2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

പ്രാർത്ഥന

 പ്രാർത്ഥന 

എൺപതുകളുടെ ആദ്യപാദം. പുറനാട്ടുകര ആശ്രമം സ്കൂളിൽ അടാട്ട് പഞ്ചായത്ത് കലോത്സവം നടക്കുകയാണ്. കലാമത്സരത്തിലെ മുന്തിയതും വാശിയേറിയതുമായ ഇനം നാടകമായിരുന്നു. വാശി മൂത്ത് തല്ലുമാലയണിയുന്ന മത്സരം.

നാടകാചാര്യനായ ശ്രീ.ജി.ശങ്കരപ്പിള്ള നയിച്ചിരുന്ന സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളുടെ ഒരു ലാബറട്ടറി എന്നു വിശേഷിപ്പിക്കാമായിരുന്നു കലോത്സവത്തിലെ നാടക മത്സരം. നടനും തിരക്കഥാകൃത്തുമായിരുന്ന പി.ബാലചന്ദ്രൻ, അഹമ്മദ് മുസ്ളിം, ശിവാനന്ദൻ, അഷ്റഫ്, സുനിൽ കൊട്ടാരക്കര, ദിലീപ്, രാജേന്ദ്രൻ തായാട്ട്, ഉണ്ണികൃഷ്ണൻ നെല്ലിക്കാട് തുടങ്ങി പിന്നീട് പ്രഗത്ഭരായ നാടക വിദ്യാർത്ഥികളായിരുന്നു ഗവേഷകർ. ബ്ളൂ സ്റ്റാർ മരതക പുറനാട്ടുകര, ആർട്സ് & സ്പോർട്സ് ക്ലബ്ബ് പുറനാട്ടുകര, നാടകകൃത്തായിരുന്ന രാജ് തോമസിന്റെ അമ്പിളി തിയ്യറ്റേഴ്സ് അടാട്ട്, മഹാ നടനായ ഗോപാലൻ അടാട്ടിന്റെ ആർട്സ് & സ്പോർട്സ് ക്ലബ്ബ് അടാട്ട് തുടങ്ങി വിവിധ കലാസമിതികൾക്കുവേണ്ടി വർഷം തോറും മാറി മാറി അവർ നാടകം ചെയ്തു പോന്നു. ശങ്കരപ്പിള്ള, കാവാലം, പി.എം. താജ്, സാമുവൽ ബക്കറ്റ്, യൂജിൻ അയനെസ്ക്കോ, ഴാങ്ങ് ഴെനെ, ബെർതോൾട് ബ്രെഹ്ത് എന്നിവർക്കൊപ്പം രചനയിൽ അന്നു മുതൽ തന്നെ പ്രശസ്തനായിരുന്ന ബാലചന്ദ്രന്റെ നാടകങ്ങളും (തുടി, മകുടി, പാവം ഉസ്മാൻ മുതലായവ)അരങ്ങു വാണു.

കൃത്യമായി ഓർമ്മയില്ല, 1981ൽ ആണെന്നു തോന്നുന്നു, ആ വർഷം നാടകമത്സരം വിധി നിർണ്ണയിക്കാൻ എത്തിയത് ഭരത് പ്രേംജി, എമ്മാർബി, രാഘവൻ നമ്പ്യാർ എന്നിവരടങ്ങുന്ന പ്രഗത്ഭരുടെ പാനലായിരുന്നു. മത്സരം തുടങ്ങി അര മണിക്കൂർ സമയമുള്ള സുഗ്രഹ ദുർഗ്രഹ സമ്മിശ്രമായ നാടകങ്ങൾ ഓരോന്നായി രംഗത്ത് അവതരിപ്പിച്ചു കടന്നു പോയി.

ഒരു പരീക്ഷണ നാടകം കഴിഞ്ഞു കർട്ടൻ വീണ ഇടവേള. സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും ഉത്സവക്കമ്മിറ്റിക്കാരനുമായിരുന്ന അശോകൻ പുറനാട്ടുകര ഇടനേരം ചായയുമായി ജൂറിമാർക്കരികിലേക്ക് എത്തി. ഫ്ലാസ്ക്കിൽ നിന്ന് മേശയിൽ വെച്ച ഗ്ലാസിലേക്ക് ചായ പകരുമ്പോൾ അശോകൻ പ്രേംജിയോട് ചോദിച്ചു:

"നാടകം എങ്ങിനെ പോകുന്നു ജീ?"

പ്രേംജിയിലെ പ്രേമം റദ്ദാക്കി ജീയിലൊതുക്കാവുന്ന അടുപ്പം അവർക്കിടയിലുണ്ടായിരുന്നു.

അശോകൻ പറഞ്ഞത് കേട്ടയുടൻ മേശയിൽ കുത്തിയ കൈകളിൽ മുഖം മറച്ചിരുന്ന പ്രേംജി പെട്ടെന്ന് കസേരയിലേക്ക് ചാഞ്ഞു. പിന്നെ കൈകൾ രണ്ടും ഇരുവശത്തേക്ക് നിവർത്തി പത്തികൾ മലർത്തി ദൃഷ്ടി മേലോട്ടുയർത്തി പ്രാർത്ഥിച്ചു :

"എന്നിക്കിതൊക്കൊന്ന് മനസ്സിലാക്കിത്തരണേ!."

സുഹൃത്തായിരുന്ന അശോകൻ പറഞ്ഞ കഥയാണിത്.

എന്തേ ഇതിപ്പോൾ ഓർക്കാൻ? ഒന്നൂല്ല്യ, ഒരു ന്യൂ ജെൻ സിൽമ കണ്ടു ഇന്നലെ. കേശമ്മാവന് കാശിക്ക് പോകാൻ സമയായി എന്നു തോന്നി അത്രന്നെ!

Like
Comment
Share

ബ്ലാക്ക് ഗോൾഡ്

 

ബ്ലാക്ക് ഗോൾഡ്

അലൈപായുതേ....
അമ്പല നടയിൽ താലി കെട്ടി ദക്ഷിണയും പ്രദക്ഷിണവും വെച്ച് വിപുലമായ തുടർ ചടങ്ങുകൾക്കായി കല്യാണപ്പാർട്ടി തൊട്ടടുത്ത വിവാഹ മണ്ഡപത്തിലേക്ക് തകിലു കൊട്ടി.

ഇനിയെന്താ പരിപാടി? കൊവിഡും ലോക്ഡൌണും കഴിഞ്ഞ് കിട്ടുന്ന ആദ്യത്തെ മേജർ സെറ്റ് സദ്യയാണ്, കുഴച്ചടിക്കണം!. ആയതിന് ഫൌണ്ടേഷനിടണം. കൂടെ ഭാര്യ വന്നിട്ടില്ല. തണ്ടൽ വേദനയായി വിശ്രമത്തിലാണ്. നല്ല അവസരം. സെൻട്രൽ ഹോട്ടലിലേക്ക് വണ്ടി വിട്ടു. രണ്ടു ലാർജ് നിൽപ്പൻ മോന്തി വന്ന സ്പീഡിൽ മടങ്ങി.

മണ്ഡപത്തിലെത്തിയപ്പോൾ ചുവട്ടിലുള്ള ഡൈനിങ്ങ് ഹാളിൽ ആദ്യ പന്തി നിരന്നിരിക്കുന്നു. കോണിയിറങ്ങി ഒരാൾ വരുന്നു. ചോദിച്ചു:

"എന്തായി മോൾല്?"

"ദേ കഴിഞ്ഞേള്ളൊ. പാലും പഴോം തൊടങ്ങി."

ഓക്കെ. കണ്ട് വിഷ് ചെയ്ത് പടം പിടിച്ച് രേഖയാക്കാം. രണ്ടു പടി കയറിയപ്പോൾ നിന്നു. പന്തിയല്ല!. പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ പരുവത്തിൽ കയറിച്ചെന്നു കാണണോ? കണ്ടില്ലെങ്കിൽ....

"ഒരു സീറ്റ്ണ്ട്. ആരാ ഇരിക്കണ്?"

പന്തിപ്പുരയുടെ അരയടി വിടവിൽ തുറന്നു പിടിച്ച വാതിലിലൂടെ പുറത്തു നീണ്ട ഒരു തല വിളിച്ചു ചോദിച്ചു.

ഇരുന്നാലോ? ഇരിക്കാം, സംശയിച്ചു നിൽക്കരുത്. ആദ്യപന്തിയിലേ ഈ ഭാഗ്യം ലഭിക്കൂ. രണ്ടു മുതൽ പൂരത്തിരക്കാവും. അവസാനം സെൻട്രൽ ഹോട്ടലിലെ ഫിഷ് കറി മീൽസ് വിരകി തിന്നേണ്ടി വരും, ജഠരാഗ്നിശമനത്തിന്. അതു വേണ്ട, രണ്ട് വർഷം ആറ്റുനോറ്റിരുന്നു കിട്ടിയ തൂശനിലയാണ്. വടിച്ചു നക്കണം!

"ആള്ണ്ടാള്ണ്ട്!."

"വര്വോ വേം വര്വോ! ദാ അറ്റത്തക്ക് പൊക്കോളോ."
:
:
കൈ കഴുകി കുലുക്കുഴിഞ്ഞ് പുറത്തു വന്ന് വണ്ടിയെടുത്തപ്പോൾ കണ്ടു, വലിയ അകലെയല്ലാതെ കിടക്കുന്ന ട്രാവലറിന്റെ പിന്നിൽ വധൂവരന്മാരുടെ പോസ്റ്റർ. പടത്തിലെങ്കിലും പെണ്ണിനെ ഒന്നു കണ്ടു കളയാം. ചെക്കൻ നാട്ടുകാരനാണല്ലോ.

കണ്ടു. ചൊങ്കൻ ചെക്കന് പറ്റിയ പെണ്ണല്ല!

ഇനി പോകാം. ചെന്ന് പായയിൽ മലർന്ന് കിടന്നു മുക്തകണ്ഠം ഉറങ്ങണം. സമ്പ്രദായമാണ്.വണ്ടി പോർച്ചിലിട്ട് സിറ്റൗട്ടിൽ കയറിയപ്പോൾ വാതിൽക്കൽ ഭാര്യ:

"കുട്ട്യെങ്ങനേണ്ട്?"

"ചെക്കന് പോര. മുഖശ്രീണ്ടെങ്കിലും നെറം കൊറവാ."

"അയ് സൊർണ്ണനെറണലോകുട്ടിക്ക്? ഞാൻ നിശ്ചയത്തിന് കണ്ടതല്ലേ!"

"കറത്ത സൊർണ്ണാവും. ബ്ളാക്ക് ഗോൾഡ്! കേട്ടിട്ടില്ല്യേ?"

തൊട്ടുരുമ്മി അകത്തു കടക്കുമ്പോൾ ഭാര്യ മൂക്കും വായും കൈ പരത്തി മൂടി:

"കേട്ട്ണ്ട്. ഇപ്പൊ മണക്കേം ചീതു. ബോധല്ല്യാണ്ട് നിങ്ങളേത് കല്ല്യാണാ കൂടീത് മൻഷ്യാ!"

"ഏത് കല്യാണോ? ബെസ്റ്റ്‌! ഒരു മണ്ഡപത്തിലെത്ര കല്യാണണ്ടാവും മേഡം?"

"ഓ, ഗോൾഡൻ ബ്ലാക്കല്ലേ, കണ്ണ് കണ്ട്ണ്ടാവില്ല്യ. ആ കോംപ്ലക്സില് രണ്ട് മണ്ഡപണ്ട് സാർ!"

"ങ്‌ഹേ! അപ്പോ!?"

"അതേ, അന്തസ്സ്ള്ളാൾക്കാരാവും; പന്തീന്നെണീപ്പിച്ച് വിട്ടില്ലിലോ, ഭാഗ്യം!"

സമയനിഷ്ഠൻ

 

സമയനിഷ്ഠൻ

വിഷയം വ്യത്യസ്തമെങ്കിലും കാട്ടാക്കട KSRTC സംഭവം ചിലത് ഓർമ്മിപ്പിച്ചു.
2003ലാണെന്നു തോന്നുന്നു, ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണത്തിനു രണ്ടു ദിവസം മുമ്പ് ബാങ്കിങ്ങ് ഹാളിൽ പൂക്കളമിടുവാൻ ലോക്കൽ ഇംപ്ളിമെന്റേഷൻ കമ്മിറ്റി തീരുമാനിച്ചു. ഓണം ക്രിസ്മസ് ഇത്യാദി വിശേഷങ്ങൾ സമുചിതമായി ആഘോഷിക്കണമെന്ന് ബാങ്ക് നിർദ്ദേശമുണ്ട്. എല്ലാവരും രാവിലെ ഏഴു മണിയ്ക്കു വരണം പൂക്കളമിട്ടു കഴിഞ്ഞ് കൃത്യം പത്ത് മണിയ്ക്ക് കൗണ്ടറുകൾ സജീവമാവണം എന്ന നിഷ്ക്കർഷകളോടെ മാനേജരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.
പൂക്കളെല്ലാം തലേ ദിവസം തന്നെ വാങ്ങി ഡ്രസ്റ്റ് ചെയ്ത് മാനേജരുടെ ഏസി ചേംബറിൽ വെച്ചിരുന്നു. അന്നു തന്നെ ഡിസൈനും വരച്ചു വെച്ചു. സമയലാഭത്തിനു വേണ്ടിയുള്ള മുന്നൊരുക്കം.
ഉത്സാഹികളിൽ ലേഡീ സ്റ്റാഫായിരുന്നു ഭൂരിപക്ഷം എന്നതിനാൽ കൃത്യസമയം തന്നെ കളമൊരുക്കൽ തുടങ്ങി. പത്തിന് പത്ത് മിനിറ്റായപ്പോൾ ഫൈനൽ ടച്ചിന് രണ്ട് പേരെ മാത്രം നിർത്തി ബാക്കി എല്ലാവരോടും സീറ്റിൽ ചെന്നിരിക്കാൻ നിർദ്ദേശിച്ച് മാനേജർ ചേംബറിൽ പോയി. വരുന്ന കസ്റ്റമർമാരിൽ ആരെയെങ്കിലും ക്ഷണിച്ച് വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യിക്കാനും ആയതിന് പത്തര മണി സമയം നിശ്ചയിച്ചുമാണ് മാനേജർ പോയത്.
കൌണ്ടറുകളെല്ലാം തുറന്ന് ഇടപാടുകാരുടെ വരവും പോക്കുമായി ബാങ്കിങ്ങ് ഹാൾ സജീവമായി. ഫൈനൽ ടച്ചുകാർ വിളക്കും ഉപ്പേരി താമ്പാളങ്ങളും പൂക്കളത്തിനടുത്ത് വെച്ച് പൂക്കളപൂർത്തി പ്രഖ്യാപിച്ചു.
മാനേജർ പത്തരയ്ക്ക് പുറത്തു വന്ന് വിളക്കു കൊളുത്തുവാൻ ഒരാളെ തിരഞ്ഞ് ബാങ്കിങ്ങ് ഹാൾ മൊത്തം ഒന്നു വീക്ഷിച്ചു. ആ സമയത്ത് വെളുത്ത മുണ്ടും ഷർട്ടും കട്ടമീശയും കട്ടി ഫ്രെയിമുള്ള കണ്ണടയും ധരിച്ച് ഒരാൾ ബാങ്കിന്റെ ചില്ലുവാതിൽ നിർദ്ദാക്ഷിണ്യം തുറന്ന് ഹാളിൽ കടന്നു. പിന്നെ ഹാളിനുള്ളിലെ ഒരുക്കങ്ങളും സ്വന്തം വാച്ചും ബാങ്ക് ക്ലോക്കും രണ്ടാവർത്തി നോക്കി ഗൌരവം പൂണ്ടു നിന്നു.
ധവളവസ്ത്രധാരിയെ കണ്ട് മതിപ്പു തോന്നിയിട്ടായിരിക്കണം മാനേജർ അയാൾക്കടുത്തു ചെന്ന് വിളക്കൊന്നു കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യണമെന്ന് വിനയ പുരസ്സരം അഭ്യർത്ഥിച്ചു. കേട്ടവശം അയാൾ പൊട്ടിത്തെറിച്ചു :
"മിസ്റ്റർ! ഞാൻ പണമെടുക്കാൻ വന്നതാണ്. കൈകൊട്ടിക്കളിക്കല്ല!"
അപ്രതീക്ഷിതമായ പ്രതികരണത്തിൽ മാനേജർ വല്ലാതായി.
"ഓക്കെ, സോറി സർ. കുഴപ്പമില്ല."
ശ്രവണ മാത്രയിൽ ഉടക്കിയവന്റെ പ്രകൃതം പിടികിട്ടിയിരിക്കണം അദ്ദേഹത്തിന്. എത്രയെത്ര തരത്തിലുള്ള കസ്റ്റമർമാരെ കണ്ടു പരിചയിച്ച കരിയറാണ്! അന്തരീക്ഷം കൂടുതൽ വഷളാക്കാൻ അനുവദിക്കാതെ മാനേജർ വേഗത്തിൽ ക്യാഷ് കൗണ്ടറിൽ പണമെണ്ണി നിന്ന റിട്ടയേഡ് ടീച്ചറായ ഒരു ലേഡി കസ്റ്റമറെ സമീപിച്ചഭ്യർത്ഥിച്ച് അവരെക്കൊണ്ട് വേഗത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിപ്പിച്ചു. ആ സമയമൊക്കെയും നമ്മുടെ ധവളവസ്ത്രൻ ഇടതടവില്ലാതെ ബാങ്ക്, ബാങ്ക് സ്റ്റാഫ്, ശമ്പള വലിപ്പം, വിലപിടിച്ച വസ്ത്രങ്ങൾ, അഹങ്കാരം, ധാർഷ്ട്യം ഉത്തരവാദിത്തമില്ലായ്മ, ജോലി സമയത്തെ ഓണക്കളി ഇത്യാദികൾ വിഷയമാക്കി ഉച്ഛസ്ഥായിയിൽ പശ്ചാത്തലം പാടിക്കൊണ്ടിരുന്നു.
അഞ്ചു മിനിറ്റു കൊണ്ട് ചടങ്ങ് കഴിച്ച് മടങ്ങും വഴി ഉപ്പേരിത്രയം നിറച്ച ചെറിയ ഒരു പോളിത്തീൻ കവർ ലഹളക്കാരന് നീട്ടിക്കൊണ്ട് മാനേജർ ക്ഷമാപണം ചെയ്തു.
"സോറി ഫോർ ഇൻകൺവീനിയൻസ് സർ! ഓണല്ലേ? ആഘോഷിക്കണന്ന് ബാങ്കിന്റെ ഇൻസ്ട്രക്ഷനുണ്ട്. "
"കോപ്പാണ്! ജോലി സമയത്താണോ മിസ്റ്റർ നിങ്ങളുടെ ആഘോഷം?."
"അധികമൊന്നുമില്ലല്ലോ, അഞ്ച് മിനിറ്റല്ലേ എടുത്തുള്ളു?"
"അഞ്ച് മിനിറ്റ് ഞങ്ങൾക്ക് വില പിടിച്ചതാണ്. ഇത് കഴിഞ്ഞിട്ട് വേണം ഓഫീസിലെത്താൻ. ഞാനും ഒരു സർക്കാർ ജോലിക്കാരനാണ്. നോൺ സെൻസ്!"
"ഓ, ഐ ആം റിയലി സോറി! ഏത് ഡിപ്പാർട്ട്മെന്റിലാണ് സർ?"
"അതൊക്കെ നിങ്ങളെന്തിനറിയണം?"
"ജസ്റ്റ് റ്റു നോ. പത്തരയ്ക്കാണ് നിങ്ങളിവിടെ വന്നത്. അഞ്ച് മിനിറ്റേ ഞങ്ങൾ മൂലം നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളു. ഇനി ഓഫിസിലെത്തുമ്പോൾ ഒരു പക്ഷേ പതിനൊന്നായേക്കാം. പെർമി ഷനെടുത്തിട്ടുണ്ടാവുമല്ലേ?"
അയാൾ ഒന്നു പതറിയ പോലെ തോന്നി.
"അതെന്തിന് നിങ്ങളോട് പറയണം?"
"ഒന്നിനുമല്ല; പതിനൊന്ന് മണിക്ക് തുറക്കുന്ന ആ സർക്കാരോഫീസ് എതാന്നറിയണന്ന് തോന്നി, ദാറ്റ്സാൾ!."

2022, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

കണ്ടീഷനിങ്ങ്

 

കണ്ടീഷനിങ്ങ്

എല്ലാ ജൂലയ് 31 നും ഈ സീഡി സെറ്റെടുത്ത് പൊടി തട്ടി ലാപ്പിലിട്ട് 'സുഹാനി രാത് ദൽ ചുകി' രണ്ടു വട്ടം കേൾക്കും. അനശ്വരനായ ഗായകന്റെ ഓർമ്മദിനാചരണം. കഴിഞ്ഞ ഞായറാഴ്ചയും സംഭവം പൂർവ്വാധികം ഭംഗിയാക്കി.
ടീനേജറായിരുന്ന മകന് പത്തിരുപതു കൊല്ലം മുമ്പ് കിട്ടിയ സമ്മാനമാണ്. പിന്നിൽ രസികനൊരു കഥയുമുണ്ട്.
പറയാം...
മകൻ എഞ്ചിനിയറിങ്ങിന് ചേർന്ന് ക്ലാസ് തുടങ്ങാൻ കാത്തിരിക്കുന്ന കാലം. തൃശ്ശൂരിലുള്ള സംഗീത പ്രേമികളായ സുഹൃത്തുക്കൾ ഗോപിയും ഹരിയും വെങ്കിടിയും ചേർന്ന് ഭംഗിയായി നടത്തുന്ന സോപാനം എന്ന സംഘടന ആ മാസം നടത്തുന്ന പരിപാടി മൊഹമ്മദ് രഫി സംഗീത നിശ. ഗായകൻ തെക്കൻ കർണ്ണാടകക്കാരനും രഫി സാഹിബ് സ്‌പെഷ്യലിസ്റ്റുമായ പ്രശസ്തൻ ടാഗോർ ദാസ്. സെറ്റിൽ വേറെ പാട്ടുകാരില്ലാത്ത വൺ മാൻ ഷോ. അടിപൊളിയാണ് ദാസ്. തുടർച്ചയായി എത്രയോ മണിക്കൂർ രഫി പാട്ടുകൾ മാത്രം പാടി ഗിന്നച്ചനായ വിസ്മയം!.
മകനും ഞാനുമൊത്താണ് ഗാനമേളയ്ക്ക് പോയത്. തൃശ്ശൂർ റീജിയണൽ തിയ്യറ്റർ. ഹാളിൽ കടക്കുന്നവർക്കൊക്കെ അച്ചടിച്ച ഒരു ചോദ്യാവലി കൊടുക്കുന്നുണ്ട്. ഹിന്ദി സിനിമാ സംഗീത ക്വിസാണ്. വിജയികൾക്ക് സമ്മാനങ്ങൾ.
ഫോമുകൾ വാങ്ങി ഞങ്ങൾ രണ്ടു പേരും സീറ്റിലിരുന്നു. സംയുക്ത സംരംഭത്തിലൂടെ ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കിയ ഫോറം ഹാൾ എൻട്രൻസിൽ സ്ഥാപിച്ചിട്ടുള്ള കടലാസുപെട്ടിയിലിട്ടു.
ഗാനമേള ശ്രുതിയിട്ടു. ഹേ ഭഗ്‌വാനിൽ തുടങ്ങി തേരി ആംഖോം കെ സിവായും യകീന് കര് ലോ മുജേ മുഹാബതും അടക്കം നാലഞ്ചു പാട്ടുകൾ കഴിഞ്ഞ് ഗായകൻ വേഷം മാറാൻ അണിയറയിലേക്ക് പോയി. അത് ദാസിന്റെ സ്വന്തം നമ്പറാണ്. പരിപാടിക്കിടയിൽ അഞ്ചു പത്തു വട്ടം വേഷം മാറും. ഹിന്ദി സിനിമാ പാട്ടു സീനുകളിലെന്ന പോലെ.
ആ ഗ്യാപിലാണ് ഹരിയുടെ വിളി വന്നത്.
"എന്താടാ?"
"ക്വിസില് നിങ്ങക്ക് ഫസ്റ്റ്! "
" നിങ്ങക്ക്ന്ന് വെച്ചാ?"
"അയ്, നെനക്കും ചെക്കനും. രണ്ടാൾക്കും ഒപ്പം മാർക്ക്."
"ആഹാ! അത് കലക്കി."
"അപ്പെന്താ വേണ്ട്? "
"എന്താ വേണ്ട്? "
ചോദ്യം ഞാൻ തിരിച്ചു വിട്ടു.
"ഒരു കാര്യം ചെയ്യ്. അവൻ വാങ്ങട്ടെ. ബ്രാക്കറ്റ് വേണ്ട. സോൾ വിന്നർ അശ്വിൻ."
"പൂശ്!."
"ബ്രേക്കിന് സമ്മാനം കൊടുക്കും. ബി റെഡി."
" ഓക്കേടാ."
ബ്രേക്കിൽ ഹരിയെയും കൂട്ടി സ്റ്റേജിൽ വന്ന് ഗോപി ലളിത കോമള സുന്ദര പദാവലികളാൽ റിസൾട്ട് പ്രഖ്യാപിച്ചു.
"ഒന്നാം സമ്മാനം അശ്വിൻ ബാലചന്ദ്രൻ. ആ കൊച്ചു മിടുക്കനെ നല്ലൊരു കയ്യടി നൽകി നമുക്ക് സ്വാഗതം ചെയ്യാം."
ഹാളിൽ കരഘോഷം. പക്ഷേ പുരസ്കൃതനായ പുത്രന് അനക്കമില്ല. തല കാക്കൂട്ടിലിട്ട് ഇരിക്കുകയാണ്.
"ഡാ ചെല്ല്!."
ഞാൻ മകന്റെ പുറത്ത് തട്ടി
"ഞാനില്ല്യ, അച്ഛൻ പോയി വാങ്ങ്യോളോ! "
"എന്താദ്? "
"കൊച്ചു മിട്ക്കനാത്രെ! കൊച്ചിനെ കണ്ടാ ആൾക്കാര് കൂവിക്കൊല്ലും!"
"അത് ഗോപിക്ക് തെറ്റീതാവും. നീ കുട്ട്യാന്നാ വിചാരിച്ച്ണ്ടാവാ. അവൻ നിന്നെ കണ്ടിട്ടില്ലിലോ? ചെല്ല്! "
"എവടേ അശ്വിനെവിടേ... അശ്വിൻ പ്ലീസ് കം ടു ദ ..."
"കളിക്കാൻ നിക്കാണ്ട് ചെല്ലട!"
കയറിച്ചെല്ലുമ്പോൾ പക്ഷേ മകൻ പ്രതീക്ഷിച്ചപോലെ ആപത്തൊന്നും സംഭവിച്ചില്ല. സമ്മാനം സ്വീകരിക്കാൻ സ്റ്റേജിൽ എത്തിയിരിക്കുന്നത് കൊച്ചു മിടുക്കന്റെ പ്രോക്സിയായി ചേട്ടനോ അച്ഛനോ അമ്മാവനോ ആവാം എന്നു ജനം കരുതിയിരിക്കണം! (മകന്റെ അനുമാനവും സമാധാനവുമാണ് )
"ഹലോ അശ്വിൻ! വെൽക്കം റ്റു ദി സ്റ്റേജ്."
ഗോപി മകനെ കൈകൾ നീട്ടി സ്വീകരിച്ചു.
"ഹലോ!"
"പ്രിയ സംഗീതസ്നേഹികളെ!. ഹിന്ദി സിനിമാ സംഗീത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അശ്വിന് സമ്മാനമായി രഫി സാഹിബിന്റെ അഞ്ച് സീഡികളടങ്ങിയ ഒരു സെറ്റ് സമ്മാനിക്കുന്നത് നമ്മുടെ പ്രിയ ഗായകൻ ടാഗോർ ദാസ് തന്നെയാണ്. സമ്മാനദാനത്തിനായി ഞങ്ങൾ അദ്ദേഹത്തെ സാദരം ക്ഷണിക്കുന്നു. ശ്രീ ടാഗോർ ദാസ്!!"
ഗോപിയുടെ അനൗൺസ്മെന്റ് കേട്ട് ഗായകൻ പിന്നണിയിൽ നിന്നും പുതിയതായി ധരിച്ച ഗോഗോ ഷർട്ടിൽ ഓടിക്കൊണ്ടു പ്രവേശിച്ചു. മകന് നൽകാനായി ഹരി ഏല്പിച്ച സമ്മാനപ്പെട്ടി ഭവ്യതയോടെ ഏറ്റു വാങ്ങി മുന്നരങ്ങിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്ന് സദസ്സിന്റെ അഭിവാദ്യങ്ങൾ സ്വീകരിച്ചു. അതും ഗായകന്റെ നമ്പറുകളിലൊന്ന്. പിന്നെ ഹരിയ്ക്കും ഗോപിയ്ക്കും ഹസ്തദാനം ചെയ്ത് മകന് നേരെ തിരിഞ്ഞു.
കൈക്കുലുക്കം കഴിഞ്ഞ് സമ്മാനം സ്വീകരിക്കാൻ നീട്ടിയ കൈകളുമായി നിന്ന മകനെയും മറ്റു രണ്ടുപേരെയും അസ്തപ്രജ്ഞരാക്കിയ സംഭവമാണ് പിന്നീടുണ്ടായത്. എല്ലാവർക്കും നന്ദി പറഞ്ഞ് സമ്മാനപ്പായ്ക്കറ്റു പൊക്കി പിടിച്ച് സദസ്സിനെ അഭിവാദ്യം ചെയ്തു കൊണ്ട് പുറം തിരിയാതെ ഗായകൻ ബാക്ക് സ്റ്റേജിലേയ്ക്ക് താളത്തിൽ നടന്നു നടന്നു മറഞ്ഞപ്പോൾ ഹാളിൽ ചിരിയുടെ പെരുമഴ!
തൊട്ടു മുമ്പുണ്ടായ പാമ്പു കടിയുടെ വേദന മാറുന്നതിനു മുമ്പേ തലയിൽ വെട്ടിയ ഇടിയുടെ ആഘാതവുമായി മകൻ സ്റ്റേജിൽ ടാബ്ളോ പരുവം.
ഹരിയും ഗോപിയും ചേർന്ന് പിന്നിൽ പോയി കാര്യം പറഞ്ഞ് മനസ്സിലാക്കിയപ്പോൾ ടാഗോർ ദാസ് മൈക്കിലേക്ക് ഓടി വന്ന് എണ്ണി നൂറ്റിയൊന്ന് സോറി പറഞ്ഞു. ശേഷം മകന് സമ്മാനം നൽകി ആലിംഗനം ചെയ്ത് സ്റ്റേജിന്റെ സ്റ്റെപ്പിറങ്ങി അവനെ സീറ്റു വരെ എത്തിച്ച് തിരിച്ചു പോയി ബഹാരോം കീ ബാരാത് .... പാടി അന്തരീക്ഷമർദ്ദം ലഘുതമ സാധാരണമാക്കി.
പെട്ടി എന്റെ കയ്യിലേൽപ്പിച്ച് വിയർപ്പൊപ്പുമ്പോൾ മകൻ പറഞ്ഞു:
"കോളേജിലെ റാഗിങ്ങിന്റെ ടെൻഷൻ തീർന്നു."


ജോസേട്ടനും രാധേച്ചിയും ഞാനും - ഒരു പരിരംഭണത്തിന്റെ കഥ

 

ജോസേട്ടനും രാധേച്ചിയും ഞാനും
- ഒരു പരിരംഭണത്തിന്റെ കഥ

കോമഡിയായാലും സീരിയസ്സായാലും പ്രൊഫഷണൽ നാടകത്തിലെ രസനീയതയുടെ മർമ്മം തൊട്ടറിഞ്ഞവനാണ് പായമ്മൽ ജോസേട്ടൻ. സരസഭാഷി, പരമരസികൻ, ഓർമ്മകളുടെ തമ്പുരാൻ. പരിശീലനവേളയിൽ നാടകീയമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അഭിനേതാക്കളെ ടെൻഷനും നാണവും വെടിഞ്ഞ് നാട്യോന്മുഖരാക്കുന്ന കുശലൻ. കളിയേത് കാര്യമേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള മാന്ത്രികവിദ്യകളാണ് ജോസേട്ടന്റെ റിഹേഴ്സൽ ടെക്നിക്കുകൾ.

വെപ്പുമുടിയും കണ്ണൻ ചിരട്ടകളും വെച്ചു കെട്ടി സുന്ദര പുരുഷന്മാരെ കോമളാംഗികളാക്കി നാട്ടിൽ വായനശാല വാർഷികത്തിന് നാടകം കളിച്ചിരുന്ന കാലം. നടികളെ വെച്ച് ആദ്യമായി പൊറാട്രയിൽ ഒരു നാടകം അരങ്ങേറുന്നത് എഴുപതുകളിലാണ്. സൂക്ഷ്മം പറഞ്ഞാൽ 1976 ൽ. ശ്രീരംഗം വിക്രമൻ നായരുടെ വിളക്കുകൾ നിഴലുകൾ എന്ന നാടകമാണ് അവതരിപ്പിച്ചത്.വാട്സൺ എന്ന ആംഗ്ലോ ഇന്ത്യൻ വംശജനായ എസ്റ്റേറ്റ് മുതലാളിയായി ഞാനും ഭാര്യ നീനയായി ജോസേട്ടന്റെ സഹധർമ്മിണി കലാലയം രാധേച്ചിയും. പരസ്പ്പരം വെറുക്കുകയും പൊരുതുകയും ചെയ്യുന്നവരാണ് വാട്സൺ ദമ്പതിമാർ. നാടകാന്ത്യത്തിൽ ഭാര്യ ഭർത്താവിനെ കഠാരിക്ക് കുത്തിക്കൊല്ലുന്നിടത്തല്ലാതെ നടീനടന്മാർ തമ്മിൽ തൊടലും തീണ്ടലും ഇല്ലാതിരുന്നതിനാൽ അരങ്ങിൽ എന്റെ ഭാഗം തട്ടും തടയുമില്ലാതെ കയിച്ചലാക്കി. ജോസേട്ടന്റെ സംവിധാനത്തിൽ നാടകം എരമ്പി.

പക്ഷേ പണി കിട്ടിയത് അടുത്ത വർഷമാണ്. നാടകം ഗോൾഡ് മെഡൽ. കടവൂർ ജി ചന്ദ്രൻ പിള്ളയുടെ പുത്രകാമേഷ്ടി എന്ന രചന അദ്ദേഹത്തിന്റെ അനുവാദത്തോടെ പേര് മാറ്റിയതാണ് ഗോൾഡ് മെഡൽ. എന്റെ വേഷം പോലീസ് സൂപ്രണ്ട് ജോണിന്റേത്. ജോണിന്റെ ജ്യേഷ്ഠ സഹോദരിയായി വീണ്ടും രാധേച്ചി. സംവിധാനവും ജോസേട്ടൻ തന്നെ.

സമൂഹത്തിലെ കൊമ്പന്മാരും ഉന്നതന്മാരുമായി അടുത്ത ബന്ധങ്ങളുള്ള സുന്ദരിയായ സാമൂഹ്യ പ്രവർത്തകയാണ് നീന. സ്വാഭാവികമായും ആ വകയിൽ മതിയായ ചീത്തപ്പേരുമുണ്ട് അവർക്ക്. സഹോദരൻ ജോൺ സത്യസന്ധനും നീതിമാനുമാണ്. നേരിൽ നിന്ന് കടുകിട വ്യതിചലിക്കാത്ത ഔദ്യോഗിക കൃത്യനിർവ്വഹണം. സമൂഹം ദുർവൃത്തയായി കണ്ടവളെങ്കിലും ചേച്ചിയുടെ മനസ്സിലെ സ്നേഹവും ആർദ്രതയും അറിയുന്നവനാണ് അനുജൻ. സഹോദരനെ ചേച്ചിയിലൂടെ ചതുരുപായങ്ങളും പ്രയോഗിച്ച് വശത്താക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരും മാധ്യമങ്ങളും ചേർന്നുണ്ടാക്കിയ അപവാദങ്ങൾ അവർക്കിടയിലുണ്ടാക്കിയ അകൽച്ചയത്രയും പരസ്പരം തിരിച്ചറിഞ്ഞ് ആലിംഗനം ചെയ്തില്ലാതാക്കുന്ന ഹൃദയസ്പർശിയായ ഒരു രംഗമുണ്ട് നാടകാന്ത്യത്തിൽ.

ഈയുള്ളവന് ഒടുക്കത്തെ പണി കിട്ടിയതവിടെയാണ്. ജോസേട്ടന്റെ കർശനമായ നിർദ്ദേശമനുസരിച്ച് ഡയലോഗ് കാണാപാഠമാക്കിയ ശേഷം മാത്രം രാധേച്ചിയുമൊത്തുള്ള റിഹേഴ്സൽ തുടങ്ങി. നാടകം മർമ്മത്തോടടുത്തപ്പോൾ എന്റെ ആത്മവിശ്വാസമൊക്കെ പുഴയ്ക്കൽ ചാൽ കടന്നു. പെൻസിലിൻ കുത്തിവെച്ച നേഴ്സ്മാരും ഹോം വർക്ക് ചെയ്യാത്തതിന് ചെവി തിരുമ്പിയ സ്കൂൾ ടീച്ചർമാരും അമ്മ പെങ്ങന്മാരിൽനിന്നുമല്ലാതെ നാരീസ്പർശമേറ്റിട്ടില്ലാത്ത അനാഘ്രാതകുസുമൻ ഒരന്യസ്ത്രീയെ കെട്ടിപ്പിടിക്കണമെന്നൊക്കെ പറഞ്ഞാൽ!. അതും അവരുടെ കെട്ടിയവന്റെ സവിധത്തിൽ വെച്ച്. മാത്രമോ, അച്ഛനമ്മമാരും ചേച്ചിയും നാട്ടുകാരുമടങ്ങുന്ന അമ്പലപ്പറമ്പിലെ സദാചാരസദസ്സിനു മുന്നിലും! ആൺകുട്ടി പെൺകുട്ടിയോട് ഒന്നു മിണ്ടിയാൽ വാർത്തയും വിവാദവുമാവുന്ന കാല ദേശങ്ങൾ. ഡിഗ്രി രണ്ടാം വർഷം ഇംഗ്ലീഷ് നോട്ട്ബുക്ക് പകർത്തിയെഴുതാനായി നാട്ടുകാരിയായ പെൺകുട്ടിക്ക് പെരുവഴിയിൽ വെച്ചു കൈമാറിയത് കേസായി ഫുൾ ബെഞ്ചിൽ വിചാരണ നടക്കുന്ന സമയവും! എന്ത് ചെയ്യും?

എന്തായാലും റിഹേഴ്സൽ തുടങ്ങി. മുഹൂർത്തമെത്തി. രാധേച്ചി കെട്ടിപ്പിടിക്കാൻ ആയുമ്പോൾ ഞാൻ വെച്ചൊരടി പിന്നിൽ. രാധേച്ചിയുടെ വെച്ചടി മുന്നും എന്റെ വെച്ചടി പിന്നുമല്ലാതെ കെട്ടിപ്പിടുത്തത്തിൽ കാര്യമായ മുന്നേറ്റമൊന്നുമില്ലാതെ റിഹേഴ്സൽ രണ്ടു ദിവസം കഴിഞ്ഞു. ജോസേട്ടൻ വെറും നിരീക്ഷകനായി ഇരുന്നതേയുള്ളു.

"നീയെന്താ കളിക്കാൻ നിക്ക്വാ? നാണം കളഞ്ഞ് അഭിനയിക്കാൻ നോക്ക് ട്ടാ ബാലന്ദ്രാ! നാടകം നടന്നാലും നടന്നില്ല്യെങ്കിലും രൂവ എണ്ണിക്കൊട്ക്കണം ജോസേട്ടന്."

കൺവീനർ പുഷ്ക്കരന്റെയും സഹനടന്മാരുടേയും സമ്മർദ്ദം മൂത്തപ്പോൾ മൂന്നാം ദിവസം ഞാൻ മുന്നടി തന്നെ വെച്ചു. പക്ഷേ രാധേച്ചിക്കടുത്തെത്തിയപ്പോൾ അവരുടെ രണ്ടു തോളിലും കൈ വെച്ച് ബുഫെ പാർട്ടികളിൽ കാണാറുള്ള ഐസ് വിഗ്രഹം പോലെ ഉരുകി നിൽക്കാനേ എനിക്കായുള്ളു. കൈകൾക്ക് തുടർചലനത്തിന് ശേഷിയില്ലാത്ത പോലെ! പെട്ടെന്നാണ് ജോസേട്ടന്റെ ശബ്ദമുയർന്നത്.

"നിർത്ത്! എന്താദ് മിസ്റ്റർ!"

പെട്ടെന്നു തന്നെ ഞാൻ രാധേച്ചിയുടെ തോളിൽ നിന്നും കയ്യെടുത്ത് പതിവിനോടൊന്നു കൂട്ടി രണ്ടടി പിന്നടിച്ചു.

തന്റെ തന്നെ വിശ്വരൂപം നാടകത്തിൽ ബാലഗോപാലന്റെ വേഷമിട്ട സുരാസുവിനെപ്പോലെ ജോസേട്ടൻ അടുത്തു വന്ന് എന്നെ ഭീഷണമായി നോക്കി നിന്നു. പിന്നെ കനത്തതും ചിലമ്പിച്ചതുമായ സ്വരത്തിൽ മുരണ്ടു.

"രണ്ടു ദിവസമായി കാണുന്നു! ഹേ മിസ്റ്റർ, രാധ എന്റെ ഭാര്യയാണ്....!"

എന്റെ വയറ്റിൽ വെടിമരുന്നു കത്തി. ദൈവമേ, അരുതാത്തതെന്തെങ്കിലും!? വായനശാലഹാളിൽ നിശ്ശബ്ദത തളം കെട്ടി. എവിടെയോ ഒരു മൊട്ടുസൂചി നിലത്തു വീണ ശബ്ദം കേട്ടു!

"ജോസേട്ടാ സോറി...."

എന്റെ സ്വരത്തിൽ ക്ഷണിക്കാതെകയറി വന്ന വിറയൽ.

"....ഇത് നാടകമാണ്. അതിൽ രാധ നിങ്ങളുടെ ചേച്ചിയാണ്..."

" സോറി... ഞാനൊന്നും;"

" .....ചെയ്തില്ല അല്ലേ?. അതന്ന്യാ നിങ്ങൾടെ പ്രശ്നം! നിങ്ങളൊന്നും ചെയ്യുന്നില്ല. അതേയ് മാഷേ, നാടകത്തിലെ ഏറ്റവും വികാരനിർഭരമായ രംഗമാണിത്. വൃത്തിയായി ചെയ്തില്ലെങ്കിൽ ആത്മാവ് നഷ്ടപ്പെട്ടുപോവുന്ന സീൻ. നിങ്ങളിങ്ങനെ കാൽനഖം കൊണ്ട് കളം വരച്ച് നിക്കാണ്ട് ചെന്ന് കെട്ടിപ്പിടിച്ചഭിനയിച്ച് കാണിക്ക് മിസ്റ്റർ! ന്നട്ട്ണ്ടാവണ കേസല്ലേ? അത് ഞാൻ തീർത്തോളാം! യ്യയ്യയ്യേ ഇതാര് ഋശ്യശൃംഗനോ!"

റിഹേഴ്സൽ ക്യാമ്പിലുള്ളവരെല്ലാം ചിരിച്ച് ചിരിച്ച് വായനശാലയിലെ പരുക്കനിട്ട നിലം കപ്പി. ജോസേട്ടനൊഴികെ.

"ടേക്കിറ്റീസി. കമോൺ മാൻ, ഉഷാറാവട്ടെ! രാധേ റെഡി!"
:
:
:
ആ നീന്തൽ പഠിച്ചതങ്ങിനെയാണ്. ജോസേട്ടന്റെ കൈത്തണ്ടയിൽ കിടന്ന്....അല്ല; ജോസേട്ടൻ വെള്ളത്തിലേക്ക് വലിച്ചിട്ടതാണ്! അങ്ങിനെയുമുണ്ടല്ലോ ചില പഠിപ്പുകൾ!

മധുരോദാരം

 


മധുരോദാരം


ബാലേന്ദ്രന് ഷുഗറ്ണ്ടാ?

ലേശം.

മര്ന്ന് തൊടങ്ങ്യാ?

ഇല്ല്യ.

നിയന്ത്രണാവും ല്ലേ?

പിന്നെ!.

എങ്ങന്യൊക്ക്യാ?

ചായേല് തീരെ മധുരൊഴിവാക്കി. നോ കോമ്പ്രമൈസ്!.

ഗുഡ്. പിന്നെ?

ചോറ് കൊറച്ച് ചപ്പാത്തി കൂട്ടി. ബ്രേക്ക്ഫാസ്റ്റിന് ഇട്ളി ഒന്നു കുറെ ഏഴാക്കി.
ഭേഷ്!

കൂടേള്ള പുഴുങ്ങ്യേ നേന്ത്രപ്പഴം ഒന്ന് മാത്രാക്കി. അത്താഴപ്പൊറമേ നേന്ത്രൻ ഒഴിവാക്കി പാളേങ്കോടനാക്കി.

ഹേയ്! പിന്നെ? കേക്കട്ടെ കേക്കട്ടെ.

ലഡു ജിലേബി കേക്ക് പായസം തൊടങ്ങ്യേല് നിയന്ത്രണം ഏർപ്പെട്ത്തണ കാര്യം പരിഗണനേല്ണ്ട്.

നല്ല കാര്യം. ചോയ്ക്കട്ടെ; ഏറ്റവും അട്ത്ത് ടെസ്റ്റീതതെന്നാ?

അധികായിട്ടില്ല്യ, എഴ് മാസം മുമ്പ്.

എത്ര്യാർന്നു?

ഇരുനൂറ്റാറ്.

നല്ല നമ്പറാ! ട്ടോ ബാലേന്ദ്രാ,

മഹാദേശക്കാരടെ കഥ പോല്യായീണ്ട് തന്റെ നിയന്ത്രണം!

എന്താദ്?

കന്നു പൂട്ടി ചില്ല് പോലെ നെരപ്പാക്ക്യേ കണ്ടത്തില് വിത്തെറ്യേണോന്റെ കാലടി പതിഞ്ഞ് ഭംഗികേടാവണത് ഒഴിവാക്കാൻ പണ്ടവര് ഒരുപായം കണ്ടെത്തി. എന്താന്നോ? വെതക്കാരനെ ഒര് കട്ടിൽലിരിത്തീട്ട് നാലാളത് കണ്ടത്തില് ചൊമന്നു നടന്നു. കേട്ട്ണ്ടോ താനീ കഥ?

ഇല്ല്യ.

ങ്‌ഹാ, ന്നാ കേക്കണം!.