതൽ

കരുതൽ 


മരിക്കുന്നതിന് ആറു വർഷം മുമ്പ് അതായത് എൺപത്തിയാറാം വയസ്സിൽ ഒരു ദിവസം അമ്മ ഒന്നു വീണു. വിഷുത്തലേന്ന് കുട്ടികൾ ലാത്തിരി പൂത്തിരി കമ്പിപ്പൂത്തിരി കത്തിക്കുന്നത് കാണാൻ മുറ്റത്ത് മണ്ണിൽ കസേരയിട്ടിരിക്കയായിരുന്നു. ഇടയ്ക്ക് ചന്തി മരവിപ്പും ബോറടിയുമായപ്പോൾ അമ്മ കസേരയിൽ നിന്ന് എഴുന്നേറ്റു:
"മതി. കൊറേരായില്ല്യേ?."
പറഞ്ഞതും അമ്മ കാലിടറി നിലത്ത് വീണു. ഞങ്ങളെല്ലാം ഓടിച്ചെന്ന് അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു. പ്രാഥമിക പരിശോധനയൊക്കെ നടത്തി ഞാൻ ചോദിച്ചു:
"അമ്മക്ക് വെഷമൊന്നൂല്ലിലോ?"
"ഒന്നൂല്ല്യ, ജമ്മാന്തരം!"
അന്തിച്ചു നോക്കി നിന്ന കുട്ടികളെ നോക്കി അമ്മ വിഷയം ക്ലോസ് ചെയ്തു.
"മക്കള് പടക്കം പൊട്ടിച്ചോളോ അച്ഛമ്മക്കൊന്നൂല്ല്യാ ട്ടാ."
സമാധാനമായതപ്പോഴാണ്.
ഈ പ്രായത്തിലൊക്കെ ഉണ്ടായിക്കേട്ടിട്ടുള്ള വീഴ്ചകളുടേയും തുടർ യാതനകളുടേയും കഥകൾ എറെയുണ്ടായിരുന്നു മനസ്സിൽ.
കൈ പിടിച്ച് മുറിയിൽ കൊണ്ടുപോകുന്നതിനിടയിൽ അമ്മ പറഞ്ഞു:
"അതേയ് ഞാൻ വീണ കാര്യം പൊറത്താരോടും മിണ്ടണ്ട ട്ടാ!. നാണക്കേട്!"
"എന്ത് നാണക്കേട്?"
എനിക്കതിശയമായി!.
നാണക്കേടെന്തെന്ന് മനസ്സിലായത് അമ്മയുടെ വിശദീകരണത്തിലാണ്:
"തൊണ്ണൂറട്ത്ത തള്ളയ്ക്ക് വീണിട്ടൊന്നും പറ്റീല്ല്യാന്ന് വിചാരിക്കില്ല്യേ ആൾക്കാര്!"
:
:
:
ഇന്നലെ പ്രഭാതസവാരിക്കിടയിൽ അമ്മയുടെ മകനും ഒന്നു വീണു. പൈപ്പിടുന്നതിനു വാട്ടർ അതോറിട്ടിക്കാര് മാന്തി പുറത്തിട്ട മണ്ണ് മിനിഞ്ഞാന്ന് രാത്രി പെയ്ത മഴയിൽ റോഡിൽ ഒഴുകി പരന്നിരുന്നു. അതിൽ വലംകാൽ എടുത്തുവെച്ചത് കൃത്യമായി ഓർക്കുന്നുണ്ട്. കോഴിനെയ്യും ഗ്രീസും റെഡ് ഓക്സൈഡും പാകത്തിനു ചേർത്ത് നന്നായി കൂട്ടിക്കുഴച്ചതായിരിക്കണം ഘൃതരൂപത്തിൽ കിടന്ന ചെമ്മണ്ണിൽ വെച്ച കാൽ വഴുക്കി വീണതാണ് എന്നറിയാൻ ഒരു മിനിറ്റെടുത്തു. എണീറ്റു നോക്കിയപ്പോൾ ദേഹസമാധാനനില തൃപ്തികരം. പക്ഷേ നടപ്പ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പാൻസും ടീഷർട്ടും ഹോളണ്ടിന്റെ ജേഴ്സി പരുവമായിരുന്നു.
തിരിഞ്ഞു നടക്കുമ്പോൾ നിരാശയായി; കണ്ടതാരോടും മിണ്ടണ്ട എന്നു ചട്ടംകെട്ടാൻ സംഭവസ്ഥലത്ത് ഞാനല്ലാതെ മറ്റൊരാളില്ലായിരുന്നു!
Janaki Devi Kunnambath, Rajam Nair and 242 others
91 comments
Like
Comment
Share

സഞ്ജയൻ

 സഞ്ജയൻ 


അറുപതുകളുടെ അവസാനം.

പൊറാട്ര വിളക്കുംകാൽ കവലയിലെ താരൂസ് ടൈലറിങ്ങ് ഷോപ്പ്. രാവിലെ നേരം. പതിവുള്ള അഞ്ചു പത്തു പേർ അന്നും കൂടിയിട്ടുണ്ട്.
"സുധാരാ പറേടാ."
കടയ്ക്കു മുന്നിൽ റോഡിനോട് ചേർന്നുള്ള അരമതിലിൽ ചാടി കയറിയിരുന്നുകൊണ്ടു ജോൺ പറഞ്ഞു.
"ഏയ്, ഞാനിന്നലെ കളി കാണാൻ പോയില്ലിട ജോണേ. നിയ്യ് പർഞ്ഞോ. ചന്ദ്രൻ മാഷേ, ഒരു ലേശം... "
ചന്ദ്രൻ മാഷ് ഉള്ളംകൈയിൽ കൊട്ടിയ മദ്രാസ്‌ പട്ടണം പൊടിയിൽനിന്ന് ഒരു നുള്ളു പിച്ചിയെടുത്ത് മൂക്കിൽ വലിച്ചു കയറ്റി സുധാകരൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് നിരാശയായി.
:
:
:
ഞങ്ങൾ യുവാക്കളുടെ സങ്കേതമായിരുന്നു താരൂസ് ടൈലറിങ്ങ്. തൊഴിലില്ലായ്മ പുരയും നാടും നിറഞ്ഞു നിന്നിരുന്ന കാലമാണത്. ആമ്പക്കാട്ടുകാരൻ താരുവിന്റെ തയ്യൽക്കട രാവിലെ തുറന്നാല് രാതി എട്ട് മണിക്ക് നിരപ്പലകയിടുന്നതു വരെ ചെറുപ്പക്കാരെക്കൊണ്ട് നിറഞ്ഞിരിക്കും. നാട്ടിലെ സാംസ്ക്കാരിക സംരംഭങ്ങളെല്ലാം രൂപപ്പെട്ടിരുന്നത് താരൂസിൽ വെച്ചായിരുന്നു. തയ്യൽ കട നടത്തിയിരുന്ന കെട്ടിടത്തിൽ തന്നെയായിരുന്നു അന്ന് ഗ്രാമീണ വായനശാലയും പ്രവർത്തിച്ചിരുന്നത്. വായനശാലയുടെ വാര്ഷികത്തിന് അവതരിപ്പിക്കേണ്ട നാടകത്തിന്റെയും മറ്റു പരിപാടി കളുടേയും ബ്ളൂ പ്രിന്റുകൾ താരുവിന്റെ കട്ടിങ്ങ് ടേബിളിലാണ് വരച്ചിരുന്നത്. ഗ്രാമവിശേഷങ്ങളും നേരമ്പോക്കുകളും പരസ്പ്പരം കളിയാക്കലുകളും മറ്റുമായി പകലത്രയും ശബ്ദമുഖരിതമായിരിക്കും കട. ഓണമായാൽ പുലിക്കളിയും വായനശാല വാർഷികവും, ഡിസംബറായാൽ പൊറാട്രപൂരം, ആമ്പക്കാട് പള്ളിപ്പെരുന്നാൾ ആദികളും വേനലവധിയായായാൽ ചാക്കോള ട്രോഫി അങ്ങിനെ പോകും ഞങ്ങളുടെ കാലക്ഷേപ വിശേഷങ്ങൾ.
ഏപ്രിൽ മെയ് മാസങ്ങളിൽ നടന്നിരുന്ന ചാക്കോള ട്രോഫി എന്നും കണ്ടിരുന്നയാളാണ് ജോൺ. നാട്ടിലെ ഏറ്റവും വലിയ പന്തുകളിക്കാരൻ. ജില്ലാ എ ഡിവിഷൻ ലീഗ് കളിക്കാരനായിരുന്ന ജോണിന് ചാക്കോള ട്രോഫിക്ക് ഫ്രീ പാസ് കിട്ടിയിരുന്നു. പാലസ് സ്റ്റേഡിയത്തിലെ പ്ലെയേഴ്സ് ഗാലറി എന്നറിയപ്പെട്ടിരുന്ന പടിഞ്ഞാറെ ഗ്യാലറിയിലിരുന്ന് വെയിലു കൊള്ളാതെ എല്ലാ കളികളും കാണാമായിരുന്നു ലീഗ് കളിക്കാർക്ക്.
കളി കഴിഞ്ഞാൽ പിറ്റേ ദിവസം രാവിലെ തന്നെ ജോൺ താരൂസിൽ വരും. കളിയേയും കളിക്കാരേയും വിശകലം ചെയ്തു സംസാരിക്കും. രത്തൻ താപ്പ, രഞ്ജിത്ത് താപ്പ, മഖൻ സിങ്, ചെയ്ൻ സിങ്, ബെർണാഡ് പെരേര, ചാത്തുണ്ണി, ശങ്കരൻകുട്ടി, തുടങ്ങിയ പ്രശസ്തരായ കളിക്കാരെക്കുറിച്ച് ഞങ്ങൾ ആദ്യമായി അറിയുന്നത് ജോണിൽനിന്നാണ്. ഓരോ കളിക്കാരുടെയും പ്രത്യേകതകൾ വിവരിച്ചുള്ള ആധികാരികമായ വിശകലനമായിരിക്കും ജോണിന്റേത്. ജോൺ പറഞ്ഞു കഴിഞ്ഞാൽ പിന്നെ സുധാകരന്റെ ഊഴമാണ്. തലേന്ന് കഴിഞ്ഞ കളിയിലെ ആദ്യത്തേയും അവസാനത്തേയും വിസിലടിയടക്കമുള്ള കളിയുടെ ശബ്ദ ചിത്രങ്ങൾ സുധാകരനിൽ നിന്ന് ഞങ്ങൾ ഔത്സുക്യത്തോടെ കേട്ടിരിക്കും. കളി കണ്ടിട്ടുള്ള ജോണിന് പോലും സുധാകരന്റെ വർണ്ണന കേട്ട് വിസ്മയിക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ മിക്ക ദിവസങ്ങളിലും താൻ പറയുന്നതിന് മുമ്പ് ജോൺ സുധാകരനെ ക്ഷണിക്കും.
"അവൻ നന്നായി പറേം. സുധാകരൻ പറേടാ!"
ജോണിന്റെ സർട്ടിഫിക്കറ്റിൽ സുധാകരൻ ഉത്തേജിതനാവും. പിന്നെ നാം കേൾക്കുക ശരിക്കും ദൃക്‌സാക്ഷി വിവരണം തന്നെയാണ്. ബെർണാഡിന്റെ കാർപ്പറ്റ് ഡ്രൈവിന്റെ തൂക്കവും സേവിയർ പയസ് ഡ്രിബ്ലിങ്ങിന്റെ വേഗതയുമെല്ലാം സുധാകരന് കിറുകൃത്യമാണ്. അത് കേട്ട് ഞങ്ങൾ കോരിത്തരിക്കും. വല്ലപ്പോഴുമൊരിക്കൽ മാത്രം കളി കാണാൻ കഴിഞ്ഞിരുന്ന ഞങ്ങൾക്ക് എല്ലാ കളിയും കണ്ടിരുന്ന സുധാകരനും ജോണും പറയുന്നതു കേട്ട് ആവേശം കൊള്ളുവാനും കുശുമ്പ് കുത്തുവാനും മാത്രമേ യോഗമുണ്ടായിരുന്നുള്ളൂ.
:
:
:
സ്ഥാപന കഴിഞ്ഞു.
ഇനി പറഞ്ഞു തുടങ്ങിയതിലേക്കു തിരിച്ചു പോകാം. സുധാകരൻ പറഞ്ഞത് കേട്ടപ്പോൾ ജോൺ ചോദിച്ചു:
"അയ് ഇന്നലെന്തേ പറ്റ്യേടാ?"
"ഇന്നലെ പാർട്ടി മീറ്റിങ്ങാർന്നു. കെ വി കെ പണിക്കരൊക്കെ വര്ണ്ടാർന്നു. "
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ഇന്ദിരയുടെ ഇൻഡിക്കേറ്റ്, നിജലിംഗപ്പയുടെ സിണ്ടിക്കേറ്റ് എന്നിങ്ങനെ രണ്ടായി പിളർന്നപ്പോൾ സിൻഡിക്കേറ്റ് കോൺഗ്രസ്സിന്റെ കൂടെ ഉറച്ചു നിന്ന പ്രവർത്തകനായിരുന്നു സുധാകരൻ. കെ വി കെ പണിക്കർ അവരുടെ അന്നത്തെ പ്രധാന നേതാവും.
സുധാകരൻ പറഞ്ഞു നിർത്തിയ സമയത്താണ് കക്ഷിയുടെ കസിൻ മുരളി ഷോപ്പിലേക്ക് കയറി വന്നത് . മുരളിയെ കണ്ടയുടൻ ജോണിന്റെ പുറത്തു തട്ടി സുധാകരൻ പുറത്തിറങ്ങി.
"പോട്ര ജോണേ!."
"അയ് ദെവടക്കാണ്ട്രാ ഇത്ര നേർത്തെ?"
"ചെറ്യേ പണീണ്ട് വീട്ടില്. "
സുധാകരൻ മുരളി കസിൻസിന്റെ ഇടയിൽ അക്കാലത്ത് ചെറിയൊരു പിണക്കം ഉണ്ടായിരുന്നതിനാൽ തമ്മിൽ മിണ്ടാട്ടവും കൂട്ടുകാർക്കിടയിൽ ഒരുമിച്ചു നിൽക്കലും വിരളമായിരുന്നു.
സുധാകരന്റെ പോക്കിൽ വശക്കേട് തോന്നിയിട്ടാകണം ജോണ് മുരളിയോട് ചോദിച്ചു.
"വീട്ട്ളെന്താണ്ടാ മുരള്യേ പണി?"
"വീട്ട്ളൊരു കോപ്പൂല്ല്യ. ഇണ്ടെങ്ങെ എൻക്കിങ്ങട് വരാൻ പറ്റ്വോ?"
"പിന്നെന്താവന് പറ്റ്യേ? ഇന്നലെ കളി കാണാനും പോയില്ല്യാന്ന് പർഞ്ഞു? "
"എന്ത് കളി? "
"ചാക്കോള?"
"അവനയിന് ചാക്കോള കാണാനൊന്നും പൂവാറില്ലിലോ? "
"നീയ്യ് പോടാ. അവൻ ദിവസോം കളി കാണാറ്ണ്ട്."
"ആര് സുധാകരനാ?"
"ങ്‌ഹാ! അവൻ എന്നും ഇവടെ വന്ന് കണ്ട കളി ഒരു സെക്കന്റ് വിടാണ്ട് പറ്യാറ്ണ്ട്."
"ഉവ്വവ്വ! ടാ അവനെന്നും വൈന്നേരം പോണത് മുതോറക്കാ. വിന്നർല് ട്യൂഷട്ക്കാൻ. അല്ലാണ്ട് ചാക്കോള കാണാനൊന്ന്വല്ല."
"ങ്‌ഹേ! അപ്പവൻ വള്ളിപുള്ളി വിടാണ്ട് കളി പറേണതോ?"
"ഹ ഹ ഹ ഹ! കളീടെ കമണ്ട്ര്യല്ലേ? അത് ചെക്കൻ എസ്പ്രസ്സ് വായിച്ച് കാണാപാഠം പറേൺതാ. ഹ ഹ ഹ!"
"ങ്‌ഹേ!"
"അതേന്ന്. ദീസോം വെളിച്ചാമ്പൊ എണീറ്റ് പാഞ്ചീടെ റിപ്പോർട്ട് മുഴുവൻ വായിച്ചിട്ടേയ്, ഇവടെ വന്ന് കീച്ചണതാവൻ! അല്ലാണ്ട് കളി കണ്ട്ട്ടൊന്ന്വല്ല. പിന്നേ!"
"അത് ശരി! അപ്പവനാള് ജഗജാല കില്ലാട്യണലോ!"
"അത് നിയ്യിപ്പറ്യേണേള്ളോ?"
"ടാ മുരള്യേ, അങ്ങന്യാച്ചാ അവൻ ഇന്നലത്തെ കളി പർഞ്ഞില്ലിലോ?"
"എങ്ങനെ പറ്യാനാ? ഇന്നലെ മേയ് ദിനല്ലാർന്നേ? ന്ന് പേപ്പറില്ല്യ അതന്നെ!"
:
:
:
അക്കാലത്ത് തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ് പത്രത്തിന്റെ ബാക്ക് പേജ് രണ്ടും പാഞ്ചി എന്ന തൂലികാ നാമത്തിൽ ഫ്രാൻസിസ് എഴുതിയിരുന്ന ചാക്കോള ട്രോഫി കളികളുടെ മുഴുനീള വിവരണമായിരുന്നു.