കാടൻ
ബാലേട്ടൻ രണ്ടില പക്ഷം ചേർന്നോ?. ഇല കാട്ടി പ്രലോഭിപ്പിക്കുന്നോ?. തുടങ്ങിയ രാഷ്ട്രീയ പ്രാധാന്യമുള്ള ചോദ്യങ്ങൾ നടപ്പ് കവർചിത്രം അപ് ലോഡ് ചെയ്ത നാൾ മുതൽ കേൾക്കുകയാണ്. ഇനിയും മൌനം ഭൂഷണമെന്നു കരുതിയിരുന്നാൽ കേ.കോ. വിളക്കുംകാൽ യൂണിറ്റ് രൂപീകരിക്കുന്നത് എന്നാണ് എന്ന ചോദ്യം കൂടി ഉയർന്നേക്കാം. അതിനു മുമ്പ് വിശദീകരിച്ചു തടിയൂരാമെന്നു തോന്നുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് കേരളവർമ്മയിൽ ചേർന്ന സമയത്താണ് അവൻ ഒടിയിൽ കയറി ബങ്കറുകൾ കുഴിച്ചത്. റിങ്ങ് വേം(വട്ടച്ചൊറി), ടിനിയ ക്രൂറിസ് (ജോക്ക് ഇച്ച്) എന്നിങ്ങനെ വെറൈറ്റി നാമധാരിയാണവൻ. ആൺകുട്ടികളുടെ സ്വരം സ്ത്രൈണം വിട്ട് പൌരുഷത്തിലേക്ക് സംക്രമിക്കുന്ന കൌമാരപ്രായത്തിലാണ് പൊതുവെ ആക്രമണം. ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ പാരമ്പര്യ വിഷചികിത്സയും മറ്റു ഗൃഹ-നാട്ടു-ആയുർ-അലോ വൈദ്യപദ്ധതികളുമെല്ലാം ആയുധം വെച്ചു കീഴടങ്ങി അവനു മുന്നിൽ. വലത്തെ തുടയുടെ ഒടിയിൽ ഒരു പൊട്ടു പോലെ തിണർത്ത് രഹസ്യ ഭാഗത്തു കൂടി നുഴഞ്ഞു കയറി പൊക്കിൾക്കുഴിയും കടന്ന് നെഞ്ചിലേക്കും ചന്തി കയറി മറിഞ്ഞ് പുറത്തേക്കും സാമ്രാജ്യം വികസിപ്പിച്ചു അവൻ. ഒപ്പം കടുത്ത നിരാശയും അപകർഷബോധവും രക്ഷാമാർഗ്ഗം എൻഡ്രിനോ പരാമറോ മൂന്നു കുറ്റിയിലെ റെയിൽപ്പാളമോ എന്ന തെരഞ്ഞെടുപ്പു സങ്കടങ്ങളും!.
ഒരു വർഷത്തോളം തൊലിപ്പുറമെ പരാജയം പുരട്ടി നടന്നു. അവസാന ശ്രമമെന്ന നിലയ്ക്കാണ് പ്രശസ്ത സ്കിൻ സ്പെഷലിസ്റ്റായ അബ്ദുള്ള ഡോക്ടറെ കാണാൻ അച്ഛൻ നിശ്ചയിച്ചത്. ഒരു ദിവസം നാലു മണിക്ക് ബാങ്കിലേക്ക് വരാൻ നിർദ്ദേശിച്ച് അച്ഛൻ ജോലിക്കു പോയി. സ്റ്റേറ്റ് ബാങ്കിൽ മെസഞ്ചറായിരുന്നു അച്ഛൻ.
നാലു മണിക്ക് ബാങ്കിലെത്തിയപ്പോൾ ബാങ്കിലുള്ള ഉദ്യോഗസ്ഥരൊക്കെ കെ.എൻ്റെ (കെ.നാരായൺ നായർ ചുരുക്കിയതാണ് കെ.എൻ) മകനെ കാണാനും വിശേഷം ചോദിക്കാനുമായി അടുത്തു വന്നു. കഠിനാദ്ധ്വാനിയും വിനീതനും വിശ്വസ്തനുമായിരുന്ന കെ.എൻ. ബാങ്ക് സ്റ്റാഫിനു മുഴുവൻ പ്രിയപ്പെട്ടയാളായിരുന്നു. ചോദ്യവും കുശലങ്ങളും കഴിഞ്ഞപ്പോൾ അച്ഛൻ യൂണിഫോമെല്ലാം മാറി ഷർട്ടും മുണ്ടുമിട്ട് ഏജൻ്റിൻ്റെ മുറിയിൽ കയറി. (അന്ന് ബ്രാഞ്ച് മാനേജരല്ല; ഏജൻ്റ് ആണ് ) നേരത്തെ ഇറങ്ങാനുള്ള സമ്മതം വാങ്ങി അച്ഛൻ പുറത്തിറങ്ങുമ്പോഴാണ് ഓഫീസർ സ്വാമി ആ വഴി വന്നത്. വാതിൽക്കൽ കൂട്ടിമുട്ടിയപ്പോൾ സ്വാമി ചോദിച്ചു:
"അ: എന്താ കെ.എൻ. നേരത്തെ?."
"ഒന്നൂല്ല്യ സ്വാമി. മോനെ അബ്ദുള്ള ഡോക്ടറെ ഒന്നു കാണിക്കണം."
"എന്താ അസുഖം?. അബ്ദുള്ളയെ കാണാൻ?."
കഴിഞ്ഞ ഒരു വർഷത്തെ മെഡിക്കൽ ഹിസ്റ്ററ്റി കണിക തെറ്റാതെ അച്ഛൻ സ്വാമിയെ ചൊല്ലി അറിയിച്ചു.
സ്വാമി ചില്ലറക്കാരനല്ല. യഥാർത്ഥ പേര് സഹസ്രനാമം. കേരളത്തിലെ പഴയ തലമുറയിലെ ഫുട്ബോൾ പ്രേമികളിൽ അദ്ദേഹത്തെ അറിയാത്തവർ വിരളമായിരിക്കും. ഫുട്ബോൾ നാഷണൽ ലെവൽ റഫറിയായിരുന്നു സ്വാമി. തൃശ്ശൂരിലെ ചാക്കോള ട്രോഫിയടക്കം കേരളത്തിലെ ഏതാണ്ടെല്ലാ അഖിലേന്ത്യാ ടൂർണ്ണമെൻ്റുകൾക്കും സഹസ്രനാമം വിസിലൂതിയിട്ടുണ്ട്.
" ആകെ നിരാശ്യായി നടക്കാ കുട്ടി. ഞങ്ങളും!."
അച്ഛൻ്റെ വിഷമത്തെ തെല്ലിട നിരീക്ഷിച്ച ശേഷം സ്വാമി പറഞ്ഞു:
" കെ. എൻ!. നിരാശപ്പെടാനൊന്നൂല്ല്യ. ഞാനൊരു കാര്യം പറേട്ടെ; അബ്ദുള്ളയെ കാണാൻ വരട്ടെ. അവരും ഇവരും അതുമിതുമായി ഒരു കൊല്ലം ചികിത്സിച്ചൂന്നല്ലേ പറഞ്ഞത്?. ഒരു രണ്ടാഴ്ച എനിക്കും തരാമോ?."
"എന്താദ് സ്വാമി?."
"ഞാനൊരു വൈദ്യം പറയാം. അതൊന്നു ചെയ്തു നോക്കൂ. സിമ്പിളാണ്. കാട്ടുതകരാന്ന് കേട്ട്ണ്ടോ?. നാട്ടില് പറമ്പിലൊക്കെ കാണും. അതിൻ്റെ മൂത്ത ഇലകൾ നോക്കി ആവശ്യത്തിനെടുത്ത് നാല് കല്ല് ഉപ്പും ഒരു ചെറിയ കഷ്ണം പച്ചമഞ്ഞളും ചേർത്ത് വെള്ളമില്ലാതെ അമ്മിയിലരച്ച് പേസ്റ്റാക്കി അസുഖള്ളോടത്ത് ദിവസോം പെരട്ടണം. വെളുപ്പിന് എണീറ്റൊടനെ. ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുമ്പോ സോപ്പു തേക്കാതെ അത് കഴുകിക്കളയണം."
"അത്രേ വേണ്ടൂ?."
"അത്രേ വേണ്ടു. പക്ഷേ ദിവസോം മൊടങ്ങാതെ ചെയ്യണം."
"സമാധാനം കിട്ട്വോ?."
"പരീക്ഷിച്ചു നോക്കൂന്നേ. പലതും പരീക്ഷിച്ചതല്ലേ?. മാറീല്ല്യാച്ചാൽ അബ്ദുള്ളയെ കാണിച്ചോളൂ. മിക്കവാറും അത് വേണ്ടി വരില്ല്യ കെ.എൻ."
"ശരി സ്വാമി. പക്ഷേ ഈ കാട്ടുതകര..."
"കിട്ടണം. നാട്ടുംപുറല്ലേ. അല്ലെങ്കിൽ എൻ്റെ വീട്ടിലുണ്ട്. ഞാൻ നാളെ വരുമ്പൊ കൊണ്ടു വരാം. ഇന്നിപ്പൊ തൽക്കാലം ക്ഷമിക്കൂ."
"ശരി നോക്കാം സ്വാമി. "
"ഗുഡ്. ന്നാ അങ്ങന്യാട്ടെ. ഇയാള് വെഷമിക്കണ്ട ട്ടോ. എല്ലാം ഭേദാവും. പോയ്ക്കോളൂ."
എൻ്റെ പുറത്തു തട്ടി സമാധാനിപ്പിച്ച ശേഷം സ്വാമി വാതിൽ തുറന്ന് ഏജൻ്റിൻ്റെ ചേംബറിൽ കയറി.
രണ്ടാഴ്ച വേണ്ടി വന്നില്ല. പത്തു ദിവസം!. പിടിച്ചെടുത്ത പ്രദേശമാകെ ഒരു കരിനീല നിറം മാത്രം അവശേഷിപ്പിച്ചുകൊണ്ട് അധിനിവേശക്കാരൻ പിൻവാങ്ങി. ഒരുറപ്പിനുവേണ്ടി ഒരു മാസത്തോളം അരയ്ക്കലും പെരട്ടലും കഴുകലും തുടർന്നു. നഷ്ടപ്പെട്ട ഉത്സാഹമെല്ലാം തിരിച്ചു കിട്ടി. നാലാളുടെ മുഖത്ത് അപകർഷമില്ലാതെ നോക്കാമെന്നായി.
അര നൂറ്റാണ്ട് മുമ്പു നടന്ന മിറക്കിൾ ഹീലിങ്ങിൻ്റെ വിസ്മയം വിട്ടുമാറിയിട്ടില്ല. ഓർമ്മയ്ക്കായി അന്നു പറിച്ചുനട്ട ചെടിയുടെ പിൻമുറക്കാർ കൈവീശി നിൽപ്പുണ്ട് തൊടിയിലിന്നും. മുറ്റത്ത് നട്ടു വളർത്തി വെള്ളം തളിച്ചു തൊഴേണ്ടവനാണ്. പക്ഷേ സ്ഥാനം കുറ്റിക്കാട്ടിൽ തന്നെ!. കാട്ടുതകരയല്ലേ!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ