കോമ്പൻസേറ്ററി
വെളുപ്പിന് സിഗരറ്റ് വാങ്ങാൻ ലോനപ്പൻ്റെ പീടികയിലേക്ക് കയറുമ്പോഴാണ് തെക്കുനിന്ന് ഒരാൾ തുളുമ്പിയുരുണ്ടു വരുന്നതു സുകുമാരൻ കണ്ടത്. തെക്കേലെ രാമകൃഷ്ണൻ്റെ മകനാണ്. രാവിലത്തെ നടത്തം കഴിഞ്ഞുള്ള മടക്കമാവണം. നൂറ്റിപ്പത്ത് കിലോ തൂക്കമുണ്ടത്രെ പ്ലസ്ടൂക്കാരൻ. കൊവിഡ് കാലത്ത് കക്ഷി വെയ്റ്റ് കുറയ്ക്കുവാനുള്ള ശ്രമത്തിലാണെന്ന് സമപ്രായക്കാരനും സുഹൃത്തുമായ മകൻ വീട്ടിൽ പറയുന്നത് കേട്ടിരുന്നു. ഡോക്ടറുടെ നിർദ്ദേശമുണ്ടെന്നും.
"ഇന്നത്തെ നടത്തം കഴിഞ്ഞ്വല്ലേ വിജൂ? "
"ങ്ഹാ അങ്കിൾ."
"എത്ര ദൂരം നടക്ക്ണ്ട്?."
"മോണിങ്ങിലാറ് ഇവ്നിങ്ങിലാറ്!. "
കാഞ്ചൻജംഗ കീഴടക്കി വരുന്ന ഭാവത്തിലാണ് മറുപടി.
"'ഹേയ് ഭേഷ്!. അപ്പ വേയ്റ്റ് നല്ലണം കൊറഞ്ഞ്‌ണ്ടാവൂലോ?. ഇപ്പെത്രേണ്ട്?."
പയ്യൻ രൂക്ഷമായൊന്നു നോക്കി കഴുത്തു വെട്ടിച്ച് നടന്നു പോയതു കണ്ടപ്പോൾ താനെന്തോ അശ്ളീലം പറഞ്ഞുവോ എന്നു സംശയമായി സുകുമാരന്.
"ലോനപ്പാ അരപ്പാക്കറ്റ് ഗോൾഡ്."
"ക്ടാവിനത് ചോയ്ക്കണതിഷ്ടല്ല്യ."
സിഗരറ്റും കൊടുത്തതിൽ ബാക്കി ചില്ലറയും വെച്ചു നീട്ടുമ്പോൾ ലോനപ്പൻ പറഞ്ഞു.
"ഏത്?."
"അല്ല; തൂക്കേയ്."
"അത്യോ, അയ്യോ!. നടക്കണോണ്ട് ഗുണണ്ടോന്നറ്യാൻ ചോയ്ച്ചതാ ട്ടാ."
"ഗുണണ്ട് സൂമാരാ...."
പെട്ടെന്ന് വന്നു കയറിയ രാമകൃഷ്ണനാണ് മറുപടി പറഞ്ഞത്. സരസഭാഷിയാണ് രാമകൃഷ്ണൻ. സംഭാഷണം വള്ളി പുള്ളി വിടാതെ കേട്ടിരിക്കുന്നു!.
"......അഞ്ച് കിലോ കൂടി!."
"അയ്!. "
"അതേടോ. ഇപ്പൊ നൂറ്റിപ്പതിനഞ്ചാ. ഇന്നലെ വെയ്റ്റ് നോക്കാൻ കേറീപ്പൊ മെഷിൻ കത്തിപ്പോയി!. ലോനപ്പാ ഒരു സീർട്ട്."
"ഹ ഹ!. ദെന്താപ്പദിങ്ങനെ!. ദിവസം പന്ത്രണ്ട് കിലോമീറ്ററ് നടന്നട്ട്?."
സിഗരറ്റ് കൊളുത്തി ഒരു കവിൾ പുകയെടുത്തതിൽ ഒരോഹരി പുറത്തേക്കൂതിക്കൊണ്ട് രാമകൃഷണൻ പറഞ്ഞു:
"എങ്ങന്യാണ്ടോ കൊറയാ?. ദേ ഇപ്പ പോയീത് കണ്ടാ. ആ പോക്ക് ചെന്ന് വീഴണത് കെടക്കേലാ. എട്ട് മണ്യടിക്കാണ്ട് ഇന്യെണീക്കില്ല്യ മൊതല്."
"അയ്യയ്യോ!. "
"എണീറ്റാലോ മിനിറ്റ് വൈകാണ്ട് കുളിച്ച് ഡൈനിങ്ങ് ടേബിൾല് പ്രതിഷ്ഠ്യാവും. പിന്നെ ഗണപതി പ്രാതലാ . പത്തിട്ട്ളി, രണ്ട് മൊട്ട, ഒരു പടല പാളേങ്കൊടൻ, ഹോർലിക്സ് കലക്കീട്ട് ഇരുനാഴി എരുമപ്പാല്!."
" ഔ!"
"നടന്നാ പോരാ. ഒപ്പം തീറ്റേം കൊറക്കണം. വേണ്ടേ?. ഇതെന്താ; ഉണ്ണാനിരിക്കണാളെ അപ്പറത്ത് കാണാൻ പറ്റാത്തോണം ചോറ് വെളമ്പണം ഉച്ചക്ക്. മീനില്ല്യാണ്ട് ഒരു വറ്റെറങ്ങില്ല്യ. നാല് മൊട്ട പൊരിച്ചത് ഒരു മണി ഒഴിയാണ്ട് നീക്ക്യാ വെക്കണം. ഉർളൻ കെഴങ്ങ് എണ്ണ മുങ്ങെ വറത്തത് പിടിപിട്യായിട്ട് കടിച്ചെറക്കണം. ഷിൻസി പപ്പടം; ഷിൻസ്യന്നെ വേണം, എട്ട്. കുടിച്ചിട്ട് ഏമ്പക്കടാൻ ഒരു ഗ്ലാസ് കട്ടത്തൈര്!."
"ദെന്താ രാമഷ്ണാദ്!."
"കഴിഞ്ഞിട്ടില്ലിടോ; എടനേരം ഒരു പാക്കറ്റ് ലേയ്‌സ്, ഇരുനാഴി വെട്ട്യാ മുറ്യാത്ത ചായ. ഒന്നരാടം വെച്ച് രണ്ട് നേന്ത്രപ്പഴം വയറ് കീറി അരികളഞ്ഞ് അവിലിട്ട് മൂട്ടി പൊരിച്ചത്."
"അപ്പൊ രാത്രി?."
"ലേശം സമാധാനണ്ട്. എട്ട് ചപ്പാത്തീം അരക്കിലോ ചെറുപയറ് മസാലരച്ച് വെച്ചതും മതി. അധികായാ വയറ് വീർത്ത് മുട്ടീട്ട് ഒറക്കം വരില്ല്യാത്രേ!. പറഞ്ഞ് നിന്ന് നേരം പോയീതറിഞ്ഞില്ല്യ. ജോലിക്ക് പോണം. ലോനപ്പാ മൂന്ന് ഡസൻ മൊട്ട. വേഗാട്ടെ!. "
"..............!!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ