2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

രാജ് തോമസ്

 രാജ് തോമസ് 

' തുലനം' എന്ന പേരിൽ രാജ് തോമസ് എഴുതിയ ഒരു നാടകം പണ്ട് മുതുവറ പുരോഗമന കലാ സമിതിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ചിരുന്നു. അതുല്യനടനായ ചേർത്തല ജയസൂര്യ, സംഗീത നാടക അക്കാദമി സംസ്ഥാന അമച്വർ നാടക മത്സരത്തിൽ രാജ് തോമസിന്റെ തന്നെ 'ചെമ്പകരാമൻ' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടൻ പുരസ്ക്കാരം ലഭിച്ച മുരളി അടാട്ട് തുടങ്ങിയവർ വേഷമിട്ട് തൃശ്ശൂർ ഗോപാൽജി സംവിധാനം ചെയ്ത നാടകം ആ വർഷം കൂത്താട്ടുകുളത്ത് നടന്ന കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമച്വർ നാടകമത്സരത്തിൽ അവതരിപ്പിക്കുതിനു വേണ്ടി ഒരുക്കിയതായിരുന്നു. മുതുവറ പുരോഗമനകലാസമിതിയുടെ മാനേജരായിരുന്ന അന്തരിച്ച സുഹൃത്ത് വിജയകൃഷ്ണന്റെ ക്ഷണപ്രകാരം ഈയുള്ളവനും ആ നാടക പ്രതിഭകൾക്കൊപ്പം ഒരു പ്രധാന വേഷവുമായി സഹകരിക്കാൻ ഭാഗ്യമുണ്ടായി.
നാടകത്തിന്റെ ആദ്യാവതരണം മുതുവറ കെ.ആർ. നാരായണൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു. മുമ്പ് പുറനാട്ടുകര ആർട്സ് ക്ലബ്ബിന്റെ ബാനറിൽ ഞാനും അടാട്ട് അമ്പിളി തിയ്യറ്റേഴ്സിനു കീഴിൽ രാജ് തോമസും തമ്മിൽ പഞ്ചായത്ത് കലോത്സവ നാടക മത്സരത്തട്ടുകളിൽ വീറോടെ പോരാടിയിരുന്ന ചരിത്ര പശ്ചാത്തലത്തിലാണ് രണ്ടു പേരും മുതുവറ നാടകത്തിൽ ആദ്യമായി ഒരുമിക്കുന്നത്. ആ വൈകാരികത ഉൾക്കൊണ്ടാണ് അവതരണത്തിനു തൊട്ടു മുമ്പ് ഞാൻ രാജ് തോമസിനെ പിന്നരങ്ങിൽ ചെന്നു കാണുന്നത്. ബാക്ക് കർട്ടനു പിന്നിൽ ബീഡി പുകച്ചുനിൽക്കുകയായിരുന്നു അദ്ദേഹം.

"തോമസ്!"

ഞാനങ്ങിനെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

"ഓ! ബാലേന്ദ്രൻ. എന്താവോ?"

ലേശം നമ്പൂരിച്ചുവ കലർന്ന സംസാരരീതിയായിരുന്നു തോമസ്സിന്റേത്.

ഒരിക്കൽ ഞാനത് ചോദിക്കുകയും ചെയ്തിരുന്നു.

"അതെന്താ തോമസ്സേ അങ്ങനെ?"

"ഏത്, എന്റെ സംസാരത്തിലെ നമ്പൂരിത്തം ല്ലേ? സ്വാഭാവികം. അപ്പനിൽ നിന്നു കിട്ടിയതാവും. അപ്പന് അടാട്ട് കൂറൂർ മനയുമായായിരുന്നു അധികവും സംസർഗ്ഗം ഹ ഹ ഹ!"

നാടകം അനൗൺസ് ചെയ്തു തുടങ്ങി. ഞാൻ തിടുക്കത്തിൽ പറഞ്ഞു:

"തോമസിന്റെ നാടകത്തിൽ ആദ്യമായാണ്. "

" അറ്യാം, അവസാനത്ത്യല്ലല്ലോ സമാധാനണ്ട്! ഹ ഹ ഹ!. "

"അനുഗ്രഹിക്കണം."

ബീഡിക്കുറ്റി ജനലിലൂടെ പുറത്തെറിഞ്ഞുകൊണ്ട് രാജ് തോമസ് എന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു പറഞ്ഞു.

"സോറി! സമശീർഷരെ അനുഗ്രഹിക്കാൻ വകുപ്പില്ല്യ! മനസ്സ്ണ്ട് ഒപ്പം. നന്നാവട്ടെ! ചെന്നോളോ സമയായി!"

അതെ, അതവസാനത്തേതു തന്നെയായിരുന്നു. മലയാള നാടകത്തിന് നമ്മുടെ നാട് സമ്മാനിച്ച പ്രതിഭയിൽനിന്നു ഞാൻ കേട്ട അവസാന വാക്കുകൾ. കണ്ട കാഴ്ചയും...

മാസങ്ങൾക്കു ശേഷം കവി ഉണ്ണികൃഷ്ണൻ അടാട്ട് വിളിച്ചു പറഞ്ഞാണറിഞ്ഞത്:

"ബാലേട്ടാ....രാജ് തോമസ് പോയി!. "
:
:
:
ഇന്ന് നടനും നാടകരചയിതാവും സംവിധായകനും സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവുമായിരുന്ന രാജ് തോമസ് അടാട്ടിന്റെ ഓർമ്മ ദിനം...

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ