2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ഗോപാലന്‍ കുട്ടി


ഗോപാലന്‍ കുട്ടി 

സംഭാഷണങ്ങള്‍ക്കിടയില്‍ ഒരനുഷ്ഠാനംപോലെ “കുട്ടികളെത്രയുണ്ട്?” എന്നു കുശലം ചോദിക്കുന്ന ഒരു ഫീല്‍ഡ് ഓഫീസറുണ്ടായിരുന്നു കുന്നംകുളത്തെ ബാങ്ക് ശാഖയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കു മേലാളനായി. ഒരിക്കല്‍ ചോദിച്ചവരോടുതന്നെ സംഗതി വീണ്ടും വീണ്ടും ചോദിച്ചു മുഷിപ്പിക്കും പുള്ളി. പത്തുമുപ്പതു കൊല്ലം മുമ്പത്തെ കാര്യമാണ്. ആളിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലുമറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും പാവത്താന്‍റെ ആത്മാവ് എന്നോടു പൊറുക്കട്ടെ. കണ്ടീഷന്‍ ഓഫ് അനോനിമിറ്റി മാനിച്ച് ഞാന്‍ അദ്ദേഹത്തിന് ഗോപാലന്‍കുട്ടി എന്നു പേരിടുന്നു.

ആപ്പീസറായി ശാഖയില്‍ ചാര്‍ജെടുത്ത ദിവസം അസോസിയേഷന്‍ ലോക്കല്‍ സെക്രട്ടറിയുമൊത്ത് സീറ്റ് സീറ്റാന്തരങ്ങളില്‍ ചെന്ന് സഹപ്രവര്‍ത്തകരെ പരിചയപ്പെട്ട് സ്വന്തം കസേരയില്‍ വന്നിരിക്കുമ്പോള്‍ അസിസ്റ്റന്‍റായ എന്നോട് മുറുക്കി ചുവപ്പിച്ച വായില്‍ ആദ്ദേഹം ചോദിച്ചു:

"ബാലു നാടകൊക്കെ അഭിനയിക്കും ല്ലേ?"

പരിചയപ്പെടുത്താന്‍ കൂടെ നടന്ന ആപ്പീസറുടെ ഫീഡ്ബാക്കാവും ചോദ്യത്തിനു പ്രചോദനം. എന്തായാലും പരിചയപ്പെട്ട ക്ഷണം ബാലചന്ദ്രനെ ബാലുവാക്കിയ സൌഹൃദം എനിക്കിഷ്ടപ്പെട്ടു.

"ഓ വല്ലപ്പോഴൊക്കെ.."

"അമച്വറോ പ്രൊഫഷണലോ?'

"പ്രൊഫഷണലോ!. നല്ല കാര്യായി!. നമ്മടെ പ്രൊഫഷനൊക്കെ ബാങ്കിലല്ലെ സാറേ!"

"ഓ...... ഹ ഹ ഹ! ബാലുവിന് എത്ര കുട്ടികളാ?."

"ഒരാള്‍.."

മോനോ മോളോ?

"മോന്‍."

“എത്രേലാ?.”

“രണ്ടില്.”

ഗോപാലന്‍ കുട്ടി ആളൊരു പുലിയായിരുന്നു. നല്ല വായന. മലയാളത്തിലും ഇംഗ്ലിഷിലും അസ്സലായി സംസാരിക്കും. നല്ല ബൊംബാസ്റ്റിക്ക് ഇംഗ്ലിഷ്. ഷായും ഷേക്സ്പിയറും എലിയറ്റും ഹെമിങ്ങ് വേയും കരതലാമലകം. ഹെമിങ്ങ് വേയുടെ ആരാധകനാണ് ആശാന്‍. പഠനകാലത്ത് എ.കെ. ആന്‍റണിക്കൊപ്പം സാംസ്ഥാനനതലത്തില്‍ കെ എസ് യൂവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടത്രേ. അപ്പറയുന്നതൊട്ടും ഭോഷ്കല്ലെന്ന് അറിവുള്ള ചിലര്‍ തെര്യപ്പെടുത്തിയിട്ടുണ്ട്. വള്ളുവനാട്ടിലെ പ്രശസ്ത നായര്‍ കുടുംബാംഗം. ഇതൊക്കെയെങ്കിലും നമ്മുടെ നാട്ടുഭാഷയില്‍ ലേശം കുറവുണ്ടായിരുന്നു പുള്ളിക്ക്. അതിലൊന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം അപരന്‍റെ പുത്രസമ്പത്ത് തിട്ടപ്പെടുത്തുന്ന ആ ചോദ്യം തന്നെ:

"ബാലൂനെത്ര കുട്ട്യോളാ?"

"ഷെല്ലിക്കെത്ര കുട്ട്യോളാ?".

"ഹനീഫക്കെത്ര കുട്ട്യോളാ?."

ഒരിക്കല്‍ ഉച്ചഭക്ഷണം കഴിഞ്ഞ് ചാക്കപ്പായി സൈക്കിള്‍ സ്റ്റോറിനു മുന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. റീഗല്‍ ഹോട്ടല്‍ അന്‍റ് ബേക്കറിയില്‍നിന്നും ചെലുത്തിയ മട്ടണ്‍ ബിരിയാണി പനാമപ്പുകയില്‍ സ്ഫുടം ചെയ്തെടുക്കുന്ന നിര്‍വൃതിയുടെ നിമിഷങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കെ മുറുക്കി ചുവപ്പിച്ചു കാളീജിഹ്വനായി പ്രൊട്ടഗോണിസ്റ്റ് മുന്നില്‍ വന്നു നിന്നു.

”ബാലു നീ കഴിച്ചോ?.”

“കഴിച്ചു.”

“ശ്ശെടാ ! നീ സ്മോക്കീയും ല്ലേ?”

“കണ്ടൂടെ സാറേ?.”

പനാമയുടെ പാതിക്കുറ്റി ചുണ്ടില്‍ ഫിറ്റ് ചെയ്തുകൊണ്ട് ഞാന്‍ ഞെളിഞ്ഞുനിന്നു.

"ഒരു ദിവസം നീയെത്രണ്ണം വലിക്കും?."

"ആങ്, ഒരു പാക്കറ്റ്."

“ഓ ഗോഷ്! ടെന്‍ സിഗരറ്റ്സ് എ ഡേ! ഇറ്റ്സ് റ്റൂ മച്ച്! നെനക്കെത്ര കൂട്ടികളാ?.”

“ഒന്ന്.”

“ ബാലൂ നീയൊരു ഗ്രാജ്വേറ്റല്ലേ?; നിന്നോട് ഞാന്‍ പറേണോ? സ്മോക്കിങ് വില്‍ റൂയിന്‍ യോര്‍ ഹെല്‍ത്ത്!.”

“പൊകല കൂട്ടിയുള്ള മുറുക്കാനും അതേപോല്യന്ന്യാ ട്ടാ!.”

“ഹ ഹ ഹ!. തെമ്മാടി! നെനക്കെല്ലാത്തിനും ഒരു തറുതലേണ്ടലോ ബാലു!”

ബസ്സില്‍ ഒരേ സീറ്റിലിരിക്കുമ്പോഴും, ദേശമംഗലത്തും ആറങ്ങോട്ടുകരയിലും തിരുമിറ്റക്കോടും ഇന്‍സ്പെക്ഷനു പോകുമ്പോള്‍ ഒരു രസത്തിന് കാറില്‍ കൂടെ കൂട്ടുമ്പോഴും മടക്കം വൈകീട്ട് ഒറിസോണ്‍ ഹോട്ടലില്‍ ഒരുമിച്ചിരു ചായയും മസാലദോശയും ശാപ്പിടുമ്പോഴും എന്നു വേണ്ട ഇടംവലം തിരിഞ്ഞാല്‍ പോലും സംഭവിക്കുമായിരുന്ന ആ കാനേഷുമാരി ചോദ്യം ഓരൊഴിയാബാധയായി എന്നെ പിടികൂടി.

അങ്ങിനെയിരിക്കെ ഒരു നാള്‍...

നല്ല പിടിപ്പതു ജോലിയുണ്ടായിരുന്ന ഒരു തിങ്കളാഴ്ചയായിരുന്നു അത്. പത്തിരുപത് ഐ ആര്‍ ഡീ പി വായ്പാ ഡോക്യൂമെന്‍റുകള്‍ പൂരിപ്പിക്കണം. ഒപ്പിടീപ്പിക്കണം. ഇടപാടുകാര്‍ മിക്കവരും നിരക്ഷരരാണ്. അവരെക്കൊണ്ടൊക്കെ കയ്യൊപ്പിടീക്കണം. പിന്നെ വൌച്ചറെഴുതണം. ഗുമസ്തപ്പണി തനിക്ക് ഹറാമാണ് എന്ന മട്ടില്‍ ചുമ്മാ പല്ലിട കുത്തി ‘ഫ്ലുപ് ഫ്ലുപ്പ്’ ശബ്ദത്തില്‍ മുറുക്കാന്‍ പിശറുകള്‍ വായില്‍നിന്നും വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ് ഫീല്‍ഡാപ്പീസര്‍. കൂട്ടത്തില്‍ എന്‍റെ സാഹിതീപരിചയം അളക്കാനായി ചില ചോദ്യാവലികളും വിക്ഷേപിക്കുന്നുണ്ട്.

"ബാലു നിയ്യ് എസ്ക്കേടെ ദേശത്തിന്‍റെ കഥ വായിച്ചിട്ടില്ല്യെ?."

"ഉണ്ട്."

"ചേനക്കോത്ത് ശ്രീധരന്‍, അതിരാണിപ്പാടം. ഹയ് എന്തു രസാല്ലേ എസ്കേടെ എഴുത്ത്? എസ്ക്കേടെ സണ്‍ ഇന്‍ ലോ നമ്മടെ ബാങ്കിലുണ്ട്. രവി. നീയറിയ്വോ?"

"ഇല്ല്യ."

"നിയ്യ് ഫേര്‍വെല്‍ ടു ആംസ് വായിച്ച്ണ്ടോ?. "

"ഇല്ല്യ!."

"വിജയന്‍റെ ഖസാക്ക്?."

". സാര്‍, ഞാനിതൊന്നു ഫിനിഷീയട്ടെ! പ്ലീസ്!."

"ഓ സോറി ബാലു !. കാരിയോണ്‍ കാരിയോണ്‍ ഞാന്‍ ശല്ല്യപ്പെടുത്തുന്നില്ല. "

അതിനിടയില്‍ മാനേജരുടെ മുറിയില്‍ എനിക്കൊരു ഫോണ്‍ വന്നിട്ടുണ്ടെന്ന് പ്യൂണ്‍ ശങ്കരങ്കുട്ടി വന്നു പറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റുപോയി. ഫോണ്‍ അറ്റന്‍റ് ചെയ്തു തിരിച്ചുവന്നപ്പോള്‍ വീണ്ടും ചോദ്യം:

“എന്തായിരുന്നു ബാലൂ ഫോണ്‍?."

“ഒന്നൂല്യ പേഴ്സണലാ. ഭാര്യ.”

“ഓ. നിന്‍റെ ഭാര്യ എമ്പ്ലോയ്ഡാണല്ലേ?"

“അതെ.”

“എവടെ?.”

“ഏജീസ് ഓഫീസ്.”

“ഓഹോ?."

പിന്നെയാണതുണ്ടായത്....

"ബാലൂന് എത്ര കുട്ടികളാ?.”

എനിക്കു കേശാദിപാദം ഒരു പുകച്ചിലുണ്ടായി!. എങ്കിലും മുമ്പില്‍ നില്‍ക്കുന്ന ഇടപാടുകാരെ ഓര്‍ത്ത പ്പോള്‍ പൊട്ടിത്തെറിക്കാന്‍ വന്നത് അടക്കി. പേന മേശമേല്‍ വെച്ചു പതുക്കെ അദ്ദേഹത്തിന്‍റെ ചെവിയിലേക്കു ചാഞ്ഞുകൊണ്ട് ഞാന്‍ വൃത്തിയായി പറഞ്ഞു:

“മുപ്പത്തിരണ്ട്!.”

അപ്പുറം അന്തംവിടുന്നതു കണ്ടപ്പോള്‍ എനിക്കു വല്ലാത്ത മന:സുഖം തോന്നി. കുറെ കാലമായി ഇത് തൊടങ്ങീട്ട്! ഇതിങ്ങനെ തുടര്‍ന്നാല്‍ മക്കളെക്കൊണ്ട് നാടുനിറയും! മനസ്സാന്നിദ്ധ്യം വീണ്ടുകിട്ടിയപ്പോള്‍ ഗോപാലന്‍ കുട്ടി പരിഭവചിത്തനായി.

"അയ് അയ് ബാലു, നീയെന്നെ പരിഹസിക്ക്യാണോ?"

“അല്ല സത്യം പറഞ്ഞതാ സാറേ. സാറിക്കാര്യം എന്നോടു ചോദിക്കുന്നത് ഇതു മുപ്പത്ത്രണ്ടാമത്തെ തവണയാണ്!.”

കുന്നംകുളത്തുനിന്ന് മാറ്റമായശേഷം മറ്റു ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് കണ്ടുമുട്ടിയിരുന്ന പൊതു സുഹൃത്തുക്കളോട് പാവം എന്നെപ്പറ്റി സ്നേഹത്തോടെ അന്വേഷിക്കാറുണ്ടായിരുന്നുവത്രെ. കൂട്ടത്തില്‍ ആ പരിഭവവും ആവര്‍ത്തിക്കാറുണ്ട്:

“പൂവര്‍ ഗൈ; ഞാനവനെ വല്ലാണ്ട് ബോറടിപ്പിച്ച്ണ്ട്! അവന്‍ പരിഹസിച്ചത് എന്നേം വല്ലാണ്ട് വേദനിപ്പിച്ചു ട്ടോ!.”