കൈരഹസ്യം
"അച്ഛാ ഈ ഷർട്ടെങ്ങനേണ്ട്?."
"നന്നായീണ്ട്. "
"അച്ഛന് വാങ്ങീതാ."
"ഫുൾ സ്ലീവ്സാ!?."
"ങ്ഹാ എന്തേ?."
"എനിക്ക് വേണ്ട!."
"അയ് എന്താ വേണ്ടാന്ന്? അച്ഛന് ഫുള്ളാ ഗെറ്റപ്പ്."
"വേണ്ട!."
"എന്താദ്?."
"ബട്ടണിട്ട് ഫുൾ സ്ലിവ്സില് നടക്കാൻ എനിക്കിഷ്ടല്ല്യ."
"വേണ്ട, മടക്കി വെച്ചൂടെ?. അതന്ന്യാ ഭംഗീം."
"അത് ശര്യാവില്ല്യ."
"എന്ത് ശര്യാവില്ല്യാ?."
"മടക്കിക്കേറ്റാൻ പറ്റില്ല്യ. ഭയങ്കര ടൈറ്റാവും."
"ഇട്ട് നോക്കാണ്ടാ അച്ഛൻ പറേണത്?."
"ന്നാ ഞാനിടാം. നീയ്യാ കയ്യൊന്ന് മടക്കിത്തന്നേൻ!."
"ശരി........
ദാ കണ്ടാ എന്താ കൊഴപ്പം?."
"വരട്ടെ. ഇതെടത്തയ്യല്ലേ?. ഈ കയ്യിലെ മടക്ക്. "
"അത് ശരി!. അതാ കാര്യല്ലേ?. അച്ഛാ അതങ്ങന്യന്ന്യാ."
"എന്തൂട്ടങ്ങന്യന്നെ?. ഏത് ഷർട്ട് വാങ്ങ്യാലും വലത്തെ കയ്യ് ഇങ്ങന്യാ. മടക്കുമ്പൊ ടൈറ്റായിട്ട് കയ്യിലെ രോമം പറഞ്ഞ് പോരും!."
"അച്ഛാ, അതച്ഛന് മാത്രല്ലാ എല്ലാവർക്കും അങ്ങന്യാ. പൊതുവെ എല്ലാവരടേം വലത്തെ കൈത്തണ്ട വണ്ണം കൂടില്ല്യേ?. അധികം ആക്ഷൻ ആ കയ്യോണ്ടല്ലെ? അപ്പൊ മസിൽസൊക്കെ...."
".....അങ്ങന്യാച്ചാ കമ്പനിക്കാർക്ക് ആ സ്ലീവ്സ് ഇത്തിരി സൈസ് കൂട്ടീണ്ടാക്കിക്കൂടെ?."
"ഹ ഹ ഹ ഹഹ!. അയ്യോൻ്റെച്ഛാ!. അച്ഛനെ സമ്മതിച്ചു!."
"എന്തൂട്ട് സമ്മയ്ച്ചു?. എന്താ ഞാൻ പറഞ്ഞേല് തെറ്റ്?.''
"അച്ഛാ അപ്പോ എടത്തയ്യന്മാരില്ല്യേ?."
"അയ്...അ...അത്...അതിപ്പൊ; ന്നാ പിന്നെ വേറൊന്നും നോക്കണ്ട; രണ്ട് കയ്യും മുക്കാലിഞ്ച് വണ്ണം കൂട്ടി തുന്നണം. അതന്നെ!."
.
.
.
.
.
എന്തായാലും കണ്ണടേണേന് മുമ്പ് ഒരു ലോകരഹസ്യെങ്കിലും അറ്യാൻ കഴിഞ്ഞൂലോ!. തീരെ വ്യർത്ഥായി ജിവിതംന്ന് പറഞ്ഞൂടാ!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ