2020, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

വിവേകം


വിവേകം

ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടക്കയിൽ മലരുമ്പോഴേ അയാൾക്ക് നെഞ്ചിനകത്ത് ചില അസ്വസ്ഥതകൾ തോന്നിയിരുന്നു. മലർന്നു കിടന്ന് നെഞ്ചു തടവിക്കൊണ്ടിരുന്നത് കണ്ടപ്പോൾ വിഭാര്യനായ അയാളോട് അമ്മ ചോദിച്ചു:

"എന്തേ കൊച്ചുട്ടാ?."
"ഒന്നൂല്ല്യമ്മേ, ഗ്യാസായിരിക്കണം."
"ഇത്തിരി മല്ലി തളപ്പിച്ച് വറ്റിച്ച് തരട്ടേ?. നല്ലതാ."
"ഏയ് ഒന്നും വേണ്ട."
അത്രയും പറഞ്ഞ് അയാൾ ഒന്നു ചെരിഞ്ഞു കിടന്നു. ഉള്ളിലെ എരിപിരിയും തോളുകളിലേയും കീഴ്ത്താടിയിലേയും വേദനയും കഴപ്പും കൂടിക്കൂടി വരികയാണ്. കിടക്കരിങ്ങയില്ലാതായപ്പോൾ അയാൾ എഴുന്നേറ്റിരുന്നു. നെഞ്ചിനകത്ത് പിടിച്ചുപറിക്കുന്ന വേദന. കാര്യം തീരെ പന്തിയല്ലെന്ന് മകൻ്റെ മുഖത്തു നിന്ന് അമ്മ വായിച്ചെടുത്തു.
പട്ടണത്തിലെ ഏറ്റവും പ്രശസ്തനായ ഡോക്ടർ വീട്ടിലെത്തുമ്പോൾ അവസാന ഘട്ടമെത്തിയിരുന്നു. നെഞ്ചിൽ ഇടിച്ചും കൈപ്പത്തി അമർത്തിക്കൊണ്ടുമുള്ള അടിയന്തിര ശുശ്രൂഷയൊന്നും ഫലം കണ്ടില്ല. പോലീസ് ഓഫീസറായിരുന്ന ആ അമ്പതു വയസ്സുകാരൻ ജീർണ്ണവസ്ത്രം ഉപേക്ഷിച്ചിരിക്കുന്നു എന്ന് തീർച്ചയാക്കി സ്റ്റെതസ്ക്കോപ്പ് ഊരി മുറിക്കു പുറത്തു കടക്കുമ്പോൾ മുന്നിൽ ചോദ്യഭാവത്തിൽ നിന്ന ബന്ധുവിനോട് തമിഴ് ബ്രാഹ്മണനായ ആ ഡോക്ടർ പറഞ്ഞു:
"കഴിഞ്ഞു."
അയാൾ നീട്ടിയ നോട്ടുകൾ കൈകൊണ്ടു വിലക്കി വരാന്തയുടെ പടിയിറങ്ങി വഴിയിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറുന്നേ ഉണ്ടായിരുന്നുള്ളു ഡോക്ടർ; പിന്നിൽ നിന്നും ഒരലർച്ച കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കുത്തഴിഞ്ഞു പോയ ഒറ്റമുണ്ട് വാരി വലിച്ചു ചുറ്റി തനിക്കു നേരെ കുതിച്ചു വരുന്ന അമ്മയെയാണ്.
"എടുത്തോ അവൻ!. ൻ്റെ കുട്ട്യേ കൊന്ന്ട്ട് പൂവ്വാല്ലേ!."
മുള കീറുന്നപോലെ നിലവിളിച്ചുകൊണ്ടിരുന്ന അവരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് എടുത്തു കൊണ്ടു പോകുന്നത് നോക്കി നിന്ന ഡോക്ടറോട് ഒരു ചെറുപ്പക്കാരൻ വന്നു ക്ഷമാപണ സ്വരത്തിൽ പറഞ്ഞു:
"സാർ, വെഷമം തോന്നരുത്!. വല്ല്യമ്മ അറിവില്ലാണ്ട്...."
വാർദ്ധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയിരുന്ന ഡോക്ടർ അയാളുടെ തോളിൽ കൈവെച്ചു.
"സാരമില്ല മിസ്റ്റർ. ഇതൊക്കെ എത്രയോ കാലമായി കാണുന്നു. പോയി അവരെ ആശ്വസിപ്പിക്കൂ. ശേഖരാ കാറെടുക്കൂ!."
അര നൂറ്റാണ്ട് മുമ്പ് നാട്ടിൻ പുറത്തുള്ള എൻ്റെ വീടിനടുത്ത് നടന്ന സംഭവമാണ്. അന്നൊന്നും സാമൂഹ്യ മാധ്യമങ്ങളോ പെറുന്ന കാളകളോ പാളയങ്കോടൻ കയറോ ഉണ്ടായിരുന്നില്ല. പത്രങ്ങളും റേഡിയോയും വകതിരിവുള്ള ജനങ്ങളും ഉണ്ടായിരുന്നു....
ജീവൻ ത്യജിച്ചു പോയ നിർഭാഗ്യവാനായ ആ യുവ ഡോക്ടർക്ക് ആദരാഞ്ജലി.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ