2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

കാഴ്ചപ്പണ്ടങ്ങൾ

 

കാഴ്ചപ്പണ്ടങ്ങൾ


ഷോർട്ട് ഫിലിം മേക്കിങ്ങിനെക്കുറിച്ച് സംസാരിക്കാൻ ഒറ്റപ്പാലത്തുനിന്ന് രണ്ട് യുവാക്കൾ വരുന്നതും കാത്ത് ഓണപ്പതിപ്പിലെ അവശേഷിപ്പുകൾ വായിക്കുവാൻ തുടങ്ങിയപ്പോഴാണ് ഫോൺ വന്നത്.

"ഹലോ, മാഷേ ഇത് ഞാനാ."

"ആരാ മനസ്സിലായില്ല്യ."

"രാധാകൃഷ്ണൻ. ശങ്കരങ്കുളങ്ങര...."

"അയ്യോ ആശാനോ! എന്താ വിശേഷം? കൊറെ നാളായി കണ്ടിട്ടും കേട്ടിട്ടും? സുഖല്ലേ?"

"പരമ സുഖം. ഒരത്യാവശ്യ കാര്യത്തിനാ വിളിച്ചത്. "

"എന്താശാനേ?"

"ക്ഷേത്രവാദ്യകലാ ക്ഷേമസഭയുടെ വാർഷിക പൊതുയോഗവും കൂടെ ഒന്നു രണ്ട് ആദരണങ്ങളും ഇന്നുച്ചക്ക് രണ്ടരക്ക് വെച്ച്ട്ട്ണ്ട്. മ്മടെ ജില്ലാ കളക്റ്ററായിരുന്നു ഉദ്ഘാടകൻ. പക്ഷേ അദ്ദേഹത്തിന് മറ്റൊരു അടിയന്തിര കാര്യായി വരാൻ കഴീല്ല്യ എന്നിപ്പൊ അറീച്ചിരിക്ക്യാ."

"ഓ അപ്പൊ ഞാനെന്താ വേണ്ട്? വേറാരേങ്കിലും അറേഞ്ച്...."

"അയ്യോ അതൊന്നും വേണ്ട. മാഷന്നെ മതി."

"ഞാനോ! കളക്റ്റർട്യൊക്കെ പകരക്കാരനായിട്ട് വരാൻ എനിക്കെന്ത്...."

"യോഗ്യത്യാന്നല്ലേ? മ്മടെ കൂട്ടത്തിലൊരാളാണ് അതന്നെ."

അതിൽ വീണു. ആശാനാണ്. വയസ്സാം കാലത്ത് എന്നെ പഞ്ചാരി കൊട്ടാൻ പഠിപ്പിച്ച് അരങ്ങേറ്റിയ ജാലവിദ്യക്കാരൻ. മിനിമം പതിനഞ്ചു വയസ്സെങ്കിലും എനിക്കിളയവൻ. മേള പാഠങ്ങൾ തുടങ്ങുന്നതിനു മുമ്പ് ദക്ഷിണയായി നാണയം വെച്ച വെറ്റിലക്കൈ നീട്ടിയപ്പോൾ

"അതേയ്, കാൽക്കല് വീഴണ്ട. ആ ദക്ഷിണ്യങ്ങട് തന്നാ മതി! "

എന്നു ചെവിയിലോതി മൂപ്പിളമ പ്രശ്നം കോംപ്രമൈസാക്കി മാഷെന്നും ആശാനെന്നും പിന്നീട് പരസ്പരം വിളിക്കാൻ പാകത്തിൽ സീൻ ഇംപ്രോവൈസ് ചെയ്ത കക്ഷിയാണ്.

"ശരി. വരാം."

"അപ്പൊ രണ്ട് മണിക്ക് നിഖിലിന്റെ കാറ് വരും."

"കാറൊന്നും വേണ്ട. ഞാൻ സ്കൂട്ടറിൽ വരാം. ശോഭാ സിറ്റി ബ്ലോക്കിൽ സ്കൂട്ടറാ നല്ലത്. കുത്തിത്തൊളച്ച് വരാലോ?"

"ഏയ് വേണ്ട. കാറ് വരും."

"ഓക്കെ. "

ഹ്രസ്വ സിനിമക്കാരെ വിളിച്ച് സമയക്രമം റീ അഡ്ജസ്റ്റ് ചെയ്ത് പുഴയ്ക്കൽ പാടം ബ്ലോക്ക് അര മണിക്കൂറെടുത്ത് ( കുറഞ്ഞത് ഒരു മണിക്കൂറാണത്രെ കീഴ്ക്കട!) തരണം ചെയ്ത് സമ്മേളനസ്ഥലത്ത് എത്തിയപ്പോൾ മണി മൂന്നേകാൽ. സമയം വൈകിയ സാഹചര്യത്തിൽ യോഗം തുടങ്ങി വെച്ചിരുന്നു. ഹാളിൽ കടന്ന് വേദിയിലേക്ക് ഒന്നു നോക്കിയതേയുള്ളു, കേശാദിപാദം തളർന്നു. മേളകലയിലെ മഹാരഥികൾ കിഴക്കൂട്ട് അനിയൻ മാരാർ, ചേരാനല്ലൂർ ശങ്കരകുട്ടൻ മാരാർ, ഏഷ്യാഡ് ശശി!. അന്നും ഇന്നും മനസ്സിൽ ആരാധിച്ചു കൊണ്ടു നടക്കുന്ന കൊമ്പൻ കലാകാരന്മാർ. അപശബ്ദമുണ്ടാക്കി മേളം കുളമാക്കിയെങ്കിലോ എന്നു ഭയന്ന് അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം ആശാൻ വിളിച്ചാൽ പോലും താളം പിടിക്കാൻ പോകാതെ ചെണ്ട അട്ടത്തു കേറ്റി വെച്ച് കലയെ അപമാനിച്ചവൻ അവർക്കിടയിൽ ഉദ്ഘാടകനായി ഇരിക്കണം! സംഘാടകരുടെ ഔചിത്യബോധം വളരെയേറെ മെച്ചപ്പെടാനുണ്ട്, മനസ്സിൽ കരുതി.
പൊന്നാട, തിരി കൊളുത്തൽ, രണ്ടു വാക്ക് സംസാരം, ആദരണീയർക്ക് മെമെന്റോ, കവർ എന്നിങ്ങനെ പരിപാടി കളറായി. കൂട്ടത്തിൽ എനിക്കും കിട്ടി ചില്ലുകൂട്ടിൽ വെച്ച ക്യൂട്ട് എന്ന് ആധുനിക ശൈലിയിൽ മടികൂടാതെ പറയാവുന്ന ഒരു കുഞ്ഞിച്ചെണ്ട!
ഷോ കേസിലോ ബുക്ക് ഷെൽഫിനു മുകളിലോ എവിടെ വെക്കണം എന്ന് നോക്കി നടക്കുന്നതിനിടയിൽ ബെഡ് റൂമിലെ റാക്കിൽ ക്യാൻവാസ് ബാഗിനുള്ളിൽ വർഷങ്ങളായി ധ്യാനിച്ചിരിക്കുന്ന ചെണ്ട കണ്ടപ്പോൾ ഒരു ഞെട്ടലോടെ ഓർത്തു-
ഈ സമ്മാനം ആശാന്റേയും ശിഷ്യരുടേയും എനിക്കുള്ള ഓർമ്മപ്പെടുത്തലല്ലേ? ചെണ്ട ഒരു കാഴ്ച്ചവസ്തുവല്ല എന്നും കൊട്ടാൻ പോയില്ലെങ്കിലും മാസത്തിൽ ഒരിക്കൽ ഇടന്തലയിൽ നാലു തക്കിട്ട കൊട്ടിയെങ്കിലും പഠിച്ചതിനെ ബഹുമാനിക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ?
ആയിരിക്കണം.
മാപ്പ്, ഗുരുവിനോട്... മേളകലയോട്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ