2020, സെപ്റ്റംബർ 23, ബുധനാഴ്‌ച

ക്രെഡിറ്റ്


ക്രെഡിറ്റ്

ബി.എ. അവസാനവർഷ പരീക്ഷക്കാലത്താണ് ശ്രീ. കെ.പി. കുമാരൻ്റെ 'അതിഥി' എന്ന ചിത്രം കാണുന്നത്. പി.ജെ. ആൻ്റണി, ഷീല, ബാലൻ കെ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയ മുൻനിരക്കാർ അഭിനയിച്ച ചിത്രം. അടൂരിൻ്റ സ്വയംവരവും അരവിന്ദൻ്റ ഉത്തരായനവും ശ്യാം ബെനഗലിൻ്റെ അങ്കുറുമൊക്കെ കണ്ട് സിനിമാ അഭിരുചികൾ അപ്പാടെ മാറി വരികയായിരുന്നു. രാജേഷ് ഖന്നയേയും പ്രേം നസീറിനേയുമൊക്കെ ട്രങ്കിലടച്ച് അട്ടത്തു തള്ളി.
'അതിഥി' കണ്ടത് രാംദാസിലായിരുന്നു. റിലീസ് ഷോ. പതിവു ശീലങ്ങൾ വിട്ട സിനിമയായതുകൊണ്ട് ജനം വളരെ കുറവ്. ചിത്രം കഴിഞ്ഞ് ഹാൾ വിട്ടു പുറത്തിറങ്ങുപ്പോൾ പിന്നിൽനിന്ന് പരിചിതമായ ഒരു സ്ത്രീശബ്ദം:
"സിനിമ ഇഷ്ടപ്പെട്ടോ ബാലചന്ദ്രൻ?."
തിരിഞ്ഞു നോക്കിയപ്പോൾ പത്മജ ടീച്ചർ!. കോളേജിൽ ഇന്ത്യൻ ഫിലോസഫിയും ലോജിക്കും പഠിപ്പിക്കുന്ന ടീച്ചർ!.
വിയർത്തു പോയി!. പിറ്റെ ദിവസം ഇന്ത്യൻ ഫിലോസഫി പരീക്ഷ എഴുതേണ്ടയാളെ സിനിമാ തിയ്യറ്ററിൽ കയ്യോടെ പിടികൂടിയിരിക്കയാണ് ഗുരുനാഥ!.
"ഇഷ്ടപ്പെട്ടു ടീച്ചറേ. ടീച്ചർക്കോ?."
"നല്ല സിനിമ. ഫിലോസഫിക്കലാണ്. എത്ര പേർക്കിഷ്ടപ്പെടുമെന്നറിയില്ല."
"അതു ശരിയാണ്."
"വരട്ടെ ബാലചന്ദ്രൻ; നാളത്തേക്ക് പ്രിപ്പയേഡല്ലെ?. സാംഖ്യം ആൻഡ് ന്യായ വൈശേഷികം. രണ്ടും നല്ലപോലെ കവറീതിട്ടില്ലേ?."
"ഓ... "
ഭയപ്പെട്ടതു പോലെയായിരുന്നില്ല ടീച്ചറുടെ പ്രതികരണം. ഫിലോസഫി സ്റ്റുഡൻ്റ്‌ കാണേണ്ട ചിത്രം തന്നെ എന്ന ഭാവം. ചിത്രത്തിലെ തീം സോങ്ങ് തന്നെ ഫിലോസഫി.
അഹം ബ്രഹ്മാസ്മി.....ബ്രഹ്മാസ്മി...........
വ്യാമോഹം....
എല്ലാമെല്ലാമൊരു വ്യമോഹം.
ഇരുട്ടിൻ്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ
തിരയുന്നൊരന്ധൻ്റെ വ്യാമോഹം....
എന്തായാലും കുമാരൻ്റെ അതിഥി ഒരു നെയ്യപ്പമായിരുന്നു. ഗുണം രണ്ട്. നല്ല
സിനിമ, പത്മജ ടീച്ചറുടെ ടിപ്പുകൾ. പരീക്ഷ മോശമായില്ല. സാംഖ്യവും ന്യായവൈശേഷികങ്ങളും
ചോദ്യങ്ങളായി വന്ന് കടാക്ഷിച്ചു!. ടീച്ചറെ അതിനു ശേഷം കണ്ടിട്ടില്ല. നാല്പത്തഞ്ചു വർഷം കഴിഞ്ഞു!. പ്രൊഫസറായിരുന്ന രാജരാജവർമ്മ സാർ കഴിഞ്ഞ വർഷം മരിച്ചു. ടീച്ചറിപ്പോൾ എവിടെയോ എന്തോ!.
ഇത്രയും ആനുഷംഗികം.
പറഞ്ഞു വരുന്നതതല്ല. ഈയാഴ്ചത്തെ മാതൃഭൂമിയിൽ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പ്രദീപ് പനങ്ങാടിനു നൽകിയ അഭിമുഖത്തിൽ (മൂന്നാം ഭാഗം) ശ്രീ. കെ.പി.കുമാരനെ കൊച്ചാക്കുന്ന തരത്തിൽ ചിലതു പറഞ്ഞിരിക്കുന്നു. സ്വയംവരം തിരക്കഥയുടെ ക്രെഡിറ്റിൽ താൻ പറഞ്ഞത് കേട്ടെഴുതുക മാത്രം ചെയ്ത കുമാരൻ്റെ പേരു കൂടി ചേർത്തത് തെറ്റായിപ്പോയത്രെ. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ കുമാരൻ്റെ 'ദ് റോക്ക് ' എന്ന ഒന്നര മിനിറ്റ് ചിത്രം സത്യത്തിൽ ഞാനാണ് ചെയ്തു കൊടുത്തതെന്നും അതിന് അവാർഡ് ലഭിച്ചതിന് ശേഷം കുമാരൻ എൻ്റെ ശത്രുവായി എന്നും അടൂർ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇവയ്ക്കൊക്കെ കെ.പി. കുമാരൻ മുമ്പെങ്ങാനും മറുപടി പറഞ്ഞിട്ടുണ്ടോ, ഇനി പറയുമോ എന്നറിയാത്തതുകൊണ്ട് നമുക്കായി ഒന്നും നിശ്ചയിക്കാൻ വയ്യ!.
എന്തായാലും 'ദ് റോക്ക്' നു ശേഷം ശ്രീ . കുമാരൻ സ്വതന്ത്ര സംവിധായകനായത് നന്നായി. 'അതിഥി'യും മലയാളത്തിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ 'രുഗ്മിണി'യും മറ്റു പല ചിത്രങ്ങളും സംവിധാനം ചെയ്തതിൻ്റെ ക്രെഡിറ്റെങ്കിലും പാവത്തിന് കിട്ടിയല്ലോ!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ