സ്ഥിതപ്രജ്ഞം
സ്കൂട്ടറിൽ പെട്രോളടിക്കണം. ഫാർമേഴ്സ് സൂപ്പർമാർക്കറ്റിൽ നിന്ന് വറവുകായയും ശർക്കരുപ്പേരിക്കുള്ള ചുക്ക് ജീരകാദി മേമ്പൊടികളും വാങ്ങണം. പുറത്തോട്ടിറക്കത്തിൻ്റെ ലക്ഷ്യമതായിരുന്നു. അലമാരിയിലെ മുഖ്യ ഖജനാവിൽ നിന്ന് രണ്ട് അഞ്ഞൂറു രൂപ നോട്ടെടുത്ത് പേഴ്സിലേക്ക് ട്രാൻസ്ഫർ ചെയ്തു. മുഖംമൂടിയും തലമൂടിയും ഫിറ്റാക്കി സ്കൂട്ടറിൽ കയറി. ശവാസനത്തിലായിരുന്ന എൻജിൻ വിറച്ച് വിറച്ച് ജീവത്താകാൻ സമയമെടുത്തു.
കോൾ പാടത്തിനരികിലെ വഴിയിലൂടെ പോകുമ്പോൾ തോന്നി. കൃഷിയിറക്കാറായോ?. ചാലുവരമ്പുകൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഒരാഴ്ച മുമ്പ് വെള്ളം കയറി റോഡ് മുക്കിയ പാടമാണ്. വെള്ളം അത്രമാത്രം ഇറങ്ങിയിരിക്കുന്നു. ഏനാമ്മാവ് ബണ്ട് തുറന്നിരിക്കണം.
പുഴയ്ക്കൽ പെട്രോൾ പമ്പിൽ വണ്ടി നിർത്തി. എത്ര എന്ന് കണ്ണു കാട്ടിയ സർവീസ് ബോയോട് രണ്ട് എന്ന് വിരലുകാട്ടി.
പെട്രോൾ ടാങ്ക് പൂട്ടി പണമെടുക്കാൻ നോക്കിയപ്പോൾ വയറ് കത്തി!. രണ്ടഞ്ഞൂറിൻ്റെ നോട്ടെവിടെ?. ഷർട്ടിലും പാൻ്റിൻ്റെ രണ്ട് സൈഡ് പോക്കറ്റുകളിലും സാധനമില്ല.വലത്തെ പോക്കറ്റിൽ കുറെ കടലാസുകൾ മാത്രം. ചതിച്ചു!.
അടിച്ച പെട്രോള് ഊറ്റിയെടുക്കാൻ സംവിധാനമുണ്ടാവുമോ എന്തോ!.
" സോറി, പേഴ്സെടുക്കാൻ മറന്നു. വണ്ടി ഇവിടെ ഇരിക്കട്ടെ ഞാനെടുത്തു വരാം!."
എന്നു പറയാൻ തുടങ്ങിയതായിരുന്നു. അപ്പോഴാണ് കടലാസിനിടയിൽ നിന്ന് കൃത്യം 200 രൂപയുടെ നോട്ട് നിലത്ത് വീണത്!. ഇന്നലെ ഫാർമേഴ്സ് ബാങ്കിൽ നിന്നു വാങ്ങിയ പലവ്യഞ്ജനങ്ങളുടെ ബില്ലും ബാക്കിയുമാണ്.
ശരി. വീട്ടിലേക്ക് മടങ്ങാം. പണം മേശപ്പുറത്തു വെച്ചു കാണും. എടുത്തിട്ടുണ്ടാവില്ല. എല്ലാം മായയല്ലേ. പണമെടുത്തിട്ടു വേണം കായ വാങ്ങാൻ. വീട്ടിൽ ചെന്ന് മേശയിൽ നോക്കുമ്പോൾ മേശമേൽ പണമില്ല!.
"എന്തേ മടങ്ങീത്?."
"രണ്ടഞ്ഞൂറിൻ്റെ നോട്ട് ഇവടെ കണ്ട്വോ?."
"ഇല്ല്യ. എറങ്ങുമ്പൊ പേഴ്സ് പോക്കറ്റില് വെക്കണ കണ്ടൂലോ?."
"ഏയ്. ഇല്ല്യ. പെട്രോളടിച്ചിട്ട് കാശ് കൊടുക്കാൻ നോക്കീപ്പോ സാനം കണ്ടില്ല്യ. ഭാഗ്യത്തിന് പോക്കറ്റില് ഇരുനൂറ് രൂപേണ്ടാർന്നു."
"അയ് എന്തായി പറേണേ, പിന്നിലെ പോക്കറ്റില് വെക്കണത് ഞാൻ കണ്ടതല്ലേ?."
"പിന്നിലെ പോക്കറ്റിലാ!?. "
ശരിയാണല്ലോ!. തപ്പി നോക്കിയപ്പോൾ ചന്തിയിലെ പോക്കറ്റിന് ഗർഭം. നരച്ച പേഴ്സിനുള്ളിൽ അഞ്ഞൂറിൻ്റെ ഇരട്ടക്കുട്ടികൾ!. അപ്പൊ പെട്രോൾ പമ്പില് വെച്ച് നോക്കുമ്പൊ ഈ പോക്കറ്റ് എവട്യായിരുന്നു?.
"ദെന്താത്രക്ക് ഓർമ്മേല്ല്യാണ്ടായാ!"
"പിന്നില്ല്യാണ്ട്?. തൊടക്കാണ്!. "
"എന്ത് തൊടക്കം?."
"അൽഷീമേഴ്സ്.....അൽഷീമേഴ്സ്!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ