മാറാട്ടം
വര്‍ഷം 1977.
നാട്ടില് പഞ്ചായത്ത് തലത്തില് നടന്ന ഒരു ക്ലബ്ബ് ഫുട്ബോള് ടൂര്ണമെന്റിലെ പ്രകടനം കണ്ടാണ് ടീം ക്യാപ്റ്റന് ശശി എന്നെ തൃശ്ശൂര് ജില്ലാ ലീഗില് കളിക്കാന് ക്ഷണിച്ചത്. കലയായാലും കായികമായാലും സ്വന്തം തട്ടകത്തിനു പുറത്തു പോയി വിഹരിക്കാനുള്ള ആത്മവിശ്വാസമോ ധൈര്യമോ അന്നെനിക്കുണ്ടായിരുന്നില്ല. നാട്ടിലെ തൊമ്മൻ ലീഗിൽ ചെന്നാൽ പട്ടേലര്മാര്ക്കിടയില് തൊമ്മിയായി മാറും!. അതിനാൽ ഓഫര് കിട്ടിയ പാടെ നിരസിച്ചു.
“ഏയ് അതൊന്നും വേണ്ട്ര. ലീഗില് കളിക്കാള്ള കോപ്പൊന്നും എനിക്കില്ല്യ. മ്മടെ നാട്ടില്ള്ള കള്യൊക്കെ മതി. ”
“പോട ശവി!. നിന്റെ കോപ്പ് നിയ്യല്ല നിശ്ചയിക്കൃ, നമ്മളാ!. നീ വന്നേ. നിന്നെ ഞാന് യങ്ങ്സ്റ്റേഴ്സില് കേറ്റാം. നമ്മടെ റിസര്വ് ഗോളി ജോലി കിട്ടി ബോംബേക്ക് പോയി. അവര് പുത്യാളെ അന്വേഷിച്ച് നടക്ക്വാ.”
തൃശ്ശൂര് ജില്ലാ എ ഡിവിഷന് ഫുട്ബോള് ലീഗില് മികച്ച ടീമുകളില് ഒന്നായ യങ്ങ്സ്റ്റേഴ്സിലെ ഫോര്വാഡാണ് ശശി. അതിലേക്കാണ് ക്ഷണം. അയ്യയ്യോ വേണ്ടേയ്!.
“ഏയ്, അത് വേണ്ട്ര!.”
“നോക്ക്യേന് ലീഗില് കളിക്കാന് ചാന്സ് കിട്ട്വാന്നു പറഞ്ഞാ എളുപ്പല്ല!. അതും എ ഡിവിഷന്!.”
“അതന്ന്യാ പേടി. “
“എന്തൂട്ട് പേടി?. നിയ്യ് വന്നേട!.”
“ഏയ് ഞാനില്ല്യ.”
“ നീയ്യ് വരും. നിന്നെ ഞാന് പൊക്കും.”
“ശശി നിയ്യ് വെര്തെ...!.”
“ഡാ തെണ്ടീ, നെനക്ക് ചാക്കോള ട്രോഫി കാണണ്ടേ?.”
“അതിനിപ്പോ ലീഗില് കളിക്കണാ?.”
“കാലണ ചെലവില്ല്യാണ്ട് ചാക്കോള ട്രോഫി മുഴുവന് കണ്ടാ നെനക്ക് പുളിക്ക്യോ?.”
“അയ്?.”
“അതേടാ ലീഗിലെ കളിക്കാര്ക്കൊക്കെ ഫ്രീ പാസ്ണ്ട്. മുഴുവന് കളീം കാണാം. പടിഞ്ഞാറെ ഗ്യാലറ്യാ, വെയിലും കൊള്ളണ്ട. എന്തേ വേണ്ടേ നെനക്ക്?.”
അവഗണിക്കാനാവാത്ത പ്രലോഭനമായിരുന്നു അത്. ലീഗില് കളിക്കുന്നവര്ക്ക് ചാക്കോള ട്രോഫി അഖിലേന്ത്യാ ഫുട്ബോള് ടൂര്ണമെന്റിലെ എല്ലാ കളികളും സൌജന്യമായി കാണാം. കഴിവുള്ളവര്ക്ക് കളിച്ചു കയറാം എന്നുള്ളതിനു പുറമേ ലീഗ് പങ്കാളിത്തംകൊണ്ടുള്ള മറ്റൊരു ഗുണമാണ് പടിഞ്ഞാറെ ഗ്യാലറിയിലേക്കുള്ള ഈ ഫ്രീ പാസ് .
“പൊക്കറ ചെക്കാ നിയ്യ്. എല്ലാര്ക്കും കിട്ടണ ചാന്സല്ല.”
തൃശ്ശൂര് ഫുട്ബോള് ലീഗിലെ ചാമ്പ്യൻ ടീം ജിംഖാനയുടെ കളിക്കാരനും നാട്ടുകാരനും ഫുട്ബോളില് ഞങ്ങളുടെ തലതൊട്ടപ്പനുമായിരുന്ന ജോണിന്റെ പിന്തള്ളും കൂടിയായപ്പോള് എനിക്ക് പിടിച്ചു നില്ക്കാന് വയ്യെന്നായി.
അക്കാലത്ത് സേട്ട് നാഗ്ജി, മാമ്മന് മാപ്പിള, കേരളകൗമുദി തുടങ്ങി അഞ്ചോ ആറോ അഖിലേന്ത്യാ ടൂര്ണമെന്റുകള് കേരളത്തില് മാത്രം നടന്നിരുന്നു. അതിലെ മുന്തിയ ടൂര്ണമെന്റാണ് ചാക്കോള ഗോള്ഡ് കപ്പ്. ജില്ലാ ഫുട്ബോള് അസോസിയേഷനാണ് സംഘാടകര്. മഫത് ലാല്, സെന്റ്രല് ബാങ്ക്, തുടങ്ങിയ ബോംബെ ടീമുകള് ഗോവന് ഭീമന്മാരായ വാസ്കോ, സാല്ഗോക്കര്, ഡെമ്പോ പിന്നെ ആര്ഏസി ബിക്കാനീര്, പഞ്ചാബ് പോലീസ്, ഈഎംഈ, ഏഎസ്‌സി, എംആര്സി തുടങ്ങിയ പോലീസ്/പട്ടാള ടീമുകള്, ജലന്ധര് ലീഡേഴ്സ്, കേരളത്തിലെ പുലികളായ പ്രീമിയര് ടയേഴ്സ്, ടൈറ്റാനിയം, കസ്റ്റംസ് തുടങ്ങി ഇന്ത്യയിലെ മികച്ച ടീമുകള് കളിക്കുന്ന ടൂര്ണമെന്റാണ്. ഇന്ദര് സിംഗ്, മഖന് സിംഗ്, ചെയ്ന് സിംഗ് സഹോദരന്മാര്, രഞ്ജിത് ഥാപ്പ, രത്തന് ഥാപ്പ, ബീര് ബഹാദൂര്, ബെര്ണാഡ് പെരേര, ചാത്തുണ്ണി, ശങ്കരൻ കുട്ടി, സേവിയര് പയസ്, സി.ഡി. ഫ്രാന്സിസ്, നജീബ്, ജാഫർ, വില്യംസ്, വിക്റ്റര് മഞ്ഞില എന്നിങ്ങനെ അന്തരാഷ്ട്ര കളിക്കാര് അണിനിരക്കുന്ന ടൂര്ണമെന്റിലെ പത്തു മുപ്പതു കളികള് സൌജന്യമായി കാണുക എന്നത് ചില്ലറ കാര്യമല്ല. ബീഡിക്കു വഹയില്ലാതെ നടക്കുന്ന കാലവുമാണ്. ഒമ്പത് കിലോമീറ്റര് അകലെയുള്ള പാലസ് സ്റ്റേഡിയത്തിൽ എത്താന് സൈക്കിള് മതി. ആ വകയില് ബസ് ചാർജ് ഒഴിവാക്കാം. ഹാഫ് ടൈമിലെ സോഡക്കും ഒരു പനാമയ്ക്കുമുള്ള കാശു വേറെ കണ്ടെത്തിയാല് മതി. വാഗ്ദാനം സ്വീകരിക്കാതെ നിവര്ത്തിയില്ലായിരുന്നു.
മെയിന് ഗോള് കീപ്പര് മുരളിക്ക് സുഖമില്ലാതെ പോയ ഒന്നോ രണ്ടോ അവസരങ്ങളില് മാത്രമേ എനിക്ക് ബാറിനു കീഴില് നില്ക്കേണ്ടി വന്നുള്ളു. തോറ്റും ജയിച്ചും സമനില പിടിച്ചും ആ വര്ഷം തൃശ്ശൂര് എ ഡിവിഷന് ലീഗില് ഞങ്ങളുടെ ടീം തൃശ്ശൂര് ജിംഖാനയ്ക്ക് പിന്നില് റണ്ണര് അപ്പായി.
ദുരന്തത്തിന്റെ തുടക്കമായിരുന്നു അത്. കീഴ്‌വഴക്കമനുസരിച്ച് എ ഡിവിഷന് ചാമ്പ്യന്മാര്ക്കും രണ്ടാം സ്ഥാനക്കാര്ക്കും ചാക്കോള ട്രോഫിയില് മത്സരിക്കുവാന് അവസരമുണ്ട്!. അതെനിക്കുള്ള ഇരുട്ടടിയായിരുന്നു!. ഞാന് ചാക്കോള ട്രോഫിയില് കളിക്കണം!. ചാലക്കുടി സര്ക്കാര് സ്കൂള് ഗ്രൗണ്ടിലെ ലീഗ് ഫൈനല് മത്സരത്തിനു വന്ന കാണികളെ കണ്ടു മുട്ടിടിച്ചവനാണ് ചാക്കോള ട്രോഫിക്ക് പാലസ് ഗ്രൗണ്ടില് ആയിരങ്ങള്ക്ക് മുന്നില് കളിക്കാനിറങ്ങേണ്ടത്!.
ഭീഷണികള് ചെറുതൊന്നുമല്ലായിരുന്നു. ഫ്രീ പാസ് കിട്ടുന്ന നൂറു കണക്കിനു കളിക്കാര് ഗ്രൌണ്ടിന്റെ പടിഞ്ഞാറെ ഭാഗത്തു കെട്ടിയുയർത്തുന്ന പ്ലെയേഴ്സ് ഗ്യാലറി എന്നു വിളിക്കുന്ന പവിലിയൻ ഗ്യാലറിയിലുണ്ടാവും. ആളെ മൂപ്പിക്കുന്നതടക്കം സകലമാന വേലത്തരങ്ങളിലും ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും നേടിയിട്ടുള്ള ഗജപോക്കിരികള് കളി കാണാന് ഗ്യാലറിയില് ഇരിപ്പുറപ്പിച്ചാല് പിന്നെ അവരെ പേടിച്ചാരും ആ വഴി നടക്കില്ല. പ്രധാന പരിപാടി കൂവല് തന്നെ. ചന്തി തരിച്ച് ആരെങ്കിലും ഇരിക്കുന്നിടത്തുനിന്ന് ഒന്നെണീറ്റാല് കൂക്ക്. ഗ്യാലറിയില്നിന്ന് ഇടക്കൊന്നിറങ്ങിയാല് കൂക്ക്. ഗ്യാലറി കയറുമ്പോൾ കാലൊന്നിടറിയാൽ പിന്നെ പറയണ്ട. കളിക്കിടയില് പന്തു പുറത്തു വന്നാല് അതടുത്തുകൊടുക്കാന് ഒരാൾ പോലും ഇരുന്നിടത്തുനിന്ന് അനങ്ങില്ല. വിവരമറിയും. ജില്ലാ പോലീസ് സൂപ്രണ്ട് പോലും പടിഞ്ഞാറെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാന് ഒന്ന് മടിക്കും. അത്രയ്ക്ക് ജഗജാലകില്ലാടികളായിരുന്നു ലീഗ് ഫ്രീ പാസുകാര്. അതുകൊണ്ടു തന്നെ ഒരു വിധം മാനാഭിമാനികളൊക്കെ ടിക്കറ്റെടുത്തു നേരത്തെ ഗ്യാലറിയില് സ്ഥലം പിടിക്കും. രോഗം സാംക്രമികമായതുകൊണ്ട് വൈകി വരുന്ന ഹതഭാഗ്യരെ കൂവാന് അവരും കൂടും.
ഹിപ്പി വേഷം കെട്ടി നടന്നിരുന്ന കാലമായിരുന്നു അത്. തോളെല്ലിന് താഴെ വരെ ഇറങ്ങിക്കിടക്കുന്ന മുടി. കട്ടിത്താടി. അവീന്ദര് സിംഗ് എന്ന പേരുള്ള ഒരു കിടിലന് ഗോള് കീപ്പറുണ്ടായിരുന്നു അന്ന് വാസ്കോ ഗോവ ടീമില്. മുടിയും തടിയും താടിയുമായി ഏതാണ്ട് അയാളുടെ ആകാരം തോന്നിച്ചിരുന്നതിനാല് ആ പേരും കിട്ടിയിരുന്നു എനിക്ക് ലീഗ് കളിക്കാലത്തിനിടയ്ക്ക്. പതിനായിരങ്ങളുടെ മുമ്പിലേക്ക് ഈ വേഷവും വെച്ച് കളിക്കാനിറങ്ങിയാല് അവസാന വിസിലടിച്ചു കഴിയുമ്പോള് ഫ്രീ പാസുകാര് ശാപ്പിട്ടു വലിച്ചെറിയുന്ന താടിയും മുടിയും എല്ലും മാത്രമെ എന്റേതായി ഗ്രൗണ്ടില് ശേഷിപ്പുണ്ടാവൂ.
ടൂർണ്ണമെൻ്റ് ഫിക്സ്ചര് കണ്ടപ്പോള് കേശാദിപാദം തളര്ന്നു. പട്ടാള ടീമായ ഇഎംഇ സെന്റര് സെക്കന്ദരബാദാണ് ഞങ്ങളുടെ എതിരാളി!. ബീര് ബഹാദൂര് എന്ന ഷാര്പ്പ് ഷൂട്ടര് കളിക്കുന്ന ടീം. ഇടിവെട്ട് ഷോട്ടുകളുടെ രാജാവാണയാള്. നാഷണല് ടീമില് കളിച്ചിട്ടുള്ള കക്ഷി ഹാഫ് ലൈനില് നിന്നടിച്ചു ഗോള് പോസ്റ്റ് കുലുക്കുന്നത് കണ്ടിട്ടുണ്ട് ഞാന്. ദൈവമേ!. മുരളിക്ക് പകരമായി ബാറിനു കീഴില് നില്ക്കാന് എന്നോടെങ്ങാനും ആവശ്യപ്പെട്ടാല്!.
“ഡാ ശശീ എനിക്കന്നൊരു ഇന്റര്വ്യൂണ്ട് തിരുവനന്തപുരത്ത്. എന്താ ചെയ്യാ?.”
ഒരു ഡാവിറക്കി അരിമ്പൂരില് ചേച്ചിയുടെ വീട്ടില് രണ്ടു ദിവസം ഒളിച്ചു പാര്ക്കാം എന്ന പദ്ധതി പക്ഷെ ശശി തല്ക്ഷണം പൊളിച്ചു കയ്യില് തന്നു.
“വേഷം കെട്ട് കയ്യില് വെച്ചാ മതി. വന്നില്ലിങ്ങെ ബാലന്ദ്രാ നീയ് പിന്നെ തൃശ്ശൂര്ക്ക് കടക്കില്ല്യ ട്ടാ!. കട്ടക്ക് കട്ട പിള്ളേര്ണ്ട് അവരടെ കയ്യില്. വീട്ടിക്കേറി തല്ലും, പറഞ്ഞില്ല്യാന്ന് വേണ്ട!.”
ശശിയും ശത്രുപക്ഷം ചേര്ന്നപ്പോള് എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
കളിയുടെ ആദ്യ പകുതിയില് അവര് നാലെണ്ണം തന്നു. അതില് രണ്ടെണ്ണം ബീര് ബഹാദൂര് വക തന്നെ. രണ്ടാം പകുതിയുടെ പകുതി കഴിഞ്ഞപ്പോള് എന്നോടിറങ്ങാന് പറഞ്ഞു. നിലം തൊട്ടു വന്ദിച്ച് മുടിയും പറപ്പിച്ച് ഗോൾ പോസ്റ്റിലേക്ക് കുതിക്കുമ്പോഴുണ്ടായ മംഗളഘോഷത്തിന്റെ ഈണം നിങ്ങള്ക്കൂഹിക്കാവുന്നതുകൊണ്ടും എഴുത്ത് വല്ലാതെ നീണ്ടുപോയതിനാലും വിസ്താരത്തിലേക്ക് കടക്കുന്നില്ല.
ഇറങ്ങിയ ഉടൻ ടീമിന് ആശ്വാസമായി ശശി തിരിച്ചടിച്ച ഗോള് നല്കിയ ആത്മവിശ്വാസമായിരിക്കണം ബീര് ബഹാദൂറിന്റെ കനത്ത ഒരടിക്ക് ഇടത്ത് വശത്തേക്ക് ഡൈവ് ചെയ്തപ്പോള് സ്റ്റേഡിയത്തിലുയര്ന്ന ആരവം കേട്ട് എനിക്ക് ആസകലം പൊട്ടിത്തരിച്ചു!. പക്ഷെ സെൻ്റർ ബാക്ക് വാസു ഓടിവന്ന് കൈപ്പിടിച്ചുയർത്തി പുറത്തു തട്ടി ആശ്വസിപ്പിച്ചപ്പോഴാണ് സെക്കൻ്റ് ബാറിന് മീറ്ററുകളകലെ പുറത്തേക്കാണ് പന്തു പോയതെന്ന് മനസ്സിലായത്!.
“ടെന്ഷന് വേണ്ട ബാലന്ദ്രാ!.”
പട്ടാളക്കാര് പ്രാക്റ്റീസ് നിര്ത്തിയതോ എന്തോ ശേഷിക്കുന്ന സമയം ഒരു ഗോള് മാത്രമേ വീണുള്ളു. ഗോള് കിക്കെടുക്കാനൊഴിച്ച് പിന്നീട് ഞാന് പന്ത് കൈക്കൊണ്ട് തൊട്ടതുമില്ല.
കളി കഴിഞ്ഞു ബെഞ്ചില് വന്നിരുന്നു ബൂട്ടഴിക്കുമ്പോള് ഓര്ത്തു; സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. നാളെ മുതല് കളി കാണാന് വരേണ്ടതില്ല. കളികഴിഞ്ഞ് സ്റ്റേഡിയമൊഴിഞ്ഞിട്ടും പടിഞ്ഞാറെ ഗ്യാലറിയില് തങ്ങിയിരിക്കുന്ന കുറുനരികള് നാളെക്കുള്ള ഇരയെ മാര്ക്ക് ചെയ്യുകയാണ്!. ചിലര് വളരെ അടുത്തു വന്ന് സൂക്ഷിച്ചു നോക്കി എന്തൊക്കെയോ കമന്റടിച്ചു ചിരിച്ചു പോയിട്ടുമുണ്ട്.
പിറ്റേ ദിവസം രാവിലെ തന്നെ ടൌണില് പോയി. സുഹൃത്ത് അമ്മാടം വര്ഗീസിനെ കാണണം. അവനോടു ചോദിച്ച് ഒരു വഴി കണ്ടെത്തണം. എന്തായാലും കളി കാണാതിരിക്കാനാവില്ല. നാളെ RAC ബിക്കാനീറിന്റെ കളിയാണ്. ഫേവറിറ്റ് ടീം. ഇഷ്ടപ്പെട്ട കളിക്കാരായ സഹോദരന്മാര് മഖന് സിംഗും ചെയ്ന് സിങ്ങും. എതിര്ടീം വാസ്ക്കോ ഗോവ. തീ പാറുന്ന കളിയായിരിക്കും. പോയേ തീരൂ. പക്ഷെ ഈ വേഷത്തില് നാളെ പതിനെട്ടാം പടി ചവിട്ടാനാവില്ല.
എന്തായാലും വര്ഗീസ് ഒരു വഴി പറഞ്ഞ് തരാതിരിക്കില്ല. കേരളവര്മ്മയിൽ സഹബാച്ചുകാരനായിരുന്ന വര്ഗീസ് മൂത്ത കളിക്കാരനാണ്. കോളേജ് ടീം ക്യാപ്റ്റനായിരുന്നു. തൃശ്ശൂരിലെ ഫുട്ബോള് ഹൂളിഗൻസിന്റെ പള്സും പ്രഷറും അവനറിയാം. കക്ഷി തൃശ്ശൂരില് ഞങ്ങളുടെ പൊതു സുഹൃത്തായ ജനാര്ദ്ദനനുമായി (മൊണാലിസ ജനാര്ദ്ദനന്) കൂട്ട് ചേര്ന്ന് ടൌണിൽ സ്റ്റുഡിയോ നടത്തുന്നുണ്ട്..
“ങ്ഹാ, എന്തറാ, രാവില്യന്നെ?. ഇന്നലെ തോറ്റൂന്നു കേട്ടു. എത്ര കിട്ടീ?. എനിക്ക് വരാന് പറ്റീല്ല്യ.”
“അഞ്ച് ഒന്ന്.”
“ഔ അത്രല്ലേള്ളോ. സാരല്ല്യ. നീയ് നിന്ന്വോ?.”
“ഉവ്വലോ. സെക്കൻ്റാഫില്.“
“എത്രണ്ണം?.“
“ഒന്ന്.”
“കൊഴപ്പല്ല്യ. എന്തായാലും രണ്ടീസം ആ വഴി പോണ്ട നിയ്യ്.”
“അതിനാ ഞാന് നിന്നെ കാണാന് വന്നെ. വര്ഗീസേ, ഒരു വഴി പറഞ്ഞ് തരണം.”
“എന്ത് വഴി?.”
“കളി കാണാണ്ടിരിക്കാന് പറ്റില്ല്യ, പരിക്ക് പറ്റാനും പാടില്ല്യ. അതിനുള്ള വഴി.”
“സംഗതി ഗൌരവം പിടിച്ചതാ കുട്ടാ. ഈ പ്രകൃതത്തില് പടിഞ്ഞാറെ ഗ്യാലറി കയറണത് ആത്മഹത്യാപരമാണ്.”
“ഇനീപ്പെന്തു ചെയ്യും?.”
“ഒരു വഴീണ്ട്. ഒരേ ഒരു വഴി”
“പറയ്, ഞാനെന്തിനും റെഡി.”
“മൊത്തം ഒന്ന് വെട്ടിവെളുപ്പിക്കണ്ടി വരും. ന്നാലും ഗ്യാരണ്ടി തരാന് പറ്റില്ല്യ.”
“മുടി വെട്ടാം. താടി വടിക്കാം ”
“വെട്ട്യാ പോരാ. തല വടിക്കണം.”
“അയ്യോ അത് പറ്റില്ല്യ. അപ്പൊ പിന്നെ മണ്ടേലാവും മേട്ടം.”
“എന്നാപ്പിന്നെ ഒരു കാര്യം ചെയ്യ്. പറ്റെ വെട്ട്. മിലിട്ടറി ക്രോപ്പ്. താടീം മീശേം കളയ്. ക്ലീന് ഷേവ്.”
“ഔ ക്ലീന് ഷേവോ!.”
“റിസ്ക്കെടുക്കാന് തയ്യാറാച്ചാ മീശ വെച്ചോ.”
“എന്തായാലും ക്ലീന് ഷേവ് വേണ്ട.”
“ന്നാ ചെല്ല്. ബെസ്റ്റ് ഓഫ് ലക്ക്.”
പിറ്റേ ദിവസം ഗ്രൗണ്ടിലെത്തുമ്പോള് ഹൃദയപഞ്ചാരി അഞ്ചാം കാലം തുടങ്ങിയിരുന്നു. ഗേറ്റില് വെച്ച് മറ്റൊരു കളിക്കാരനും സുഹൃത്തുമായ ജോണ്സണെ കണ്ടു. അവനു പ്രഥമദൃഷ്ട്യാ എന്നെ മനസ്സിലായില്ല എന്നത് വല്ലാത്ത ആശ്വാസം പകര്ന്നു. ആരും വന്നു തുടങ്ങിയിട്ടില്ല. ഒഴിഞ്ഞ ഗ്യാലറിയില് വലിയ നോട്ടം കിട്ടാന് സാധ്യതയില്ലാത്ത ഒരിടം നോക്കി ഇരുന്ന് മറക്കാതെ കയ്യിൽ കരുതിയിരുന്ന കലാകൌമുദിയില് തല പൂഴ്‌ത്തി. റഫറി സഹസ്രനാമം കളിക്ക് വിസിലൂതിയപ്പോള് തല പൊന്തിച്ചു നോക്കി. ഗ്യാലറി നിറഞ്ഞിരിക്കുന്നു.
സമാധാനമായി. ആരും ഒന്നും അറിഞ്ഞിട്ടില്ല. ഇനി ഹാഫ് ടൈം വരെയും കളി കഴിയുന്നത് വരെയും പേടിക്കണ്ട. എല്ലാവരുടെയും ശ്രദ്ധ കളിയിലാണ്. കളി കഴിഞ്ഞാല് ഗ്യാലറിക്കെട്ടിലൂടെ ഊര്ന്നിറങ്ങി പിന്നിലൂടെ രക്ഷപ്പെടാം.
പക്ഷെ മഖന് സിംഗിന്റെ ഒരു ചുട്ട അടി വാസ്കോ ഗോളി അവിന്ദര് സിംഗ് പറന്ന് ബാറിനു മുകളിലൂടെ കുത്തിയകറ്റിയപ്പോള് വിപല്സൂചനകള് തെളിഞ്ഞു!.
ജോണ്സന്റെ തൊട്ടപ്പുറത്തു ഇരുന്നിരുന്ന ഒരുവന് അവന്റെ സുഹൃത്തിനോട് പറയുകയാണ്:
“ഈ സര്ദാര്ജിയുടെ പോലോരുത്തന് ഇന്നലെ കളിയ്ക്കാനെറങ്ങീത് നിയ്യ് കണ്ടാ?.”
“ഉവ്വവ്വ്. യങ്ങ്സ്റ്റേഴ്സിലല്ലേ?. അയാളെവടേള്ളതാ?. ആ ജീസസ്സ്?. അധികം കണ്ടിട്ടില്ലിലോ.”
“അറീല്ല്യ. അവരടെ പുത്യേ പ്ലേയറാവും.”
“ആ മൊതല് വന്നണ്ടാവോ കളി കാണാന്?.”
“വന്നണ്ടാവില്ല്യ. വന്നണ്ടെങ്ങെ അറ്യാണ്ടിരിക്ക്യോ?.”
അറ്യാണ്ടിരിക്ക്യോന്ന്!. ഉള്ളില് അഞ്ചാം കാലം അതിദ്രുതത്തിലെത്തി. ജോണ്സണ് എന്നെ നോക്കി കണ്ണിറുക്കി.
“കേട്ടില്ല്യേ?.”
അവന് പതിഞ്ഞ സ്വരത്തില് ചോദിച്ചു.
“കേട്ടു.”
“പറഞ്ഞാലോ?.”
“നീ പിന്നെ ജീവിച്ചിരിക്കില്ല്യ ജോൺസാ. സത്യം!.”
;
;
;
സംഭവം പിറ്റേ ദിവസം കൂട്ടുകാരനോടു പറഞ്ഞപ്പോള് ജോണ്സണ് കൂട്ടിച്ചേര്ത്തുവത്രേ:
“ തമാശ്യല്ലട, അത് പറഞ്ഞ സമയത്ത് അവന്റെ കണ്ണിലിക്ക് നോക്കീപ്പോ ന്റീശോയേ... ശരിക്കും അവനെന്നെ കൊല്ലുന്ന് തോന്നി!.”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ