2015, ജൂൺ 29, തിങ്കളാഴ്‌ച

ബലാബലം

ബലാബലം 


'ട്രങ്ക്പെട്ടി’യും തൂക്കി സഹോദരിയോടോപ്പം ബസ്‌ സ്റ്റോപ്പിലേക്ക് ധൃതിയില്‍ നടന്നുപോവുകയായിരുന്നു പൈലപ്പന്‍. ആല്‍ത്തറയില്‍ പുകവലിച്ചിരുന്നു വെടിപറയുന്ന കൂട്ടുകാരെകണ്ടപ്പോള്‍ ഗഡിക്ക് ബീടിശങ്ക ഉണര്‍ന്നു.

“നിയ്യ്‌ നടന്നോ ഞാന്‍ ദേ വരുണൂ.” 

എന്നു പെങ്ങളോടു പറഞ്ഞു കൊച്ചപ്പന്‍ ആല്‍ത്തറയിലേക്ക് നീങ്ങി.  ഭാരമുള്ള പെട്ടി നിലത്തു വെച്ച് കള്ളിമുണ്ടു പൊക്കി വരയന്‍ വള്ളിഡ്രോയറിലെ ബീടിക്കെട്ടില്‍നിന്നൊരെണ്ണം എടുത്തു ചുണ്ടില്‍വെച്ചു .


“ ബാലഷ്ണാ ആ തീയൊന്നു തന്നേന്‍.”


ആഞ്ഞെടുത്ത പുകയില്‍നിന്നും വേണ്ടത്ര ഉള്ളിലേക്കെടുത്ത് ശേഷിപ്പ് കറ പിടിച്ച പല്ലുകളുടെ വിടവുകളിലൂടെ ഊതിപ്പറപ്പിച്ചുകൊണ്ട് പൈലപ്പന്‍ പറഞ്ഞു:


"പോട്ടെ. വൈക്യാ ബസ്‌ തെറ്റും."


പെട്ടിയെടുത്തു  നടക്കാന്‍ തുടങ്ങിയ പൈലപ്പനോട് ജോര്‍ജ് ചോദിച്ചു.


" എങ്ങടാണ്ടാ യാത്ര?."


“റേല്‍വേ സ്റ്റേഷന്‍ലിക്ക്. പെങ്ങളെ വെല്ലൂര്‍ക്ക് കേറ്റി  അയക്കണം."


പൈലപ്പന്‍റെ സഹോദരി വെല്ലൂര്‍ ആസ്പത്രിയില്‍ നേഴ്സായിരുന്നു.


“പൈലപ്പാ സൂക്ഷിക്കണം ട്ടാ. ഇന്നാളത്തെ പോല്യാവണ്ട!  ഓര്‍മേണ്ടലോ?"

"എന്താദ് ?" പൈലപ്പൻ കാര്യം പിടികിട്ടാതെ ഒരു നിമിഷം നിന്നു. കാര്യം പിടികിട്ടിയപ്പോൾ നെറ്റിയിൽ കയ്യടിച്ചുകൊണ്ട് തുടർന്നു :

“ഉവ്വുവ്വ്! ഹെന്‍റെ കര്‍ത്താവേ! ഇന്യങ്ങനെ ഒരക്കിടി പറ്റില്ല്യ!.”

ജോര്‍ജിന്‍റെ ഓര്‍മപ്പെടുത്തലിനോട് തികഞ്ഞ ഗൌരവത്തോടെ പൈലപ്പന്‍ പ്രതികരിച്ചു. പെട്ടി തൂക്കി പെങ്ങള്‍ക്കൊപ്പം എത്താന്‍ ഓടിയ പൈലപ്പനെ നോക്കി ആല്‍ത്തറക്കൂട്ടം അടക്കിച്ചിരിച്ചു.


രണ്ടാഴ്ച മുമ്പുണ്ടായതാണ് സംഭവം. മിലിട്ടറി ക്കാരന്‍ സുഹൃത്ത് വിശ്വപ്പന്‍ രണ്ടു മാസം ലീവ് കഴിഞ്ഞു ജോധ്പൂരിലേക്കു മടങ്ങുകയായിരുന്നു. അന്നത്തെ സമ്പ്രദായമനുസരിച്ച് കൂട്ടുകാര്‍ ഒന്നൊഴിയാതെ യാത്രയയക്കാന്‍ സ്റ്റേഷനില്‍ പോയി. പത്തിരുപതു പേരുണ്ടായിരുന്നു. കഴിഞ്ഞുപോയ അവധിദിനങ്ങളിലെ അര്‍മാദങ്ങളും രണ്ടുമാസം കടന്നു പോയതിന്‍റെ വേഗതയുമൊക്കെ എല്ലാവരും വട്ടംകൂടി അയവിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ വിശ്വപ്പനു പോകാനുള്ള വണ്ടി പ്ലാറ്റ്ഫോമില്‍ വന്നു നിന്നു. ചങ്ങാതിമാര്‍ അവസാന നിമിഷങ്ങളിലെ ഗദ്ഗദങ്ങള്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ വണ്ടിക്കു പുറപ്പെടാനുള്ള വിസിലടി മുഴങ്ങി.



"അപ്പ ശരീഡാ ! ഇന്യടുത്തൊല്ലം കാണാം!."


വണ്ടിയില്‍ കയറിനിന്ന് വിശ്വപ്പന്‍ കൈവീശി. പക്ഷെ മിനിട്ടുകള്‍ കഴിഞ്ഞിട്ടും വണ്ടിനീങ്ങുന്നില്ല. രണ്ടുമൂന്നു വിസിലടികള്‍ ആവര്‍ത്തിച്ചിട്ടും വണ്ടി ക്കനക്കമില്ല. കാര്യമറിയാതെ എല്ലാവരും തീവണ്ടിയുടെ മുന്നിലേക്കും പിന്നിലേക്കും നോക്കി. അഞ്ചു മിനിറ്റു കഴിഞ്ഞു. ഒന്നും സംഭവിക്കുന്നില്ല!. ഇതെന്തു പറ്റീ!?

പെട്ടെന്നാണ് കംപാര്‍ട്ടുമെന്‍റിന്‍റെ ജനല്‍കമ്പിയില്‍ പിടിച്ചുകൊണ്ട് എഞ്ചിന്‍റെ ഭാഗത്തേക്കു ഏന്തിവലിഞ്ഞു നോക്കി നിന്ന പൈലപ്പനെ ഉണ്ണി ശ്രദ്ധിച്ചത്.


“അ:അ: അത് ശരി! പിന്നെങ്ങന്യാ വണ്ടി പൂവ്വാ! ഡാ പൈലപ്പാ കമ്പീന്നു കയ്യെടുക്ക്!”


എന്നു പറഞ്ഞു ആളെ സൂപ്പാക്കുന്നതിൽ അഗ്രഗണ്യനായ  ഉണ്ണി പൈലപ്പന്‍റെ കൈ ജനല്‍ക്കമ്പിയില്‍നിന്നും ബലമായി പിടിച്ചുവലിച്ചതും വണ്ടി നീങ്ങിത്തുടങ്ങിയതും ഒപ്പമായിരുന്നു.  കൂട്ടച്ചിരി ഉയര്‍ന്നപ്പോള്‍ പൈലപ്പന്‍ അന്തംവിട്ടു നിന്നു.


"ദെന്തേ പൈലപ്പാ നിയ്യ്‌ കാട്ടീത്! പൊറപ്പെടാന്‍ നിക്കണ തീവണ്ടീമെ പിടിക്കാന്‍ പാട്വോ? വണ്ടീപ്പോ അഞ്ചു മിനിട്ട് ലേറ്റായില്ല്യെ? ഇങ്ങനെ വിവരല്ല്യാണ്ടായാ നെനക്ക്!"


പ്ലാറ്റ്ഫോമില്‍നിന്നും പുറത്തു കടക്കുമ്പോള്‍ വേണു ചോദിച്ചതു കേട്ട് കുറ്റബോധത്തോടെ പൈലപ്പന്‍ പറഞ്ഞു:


“അയ്‌! അതെനിക്കറിയ്വോ!. അങ്ങന്യാച്ചാ നിങ്ങളത്  നേർത്തെ   പറേണ്ടേ?"

നാട്ടില്‍ ബസ്സിറങ്ങുമ്പോഴും കൊച്ചപ്പന്‍റെ കണ്ണുകളിലെ വിസ്മയം മാഞ്ഞുപോയിരുന്നില്ല!. 



2015, ജൂൺ 26, വെള്ളിയാഴ്‌ച

'പ്രശ്നോ'ത്തരി


'പ്രശ്നോ'ത്തരി 


അത്താഴപ്പുറമെ അച്ഛമ്മ പതിവായി നുള്ളിക്കൊടുക്കുന്ന   മഹാഭാരതകഥകൾ  നുണഞ്ഞ ശേഷം  തുടർന്നുള്ള   ക്വിസ്സിനായി  എഴുവയസ്സുകാരൻ മകൻ മുന്നിൽ വന്നിരുന്നപ്പോൾ ഞാൻ ചോദിച്ചു:

"കഥ എവടെ വരെത്തീ  അച്ചുട്ടാ?."

"യുദ്ധായി!. ശ്രീകൃഷ്ണൻ ശംഖൂതി. ഇനി അച്ഛമ്മ നാളെ പറേം."

" ഉവ്വോ യുദ്ധായോ, ന്നാ മോന്‍ പറഞ്ഞോളു കൃഷ്ണമാമൻ  ഊത്യേ ശംഖിന്‍റെ പേരെന്താ?."

"പാഞ്ചജന്യം."

"ഗുഡ്. അതുപോലെ ഓരോന്ന് പാണ്ഡവർക്കൂണ്ട് . ഏതൊക്ക്യാന്ന് അച്ഛമ്മ  പറഞ്ഞു തന്നില്ല്യേ  കുട്ടിക്ക്?."

"ഉവ്വ് ."

"എന്നാ എല്ലാറ്റിന്‍റേം പേര് കേക്കട്ടെ; എതൊക്ക്യാ?."

"യുധിഷ്ട്ടിരന്‍റെ ശംഖ് അനന്തവിജയം, ഭീമന്‍റെ  പൌണ്‍ഡ്രം."

"അർജുനന്‍റ്യോ?."

"ദേവദത്തം."

"വെരി ഗുഡ് . അപ്പൊ നകുലന്‍റെ?."

"ഘോഷം."

"ഏയ്‌ തെറ്റി തെറ്റി! തല  വെട്ടീ, അച്ചുട്ടൻ ഘോഷത്തിന്‍റെ തല  വെട്ടീ .. !"

"ആ  സുഘോഷം, സുഘോഷം."

"സഹദേവന്‍റെ ശംഖേതാ?."


"........."

"അറീല്ല്യാന്ന് തോന്നണൂല്ലേ?. അപ്പൊ അച്ചുട്ടന് കടം ഒന്ന് ട്ടോ!."

"ഏയ്‌ പറ്റില്ല്യ, പറ്റില്ല്യ. ഇക്കൊക്കറ്യാം!. അച്ഛന്‍റെ സൂത്രേയ്!."

"എന്നാ പറയൂ."

"മണിപുഷ്പകം."

"എക്സലന്‍റ് !. അച്ചൂട്ടനിന്ന് പത്തില് പത്ത് . അച്ഛൻ തോറ്റൂട്ടാ . അപ്പൊ ശരി, ഇന്നിത്ര മതി. ഇനി മോൻ പോയി കെടന്നോറങ്ങ്യോളൂ."

എണീറ്റു പോയ കുട്ടി തെല്ലിട കഴിഞ്ഞു മടങ്ങി വന്നു ചോദിച്ചു:

" അച്ഛാ മ്മടെ അമ്പലത്തിലേയ്  മാരാര് വിളിക്കണ ശംഖിന്‍റെ  പേരെന്താ?  അമ്മ പറ്യാ  പേരില്ല്യാന്ന്! ."

അമ്പലത്തിലെ ശംഖ്‌ ! ഞാൻ ഓർത്തു ....

സീനിയര്‍ മാരാര് മരിച്ചതിനു ശേഷം അമ്പലത്തിലെ ശംഖ്‌ മര്യാദയ്ക്ക് ഊതിക്കേട്ടിട്ടില്ല. ചില പൊട്ടലും ചീറ്റലും അമറലും അതുകേട്ടു  പേടിച്ച് ദീപാരാധന തൊഴാൻ വന്ന സ്ത്രീകളുടെ കൈക്കുഞ്ഞുങ്ങൾ വാവിട്ടു നിലവിളിക്കുന്ന ബഹളവും അല്ലാതെ സന്ധ്യയ്ക്ക്  ശാംഖം നന്നേ  കഷ്ടി!.   ഇനിയിപ്പൊ മാരാരുടെ പേരില്ലാശംഖിന്  എന്താ ഒരു  പേര് കണ്ടു പിടിക്കുക? രണ്ടിലൊന്നറിയാതെ കുട്ടി ഇന്നുറങ്ങുകയുമില്ല. 

" പറയച്ഛാ!" 

പിച്ചലും മാന്തലുമായി കുട്ടിയുടെ സിദ്ധാന്തം മൂത്തപ്പോൾ പെട്ടെന്നുയർന്ന  ശുണ്ഠിയിൽ വായിൽ തികട്ടിവന്ന എന്തോ ഞാൻ പറഞ്ഞു. കുട്ടി സന്തോഷത്തോടെ  ഉറങ്ങാൻ പോയി.

പണി കിട്ടിയത് പിറ്റേന്നാണ് ....!.

അന്നു സന്ധ്യക്ക് ക്ഷേത്രദർശനം കഴിഞ്ഞു വന്ന ഭാര്യ മുഖം കനപ്പിച്ചുകൊണ്ടു പറഞ്ഞു.

"അതേയ്  കിസ്സ്‌, കുസ്സ്ന്നൊക്കെ പറഞ്ഞു കുട്ട്യേ  വേണ്ടാത്തത് പഠിപ്പിക്ക്ണ്ട്  ല്ല്യേ.?"

"എന്താദ്?" 

എനിക്ക് കാര്യം മനസ്സിലായില്ല.

"ആൾക്കാരടെ മുമ്പില് ഞാൻ നാണംകെട്ടൂന്നല്ലേ പറേണ്ടൂ.!."

"അയ്‌ ! താൻ കാര്യെന്താച്ചാ പറയെടോ."

 ഭാര്യ കാര്യം പറഞ്ഞു.

ശംഖുവിളി   കഴിഞ്ഞു   ദീപാരാധനയ്ക്കു  നട തുറക്കുന്നതും കാത്ത് തുടക്കു താളം പിടിച്ചും 'ചെത്തീ മന്ദാരം'മൂളിയും ബലിക്കൽപുരയിൽ നില്ക്കുകയായിരുന്നു മാരാര്. അമ്മയ്ക്കൊപ്പം തൊഴാനെത്തിയ മകനോട് ആശാൻ പുഞ്ചിരിച്ചുകൊണ്ട് കുട്ടിക്കുശലം ചോദിച്ചു:

"എന്ത് പറേണൂ മിട്ക്കൻ? എത്രാം ക്ലാസ്സിലാ വായിക്കണ്?"

"മൂന്നില്."

"ഭേഷ്! നന്നായി പഠിക്ക്ണ്ടലോ ല്ല്യേ!."

"ഉവ്വ്‌." 

"ങ്ഹാ. നന്നായി പഠിക്കണം. വല്ല്യേ ആളാവണം ട്ടോ!."

"ങ്ഹും." 

ഉത്തരം മൂളിക്കഴിഞ്ഞ ഉടൻ  മകൻ  കിട്ടിയ അവസരം   ഉപയോഗിച്ചു:

"മാരാരേ, മാരാരേ, മാരാരടെ  ശംഖിന്‍റെ പേരെന്താ?."

"അയ്‌ ! ദെന്താപ്പദ്?. ശംഖിന് പേരോ?. അസ്സലായി!."

"ഇണ്ട്ണ്ട്  ഇക്കറ്യാം ഇക്കറ്യാം!. ഞാൻ പറേട്ടേ?."  

"ഉവ്വോ? ന്നാ മിട്‌ക്കൻ തന്നെ പറയ്വാ; മാരാര്  കേക്കട്ടെ!."

ഔത്സുക്യംപൂണ്ടു നിന്ന മാരാരോട് മകൻ വൃത്തിയായി  പറഞ്ഞു :

"കർണ്ണകഠോരം!." 

ഉള്ളിൽ  കുമിഞ്ഞുയർന്ന ചിരിയൊതുക്കി ദീപാരാധന തൊഴാൻ ഭക്തജനങ്ങൾ പാടുപെട്ടു.

തൊഴുതു മടങ്ങുമ്പോൾ ശ്രീമതി കേൾക്കെ മാരാര് മുറുമുറുത്തുവത്രേ!.

"അച്ഛന്‍റെ ശിക്ഷണാവും . ആൾക്കാരെ മൂപ്പിക്കാൻ മിട്ക്കനാർന്നൂലോ.! "

2015, ജൂൺ 24, ബുധനാഴ്‌ച

റിക്രൂട്ട്മെൻറ്


 റിക്രൂട്ട്മെൻറ് 


പ്രോസസ് : സ്റ്റേജ് ഒന്ന്

"ഹലോ, ഗുഡ് മോണിംഗ്. ഇത് മിസ്റ്റർ വിജയൻ നായരുടെ വീടല്ലേ?"

"നമസ്കാരം. വിജയനാണ്."

"വിജയനോ?. വിജയൻ നായരല്ലേ?. മിസ്റ്റർ രമേഷ് വിജയന്റെ ഫാദർ ?."

"അതെ."

"ഓ ഗോഷ്! സമാധാനായി.ഞാന്‍ വിചാരിച്ചൂ ..."

"ക്ഷമിക്കണം. ആരാണ് വിളിക്കുന്നതെന്ന് മനസ്സിലായില്ല്യ?."

"ഓ! സോറി മിസ്റ്റർ വിജയൻ നായർ. ഞാൻ റിട്ടയേഡ് മേജർ ശിവദാസ് മേനോൻ. മലപ്പുറം തിരൂരിൽ നിന്നാ വിളിക്കണത്‌. റീസന്റ്ലി, റ്റു ബി പ്രിസൈസ് ഓണ്‍ ലാസ്റ്റ് ഫ്രൈഡേ, മലനാട് ഓണ്‍ലൈൻ മാട്രിമണിയിൽ നിങ്ങളുടെ മകന്റെ ഒരു പ്രൊഫൈൽ കണ്ടിരുന്നു. ഐഡി നമ്പർ B.541832. ആമൈ റൈറ്റ് മിസ്റ്റർ നായർ?."

"ശരിയാണ്."

"ഓക്കേ. അതിനെപ്പറ്റി ഡീറ്റെയിൽഡ്‌ ആയി സംസാരിക്കാമെന്ന് വെച്ചാണ് വിളിച്ചത്. എന്റെ മകൾ വിജിതയ്ക്ക് വേണ്ട്യാ."

"സന്തോഷം. പറയൂ സർ."

"മിസ്റ്റർ നായർ, വി ആർ വെരി മച്ച് ഇന്ററസ്റ്റഡ്‌ ഇൻ ദ് പ്രൊഫൈൽ. നിങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ ഇതുമായി മുന്നോട്ടു പോകണമെന്നാണ്‌ ഞങ്ങളുടെ ആഗ്രഹം."

"നല്ല കാര്യം. പക്ഷെ അതിനു മുൻപ് എത്രയോ കാര്യങ്ങൾ പരസ്പരം അറിയാൻ കിടക്കുന്നു."

"യെസ് ഒഫ് കോഴ്സ്! അതു പിന്നെ പറയാനുണ്ടോ! ബട്ട്‌ മോസ്റ്റ്‌ ഇമ്പോർട്ടന്റ് ഓഫ് ഓൾ ഈസ്‌ ജാതകപ്പൊരുത്തം. മറ്റെല്ലാം സെക്കണ്ടറിയല്ലേ?."

"എല്ലാം പ്രധാനം തന്നെ."

"യു ആർ റൈറ്റ്‌! ഈച്ച് ആൻഡ്‌ എവെരി തിങ്ങ് ഈസ്‌ ഇമ്പോർട്ടന്റ്. എന്നാലും ആദ്യം നോക്കേണ്ടത് ജാതകപ്പൊരുത്തമാണല്ലോ?. അത് യോജിച്ചാലല്ലേ മുന്നോട്ട് പോകേണ്ടൂ . അതോണ്ടാ ഞാൻ പറഞ്ഞേ മറ്റതെല്ലാം  സെക്കണ്ടറി എന്ന്."

"എന്നിട്ടെന്താ ജാതകം നോക്കിച്ചോ?."

"പിന്നില്ലാതെ! രണ്ടു ജാതകത്തിന്റെയും പൊരുത്തം ഉണ്ടാക്കിയ എക്സൈറ്റ്മെന്റ്! പറയാന്‍ പറ്റില്ല്യ! മുന്നോട്ടു പോകാമെന്ന് തുടക്കത്തിലേ എടുത്തുചാടി പറയാൻ എന്നെ കംപെൽ ചെയ്ത ഫാക്റ്ററും അതാണ്‌! ച്ചാൽ, ഈ പ്രൊഫൈലും ജാതകവും പഠിച്ചപ്പോ മിസ്റ്റർ നായർ, വീ വേർ റിയലി സർപ്രൈസ്ഡ്!"

"ഓ, അതെന്താണ് സർ?."

"എന്താന്നോ! പറഞ്ഞുവെച്ചതുപോല്യല്ലേ കുട്ടികളുടെ ജാതകം! കോംപാറ്റിബിൾ റ്റു ദ് ഹിൽറ്റ് !"

"ആണോ?."

"അബ്സോലൂട്ടിലി വണ്ടർഫുൾ കോമ്പിനേഷൻ!. ഐ ഫീൽ ദിസ്‌ ഈസ് എ ഗോഡ്‌സെന്റ് ഓപ്പോർച്ചുനിറ്റി ഫോർ ബോത്ത്‌ ഓഫ് അവർ ചിൽഡ്രൻ. ദൈവഹിതം എന്നൊക്കെ പറയൂലോ?."

"മകന്റെ ജാതകത്തിൽ ഏഴിൽ ചൊവ്വയുണ്ടായിരുന്നു."

"അത് കാണാതെ പോവ്വോ മിസ്റ്റർ നായർ.!ഏഴിൽ സ്ട്രോങ്ങ്‌ ചൊവ്വയുണ്ടെന്നു മാത്രല്ല കൂടെ ശനിയും നില്ക്കുന്നു!. ആരാരാ മേലെ എന്ന മട്ടിൽ! ദോഷാൽ ദോഷം എന്ന് പറഞ്ഞാ മതീലോ? അതിനെയൊക്കെ ന്യൂട്രലൈസ് ചെയ്യണെങ്കിൽ അപ്പുറത്ത് എട്ടിൽ ചൊവ്വയുള്ള സ്ത്രീജാതകംതന്നെ വേണായിരുന്നു. ഫോർച്ചുനെറ്റ്ലി മൈ ഡോട്ടർ ഹാസ് ഗോട്ട് ഇറ്റ്!. അഷ്ട്ടമത്തിൽ ചൊവ്വ. അതാ ഞാൻ നേരത്തെ പറഞ്ഞേ ദൈവദത്തമെന്ന്!."

"പൊരുത്തങ്ങളൊക്കെ?."

"പരമോത്തമം!. പത്തിൽ ഒമ്പത് !. പോരെന്നുണ്ടെങ്കിൽ കേട്ടോളൂ ; ബോയ്‌ ആൻഡ്‌ ഗേൾ മേടം തുലാം രാശിക്കാരായതോണ്ട് രാശിപ്പൊരുത്തം സമസപ്തമം! . ഇതിൽപ്പരം കോംപാറ്റിബിലിറ്റി ഇനി കിട്ടാനുണ്ടോ മിസ്റ്റർ നായർ ?"

"ഉം."

"സമ്മതിച്ചൂലോ? റേയറസ്റ്റ് എമങ്ങ് റെയർ! ഇത്രയ്ക്ക് ചേർച്ചയുള്ള രണ്ട് ജാതകങ്ങൾ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല്യാന്നാ എന്റെ ആസ്ട്രളജർ തന്നെ പറഞ്ഞത്. ഇതല്ലെങ്കിൽ വേറൊന്നില്ല്യാത്രേ! റിമംബർ മിസ്റ്റർ വിജയൻ നായർ, എന്റെ ജോത്സ്യനുണ്ടല്ലോ; ഹി ബിലോങ്ങ്സ് റ്റു ദ് വെൽ നോണ്‍ പാടൂർ ലൈനേജ്! മാത്രല്ല ഹി ഈസ്‌ എ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഇൻ കെമിസ്ട്രി! ഇന്റലിജെന്റ് ആൻഡ്‌ സ്മാർട്ട്‌ യങ്ങ് മാൻ. കവടിയുരുട്ടി കണ്ണടച്ച് ധ്യാനശ്ലോകങ്ങൾ ചൊല്ലുമ്പൊ ആ മുഖത്തെ ഡിവൈൻ റേഡിയൻസ് ഒന്ന് കാണണ്ടത് തന്ന്യാ!."

"ങ്ഹും. അതങ്ങിനെയിരിക്കട്ടെ. അറിയേണ്ട മറ്റു കാര്യങ്ങളുമുണ്ടല്ലോ. മകൾ എന്ത് ചെയ്യുന്നു?."

"ഓ!. ജാതകവിശേഷത്തിനെടേല് ഞാനതങ്ങു വിട്ടു പോയി. മകള് എംടെക്കാണ്‌ . ഇലക്ട്രോണിക്സിൽ. ലെക്ചറർ പണിക്ക് പോസ്റ്റ്‌ ഗ്രാജുവേറ്റുകളെ തേടി സ്വാശ്രയ കോളേജുകാര് നാടു മുഴുവൻ ഓടി നടക്കണ കൂട്ടത്തില് ഇവിടേം വന്നിരുന്നു. അമ്പത് തരാം എഴുപത്തഞ്ചു തരാം എന്നൊക്കെയായിരുന്നു ഓഫർ. നാട്ടിലന്നെ ഇത്രയും ശമ്പളം കിട്ട്വാന്നു പറഞ്ഞാൽ; ഇറ്റ്സ്‌ എ ബിഗ്‌ ബിഗ്‌ തിംഗ്. പക്ഷെ അവൾക്കു ഒരേ ഒരു വാശി. വാദ്ധ്യാരുദ്യോഗം വേണ്ടേ വേണ്ട. നാട്ടില് നിക്കണന്നൂല്ല്യ. ഷി പ്രിഫേഡ്‌ സോഫ്റ്റ്‌വേർ ആൻഡ്‌ സ്ട്രെയിറ്റ് എവേ ജോയിൻഡ്‌ ഇൻഫോസിസ്. ഓഫ് കാമ്പസ് സെലക്ഷനായിരുന്നു."

"പഠിച്ചതൊക്കെ?."

"ബീട്ടെക്കിന് ഒറ്റപ്പാലം എന്നെസ്സെസ്സില്. പോസ്റ്റ്‌ ഗ്രാജുവേഷൻ ട്രിച്ചി എൻഐടിയിൽ. സ്കൂൾ പഠനൊക്കെ ഡെല്ലി പബ്ലിക് സ്കൂളിൽ."

"എത്ര കൊല്ലായി ജോല്യായിട്ട്?."

"അഞ്ച്. ഷി ജോയിൻഡ് ഇൻഫി ഇൻ ടു തൌസന്റ് ഏയ്റ്റ്. ഇപ്പോള്‍ ടീം ലീഡാണ്. രണ്ടു കൊല്ലം സ്റേറ്റ്സിലാർന്നു. ചിക്കാഗോ."

"ഇപ്പൊ എവട്യാ?."

"ചെന്നൈല്. അവൾടെ അമ്മാമന്റെ കൂട്യാ താമസം. അമ്മാമൻ മിസ്സിസ്സിന്റെ അനിയൻ. അയാൾ അവടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യൽ ഏജീയെമ്മാണ്. ഹീ ഈസ്‌ ജസ്റ്റ്‌ തേർട്ടി ഫൈവ്. പ്രൊബേഷണറി ഓഫീസറായി കേറീതാണ്. മിസ്സിസിന്റെ തറവാട് പാലക്കാട്ട് നെന്മാറയിലാ. അറിയില്ലേ; നെന്മാറ?. ഫേമസ് ഫോർ ഫയർ വർക്സ്?. വെടിക്കെട്ട് വെടിക്കെട്ട്?."

"അറിയാം. നെന്മാറ വല്ലങ്ങി വേല. ഞാനതിനൊക്കെ പോയിട്ടുണ്ട് പണ്ട്."

"ഓഹോ!. ദാറ്റ്സ് ഗ്രേറ്റ്‌!. മിസ്സിസ് അവടത്തെ വളരെ പുരാതനമായ തറവാട്ടില്യാ. പണ്ട് കൊല്ലിനും കൊലക്കും വരെ അധികാരള്ള തറവാടാർന്നു! ആ കഥയൊന്നും ഇപ്പൊ പറയാൻ പാടില്ലല്ലോ! പിന്നെ, എന്റെ നേറ്റീവ് പ്ലേയ്സ്‌ ഇവടെ തിരൂര് തന്നെ. തറവാട് ഭാഗം കഴിഞ്ഞു കിട്ടിയ സ്ഥലത്ത് വീട് വെച്ചിരിക്ക്യാ. ജസ്റ്റ്‌ നിയർ ടു ദി ഫേമസ് തുഞ്ചൻപറമ്പ്. തുഞ്ചൻപറമ്പിലൊക്കെ ഇപ്പൊ ഗ്രാൻഡ്‌ സെറ്റപ്പാണ്!"

"സാറിന് ഒരു മകളേയുള്ളൂ?."

"നോ നോ നോ. അവൾക്ക് ഒരേട്ടനുണ്ട്. വിശാൽ. അയാളും സോഫ്റ്റ്‌ വേർ പ്രോ തന്നെ. മൈക്രോസോഫ്റ്റിൽ. ഇപ്പോൾ ന്യൂയോർക്കിലാണ്. മാരീഡ് ടു നിഷ. കണ്ണൂരാണ് വൈഫ് ഹൗസ് . ചിറയ്ക്കലെ പേരും പെരുമയുമുള്ള നമ്പ്യാർമാരാണ്. നൈസ് പീപ്പിൾ. ട്ടോ മിസ്റ്റർ വിജയൻ നായർ, ഈ പത്രങ്ങളൊക്കെ വായിച്ച് നമ്മള് മനസ്സിലാക്ക്യേ പോല്യൊന്നുമല്ല കണ്ണൂക്കാര് ! ദേയാർ ബേസിക്കലി കൈൻഡ്‌ ആൻഡ്‌ മാഗ്നാനിമസ്."

"ഒന്ന് ചോദിക്കാൻ വിട്ടുപോയി. മകൾക്ക് വയസ്സെത്ര്യായി?"

"ജസ്റ്റ്‌ ട്വന്റി സെവൻ മിസ്റ്റർ വിജയൻ നായർ. വിവാഹം എന്ന് പറഞ്ഞാ അവളെപ്പഴും ഒഴപ്പും. പിന്ന്യാവട്ടെ പിന്ന്യാവട്ടെ എന്നാണ് സ്റ്റാൻഡ്‌. വല്ലാത്തൊരു ടൈപ്പാണപ്പാ ഈ ന്യൂ ജെനറേഷൻ കുട്ടികള്. പഠിപ്പ് കഴിഞ്ഞാ ഉടൻ ഒരു ജോലി തരാക്ക്വാ, അഞ്ചാറു കൊല്ലം അടിച്ചു പൊളിച്ച് സെലിബ്രേറ്റ് ചെയ്യ്വാ, എന്നിട്ട് വിവാഹം. ഇതാണ്‌ ട്രെൻഡ്‌. അങ്ങിനെ നോക്കുമ്പോ ട്വന്റി സെവൻ ഈസ്‌ നോട്ട് ദാറ്റ്‌ ലേറ്റ്. പിന്നെ മിസ്റ്റർ നായരുടെ മകനുമായല്ലോ ഇരുപത്തെട്ട്!."

"ങ്ഹും ശരി. അപ്പോ വളരെ സന്തോഷം സർ. എന്തായാലും ഇക്കാര്യം ഞങ്ങളൊന്ന് ആലോചിക്കട്ടെ. വിരോധമില്ലെങ്കിൽ മകളുടെ പ്രൊഫൈൽ ഐഡി ഒന്ന് തരാമോ? ."

"വൈ നോട്ട് മിസ്റ്റർ നായർ. പിന്നെ, ജാതകസ്ഥിതി ഇത്രയ്ക്ക് മെയിഡ് ഫോർ ഈച് അദർ ആയ സ്ഥിതിക്ക് മറ്റു കാര്യങ്ങളൊന്നും നോക്ക്വേ വേണ്ടാന്നാ ഡെല്ലീല് റെയിൽവേ മിനിസ്ട്രീല് ജോയിന്റ് ഡയരക്ട്ടറായ എന്റെ ബ്രദർ ഇൻ ലോ പറഞ്ഞത്. എന്നാലും അങ്ങന്യല്ലല്ലോ. അറിയേണ്ടതൊക്കെ മ്യൂച്വലി അറിയണ്ടേ. ധൃതിയൊന്നൂല്ല്യ ഞങ്ങൾക്ക്. വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ലല്ലോ. എന്നാലും കഴിയുന്നത്ര വേഗത്തിൽ ഒരു തീരുമാനം അറിയിച്ചാൽ വീ വിൽ ബി ഹാപ്പി. ഓക്കേ?"

"ശരി സർ. അപ്പോൾ പിന്നെ ബന്ധപ്പെടാം."

"ഷ്വർ മിസ്റ്റർ നായർ.  സോ, ബൈ ഫോർ നൗ. ടേക്ക് കെയർ. ഗോഡ് ബ്ലസ് യു മൈ ഡിയർ ഫ്രന്റ്."

"താങ്ക് യു ."

 സ്റ്റേജ് രണ്ട് 

"അപ്പോ, ടോ ഇനി എന്താ വേണ്ട് ?"

"എനിക്ക് ദോഷൊന്നും തോന്നീല്ല്യ ട്ടോ. കുട്ട്യേ കാണുമ്പോ തരക്കെടൊന്നൂല്ല്യ. നല്ല ഐശ്വര്യണ്ട്. പിന്നെ, ഉയർന്ന വിദ്യാഭ്യാസം, നല്ല ജോലി, ചുറ്റുപാടും മോശല്ല്യ. പിന്നെന്താ? ഒത്തൊരു ജാതകം കിട്ടീതന്നെ അങ്ങേര് പറഞ്ഞ പോലെ വല്ല്യേ ഭാഗ്യം തന്ന്യാ!. ഇത് വിട്ടു കളഞ്ഞാ വേറൊന്നു ചേർന്നു കിട്ടാൻ എളുപ്പല്ല ട്ടോ."

" പക്ഷെ അങ്ങേരുടെ പത്രാസ്‌ ..."

"പത്രാസാന്ന് ആരാ പറഞ്ഞെ? ഇല്ല്യാത്തതൊന്നും പറഞ്ഞിട്ടില്ലിലോ. തൃക്കണ്ടിയൂരിലെ സുഹൃത്ത് അന്വേഷിച്ചപ്പോ പറഞ്ഞതൊക്കെ ശര്യന്ന്യാന്നല്ലേ അറിഞ്ഞത് ? പിന്നെ മദ്രാസിൽ അന്യേൻ അന്വേഷിച്ചപ്പോ കുട്ടീം കൊഴപ്പല്ല്യാന്നറിഞ്ഞില്ല്യെ? മോൻ വിളിച്ച് സംസാരിക്ക്യേം ചെയ്തു കുട്ട്യോട് . അവന് ഇഷ്ടായീച്ചാ പിന്നെന്താ? ഇനി നേരിട്ട് കാണ്വാന്ന്ള്ള ഫോർമാലിറ്റീം കൂട്യല്ലേള്ളൂ."

"അടുത്തേന്റെ പിന്നത്തെ ഞായറാഴ്ച ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. ഇനീപ്പോ കൂടുതല് ആലോചിക്കണ്ട അല്ലെ?."

"അന്വേഷണത്തില് നല്ലതാന്ന് അറിഞ്ഞ സ്ഥിതിയ്ക്ക് ഇനീപ്പോ സംശയിക്കണ്ടാന്നേയ്‌ ."

സ്റ്റേജ് മൂന്ന് 

"ഹലോ മിസ്റ്റർ ശിവദാസ് മേനോനല്ലേ"

"യെസ് യെസ്. ഗുഡ് മോണിംഗ് മിസ്റ്റർ വിജയൻ നായർ. ഐ വോസ് എക്സ്പെക്റ്റിങ്ങ് യോർ കോൾ. ദെൻ വാട്ട്സ് യോർ പ്ലാൻ? ഞായറാഴ്ച എപ്പോഴാണ് വരുന്നത്? രാവിലെയോ ഉച്ചതിരിഞ്ഞോ?"

"ഞങ്ങൾ രാവിലെ വരാനാണ് ഉദ്ദേശിക്കുന്നത്."

"നൈസ്. ആൻഡ്‌ അറ്റ്‌ വാട്ട്‌ ടൈം ?"

"ഒരു പത്തു മണി?"

"ഒരു മണിക്കൂർ നീട്ടുന്നതിൽ വിരോധമുണ്ടോ? ഐ മീൻ ലെവനോക്ക്ലോക്?. ഞങ്ങൾക്ക് ചമ്രവട്ടം ശാസ്താക്ഷേത്രത്തിൽ ഒരു വഴിപാടുണ്ട്. രാവിലെ പോയി എല്ലാം കഴിഞ്ഞു വരുമ്പോൾ സമയമെടുക്കും. അതോണ്ടാ."

"വിരോധല്ല്യ. എങ്കിൽ ഞങ്ങൾ ഒരു പതിനൊന്നു മണിക്കു വരാം."

"ഓക്കെ. ദാറ്റ്‌സ് കണ്‍വീനിയന്റ്. പതിനൊന്നു മണി ഷാർപ് ആയിരിക്കൂലോ?."

"തീർച്ചയായും."

"ഗുഡ്. കാരണം; പന്ത്രണ്ടു മണിക്ക് ഞങ്ങൾക്ക് മറ്റൊരിടം വരെ പോകാനുണ്ട്. തിരുന്നാവായയിലുള്ള മിസ്സിസ്സിന്റെ അനിയത്തിയുടെ പേരക്കുട്ടീടെ ചോറൂണാണ്. ഗുരുവായൂരിൽ വെച്ചിട്ടാണ്. ഈ വിശേഷം കാരണം ചടങ്ങിനൊന്നും ഞങ്ങൾ പോകുന്നില്ല. വീട്ടിൽ സദ്യക്ക് പാകത്തിന് എത്താമെന്ന് പറഞ്ഞിരിക്ക്യാണ്. എല്ലാം വേണമല്ലോ മിസ്റ്റർ നായർ."

"പിന്നെ പിന്നെ; അതൊന്നും ഒഴിവാക്കാനാവില്ലല്ലോ."

"യെസ്. പിന്നേ ഞായറാഴ്ച നിങ്ങൾ പുറപ്പെടുമ്പോൾ ഒന്ന് വിളിക്കണേ. ഇടയ്ക്ക് മറ്റു പരിപാടികളും വന്നു പെട്ടതുകൊണ്ട് ഇക്കാര്യത്തിൽ പർട്ടിക്കുലർലി ഒന്ന് അലേർട്ട് ആവണലൊ?. ബൈ ദ് ബൈ മകൻ എന്നു വരും?"

"അവൻ തലേ ദിവസം വരും. ശനിയാഴ്ച. തിങ്കളാഴ്ച വെളുപ്പിന് മടങ്ങും."

"ഗുഡ്. മകള് ഒരാഴ്ച്ച മുൻപ്, ഐ മീൻ നെക്സ്റ്റ് സാറ്റർഡേ വരും. വിക്ട്ടോറിയേല് ലെക്ച്ചററായ അവൾടെ ഒരു പാലക്കാട്ടുകാരി ഫ്രന്റിന്റെ മാര്യേജ് ആണ് സണ്ടേ. അത് കഴിഞ്ഞാൽ ഒരാഴ്ച വീട്ടിൽ തന്നെ. തൃശ്ശൂരും എറണാകുളത്തും കാലിക്കറ്റും ഉള്ള അവൾടെ കുറെ ഫ്രന്റ്സ് പല ദിവസങ്ങളിലായി വരുന്നുണ്ടത്രേ വീട്ടിലേക്ക്. നമുക്കിനി വേറെ ഒന്നും സംസാരിക്കാനില്ലല്ലോ മിസ്റ്റർ നായർ?"

"ഇല്ല്യ. അപ്പൊ ശരി. ഞായറാഴ്ച കാണാം."

"ഓക്കേ മിസ്റ്റർ നായർ. ഓർമ്മേണ്ടലോ; ഞായറാഴ്ച ലെവനോക്ലോക്ക് ഷാർപ്. ബൈ."

 സ്റ്റേജ് നാല് 

"ഹലോ മിസ്റ്റർ വിജയൻ നായർ "

"ഹലോ "

"ഗുഡ് മോണിംഗ്. പുറപ്പെട്ടോ ?"

"ദാ കാറിൽ കയറുന്നു. "

"ഹ ഹ ഹ! ഞാൻ വിളിച്ചത് ജസ്റ്റ്‌ ഇൻ ടൈം! ഇപ്പൊ സമയം എട്ടരയായി. ദെൻ ഒമ്പതര, പത്തര. ഓ സമയണ്ട്!. ന്നാലും ഒന്ന് സ്പീഡപ്പ്‌ ചെയ്തോളു. കുറ്റിപ്പുറം-തിരുന്നാവായ റോഡ്‌ ഇത്തിരി മോശാണ്. സമയെടുക്കും."

"വെഷമിക്കണ്ട. നമ്മൾ സമയത്തിനെത്തും."

"ഓക്കേ. പിന്നെ കുറ്റിപ്പുറത്തെത്ത്യാ ഒന്ന് വിളിക്കണേ!"

"ശരി."

"എനിക്ക് മനസ്സിലാവിണില്ല്യ. എന്താ അച്ഛാ അങ്ങേർക്കിത്ര ടെൻഷൻ? "

"ആള് നല്ല കണിശക്കാരനാ. എക്സ് മിലിട്ര്യല്ലേ."

"പാവം. അദ്ദേഹത്തിന് നല്ല ടെൻഷൻ കാണും മോനേ. ഏറെക്കാലം കാത്തിരുന്നിട്ട് എല്ലാം ചേർന്നൊന്നു വന്നതല്ലേ?."

 സ്റ്റേജ് അഞ്ച് 

"എന്നാ ഞങ്ങളെറങ്ങട്ടെ മേനോൻ. അപ്പോ പറഞ്ഞ പോലെ ഞങ്ങൾ ഓക്കേയാണ്. ഇനി നിങ്ങളുടെ തീരുമാനം അറിയിക്കുക."

"ഷ്വർ മിസ്റ്റർ നായർ. നാളെ കഴിഞ്ഞ് മറ്റന്നാൾ രാവിലെ വിളിക്കാം. ദെൻ വീ കാൻ ഗോ ഫർദർ. ഓക്കേ.?"

"ശരി."

"ന്നാ ഞങ്ങളെറങ്ങിണില്ല്യ മിസ്സിസ് മേനോൻ. പിന്നെ കാണാം. എവടെ മോള്.?."

"മോളേ ഇങ്ങു വരൂ! ദാ രമേഷിന്റെ അമ്മ വിളിക്കുന്നു. അവരെറങ്ങ്വായി. "

"അപ്പോ ശരി മോളേ ഞങ്ങളെറങ്ങട്ടെ . "

"ശരി അമ്മേ ."

"ഹായ് വിജിത, ബൈ!. "

"ബൈ രമേഷ്.!"

സ്റ്റേജ് ആറ് 

"അതേയ്! അവരിന്നു വിളിക്കാന്നല്ലേ പറഞ്ഞത്. ഇത് വരെ വിളിച്ചില്ലിലോ?. മണി നാലായി ."

"സമാധാനിക്ക്യാ. ഇനിയും സമയണ്ടലോ."

"വല്ല്യേ കണിശവും ചിട്ടേം ഉള്ളാളല്ലേ മേനോൻ. രാവിലെ വിളിക്കാന്ന് പറഞ്ഞിട്ട്."

"വിളിക്കും. ഇപ്പൊ ടെൻഷൻ തനിക്കായോ?"

"പിന്നെ ടെൻഷൻ ഇല്ല്യാണ്ടിരിക്ക്വോ? എത്ര കാലായിട്ടാ ഒന്ന് ശരിയായി വന്നത് !."

 സ്റ്റേജ് ഏഴ് 

"ഹലോ, ഗുഡ് ഈവനിംഗ് മിസ്റ്റർ വിജയൻ നായർ."

"നമസ്കാരം മേനോൻ. പറയൂ."

"അയാം റിയലി സോറി മിസ്റ്റർ വിജയൻ നായർ. രണ്ടു കാര്യത്തിന്. ഒന്ന്, ഐ കുടിന്റ്റ് കോൾ യു ഇൻ ദ് മോണിംഗ് ആസ് പ്രോമിസ്സ്ഡ്. പോസിറ്റീവ് ഓർ നെഗറ്റിവ് ഉള്ള കാര്യം സമയത്തിന് അറിയിക്കുന്നതല്ലേ മര്യാദ . അതെനിക്ക് സാധിച്ചില്ല്യ. കഴിഞ്ഞ രണ്ടു ദിവസോം ഇന്നുമായി ഞാൻ വല്ലാത്ത തെരക്കിലാർന്നു."

"ഓ അത് സാരമില്ല. എപ്പോഴായാലെന്താ. മേനോൻ പറഞ്ഞപോലെ വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ലല്ലോ?."

"തങ്ങും മിസ്റ്റർ വിജയൻ നായർ. അതാണെന്റെ രണ്ടാമത്തെ അപ്പോളജി!."

" മിസ്റ്റർ മേനോൻ !?."

"വെഷമണ്ട്. എന്നാലും സ്ട്രെയിറ്റ് എവേ പറയാം മിസ്റ്റർ നായർ. കൊള്ളാവുന്ന വേറെയും ആലോചനകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്ന കൂട്ടത്തിൽ ഒരു ബെറ്റർ കേസുമായി ഞങ്ങൾ വല്ലാതെ മുന്നോട്ട് പോയി. അതുകൊണ്ട് ഐ റിഗ്രറ്റ് വീ കുടിന്റ്റ് അക്കമഡേറ്റ് ദിസ്‌ പ്രോപ്പോസൽ. എനി വേ എന്റെ മകൾക്ക് ചേർന്നൊരു ലൈഫ് പാർട്ട്ണറെ കണ്ടെത്താൻ സഹകരിച്ചതിന് അയാം താങ്ക്ഫുൾ റ്റു യു മിസ്റ്റർ നായർ. പിന്നെ ഫ്രൻഷിപ്പ് എന്നും ഫ്രൻഷിപ്പ് തന്നെ . അതിനു മാറ്റണ്ടാവില്ല്യ ട്ടോ. വീ വിൽ ഓൾവേയ്സ് റിമെയിൻ ബെസ്റ്റ് ഫ്രൻസ്!. ആൻഡ്‌ ഐ വിഷ് ഓൾ ദ്‌ ബെസ്റ്റ് റ്റു യുവർ സണ്‍ ഇൻ ഹിസ്‌ സേർച്ച്‌ ഫോർ എ സ്യൂട്ടബിൾ ബ്രൈഡ്. താങ്ക്യൂ മിസ്റ്റർ നായർ. ഗോഡ് ബ്ലെസ് യു. ബൈ."

 സ്റ്റേജ് എട്ട്

"എന്താ മേനോൻ പറഞ്ഞേ?."

" വരാനിരുന്നത് വഴീല് തങ്ങീന്ന്!."

"തെളിച്ചു പറയൂന്നേ!."

"ഒരു ഇന്റർവ്യൂവിനാണ് നമ്മൾ പോയതെടോ. പോസ്റ്റിലേക്ക് പട്ടാളം ഫിറ്റിൽ ഫിറ്റായ മറ്റൊരു കാൻഡിഡേറ്റിനെ റിക്രൂട്ട് ചെയ്തു. ഷോർട്ട് ലിസ്റ്റിലെ ഹതഭാഗ്യരെ വണ്‍ ബൈ വണ്‍ ആയി റിസൽട്ട് അറിയിച്ചുകൊണ്ടിരിക്കുകയാണ്. വിത്ത്‌ ഡീപ് റിഗ്രറ്റ് ആൻഡ്‌ എംബെഡഡ്‌ ബെസ്റ്റ് വിഷസ് ! ഡൂ യൂ ഫോളോ മീ മിസ്സിസ് വിജയൻ നായർ?."

"ഈശ്വരാ...!."

*****************************

2015, ജൂൺ 4, വ്യാഴാഴ്‌ച

പ്രകൃതിവിരുദ്ധം

പ്രകൃതിവിരുദ്ധം

ഉഷ്ണം കത്തി നിന്ന ഒരു മേയ്‌മാസ  രാത്രി. സമയം ഒരു മണിയായിക്കാണും

'ഒരുദേശത്തിന്‍റെ കഥ'യില്‍ ചേനക്കോത്ത് ശ്രീധരനോടൊപ്പം അതിരാണിപ്പാടത്ത് അലഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് പുറത്തെവിടെയോ ഉയര്‍ന്ന വിചിത്രവും ഭയാനകവുമായ ഒരു അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. കയ്യിലിരുന്ന പുസ്തകം  നിലത്തു വീണു.

"എന്താ എന്താ!?."

ഭാര്യ കട്ടിലില്‍ എണീറ്റിരുന്നു വിറകൊണ്ടു.

"എന്താവോ ഒരു ഗോളാന്തര  ജീവിയുടെ ശബ്ദം !"

നിമിഷങ്ങള്‍ക്കകം  മറ്റൊരു  ശബ്ദം കൂടി  ഉയര്‍ന്നു. അതു പക്ഷെ ഭൌമേതരമായിരുന്നില്ല. ഒരു മനുഷ്യന്‍റെ പേടിച്ചുള്ള നിലവിളിയായിരുന്നു. ഡെസിബലില്‍ കുറവുണ്ടെങ്കിലും  ആ നിലവിളി പൂര്‍വത്തില്‍ അലിഞ്ഞു ചേര്‍ന്നുണ്ടായ സങ്കരം കർണ്ണകഠോരമായി.

പെട്ടെന്ന് തെക്കേ വീട്ടില്‍ ലൈറ്റ് തെളിഞ്ഞു. ജനാലക്കല്‍ അന്തോണ്യേട്ടന്‍റെ നിഴല്‍ച്ചിത്രം .

"ചന്നരാ എന്താദ്?"

"ആവോന്നേയ്!"

"നിയ്യ്‌ വന്നേ!. കെഴക്കേലെ പടിക്കലാ സംഭവം."

കിഴക്കേ വീട് പൂട്ടിക്കിടക്കുകയാണ്. അവരൊക്കെ അഹമ്മദാബാദില്‍ ബന്ധുവീട്ടില്‍ വെക്കേഷന്‍ ചെലവഴിക്കാന്‍ പോയിരിക്കുന്നു.  ഇനി അയ്യപ്പന് വല്ലതും!?

"അതേയ് ഇപ്പ പൊറത്തക്ക് പോണ്ടാട്ടാ!"

ഭാര്യയുടെ പിന്‍വിളി  അവഗണിച്ച് വാതില്‍ തുറന്നു പുറത്തു കടന്നു. കെഴക്കേലെ പടിക്കല്‍ ഞാനും അന്തോണ്യേട്ടനും എത്തിയപ്പോഴേക്കും സംഘഗാനം നിലച്ചിരുന്നു.

ഞങ്ങള്‍  അടുത്തു ചെന്നു. ഗേറ്റിനപ്പുറം  അയ്യപ്പനും ഇപ്പുറം  ഗൂര്‍ഖ ബീര്‍ ബഹാദുറും  നില്‍ക്കുന്നു. കാവല്‍ഭടന്മാര്‍ രണ്ടു പേരും തലകുമ്പിട്ട് എളിയില്‍ കൈകുത്തി  അലര്‍ച്ചയുടെ   തുടര്‍ചലനങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കയാണ്.

പൂട്ടിയിട്ട വീടിനു വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സെക്യൂരിറ്റിയാണ് അയ്യപ്പന്‍. നിത്യവും രാത്രി ഭക്ഷണം കഴിഞ്ഞു വന്നു വീടിന്‍റെ സിറ്റൌട്ടില്‍ പായ വിരിച്ചു കാവലുറങ്ങുന്ന മെലിഞ്ഞുണങ്ങിയ അയ്യപ്പന് പൊക്കം നാലരയടി. നീലനിലാവിലൊരിക്കല്‍ മാത്രം  നിരത്തിലിറങ്ങി കാണുന്ന ഗേറ്റിലും മതിലിലും തന്‍റെ സാന്നിദ്ധ്യം വടി തട്ടി തെര്യപ്പെടുത്തി ചുറ്റിക്കറങ്ങുകയും   മുറ തെറ്റാതെ മാസാമാസം വീടുകളില്‍  കയറി  പത്തോ ഇരുപതോ  ഇരന്നു വാങ്ങി  സലാം ചെയ്തു പോവുകയും ചെയ്യുന്നയാളാണ്  ഗൂര്‍ഖ ബീര്‍ ബഹാദൂര്‍. ച്ചാല്‍  വീരനില്‍ വീരന്‍ എന്ന് നാമാര്‍ത്ഥം!

അന്തോണ്യേട്ടന്‍ ആദ്യം പിടിച്ചത്  അയ്യപ്പനെ:

" അയ്യപ്പാ എന്തേണ്ടായേ?"

"ഒന്നൂല്ല്യ."

"ഒന്നൂല്ല്യാന്നാ!.  കൊല്ലണ പോര്‍ക്കിന്‍റെ പോലെ അലറീട്ട് ഒന്നൂല്ല്യാന്നാ!?"

"ഇയാള്...!"

"ഇയാള്? ഇയാള്  തന്നെ വല്ലോം  ചെയ്ത്വോ?"

"ടോര്‍ച്ചോണ്ട് മോത്തടിച്ചു ...!"

"ഈശോയേ! ടോര്‍ച്ചോണ്ട് മോത്തടിച്ചൂന്നാ! ഉവ്വടോ താനിയാളെ ടോര്‍ച്ചോണ്ടടിച്ച്വോ!?" 

അന്തോണ്യേട്ടന്‍ ഗൂര്‍ഖക്കു നേരെ മുണ്ടു വളച്ചു കുത്തി.

"മൈ കുച്ച് നഹി കിയാ സാബ്‌...!" ഗൂര്‍ഖ നിരപരാധിത്വം  വെളിപ്പെടുത്തി.

"മോത്തക്ക് ടോര്‍ച്ചടിച്ചൂന്നാവും പറഞ്ഞ്ണ്ടാവാ അന്തോണ്യേട്ടാ ." 

ഞാന്‍ കൃത്യത്തിനു  വ്യക്തത വരുത്താന്‍ ശ്രമിച്ചു.

"അതേടോ? "

'അതെ ."

"മോത്തക്കൊന്നു   ടോര്‍ച്ചടിച്ചേനാ താനിങ്ങനെ ഭൂമി കുലുക്കീത്!"

"അതിപ്പോ.......ആദ്യം ടോര്‍ച്ചടിച്ചപ്പോ ഞാന്‍ ചോച്ചതാ   ആരാന്ന്. ഇയാള് മിണ്ടീല്ല്യ. പിന്നേം പിന്നേം ചോച്ചിട്ടും മിണ്ടണില്ല്യാന്നു കണ്ടപ്പോ....എനിക്ക്...! "

"കുണ്ടി വെറച്ചു!. അപ്പൊ ഒരു കീറാ കീറി അല്ലെ?"

അയ്യപ്പന്‍ നാണിച്ചു തല കുമ്പിട്ടു നിന്നു.

"അതു പോട്ടെ; ഇയാളെന്തിനാ  കൂടെ നെലോളിച്ചേ?" 
  
അന്തോണ്യേട്ടന്‍ ഗൂര്‍ഖക്കു ക്രോസ്  കൊടുത്തു. ഗൂര്‍ഖയും നമ്രമുഖനായി.

" മനുഷ്യന്മാര് നെലോളിക്കണത് താന്‍ കേട്ടിട്ടില്ല്യേ?."

"സുനാ ഹേ സാബ് . ലേകിന്‍ യേ ജൈസേ.... !"  

കൈ രണ്ടും മലര്‍ത്തി ആകാശത്തേക്കു നോക്കി സ്വരത്തില്‍ ഒരു നടുക്കം വരുത്തിക്കൊണ്ട് ഗൂര്‍ഖ തുടര്‍ന്നു..

"ഹേ ഭഗവാന്‍!   ഇത്നി ചോട്ടി ശരീര്‍ സേ ഇത്നാ ബഡാ....; മാഫ് കീജിയേ  സാബ് ... യേ ജൈസേ ആവാസ് മൈ  നൈയ്  സുനാ ഹേ ജിന്ദഗീ മേ!"

"ചന്നരാ എന്തൂട്ടാ ഈ ഗോസായി  പറേണ്!?"

" ഒരു  കുഞ്ഞ്യേ മനുഷ്യന് ഇത്ര വല്ല്യേ ശബ്ദോ! അയാളിങ്ങനൊന്ന്  ജന്മത്തില്  കേട്ടിട്ടില്ല്യാത്രേ!" 

"അത് ശരി; അതിനിങ്ങനെ  തൊണ്ട കീറി നെലോളിക്കണോ! അതിനാ  താന്‍ കത്തീം ലാത്തീം കൊണ്ട്നടക്കണേ!? താനൊരു  ഗൂര്‍ഖ്യല്ലഡോ!? "

ഗൂര്‍ഖ  എന്തോ പിറുപിറുത്തു. 

"ചന്നരാ..."

"ഒന്നൂല്ല്യാ അന്തോണ്യേട്ടാ. ഗൂര്‍ഖ്യാച്ചാലും ഞാനും ഒരു മനുഷ്യനല്ലേ; പ്രകൃതിവിരുദ്ധമായ ശബ്ദം കേട്ടാ പേടിക്കാണ്ടിരിക്ക്യോന്ന്!"

അന്തോണ്യേട്ടന്‍റെ മുഖത്തെ ഗൌരവം മാഞ്ഞതും "പ്ര്‍ര്‍ര്‍ര്‍ര്‍........" ന്നൊരു ചിരി പുറത്തു ചാടിയതും ഒന്നിച്ചായിരുന്നു.

"ന്ഹും! ശരി ശരി! ബെസ്റ്റ് പാര്‍ട്ട്യോള്! പണ്ടാറടങ്ങീട്ട് മന്‍ഷ്യമ്മാരടെ ഒറക്കം കള്യാന്‍! ഇനീം കിട്ടാന്‍ണ്ടാവോ ദ്‌പോലെ നാലഞ്ചെണ്ണം!   ചന്നരാ നിയ്യ്‌ പോയി കെടന്നേന്‍!" 

കാര്‍ക്കിച്ചൊന്നു തുപ്പികൊണ്ട്  അന്തോണ്യേട്ടന്‍ തിരിച്ചു നടന്നു.

അയ്യപ്പന്‍ പിന്നെ അധികകാലമുണ്ടായില്ല. മണ്ണില്‍ അലിഞ്ഞു. ഗൂര്‍ഖ ഹിമാലയത്തിലേക്കു പറന്നും പോയി.