നിരീക്ഷണം
നിരീക്ഷകന്മാരെ തട്ടിത്തടഞ്ഞ് വഴി നടക്കാൻ പറ്റാത്ത കാലമാണല്ലോ?. പറയാം ഒരു പഴയകാല നിരീക്ഷണത്തിൻ്റെ കഥ. മനുഷ്യസ്നേഹിയും പ്രായോഗികമതിയും നർമ്മജ്ഞനുമായിരുന്ന ഒരു ന്യാസിയുടേയും......
ഞാൻ പഠിക്കുന്ന കാലത്ത് ആശ്രമം സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീരാമകൃഷ്ണമഠം സംന്യാസിയായിരുന്ന അന്തരിച്ച ശ്രീ. വ്യോമകേശാനനന്ദ സ്വാമി. പേര് അന്വർത്ഥമാക്കുന്ന ആകാരം. തലമുടി ആകാശം തൊടുന്ന ഉയരം. ഒത്തവണ്ണം. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള സ്വാമി പുറനാട്ടുകര സ്വദേശി തന്നെയായിരുന്നു. വാരിയർ സ്വാമി എന്നായിരുന്നു നാട്ടുകാരെല്ലാം വിളിച്ചിരുന്നത്. പുറനാട്ടുകര വാരിയം കുടുംബാംഗമായിരുന്നു പൂർവ്വാശ്രമത്തിൽ. നാട്ടിലുള്ള എല്ലാ വീട്ടുകാരുടേയും മക്കളുടേയും ഡാറ്റാ ബാങ്കായിരുന്നു സ്വാമി. അതിനാൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് വികൃതിത്തരം കാട്ടി സ്വാമിക്കു മുന്നിൽ ചെന്നു പെടാതിരിക്കുന്നതിന് പരമാവധി നിയന്ത്രണങ്ങൾ ഞങ്ങൾ സ്വയം പാലിക്കാറുണ്ടായിരുന്നു.
എല്ലാ ദിവസവും രാവിലെ വിവേകാനന്ദൻ്റെയും ഗാന്ധിജിയുടേയും കൂറ്റൻ ചിത്രങ്ങൾ സ്ഥാപിച്ചിരുന്ന കമ്മ്യൂണിറ്റി ഹാളിൽ നടന്നിരുന്ന അസംബ്ളിയിൽ പ്രാർത്ഥനക്കു ശേഷം നിത്യപഠനം, കുളി, പ്രാർത്ഥന, അനുസരണ, അദ്ധ്വാനം തുടങ്ങിയ വിഷയങ്ങളിൽ സ്വാമിയുടെ ഹ്രസ്വ പ്രഭാഷണങ്ങൾ പതിവുണ്ടായിരുന്നു. അതിൽ അദ്ധ്വാനമായിരുന്നു മിക്ക ദിവസങ്ങളിലും വിഷയം.
"കുട്ടികൾ നല്ലവണ്ണം അദ്ധ്വാനിക്കണം. വീട്ടിലെ പറമ്പിൽ കൈക്കോട്ടെടുത്ത് കളയ്ക്കണം. കൃഷി ചെയ്യണം. കൃഷിക്ക് സ്ഥലമില്ലെങ്കിൽ ഉള്ള സ്ഥലത്ത്, അഞ്ചടിയേ ഉള്ളുവെങ്കിൽ അതു മതി, രാവിലെ കൈക്കോട്ടെടുത്ത് രണ്ടടി താഴ്ച്ചയിൽ ഒരു കുഴി കുഴിക്കുക. പിറ്റെ ദിവസം രാവിലെ കൈക്കോട്ടെടുത്ത് ആ കുഴി മൂടുക. ഇങ്ങിനെ ദിവസവും ചെയ്താൽ അത് അദ്ധ്വാനവും നല്ല വ്യായാമവുമായി. നിങ്ങൾ കുട്ടികൾ ഒത്ത ആരോഗ്യമുള്ളവരാവണം. വിവേകാനന്ദ സ്വാമി പറഞ്ഞ ഇരുമ്പു പേശികളും ഉരുക്കു സിരകളുമുള്ള മനുഷ്യർ."
സ്കൂൾ പ്രവർത്തന സമയത്തു പോലും ക്യാമ്പസിലെ വൃക്ഷങ്ങളുടെയും ചെടികളുടേയും സംരക്ഷണത്തിലും പരിപാലനത്തിലും സ്വാമിയുടെ കണ്ണും കരളുമെത്തിയിരുന്നു. ഒഴിവു ദിവസങ്ങൾ പൂർണ്ണമായും ആശ്രമം പറമ്പുകളിലായിരുന്നു സ്വാമിയുടെ വ്യാപാരം. ആശ്രമം പറമ്പുകളെല്ലാം വൃക്ഷനിബിഡവും കാർഷിക സമൃദ്ധവുമായി ഇന്നും നിലനില്ക്കുന്നത് സ്വാമിയുടെ ഭാവനയും ദീർഘവീക്ഷണവും തികഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായാണ്.
നാട്ടിൽ പല സ്ഥലത്തുമായി ധാരാളം പറമ്പുകളുണ്ട് ആശ്രമത്തിനു്. ഇന്ന് കേന്ദ്രീയ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിലങ്ങൻ കുന്നിൻ്റെ അടിവാരത്തിലുള്ള സ്ഥലം പിൽക്കാലത്ത് ആശ്രമം സൌജന്യമായി നൽകിയതാണത്രെ.
വലിയ സ്വാമിയെപ്പറ്റി പറഞ്ഞു വരുന്നത് ചെറിയ തമാശയുള്ള ഒരു സംഭവത്തിലേക്കാണ്. പതിവുപോലെ ഒരു ഞായറാഴ്ച ദിവസം നാട്ടിലെ വിഷ്ണു ക്ഷേത്രത്തിനും സ്വാമിയുടെ തറവാടായ വാരിയത്തിനുമടുത്തുള്ള ആശ്രമം കൃഷിപ്പറമ്പിൽ സന്ദർശനവും പരിശോധനയും കഴിഞ്ഞു മടങ്ങുകയായിരുന്നു അദ്ദേഹം. വഴിയിൽ ആശ്രമത്തിൻ്റെ തന്നെ മറ്റൊരു പറമ്പുണ്ടായിരുന്നു. തോട്ടപ്പിള്ളി പറമ്പ് എന്ന് പഴമക്കാരും ഹനുമാൻ പറമ്പ് എന്ന് ഞങ്ങളുടെ തലമുറയും വിളിച്ചു വന്നിരുന്ന നാലഞ്ച് ഏക്രയോളം വരുന്ന ഒരു തേക്കിൻകാടായിരുന്നു അത്. ശക്തൻ തമ്പുരാൻ്റെ കാലത്ത് യോദ്ധാക്കളെ പരിശിലിപ്പിച്ചിരുന്ന തോട്ടപ്പിള്ളി കളരി നിന്നിരുന്ന സ്ഥലമായിരുന്നതുകൊണ്ടാണ് തോട്ടപ്പിള്ളി പറമ്പ് എന്ന പേര് കിട്ടിയതെന്ന് ചിറ്റിലപ്പിള്ളിക്കാരനും സുഹൃത്തും അവശ്യം ചരിത്രജ്ഞാനിയുമായ ചിറയ്ക്കൽ നാരായണൻ കുട്ടി പറഞ്ഞു കേട്ടിട്ടുണ്ട്.
വഴിയിലൂടെ നടന്നുപോവുന്നതിനിടയിൽ ഹനുമാൻപറമ്പിനടുത്ത് എത്തിയപ്പോൾ ഉണങ്ങിയ തേക്കിലകൾ നിറഞ്ഞ പറമ്പിനുള്ളിൽ നിന്നും സ്വാമി ഒരു അനക്കം കേട്ടു. പറമ്പിൽ ആരോ വിഹരിക്കുന്നുണ്ട് എന്ന് സംശയിച്ച സ്വാമി നടത്തം നിർത്തി. ആറേകാലടി ഉയരമുള്ള സ്വാമിക്കു പോലും ഉൾവശം കാണാൻ കഴിയാത്ത വിധം എഴടിയോളം ഉയരത്തിൽ പൊട്ടുകല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ വേലിയിതയാണ് പറമ്പിന്. അതിനു മുകളിൽ മേലായി കൃഷ്ണൻ്റെ കരവിരുതിൽ ഉയർന്ന മുള്ളുവേലിയും. റോഡിൽ നിന്നാൽ നോട്ടം കിട്ടില്ല.
എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ സ്വാമി നിന്നപ്പോഴാണ് ദിവാകരൻ നമ്പൂതിരി അതു വഴി വന്നത്. അയ്യന്തോളടുത്ത് ഒരമ്പലത്തിൽ ശാന്തിക്കാരനായിരുന്ന നമ്പൂതിരി സ്കൂളിൽ സ്വാമിയുടെ ശിഷ്യനായിരുന്നു. ആളെ കണ്ട വശം സ്വാമി പറഞ്ഞു.
"അഃ ദിവാകരാ പറമ്പില് എന്തോ അനക്കം കേക്കാണ്ട്. താനൊന്ന് നോക്ക്വാ ആരാ എന്താന്ന്!. "
"ഞാൻ നോക്കാം സ്വാമി!."
ദിവാകരൻ ഇതയിൽ അള്ളിപ്പിടിച്ചു കയറി വേലിക്കുള്ളിലൂടെ സസൂക്ഷ്മം പറമ്പിനകം നിരീക്ഷിച്ചു. അതിനിടയിൽ സ്വാമി ചോദിച്ചു:
"വല്ല പട്ടിയോ മറ്റോ ആയിരിക്കും ല്ലേ?."
ദിവാകരൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി ഉറപ്പു വരുത്തിയ ശേഷം പറഞ്ഞു:
"ഏയ്, പട്ട്യല്ല സ്വാമി!."
"പിന്നെ?."
"നായ."
തെല്ലിട മിണ്ടാട്ടം മുട്ടി നിന്നു സ്വാമി. പിന്നെ കയ്യാംഗ്യം കാട്ടി പറഞ്ഞു:
"ശരി. ന്നാ താനെറങ്ങ്യോള്വാ."
നിലത്തിറങ്ങി ദേഹത്തും മുണ്ടിലും പറ്റിപ്പിടിച്ച കരടുകൾ തട്ടിക്കളഞ്ഞു കൊണ്ടിരുന്ന ദിവാകരനോട് സ്വാമി ചോദിച്ചു.
"താനെത്ര വരെ പഠിച്ചു ദിവാകരാ?."
"പത്തുവരെ."
"പത്ത് പാസായില്ല്യേ?."
"ഇല്ല്യ സ്വാമി. "
"എന്തേ?."
"നാലഞ്ച് തവണ എഴുതിത്തോറ്റപ്പോ നിർത്തി. പിന്നെ ശാന്തിപ്പണി തൊടങ്ങി. "
ദിവാകരൻ നമ്പൂതിരിയെ ആപാദചൂഢം ഒന്നുഴിഞ്ഞു നോക്കിയ ശേഷം ഒരു ഗൂഢസ്മിതത്തോടെ സ്വാമി പറഞ്ഞു:
"അല്ല; എനിക്കതിശയം തോന്ന്വാ ദിവാകരാ!."
"എന്താദ് സ്വാമി?."
"ഇത്ര നിരീക്ഷപാടവള്ള തനിക്ക് പത്താം ക്ലാസ് ജയിക്കാൻ പറ്റീല്ലിലോന്ന് വിചാരിച്ചിട്ട്!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ