2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

അവസാനവലി വരെ

അവസാനവലി വരെ

വളരെ വളരെ വർഷങ്ങൾക്കു മുമ്പ് അതായത് അര നൂറ്റാണ്ട് മുമ്പ് നടന്ന കാര്യമാണ്. കഥയല്ല.
പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലം തൊട്ടേ മധ്യവേനലവധിയായാൽ ആലുവയിലുള്ള മൂത്ത ചേട്ടൻ്റെ വീട്ടിൽ പാർക്കാൻ പോവുന്ന പതിവുണ്ട്. അവിടെ ചെന്നാല് തമ്മില് വലിയ പ്രായവ്യത്യാസമില്ലാത്ത ചേട്ടൻ്റെ മക്കളുമൊത്ത് അടിച്ചു പൊളിക്കാം. ചേട്ടത്തിയമ്മ തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ വേറിട്ട രുചി ആസ്വദിക്കാം. ഏലൂരിൽ അലുമിനിയം കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ചേട്ടൻ്റെ ഒഴിവുദിന സായാഹ്നങ്ങളില് സകുടുംബം പട്ടണത്തിലേക്ക് നടക്കാനിറങ്ങാം. സന്ധ്യാസമയത്ത് മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് താഴെ മന്ദമായൊഴുകുന്ന ആലുവാപുഴയുടെ ഇരുണ്ട പച്ചപ്പിലേക്ക് നോക്കി നടുങ്ങാം. നടുക്കം മാറിയാല് പെരിയാറേ പെരിയാറേ സംഘഗാനം പാടാം. മടക്കം ആര്യഭവനിൽ കയറി മസാല ദോശ കഴിക്കാം. വല്ലപ്പോഴുമൊരിക്കൽ കാസിനോയിലോ സീനത്തിലോ സിനിമ കാണാം. (അത്തരമൊരു അവസരത്തിലാണ് സീനത്തില് ഞാന് ആദ്യമായി ഹിന്ദി സിനിമ (ദോസ്തി) ഫസ്റ്റ് ഷോ കണ്ടതും, 'കോയി ജബ് രാഹ് ന പായേ' കേട്ട് കരഞ്ഞതും.) അങ്ങിനെ മൊത്തത്തിൽ തകര്പ്പനായിരിക്കും തന്നാണ്ട് സമ്മര് വെക്കേഷൻ.
ആലുവ വാസത്തില് ഏറ്റവും രസകരം വീട്ടിലെ സിറ്റൗട്ടില് ഇരുന്നുകൊണ്ട് പുറംകാഴ്ചകള് കാണുന്നതായിരുന്നു. റെയില്വേസ്റ്റേഷന് കഷ്ടി ഒരു കിലോമീറ്റര് തെക്ക് മാറി ആലുവ - എറണാകുളം റെയിൽപ്പാതയുടെ തൊട്ടു വലത്തു വശത്തായി മുപ്പതോളം അടി താഴ്ന്ന സ്ഥലത്തു നിരന്നു കിടക്കുന്ന കമ്മത്ത് ബിൽഡിംഗ്സ് എന്ന പേരിലുള്ള അഞ്ചു ക്വാര്ട്ടേഴ്സുകളില് നടുവിലുള്ളതിലാണ് ചേട്ടൻ്റെ താമസം. സ്റ്റേഷനിൽ വണ്ടിയിറങ്ങിയാൽ എറണാകുളത്തേക്കുള്ള റോഡിലെ ഓവർ ബ്രിഡ്ജിൻ്റെ വശത്തുകൂടി തീവണ്ടിപ്പാളത്തിലേക്കിറങ്ങി തെക്കോട്ട്‌ നടന്നാണ് വീട്ടിലേക്ക് പോവുക. പാളത്തിൻ്റെ കിഴക്കുവശം പാടവും അതിനു നടുക്ക് ചീരക്കട ക്ഷേത്രവുമാണ്. പടിഞ്ഞാറു വശത്താണ് കമ്മത്ത് ബിൽഡിംഗ്സ്. വീടിനു മുന്നിലെത്തുമ്പോൾ താഴെ സിറ്റൗട്ടിൽ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് ചേട്ടന്റെ മക്കള് സതീശനും സുമവും ചേട്ടത്തിയമ്മയും നിൽപ്പുണ്ടാവും. അത് കണ്ടാല് മനസ്സില് ആഹ്ലാദം തിരതല്ലും. ഇനി രണ്ടു മാസം ഇവരൊത്ത് ഇവിടെ ഈ റെയില്പ്പാതയോരത്ത് തിമർക്കാം!.
വീടിന്റെ സിറ്റൗട്ടിൽ നിന്നു നോക്കിയാൽ വീടിനെക്കാളുമുയരത്തിലുള്ള ട്രാക്കിനു മുകളിലൂടെ തീവണ്ടികൾ പായുന്നതു കാണാം. അപ്പോൾ അവ ആകാശത്തു കൂടി പറക്കുകയാണെന്നു തോന്നും. പാസഞ്ചർ തീവണ്ടികളിലെ ജനലരികിലും ഫുട്ബോഡിലും സ്ഥാനമുറപ്പിച്ചിട്ടുള്ള യാത്രക്കാർ ഞങ്ങളെ നോക്കി കൈവീശും. തിരിച്ച് മരുമക്കളോടോപ്പം നാണിച്ചും പേടിച്ചും ഞാനും കൈവീശും. ആലുവ റെയിൽവേ സ്റ്റേഷനടുത്തായതിനാല് സിഗ്നലിനു വേണ്ടി വണ്ടിയെങ്ങാനും നിര്ത്തിയാല് ഞാന് നാണിച്ച് അകത്തേക്കൊടും. ലോകത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം ഇതാണെന്ന് അന്നൊക്കെ തോന്നിയിട്ടുണ്ട്. ഇതിനു വേണ്ടിയാണ് വേനലവധിയിൽ ഇവിടെ വരുന്നതെന്നും.
വേഗത്തില് ഓടുന്ന ഗുഡ്സ് ടെയിനുകളുടെ വാഗണുകൾ എണ്ണുന്നതായിരുന്നു മറ്റൊരു വിനോദം. എത്ര സൂക്ഷിച്ചെണ്ണിയാലും ഇടയ്ക്കൊരിക്കല് എണ്ണം തെറ്റും. ഓയിൽ ടാങ്കറുകളെത്തുമ്പോഴാണ് എണ്ണം പിഴയ്ക്കുക. മുപ്പത്തഞ്ചെന്നും അല്ല മുപ്പത്തെട്ടാണ് എന്നുമുള്ള
ഞങ്ങളുടെ വഴക്കിലേക്ക് മൂക്ക് വരച്ചിട്ടിട്ടാണ് ഗുഡ്സ് ട്രെയിനുകൾ ട്രാക്ക് വിട്ടിരുന്നത്. ചില ദിവസങ്ങളില് ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട്‌ അറുപതും എഴുപതുമൊക്കെ വാഗണുകള് കാണും. അമ്പത് കഴിഞ്ഞും വാഗണുകള് തീരുന്നില്ലെന്ന് കണ്ടാല് ഞങ്ങള് പ്രഖ്യാപിക്കും; പിന്നിലും എഞ്ചിനുണ്ടെന്ന്. പ്രഖ്യാപനം കൃത്യമാണെന്ന് തെളിയിച്ചുകൊണ്ട്‌ പിന്നിലേക്കൊടുന്ന കരിയെഞ്ചിന് കണ്ടാല് ഞങ്ങള് കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിക്കും. ഇന്നിപ്പോള് ഒറ്റ എഞ്ചിന് തന്നെ നൂറും നൂറ്റമ്പതും വാഗണുകള് വലിക്കുന്നു.
പാസഞ്ചര് ട്രെയിനുകളിൽ ഞങ്ങള്ക്ക് ഒരിഷ്ടക്കാരനുണ്ടായിരുന്നു. കൊച്ചിൻ എക്സ്പ്രസ്. കൂർത്തുരുണ്ട് വെളുത്ത നക്ഷത്രചിഹ്നം വരച്ച മുഖമായിരുന്നു കൊച്ചിൻ എക്സ്പ്രസിന്റെ എഞ്ചിന്. സാമ്പ്രദായിക ചൂളംവിളി ഉപേക്ഷിച്ച് ഞെട്ടിപ്പിക്കുന്ന ഒരമറലോടെ പാളം കുലുക്കി പാഞ്ഞു മറയുന്ന എഞ്ചിൻ ഇഷ്ടത്തോടൊപ്പം വല്ലാത്ത ഭിതിയും മനസ്സിൽ നിറച്ചിരുന്നു.
പാതിരാത്രിയിൽ തീവണ്ടികളുടെ ശബ്ദം കേട്ട് ഞെട്ടിയുണരാറുണ്ട്. അപ്പോൾ വീടിനു മുകളിലൂടെയാണ് വണ്ടി പോകുന്നതെന്നു തോന്നും എഞ്ചിൻ്റെ ഇരമ്പവും ഭൂമിയുടെ കുലുക്കവും കേട്ടാൽ. പക്ഷേ തുടർന്നു വരുന്ന ബോഗികളുടെയും വാഗണുകളുടേയും താളം ആസ്വദിച്ചുകൊണ്ട് ആലസ്യത്തോടെ കിടക്കുമ്പോള് ഇതവസാനിക്കാതിരുന്നെങ്കില് എന്ന് ആഗ്രഹിക്കും. വാഗണുകളുടെ താളത്തിനായിരുന്നു ഏറെ ആസ്വാദ്യത.
ദൈനംദിന അര്മാദിപ്പുകള്ക്കിടയില് ഒരു ദിവസം ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ വേണ്ടി ഞങ്ങള്
പാളത്തിൽ ചെവി അമർത്തി കിടന്നതും അരുതാത്തത് ചെയ്തതിന്റെ പേരില് ചേട്ടൻ്റെ കയ്യിൽ നിന്നും ചെമ്പരത്തിവടികൊണ്ടുള്ള പൂശ് കിട്ടിയതിന്റെയുമെല്ലാം ഓര്മ്മ മനസ്സില് ഇന്നും നിത്യഹരിതം. പാളത്തിൽ തലവെയ്ക്കുന്നതു കുറ്റകരമാണെന്ന് ശിക്ഷാനടപടിക്കിടയില് ചേട്ടന് കണ്ണുരുട്ടിയത് ഏറെ നാള് മനസ്സില് ആശങ്ക വിതച്ചു കിടന്നു.
സ്റ്റേഷനടുത്തു കിടക്കുന്ന സ്ഥലമായതുകൊണ്ട് വണ്ടികൾ ചില അവസരങ്ങളിൽ വീടിനു മുന്നിൽ സിഗ്നൽ കാത്തു കിടക്കാറുണ്ടെന്നു പറഞ്ഞുവല്ലോ. പിഴവ് കൂടാതെ പാളത്തിൽ തല വെക്കുവാന് സൌകര്യമന്വേഷിച്ചു നടക്കുന്ന ആത്മഹത്യാകാംക്ഷികളുടെ ആശ്വാസകേന്ദ്രമായിരുന്നു വീടിനു നൂറു മീറ്റർ തെക്ക് ഭാഗത്ത് ആൾപ്പെരു മാറ്റം കുറഞ്ഞ ആ സൂയിസൈഡ് പോയിൻ്റ്. രാവിലെ പാളത്തിലൂടെ പോലിസുകാരുടെയും ജനങ്ങളുടെയും പോക്കുവരവു കണ്ടാൽ നിശ്ചയിക്കാം ഇന്നൊരെണ്ണം നടന്നിട്ടുണ്ടെന്ന്. ഇത്തരം ചിലതും പാളങ്ങളിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞതുമുതൽ റെയിൽ പാളങ്ങളോടു വല്ലാത്ത ഭയം തോന്നിത്തുടങ്ങിയിരുന്നു എനിക്ക്.
അങ്ങിനെ പ്രായം മുതിർന്ന് പ്രീഡിഗ്രി പരീക്ഷ എഴുതിയിരിക്കുന്ന കാലം. എറണാകുളത്ത് കുറച്ചു മാസം മുമ്പ് തുടങ്ങിയ ഷേണായീസ് തിയ്യറ്ററും അതിൽ ദേവാനന്ദിന്റെ പ്രേം പൂജാരിയും കാണണമെന്ന മോഹം കലശലായപ്പോൾ ചേട്ടന്റെ വീട്ടിലേക്ക്‌ നടത്തിയ ഒരു ഓണം വെക്കേഷന് സന്ദർശനവേളയിലാണ് ആ സംഭവമുണ്ടായത്. ചെന്നതിന്റെ പിറ്റേ ദിവസം വെളുപ്പിന് വീടിനു മുറ്റത്തു നിന്ന് ചില സംസാരങ്ങൾ കേട്ടാണ് ഞാൻ ഉണർന്നത്. എണീറ്റു പുറത്തേക്കുള്ള വാതില്ക്കലെത്തിയപ്പോള് ചേട്ടത്തിയമ്മ മുറ്റത്തു നിന്ന് തിടുക്കത്തില് കയറി വന്ന് വഴി തടഞ്ഞു.
"ചന്ദ്രാ പൊറത്തക്കൊന്നും പോണ്ടാട്ടാ!."
“എന്താ പൊറത്ത്?.”
“അവടെ പാളത്തിലൊരാള്!.”
"എന്താന്ന്?."
"ഒന്നൂല്ല്യ. അങ്ങട്ട് പോണ്ട അതന്നെ!."
“അയ്‌ പറഞ്ഞോളോ ചേട്ത്ത്യമ്മേ, ഞാന് പോണില്ല്യ.”
ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്ന എന്നോട് കഴുത്ത് ചെരിച്ച് കൈത്തലത്തിൽ വെച്ച് ചേട്ടത്തിയമ്മ ഒരു ആംഗ്യം മാത്രം കാട്ടി അകത്തേക്ക് കടന്നു. പോകുമ്പോള് ഒന്നുകൂടി മുന്നറിപ്പ് നല്കി.
"ദേ ചന്ദ്രാ പോണ്ട ട്ടാ. പറഞ്ഞേക്കാം!."
എനിക്കു കാര്യം പിടി കിട്ടി. കുഞ്ഞുന്നാൾ മുതൽ ചേട്ടൻ്റെ വീട്ടിൽ വന്നിരുന്ന കാലത്തൊക്കെ ഇടക്കിടെ പറഞ്ഞ് കേട്ടിട്ടുട്ടുള്ളതാണെങ്കിലും തീവണ്ടിക്കു തലവെച്ചുള്ള ആത്മഹത്യയുടെ ഈ നേരറിവും സ്ഥലസാമീപ്യവും അനുഭവിക്കുന്നത് ആദ്യമായാണ്. എല്ലാം അറിഞ്ഞപ്പോള് ഉള്ളില് ഒരു വിറയലുണ്ടായി!. നാട്ടിലാവുമ്പോള് വല്ലവരും മരിക്കുമ്പോൾ കരമര്യാദയുടെ പേരിൽ ഒന്നു പോയി വരാൻ അച്ഛനോ അമ്മയോ പറഞ്ഞാൽ പേടിമൂലം മരിച്ച വീടിന്റെ പടിക്കല് ചെന്നൊന്നു നോക്കി പെട്ടെന്ന് മടങ്ങിയിരുന്ന ഞാൻ ഒരു മനുഷ്യശരീരം രണ്ടായി കിടക്കുന്ന ഭീകരദൃശ്യം കാണാൻ ഒരിക്കലും പുറപ്പെടില്ലെന്ന കാര്യമുണ്ടോ ചേട്ടത്തിയമ്മ അറിയുന്നു!.
ഞാന് പാളത്തിലേക്ക് നോക്കി. പതിവിനു വിപരീതമായി വടക്ക് വശത്തേക്കാണ് ആളുകള് നടന്നു നീങ്ങുന്നത്‌. പുതിയ ബലിസ്ഥലം കണ്ടെത്തിയതാരാണ്!. കാഴ്ച കണ്ടു മടങ്ങി വരുന്നവര് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്. പടുമരണവും ആളുകള്ക്ക് പറഞ്ഞ് ചിരിക്കുവാനുള്ള വിഷയം!.
ഞാന് മുറ്റത്തിറങ്ങി. അവിടെ ചേട്ടനും അയൽക്കാരനായ മേനോക്കി സാറും തമ്മിൽ വിഷയം സംസാരിക്കുന്നുണ്ട്.
"ആള് കണ്ടിട്ട് നല്ല യോഗ്യന്. പാൻസ്, ഫുള് സ്ലീവ്സില് ഇൻസെര്ട്ട് ചെയ്ത ടെറികോട്ടൺ ഷർട്ട്, പോളിഷ് ചെയ്തു മിനുക്കിയ ഷൂ. ഓട്ടോമാറ്റിക്ക് വാച്ച്."
ചേട്ടൻ്റെ സഹപ്രവർത്തകനും കോഴിക്കോട്ടുകാരനുമായ മേനോക്കി സാർ സംഭവം കണ്ടു വന്നിരിക്കുന്നു. സിഗരറ്റ് പുകച്ചുകൊണ്ടാണ് രണ്ടു പേരും സംസാരം. ചേട്ടൻ തുടരെ തുടരെ വലിച്ചൂതുന്നത് കണ്ടപ്പോള് മനസ്സിലായി ആള് ടെന്ഷനിലാന്നെന്ന്. മേനോക്കി സാർ പക്ഷേ കൂള്. നന്നായി ഹിന്ദി പാട്ടുകള് പാടുമായിരുന്ന കക്ഷി ഒരു മൊഹമ്മദ് രഫി ഗാനത്തിന്റെ ഈരടികൾ പതിയെ മൂളി കുറച്ചിട നിന്നു. പിന്നെ ഒരു പുകയെടുത്ത് നുണഞ്ഞാസ്വദിച്ചുകൊണ്ടു തുടര്ന്നു:
"പക്ഷെ എനിക്ക് വളരെ സ്ട്രൈക്കിങ്ങായി തോന്നിയത് മറ്റൊന്നാണ് ബാലകൃഷണന്!."
"എന്താദ്?."
തീരാറായ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് മറ്റൊന്നെടുത്തു വായിൽ വെച്ചുകൊണ്ട് ചങ്ങലവലിക്കാരനായിരുന്ന ചേട്ടൻ ജിജ്ഞാസുവായി.
"ബോഡിക്കു തൊട്ടടുത്തുള്ള സ്ലീപ്പറിന്റെ അറ്റത്ത്‌ ഒരു പനാമ പാക്കറ്റ് വെച്ചിരിക്കുന്നു. അതിനു മുകളിൽ ഒരു സിഗരറ്റു കുറ്റി. അതിനു താഴെ....പനാമയുടെ കവറിൽ ആ ഫേമസ് പരസ്യവാചകം. ഗുഡ് റ്റു ദി ലാസ്റ്റ് പഫ്!.”
തോളില് വന്നു വീണ ഗൌളിയെ എന്നപോലെ ചുണ്ടത്തു വെച്ച സിഗരറ്റെടുത്ത് വലിച്ചെറിഞ്ഞു ചേട്ടന്. അതുകണ്ട് മേനോക്കി സാര് എന്നെ നോക്കി നേരിയതായി പുഞ്ചിരിച്ചു. അതിനിടയ്ക്ക് ഒരു ട്രോളിയില് കുറച്ചു പോലീസുകാര് പാളത്തില് വന്നിറങ്ങുന്നത് കണ്ടപ്പോള് ഞാന് പെട്ടെന്ന് വീടിനുള്ളിലേക്ക് വലിഞ്ഞു. കുളിമുറിയില് കയറി ബ്രഷില് വടിവോടെ പേസ്റ്റ് പീച്ചുമ്പോള് മേനോക്കി സാര് വരച്ച ചിത്രം മനസ്സില് വീണ്ടും തെളിഞ്ഞു; മോടിയിലുള്ള വസ്ത്രധാരണം, പനാമ പാക്കറ്റ്, വലിച്ചു തീര്ന്ന സിഗരറ്റ് കുറ്റി, ഗുഡ് റ്റു ദി ലാസ്റ്റ് പഫ്.
അവസാനവലി വരെ രസകരം....
അപ്പോള് ആത്മഹത്യ ദാര്ശനികം മാത്രമല്ല സൌന്ദര്യശാസ്ത്രപരമായ സമസ്യയുമാണ്!.

Comments


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ