അറിയാതെ പോയത്
സകൂളിൽ പഠിക്കുന്ന കാലത്ത് പേടിയുടേയും നാണത്തിൻ്റെയും സഭാകമ്പത്തിൻ്റെയും കലാതിലകമായിരുന്നു ഞാൻ. നാട്ടിൽ അമ്പലപ്പറമ്പിൽ ഓട്ടവും ചാട്ടവും പന്തുകളിയും അമ്പലക്കുളം ചാടലും തിരുതകൃതിയായിരുന്നെങ്കിലും സ്കൂളിൽ തരമൊന്നു വേറെയായിരുന്നു. രാവിലെ സ്കൂളിലെത്തിയാൽ ക്ലാസിൽ സ്വന്തം സീറ്റിൽ ചെന്നിരിക്കും. ഇടക്ക് കുട്ടികൾ തൊട്ടു-പ്രാന്തി കളിക്കുന്നതും കിളിമാസ് കളിക്കുന്നതും ക്ലാസ് മുറിയുടെ ജനലിലൂടെ കൊതിപൂണ്ടു നോക്കി നിൽക്കും. ആ സമയം ഏതെങ്കിലും മാഷ് മുറുക്കാൻ ചവച്ചു വരാന്തയിലൂടെ റോന്തിനു വരുന്നതു കണ്ടാൽ ഓടി സീറ്റിലിരിക്കും. എന്തോ വലിയ കുറ്റം ചെയ്ത പോലെ തല കുനിച്ച്. സ്കൂളിൽ തികഞ്ഞ അച്ചടക്കവും പഠനമികവും പുലർത്തി പേരെടുത്ത ചേട്ടൻ ചേച്ചിമാരുടെ അനിയൻ എന്നത് പ്രതിരോധിക്കാൻ വയ്യാത്ത സമ്മർദ്ദമായിരുന്നു!. അതൊക്കെ പേടി എന്ന വകുപ്പിൽ പെടും.
സ്കൂൾ ആനിവേഴ്സറി കായിക മത്സരങ്ങളിൽ പങ്കെടുക്കാറില്ല. കാരണം നാണം. യൂത്ത് ഫെസ്റ്റിവലിൻ്റെയും വാർഷികദിന പരിപാടികളുടെയും സ്റ്റേജിൽ കാലെടുത്തു കുത്താറില്ല. അതു സഭാകമ്പം. ആകെക്കൂടി ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കും. പക്ഷേ സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറാൻ ഭയമായതിനാൽ വാർഷികത്തിന് പോകാറില്ല. പിറ്റേതിൻ്റെ പിറ്റെ ദിവസം സ്കൂളിൽ ചെന്നാൽ ഹെഡ് മാസ്റ്ററുടെ സമൺസുമായി പ്യൂൺ ലോനപ്പേട്ടൻ ക്ലാസ്സിൽ വരും. മുട്ടുവിറച്ച് ചെല്ലുമ്പോൾ തൻ്റെ മുറിയിൽ കാത്തിരിക്കുന്നുണ്ടാവും വാരിയർ സ്വാമി എന്നു വിളിച്ചിരുന്ന ഹെഡ്മാസ്റ്റർ വ്യോമകേശാനന്ദ സ്വാമി. ചൂരൽ വിളക്കി രക്തശുദ്ധി വരുത്തിയ കൈവെള്ളകളിൽ വാർഷികത്തിന് കൈപ്പറ്റാത്ത സർട്ടിഫിക്കറ്റ് വെച്ചു തരും ആജാനബാഹുവായിരുന്ന സ്വാമി....
മൂത്ര പിരിയഡിന് ബെല്ലടിച്ചാൽ എല്ലാവരും സാധിച്ചു കഴിഞ്ഞ് ആളനക്കമില്ലാതായാൽ മാത്രമേ പുരയിൽ കയറൂ. ആൾ സാമീപ്യമുണ്ടായാൽ മോട്ടറ് സ്റ്റാർട്ടാവില്ല!.
ബെല്ലടിച്ചു കഴിഞ്ഞ് വൈകി ക്ലാസിലെത്തുമ്പോൾ ആ പിരിയഡു മുഴുവൻ വരാന്തയിൽ നിന്നു വാതിൽപ്പുറക്കാഴ്ചകൾ ആസ്വദിക്കാം!.
ആരോടും കശപിശക്കോ ഗുസ്തിക്കോ പോകാത്ത നല്ലുട്ടിയായിരുന്നു. സ്ഥിരമായി കുത്തിയും മാന്തിയും തോണ്ടിയും ഉപദ്രവിച്ചിരുന്ന ചട്ടമ്പി ചന്ദ്രുവിനോടു പോലും ഗാന്ധിയൻ സമീപനമായിരുന്നു. പക്ഷേ ഒരു നാൾ കോമ്പസ്സുകൊണ്ടുള്ള കുത്ത് സഹനത്തിനപ്പുറം ചന്തിയിൽ ആഴ്ന്നിറങ്ങിയപ്പോൾ സാധു മിരണ്ടാൽ സ്റ്റൈലിൽ അക്രമിയെ അടിച്ചു ബോധം കെടുത്തിയതിൻ്റെ കേസ് ഫയൽ ഇപ്പോഴും സ്കൂളിലുണ്ടായിരിക്കണം. ക്ലാസ് മാഷ്, ഡ്രില്ല് മാഷ്, ഹെഡ് മാഷ്, സെന്മേരീസുകാരി ചേച്ചി, അമ്മ, അച്ഛൻ അങ്ങിനെയായിരുന്നു വകയിൽ ശിക്ഷയുടെ ദായക്രമം. ക്രിമിനൽ റെക്കോഡായി അങ്ങിനെ ഒന്നേ സ്കൂൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു.
അങ്ങിനെയൊക്കെയായിരുന്നെങ്കിലും പത്താം ക്ലാസ് പരീക്ഷയ്ക്ക് തൊട്ടു മുമ്പ് നടന്ന സ്കൂൾ വാർഷിക സ്പോർട്സിൽ അവിശ്വസനീയമെന്നപോൽ ഒന്നുണ്ടായി.
പങ്കെടുക്കാറില്ലെങ്കിലും ഗ്രൌണ്ടിൽ പോകാനും കൂട്ടത്തിൽ നിന്ന് മത്സരം കാണാനും കയ്യടിക്കുവാനുമുള്ള ആത്മവിശ്വാസമൊക്കെ പത്താം ക്ലാസ് ജീവിതത്തോടെ കൈവന്നിരുന്നു.
ഓട്ടവും ചാട്ടവും കഴിഞ്ഞ് റിലേയ്ക്ക് മുമ്പ് ഷോട്ട് പുട്ട് മത്സരം നടക്കുകയാണ്. പേര് വിളിച്ചവരൊക്കെ സർക്കിളിനു പിന്നിൽ അണിനിരന്നിരിക്കുന്നു. എന്നെപ്പോലെയുള്ള പോത്തന്മാരും എലുമ്പന്മാരുമടക്കം അഞ്ചെട്ടു പേരുണ്ട്. ഏറ് തുടങ്ങുന്നതിനു മുമ്പ് ഡ്രിൽ മാഷ് എന്നു വിളിച്ചിരുന്ന സെബാസ്റ്റ്യൻ മാഷ് ചുറ്റും നോക്കി വിളിച്ചു ചോദിച്ചു:
"ഇന്യാരെങ്കിലൂണ്ടോ ഷോട്ട് പുട്ട് സീനിയേഴ്സ്?."
മാഷുടെ നോട്ടം ഞാൻ നിൽക്കുന്നിടത്തേക്ക് കറങ്ങിത്തിരിഞ്ഞ് എത്തിയപ്പോൾ ഞാൻ സൂത്രത്തിൽ തല വലിച്ചു.
"ആരാണ്ടാദ്!. ഡാ ... ഇവട വാടാ... എവടക്കാ നിയ്യ് മുങ്ങണ്!. ഇങ്ങട് വാടാ തോക്കാ!."
തണ്ടും തടിയും നോക്കിയുള്ള വിളിയാണ് മാഷിൻ്റേത്. എനിക്കന്നേ അഞ്ചേ ഏഴുണ്ട് പൊക്കം. എഴുപത് തൂക്കവും. ചുറ്റും കൂടിയിരുന്നവരുടെ ചിരിയും മാഷുടെ പരിഹാസവുമായപ്പോൾ എനിക്ക് തെളിവിൽ വരാതെ മറ്റു മാർഗ്ഗമൊന്നുമുണ്ടായില്ല. നേരെ സർക്കിളിലേക്ക് കയറി ചെന്നു.
"സർക്കിൾന്ന് മാറി നിക്കറ!. ദാ ഇവടെ ഇവടെ നിക്ക്!."
എറിയന്മാരുടെ വരിയിൽ ഒരറ്റത്ത് എന്നെ നിർത്തി.
"എന്താ നിൻ്റെ പേര്?."
"ബാലചന്ദ്രൻ."
"ക്ലാസ്?."
"പത്ത് ബി."
"ശരി. അവടെ നിക്ക്. നിൻ്റെ നമ്പറ് ഒമ്പത്. അപ്പൊ ഇന്യാരൂല്ലിലോ?. യെസ് മത്സരം തൊടങ്ങാണ്. ഷോട്ട് പുട്ട് സീനിയേഴ്സ്. റെഡി നമ്പർ വൺ!. "
എട്ടും കഴിഞ്ഞ് ഒമ്പതെത്തിയപ്പോൾ ദേഹം വിറച്ചു തുടങ്ങി. ഞാൻ അനങ്ങിയില്ല.
"ദെന്താണ്ടാ നോക്കി നിക്കണ്. എടുത്തെറ്യേടാങ്ങട്! കാണട്ടെ."
ഞാൻ അനങ്ങുന്നില്ല.
"തെങ്ങടിച്ചാ പന വീഴണ തടീണ്ടായിട്ട് ചെക്കൻ്റെ നിപ്പ് കണ്ടാ. പിടിക്കടാദ്. എറിയടാ."
മാഷ് ഷോട്ടെടുത്ത് കയ്യിൽ തന്നു.
എനിക്ക് ദേഹം തളരുന്ന പോലെ!.
ദൈന്യം കണ്ടിട്ടാവണം മാഷ് അടുത്തു വന്ന് പതുക്കെ ചെവിയിൽ പറഞ്ഞു:
"പൂശ്!. നെനക്ക് കിട്ടും!."
അതൊരു ചൂട്ടുകുത്തായിരുന്നു. ഉള്ളിൽ എന്തോ ഒന്നിന് തീ പിടിച്ച പോലെ തോന്നി. ഉണ്ടയുമായി സർക്കിളിൽ കയറുമ്പോൾ നഷ്ടപ്പെട്ട ഓർമ്മ തിരിച്ചു കിട്ടിയത് ചുറ്റിലുമുയർന്ന ആരവം കേട്ടപ്പോഴായിരുന്നു. എട്ടു കുത്തുകൾക്കും മുന്നിലായി എൻ്റെ കുത്ത്!. തൊട്ടു പിന്നിലുള്ളതിനേക്കാൾ ആറടിയോളം കൂടുതൽ. ടേപ്പ് വെച്ച് അളവു വിളിച്ചു പറയുമ്പോൾ സെബാസ്റ്റ്യൻ മാഷ് എന്നെ അവിശ്വസനീയതയോടെ നോക്കി നിന്നു.
സെക്കൻഡ് റൌണ്ടിൽ മാഷ് എൻ്റെ നമ്പർ വിളിക്കാതെ ഫൈനൽ റൌണ്ടിലേക്ക് കടന്നു. എനിക്കപ്പുറം മറ്റൊരു കുത്തില്ലെന്നുറപ്പായപ്പോൾ മാഷ് പറഞ്ഞു.
"ആവശ്യല്ല്യ എന്നാലും എറിഞ്ഞോ. ടെസ്റ്റിനാ. നിൻ്റെ മാക്സിമം നോക്ക്!."
പരമാവധി ശക്തിയെടുത്തെറിഞ്ഞിട്ടും ആദ്യത്തോളമെത്തിയില്ല. എന്നാലും ഒന്നാം സ്ഥാനം എനിക്കു തന്നെ!.
മത്സരം കഴിഞ്ഞ് എല്ലാവരും റിലേ കാണാൻ സ്ഥലം പിടിക്കാൻ ഗ്രൌണ്ടിനു പുറത്തേക്ക് ഓടി. മാഷും അളവു കുറിക്കുന്ന പേപ്പർ പാഡ് കയ്യിൽ വെച്ച് എൻ സി സി ഓഫീസർ ഭാസ്ക്കരൻ മാഷും എന്തോ സ്വകാര്യം പറഞ്ഞ് സർക്കിളിൽ നിന്നു. സെബാസ്റ്റ്യൻ മാഷ് ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. മാഷുടെ മുഖത്ത് നിരാശ നിഴലിച്ച പോലെ തോന്നി. ഏറ്റവും ഒടുവിലായി ഞാൻ സ്ഥലം വിടാനൊരുങ്ങിയപ്പോൾ മാഷ് എന്നെ അടുത്തു വിളിച്ചു.
"ഇബട വാടാ!."
ഞാൻ ചെന്നു.
"നിൻ്റെ വീടെവട്യാ?."
"വെളക്കും കാലില്."
"നിയ്യിവട തന്ന്യാ പഠിച്ചേർന്നത്?."
"അതെ. "
"ഒന്നാം ക്ലാസു മൊതല്?."
"അതെ മാഷെ."
"നിയ്യിതിനു മുമ്പൊന്നും സ്പോർട്സില് പങ്കെടുത്തിട്ടില്ല്യേ?."
"ഇല്ല്യ."
"എന്തേ?."
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
"പറേടാ!."
"നാ.... നാണായിട്ടാ മാഷേ!."
ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.
അതു കേട്ട വശം മാഷ് വലത്തെ കൈവെള്ള കൊണ്ട് സ്വന്തം നെറ്റിയിലടിച്ചു!.
"കർത്താവേ!."
"എന്താ മാഷേ?. എന്താ കാര്യം?."
ഭാസ്ക്കരൻ മാഷക്ക് ജിജ്ഞാസയേറി.
"ഭാസ്ക്കരാ.... കഴിഞ്ഞ ഡിസ്ട്രിക്റ്റ് സ്കൂൾ മീറ്റിലെ റെക്കോഡിന് അര ഇഞ്ചേ കൊറവുള്ളു ഇവൻ്റെ ഏറിന്!."
"അയ്യോ മാഷെ ശര്യാണോ!."
മിണ്ടാനാവാതെയാവണം തലയൊന്നു കുലുക്കി സെബാസ്റ്റ്യൻ മാഷ് നിന്നു. ഭാസ്കരൻ മാഷ് അതു കണ്ട് കുറ്റപ്പെടുത്തുന്ന പോലെ എന്നെ തീഷ്ണമായി നോക്കി.
"എന്താ ബാലന്ദ്രാ നീ കാണിച്ചത്!."
സെബാസ്റ്റ്യൻ മാഷ് ദീർഘനിശ്വാസമിട്ട് ഭാസ്കരൻ മാഷുടെ തോളിൽ തട്ടി.
"ഭാസ്ക്കരാ... തെറ്റീതെനിക്കാ!. എനിക്കെൻ്റെ പിള്ളേരെ അറിയാൻ പറ്റീല്ല്യ!."
:
:
കിട്ടിയ സർട്ടിഫിക്കറ്റിനേക്കാൾ ആയിരമിരട്ടി വിലയുള്ളതായിരുന്നു ആ ആത്മവിമർശനമെന്നു മനസ്സിലാക്കാൻ വിവേകത്തിൻ്റെ പ്രായമെത്തേണ്ടി വന്നു എനിക്ക് ....
ഇന്ന് സെപ്തംബർ 5. അദ്ധ്യാപക ദിനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ