2023, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

പ്രതിവിധി

 

പ്രതിവിധി

"ഓപ്പ ഒന്നും പറഞ്ഞില്ലിലോ. എത്ര കാലായി ഞാനോപ്പോട് വന്ന് കെഞ്ചുണു; ന്തെങ്കില്വോരു വാക്ക് പോയിട്ട് ഒരു മുക്കലോ ഒരു മൂളലോ ഇന്നേ വരെ ഓപ്പേന്ന്ണ്ടായോ?. ഞാഞ്ഞ്യെന്താ വേണ്ട് ഓപ്പേ?."

അച്ഛന്റെ മുറിയുടെ വാതിൽക്കൽ നിന്നു കൊണ്ട് അച്ഛൻ പെങ്ങൾ ചോദിച്ചു.

കൂടപ്പിറപ്പുകളില് ഒരാള് വന്ന് ഭാഗം ചോദിക്കുകയാണ്. അഞ്ചു നാഴിക അകലെയുള്ള ഗ്രാമത്തിലെ അച്ഛന്റെ തറവാട്. തറവാട്ടിക്കാരണവരായ അച്ഛൻ അത് ഉടൻ ഭാഗം ചെയ്തു കൊടുക്കണം. മറ്റാർക്കും വേണ്ടങ്കിൽ തനിക്ക് വേണം! വീതം തന്നാൽ താന് എങ്ങോട്ടെങ്കിലും പൊക്കോളാം എന്നാണ് സഹോദരിയുടെ നിലപാട്.

ആറു മക്കളാണ് അച്ഛമ്മക്ക്. നാലാണും രണ്ടു പെണ്ണും. അച്ഛനാണ് മൂത്തയാൾ. അനുജന്മാർ മൂന്നു പേരില് ഒരാള് വര്ഷങ്ങള്ക്കു മുമ്പ് മരിച്ചു. ആയിരം പൂര്ണചന്ദ്രമാരെ കണ്ടു കഴിഞ്ഞു അച്ഛന്. തനിക്കു താഴെയുള്ളവർ എഴുപത്തഞ്ചും താഴെയുമായി മൂക്കിൽ പല്ലു മുളച്ചു നില്ക്കുകയാണ്. അച്ഛനും രണ്ടനുജന്മാരും തറവാട് വിട്ട് അന്യദേശങ്ങളിലേക്ക് ജീവിതം പറിച്ചു നട്ടിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. അച്ഛൻ പെങ്ങന്മാരിൽ മൂത്തയാൾക്ക് മക്കളില്ല. അവരും ഭർത്താവും അനുജത്തിയും മകളുമാണ് തറവാട്ടില് താമസിക്കുന്നത്. അതില് മക്കളില്ലാത്ത പെങ്ങള്ക്കാണ് ഇപ്പോൾ ഭാഗം കിട്ടാന് തിടുക്കം. കാരണം അനുജത്തിയും മരുമകളുമായി യോജിച്ചു പോകാനാവില്ലത്രേ.

ഉടപ്പിറന്നവള് പറയുന്നത് കേട്ടും കേൾക്കാതെയും അച്ഛന് കിടക്കയിൽ കണ്ണടച്ചു കിടന്നു. ആദ്യമായൊന്നുമല്ല പെങ്ങൾ ഈ ആവശ്യവുമായി അകലെ നിന്ന് ബസ്സു പിടിച്ചു വരുന്നത്. ആഴ്ചയിലൊരിക്കല് എന്ന കണക്കില് കട്ടിലിന്റെ കാൽക്കൽ നിന്നുകൊണ്ടുള്ള ആവലാതി പറച്ചിലും ഭാഗം ചോദിക്കലും മൂക്കു പിഴിയലും തുടങ്ങിയിട്ട് വര്ഷം ഒന്നായി. വയസ്സ് കാലത്ത് ഒരു സമാധാനം തരില്ലെന്ന് വെച്ചാല്?.

ഷഷ്ടിപൂര്ത്തി കഴിഞ്ഞ മക്കൾ. പേരക്കുട്ടികൾക്ക് സ്കൂളില് പോകുന്ന മക്കൾ. എന്നിട്ടും കാരണവര് തറവാട് ഭാഗം വെക്കാത്തതെന്തുകൊണ്ട് എന്നത് പലരും ചോദിക്കുന്ന ചോദ്യമാണ്. അച്ഛന്റെ ഏറ്റവും താഴെയുള്ള സഹോദരനൊഴികെ മറ്റെല്ലാവരും അത് സ്വയം ചോദിക്കുന്നുമുണ്ട്. ഉള്ളത് കിട്ടണമെന്നുള്ളവരാണ് അവരും. പക്ഷേ അച്ചനെ പേടിച്ചും ബഹുമാനിച്ചും മിണ്ടാതിരിക്കുന്നു. ഭൂമി കച്ചവടക്കാര്ക്കാണ് തീരാത്ത വിമ്മിഷ്ടവും നിരാശയും!. ദെന്താ ആ വീടും പറമ്പും ഒന്നും ചെയ്യാതിങ്ങനെ ഇട്ടേക്കണതാവോ. അര മുക്കാലേക്ര ഭൂമീണ്ട്. തൃശ്ശൂർ കോഴിക്കോട് ഹൈവേയാണ് തൊട്ട് മുമ്പിക്കൂടെ പോണത്!. സെന്റിന് ഒന്നും ഒന്നരേണ്ട് ആ ഭാഗത്ത്. എന്നിട്ടാ!. ആ തന്തക്ക് ചിന്നന്റെ കേടാന്നേയ്!.

താനായിട്ട് ഉണ്ടാക്കിയ സ്വത്താണ്. അത് തന്റെ കാലം കഴിഞ്ഞിട്ടു മതി ഭാഗംവെപ്പ് എന്ന നിലപാടിലാണ് അച്ഛൻ. മക്കളേക്കാൾ കൂടുതൽ സഹോദരങ്ങളെയും വീടിനെയും സ്നേഹിച്ച അച്ഛന് ആ വീട് ഭാഗം വെക്കുന്നതും അവർ വേറിട്ടു പോകുന്നതും ആലോചിക്ക വയ്യ!.

അച്ഛന് സിദ്ധാന്തമൊക്കെ ഉപേക്ഷിച്ച് ഉള്ളത് ഭാഗം വെച്ചു കൊടുത്ത് സ്വസ്ഥമായിരുന്നു കൂടെ എന്ന ഞങ്ങൾ മക്കളുടെ ഉപദേശമൊന്നും അച്ഛന് ചെവികൊണ്ടില്ല. 'അക്കാര്യം ന്റെ മക്കളന്വേഷിക്കണ്ട!' എന്ന നിലപാടിലാണ് അച്ഛൻ. അതു കൊണ്ട് ഞങ്ങൾ മക്കൾ വിഷയത്തിൽ മാവിലായിക്കാരായി നിലകൊണ്ടു.

ബാംഗളൂരില് ഇടത്തരം ബിസിനസ്സുകാരനായ ഏറ്റവും താഴെയുള്ളവനും തന്റെ മൂത്ത മകന്റെ സമപ്രായക്കാരനുമായ അനുജനോട് പ്രത്യേക വാത്സല്യമാണ് അച്ഛന്. നാട്ടിൽ വല്ലപ്പോഴും വന്നാൽ തറവാട്ടിൽ ഉറങ്ങണം, അമ്പലക്കുളം നീന്തിക്കുളിക്കണം, ഗുരുവായൂരപ്പനെ തൊഴണം, കുത്തരിച്ചോറുണ്ണണം തുടങ്ങിയ ഗൃഹാതുര മോഹങ്ങൾ താലോലിച്ചു കഴിയുന്ന അനുജന്റെ പിന്തുണ കൂടിയായപ്പോൾ അച്ഛൻ നിലപാട് കടുപ്പിച്ചു.

സഹോദരിയുടെ നിരന്തരമായ പരിദേവനങ്ങള് ക്ഷമയുടെ നെല്ലിപ്പടി കാണിച്ചിരുന്നുവെങ്കിലും അച്ഛന് പ്രതികരിച്ചിരുന്നില്ല. ഒന്നും മിണ്ടാതെ നെഞ്ചിലെ രോമക്കാടിൽ വിരലോടിച്ച് രാമ രാമ ജപിച്ച് കിടക്കും. ആവശ്യം വന്നാൽ അമ്മയോട് ഇത്തിരി ചായ വേണമെന്ന് പറയും. ചായ കുടിച്ച് വീണ്ടും കിടക്കയിലേക്ക് മലരും. വീണ്ടും രാമ രാമ രാമ ..

ഇന്ന് രണ്ടിലൊന്നറിഞ്ഞേ പോകൂ എന്നൊരുമ്പെട്ടാണ് ഇത്തവണ അച്ഛൻ പെങ്ങള്‍‍ വന്നിരിക്കുന്നതെന്ന് അവരുടെ ശരീരഭാഷയും സ്വരവും തോന്നിച്ചു .

"എന്തെങ്കില്വൊന്നു പറ്യോ ഓപ്പേ!."

"പാറൂട്ട്യേ...."

പെട്ടെന്ന് അച്ഛന് ദുര്ബ്ബലമായ സ്വരത്തില് അമ്മയെ വിളിച്ചു.

"എന്തേ ഓപ്പേ?."

ചെറിയമ്മ പ്രത്യാശാപൂർവ്വം അച്ഛനടുത്തേക്ക് ചെന്നു ചേർന്നു നിന്നു.

"പാറൂട്ട്യേ വിളിക്ക്യാ."

ചെറിയമ്മ അടുക്കളയില് ചെന്നു.

"ഏട്ത്യേമ്മേ ഓപ്പ വിളിക്ക്ണ്ടലോ."

"ചായക്കാവും. ദേ കൊണ്ടര്ണു."

അമ്മ ഉറക്കേ വിളിച്ചു പറഞ്ഞു.

ചായ വെക്കുന്നതിനിടയില് നാത്തൂന്മാര് തമ്മിൽ താഴ്ന്ന സ്വരത്തിൽ വിഷയം ചർച്ച ചെയ്തു.

"കൊച്ചമ്മണ്യേ കൊച്ചമ്മണിക്ക് മക്കളില്ല്യ. വേറിട്ട് പോയി ജീവിച്ച് രണ്ടിലൊരാൾടെ കണ്ണടഞ്ഞാ പിന്നെ മറ്റാൾക്കാര്ണ്ട്?. തറവാട്ടിലാച്ചാ നല്ലണം പോലെ നിന്നാ നോക്കാൻ മര്വോള്ണ്ടാവില്ല്യേ?"

"ഇല്ല്യേട്ത്ത്യമ്മേ! അവര്യൊക്കെ ഇക്ക് മനസ്സിലായീണ്ട്!."

"പാറൂട്ട്യേ!."

"ങ്ഹാ ദാ വരണൂ."

അച്ഛൻ ചായ കുടിച്ചു ഗ്ലാസ് അമ്മക്ക് തിരികെ കൊടുക്കുമ്പോള് അച്ഛൻ പെങ്ങള് വീണ്ടും ചോദിച്ചു:

"ഓപ്പന്താ നിശ്ചയിച്ചേ?."

കൈകള് കിടക്കയില് കുത്തി തല കുമ്പിട്ടു കണ്ണടച്ചിരുന്ന അച്ഛന്റെ വാരിയെല്ലുകള്
ശ്വാസനിശ്വാസങ്ങൾക്കിടയിൽ തെളിഞ്ഞും മാഞ്ഞുമിരുന്നു. അച്ഛന് വല്ലാതായിരിക്കുന്നു!.

പെങ്ങളുടെ ചോദ്യം കേട്ടില്ലേ എന്ന മട്ടില് ആദ്യമായി ഈ വിഷയത്തിൽ അമ്മ ഇടപെട്ടു.

"അതേയ് എത്ര കാലായി കൊച്ചമ്മണി വന്നിങ്ങനെ നെലോളിക്കണൂ!. എന്താച്ചാ അതങ്ങട് ചീതൊടത്തൂടെ?."

"ന്റെ കണ്ണടഞ്ഞിട്ട്‌ എന്താച്ചാ ചിയ്യാം."

അച്ഛന് തല പൊന്തിക്കാതെ നേരിയ ഉറച്ച സ്വരത്തിൽ പറഞ്ഞു.

പെങ്ങൾക്ക് നിയന്ത്രണം വിട്ടു. ശബ്ദമുയർത്തി ഇടനെഞ്ഞു പൊട്ടിക്കൊണ്ട് അവർ ഉറക്കെ പറഞ്ഞു.

"ഒന്നൊന്നര കൊല്ലായി ഇക്കാര്യോം പറഞ്ഞ് ഓപ്പടെ മുമ്പില് വന്ന് യാചിക്കാൻ തൊടങ്ങീട്ട്. ഇന്നേ വരെ ഓപ്പ വായ തൊറന്നിട്ടില്ല. തൊറന്നപ്പ ദാ ഇങ്ങനേം. നിർത്തി!. കൊച്ചമ്മണി നിർത്തി. ഇന്യെന്താ വേണ്ടന്ന് ഞാന് നിശ്ചയിച്ച്ണ്ട്!."

അതു കേട്ടപ്പോൾ ലേശം സ്വരമുയർത്തി നിലത്തു നിന്നു മുഖമെടുക്കാതെതന്നെ അച്ഛൻ ചോദിച്ചു.

"എന്താ നിയ്യ് നിശ്ചയിച്ചേക്കണ്?."

"ഞാന് വല്ല വെഷോം വാങ്ങി കഴിക്കും!
."
കിടക്കയിൽ നിന്നും കൈകൾ സാവധാനത്തിൽ എടുത്ത് മലർത്തി യാചനാഭാവത്തിൽ പെങ്ങളുടെ നേർക്ക് നീട്ടിക്കൊണ്ട് അച്ഛൻ പറഞ്ഞു:

"അത് ഞാൻ മേടിച്ചരാം!."

തലയ്ക്കടിയേറ്റ പോലെ അച്ഛൻ പെങ്ങൾ നിന്നു.

"ന്റെ തേവരേ! ആങ്ങളേം പെങ്ങളും കൂടി എന്താ വരുത്തിക്കൂട്ട്വാവോ!. കൊച്ചമ്മണി പൂവ്വ്വോ!. ന്തെങ്കിലും സമാധാനം മ്മക്ക് പിന്നേണ്ടാക്കാം. പൂവ്വ്വോ പൂവ്വ്വോ!."

അമ്മ കണ്ണിറുക്കി കാട്ടി നയത്തില് ചെറിയമ്മയെ പുറത്ത് ഇറയത്തേക്കു കൊണ്ടു വന്ന് അതുമിതും പറഞ്ഞ് സമാശ്വസിപ്പിച്ചു. പിന്നെ എന്തോ എടുക്കാനായി വടക്കേ അകത്തേക്ക് പോയി അമ്മയുടെ മുണ്ടുപെട്ടി തുറന്നു. തിരിച്ച് വന്ന് ചുരുട്ടിപ്പിടിച്ച ഏതാനും നോട്ടുകൾ ചെറിയമ്മയുടെ കയ്യില് വെച്ചു കൊടുത്തു.

"ഞാൻ പോട്ടേ എട്ത്ത്യേമ്മേ. ഇനി ഇതും പറഞ്ഞ് ഓപ്പേ ബുദ്ധിമുട്ടിക്കാൻ കൊച്ചമ്മണി വരില്ല്യ!."

പണം വാങ്ങി മടിയില് വെച്ച് കണ്ണു തുടച്ചു പടിയിറങ്ങിപ്പോയ പെങ്ങളെ ജനലിലൂടെ നോക്കിക്കൊണ്ട് അച്ഛന് അമ്മയെ വിളിച്ചു.

"പാറൂട്ട്യേ!."

അച്ഛന്റെ വിളി എന്തിനാണെന്ന് അമ്മക്കറിയാമായിരുന്നു.

"ങ്ഹാ ഞാന് കൊടത്ത്ണ്ട്."
ഒരു ദീര്ഘനിശ്വാസമിട്ടുകൊണ്ട് കിടക്കയിലേക്ക് ചെരിയുമ്പോൾ അച്ഛൻ ഉറക്കെ വിളിച്ചു:

"ഈശ്വരാ.......!!"

അമ്മ പറഞ്ഞതുപോലെ സ്വന്തം പരാധീനത മനസ്സിലാക്കിയോ എന്തോ വൈകാതെ അച്ഛൻ പെങ്ങൾ സഹോദരിയും മകളുമായി രമ്യതയിലായി. വർഷങ്ങൾക്കു ശേഷം മരുമകളുടെ ശുശ്രൂഷകളിൽ പുത്രദുഃഖമറിയാതെ സമാധാനമായി മരിച്ചു. അവരുടെ ഭർത്താവിനും ആ ഭാഗ്യം ലഭിച്ചു. പിന്നീട് ഭാഗം കഴിഞ്ഞപ്പോൾ വലിയമ്മയുടെ മരണപത്ര പ്രകാരം അവരുടെ വീതം മരുമകൾക്ക് ലഭിക്കുകയും ചെയ്തു.

അച്ഛനും സഹോദരങ്ങളെല്ലാവരും മരിച്ച് ഒരു ദശകം കൂടി കഴിഞ്ഞാണ് തറവാട് ഭാഗം വെച്ചത്. അപ്പോഴേക്കും ഞങ്ങളുടെ മൂത്ത ജ്യേഷ്ഠന്റെ അശീതി കഴിഞ്ഞിരുന്നു!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ